ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് തന്റെ അനുവാചകരോട് സിനിമയുടെ ഭാഷയിൽ തന്നെ പറഞ്ഞ ചലചിത്രകാരനാണ് ടിവി ചന്ദ്രൻ. 1995ൽ സംവിധാനം ചെയ്ത “ഓർമ്മകൾ ഉണ്ടായിരിക്കണം” എന്ന ചലച്ചിത്രത്തിലൂടെ ഈ സന്ദേശം നൽകുമ്പോൾ ചന്ദ്രൻ അടിവരയിട്ടത് ഒരു ജനത അതിൻറെ ചരിത്രത്തെയും സംസ്കാരത്തെയും വിമോചന സങ്കൽപനങ്ങളെയും മറക്കാതെ മുറുകെ പിടിച്ചു കൊണ്ടിരിക്കണം എന്നു തന്നെയാണ്; എങ്കിൽ മാത്രമേ പുതിയൊരു ഭാവിയിലേക്ക് നടന്നടുക്കാൻ പറ്റൂ എന്നുമാണ്.
ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള ഈ ദീർഘ സംഭാഷണത്തിലും ചന്ദ്രൻ ഈ സന്ദേശം ആവർത്തിക്കുക തന്നെയാണ്.
1975- 76ൽ പി എ ബക്കറിനോടൊപ്പം ചേർന്ന് “കബനി നദി ചുവന്നപ്പോൾ” എന്ന മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിച്ച ചലച്ചിത്രത്തിൽ പ്രവർത്തിച്ചതിനുശേഷം 50 വർഷമായി ഇന്ത്യൻ ചലചിത്ര രംഗത്തെ സ്ഥിര സാന്നിധ്യമാണ് ചന്ദ്രൻ. യൗവന കാലം മുതൽ മനസ്സിൽ കൊണ്ടു നടന്ന സിനിമയെന്ന സങ്കല്പത്തെ എങ്ങനെ താനും തന്റെ സുഹൃത്തുക്കളും മുന്നോട്ടു കൊണ്ടുപോയി എന്നും അത് എങ്ങനെ പല തലമുറകളെ സ്വാധീനിച്ചു എന്നും ഇത് മലയാളത്തിലെ ഒരു പുതിയ ഭാവുകത്വത്തിന് എങ്ങനെ രൂപം നൽകി എന്നും ഓർത്തെടുക്കുകയാണ് ചന്ദ്രൻ. അക്ഷരാർത്ഥത്തിൽ സിനിമയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിശ്വദർശനത്തിലേക്കും വികാസ പരിണാമ ചരിത്രത്തിലേക്കുമുള്ള ഒരു യാത്രയാണ് ഇവിടെ.





