A Unique Multilingual Media Platform

Articles Cartoon Story Obituary

വരകളിൽ കാരുണ്യത്തിന്റെ നിത്യസാക്ഷി: പി.വി. കൃഷ്ണൻ മാഷ്

  • November 16, 2026
  • 1 min read
വരകളിൽ കാരുണ്യത്തിന്റെ നിത്യസാക്ഷി: പി.വി. കൃഷ്ണൻ മാഷ്

നവംബർ 14 നു അന്തരിച്ച മലയാളത്തിന്റെ പ്രിയകാർട്ടൂണിസ്റ്റ്
ശ്രീ. പി വി കൃഷ്ണൻ മാഷുടെ ഓർമയിൽ ഒരു കുറിപ്പ് 

2017ൽ കാസർകോഡ് വെച്ച് പി. വി. കൃഷ്ണൻ മാഷക്ക് ഒരു ആദരപരിപാടി സംഘടിപ്പിക്കുകയുണ്ടായി.കൃഷ്ണൻ മാഷും കുടുംബവും സുഹൃത്തുക്കളുമെല്ലാം വളരെ ഊർജ്ജ്വസ്വലമായി ഒത്തുചേർന്ന ആ ദിവസങ്ങളിൽ മാഷുടെ സർഗ്ഗാത്മകജീവിതത്തെ ആദരിച്ചുകൊണ്ട് . അന്ന്
“സാക്ഷി – പി വി കൃഷ്ണൻ മാഷ്” എന്ന പേരിൽ ഒരു ആദരപുസ്തകവും കൂടെ മാഷുടെ തിരഞ്ഞെടുത്ത കാർട്ടൂണുകളുടെയും മാഷുടെ ഫോട്ടോകളുടെയും കമനീയമായ മറ്റു രണ്ടു പുസ്തകങ്ങളും ആദരസമിതി പ്രസിദ്ധീകരിക്കുകയുണ്ടായി. പി.വി.കൃഷ്ണൻ മാഷെക്കുറിച്ച് കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖർ അതിൽ എഴുതി. ആ വിശിഷ്ടമായ ആദരപുസ്തകത്തിൽ .ദിവാകരൻ വിഷ്ണുമംഗലം എഴുതിയ ” നിത്യസാക്ഷി ” എന്ന ലേഖനവും ചില ഓർമ്മച്ചിത്രങ്ങളും .

ദിവാകരൻ വിഷ്ണുമംഗലം (ഇടത് ) കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണനോടൊപ്പം (വലത്)

………………………………………….
നിത്യസാക്ഷി
………………………………………….
ഒ. വി വിജയനേയും അരവിന്ദനേയും പോലെ ദാർശനികതയാർന്ന വരകളിലൂടെ മലയാളിയുടെ ബോധമണ്ഡലത്തിൽ നവീനമായ ഉൾക്കാഴ്ച പ്രദാനം ചെയ്ത കാർട്ടൂണിസ്റ്റാണ് പി. വി. കൃഷ്ണൻമാഷ്. വരകളും വർണ്ണങ്ങളും കേവലമായ കലയല്ല, അവ മനുഷ്യസ്നേഹത്തിലുപരി പ്രപഞ്ചത്തിലെ സർവചരാചരങ്ങളോടുമുള്ള കാരുണ്യസ്പർശമാർന്ന ഉള്ളുരുക്കത്തിന്റെ ആവിഷ്കാരമാണ്. കാർട്ടൂൺ, ചിത്രകല, പോസ്റ്റർരചന, ഫോട്ടോഗ്രാഫി, കവിത, കവർചിത്രരൂപകൽപ്പന എന്നിങ്ങനെ ബഹുമുഖമായി മാഷ് തന്റെ സർഗ്ഗാവിഷ്കാരം സാർത്ഥകമാക്കുന്നു. മഹാകവി പി.യുടെ കവിതകളിലും ബഷീറിന്റെ കഥകളിലും നാം കാണുന്നതരത്തിലുള്ള ഭൂമിയുടെ അവകാശികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും സാംസ്കാരിക സമരവുമാണത്. പാരിസ്ഥിതികമായ അവബോധമാണ് അവയുടെ ആന്തരികശ്രുതി. പ്രവചനാത്മകമായ സർഗദീപ്തിയുണ്ട് അവയിൽ പലതിനും. അവ നമ്മുടെ നിത്യജീവിതപരിസരത്തിന്റെ സത്യസാക്ഷിത്വമാണ്.

”കൃഷ്ണൻ മാഷ് എന്നെ വരച്ചപ്പോൾ”…

പി.വി.കൃഷ്ണൻമാഷുടെ വരകളിൽ ആദ്യം മനസ്സിൽ തെളിയുന്നത് , മാഷ് വർഷങ്ങൾക്കു മുമ്പ് വരച്ചതും ഏറെ ശ്രദ്ധ നേടിയതുമായ വിഖ്യാത പോസ്റ്റർ ആണ്. ചുവട്ടിൽ നിന്ന് വെട്ടിമാറ്റപ്പെട്ട മരത്തിന്റെ കുറ്റിയിൽ അടയിരിക്കുന്ന , മുട്ടയെ അടക്കിപ്പിടിച്ച് വിലപിക്കുന്ന പക്ഷിയുടെ ദൈന്യതയാർന്ന ആ ചിത്രം ഓരോ വായനക്കാരുടെയും മനസ്സിൽ സൃഷ്ടിക്കുന്ന നീറ്റൽ അതിതീവ്രമാണ്. ഇത്തരം പാരിസ്ഥിതിക സമരമുഖത്താണ് മാഷുടെ കലാശിൽപങ്ങളുടെ നിൽപ്പ്. നഗരവൽകൃതമായ കാലത്തിന്റെ അത്യുഷ്ണത്തിൽ ദീനമായി വിലപിക്കുന്ന കിളിയുടെ ഈയൊരു ദൈന്യത യഥാർത്ഥത്തിൽ അയനീഢം നഷ്ടമാകുന്ന ജീവകുലത്തിന്റെ മുഴുവൻ അസ്ഥിത്വവിലാപം തന്നെയാണ്.
പി വി കൃഷ്ണൻ മാഷക്ക് കാർട്ടൂൺ കേവലം ചിരിപ്പിക്കാൻ മാത്രമുള്ളതല്ല. അതുകൊണ്ടുതന്നെ പല മഹാപ്രതിഭകളേയും മരണവേളകളേയും മാഷ് കാർട്ടൂണിൽ ചിത്രപ്പെടുത്തുകയും ആ ദുഃഖഭാവസംക്രമണം കാർട്ടൂണുകൾക്ക് സാധ്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. വരകൾക്ക് ജൈവസ്പർശമുണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടത് കൃഷ്ണൻ മാഷിന്റെ കാർട്ടൂണുകളിലൂടെയാണ്. ജി.അരവിന്ദൻ മരിച്ച സമയത്ത് മാഷ് വരച്ച മൗനമുദ്രിതവും വികാരതീവ്രവുമായ ഒരു കാർട്ടൂൺ ആണ് അതിലൊന്ന്. അരവിന്ദന്റെ കാർട്ടൂൺ കഥാപാത്രമായ രാമുവിനെ ചേർത്തുപിടിച്ച് കൃഷ്ണൻമാഷുടെ സാക്ഷി എന്ന കഥാപാത്രം സാന്ത്വനിപ്പിക്കുന്ന ഒരു ചിത്രം!. ഒരക്ഷരത്തിന്റെയും സഹായമില്ലാതെതന്നെ ആ ഭാവതലം നമ്മിൽ നീറ്റാൻ ആ വരകൾക്കാവുന്നുണ്ട്. കലയിലെ കഥാപാത്രങ്ങൾക്കും ജൈവബന്ധമുണ്ടെന്ന് തീവ്രമായി മാഷ് ധ്വനിപ്പിച്ചിരിക്കുന്നു.

ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് മാഷുടെ “സാക്ഷി”യിലെ ഒരു കഥാപാത്രമാവാൻ എനിക്ക് ഭാഗ്യമുണ്ടായി. 1991 ൽ കാഞ്ഞങ്ങാട് വെച്ച് നടന്ന ഒരു കവിയരങ്ങ്.ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം. കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ധ്യക്ഷൻ.പ്രൗഢഗംഭീരമായ ആ കവിയരങ്ങിൽ പി.വി.കൃഷ്ണൻ മാഷും ഉണ്ടായിരുന്നു. ആ മഹാപ്രതിഭകൾക്കൊപ്പം കവിത അവതരിപ്പിക്കാൻ അന്ന് എഴുതിത്തുടങ്ങുന്ന നാട്ടുകാരൻ എന്ന നിലയ്ക്ക് എനിക്കും ഭാഗ്യം ലഭിച്ചു. അന്നവിടെ കൃഷ്ണൻമാഷ്,മാഷുടെ പ്രശസ്തമായ ” പെരുച്ചാഴി” എന്ന വിമർശഹാസ്യകവിത ചൊല്ലിയതും സദസ്യരെല്ലാം അത് കേട്ട് ആസ്വദിച്ച് നിർത്താതെ കൈയ്യടിച്ചതുമെല്ലാം ഇന്നും ഓർമ്മയിലുണ്ട്.

9

പി.വി കൃഷ്ണൻ മാഷിന്റെ പ്രശസ്തമായ കാർട്ടൂൺ പരമ്പരയായ ‘സാക്ഷി’ (Witness) .1977-ൽ ആരംഭിച്ച ഈ പരമ്പര നാല് പതിറ്റാണ്ടിലേറെക്കാലം കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു.എഴുത്തുകാരൻ ദിവാകരൻ വിഷ്ണുമംഗലം ഈ കാർട്ടൂണിലെ ഒരു പ്രധാന കഥാപാത്രമാണ് -കാർട്ടൂണിൽ (വലതുവശത്ത്), പി.വി കൃഷ്ണൻ മാഷിനെ (ഇടത് )നോക്കി സംസാരിച്ചിരിക്കുന്ന വ്യക്തി അദ്ദേഹമാണ്.)

കവിയരങ്ങിന്റെ ലഹരി നുണഞ്ഞ് തിരിച്ചുവരുമ്പോൾ ഞാൻ മാഷോട് പറഞ്ഞ ഒരു തമാശ കേട്ട് മാഷ് അത്ഭുതത്തോടെയും അതിലേറെ സ്നേഹത്തോടെയും എന്നെ നോക്കി ചിരിച്ചു. ഉടനെ മാഷ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് എന്റെ ഒരു സ്കെച്ച് വരച്ചെടുത്തു. അടുത്തയാഴ്ച “കുങ്കുമം “ആഴ്ചപ്പതിപ്പിൽ.മാഷിന്റെ “സാക്ഷി”യിൽ ഞാൻ ! മുന്നിൽ മാഷും ! കൂടെ മാഷുടെ കാവ്യദർശനദീപ്തമായ വാക്കും വരയും . ആ വിശുദ്ധ കാർട്ടൂൺ.(സാക്ഷി – കുങ്കുമം- 19.5.1991)  ഞാൻ ഇന്നും ഒരു നിധിയായി സൂക്ഷിക്കുന്നു.

About Author

ദിവാകരൻ വിഷ്ണുമംഗലം

കവി,സിനിമാ അഭിനേതാവ് , സീനിയർ ജിയോളജിസ്റ്റ് .(റിട്ടയർഡ്) നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ ,ധമനികൾ, രാവോർമ്മ , മുത്തശ്ശികാത്തിരിക്കുന്നു,കൊയക്കട്ട, ഉറവിടം, അഭിന്നം,വെള്ളബലൂൺ, ശലഭച്ചിറകിൽ ചോറ്റുപാഠം, ജീവഭാഷ തുടങ്ങി 13 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ് ,മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ്മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരിഅവാർഡ് ,,മഹാകവി.പി.കവിതാപുരസ്കാരം അബുദാബി ശക്തി അവാർഡ് , എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്ക്കാരം, തിരുനല്ലൂർ പുരസ്ക്കാരം, വയലാർ കവിതാ പുരസ്ക്കാരം വി.വി.കെ.പുരസ്കാരം, മൂലൂർ അവാർഡ്, വെണ്മണി അവാർഡ്, തുടങ്ങി കവിതയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x