കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പതിനാറ് വിദ്യാർഥികൾ നടത്തിയ നീണ്ടുനിന്ന സമരത്തിനും നിയമപോരാട്ടത്തിനും നിർണായകമായ വിജയമാണ് കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. അച്ചടക്കലംഘനം ആരോപിച്ച് വിദ്യാർഥികൾക്കെതിരെ സർവകലാശാല സ്വീകരിച്ച സസ്പെൻഷൻ നടപടികൾ റദ്ദാക്കിയ കോടതി, സർവകലാശാലയുടെ അച്ചടക്കസമിതി സമർപ്പിച്ച റിപ്പോർട്ടും അസാധുവാക്കി. വിദ്യാർഥികളുടെ അക്കാദമികഭാവി നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി നിർദേശിച്ചു. അതേസമയം, നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമെങ്കിൽ പുതിയ അന്വേഷണം നടത്താൻ സർവകലാശാലയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും വിധി വ്യക്തമാക്കുന്നു. ഹൈക്കോടതിയുടെ അനുകൂല വിധിയെത്തുടർന്ന് ഇരുപത്തിരണ്ട് ദിവസമായി തുടരുകയായിരുന്ന വിദ്യാർഥികളുടെ നിരാഹാരസമരം അവസാനിപ്പിച്ചു.
ഈ വിധി പതിനാറ് വിദ്യാർഥികൾക്ക് ലഭിച്ച നിയമപരമായ ആശ്വാസം മാത്രമല്ല. സർവകലാശാലകളിലെ അച്ചടക്കനടപടികളുടെ പരിധി, വിദ്യാർഥികളുടെ വിദ്യാഭ്യാസാവകാശം, സ്വാഭാവികനീതിയുടെ തത്ത്വങ്ങൾ, പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള ജനാധിപത്യപരമായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള വിപുലമായ ചർച്ചയ്ക്ക് പുതിയ പ്രസക്തി നൽകുന്ന സംഭവവികാസം കൂടിയാണിത്. വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ രേഖാമൂലം മാപ്പപേക്ഷിക്കണമെന്ന വ്യവസ്ഥ മുന്നോട്ടുവയ്ക്കുകയും അവർക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകുകയും ചെയ്ത സർവകലാശാലാ ഭരണകൂടത്തിന്റെ സമീപനം ഈ പശ്ചാത്തലത്തിൽ കൂടുതൽ ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നു. വിദ്യാർഥികളുടെ അക്കാദമികഭാവി സംരക്ഷിക്കേണ്ട സ്ഥാപനംതന്നെ അവരുടെ പഠനാവസരങ്ങൾ നിഷേധിക്കുന്ന നിലപാട് സ്വീകരിച്ചതിലെ വൈരുധ്യം കോടതിവിധിയോടെ കൂടുതൽ പ്രകടമായിരിക്കുന്നു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ നിർണായകമായ ഒരു വഴിത്തിരിവായി കാലടി പ്രശ്നത്തെ കാണേണ്ടതുണ്ട്. ഒരുപക്ഷേ, നമ്മുടെ സർവകലാശാലാ സങ്കല്പങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിന്റെ പ്രകടനമായും കാലടിയിലെ സംഭവവികാസങ്ങൾ ഭാവിയിൽ വായിക്കപ്പെട്ടേക്കാം. സർവകലാശാല എന്ന ജനാധിപത്യസ്ഥാപനത്തിന്റെ അടിസ്ഥാനമൂല്യങ്ങളെയും അതിന്റെ അക്കാദമിക സ്വയംഭരണത്തെയും വിമർശനാത്മക ചിന്തയുടെ സാധ്യതകളെയും ചോദ്യം ചെയ്യുന്ന വലതുപക്ഷ വിദ്യാഭ്യാസദർശനം കാലടിയിൽ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുന്നു. വിദ്യാർഥികളുടെ പ്രതിഷേധത്തെ അച്ചടക്കലംഘനമായി മാത്രം കാണുകയും അവരുടെ വിയോജിപ്പിനെ സ്ഥാപനപരമായ അധികാരത്തിനു മുന്നിലുള്ള കീഴടങ്ങലിലൂടെ അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണസംസ്കാരമാണ് ഇവിടെ വിമർശനവിധേയമാകുന്നത്.

വിദ്യാർഥിസമരമോ അതിനെത്തുടർന്നുണ്ടാകുന്ന അച്ചടക്കനടപടികളോ കേരളത്തിന്റെ ചരിത്രത്തിൽ പുതിയ അനുഭവങ്ങളല്ല. അത്തരം സമരങ്ങളിലൂടെ കടന്നുവന്നവരാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെ വിവിധ തലങ്ങളിൽ ഇന്ന് പ്രവർത്തിക്കുന്നവരിൽ പലരും. എന്നാൽ കാലടിയിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ട രണ്ട് പ്രവണതകൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. ഒന്നാമത്തേത്, വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടപ്പോൾ അതിനെതിരെ സർവകലാശാലതന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതാണ്. സ്വന്തം വിദ്യാർഥികളുടെ അക്കാദമികഭാവി സംരക്ഷിക്കേണ്ട സ്ഥാപനം അവർക്കു ലഭിച്ച നീതിന്യായപരമായ ആശ്വാസം തടയാൻ കോടതിയെ സമീപിക്കുകയായിരുന്നു. ഈ വിചിത്രമായ വൈരുധ്യത്തിനപ്പുറം അച്ചടക്കനടപടികൾ പ്രതികാരസ്വഭാവം കൈവരിക്കുന്നുവെന്ന സൂചനയും ആ നിലപാടിലുണ്ട്.
രണ്ടാമത്തേത്, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ മാപ്പുപറഞ്ഞാൽ തിരിച്ചെടുക്കാമെന്ന സിൻഡിക്കേറ്റിന്റെ നിലപാടാണ്. ക്രിമിനൽ കേസ് നിലവിലുള്ള സാഹചര്യത്തിൽ രേഖാമൂലം മാപ്പുപറയുക എന്നത് കേവലം അച്ചടക്കനടപടിക്കു മുന്നിലുള്ള ഖേദപ്രകടനമായി മാത്രം നിലനിൽക്കണമെന്നില്ല. കുറ്റം ചെയ്തതായി വിദ്യാർഥികൾ സ്വയം സമ്മതിച്ചതിന്റെ രേഖയായി അത് വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ നിയമപരമായ സങ്കീർണതയ്ക്കപ്പുറം, ഇവിടെ ‘മാപ്പ്’ എന്നത് സ്ഥാപനത്തിന്റെ അധികാരത്തിനു മുന്നിൽ വിദ്യാർഥികൾ തങ്ങളുടെ രാഷ്ട്രീയനിലപാടും പ്രതിഷേധിക്കാനുള്ള അവകാശവും ഉപേക്ഷിച്ച് കീഴടങ്ങണമെന്ന ആവശ്യമായി മാറുകയാണ്. വിദ്യാർഥികളെ അവകാശങ്ങളുള്ള പൗരന്മാരായല്ല, സ്ഥാപനത്തിന്റെ അധികാരത്തിനു വിധേയമായി മാത്രം നിലനിൽക്കേണ്ട ‘അച്ചടക്കവിഷയ’ങ്ങളായി കാണുന്ന വിദ്യാഭ്യാസദർശനത്തിന്റെ ലക്ഷണങ്ങളാണ് സർവകലാശാല അധികൃതർ സ്വീകരിച്ച ഈ രണ്ടു നിലപാടുകളും.
ഹൈക്കോടതിയുടെ പുതിയ വിധി വിദ്യാർഥികൾക്ക് നീതി ലഭ്യമാക്കുന്നതോടൊപ്പം സർവകലാശാലാ ഭരണകൂടത്തിന്റെ അധികാരപ്രയോഗത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളെയും വീണ്ടും മുന്നിലെത്തിക്കുന്നു. സസ്പെൻഷൻ ഉത്തരവുകളും അച്ചടക്കസമിതിയുടെ റിപ്പോർട്ടും അസാധുവാക്കിയതുകൊണ്ടുമാത്രം കാലടിയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. മറിച്ച്, സർവകലാശാലയുടെ ജനാധിപത്യസ്വഭാവം, അക്കാദമിക സ്വാതന്ത്ര്യം, സ്ഥാപനപരമായ അധികാരത്തിന്റെ പരിധികൾ എന്നിവയെക്കുറിച്ച് കൂടുതൽ ഗൗരവമായ പരിശോധന നടത്താനുള്ള സന്ദർഭമാണ് ഈ വിധി സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമരവും അതിനെത്തുടർന്നുണ്ടായ വ്യവഹാരവും ഉന്നതവിദ്യാഭ്യാസമേഖലയെ സംബന്ധിച്ച വലിയൊരു രാഷ്ട്രീയ-ദാർശനിക പ്രശ്നത്തിലേക്ക് വഴിതുറക്കുന്നു. വിദ്യാർഥികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഉയർത്തിയ ചോദ്യങ്ങൾ അവരുടെ വിജയത്തിനപ്പുറം കടന്ന് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയിലേക്കും വ്യാപിക്കുന്നു.
‘സർവകലാശാലകളുടെ കാവിവൽക്കരണം’ എന്നത്ഔദ്യോഗിക സ്ഥാനങ്ങളിൽ ഹിന്ദുത്വ രാഷ്ട്രീയത്തോട്ആഭിമുഖ്യമുള്ളവരെ നിയമിക്കുന്നതോ പാഠ്യപദ്ധതികളിൽ ഹിന്ദുത്വപരമായ ചരിത്രവായനകൾ ഒളിച്ചുകടത്തുന്നതോമാത്രമല്ല. സർവകലാശാല എന്ന ജനാധിപത്യസ്ഥാപനത്തിന്റെ ആന്തരികസംസ്കാരത്തെയും അധികാരബന്ധങ്ങളെയും വിമർശനത്തോടുംവിയോജിപ്പുകളോടുമുള്ള സമീപനത്തെയും മാറ്റിത്തീർക്കുന്നപ്രക്രിയ കൂടിയാണത്. ഈ പ്രക്രിയയെ മൂന്ന് തലങ്ങളിൽ മനസ്സിലാക്കാം.
ഒന്നാമത്തേത്, ഔദ്യോഗിക അധികാരസ്ഥാനങ്ങളിൽ ഹിന്ദുത്വതാൽപ്പര്യങ്ങൾക്കനുസരിച്ചുള്ള നിയമനങ്ങളുംസ്ഥാനാരോഹണങ്ങളും നടത്തുക എന്നതാണ്. ഭരണപരവുംപ്രത്യക്ഷത്തിൽ തന്നെ രാഷ്ട്രീയവുമാണ് ഈ ഇടപെടൽ.രണ്ടാമത്തേത്, പാഠ്യപദ്ധതികൾ, ഗവേഷണസ്വഭാവം, അക്കാദമിക നയങ്ങൾ എന്നിവ യിൽ നാം പിൻപറ്റിപ്പോരുന്നമതേതര-ജനാധിപത്യ ഭാവനയെ നിഷ്കാസനം ചെയ്യുകഎന്നതാണ്. ആദ്യ തലത്തോളം പ്രത്യക്ഷമല്ല എങ്കിലുംജാഗ്രതയുള്ള ഒരു അക്കാദമിക സമൂഹത്തിന് അതെളുപ്പംതിരിച്ചറിയാവുന്നതേയുള്ളു. എന്നാൽ മൂന്നാമത്തേത്കൂടുതൽ സൂക്ഷ്മവും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ അപകടകരവുമാണ്.
സർവകലാശാലയുടെ ജനാധിപത്യബോധത്തെയും അതിന്റെ പെരുമാറ്റസംസ്കാരത്തെയും വലതുപക്ഷ വിദ്യാഭ്യാസദർശനംഭരിക്കാൻ തുടങ്ങുക എന്നതാണത്. വിയോജിപ്പിനെശത്രുതയായും പ്രതിഷേധത്തെ അച്ചടക്കലംഘനമായുംവിമർശനത്തെ സ്ഥാപനത്തോടുള്ള അവഹേളനമായുംകാണുന്ന ഒരു ഭരണസംസ്കാരത്തിന്റെ രൂപീകരണമാണത്. സർവകലാശാലയെ വിമർശനത്തിന്റെയും സംവാദത്തിന്റെയും ജനാധിപത്യപരമായ വിയോജിപ്പിന്റെയുംഇടമായി കാണുന്നതിനു പകരം അനുസരണവുംവിധേയത്വവും ഉറപ്പാക്കേണ്ട അധികാരസ്ഥാപനമായിമാറ്റുവാനുള്ള ശ്രമം കൂടിയാണിത്. ഇതിനെയാണ് ‘തീവ്രവലതുപക്ഷ വിദ്യാഭ്യാസദർശനം’ എന്നുവിശേഷിപ്പിക്കാൻ കഴിയുക.
2026 ജൂലൈ മുതൽ സർവകലാശാലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളക്ഷാമം, ഹോസ്റ്റൽ നിയന്ത്രണങ്ങൾ, അധ്യാപക ഒഴിവുകൾ തുടങ്ങിയവിഷയങ്ങൾ ഉന്നയിച്ച് എസ് എഫ് ഐ യുടെ ബാനറിൽവിദ്യാർഥികൾ സമരത്തിലായിരുന്നു. ഓഗസ്റ്റ് 13-ന് സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധവും അതിന്റെ ഭാഗമായി നാടകവിഭാഗം അവതരിപ്പിച്ച ‘സ്പൊണ്ടേനിയസ് ഡ്രാമ’യുമാണ് പിന്നീട് വലിയ വിവാദത്തിലേക്ക് വളർന്നത്. വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരമാണ് വിദ്യാർഥികൾ നടത്തിയതെന്നും അവരെ കൈയേറ്റം ചെയ്യുകയും വാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിക്കുകയുംചെയ്തെന്നുമാണ് സർവകലാശാലയുടെ ആരോപണം. എന്നാൽ, നിശ്ചലമായ സ്റ്റേജ് ലൈറ്റുകളുടെ പ്രതീകാത്മകശവസംസ്കാരമായിരുന്നു നാടകത്തിന്റെ പ്രമേയമെന്നാണ് വിദ്യാർത്ഥികളുടെ വിശദീകരണം. ഈ ആരോപണങ്ങളുടെയും പ്രതിവാദങ്ങളുടെയും നിയമപരമായ പരിശോധന നിശ്ചയമായും കോടതിയിൽ നടന്നിരിക്കണം. അതിനപ്പുറം, സർവകലാശാല വിദ്യാർഥി പ്രതിഷേധത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്നത് ഇവിടെ നിർണായകമായചോദ്യമാണ്. ഓഗസ്റ്റ് 13-ലെ സംഭവങ്ങളുടെ പേരിൽ സെപ്റ്റംബർ ഒന്നിനാണ് പതിനാറ് വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. തുടർന്നുള്ള അച്ചടക്കനടപടികളുടെ ഭാഗമായി അന്വേഷണസമിതി സെപ്റ്റംബർ 29, 30 തീയതികളിൽ വിദ്യാർഥികളുടെ വാദംകേട്ടു. സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടിക്രമങ്ങളിലെ ചില പിഴവുകൾ ചൂണ്ടിക്കാട്ടി അത് സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കപ്പെട്ടില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടെ സസ്പെൻഷൻ നീണ്ടുപോവുകയും വിദ്യാർഥികളുടെ പഠനവുംപരീക്ഷയെഴുതാനുള്ള അവസരവുംപ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിനെതിരെയാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്.
ഒക്ടോബർ 30-ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ച് വിദ്യാർഥികൾക്ക് നവംബർ നാലിന് ആരംഭിക്കാനിരുന്ന പരീക്ഷയിൽ താൽക്കാലികമായി പങ്കെടുക്കാൻ അനുമതി നൽകി. എന്നാൽ സർവകലാശാല ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. നവംബർ മൂന്നിന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനുംമുരളീകൃഷ്ണയും അടങ്ങിയ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കി. പരീക്ഷയെഴുതാനുള്ള യോഗ്യത സംബന്ധിച്ച ആവശ്യമായവാദങ്ങളും രേഖകളും ഹർജിയിൽ ഇല്ലെന്നും ഇടക്കാല ഉത്തരവ് അന്തിമ ആശ്വാസം അനുവദിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതോടെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള ആദ്യത്തെനിയമപരമായ അവസരം നഷ്ടപ്പെട്ടു. തുടർന്ന് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. നവംബർ ആദ്യവാരം പരിഗണിച്ച ഹർജിയിൽ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ലെങ്കിലും, വിദ്യാർഥികളുടെ പ്രധാന ഹർജി ഹൈക്കോടതി വേഗത്തിൽ പരിഗണിക്കണമെന്ന് നിർദേശിക്കുകയും സസ്പെൻഷൻ റദ്ദാക്കപ്പെട്ടാൽ പ്രത്യേക പരീക്ഷ നടത്താമെന്ന്സർവകലാശാല അറിയിക്കുകയും ചെയ്തു. നവംബർ 11-ന് കേസ് പരിഗണിച്ചപ്പോൾ, ‘അറുപത് ദിവസത്തിലേറെ സസ്പെൻഷൻ അനുഭവിച്ച വിദ്യാർഥികളോട് ഇനിയും മാപ്പ് ആവശ്യപ്പെടുന്നതെന്തിന് എന്ന് ഹൈക്കോടതി ചോദിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. നവംബർ 18-ന് വാദം പൂർത്തിയാക്കിയ കോടതി നവംബർ 23-ലേക്ക് വിധി മാറ്റി. നാളെ രാവിലെ 10.15 ഓടെ, ആദ്യകേസായി പരിഗണിച്ച്,ബഹു. കേരള ഹൈക്കോടതിയിൽ നിന്ന് ആ വിധിപ്രഖ്യാപിക്കപ്പെടും.

ഒന്ന്
‘മാപ്പ്’ എന്ന ആവശ്യം സർവകലാശാലഅധികാരികളിൽ നിന്നുയർന്നത് നവംബർ മൂന്നിന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ്. പന്ത്രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഉപാധികളോടെ പിൻവലിക്കാൻ അന്നേദിവസം സിൻഡിക്കേറ്റ് തീരുമാനിച്ചു. വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം നേരിട്ടെത്തി രേഖാമൂലം മാപ്പപേക്ഷ നൽകുക, ഭാവിയിൽ അക്രമപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെടില്ലെന്ന ഉറപ്പു നൽകുക എന്നിവയായിരുന്നുഉപാധികൾ. ശേഷിക്കുന്ന നാലു വിദ്യാർഥികളുടെ സസ്പെൻഷൻ രണ്ടു മാസത്തേക്ക് കൂടി നീട്ടാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. വിദ്യാർഥികൾ ഈ വ്യവസ്ഥ നിരസിച്ചു. വിദ്യാർഥിപ്രതിഷേധവും സമരവും സർവകലാശാലയെ പ്രയാസപ്പെടുത്തുന്നു എന്ന് അധികൃതർ കരുതുന്നുണ്ടെങ്കിൽ അതിനെ നേരിടാൻ നിയമപരവും അക്കാദമികവുമായ നടപടിക്രമങ്ങളുണ്ട്. കുറ്റം വ്യക്തമായി നിർണയിക്കുക, ഓരോ വിദ്യാർഥിയുടെയും പങ്കാളിത്തം തെളിയിക്കുക, സ്വാഭാവികനീതിയുടെ തത്ത്വങ്ങൾ പാലിക്കുക, ആനുപാതികമായ ശിക്ഷ നിർണയിക്കുക എന്നിവ ജനാധിപത്യപരമായി സമരം നേരിടുന്നതിനുള്ള സ്വാഭാവിക നടപടിക്രമങ്ങളാണ്. എന്നാൽ ‘മാപ്പ് പറയുക’ എന്നത് സസ്പെൻഷൻ പിൻവലിക്കാനുള്ള വ്യവസ്ഥയായി മുന്നോട്ടുവയ്ക്കുമ്പോൾ അതിന്റെ സ്വഭാവം മാറുന്നു. ‘തെറ്റുതിരുത്തണമെന്നാണോ അതോ സ്ഥാപനപരമായഅധികാരത്തിനു മുന്നിൽ കീഴട ങ്ങണമെന്നാണോ’പഠനകേന്ദ്രം വിദ്യാർഥികളോടു പറയുന്നത് എന്ന ചോദ്യം അതോടെ ഉയരുന്നു. സർവകലാശാലയുടെ അധികാരംവിദ്യാർഥികളുടെ ആത്മാഭിമാനത്തെയും രാഷ്ട്രീയമായ സ്വയംനിർണയത്തെയും കീഴടക്കാനുള്ള ഉപാധിയാക്കിമാറ്റുന്ന തീവ്രവലതുപക്ഷ നിലപാടാണ് ഈ നിർബന്ധിതമാപ്പാവശ്യത്തിലുള്ളത്. ‘ഒരു വെള്ളക്കടലാസിൽ എഴുതിക്കൊടുത്ത് തീർക്കാവുന്നത്ര ചെറുതല്ലേയതെ’ന്നലാഘവത്വം ഉന്നതഭരണനേതൃത്വത്തിൽ നിന്നു തന്നെ ഉയർന്നത്, മനുഷ്യാന്തസ്സിന് ഏറിയ മൂല്യം നൽകുന്നആധുനിക കേരളത്തെ അലോസരപ്പെടുത്തേണ്ടതാണ്.
വിദ്യാർഥിയോട് മാപ്പുപറയാൻ ആവശ്യപ്പെടുന്നതും വിദ്യാർഥി സർവകലാശാലയോട് മാപ്പുപറയാൻആവശ്യപ്പെടുന്നതും ഒരേ തരത്തിലുള്ളഅധികാരബന്ധങ്ങളല്ല. ‘മാപ്പ്’ എന്നത് സ്വതന്ത്രമായതിരിച്ചറിവിൽനിന്ന് ഉണ്ടാകേണ്ട ഒന്നാണ്. അധികാരത്തിന്റെ സമ്മർദത്തിലൂടെ നേടിയെടുക്കുന്ന മാപ്പ് അനുസരണത്തിന്റെപ്രകടനം മാത്രമാണ്. ആധുനിക സ്ഥാപനങ്ങൾ ശിക്ഷയിലൂടെമാത്രമല്ല, വ്യക്തികളെ സ്വയം നിയന്ത്രിക്കാനും അധികാരത്തിന്റെ മാനദണ്ഡങ്ങൾ ആന്തരികവത്കരിക്കാനുംപ്രേരിപ്പിക്കുന്ന പ്രക്രിയകളിലൂടെയാണ് പ്രവർത്തിക്കുന്നത്. ഈ അർഥത്തിൽ വിദ്യാർഥികളോട് മാപ്പപേക്ഷിക്കാൻ ആവശ്യപ്പെടുന്നത് ഒരു അച്ചടക്കനടപടി മാത്രമല്ല,സ്ഥാപനത്തിന്റെ അധികാരത്തെ അംഗീകരിക്കുന്നവിധത്തിൽ വിദ്യാർഥികൾ സ്വയം പുനഃക്രമീകരിക്കണമെന്ന ആവശ്യം കൂടിയാണത്. സർവകലാശാലയുടെ ജനാധിപത്യപരമായ മഹത്ത്വം വിദ്യാർഥികളിൽനിന്ന്അനുസരണം ഉറപ്പാക്കുന്നതിലല്ല, അവരുടെ വിയോജിപ്പുകളെയും സംഘർഷങ്ങളെയും നീതിയുടെയും സംവാദത്തിന്റെയും അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യാനുള്ള ശേഷിയിലാണ്. വിദ്യാർഥികൾ മാപ്പുപറയുക എന്ന ആവശ്യം സർവകലാശാല അധികൃതരിൽ നിന്നുയരുക എന്നത് ഒരിക്കലും സംഭവിച്ചു കൂടാത്തതാണ്. അനുസരണയുള്ള ആട്ടിൻപറ്റങ്ങളെ ഉണ്ടാക്കിയെടുക്കുന്നഅനുശീലനക്കളരിയെ സർവകലാശാല എന്നുവിശേഷിപ്പിക്കുക സാധ്യമല്ല തന്നെ.
വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന്സർവകലാശാല കോടതിയിൽ വാദിക്കുന്നിടത്ത് അച്ചടക്കനടപടിയുടെ സ്വഭാവം ശിക്ഷണത്തിൽനിന്ന് പ്രതികാരത്തിലേക്കു മാറുന്നു എന്നതാണ് നിർണായകമായമറ്റൊരു പ്രശ്നം. അച്ചടക്കനടപടി സ്ഥാപനത്തിന്റെ പ്രവർത്തനത്തെയും കൂട്ടായ പഠനാന്തരീക്ഷത്തെയും സംരക്ഷിക്കുന്നതിനായിരിക്കണം, വ്യക്തിയെയോസംഘത്തെയോ കൂടുതൽ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് അത് നീങ്ങുമ്പോൾ ശിക്ഷണത്തിൻ്റെലക്ഷ്യം മാറുന്നു. പരീക്ഷ എഴുതാനുള്ള അവസരംനിഷേധിക്കണമെന്ന് സർവകലാശാല കോടതിയിൽവാദിക്കുമ്പോൾ അച്ചടക്കനടപടിയുടെ പരിധി മറികടന്ന് പ്രതിഷേധക്കാരുടെ അക്കാദമിക ഭാവിയെക്കൂടി ശിക്ഷയുടെ ഭാഗമാക്കുന്നു എന്നതാണ് അതിനർഥം. പരീക്ഷ എഴുതാനുള്ള അവസരം വിദ്യാർഥിയുടെ വിദ്യാഭ്യാസപരമായ അവകാശവുമായി ബന്ധപ്പെട്ടതാണ്. അത് നിഷേധിക്കുന്നത് കേവലം ഭരണപരമായ നിയന്ത്രണമല്ല. പഠനത്തിന്റെ തുടർച്ചയെയും അക്കാദമിക പുരോഗതിയെയും ഭാവിയിലെ തൊഴിൽസാധ്യതകളെയും ബാധിക്കുന്ന നടപടിയാണ്. അതിനാൽ അത്തരമൊരു ആവശ്യം ഉന്നയിക്കുമ്പോൾ സർവകലാശാലയുടെ ലക്ഷ്യം എന്താണെന്ന ചോദ്യം ഒഴിവാക്കാനാവില്ല. സ്ഥാപനത്തിന്റെ അച്ചടക്കംപുനഃസ്ഥാപിക്കുകയാണോ? അതോ സ്ഥാപനത്തിന്റെ അധികാരത്തെ ചോദ്യം ചെയ്ത വിദ്യാർഥികളെ കൂടുതൽഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിപ്പിക്കുകയാണോ?ശിക്ഷയുടെ ലക്ഷ്യം പെരുമാറ്റത്തെ നിയന്ത്രിക്കുക എന്നതിൽനിന്ന് ഭാവിയെ തടസ്സപ്പെടുത്തുക എന്നതിലേക്ക് മാറുന്നതോടെ പ്രതികാരം എന്ന ഘടകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. വിദ്യാഭ്യാസം തുടരാനുള്ള അവസരവും നഷ്ടപ്പെടുത്തണമെന്ന ആവശ്യം തങ്ങളുടെ വിദ്യാകേന്ദ്രത്തിൽ നിന്നു തന്നെ ഉയരുക എന്നത് നേരത്തെപ്പറഞ്ഞപോലെ അതിവിചിത്രമായ വൈരുധ്യമാണ്.
പുനഃസ്ഥാപന നീതി (Restorative Justice) എന്ന ആശയം സർവകലാശാലയെ സംബന്ധിച്ച് ഏറ്റവും പ്രസക്തമാണ്. ഒരുസംഘർഷമോ നിയമലംഘനമോ ഉണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കുകയും ബന്ധങ്ങൾപുനഃസ്ഥാപിക്കുകയും കൂട്ടായ ജീവിതം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ഊന്നൽ. കുറ്റം ചെയ്തവ്യക്തിയെ പുറത്താക്കുന്നതിലല്ല, ഉത്തരവാദിത്വബോധത്തോടെ തിരിച്ചുകൊണ്ടുവരുന്നതിലാണ് അതിന്റെ ശ്രദ്ധ.വിദ്യാർഥികൾ തമ്മിലോ വിദ്യാർഥികളും ഭരണകൂടവും തമ്മിലോ സംഘർഷമുണ്ടായാൽ അതിനെ പരിഹരിക്കാനുള്ളമാർഗങ്ങൾ തുറക്കുകയാണ് വേണ്ടത്. അച്ചടക്കനടപടി ആവശ്യമായി വന്നാൽപ്പോലും അത് വിദ്യാർഥിയുടെ വിദ്യാഭ്യാസാവകാശത്തെ ഇല്ലാതാക്കുന്ന തരത്തിലാകരുത്.
ശിക്ഷയുടെ പേരിൽ വിദ്യാഭ്യാസത്തിൽനിന്നുതന്നെ ഒരാളെപുറത്താക്കുന്നത് സർവകലാശാലയുടെ വിദ്യാഭ്യാസപരമായഉത്തരവാദിത്വവുമായി പൊരുത്തപ്പെടുന്നില്ല. വിദ്യാർഥികൾതങ്ങളുടെ പ്രതിഷേധത്തെ തെറ്റായി അംഗീകരിക്കണമെന്നും മാപ്പ് പറയണമെന്നും അതിനുശേഷം മാത്രമേ സ്ഥാപനത്തിന്റെ സാധാരണ അക്കാദമിക ജീവിതത്തിലേക്ക്തിരിച്ചുവരാൻ അനുവദിക്കൂ എന്നുമാണോ സ്ഥാപനത്തിന്റെസമീപനം? അങ്ങനെയെങ്കിൽ മാപ്പ് പറയൽ ധാർമികമായ അനുരഞ്ജനത്തിന്റെ ഭാഗമല്ലാതായി മാറുന്നു. അത് അധികാരത്തിനു മുന്നിലുള്ള കീഴടങ്ങലിന്റെ നടപടിക്രമമാകുന്നു. ക്ഷമയും മാപ്പും പരസ്പരവിശ്വാസം പുനഃസ്ഥാപിക്കാനുള്ള സാധ്യതകളാകുന്നതിനു പകരം അനുസരണം ഉറപ്പാക്കാനുള്ള ഉപാധികളായിഅവതരിപ്പിക്കപ്പെടുന്നു. സംശയരഹിതമായും ഇനി ആവർത്തിക്കപ്പെട്ടു കൂടാത്ത രീതിശാസ്ത്രമാണ് കാലടിയിൽ തയ്യാർ ചെയ്യപ്പെട്ടത്. അതിൻ്റെ പ്രത്യാഘാതം നാം കരുതുന്നതിലും വലുതായിരിക്കും.
രണ്ട്
എന്താണ് ഒരു സർവകലാശാല? അറിവ് വിതരണംചെയ്യുകയും പരീക്ഷകൾ നടത്തുകയും ബിരുദങ്ങൾനൽകുകയും ചെയ്യുന്ന ഒരു സ്ഥാപനം മാത്രമാണോ അത്? അതോ സമൂഹത്തിന്റെ ബൗദ്ധികവും സാംസ്കാരികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്ന, പുതിയ അറിവുകൾ ഉൽപ്പാദിപ്പിക്കുകയും നിലവിലുള്ള അറിവുകളെയും വിശ്വാസങ്ങളെയും നിരന്തരം വിമർശന വിധേയമാക്കുകയും ചെയ്യുന്ന ചലനാത്മക സംവിധാനമോ? സർവകലാശാലയുടെ ഔന്നത്യം അറിവിന്റെ ശേഖരത്തിലോ അക്കാദമിക ബിരുദങ്ങളിലോ മാത്രം കുടികൊള്ളുന്നില്ല. മറിച്ച്, അറിവിനെ ചോദ്യം ചെയ്യാനും അധികാരത്തെ വിമർശിക്കാനും നിലവിലുള്ള സാമൂഹിക ധാരണകളോട് വിയോജിക്കാനുംപുതിയ ആശയങ്ങൾ രൂപപ്പെടുത്താനും തുറന്നുകൊടുക്കുന്ന സാധ്യതകളിലാണ് സർവകലാശാലയുടെ യഥാർഥ മഹിമ. അതുകൊണ്ടുതന്നെ സ്വതന്ത്രചിന്തയും സംവാദവും വിമർശനവും വിയോജിപ്പും സർവകലാശാലയുടെ പ്രവർത്തനത്തിന് പുറത്തുനിൽക്കുന്ന കാര്യങ്ങളല്ല,അവയുടെ നിലനിൽപ്പിനുതന്നെ അനിവാര്യമായ ഘടകങ്ങളാണ്. അധ്യാപകരും വിദ്യാർഥികളും ഗവേഷകരും അനധ്യാപകജീവനക്കാരും ഭരണാധികാരികളും ഉൾപ്പെടുന്ന ഈ ‘ചലനാത്മകസംവിധാന’ത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അധികാരങ്ങളുമുണ്ട്. സർവകലാശാലയുടെ അടിസ്ഥാന ലക്ഷ്യങ്ങൾസാക്ഷാത്കരിക്കുന്നതിൽ വിദ്യാർഥികൾക്ക് കേവലം സേവനം സ്വീകരിക്കുന്നവരുടെ സ്ഥാനമല്ല ഉള്ളത്. അറിവിന്റെഅന്വേഷണത്തിലും ഉൽപ്പാദനത്തിലും വിമർശനത്തിലും പങ്കാളികളാകുന്നവരാണ് അവർ. അതിനാൽ വിദ്യാർഥിയെസർവകലാശാലയുടെ ഭരണപരമായ നിയന്ത്രണത്തിന്വിധേയനായ ഒരാളായി മാത്രം കാണുന്ന സമീപനംസർവകലാശാല എന്ന സങ്കല്പത്തിന്റെ അടിസ്ഥാനസ്വഭാവത്തോടുതന്നെ പൊരുത്തപ്പെടുന്നില്ല.
‘വിദ്യാർഥികേന്ദ്രിത സർവകലാശാല’ എന്നതിനർഥം വിദ്യാർഥികൾ ആവശ്യപ്പെടുന്നതെല്ലാം അംഗീകരിക്കുന്ന സ്ഥാപനമാവണം സർവകലാശാല എന്നല്ല. വിദ്യാർഥികളുടെ ചിന്താസ്വാതന്ത്ര്യത്തെയും അന്തസ്സിനെയും സ്വകാര്യതയെയുംസംഘടനാസ്വാതന്ത്ര്യത്തെയും അംഗീകരിക്കുകയും അവരുടെ അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും സ്ഥാപനത്തിനകത്ത് ഇടം നൽകുകയും ചെയ്യുന്ന സർവകലാശാലയാണത്. വിദ്യാർഥിയുടെ വിയോജിപ്പിനെ സ്ഥാപനത്തിനെതിരായ ശത്രുതയായി കാണാതെ, അക്കാദമിക സമൂഹത്തിന്റെ സ്വാഭാവികമായ ജനാധിപത്യപ്രവർത്തനമായി മനസ്സിലാക്കാനുള്ള ശേഷി സർവകലാശാലയ്ക്കുണ്ടാകണം.അധ്യാപനവും പഠനവും ഗവേഷണവും സുഗമമായിനടക്കുന്നതിനും അക്കാദമിക അന്തരീക്ഷംസംരക്ഷിക്കുന്നതിനും ചില പൊതുനിയമങ്ങൾ അനിവാര്യമാണ്. എന്നാൽ അച്ചടക്കം എന്നത് അനുസരണത്തിന്റെ പര്യായമല്ല. വിമർശനത്തെയും വിയോജിപ്പിനെയും ഇല്ലാതാക്കിക്കൊണ്ട് സ്ഥാപിക്കുന്ന അച്ചടക്കം അക്കാദമിക സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾക്കുതന്നെ വിരുദ്ധമാണ്. വിദ്യാർഥിയുടെ സ്വാതന്ത്ര്യവും സ്ഥാപനത്തിന്റെ ഉത്തരവാദിത്തവും തമ്മിൽജനാധിപത്യപരമായ സന്തുലനം നിലനിർത്തുക എന്നതാണ് സർവകലാശാലയുടെ വെല്ലുവിളി. ‘കഴിവുറ്റ സർവകലാശാല ഭരണനേതൃത്വം’ എന്നാൽ ഈ വെല്ലുവിളിയെ അനായാസം കൈകാര്യം ചെയ്യാൻ ശേഷിയുള്ളവർ എന്നാണർഥം.
സർവകലാശാല വിദ്യാർഥികളെ എങ്ങനെയാണ് കാണേണ്ടത് എന്നതിനെ സംബന്ധിച്ചുള്ള ആധുനികസമീപനമായി കരുതപ്പെടുന്ന ഒന്നാണ് 1967 ലെ ‘Joint Statement on Rights and Freedoms of Students’ എന്ന രേഖ. അമേരിക്കൻ സർവകലാശാലകളിൽ അറുപതുകളിൽ ശക്തിപ്പെട്ട വിദ്യാർഥിപ്രക്ഷോഭങ്ങളുടെയും പൗരാവകാശപ്രസ്ഥാനങ്ങളുടെയും യുദ്ധവിരുദ്ധ രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ അവകാശങ്ങളെക്കുറിച്ചുള്ള വിപുലമായ ചർച്ച രൂപപ്പെട്ടതും ഈ രേഖയുടെ നിർമ്മാണം നടക്കുന്നതും. ഇന്ത്യയിലെസർവകലാശാലകൾക്ക് നേരിട്ട് ബാധകമായ നിയമമല്ല ഈ രേഖ. എങ്കിലും അതിന്റെ ധാർമികപ്രസക്തി പരിഗണിച്ച് ഒരുമാനദണ്ഡമായി സ്വീകരിക്കുവാൻ ലോകമെമ്പാടുമുള്ള സർവകലാശാലകൾ മുതിർന്നിട്ടുണ്ട്. സർവകലാശാലയുടെ ജനാധിപത്യസ്വഭാവം, വിദ്യാർഥികളുടെ സ്വാതന്ത്ര്യം, സ്ഥാപനത്തിന്റെ അധികാരപ്രയോഗം, അച്ചടക്കനടപടികളിലെ നീതി എന്നിവയെക്കുറിച്ച് ആഗോളതലത്തിൽ തന്നെ ഈ പ്രസ്താവനയ്ക്ക് സ്വീകാര്യതയുണ്ടുതാനും. വിദ്യാർഥികളെ സ്ഥാപനത്തിന്റെ നിയന്ത്രണത്തിന് വിധേയരായവരായി മാത്രം കാണുന്ന സമീപനത്തിനെതിരായ അക്കാദമികമായ ഇടപെടൽ കൂടിയായിരുന്നു ഈ സംയുക്ത പ്രസ്താവന.
The joint statement- ൻ്റെ ആമുഖം തന്നെ സർവകലാശാലയുടെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഒരു അടിസ്ഥാനധാരണ മുന്നോട്ടുവെക്കുന്നുണ്ട്. അറിവിന്റെ കൈമാറ്റം, വസ്തുതാന്വേഷണം, വിദ്യാർഥികളുടെ വ്യക്തിത്വവികാസം, സമൂഹത്തിന്റെ പൊതുനന്മയ്ക്കുള്ള സംഭാവന എന്നിവയാണ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അത് വ്യക്തമാക്കുന്നു. ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സംവദിക്കാനുമുള്ള സാഹചര്യം ഉണ്ടായിരിക്കണം. അധ്യാപനത്തിനുള്ള സ്വാതന്ത്ര്യവും പഠിക്കാനുള്ള സ്വാതന്ത്ര്യവും അക്കാദമിക സ്വാതന്ത്ര്യത്തിന്റെ പരസ്പരം വേർപെടുത്താനാവാത്ത രണ്ട് വശങ്ങളാണെന്ന രേഖയുടെ നിരീക്ഷണം ഈ സാഹചര്യത്തിൽ വളരെ പ്രധാനമാണ്. ഈ കാഴ്ചപ്പാടിൽ വിദ്യാർഥികൾ അധ്യാപകർ നൽകുന്ന അറിവ് നിശ്ശബ്ദമായി സ്വീകരിക്കേണ്ടവർ മാത്രമല്ല. പഠനവിഷയങ്ങളിലെ നിലപാടുകളോട് വിയോജിക്കാനും യുക്തിസഹമായ ചോദ്യങ്ങൾ ഉന്നയിക്കാനും സ്വന്തം അഭിപ്രായങ്ങൾ രൂപപ്പെടുത്താനും അവർക്ക് അവകാശമുണ്ട്. ക്ലാസ് മുറിയിലെ അഭിപ്രായസ്വാതന്ത്ര്യം, വിദ്യാർഥി സംഘടനകൾരൂപീകരിക്കാനുള്ള സ്വാതന്ത്ര്യം, പൊതുവിഷയങ്ങളിൽചർച്ചകളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ളഅവകാശം, സർവകലാശാലയുടെ നയരൂപീകരണത്തിൽപങ്കാളിത്തം, വിവേചനരഹിതമായ അക്കാദമികമൂല്യനിർണയം എന്നിവയെല്ലാം ഈ രേഖയുടെപരിഗണനയിൽ വരുന്നുണ്ട്. അതുപോലെഅച്ചടക്കനടപടികൾ സ്വീകരിക്കുമ്പോൾ വിദ്യാർഥിക്ക്ആരോപണങ്ങൾ അറിയാനും തന്റെ ഭാഗം വിശദീകരിക്കാനുംന്യായമായ നടപടിക്രമങ്ങൾ ആവശ്യപ്പെടാനുംഅവസരമുണ്ടായിരിക്കണമെന്ന് രേഖ നിഷ്കർഷിക്കുന്നു.ഈ രേഖയെ സംബന്ധിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതിന്റെ അച്ചടക്കസങ്കല്പമാണ്. വിദ്യാർഥിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിനുള്ള ആദ്യമാർഗമായിശിക്ഷയെ അല്ല ഉപദേശം, മാർഗനിർദേശം, മുന്നറിയിപ്പ് തുടങ്ങിയ മാർഗങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഗുരുതരമായ സാഹചര്യങ്ങളിൽ അച്ചടക്കനടപടികൾ ആവശ്യമായി വന്നാൽപ്പോലും അവ നീതിപൂർവവും സുതാര്യവുമായിരിക്കണം. അതായത്, സർവകലാശാലയുടെ അധികാരത്തെ അംഗീകരിക്കുമ്പോൾത്തന്നെ ആഅധികാരത്തിന് പരിധികളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന് ഈ രേഖ ഓർമിപ്പിക്കുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ഈ ചർച്ചയുടെ അടിസ്ഥാനമായി സ്വീകരിക്കാറുള്ള യു.ജി.സി. യുടെ 2013 മാർഗ നിർദ്ദേശത്തിലും (Guidelines for Students’ Entitlement) മേല്പറഞ്ഞ joint report ൻ്റെ സ്വാധീനം കാണാവുന്നതാണ്. 2013 ഏപ്രിൽ 23-നാണ് യു.ജി.സി. ഈ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ എന്തൊക്കെയാണെന്ന് വിദ്യാർഥികൾ, അധ്യാപകർ, ഭരണാധികാരികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെ ബോധ്യപ്പെടുത്തുകയാണ് രേഖയുടെ പ്രഖ്യാപിതലക്ഷ്യം. രാജ്യത്തെ എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാർഗനിർദേശങ്ങൾ ബാധകമാണെന്നും അവ സ്ഥാപനങ്ങളുടെ പ്രോസ്പെക്ടസിൽ പൂർണമായിപ്രസിദ്ധീകരിക്കുകയും വെബ്സൈറ്റിന്റെ ഹോംപേജിൽ ലഭ്യമാക്കുകയും ചെയ്യണമെന്നും രേഖ നിർദേശിക്കുന്നു. ഈ രേഖയുടെ പ്രാധാന്യം അതിലെ അവകാശങ്ങളുടെ പട്ടികയിൽമാത്രമല്ല, വിദ്യാർഥിയെക്കുറിച്ച് മുന്നോട്ടുവെക്കുന്നകാഴ്ചപ്പാടിലുമാണ്. വിദ്യാർഥികളെ സർവകലാശാലയുടെ ഔദാര്യത്തിന് കാത്തുനിൽക്കുന്നവരായല്ല സ്ഥാപനത്തിൽനിന്ന് ചില കാര്യങ്ങൾ ആവശ്യപ്പെടാൻ അവകാശമുള്ള വ്യക്തിയായാണ് യു.ജി.സി. കണക്കാക്കുന്നത്. വിദ്യാർഥിയുടെ അവകാശങ്ങൾ ഉറപ്പാക്കുക എന്നത് വിദ്യാഭ്യാസസ്ഥാപനത്തിന്റെയും ഭരണാധികാരികളുടെയും അധ്യാപകരുടെയും നയരൂപകർത്താക്കളുടെയും ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നില്ലെങ്കിൽ വിദ്യാർഥിക്ക് ഗ്രീവൻസ് റെഡ്രസൽ അതോറിറ്റിയെയോ ഓംബുഡ്സ്മാനെയോ സമീപിക്കാം. മാർഗനിർദേശങ്ങളുടെ തുടർച്ചയായ ലംഘനങ്ങൾ യു.ജി.സി.യുടെ ശ്രദ്ധയിൽപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ ആവശ്യപ്പെടാനും കഴിയും. അവകാശങ്ങൾഎന്നത് സ്ഥാപനത്തിന്റെ ഔദാര്യമല്ലെന്നും അതിന് സ്ഥാപനപരമായ ഉത്തരവാദിത്തങ്ങളുണ്ടെന്നും ഈ രേഖ വ്യക്തമാക്കുന്നു. വിദ്യാർഥികൾക്കും അവകാശങ്ങൾക്കൊപ്പം ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് രേഖ ഓർമിപ്പിക്കുന്നുണ്ട്.

ഈ രേഖയെ കേവലം വിദ്യാർഥികൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ പട്ടികയായി ചുരുക്കിക്കാണാനാവില്ല. അതിലെ ആറാമത്തെയും ഏഴാമത്തെയും വകുപ്പുകൾ പ്രത്യേകമായി ശ്രദ്ധയർഹിക്കുന്നു. ആറാമത്തെ വകുപ്പ് വിദ്യാർഥികളുടെ ചിന്താസ്വാതന്ത്ര്യത്തെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും സംബന്ധിച്ചാണ്. ജനാധിപത്യ പൗരന്മാർ എന്ന നിലയിൽ സ്ഥാപനത്തിനകത്തും പുറത്തും ചിന്തിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും വിദ്യാർഥികൾക്ക് അവകാശമുണ്ടെന്ന് രേഖ വ്യക്തമാക്കുന്നു.
സ്വതന്ത്രമായ ആശയവിനിമയത്തിനും പൊതുചർച്ചകൾക്കും സർവകലാശാലകൾ ഇടം നൽകണം. വിമർശനാത്മകമായ ചിന്തയും ചോദ്യങ്ങൾ ഉന്നയിക്കുന്ന സംസ്കാരവും വളർത്തുകയാണ് അതിന്റെ ലക്ഷ്യം. നിർവചിക്കപ്പെട്ട നിയമലംഘനങ്ങൾ നടത്താത്ത സെമിനാറുകൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിൽ പക്ഷപാതപരമോ ഏകപക്ഷീയമോ ആയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും ഈ വകുപ്പ്നിർദേശിക്കുന്നു. ഏഴാമത്തെ വകുപ്പ് വിദ്യാർഥികളുടെ സംഘടനാസ്വാതന്ത്ര്യത്തെയും ഭരണപങ്കാളിത്തത്തെയും സംബന്ധിച്ചാണ്. വിദ്യാർഥികൾക്ക് സംഘടനകളും യൂണിയനുകളും രൂപീകരിക്കാനും അവരുടെ പ്രതിനിധികളെനേരിട്ട് തിരഞ്ഞെടുക്കാനും സർവകലാശാലയുടെ വിവിധ തീരുമാനമെടുക്കൽ സമിതികളിൽ പ്രതിനിധികളാകാനും അവകാശമുണ്ട്. വിദ്യാർഥികളെ ബാധിക്കുന്ന പ്രധാനപ്പെട്ടതീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ് അവരുടെപ്രതിനിധികളുമായി കൂടിയാലോചന നടത്താനുള്ള സംവിധാനങ്ങൾ സർവകലാശാലകൾ രൂപപ്പെടുത്തണമെന്നും രേഖ ആവശ്യപ്പെടുന്നു. അതായത്, വിദ്യാർഥികളെസംബന്ധിക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം പൂർണമായും ഭരണ സംവിധാനത്തിൽ നിക്ഷിപ്തമായിരിക്കണമെന്നല്ല ഈ രേഖയുടെ കാഴ്ചപ്പാട്. വിദ്യാർഥികൾക്കും ആ തീരുമാനപ്രക്രിയയിൽപങ്കാളിത്തമുണ്ടാകണം. സർവകലാശാലയുടെഭരണസംവിധാനത്തിൽ വിദ്യാർഥികൾക്ക്ജനാധിപത്യപരമായ ഇടം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ അന്തഃസത്ത.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് യു.ജി.സി.യുടെ ഈ രേഖ വിദ്യാർഥികളെ കാണുന്നത് കേവലം പഠിതാക്കൾ എന്നനിലയിൽ മാത്രമല്ല, ജനാധിപത്യ പൗരന്മാർ എന്ന നിലയിൽകൂടിയാണ് എന്നതാണ്. വിദ്യാർഥിയുടെ ചിന്താസ്വാതന്ത്ര്യവും അഭിപ്രായപ്രകടനവും രാഷ്ട്രീയവും സംഘടനാപരവുമായ പങ്കാളിത്തവും സർവകലാശാലയുടെ അക്കാദമിക പ്രവർത്തനത്തിന് പുറത്തുള്ള കാര്യങ്ങളല്ല. മറിച്ച്, ജനാധിപത്യ സമൂഹത്തിൽ സർവകലാശാല നിർവഹിക്കേണ്ട ധർമത്തിന്റെ ഭാഗമാണ് അവ. ഈ രേഖകളെ ചേർത്തുവായിക്കുമ്പോൾ സർവകലാശാലയെക്കുറിച്ചുള്ള ഒരുജനാധിപത്യ സങ്കല്പം നമുക്ക് മുന്നിൽ തെളിയുന്നു. സർവകലാശാലയുടെ ചരിത്രപരമായ ലക്ഷ്യങ്ങൾ, അക്കാദമിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്രധാരണകൾ, ഇന്ത്യൻ സാഹചര്യത്തിൽ വിദ്യാർഥികളുടെ അവകാശങ്ങളെ സംബന്ധിച്ച് യു.ജി.സി. മുന്നോട്ടുവെക്കുന്ന മാർഗനിർദേശങ്ങൾ എന്നിവയെല്ലാം ഒരേ അടിസ്ഥാനആശയത്തിലേക്ക് നമ്മെ നയിക്കുന്നു. വിദ്യാർഥിസർവകലാശാലയുടെ ഭരണപരമായ അധികാരത്തിന്കീഴിലുള്ള ഒരാൾ മാത്രമല്ല, അക്കാദമിക സമൂഹത്തിലെ അവകാശങ്ങളുള്ള അംഗമാണ്. അതുകൊണ്ടുതന്നെവിദ്യാർഥിയുടെ വിയോജിപ്പിനെയും വിമർശനത്തെയുംസ്ഥാപനത്തിന്റെ അന്തസ്സിനും അച്ചടക്കത്തിനും എതിരായപ്രവർത്തനമായി മാത്രം കാണാനാവില്ല. അവയെജനാധിപത്യപരമായ അക്കാദമിക ജീവിതത്തിന്റെഭാഗമായിക്കൂടി മനസ്സിലാക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കാലടി ശ്രീശങ്കരാചാര്യസംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രശ്നത്തെവിലയിരുത്തേണ്ടത്. വിദ്യാർഥികൾസർവകലാശാലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ ആ വിമർശനത്തെ കേൾക്കാനും അതിനോട് സംവദിക്കാനുംസ്ഥാപനത്തിന് കഴിയുന്നുണ്ടോ? അതോ അധികാരത്തെചോദ്യം ചെയ്യുന്നതുതന്നെ അച്ചടക്കലംഘനമായിവ്യാഖ്യാനിക്കപ്പെടുകയാണോ? വിദ്യാർഥിയുടെവിമർശനത്തിന് മറുപടി നൽകുന്നതിനു പകരംവിദ്യാർഥിയെക്കൊണ്ട് മാപ്പുപറയിപ്പിക്കുന്നതിലാണോസർവകലാശാല അതിന്റെ അധികാരം പ്രകടിപ്പിക്കേണ്ടത്? ഒരു കാര്യം നമുക്കുറപ്പിച്ചു പറയാൻ കഴിയും,സർവകലാശാലയുടെ മഹിമ നിർണയിക്കപ്പെടുന്നത്അധികാരത്തെ എത്രത്തോളം ചോദ്യം ചെയ്യാനാവാത്തതാക്കിമാറ്റുന്നു എന്നതിലല്ല, മറിച്ച് വിമർശനങ്ങളെയുംവിയോജിപ്പുകളെയും എത്രത്തോളം ജനാധിപത്യപരമായിഉൾക്കൊള്ളാൻ കഴിയുന്നു എന്നതിലാണ്. ഈ രണ്ടാമത്തെ നിലപാടിനെയാണ് ‘പരിഷ്കൃതം’ എന്ന് ലോകമാസകലംവിശേഷിപ്പിച്ചു പോരുന്നതും.

മൂന്ന്
കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് ഇതേ കാലടിസർവകലാശാലയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനയുടെസജീവ പ്രവർത്തകനായിരുന്നു ഈ ലേഖകൻ. കോൺഗ്രസ്രാഷ്ട്രീയ നിലപാടുകളോട് ആഭിമുഖ്യമുണ്ടായിരുന്ന ഡോ. എം.സി. ദിലീപ് കുമാറായിരുന്നു അന്ന് വൈസ് ചാൻസലർ. പ്രതിപക്ഷ സ്വഭാവമുള്ള വിദ്യാർഥി സംഘടനയുടെപ്രവർത്തകർ എന്ന നിലയിൽ സർവകലാശാലാഭരണകൂടവുമായി നിരന്തരമായ ഉരസലുകളുടെകാലമായിരുന്നു അത്. ആ സംഘർഷകാലത്തുനിന്ന് ഇന്നുംമായാതെ നിൽക്കുന്ന ഒരനുഭവത്തെ എടുത്തെഴുതി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
2014 തുടക്കത്തിലാവണം, ഗവേഷക ഫെലോഷിപ്പ് വർധിപ്പിക്കുക എന്നആവശ്യമുന്നയിച്ച് സർവകലാശാലയുടെ അക്കാദമിക്ബ്ലോക്കിനു മുന്നിൽ എസ്.എഫ്.ഐയും എ.കെ.ആർ.എസ്.എയും ചേർന്ന് കുടിൽകെട്ടി സമരംആരംഭിച്ചു. പിച്ച തെണ്ടൽ, വാഴക്കൃഷി തുടങ്ങിയ സർഗാത്മക സമരരൂപങ്ങളൊന്നും വൈസ് ചാൻസലറുടെശ്രദ്ധയിൽപ്പെടാതെ വന്നതോടെ സമരം കുറച്ചുകൂടിശക്തമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. അക്കാദമിക്ബ്ലോക്കിന്റെ ഒന്നാം നിലയിലായിരുന്നു വൈസ്ചാൻസലറുടെ കാബിൻ. സാധാരണഗതിയിൽപ്രക്ഷോഭങ്ങൾ തടയാൻ താഴത്തെ നിലയിലെ ഗ്രിൽഅടച്ചുപൂട്ടുകയായിരുന്നു പതിവ്.
അന്ന് ഞങ്ങൾ പത്തോളംപേർ, മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെ, വിവിധആവശ്യങ്ങൾക്കായി വന്നവരെന്ന മട്ടിൽ അക്കാദമിക്ബ്ലോക്കിനുള്ളിൽ കടന്നുകൂടി. രാവിലെ ഒൻപതരയോടെലിഫ്റ്റിൽ വന്നിറങ്ങിയ വൈസ് ചാൻസലറെ കൊടികളുംമുദ്രാവാക്യങ്ങളുമായി ഞങ്ങൾ വളഞ്ഞു. നേർക്കുനേർതൊട്ടുതൊട്ടില്ല എന്ന മട്ടിലുള്ള സംഘർഷഭരിതമായഒരന്തരീക്ഷം. അദ്ദേഹം പക്ഷേ, നേർത്തൊരു ചിരിയോടെ, അക്ഷോഭ്യനായി ഞങ്ങളെ നിശ്ശബ്ദം നോക്കിനിന്നു. മൂന്നോനാലോ മിനിറ്റ് നീണ്ട ആ ഉപരോധം സെക്യൂരിറ്റി ജീവനക്കാർഏറെ പണിപ്പെട്ടാണ് അവസാനിപ്പിച്ചത്. എന്നാൽ, അങ്ങനെയൊരു സംഭവമുണ്ടായതായിപ്പോലും ഡോ. എം.സി. ദിലീപ് കുമാർ പിന്നീട് ഭാവിച്ചില്ല. ഞങ്ങളോട് വിശദീകരണംചോദിച്ചില്ല, ആർക്കെതിരെയും നടപടിയെടുത്തില്ല. അധികാരസ്ഥാനത്തിരുന്ന വ്യക്തികൾക്ക് രാഷ്ട്രീയമായവിയോജിപ്പുകൾക്കപ്പുറത്തേക്ക് കടന്ന് വിദ്യാർഥികളുടെപ്രതിഷേധത്തെ നേരിടാൻ കഴിയുമെന്നും, ഓരോഎതിർപ്പിനെയും ശിക്ഷാനടപടിയിലേക്കോ വ്യക്തിപരമായവിരോധത്തിലേക്കോ മാറ്റേണ്ടതില്ലെന്നും ആ അനുഭവംഞങ്ങളെ പഠിപ്പിച്ചു. വിദ്യാർഥിജീവിതത്തിൽനിന്ന് ഇന്നുംഒപ്പമുള്ള ഏറ്റവും പ്രധാനപ്പെട്ട ബോധ്യങ്ങളിലൊന്നാണത്.
ആ ഉപരോധത്തിൽ പങ്കെടുത്ത വിദ്യാർഥികളിൽ ഒരാളായ എന്നെ അദ്ദേഹം ഇപ്പോൾ ഓർക്കാൻപോലും സാധ്യതയില്ല.തീർച്ചയായും, അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളോ ട്അടിസ്ഥാനപരമായി വിയോജിച്ചുകൊണ്ടുതന്നെ ‘മാഷേ’എന്നു എക്കാലത്തും വിളിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിൽ നിന്നു ഞങ്ങളന്നു കണ്ട മഹനീയമായ ക്ഷമ. ‘അഥവാ ക്ഷമ പോലെ നന്മചെയ്തരുളാൻ നോറ്റൊരു നല്ല ബന്ധുവും …….. അറിവോതിടുന്ന സദ്ഗുരുവും മർത്യനു വേറെയില്ല താൻ’എന്ന് കുമാരനാശാൻ.






The victory of Kalady University students is not just a win for 16 students, but a powerful victory for student rights, academic freedom and the freedom to dissent. Universities must encourage questions, not silence critical voices. This verdict sends a clear message that discipline cannot be used as an excuse to suppress students’ democratic rights and freedom of expression.