നമ്മുടെ മുന്നിൽ ഒരു ദൃശ്യം തെളിയും.
ഒരുപക്ഷേ ആ ദൃശ്യമായിരിക്കും പിൽക്കാലത്ത് നമ്മളെ ചരിത്രത്തിൽ രേഖപ്പെടുത്തുക.
താഴെ നമുക്ക് രണ്ട് ചിത്രങ്ങൾ കാണാം:
ഒന്ന് ഇന്നലെ നമ്മളെ വിട്ടുപോയ പ്രശസ്ത കാർട്ടൂണിസ്റ്റും ഫോട്ടോഗ്രാഫറുമായിരുന്ന പി വി കൃഷ്ണൻ മാഷ്.
കാർട്ടൂണിസ്റ്റ് പി വി കൃഷ്ണൻ
മറ്റൊന്ന് ഏകദേശം അൻപത് വർഷം മുൻപ് അദ്ദേഹം എടുത്ത ഒരു ഫോട്ടോ ആണ്. ഇന്ന് കൃഷ്ണൻ മാഷെ ഓർക്കുമ്പോൾ പലരുടെയും ഓർമ്മയിൽ തെളിയുന്നത് ഈ ചിത്രമായിരിക്കും. വലിയ ചരിത്ര പ്രാധാന്യമുള്ള ഈ ചിത്രം.
എന്താണ് ഈ ഫോട്ടോയുടെ പ്രത്യേകത?
കൃഷ്ണൻ മാഷിന്റെ സഹപ്രവർത്തകനും പി ആർ ഡിയിൽ ഉദ്യോഗസ്ഥനുമായിരുന്ന മനോജ് കുമാർ കെ എഴുതുന്നു:
“ഈ ചിത്രത്തിൽ ആദ്യമിരിക്കുന്നതു എല്ലാവർക്കും അറിയാം കെ കരുണാകരൻ. മുഖ്യമന്ത്രി ആയല്ല, ആഭ്യന്തര മന്ത്രിയായി. അടിയന്തിരാവസ്ഥ കാലം എന്ന് പ്രത്യേകം പറയണ്ടല്ലോ.

രണ്ടാമത് കൊറഗൻ. അവനു പേരില്ല.പേരുണ്ടായിട്ടും കാര്യമില്ല. കൊറഗൻ എപ്പോഴും കൊറഗൻ മാത്രമായിരിക്കും.
മൂന്നാമത് ആനന്ദതീർത്ഥ സ്വാമി. ചേറിൽ ചവിട്ടിത്താഴ്ത്തപ്പെട്ട കൊറഗൻമാർക്കുവേണ്ടി പോരാടിയ മനുഷ്യൻ.
ഈ അപൂർവ നിമിഷം കാർട്ടൂണിസ്റ്റ് പി വി കൃഷ്ണൻ മാഷാണ് പകർത്തിയത്. വെറുതെ എടുത്തതല്ല. ചരിത്രത്തിൽ ഇങ്ങനെ ഒന്ന് നടക്കാൻ പോകുന്നതിനു മുൻപേ ക്യാമറ ഒരു ക്ലിക്കുംപാടകലെ പ്രതിഷ്ഠിച്ചുകൊണ്ടാണ് മാഷ് അത് ഒപ്പി എടുത്തത്.
സ്വാമിയുടെ അനുയായി ആയിരുന്നു കൃഷ്ണൻ മാഷ്. കോൺഗ്രസ്സുകാർ മാഥുർ ക്ഷേത്രത്തിനു സമീപം മിത്ത എന്ന ദളിതന്റെ വീട്ടിൽ പന്തിഭോജനം നടത്തുന്നു എന്ന് ആനന്ദ തീർഥൻ എങ്ങനെയോ അറിഞ്ഞു.
പത്തിരുപതു കൊറഗ പിള്ളേരെ വെള്ള മുണ്ടുടുപ്പിച്ചു സ്വാമി അവിടെ എത്തി. കരുണാകരൻ എത്തുമ്പോഴേക്കും സ്വാമി സ്ഥലം കയ്യടക്കിയിരുന്നു. സാധാരണ പന്തിഭോജനങ്ങളെല്ലാം അക്കാലത്തു ചടങ്ങിനൊപ്പിക്കുന്ന പതിവ് പൊളിക്കാനായിരുന്നു സ്വാമിയുടെ ഉദ്ദേശ്യം. കരുണാകരനും പരിവാരങ്ങളും എത്തിയപ്പോഴേക്കും സ്വാമി അവിടെ ഇരി നീ ഇവിടിരി എന്നും പറഞ്ഞു കൊറഗനെ ആഭ്യന്തര മന്ത്രിയുടെ അടുത്തിരുത്തി. തൊട്ടിപ്പുറത്തു സ്വാമിയും.
ഒരു അരക്ഷിതാവസ്ഥയിൽ ആയിരുന്നു കൊറഗൻ.
ഇതൊന്നും ശ്രദ്ധിക്കാതെ കരുണാകരനും.
അന്ന് വിളമ്പിയ സദ്യ മായിപ്പാടി കോവിലകത്തു നിന്നു കൊണ്ടുവന്നതായിരുന്നു.
രംഗം ആനന്ദ തീർഥൻ കയ്യടക്കിയത് മറികടക്കാൻ രാഷ്ട്രീയക്കാരന്റെ കൗശലത്തോടെ കരുണാകരൻ ചോദിച്ചു:
“ഇവിടുണ്ടാക്കിയതൊന്നും ഇല്ലേ.”
അതിനേക്കാൾ വലിയകാര്യമാണ് അക്കാലത്തു കൊറഗനൊപ്പം ഇരിക്കൽ എന്നതിനാൽ സ്വാമി അതൊന്നും ശ്രദ്ധിച്ചില്ല.
ആ സംഭവം അങ്ങനെ കഴിഞ്ഞു.
പിൽക്കാലത്ത് കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ ക്വിറ്റിൻഡ്യാ സുവർണ ജൂബിലി എക്സിബിഷൻ നടക്കുമ്പോൾ ചിത്രങ്ങൾ കണ്ടു പോകെ പെട്ടെന്ന് ഈ ചിത്രത്തിന്റെ മുന്നിലേക്ക് തിരിച്ചുവന്നു.
“ഇതെങ്ങനെടുത്തു?” അദ്ദേഹം ചോദിച്ചു.
“ഓ ഏതോ സദ്യയിൽ നിന്നാണെന്നു തോന്നുന്നു.” കൂടെയുള്ള ആരോ ഒരാൾ പറഞ്ഞു.
അപ്പോൾ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി കൃഷ്ണൻ മാഷ് മുമ്പോട്ട് വന്നു.
“ഈ ഫോട്ടോ ഞാനെടുത്തതാണ്.” അദ്ദേഹം പറഞ്ഞു. “അന്ന് സ്വാമി പ്രത്യേകം ചട്ടം കെട്ടി വന്നതാ. അന്ന് കൊറഗന്റെ ഒപ്പം ഇരുന്നില്ലെങ്കിൽ രേഖപ്പെടുത്താൻ വന്നതാണ്. കിട്ടിയത് ഇതാണ്.”
സ്വാമി ആനന്ദതീർത്ഥന്റെ അതിവിപുലമായ ജീവിതത്തിന്റെ ദൃശ്യ രേഖകൾ വളരെ കുറവാണ്. എന്നാൽ അതിൽ ഏറ്റവും അമൂല്യമായിരുക്കുന്ന ഫോട്ടോ ഏറെ ചരിത്രം പറയാൻ കഴിയുന്ന ഈ ചിത്രമാണ്. അന്ന് അതെടുക്കാൻ കഴിഞ്ഞപ്പോൾ താൻ ചരിത്രത്തിന്റെ നിയോഗത്തിന്റെ ഭാഗമായി എന്ന് കൃഷ്ണൻ മാഷിന് പൂർണമായ ബോധ്യമുണ്ടായിരുന്നു.

സ്വാമി ആനന്ദതീർത്ഥനെക്കുറിച്ച് ഞങ്ങൾ ചെയ്ത ഡോക്യൂമെന്ററിയിൽ ഈ ചിത്രമുണ്ട്. എന്നാൽ അന്ന് രോഗാവസ്ഥയിൽ ആയിരുന്ന കൃഷ്ണൻ മാഷിന്റെ ഇന്റർവ്യൂ എടുക്കാൻ കഴിഞ്ഞില്ല.
ഇന്നലെ പി. വി കൃഷ്ണൻ മാഷ് അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു.
കുങ്കുമം വാരികയിലെ ‘സാക്ഷി’ എന്ന കാർട്ടൂൺ പരമ്പരയാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്.
പിആർഡിയിൽ ഡിസൈനർ ആയിരുന്നു ഏറെക്കാലം കൃഷ്ണൻ മാഷ്.

മലയാള കാർട്ടൂൺ കലയുടെ വളർച്ചയുടെ വലിയ പിന്തുണ നൽകിയ ഗുരുക്കന്മാരിൽ മുൻപന്തിയിലുള്ള ആളായിരുന്നു കൃഷ്ണൻ മാഷ് എന്ന് കാർട്ടൂൺ അക്കാഡമിയുടെ അനുശോചന കുറിപ്പിൽ പറയുന്നു.
“അദ്ദേഹത്തിൻറെ ശിക്ഷണത്തിലാണ് ഇന്ന് കാർട്ടൂൺ കലയിൽ തിളങ്ങിനിൽക്കുന്ന ഒട്ടുമിക്ക കാർട്ടൂണിസ്റ്റുകളും വളർന്നത് എന്നത് എടുത്തു പറയേണ്ടതാണ്. കൃഷ്ണൻ മാഷ് ഒരു കാർട്ടൂണിസ്റ്റ് മാത്രമായിരുന്നില്ല. അദ്ദേഹം ചിത്രകാരനും ഫോട്ടോഗ്രാഫറും ഡിസൈനറും കൂടിയായിരുന്നു. ഒരു കാർട്ടൂണിസ്റ്റിന് സൂക്ഷ്മാംശങ്ങൾ ഒരു ഫോട്ടോഗ്രാഫറിനെ പോലെ ഒപ്പിയെടുക്കാൻ കഴിവുണ്ടായിരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. വരയ്ക്കപ്പെടുന്ന കാർട്ടൂണുകൾ എന്തായിരിക്കണമെന്ന് മുൻകൂട്ടി ഒരു ഫോട്ടോഗ്രാഫറെ പോലെ ഫ്രെയിമിൽ ഒതുക്കാൻ കാർട്ടൂണിസ്‌റ്റിന് കഴിയണമെന്ന്അദ്ദേഹം ഓർമിപ്പിക്കുമായിരുന്നു. കാർട്ടൂൺ കലയ്ക്ക് വലിയ നഷ്ടമാണ് ഈ വിയോഗം.”
കൃഷ്ണൻ മാഷിന് ആദാരാഞ്ജലികൾ





