A Unique Multilingual Media Platform

Articles Book Review Literature Long Read

സൗന്ദര്യത്തിലെ മുള്ളും വഞ്ചനയിലെ സത്യവും

  • October 10, 2026
  • 3 min read
സൗന്ദര്യത്തിലെ മുള്ളും വഞ്ചനയിലെ സത്യവും

2026 ലെ സാഹിത്യ നോബല്‍ ജേതാവ് ആന്‍ കാഴ്സന്‍ (Anne Carson) തന്റെ വ്യത്യസ്തമായ (2001 ലെ ടി എസ് എലിയറ്റ് പുരസ്കാരം നേടിയ) കൃതി ‘ദി ബ്യൂട്ടി ഓഫ് ദ ഹസ്ബൻഡ്: എ ഫിക്ഷണൽ എസ്സേ ഇൻ 29 ടാംഗോസ് ‘ –The Beauty of the Husband: A Fictional Essay in 29 Tangos-ആരംഭിക്കുന്നത് ‘ഈ പുസ്തകം ഞാൻ കീറ്റ്സിന് സമർപ്പിക്കുന്നു (കീറ്റ്സ് ഒരു ഡോക്ടറായിരുന്നു എന്ന് എന്നോട് പറഞ്ഞത് നിങ്ങളാണോ?) ഒരു പുസ്തകം സ്വതന്ത്രമായി നിലനിൽക്കണമെങ്കിൽ അതിന്റെ സമർപ്പണംപോലും എന്തെങ്കിലും കുറവുകളുള്ളതായിരിക്കണം എന്ന കാരണത്താലും, സൗന്ദര്യത്തിനു മുന്നിലുള്ള അദ്ദേഹത്തിന്റെ പരിപൂർണ്ണമായ കീഴടങ്ങലിനെ മാനിച്ചുമാണ് ഇത് [I dedicate this book to Keats (is it you who told me Keats was a doctor?) on grounds that a dedication has to be flawed if a book is to remain free and for his general surrender to beauty] എന്ന് പറഞ്ഞു കൊണ്ടാണ്.

കനേഡിയൻ കവയിത്രിയും ക്ലാസിക് പണ്ഡിതയുമായ ആന്‍ കാർസൺ   രചിച്ച്, 2001-ൽ പ്രസിദ്ധീകരിച്ച ഈ രചന സമകാലിക സാഹിത്യത്തിലെ ഒരു പ്രമുഖ രചനയായി കണക്കാക്കപ്പെടുന്നു .ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവിതയിലും പരീക്ഷണ സാഹിത്യത്തിലും ‘ദി ബ്യൂട്ടി ഓഫ് ദി ഹസ്ബന്റ് ‘ഒരു അടിത്തറയായിപ്പോലും കണക്കാക്കപ്പെടുന്നു എന്നു പറയുമ്പോള്‍, ആ രചനയുടെ സാഹിത്യ പ്രാധാന്യം തിരിച്ചറിയാവുന്നതാണ്.. 

 

ദി ബ്യൂട്ടി ഓഫ് ദി ഹസ്ബന്റിന്റെ കവർ പേജ്

സാഹിത്യലോകത്ത് അപൂർവ്വമായി സംഭവിക്കുന്ന ചില വിസ്ഫോടനങ്ങളുണ്ട്. ഒരര്‍ഥത്തില്‍, ആന്‍ കാഴ്സന്റെ എഴുത്തിലും അതാണ് സംഭവിക്കുന്നത്. ആദ്യം സൂചിപ്പിച്ചതുപോലെ, ക്ലാസിക്കൽ പുരാവൃത്തങ്ങളെയും സമകാലികജീവിതത്തിന്റെ നേരനുഭവങ്ങളെയും ഒരുപോലെ ഇഴചേർത്ത് പുതിയൊരു സൗന്ദര്യശാസ്ത്രം തീർത്ത കവയിത്രിയായി ആന്‍ കാഴ്സൻ കണക്കാക്കപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല തന്നെ. ജോൺ കീറ്റ്‌സിന്റെ പ്രശസ്തമായ ‘Beauty is truth, truth beauty’ എന്ന തത്വചിന്താപരമായ പ്രമാണദര്‍ശനത്തെ (Ode on a Grecian Urn) ആധാരമാക്കി, എന്നാൽ അതിന്റെ തികച്ചും വ്യത്യസ്തവും വേദനാജനകവുമായ ഒരു തലത്തെ തുറന്നുകാട്ടുന്ന രചനയായാണ് ‘ദി ബ്യൂട്ടി ഓഫ് ദ ഹസ്ബൻഡ്’ നിലകാള്ളുന്നത് എന്ന് പറയേണ്ടി വരും.

ജോൺ കീറ്റ്സ്

മലയാള കവിതയില്‍ നാം കാണുന്ന ഒരു പ്രത്യേക തരം താളബോധത്തിന്റെയോ ഗാഢതയുടെയോ അലകൾ ഈ കവിതയിലും നമുക്ക് ഒരളവുവരെ ദർശിക്കാന്‍ കഴിഞ്ഞേക്കും. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെയും പ്രണയത്തിന്റെ നിഗൂഢതകളെയും ഒട്ടും ലളിതവൽക്കരിക്കാതെ, എന്നാൽ വായനക്കാരന്റെ ഉള്ളറകളിലേക്ക് ആഴത്തില്‍ പ്രവേശിക്കുന്ന ഭാഷയിലാണ് ആന്‍ കാഴ്സൻ ഈ കൃതി രചിച്ചിരിക്കുന്നത് എന്നു കാണാം.

 

29 ടാംഗോകളുടെ നൃത്തച്ചുവടുകൾ: പ്രണയവും തകർച്ചയും

ഒരു ടാംഗോ നൃത്തം പോലെയാണ് ഈ കൃതിയുടെ ഘടന രൂപപ്പെട്ടിട്ടുളളത്. ടാംഗോ ഒരിക്കലും ഒറ്റയ്ക്ക് കളിക്കാനാവില്ല; അത് രണ്ടു പേരുടെ, സ്ത്രീ-പുരുഷന്‍മാരുടെ- പരസ്പര അടുപ്പത്തിന്റെയും (ഒരുവേള അകൽച്ചയുടെയും ?) സങ്കീർണ്ണമായ താളം കൂടിയാണ് ഒരര്‍ഥത്തില്‍ ടാംഗോ. 1860-നും 1890-നുമിടയ്ക്ക് ബ്യൂണസ് അയേഴ്സ്, അർജന്റീന എന്നിവിടങ്ങളിലായാണ് ടാൻഗോ എന്ന സവിശേഷ കലാരൂപം മൗലികമായ ഒന്നായി ഉരുത്തിരിഞ്ഞത്. ഇതിനെ ഒരു ആലിംഗനനൃത്തം എന്നു വിശേഷിപ്പിക്കാവുന്നതാണ്. (പുരുഷനെ പുണർന്നു കൊണ്ട് അയാളുടെ കൈകൾക്കുള്ളിൽ നിന്നു സ്ത്രീകൾ ചുവടുവയ്ക്കുന്നു എന്നതാണ് ഇതിന്റെ മുഖ്യസ്വഭാവം. പുരുഷനും ഒപ്പം നൃത്തം ചെയ്യുന്നുണ്ടാവും. പൊതുവില്‍ പുരുഷന്‍ തുടക്കമിടുന്ന നൃത്തത്തില്‍ അയാൾക്കു തന്നെയായിരിക്കും മേൽക്കൈ ഉണ്ടാവുക. എങ്കിലും സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തം കാഴ്ചയില്‍ അനുഭവപ്പെടുക കൂടി ചെയ്യുന്നു)

പുസ്തകത്തിന്റെ പേരിൽ ‘ഭർത്താവ്’ (Husband) എന്ന് പരാമർശിക്കുമ്പോൾ തന്നെ, ആ ഭർത്താവിന്റെ സൗന്ദര്യം എങ്ങനെയാണ് ഒരു കെണിയായി മാറുന്നത് എന്ന് കാഴ്സൻ മനോഹരമായി വിശകലനം ചെയ്യുക കൂടിയാണ്, തന്റെ രചനയില്‍. ‘He was a married man. He was dangerous. He was a masterpiece’ എന്ന് കാഴ്സണ്‍ എഴുതുമ്പോള്‍, ഈ വരികളുടെ ആന്തരികഭാവം, സൗന്ദര്യം മനുഷ്യനിൽ ഉണ്ടാക്കുന്ന ഒരുതരം മയക്കവും ആ മയക്കത്തിന് പിന്നിലെ വലിയ അപകടവും കൂടിയാണ്. ഭർത്താവിന്റെ അസാധാരണമായ ശാരീരിക സൗന്ദര്യവും ആകർഷണീയതയും തന്നെയാണ് അയാളുടെ ക്രൂരതകളെയും വഞ്ചനകളെയും ന്യായീകരിക്കാൻ ആഖ്യാതാവിനെ-ഭാര്യയെ-പ്രേരിപ്പിക്കുന്നത് എന്ന് കാഴ്സണ്‍ വിശകലനം ചെയ്യുന്നു. സൗന്ദര്യവും സത്യവും ഒന്നാണെങ്കിൽ, ആ സൗന്ദര്യമുള്ള മനുഷ്യൻ ചെയ്യുന്ന വഞ്ചനകളും സത്യത്തിന്റെ ഭാഗമാണോ എന്ന വലിയൊരു ചോദ്യം എഴുത്തുകാരി ഉന്നയിക്കുക കൂടി ചെയ്യുന്നു എന്ന് പറയാം. ‘ദി ബ്യൂട്ടി ഓഫ് ദി ഹസ്ബൻഡ്‘, ‘ഓട്ടോബയോഗ്രഫി ഓഫ് റെഡ്’ തുടങ്ങിയ വ്യത്യസ്ത ശൈലിയിലുള്ള കൃതികളിലൂടെ കാർസൺ തന്റെ കരിയറിലുടനീളം നേടിയെടുത്ത ശ്രദ്ധയും അംഗീകാരവും അവർക്ക് 2026–ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തതില്‍ ആശ്ചര്യമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 പുസ്തകങ്ങളിൽ ഒന്നായി ‘ദി ഗാർഡിയൻ’ (The Guardian) ‘ദി ബ്യൂട്ടിഫുള്‍ ഹസ്ബന്റ്‍’ തിരഞ്ഞെടുത്ത കാര്യവും പ്രത്യേകം ഓര്‍ക്കാം.

 

കീറ്റ്‌സിയന്‍ സമവാക്യവും കാഴ്സന്റെ യാഥാർത്ഥ്യവും

ജോൺ കീറ്റ്‌സിന്റെ കവിതകളിൽ സൗന്ദര്യം ആത്മാവിനെ ഉയർത്തുന്ന ഒന്നാണെങ്കിൽ, ആന്‍ കാഴ്സന്റെ കൈകളിൽ അത് മാനസികമായ ശിക്ഷാവിധിയായി മാറുന്നു. ഭർത്താവിന്റെ സൗന്ദര്യം അയാളുടെ ഏറ്റവും വലിയ അയോഗ്യതയായി മാറുന്നത് എങ്ങനെയെന്ന് കവിതയുടെ പല ഭാഗങ്ങളിലും കാണാം. പുരാതന ഗ്രീക്ക് നാടകകൃത്തുക്കളുടെ ശൈലിയെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് കാഴ്സൻ ഇതിലെ ഓരോ ടാംഗോയും ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആൻ കാഴ്സൺ

സോഫോക്ലീസിന്റെയോ യൂറിപ്പിഡീസിന്റെയോ നാടകങ്ങളിലെപ്പോലെ, വിധിക്ക് മുന്നിൽ കീഴടങ്ങേണ്ടി വരുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥ ഇതിൽ കാണാം. ഭർത്താവിന്റെ ദാമ്പത്യേതര ബന്ധങ്ങളും നിരന്തരമായ വഞ്ചനകളും അറിഞ്ഞിട്ടും അയാളുടെ സൗന്ദര്യത്തിന്റെ കാന്തിയിൽ നിന്ന് പൂർണ്ണമായി മോചിതയാകാൻ കഴിയാത്ത ഭാര്യയുടെ ആത്മസംഘർഷം, ഒരര്‍ഥത്തില്‍, മലയാളത്തിന്റെ പ്രണയകാവ്യങ്ങളിലെ വിരഹഭാവങ്ങളെ ഓർമ്മിപ്പിക്കുന്നതു കൂടിയാണ്. എങ്കിലും ഇതിൽ വിഷാദത്തേക്കാൾ കൂടുതലുള്ളത് തീക്ഷ്ണമായ ബുദ്ധിയും തിരിച്ചറിവുമാണ് എന്ന വസ്തുത എടുത്തു പറയേണ്ടതുണ്ട്. ‘ We are structured for a certain kind of pain’ എന്ന് കാഴ്സണ്‍ എഴുതുന്നു. മനുഷ്യൻ ദുഃഖത്തിനായി രൂപകൽപ്പന ചെയ്യപ്പെട്ടവനാണെന്ന തിരിച്ചറിവാണ് കാഴ്സന്റെ വരികളിൽ തെളിയുന്നത്.

പ്രണയം പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന ശൂന്യതയെ അവർ ഭൗതികശാസ്ത്രത്തിന്റെയോ തത്വചിന്തയുടെയോ കൃത്യതയോടെ വരച്ചുകാട്ടുന്നു. ആന്‍ കാർസണ്‍ കീറ്റ്സിനെ ഒരു കാല്പനിക അലങ്കാരമായിട്ടല്ല, മറിച്ച് ഒരു ശസ്ത്രക്രിയാ ഉപകരണം പോലെ തന്റെ രചനയില്‍ ഉപയോഗിക്കുകയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. കീറ്റ്സിന്റെ ‘സൗന്ദര്യസമവാക്യം’ എന്നത്, യഥാർത്ഥവും കഠിനവുമായ ഒരു വൈവാഹിക ബന്ധത്തില്‍ പ്രയോഗിക്കപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അവർ പരിശോധിക്കുക കൂടിയാണ്. ആദ്യ താളുകൾ തൊട്ട്, കാഴ്സൺ തന്റെ ഭർത്താവിനോടുള്ള സ്നേഹവും, അവന്റെ നിരന്തരമായ വഞ്ചനകളുടെ സഹനവും അവന്റെ അസാധാരണമായ സൗന്ദര്യത്തില്‍ അകപ്പെട്ടതുമൂലമാണെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല അത് പറയുന്നതില്‍ തനിക്ക് ഒട്ടും ലജ്ജയില്ല എന്നു കൂടി ആഖ്യാതാവ് വ്യക്തമാക്കുന്നുണ്ട്.

ഭർത്താവിന്റെ ശാരീരികവും ബൗദ്ധികവുമായ സൗന്ദര്യം യാഥാർത്ഥ്യത്തിന്റെ നിഷേധിക്കാനാവാത്ത തെളിവായിട്ടാണ് അവനോട് കാന്തികാകർഷണമുള്ള ഭാര്യക്ക് അനുഭവപ്പെടുന്നത്. അത്രയധികം സൗന്ദര്യമുള്ള ഒന്നിൽ ആന്തരിക സത്യവും നന്മയും ആഴവും ഉണ്ടായിരിക്കണമെന്ന് മനുഷ്യ മനസ്സ് ആഗ്രഹിക്കുന്നു. കീറ്റ്സ് പറയുന്ന സൗന്ദര്യം ഒരു ഹിപ്നോട്ടിക് ശക്തിയായി പ്രവർത്തിക്കുന്നു എന്ന യാഥാര്‍ഥ്യത്തെക്കൂടിയാണ് ആന്‍ കാഴ്സണ്‍ സ്പര്‍ശിക്കുന്നത്. സൗന്ദര്യാത്മകമായ തിളക്കം ധാർമ്മികമായ വിവേചനത്തെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് ഈ രചനയില്‍ കാഴ്സണ്‍ കാണിച്ചുതരുന്നു. ഭർത്താവിന് തിളങ്ങുന്ന ഒരു പുറംചട്ട ഉള്ളതുകൊണ്ട് മാത്രം, അദ്ദേഹത്തിന്റെ ക്രൂരതയെയും കള്ളത്തരങ്ങളെയും നായിക വീണ്ടും വീണ്ടും ക്ഷമിക്കുകയും ന്യായീകരിക്കുകയും അവഗണിക്കുകയും ചെയ്യുന്നതാണ് തുടര്‍ വായനയില്‍ നമ്മള്‍ കാണുന്നത്.

ഈ ഏകകഥ-ഏകാന്ത കഥ മുന്നോട്ട് പോകുമ്പോൾ, കാഴ്സണ്‍ കീറ്റ്സിന്റെ പ്രശസ്തമായ സമവാക്യത്തെ കഷണങ്ങളായി കീറിമുറിക്കുകൂടിയല്ലേ ചെയ്യുന്നത്..?! പുസ്തകത്തിലെ ഓരോ ഭാഗവും റൊമാന്റിക് കവിയായ ജോൺ കീറ്റ്സിന്റെ വരികളുമായി നേരിട്ട് സംവദിക്കുന്നു. വിശ്വസ്തനല്ലാത്ത, വഞ്ചകനായ ഒരു ഭർത്താവിന്റെ ക്രൂരമായ യാഥാർത്ഥ്യത്തിലൂടെ, ‘സൗന്ദര്യമാണ് സത്യം, സത്യമാണ് സൗന്ദര്യം‘ എന്ന കീറ്റ്സിന്റെ പ്രശസ്തമായ തത്വചിന്തയെ കാർസൺ ചോദ്യം ചെയ്യുകയും പുതിയ അർത്ഥതലങ്ങൾ നൽകുകയും ചെയ്യുന്നു. കീറ്റ്സിന്റെ കവിതകളിൽ സൗന്ദര്യവും സത്യവും പരസ്പരം ലയിച്ച് ഒന്നായി മാറുന്നു. എന്നാൽ കാഴ്സണ്‍ അവതരിപ്പിക്കുന്ന (ആത്മകഥാപരമായ?) വിവാഹജീവിതത്തിലാകട്ടെ, അവ രണ്ടും നേരെ വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്നു.

 

ഭാഷയുടെയും രൂപത്തിന്റെയും അനന്യത

ആന്‍ കാഴ്സന്റെ രചനാരീതിയെ സാധാരണ കവിതകളുമായി താരതമ്യം ചെയ്യാനാവില്ല. അത് ഗദ്യത്തിന്റെയും പദ്യത്തിന്റെയും അതിരുകൾ ഭേദിക്കുന്ന ഒന്നാണ്. ഒരു പ്രബന്ധത്തിന്റെ ഗൗരവവും എന്നാൽ കവിതയുടെ ആത്മാവുമുള്ള ഈ രചന വായനക്കാരന് നൽകുന്നത് വലിയൊരു ബൗദ്ധിക അനുഭവമാകുന്നുണ്ടെന്ന് സാരം. പക്ഷേ അത്, മലയാളത്തിൽ നാം ഇടശ്ശേരിയുടെയോ കുമാരനാശന്റെയോ കവിതകളിൽ കാണുന്ന ആഴമേറിയ മനുഷ്യസ്നേഹവും പ്രകൃതിബോധവും പോലെയല്ല എന്ന് കാണാം. ഇവിടെ അത്, നഗരജീവിതത്തിന്റെ സങ്കീർണ്ണതകളിലും ആധുനിക മനുഷ്യന്റെ ഒറ്റപ്പെടലിലും വേരൂന്നിയ ഒന്നാണ്. ‘ഒന്നിനോടും നീതിപുലർത്താത്തവൻ, എന്റെ ഭർത്താവ്. പിന്നെ എന്തുകൊണ്ടാണ് കൗമാരത്തിന്റെ തുടക്കം മുതൽ ഒടുവിലത്തെ മധ്യവയസ്സിൽ വിവാഹമോചന ഉത്തരവ് തപാൽ വഴി എത്തുന്നതുവരെ ഞാൻ അവനെ സ്നേഹിച്ചത്? സൗന്ദര്യം. വലിയ രഹസ്യമൊന്നുമില്ല. അവനെ ഞാൻ സ്നേഹിച്ചത് അവന്റെ സൗന്ദര്യത്തിനാണെന്ന് പറയാൻ എനിക്ക് ലജ്ജയില്ല. അവൻ അരികിൽ വന്നാൽ ഞാൻ ഇനിയും അത് ആവർത്തിക്കും. സൗന്ദര്യം വിശ്വാസം സൃഷ്ടിക്കുന്നു. സൗന്ദര്യമാണ് ലൈംഗികതയെ സാധ്യമാക്കുന്നതെന്ന് നിങ്ങൾക്കറിയാം.

മഹാകവി കുമാരനാശാൻ

സൗന്ദര്യമാണ് ലൈംഗികതയ്ക്ക് യഥാർത്ഥ അർത്ഥം നൽകുന്നത് ‘ (Loyal to nothing. my husband. So why did I love him from early girlhood to late middle age and the divorce decree came in the mail? Beauty. No great secret. Not ashamed to say I loved him for his beauty. As I would again. if he came near. Beauty convinces. You know beauty makes sex possible. Beauty makes sex) എന്ന് എഴുത്തുകാരി അസന്ദിഗ്ധമായി എഴുതുന്നു. സൗന്ദര്യവും വിവാഹത്തിലെ വൈരുധ്യവും പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന ഒരു വിശകലനം കൂടിയാണത്. ’എന്റെ ഭർത്താവ് എല്ലാ കാര്യത്തിലും കള്ളം പറഞ്ഞു. പണം, മീറ്റിംഗുകൾ, രഹസ്യബന്ധങ്ങൾ, തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലം, താൻ ഷർട്ട് വാങ്ങിയ കട, സ്വന്തം പേരിന്റെ സ്പെല്ലിംഗ് തുടങ്ങി എല്ലാത്തിലും. കള്ളം പറയേണ്ട ആവശ്യമില്ലാത്തപ്പോഴും അവൻ കള്ളം പറഞ്ഞു. അത്  സൗകര്യപ്രദമല്ലാതിരുന്നപ്പോഴും അവൻ കള്ളം പറഞ്ഞു. താൻ കള്ളം പറയുകയാണെന്ന് മറ്റുള്ളവർക്കറിയാമെന്ന് അറിഞ്ഞിട്ടും അവൻ കള്ളം പറഞ്ഞു. അതവരുടെ ഹൃദയങ്ങളെ തകർക്കുമ്പോഴും, എന്റെ ഗൃദയത്തെ തകര്‍ക്കുമ്പോഴും അവൻ കള്ളം പറഞ്ഞു.‘(My husband lied about everything. Money, meetings, mistresses, the birthplace of his parents, the store where he bought shirts, the spelling of his own name. He lied when it was not necessary to lie. He lied when it wasn’t even convenient. He lied when he knew they knew he was lying. He lied when it broke their hearts. My heart) എന്ന് കവി തുടര്‍ന്ന് മറ്റൊരിടത്ത് എഴുതുന്നുണ്ട്.

‘ആഗ്രഹങ്ങൾ ഇരട്ടിച്ചാൽ അത് സ്നേഹമാകുന്നു എന്നും സ്നേഹം ഇരട്ടിച്ചാൽ അത് ഭ്രാന്താകുന്നു എന്നും നീ പറയാറുണ്ടായിരുന്നു. ആ കാഠിന്യം തണുത്തപ്പോൾ ഞാൻ കൂട്ടിച്ചേർത്തു: ഭ്രാന്ത് ഇരട്ടിച്ചാൽ അത് വിവാഹമാകുന്നു; അതൊരു സുവർണ്ണ നിയമമായി മാറ്റാൻ ഉദ്ദേശിച്ചായിരുന്നില്ല ഞാൻ അത് പറഞ്ഞത്‘ (You used to say Desire doubled is love and love doubled is madness. Madness doubled is marriage. I added when the caustic was cool, not intending to produce a golden rule) എന്ന് വിവാഹത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച്, ഒരു ഇരുണ്ട നര്‍മ്മം പോലെ കാഴ്സണ്‍ പറയുന്നുണ്ട്. അതില്‍നിന്ന് ഉളവാകുന്ന ഏകാന്തതയും ശൂന്യതയും അടയാളപ്പെടുത്താനും അവര്‍ മറക്കുന്നില്ല.

‘ഭാര്യയുടെ ഉള്ളിൽ എവിടെയോ നിന്ന് ഒരു തണുത്ത കപ്പൽ തുറമുഖം വിട്ട് പുറപ്പെടുന്നു; അത് ചാരനിറത്തിലുള്ള ചക്രവാളത്തിലേക്ക് നീങ്ങുന്നു, ചുറ്റും ഒരു പക്ഷിയോ ഒരു ചെറുതെന്നലോ പോലുമില്ല’ (A cold ship moves out of harbor somewhere way inside the wife and slides off toward the flat gray horizon, not a bird not a breath in sight) എന്ന് നമ്മള്‍ വായിക്കുന്നതില്‍ ആ ഏകാന്തശൂന്യതയുടെ ആഴമുണ്ട്. ഇതനിടെ എഴുത്തിനെത്തന്നെ, കവിതയെത്തന്നെ പ്രശ്നവല്‍ക്കരിക്കുന്ന, ആന്തരികവിചാരണ നടത്തുന്ന ഒരു എഴുത്തുകാരിയെക്കൂടി ആന്‍ കാഴ്സണില്‍ നാം കാണുന്നു.

‘എല്ലാ മിത്തുകളും സമ്പുഷ്ടമായ ഒരു മാതൃകയാണ്; അത് ഒരേസമയം ഒന്നുപറയുകയും മറ്റൊന്ന് അർത്ഥമാക്കുകയും ചെയ്യുന്ന, രണ്ടു മുഖമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ കവികളെല്ലാം നുണയന്മാരാണെന്ന ചിന്ത പുരാതന ചിന്തകളിൽ ആദ്യമേ രൂപപ്പെട്ടിരിക്കുന്നു. കവിതയുടെ സത്യസന്ധമായ നുണകളിൽ നിന്ന് ഒരു ചോദ്യം ഉയർന്നു വന്നു: വാക്കുകളെയും വസ്തുതകളെയും യഥാർത്ഥത്തിൽ ബന്ധിപ്പിക്കുന്നത് എന്താണ്?’ (All myth is an enriched pattern, a two-faced proposition, allowing its operator to say one thing and mean another, to lead a double life. Hence the notion found early in ancient thought that all poets are liars. And from the true lies of poetry trickled out a question. What really connects words and things?) എന്ന ചോദ്യം വാസ്തവത്തില്‍ ലളിതമായ ഒരു ചോദ്യമാകുന്നില്ല എന്നര്‍ഥം. കീറ്റ്സിയന്‍ സമവാക്യത്തിന് മറുപുറമായി, ആത്മശൈഥില്യത്തില്‍ത്തന്നെ ആത്മപ്രകാശം കണ്ടെത്തുന്നതു പോലെ ഒരു ചിന്ത കാഴ്സണ്‍ അവതരിപ്പിക്കുന്നത്, ഈ രചനയെ സംബന്ധിച്ച് സുപ്രധാനമായിത്തീരുന്നുണ്ട്.

തകർന്നടിഞ്ഞ ഒരു ദാമ്പത്യജീവിതത്തെ 29 വ്യത്യസ്ത കാവ്യഭാഗങ്ങളിലായാണ് അല്ലെങ്കിൽ ‘ടാംഗോ’കളിലായാണ് കാഴ്സൺ അവതരിപ്പിച്ചിരിക്കുന്നത്. അവസാനത്തോളം ഒരുമിച്ച് ചേരാനും അകന്നുപോകാനും വിധിക്കപ്പെട്ട ഒരു ദാമ്പത്യത്തിന്റെ സ്വഭാവം കാണിക്കാൻ, നേരത്തേ സൂചിപ്പിച്ചതുപോലെ, അവർ ടാംഗോ നൃത്തത്തെ ഒരു രൂപകമായി ഉപയോഗിക്കുന്നു. ആഗ്രഹങ്ങൾ, ദുഃഖങ്ങൾ, തെളിഞ്ഞ ചിന്തകൾ എന്നിവയുടെ മൂർച്ചയുള്ള ചുവടുകൾ ഈ ‘കാവ്യലേഖന’ത്തില്‍ മാറിമറിഞ്ഞുവരുന്നു. ‘ഒരു മുറിവ് അതിന്റേതായ വെളിച്ചം പുറപ്പെടുവിക്കുന്നു എന്ന് ശസ്ത്രക്രിയാ വിദഗ്ധർ പറയുന്നു.

വീട്ടിലെ എല്ലാ വിളക്കുകളും അണച്ചാലും, ഈ മുറിവിൽ നിന്ന് പ്രസരിക്കുന്ന പ്രകാശം കൊണ്ട് നിങ്ങൾക്ക് അതിൽ മരുന്നുവെച്ചു കെട്ടാം’ ( A wound gives off its own light, surgeons say. If all the lamps in the house were turned out you could dress this wound by what shines from it) വരികള്‍, ഈ രചനാത്മകമായ ‘ടാംഗോ നൃത്തത്തി’ന്റെ ആത്യന്തിക ഫലമായികൂടി പരിണമിക്കുകയാണ്..! ഭർത്താവിന്റെ സൗന്ദര്യം അവൾക്ക് നഷ്ടബോധത്തിന്റെയും വഞ്ചനയുടെയും അടയാളമായി മാറുമ്പോഴും, ആ സൗന്ദര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവളിൽ അവശേഷിക്കുന്നുണ്ട്. ഇതാണ് ഈ കൃതിയുടെ ഏറ്റവും വലിയ ആന്തരിക സംഘര്‍ഷവും കലാത്മകശക്തിയുമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

 

ആലോകന’ത്തിലെ ആഴക്കാഴ്ചകൾ. രഘുനാഥൻ പറളിയുടെ മറ്റ് ലേഖനങ്ങളിലേക്ക് പ്രവേശിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

Reghunathan Parali

Critic, Translator, Editor and Orator. He writes film reviews too. His malayalam translations (with KP Rajesh) include prominent works of world literature. The important works are Darsanangalude Mahavipinam- Deep Forest of Visions, Bhaviyude Bhavana- The Imagination of the Future, Charithram Enna Balipeedhom- The Altar of History, Mounam Enna Rashtreeya Rachana (Vakkukalum Sakshyangalum)- Silence as Political Writing (Words and Testimonies), Celluloidile Chillupadavukal-The Glassy Steps of Celluloid (Film Criticism), Sthalam Jalam Kalam- Space Water and Time (Autobiographical Commentary and literary essays). He is the editor of works titled C.P Ramachandran- Sambhashanam, Smarana, Lekhanam- C P Ramachandran Dialogues Memoirs Essays and Viswothara Kathakal: Rashtreeya Kolapathakangal-World Renowned Stories of Political Killings. The important translations are Drina Nadiyile Palam- The Bridge on the Drina, Penalty Kakkunna Goaliyude Udvegam- The Goalie's Anxiety at the Penalty Kick, and Jeevithathile Oru Divasam- One  Day of Life.

Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Jayarajan Kalpakasseri

Excellant review. Informatove and interesting

Reghunathan Parali

Thanks for the feedback..! 😊🥰🌿

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

2
0
Would love your thoughts, please comment.x
()
x