A Unique Multilingual Media Platform

Articles Feminism History Protest Social Justice

പൊരുതുക എന്നത് നീതിക്കായുള്ള ദാഹമാണ് !

  • October 10, 2026
  • 1 min read
പൊരുതുക എന്നത് നീതിക്കായുള്ള ദാഹമാണ് !
മതയാഥാസ്ഥിതികത്വത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കൊണ്ടും എതിർ വാദങ്ങൾ കൊണ്ടും സാമൂഹ്യാന്തരീക്ഷം മുഖരിതമായി പൊരുതുക. എപ്പോഴും നിയന്ത്രിതമായ രീതിയിൽ മാത്രം അതിലിടപെടാൻ ശ്രദ്ധിച്ചിരുന്നത് അത്രയേ അത് അർഹിക്കുന്നുളളു എന്ന തോന്നൽ കൊണ്ടായിരുന്നു അത്തരം തിട്ടൂരങ്ങൾ ഒരു വശത്തുയരുമ്പോഴും മുസ്ലിം പെൺസമൂഹം വിദ്യാഭ്യാസവും സ്വതന്ത്ര ചിന്തകളും ആർജ്ജിച്ച് ബഹുദൂരം മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നല്ലോ എന്ന വിശ്വാസം കൊണ്ടുകൂടിയായിരുന്നു അത്. അത് പൂർണമായും ശരിയല്ല എന്ന തോന്നലും വിവാദങ്ങൾക്കിടെ  ഉണ്ടാവുകയും ചെയ്തു.
ഷബ്നം നൂർജഹാൻ
ഇപ്പോൾ ഇങ്ങനെയൊരു എഴുത്തിന് രണ്ടുണ്ട് കാരണങ്ങൾ. ഒന്ന് ഒരു ശാസ്ത്രസാഹിത്യ സദസ്സിൽ പങ്കെടുക്കാനിരിക്കെ വിഷയം കിട്ടിയത് ലിംഗനീതിയും സാംസ്കാരികാധിപത്യവും. രണ്ടാമത്തേത്, ഫറോക് കോളേജ് ശാസ്ത്രാധ്യാപികയും തൻ്റെ എഴുത്തിലൂടെയും  ക്ലാസുകളിലൂടെയും സൂഫി ആത്മീയതയെ പരിചയപ്പെടുത്തുന്ന  ഷബ്നം നൂർജഹാനു നേരെ നടക്കുന്ന സൈബർ ആക്രമണ പരമ്പരകൾ. പൗരോഹിത്യാധികാരത്തിന് മറുപക്ഷം നിൽക്കുന്നതാണ് സൂഫി ആത്മീയത എന്നതിനാൽ ഏറെക്കാലം മുമ്പേ അത്തരം ചിലവായനകളിലും വർത്തമാനങ്ങളിലും ഏർപ്പെട്ടിരുന്ന ആളുമാണ് ഞാൻ. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള ഏറ്റവും ഹീനമായ ആക്രമണം എന്നതിനപ്പുറമുള്ള മാനങ്ങളുണ്ടതിന് എൻ്റെ മനസ്സിൽ. ആരാണ് ആക്രമണകാരികൾ? എന്താണ് ആക്രമിക്കപ്പെടുന്നത്? ഷബ്നം നൂർജഹാൻ എന്ന വ്യക്തിക്ക് നേരെയുള്ള ആക്രമണം മാത്രമല്ലിത്. ഇസ്ലാമിൻ്റെ യഥാർത്ഥ ആത്മീയതയെ കാലങ്ങൾക്കു  മുമ്പേ ഇല്ലാതാക്കിയ  വ്യവസ്ഥാപിത പുരുഷകേന്ദ്രീകൃത പൗരോഹിത്യ സംവിധാനത്തിൻ്റെ അമർഷമാണത്.
പ്രവാചകൻ മുഹമ്മദ് യഥാർത്ഥ സൂഫിയായിരുന്നു എന്നും ഇസ്ലാമിൻ്റെ യഥാർത്ഥ ആശയങ്ങൾ സൂഫി ആശയങ്ങളോടു ചേരുന്നവയെന്നും കണ്ടെത്തിയവരിൽ പലരും ഇസ്ലാം മതത്തിൽ ജനിച്ചവരല്ല.  ആ മതത്തെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ച  നാരായണഗുരുവിനെപ്പോലെ, നിത്യചൈതന്യയതിയെ പോലുള്ളവരാണ്.  ഷബ്‌നത്തിനെ ഞാനിനിയും വായിക്കാനിരിക്കുന്നതേയുള്ളു.എങ്കിലും മനസ്സിലാക്കിയിടത്തോളം അവർ ഇസ്ലാമിൻ്റെ ഹൃദയം കണ്ടെത്താൻ ശ്രമിച്ചവളാണ്. സ്വാഭാവികമായിത്തന്നെയൊരു എത്തിച്ചേരലാണ് അവർക്ക് പ്രണയത്തിൻ്റെ മതമായ സൂഫിസത്തിലേക്ക്.
ശ്രീനാരായണഗുരു (ഇടത്); നിത്യചൈതന്യയതി (വലത്)
ഒരു പക്ഷേ റബ്ബോനി എന്ന നോവലിലൂടെ യേശുക്രിസ്തുവിനെ അവതരിപ്പിച്ച റോസി തമ്പിയുടെ അന്വേഷണങ്ങളും എഴുത്തും ഇതിനു സമാനമാണ്. മുഹമ്മദിനെ അപേക്ഷിച്ച് ക്രൈസ്റ്റിന് സ്നേഹത്തിൻ്റെ പരിവേഷം വ്യവസ്ഥാപിത മതം തന്നെ കൽപ്പിച്ചു നിലനിർത്തുന്നുണ്ട്. മനുഷ്യകുലത്തിനുവേണ്ടി കുരിശിലേറിയ ത്യാഗത്തിൻ്റെ പരിവേഷം. മഗ്ദലനമറിയത്തെ വിശുദ്ധപ്പെടുത്തിയ കരുണയുടെയും പൗരോഹിത്യ മതത്തിൻ്റെ നിലനിൽപ്പിന്, ആൺമേധാവിത്വത്തിന് സഹായകമാവും വിധം നിലനിൽക്കുക മാത്രമാണ് ഈ പരിവേഷങ്ങൾ എന്ന് റോസി തമ്പി കണ്ടെത്തുന്നുണ്ട്. യഹൂദമതത്തിലെ ബലിയെ തളളിപ്പറഞ്ഞവൻ്റെ മരണത്തെത്തന്നെ അവർ ആരാധനാർഹമായ ബലിയാക്കി. നിയമങ്ങൾ മനുഷ്യനു വേണ്ടിയായിരിക്കണമെന്നു പറഞ്ഞവൻ്റെ പേരിൽ മതമുണ്ടാക്കി, പൗരോഹിത്യ നിയമങ്ങളാൽ അതിനെ ബന്ധിതമാക്കി. യഹൂദ പുരോഹിതരുടെ ആർഭാടങ്ങൾക്കെതിരെ വിരൽ ചൂണ്ടിയവൻ്റെ മതത്തിൽ അവർക്ക് അരമനകളും കൊട്ടാര സദൃശമന്ദിരങ്ങളും പണിതു.  സ്നേഹത്തിൻ്റെ മതക്കാരൻ്റെ പേരിൽ കുരിശുയുദ്ധങ്ങൾ നടത്തി. കഠിനശിക്ഷകനായ സെമറ്റിക് മതദൈവത്തെയും പാപബോധത്തെയും വീണ്ടും വിശ്വാസത്തിൻ്റെ ഭാഗമാക്കി. ആദ്യന്തികമായി, അമ്മമറിയവും മഗ്ദലനയും വെറോനിക്കയും കണ്ട സ്‌ത്രൈണതയുടെ, പ്രണയത്തിൻ്റെ, മതക്കാരനെ ഇല്ലാതാക്കാൻ അവർ ആ സത്രീജനങ്ങളെത്തന്നെ നിശ്ശബ്ദരാക്കുകയായിരുന്നു. യേശുവിൻ്റെ യഥാർത്ഥമതം പ്രചരിപ്പിക്കുന്നതിൽ നിന്ന് അവരെ അവർ തടഞ്ഞു. പ്രണയിനിയായിരുന്ന മഗ്ദലനയെ ചീത്ത ഭൂതകാലമുള്ളവളാക്കി …..
റോസി തമ്പിയുടെ, ‘റബ്ബോനി’
പ്രവാചകൻ്റെ ഭൗതികാഗ്രഹങ്ങളാൽ ബന്ധിതരായ ഭാര്യമാരുടെ ചരിത്ര ചിത്രങ്ങൾക്ക് വിരുദ്ധമായി, മദീനയിലെ ഈന്തപ്പനയോല മേഞ്ഞ പളളിമുറിയെ സ്ത്രീകളുൾപ്പെടെയുള്ള അനുയായികളെ ചുറ്റുമിരുത്തി ആത്മീയ ചർച്ചകളുടെ വേദിയാക്കിയിരുന്ന  സൂഫിയുടെ ചിത്രം എന്നിലേയ്ക്ക് വർഷങ്ങൾക്ക് മുമ്പ് പകർന്നത് ഒരു ഹിന്ദുസന്യാസിയുടെ വാക്കുകളാണ്. പത്നിമാർ എന്നു മനസ്സിലാക്കിയിരുന്നവർ അപ്പോൾ ബൗദ്ധികമായി സംവദിക്കാനാവുന്ന സ്വതന്ത്രചിന്തകളുള്ള ശിഷ്യകളായി മാറുന്നു. എങ്കിൽ എത്രമാത്രം വികലമാക്കപ്പെട്ടതാണ് ഇന്നത്തെ ഈ മതം സ്ത്രീലമ്പടനായ ആളായി പ്രവാചകനെ നിലനിർത്തേണ്ടത് ആരുടെ താൽപ്പര്യമായിരുന്നു?
സ്ത്രീയെ അറപ്പുരക്കുള്ളിലടക്കേണ്ടത് നൂറ്റാണ്ടുകളിലൂടെ വ്യവസ്ഥാപിതമായി വന്ന  ആൺ മതത്തിൻ്റെ താൽപ്പര്യം മാത്രമായിരുന്നില്ലേ? സ്ത്രീകളിൽ നിന്നു തന്നെയാണ് എപ്പോഴും തിരുത്തൽ സ്വരങ്ങൾ ഇതിനെതിരെ ഉയർന്നിട്ടുള്ളതും. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി വനിത,  റാബിഅ അൽ അദവിയയിൽ നിന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഷബ്നം നൂർജഹാനിലെത്തുമ്പോഴും  വ്യവസ്ഥാപിത മതകാർക്കശ്യം ഒട്ടും കുറഞ്ഞിട്ടില്ല എന്നു നാം കാണുന്നു. ഒരു പക്ഷേ കൂടിയോ എന്നാണു ശങ്ക. (പുരോഗമനപക്ഷക്കാരെന്നു അവകാശപ്പെടുന്ന മുജാഹിദുകളുടെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ചെളിവാരിയെറിയലിൻ്റെ ഭാഗമാണിത് എന്നും സംസാരമുണ്ട്.)
റാബിഅ അൽ അദവിയ്യ
ഇസ്ലാമിക് ഫെമിനിസ്ററും മൊറോക്കോ എഴുത്തുകാരിയുമായ ഫാത്തിമ മെർനിസ്സിയുടെ ഡ്രീംസ് ഓഫ് ട്രെസ്പാസ് എന്ന നോവലിലെ രണ്ടു തരം സ്ത്രീ മുഖങ്ങളെ ഓർക്കുന്നു.  മൊറോക്കോ നഗരത്തിലെ വിശ്വാസിപ്രഭുകുടുംബത്തിലെ തൻ്റെ ബാല്യകാലം ഓർത്തെടുക്കുകയാണ് ഫാത്തിമ മെർനിസ്സി ആത്മകഥാംശമുള്ള ഈ നോവലിൽ. വലിയ മതിൽക്കെട്ടിനകത്തെ കൂട്ടുക്കുടുംബത്തിലെ പല പ്രായത്തിലുള്ള സ്ത്രീജനങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള വെമ്പലുകളെ ഹൃദയാവർജ്ജകമായി ഇതിൽ ആവിഷ്കരിക്കുന്നു. അത്യന്തം സർഗാത്മകരായ, കൊച്ചുഫാത്തിമ ഉൾപ്പെടെയുളളവരുടെ വിഫലമാവുന്ന സ്വപ്നങ്ങളെപ്പററി അവർ പറയുന്നു. ഒപ്പം, വെക്കേഷൻ കാലത്തുമാത്രം സന്ദർശിക്കാനാവുന്ന മുത്തശ്ശിയുടെ ഗ്രാമവീട്ടിലെ സ്ത്രീകൾ എങ്ങനെ സ്വതന്ത്രരും പ്രകൃതിയോടിണങ്ങി ജീവിതത്തെ ആഘോഷമാക്കുന്നവരുമാണെന്നറിയുന്നു. സമാനമായ ഇത്തരം രണ്ടുവിരുദ്ധ ചിത്രങ്ങൾ ഒന്നിച്ചു കണ്ടത് മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എൻ. പി. മുഹമ്മദിൻ്റെ ദൈവത്തിൻ്റെ കണ്ണ് എന്ന നോവലിലാണ്. കുറ്റിച്ചിറയിലെ ആഢ്യ ഉമ്മവീട്ടിൽ നിന്ന് പരപ്പനങ്ങാടിയിലെ ഉപ്പ വീട്ടിലെത്തുമ്പോഴാണ് നോവലിലെ കൊച്ചു ആൺകുട്ടിയുടെ കാഴ്ചയിൽ സ്ത്രീജീവിതത്തിൻ്റെ രണ്ടു വ്യത്യസ്ത ചിത്രങ്ങൾ പതിയുന്നത്.
ഫാത്തിമ മെർനിസ്സിയുടെ, ‘ഡ്രീംസ് ഓഫ് ട്രെസ്പാസ്’

ചരിത്രകാരനും ഫിലോസഫറുമായ ആർനോൾഡ് ടോയൻബിയുടെ നിരീക്ഷണത്തിൽ ഇസ്ലാം ഒരു നാഗരികമതമാണ്.  അദ്ദേഹം ഉദ്ദേശിച്ചത് വ്യവസ്ഥാപിതമായി വന്ന ഇസ്ലാം മതത്തെ തന്നെയാവണം. പ്രകൃതിയിൽ നിന്നു വേറിട്ട, സ്ത്രീയെ അറയ്ക്കുള്ളിലാക്കിയ, കഠിന സദാചാരബന്ധിതമായ  നാഗരികമതമായി ഇസ്ലാം പരിണമിച്ചത് കാലങ്ങളിലൂടെ മാത്രമല്ലേ? അതിൻ്റെ പുറകിലുണ്ടായിരുന്നത് പുരുഷ താല്പര്യങ്ങൾ തന്നെയല്ലേ?

ആർനോൾഡ് ടോയൻബി
മറ്റൊരു വൈരുധ്യം സമകാലിക കേരളീയ പരിസരത്തു കണ്ടത്, ഏറെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആത്മീയനേതാവ് സ്വയം ഒരു സൂഫിയായാണ് വിശേഷിപ്പിക്കുന്നത് എന്നതാണ്. യെമനിലെ പുരാതന സൂഫി സ്കൂളുകളിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ വിജ്ഞാനാർജ്ജനം എന്നും കേട്ടിരുന്നു. സൂഫി ആശയങ്ങളെ പിൻതുടരുന്നവർ പോലും നിഗൂഢമായ അധികാര കേന്ദ്രങ്ങളാവുന്നതിന് ഉദാഹരണങ്ങൾ വടക്കേ ഇന്ത്യയിലും പാക്കിസ്ഥാനിലും ഒക്കെയുണ്ട്. പീറുകൾ, അവരുടെ ആശയങ്ങൾ വഴി ആത്മീയ വഴികാട്ടികളാവുന്നതിനുപകരം ഒരു ജനവിഭാഗത്തെ മുഴുവൻ തങ്ങളുടെ സ്വാധീന വലയത്തിലാക്കി, സ്ത്രീവിരുദ്ധതയും ലൈംഗിക അരാജകത്വവും, സാമ്പത്തിക ചൂഷണവും, കൊലപാതകങ്ങൾ വരെയെത്തുന്ന ക്രൂരതകളും നടത്തിക്കൊണ്ടിരിക്കുന്നതിൻ്റെ കഥയാണ് പാക്കിസ്ഥാനി എഴുത്തുകാരിയായ നെഹ്‌മിന ഡുറാനി (Tehmina Durrani)യുടെ
 ബ്ലാസ്ഫെമി അഥവാ ദൈവനിന്ദ (Blasphemy) എന്ന നോവൽ. അതൊരു ഇരുളടഞ്ഞ ഭീതിതലോകമാണ്. ഇവിടെ വില്ലനാവുന്നത് പുരുഷനിൽ നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന അധികാരവാസന മാത്രമാണ് എന്നും നമുക്കു തിരിച്ചറിയാം. ആത്മീയ പ്രണയത്തിൻ്റെ, വിശ്വാസിസമൂഹത്തിലെ സമത്വത്തിൻ്റെ, നീതിയുടെ സൂഫിസം പോലും സ്വയം ബോധ്യത്തിലേക്കെത്തിയില്ലെങ്കിൽ അധികാരത്തിനായി ഉപയോഗിക്കപ്പെടാം എന്ന ഉണർത്തൽ തെഹ്‌മിനയുടെ കൃതി നൽകുന്നുണ്ട്. അങ്ങനെയുള്ള ഗുരുക്കന്മാരുടെ  അനുയായികൾ ഉൾപ്പെടെയുള്ളവരല്ലേ  ഇപ്പോൾ ഷബ്‌നം നൂർജഹാൻ്റെ സൂഫി ക്ലാസുകളെ ഭയക്കുന്നതും അവരെ ഹീനമായി അധിക്ഷേപിക്കുന്നതും സ്ത്രീ സൂഫിസം പറയുമ്പോൾ അവരുടെ അധികാര കേന്ദ്രങ്ങൾക്ക് വിള്ളലുകൾ വീഴുമോ എന്നവർ ഭയപ്പെടുന്നുണ്ടാവണം. കാരണം സൂഫിസം സ്ത്രീയ്ക്ക് യഥാർത്ഥ ആത്മീയതയെ കാണിച്ചു കൊടുക്കുന്നു. പുരുഷാധികാരമതത്തിൽ നിന്ന് അവർ മാനസികമായി സ്വാതന്ത്ര്യം നേടുന്നു.
നെഹ്‌മിന ഡുറാനിയുടെ, ‘ബ്ലാസ്ഫെമി’
സെമറ്റിക് മതങ്ങളുടെ മാത്രം പ്രശ്നവുമല്ല സ്ത്രീവിരുദ്ധത ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലോ സമൂഹങ്ങളിലോ മാത്രം നിലനിൽക്കുന്നതുമല്ല. ‘കാവേരിയോടൊപ്പം എൻ്റെ യാത്രകൾ’ എന്ന ഒ.കെ. ജോണിയുടെ പുസ്തകത്തിലൂടെ ഇതൾ വിരിഞ്ഞ് മുന്നിലെത്തുന്നത് തലക്കാവേരി മുതൽ സമുദ്ര ലയനം വരെയുള്ള കാവേരീതീര പ്രദേശങ്ങളിലെ (കന്നട, തമിഴകം) കാലങ്ങളിലൂടെയുള്ള സാംസ്കാരിക മാററങ്ങളും പടയോട്ടങ്ങളും ഭരണാധികാരികളുടെ ജയപരാജയങ്ങളും സനാതന മതവിശ്വാസികളായ ചോളരാജാക്കന്മാർ രൂപാന്തരം വരുത്തിയതും പടുത്തുയർത്തിയതുമായ ക്ഷേത്രങ്ങളും അവയെ ചുറ്റിപ്പററിയുള്ള സ്ത്രീജീവിത സങ്കീർണതകളും ഒക്കെയാണല്ലോ. ബുദ്ധ, ജൈന വിശ്വാസികളായിരുന്ന ഭരണാധികാരികളെ കീഴടക്കി. സനാതനമതാനുയായികളായ ചോള രാജാക്കന്മാർ ആ പ്രദേശമാകെ അവരുടെ സാമ്രാജ്യത്തിൻ്റെ ഭാഗമാക്കുന്നു. അന്ത:പ്പുര വനിതകളോടൊപ്പം ദേവദാസീ സമ്പ്രദായവും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ദൈവിക പ്രണയത്താൽ പ്രചോദിതയായി ദേവദാസിയായ ആണ്ടാളിൽ നിന്ന് വ്യവസ്ഥാപിതമായ ദേവദാസീ സമ്പ്രദായത്തിലേക്ക് പുരുഷന്മാർ ആ ആത്മീയ പ്രണയിനികളെ പരുവപ്പെടുത്തുകയായിരുന്നു. അങ്ങനെ ദേവദാസീ ഗ്രാമങ്ങൾ തന്നെ ഉണ്ടായിവരുന്നു. ദേവദാസീകുലങ്ങൾ പിറക്കുന്നു. എല്ലാം രാജാക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെ. സദാചാരനിഷ്ഠരായി, പതിവ്രതകളായി, യാതൊരു ആവിഷ്കാര സ്വാതന്ത്ര്യവുമില്ലാതെ   ജീവിക്കാൻ വിധിക്കപ്പെട്ട അന്ത:പ്പുരവനിതകൾ സതിയനുഷ്ഠിച്ച് മാസ്തിക്കല്ലുകളായി മഴയും വെയിലുമേറ്റ് കാലങ്ങളിലൂടെ നിലനിൽക്കുമ്പോൾ,  മഹാക്ഷേത്രങ്ങളിലെ നൃത്തവേദികളിലും കൊട്ടാരക്കെട്ടുകളിൽ രാജാക്കന്മാർക്ക് പ്രിയദർശിനികളായും സംഗീതവും കവിതകളും കച്ചേരികളുമായി പ്രസിദ്ധിയുടെ പടവുകൾ കയറി ദേവദാസികളായിരുന്നവർ കൂടുതൽ തങ്ങളുടെ ജീവിതം ധന്യമാക്കി. അധികാരമുള്ള പുരുഷനോടു ചേർന്നുനിൽക്കുക എന്നതായിരിക്കണം കുറേയേറെയെങ്കിലും അവരവരായി ജീവിക്കാൻ അക്കാലങ്ങളിൽ സ്ത്രീകൾ കണ്ടെത്തിയ വഴി.
ഒ.കെ. ജോണിയുടെ, ‘കാവേരിയോടൊപ്പം എൻ്റെ യാത്രകൾ’
മനുസ്മൃതിയനുസൃത സദാചാര ജീവിതം സ്ത്രീയ്ക്ക് വിധിക്കുന്നവർ ഭരണത്തിലിരിക്കുന്ന വർത്തമാനകാലത്ത്, കായികരംഗത്തുൾപ്പെടെ കഴിവുതെളിയിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ ഇഷ്ടവരുതിയിലായിരിക്കണമെന്ന് ബ്രിജ്ഭൂഷൺമാർ സങ്കൽപ്പിക്കുന്നതും ഈ വ്യവസ്ഥയേകുന്ന ആണഹങ്കാരം കൊണ്ടുതന്നെയാവണം. തമിഴകത്തു പൂജിച്ചുകൊണ്ടുവന്ന ചോളസാമ്രാജ്യ കാലത്തെ അധികാരച്ചെങ്കോൽ പാർലമെൻ്റ് മന്ദിരത്തിൽ വേദോച്ചാരണത്തോടെ സ്ഥാപിക്കപ്പെട്ടത് വേറൊരുദ്ദേശ്യത്തോടെയുമല്ല. അതൊരു സാംസ്കാരിക പുനരുദ്ധാനത്തിൻ്റെ, സാംസ്കാരികാധിനിവേശത്തിൻ്റെ ചിഹ്‌നം തന്നെ.
പത്തൊമ്പതാം നൂറ്റാണ്ടിൽ കൊളോണിയൽ ആധുനികത കൊണ്ടുവന്ന കുടുംബസങ്കൽപ്പത്തെ സന്തോഷത്തോടെ സ്വീകരിച്ചാനയിച്ചതും പാരമ്പര്യാഭിമാനികളായ സനാതനികളായ സവർണ വിദ്യാസമ്പന്നർ തന്നെയായിരുന്നു എന്നു കാണാം. ബ്രിട്ടീഷ് ഓഫീസർമാരുടെ വിക്ടോറിയൻ സദാചാരസങ്കൽപങ്ങളിലധിഷ്ഠിതമായ കുടുംബ ജീവിതവും അനുകരണീയമെന്ന് തോന്നിപ്പിച്ച അവരുടെ മറ്റനേകം ഗുണഗണങ്ങളോടൊപ്പം അവർ സ്വാംശീകരിച്ചു. പരിഷ്‌കൃതരായ അവരുടെ കണ്ണിൽ നാണക്കേടുണ്ടാക്കുന്ന സതിപോലുള്ള അനാചാരങ്ങൾ തിരുത്താൻ അവർ ഭരണാധികാരികളോടൊപ്പം നിന്നു. ഇത്തരം ചില അനാചാരങ്ങളൊഴിവാക്കിയാൽ അതിശ്രേഷ്ഠമായ ഒരു പാരമ്പര്യത്തിൻ്റെ അവകാശികളാണ് തങ്ങളെന്ന അഭിമാനബോധത്തോടെ തന്നെയാണ് രാജാറാം മോഹൻ റായിയെ പോലുള്ളവർ സാമൂഹ്യപരിഷ്കർത്താക്കളായതും. വിക്ടോറിയൻ കുടുംബ സങ്കൽപ്പത്തിലെ കുടുംബിനി, പരമ്പരാഗത ഇന്ത്യൻ സങ്കൽപ്പത്തിലെ പുരുഷമനസ്സിലെ സ്ത്രീയുടെ എതിർപക്ഷത്തല്ലായിരുന്നു താനും.
രാജാറാം മോഹൻ റായി
പക്ഷേ, വിക്ടോറിയൻ കുടുംബ സങ്കൽപ്പം മാത്രമല്ല, അതിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെയുയർന്നു വന്ന  ഫെമിനിസത്തിൻ്റെ കാറ്റും അധികം വൈകാതെ ഇന്ത്യയിലേയ്ക്കെത്തിയിരുന്നു.  ഇന്ത്യയിലെ ആദൃത്തെ ഫെമിനിസ്റ്റ് കൃതിയായി കരുതപ്പെടുന്ന സ്ത്രീ പുരുഷ തുൽന എന്ന കൃതി താരാബായ് ഷിൻഡേ എന്ന മറാത്തി സവർണ വനിത എഴുതിയതും അതേ കാലത്തുതന്നെ (1882). സതി നിരോധിക്കപ്പെട്ട ഇന്ത്യയിലിരുന്ന് അങ്ങനെയൊരു കൃതിയഴുതാൻ വിദ്യാസമ്പന്നയായ താരാബായ്ക്ക് പ്രചോദകമായത് ഇവിടുത്തെ സവർണ സ്ത്രീയനുഭവങ്ങൾ തന്നെ. സതി നിരോധനത്തോടെ ആ സമുദായത്തിലെ സ്ത്രീകളുടെ ജീവിതം തികച്ചും ശോഭനമായെന്ന പുരുഷ സങ്കൽപ്പത്തെ അത് വെല്ലുവിളിക്കുന്നു. വിധവയായ ഒരു ബ്രാഹ്മണ സ്ത്രീയുടെ ജീവിതം മരണത്തേക്കാൾ ഘോരമാക്കുന്ന സമൂഹമനസ്ഥിതിയുടെ അടിസ്ഥാനമാണ് അവർ തിരഞ്ഞത്. വീട്ടകങ്ങളിൽ ജീവിതത്തിൻ്റെ എല്ലാ നിറങ്ങളും നിഷേധിക്കപ്പെട്ട്  ശിഷ്ടജീവിതം തള്ളിനീക്കപ്പെടുന്നതിനിടയിൽ ആശ്വാസം പോലെ വീണു കിട്ടിയേക്കാവുന്ന  ഒരു സ്നേഹബന്ധവും അതിൻ്റെ ഫലമായി ഒരു അവിഹിതഗർഭധാരണവും കൂടിയാവുമ്പോൾ ശിക്ഷിക്കാനോടിയെത്തുന്ന സമുദായ നേതൃത്വം, വിചാരണ, ഇവയൊക്കെയാണ് താരയുടെ അസ്വസ്ഥതയായത്.  ഇതിഹാസകൃതികളും ശ്രുതികളും വിശകലനം ചെയ്ത് താരാബായ് അവയിലെ പുരുഷാധിപത്യപ്രവണതകളെ നഖശിഖാന്തം ചോദ്യം ചെയ്യുന്നു. സ്ത്രീകൾക്കും ദളിതർക്കും വിരുദ്ധമാകാത്ത സാമൂഹൃ പരിഷ്‌കൃതിയുടെ അമരക്കാരനായ ജ്യോതിബായ് ഫൂ
ലേയുടെ രചനകളുടെ സമാഹാരത്തിൻ്റെ കൂടെയാണ് അന്ന് മറവിയിലേക്ക് തള്ളപ്പെട്ട താരാബായ് ഷിൻഡേയുടെ സ്ത്രീപുരുഷ തുൽന പിന്നീട് വെളിച്ചം കണ്ടതും.
താരാബായ് ഷിൻഡേയുടെ, ‘സ്ത്രീ പുരുഷ തുൽന’
മതവും സംസ്കാരവുമായി കാലങ്ങളായി പിണഞ്ഞു തന്നെയാണ് കിടക്കുന്നത് എന്നതിനാലാണ് അവയോടു ബന്ധപ്പെടുത്തിത്തന്നെ ഈ വിഷയം സംസാരിക്കേണ്ടി വരുന്നത്. ജീവിതത്തിൻ്റെ സർവമണ്ഡലങ്ങളിലും രാഷ്ട്രീയത്തിലും മതാതീത കൂട്ടായമകളിലും യുക്തിവാദവേദികളിൽപ്പോലും നമുക്കിതു കാണാം. നാടിൻ്റെ സംസ്കാരം (State Civlization) എന്നത് 5000 വർഷങ്ങൾ പഴക്കമുള്ള പാട്രിയാർക്കിയിലാണ് ഊന്നിനിൽക്കുന്നത് എന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ പറയുന്നതും അതുകൊണ്ടുതന്നെ. അതു സമഗ്രമായ സർവാതിശായിയായ സാംസ്കാരികാധിപത്യമാണ്.

സ്ത്രീ നേതൃത്വം കൊടുത്തിരുന്ന പ്രകൃതിയോടിണങ്ങിയ സർഗാത്മക സാമൂഹ്യഘടനയെ കീഴ്പ്പെടുത്തിത്തന്നെയാണ് ഈ പുരുഷാധികാര സംസ്കൃതി ഉണ്ടായതും. ഇതേ അധികാര സംസ്കാരം (അധികാരവിധേയ സംസ്കാരം) തന്നെയാണ് സ്ത്രീവിരുദ്ധതയോടൊപ്പം വംശീയതക്കും രാജ്യങ്ങൾ വെട്ടിപ്പിടിച്ച് കോളനികളാക്കുന്നതിലേയ്ക്കും കൃത്യമായ അതിർത്തുകളുള്ള രാജ്യനിർമ്മിതിയിലേയ്ക്കും (തീവ്ര) ദേശീയതയിലേക്കും വളർന്നതും.


എല്ലാത്തരം ചൂഷണവ്യവസ്ഥകൾക്കും, ജന്മിത്വം, ജാതിചൂഷണം തൊഴിലാളി ചൂഷണം തുടങ്ങിയവയ്ക്കും അതിൻ്റെ മൂർദ്ധന്യാവസ്ഥയായ ഇന്നത്തെ ആഗോള മുതലാളിത്ത ആധുനികതയ്ക്കും (Capitalist Modernity) വേരുകൾ അതിൽ ത്തന്നെ എന്ന നിരീക്ഷണം ഏറെ ശരി.

മുതലാളിത്തവ്യവസ്ഥയ്ക്കു പിൻബലമേകാൻ പ്രത്യയശാസ്ത്ര അധീശത്വം കൂടിയാവുമ്പോൾ എല്ലാം കൂടുതൽ തീവ്രതയോടെ തിരിച്ചെത്തുന്നു. ഇന്ത്യയിൽ, അമേരിക്കയിൽ, ഇസ്രായേലിൽ, ജർമ്മനിയിൽ….
2025 ജൂണിൽ ഇന്ത്യയിലെ പട്നയിൽ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്രായപൂർത്തിയാകാത്ത ദളിത് ബലാത്സംഗ ഇരയുടെ മരണത്തിനെതിരെ നടന്ന പ്രതിഷേധം.
എന്താണ് ഒരു പ്രതി സംസ്കാരം ? സ്ത്രൈണതയുടെ സംസ്കാരം ? അതിൻ്റെ പൊട്ടുകളും പൊടികളും ലോകമാസകലം നാം കാണുന്നുണ്ട്. ഇന്ത്യൻ തെരുവുകളിൽ ലിംഗാതീതമായി, ചിലപ്പോഴൊക്കെ പെൺകുട്ടികൾ തന്നെ മുന്നിൽ നിന്ന് നടത്തുന്ന സമരമുഖങ്ങളിൽ നാം ഇതിൻ്റെ പൊടിപ്പുകൾ കാണുന്നു. അവരുടെ അതിസ്വാഭാവികമായി ഉച്ചരിക്കപ്പെടുന്ന വാക്കുകളിൽ രാജ്യാതിർത്തികൾ മായ്ച്ചു കളയുന്ന നീതിബോധത്തിൻ്റെ സ്‌ഫുരണങ്ങളുണ്ട്. അത് ഭാവിലോകത്തെപ്പറ്റി പ്രതീക്ഷയേകുന്നുമുണ്ട്.
ഞാൻ ഷബ്നം നൂർജഹാനോടൊപ്പം. പൊരുതുന്ന യുവതയ്ക്കൊപ്പം….

About Author

ഡോ. ഖദീജാമുംതാസ്

ഡോ .ഖദീജാമുംതാസ് - നോവലിസ്റ്റും ലേഖികയുമായ മെഡിക്കൽ ഡോക്ടർ . പി.എസ്., ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റും പ്രൊഫസറുമായിരുന്നു. നാല് നോവലുകളും 3 ചെറുകഥാ സമാഹാരങ്ങളും സാഹിത്യത്തെയും സാമൂഹിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളുടെ പുസ്തകങ്ങളുടെയും രചയിതാവ്. ബർസ എന്ന നോവൽ 2010-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2016 മുതൽ 6 വർഷം കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയർ പേഴ്‌സൺ സ്ഥാനം വഹിച്ചിട്ടുണ്ട്, ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗമാണ്. പ്രൊഫ. സച്ചിദാനന്ദൻ നയിക്കുന്ന മാനവിക പ്രസ്ഥാനമായ ദേശീയ മാനവിക വേദിയുടെ വൈസ് ചെയർപേഴ്സണും ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x