മാനവീയം വീഥി മാനവികതയുടെയും സാംസ്കാരിക സമന്വയത്തിൻ്റെയും പ്രതീകം
നൂറ്റാണ്ടുകളുടെ സംക്രമണം നടന്ന 2000 മാണ്ടിൽ മനുഷ്യത്വത്തിന്റെയും മാനവികതയുടെയും സാംസ്കാരിക സമന്വയത്തിന്റെയും വിളംബര വേദിയാകുന്ന ഒരു ഇടം സൃഷ്ടിക്കണം എന്ന ഒരു കൂട്ടം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ ചിന്തയും കൂടിയാലോചനയുമാണ് മാനവീയം വീഥിയുടെ സൃഷ്ടിയിലേക്ക് നയിച്ചത് എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു . വീഥിയുടെ സ്ഥാപനത്തിൻ്റ ഓർമ്മ പുതുക്കൽ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീഥി യാഥാർത്ഥ്യമാക്കുന്നതിന് അക്കാലത്തെ ഇകെ നായനാർ മന്ത്രിസഭയോട് ചേർന്ന് സജീവമായി പ്രവർത്തിച്ച അനുഭവങ്ങളും ബേബി അനുസ്മരിച്ചു. മനുഷ്യത്വം, മാനവികത , സാംസ്കാരിക സമന്വയം , ശുഭോദർക്കമായ ഭാവിയേ കുറിച്ചുള്ള സങ്കൽപ്പനങ്ങൾ എന്നിവയെ പുതിയ നൂറ്റാണ്ട് ആരംഭിക്കുന്ന വേളയിൽ ഒന്നിച്ചു ചേർക്കുന്ന ഒരു ഇടം വേണം എന്ന് ചിന്തയിൽ നിന്ന് എങ്ങനെ ഈ വീഥി കേരളത്തിൻറെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിൻ്റെ അഭിമാന ബിംബങ്ങളിൽ ഒന്നായി മാറി എന്നും ബേബി വിശദീകരിച്ചു.





