A Unique Multilingual Media Platform

Articles Cinema South India Tamil Nadu

ജനകീയതയുടെ വ്യാകരണവും ‘രജനീയത’യുടെ സ്വീകരണവും

  • October 22, 2026
  • 1 min read
ജനകീയതയുടെ വ്യാകരണവും ‘രജനീയത’യുടെ സ്വീകരണവും

സിനിമ കേവലം ഒരു കാഴ്ച മാത്രമല്ലാതാവുകയും, അതൊരു സാമൂഹിക വികാരമായി രൂപാന്തരപ്പെടുകയും ചെയ്യുന്ന ചില മുഹൂർത്തങ്ങളുണ്ട്. അവിടെ തിരശ്ശീല എന്ന മാധ്യമത്തെ മറികടക്കുന്ന വിധം പ്രേക്ഷകൻ തന്നെ സിനിമയുടെ സ്രഷ്ടാക്കളിൽ ഒരാളായി മാറുന്നതായി നമുക്കു തോന്നാം..! രജനീകാന്ത് എന്ന പ്രതിഭാസം, ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ പലതവണ ഇത്തരമൊരു വിസ്മയഘട്ടം സൃഷ്ടിക്കുകയും ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

എങ്കിലും, നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ജയിലർ 2’ സൃഷ്ടിക്കുന്ന ചലനങ്ങളും ബോക്സ് ഓഫീസ് വിസ്ഫോടനങ്ങളും കേവലം ഒരു വാണിജ്യ വിജയത്തിനപ്പുറം ഒരു സാംസ്കാരിക പഠനത്തിന് കൂടി വഴിയൊരുക്കുന്നുണ്ടെന്ന് തോന്നുന്നു. ആധുനിക ദൃശ്യസംസ്കാരത്തിലെ പ്രതീതിയാഥാര്‍ഥ്യങ്ങളെയും യാന്ത്രികതകളെയും മറികടന്നുകൊണ്ട്, ജനകീയതയുടെ റെക്കോഡുകൾ ഭേദിക്കുന്ന വിധം ‘ജയിലർ 2’ മുന്നേറുമ്പോൾ, അതൊരു ചലച്ചിത്രത്തിന്റെ മാത്രം വിജയമായിട്ടല്ല എണ്ണപ്പെടുക, പകരം കാലത്തെ അതിജീവിക്കുന്ന ഒരു നടന്റെ ആത്മവിശ്വാസത്തിന്റെ കൂടി വിജയമായിട്ടാകും എന്നു പറയാം.

 

മാസ് അപ്പീലിന്റെ വേരുകള്‍

എന്താണ് യഥാർത്ഥത്തിൽ ഒരു ജനകീയ സിനിമയെ ഇതുപോലെ ആഘോഷമാക്കുന്നത്? അത്, അതിലെ ഗ്രാഫിക്സുകളോ, അലെങ്കില്‍ കോടികൾ മുടക്കിയുള്ള സാങ്കേതിക വിദ്യകളോ മാത്രമല്ല എന്ന യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയുന്നത് ഇത്തരം ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ്. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ പ്രതികാരം, നീതിബോധം, ഏകാന്തത, കുടുംബസ്നേഹം എന്നിവയൊക്കെയായി ചിത്രം താദാത്മ്യം പ്രാപിക്കുന്നതു തന്നെയാണ് ‘ജയിലർ 2’ന്റെ പ്രധാന വിജയരഹസ്യമായി മാറുന്നത്. ബോക്സോഫിസ് കളക്ഷനപ്പുറം, മിഥോളജിയുടെയും സമൂഹമനസ്സിന്റെയും സാംസ്കാരിക പഠനങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തരം സിനിമാ വിജയങ്ങള്‍ വിശകലനം ചെയ്യുന്നത് കൗതുകകരമായിരിക്കും. കാൾ യുങ്ങിന്റെ ചില മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെയും ജമൈക്കന്‍–ബ്രിട്ടീഷ് സോഷ്യോളജിസ്റ്റ് സ്റ്റ്യുവാർട്ട് ഹാളിന്റെ (Stuart Hall) സാംസ്കാരിക പഠനത്തിലെ, എന്‍കോഡിംഗ്-ഡീകോഡിംഗ് സങ്കല്പനങ്ങളുടെ വെളിച്ചത്തിലും ഈ പ്രതിഭാസത്തെ നമുക്ക് കൂടുതല്‍ തെളിച്ചത്തോടെ കാണാന്‍ കഴിയും. കാൾ യുങ്ങിന്റെ സിദ്ധാന്തപ്രകാരം, നമ്മുടെ ബോധമനസ്സിനടിയിൽ ‘കൂട്ടായ അബോധമനസ്സ്’ (Collective unconscious) എന്ന് വിളിക്കപ്പെടുന്ന ഒരു തലം പ്രവർത്തിക്കുന്നുണ്ട്.

സ്റ്റ്യുവാർട്ട് ഹാൾ

ലോകമെമ്പാടുമുള്ള മനുഷ്യർ കാലങ്ങളായി പങ്കുവെക്കുന്ന പ്രാക്തന മാതൃകകള്‍ അല്ലെങ്കില്‍ പുരാണ മാതൃകകളും (Archetypes) പ്രതീകങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ‘ജയിലർ 2’ എന്ന ചിത്രത്തിൽ രജനീകാന്ത് അവതരിപ്പിക്കുന്ന ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രം വെറുമൊരു നടന്റെ അഭിനയ ഘട്ടത്തില്‍ നിന്ന് ഉയര്‍ന്ന് അബോധപരമായി അല്ലെങ്കില്‍ ഉപബോധപരമായി ഇവിടെ ഒരു ‘പ്രാക്തന പ്രതീകമായി’ മാറുകയാണ് എന്നു പറയാം. സമൂഹം നേരിടുന്ന നിസ്സഹായാവസ്ഥകൾക്കും അരക്ഷിതാവസ്ഥകൾക്കും ഇടയിൽ, നീതി നടപ്പിലാക്കാൻ എത്തുന്ന ശക്തനായ രക്ഷകന്റെ ഈ രൂപം ജനങ്ങൾ തങ്ങളിൽ തന്നെയുള്ള കരുത്തായി സ്വയം കാണുന്നു. തിയേറ്ററുകൾ അപ്പോള്‍ വെറും കാഴ്ചയിടങ്ങളല്ലാതാവുകയും ജനങ്ങളുടെ അമർന്നുകിടക്കുന്ന വികാരങ്ങളും പ്രതീക്ഷകളും ആവിഷ്കരിക്കപ്പെടുന്ന ഒരിടമായി പരിണമിക്കുകയും ചെയ്യുന്നു. പ്രേക്ഷകർ അവിടെ ഒരു നടനെയല്ല കാണുന്നത് എന്നും തങ്ങളുടെ ആഗ്രഹങ്ങളുടെയും അതിജീവനത്തിന്റെയും പ്രതീകത്തെയാണ് കാണുന്നത് എന്നും തിരിച്ചറിയാന്‍ പ്രയാസമില്ല.

 

ജനകീയാഹ്ളാദത്തിന്റ ആന്തരാര്‍ഥം

യുങ് മനുഷ്യന്റെ മാനസിക ആഴങ്ങളെ അടയാളപ്പെടുത്തുമ്പോൾ, സ്റ്റ്യുവാർട്ട് ഹാളിന്റെ എന്‍കോഡിംഗ്-ഡീകോഡിംഗ് (Encoding/Decoding) മാതൃക സമൂഹത്തിലെ ആശയവിനിമയങ്ങളെയും പ്രതിരോധങ്ങളെയും വിശകലനം ചെയ്യുന്നതാണ്. സിനിമ പോലെയുള്ള സാംസ്കാരിക ഉൽപ്പന്നങ്ങൾ നിർമ്മാതാക്കൾ ഒരു ആശയത്തോടെയാണ് നിർമ്മിക്കുകയും (എന്‍കോഡിംഗ്) എന്നാല്‍ പ്രേക്ഷകർ, പ്രത്യേകിച്ച് സാധാരണക്കാരും പാർശ്വവൽക്കരിക്കപ്പെട്ടവരും അടങ്ങുന്ന പ്രേക്ഷകര്‍- അതിനെ സ്വന്തം ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കുകയും (ഡീകോ‍ഡിംഗ്) ചെയ്യുന്നു. ‘ജയിലർ 2’ എന്ന ചിത്രത്തിന്റെ കാര്യത്തിലും, തൊഴിലാളിവർഗവും സാധാരണക്കാരായ ജനങ്ങളും ചിത്രത്തെ സ്വീകരിക്കുന്നത് വെറുമൊരു സിനിമ എന്ന നിലയിലല്ല, മറിച്ച് തങ്ങളുടെ പ്രതിരോധത്തിന്റെ ഒരു രൂപമായിട്ടാണ്.

 

മുഖ്യധാരാ മാധ്യമങ്ങളും വൻകിട നിർമ്മാതാക്കളും ചിത്രത്തെ ഒരു കൊമേഴ്സ്യൽ പ്രോഡക്റ്റായി കാണുമ്പോള്‍, തിയേറ്ററിലെത്തുന്ന ആൾക്കൂട്ടം അത് ഏറ്റെടുക്കുന്നത്, സ്വന്തം അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതുപോലെ, അത്രയും വൈകാരികമായിട്ടാണ് എന്നു വരുന്നു. തിയേറ്ററുകൾക്ക് മുന്നിലെ പാലഭിഷേകങ്ങളും ചെണ്ടമേളങ്ങളും ആഘോഷങ്ങളും സൂചിപ്പിക്കുന്നത്, ഒരു രീതിയില്‍, സാധാരണക്കാരുടെ സാംസ്കാരികമായ സ്വയംഭരണത്തെയാണ്..! വ്യവസ്ഥിതിയിൽ പാർശ്വവൽക്കരിക്കപ്പെടുന്ന മനുഷ്യർ, സിനിമയിലെ നായകനിലൂടെ തങ്ങളുടെ ശക്തിയും അന്തസ്സും വീണ്ടെടുക്കുന്ന ഒരു സാംസ്കാരിക നിര്‍മ്മിതി കൂടിയാണത്.

‘ജയിലർ 2’ പോലുള്ള ചിത്രങ്ങൾ തെളിയിക്കുന്നത്, മാസ് സിനിമകള്‍ എന്നത് വെറുമൊരു ദൃശ്യാവിഷ്കാരം മാത്രമല്ലെന്നും ഒരു ജനതയുടെ വൈകാരികമായ കൂട്ടായ്മ കൂടിയാണെന്നുമാണ്. തിയേറ്ററില്‍ പ്രവേശിക്കുമ്പോള്‍, എനിക്കു മുന്നില്‍ നിന്നിരുന്ന പ്രായമുളള സ്ത്രീ താന്‍ മൂന്നാമത്തെ തവണയാണ് ഈ സിനിമ കാണാന്‍ എത്തിയത് എന്നു പറഞ്ഞത്, ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കുന്നു. യുങ്ങിന്റെ മിത്തുകളെയും സ്റ്റ്യുവാർട്ട് ഹാളിന്റെ സാംസ്കാരിക രാഷ്ട്രീയത്തെയും ഒരേസമയം സമന്വയിപ്പിക്കുന്ന ഈ മാസ് സിനിമകൾ, ചിതറിപ്പോകുന്ന ഡിജിറ്റൽ സമൂഹത്തെ ഏകമനസ്സോടെ ഒന്നിപ്പിക്കുന്ന സവിശേഷ സാഹചര്യവും കാണാം. തിയേറ്ററുകളുടെ ഇരുട്ടിലിരുന്ന് ഒരേസമയം ആഹ്ലാദിക്കുകയും ആശ്വസിക്കുകയും വിജയം ആഘോഷിക്കുകയും ചെയ്യുന്ന ജനതയുടെ ജീവിക്കുന്ന ചരിത്രം പോലെ ഈ സിനിമകള്‍ നിലകൊള്ളുകയാണ്..!

ചുരുക്കത്തില്‍, ചിത്രത്തിന്റെ മാസ്സ് അപ്പീൽ എന്നത് കേവലം ചില ആക്ഷൻ രംഗങ്ങളുടെ പെരുക്കമോ ബഹളമോ ആയി കാണാനാകില്ല എന്നു സൂചിപ്പിച്ചുവല്ലോ. അത് താളബദ്ധമായ ഒരു ആചാരം പോലെ ആളുകള്‍ ഏറ്റെടുക്കുകയാണ്. തിയേറ്ററുകൾ പൂരപ്പറമ്പുകള്‍ പോലെ ജനാവലിയെക്കൊണ്ട് നിറയുന്ന ഘട്ടം കൂടിയാണത്. പ്രേക്ഷകർ ഒരു വലിയ ആഘോഷത്തിന്റെ ഭാഗമാകുന്ന സാഹചര്യം നാം കാണുന്നു. ടൈഗര്‍ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ഉയരുന്ന ആവേശത്തിന് പിന്നിൽ ഒരു സമൂഹത്തിന്റെ കൂട്ടായ അബോധമനസ്സിന്റെ പ്രതിധ്വനിയുണ്ട്. നിയമത്തിന്റെ പഴുതുകളിൽ കുടുങ്ങി നീതി നിഷേധിക്കപ്പെടുമ്പോൾ, ആദ്യം പറഞ്ഞതുപോലെ, സാധാരണക്കാരന്റെ മനസ്സിൽ ഒരു രക്ഷകൻ ഉദയം ചെയ്യുന്നു. ആ രക്ഷകന്റെ റോളിൽ നായകനായ രജനീകാന്ത് എത്തുമ്പോൾ, ആളുകള്‍ സിനിമ കാണുകയല്ല, തങ്ങളുടെ നഷ്ടപ്പെട്ട സ്വപ്നങ്ങളെ തിരിച്ചുപിടിക്കുക കൂടിയാണ് ഒരര്‍ഥത്തില്‍. ഇവിടെ ജനകീയ സംസ്കാരം എന്നത് ഉയർന്ന ക്ലാസ്സ് ബോധത്തിന്റെ ആധിപത്യത്തിന് എതിരെയുള്ള ഒരു ചെറുത്തുനിൽപ്പു കൂടിയാണ്. സാധാരണക്കാരന്റെ ലളിതമായ ആഹ്ളാദങ്ങളെയും ആവേശങ്ങളെയും സിനിമ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളുന്നു.

 

‘രജനി സ്റ്റൈല്‍‘ എന്ന അനന്യത

എഴുപത്തിയാറിലെത്തുന്ന തന്റെ വാർദ്ധക്യത്തെയും കാലത്തിന്റെ കുത്തൊഴുക്കിനെയും, തന്റെ വ്യത്യസ്തമായ ശൈലി കൊണ്ടും കരിസ്മ കൊണ്ടും തോൽപ്പിച്ച് മുന്നേറുന്ന ഒരു നായകന്റെ സാന്നിധ്യം ജെയിലര്‍2 ചിത്രത്തെ ചടുലമാക്കുന്നു. രജനീകാന്ത് എന്ന അഭിനേതാവ് ഇവിടെ ഒരു ചരിത്രത്തിലേക്ക് ചേക്കേറുക കൂടിയാണ്. മാത്രമല്ല, വെറുമൊരു സൂപ്പർസ്റ്റാർ പരിവേഷത്തിനപ്പുറം, തന്റെ കഥാപാത്രത്തിന്റെ സങ്കീർണ്ണതകളെ ഉൾക്കൊള്ളാൻ അദ്ദേഹം ബദ്ധശ്രദ്ധനുമാണ്. കണ്ണടയുടെ ചെറിയൊരു ചലനത്തിലൂടെ, ചുണ്ടിലെ നേർത്ത പുഞ്ചിരിയിലൂടെ, അല്ലെങ്കിൽ ഗൗരവഭാവത്തിലുള്ള ഒരു നോട്ടത്തിലൂടെ കോടിക്കണക്കിന് മനുഷ്യരെ കൈയിലെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ‘ജയിലർ 2’ൽ മുത്തുവേൽ പാണ്ഡ്യന്റെ വൈകാരിക മുഹൂർത്തങ്ങൾ ചിത്രീകരിക്കുമ്പോൾ, ഒരു നടൻ എന്ന നിലയിൽ രജനീകാന്തിന്റെ പരിണാമം എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാകും. ആവേശത്തിന്റെ കൊടുമുടികൾ തീർക്കുമ്പോഴും, കണ്ണിലെ ആഴമുള്ള ഭാവങ്ങൾ ഒരു മികച്ച നാടകീയ നടന്റെ പ്രതിഭയെ ഓർമ്മിപ്പിക്കുന്നു.

രജനീകാന്ത്

കാലം മുഖത്ത് തീർത്ത ചുളിവുകളെയും വെളുത്ത താടിയെയും തന്റെ ഏറ്റവും വലിയ കരുത്താക്കി മാറ്റുകയാണ് അദ്ദേഹം. പ്രായം തളർത്താത്ത ഊർജ്ജസ്വലതയല്ല, മറിച്ച് പ്രായം നൽകിയ പക്വതയാണ് ആ മുഖത്ത് നാം ഇപ്പോള്‍ കാണുന്നത്. ഈ വിജയം കേവലം ജനപ്രിയതയുടെ മാത്രമല്ല, പകരം സിനിമയോടുള്ള ഒരു കലാകാരന്റെ ആത്മസമർപ്പണത്തിന്റെ കൂടി വിജയമാണെന്ന് പറയേണ്ടി വരും. സിഗരറ്റ് വായയിലേക്ക് എറിയുന്നതോ, കണ്ണട തള്ളിക്കയറ്റുന്നതോ, അല്ലെങ്കിൽ തോൾവളച്ചുള്ള നടത്തമോ മാത്രമല്ല അത്. വാസ്തവത്തില്‍ അതെല്ലാം ആത്മവിശ്വാസത്തിന്റെ ബാഹ്യപ്രകടനം മാത്രമാണ്. കാരണം, വേറിട്ട് നില്‍ക്കുന്ന ഒരു ‘ബോഡി ലാംഗ്വേജു’മായി ഈ നടന്‍ തന്റെ ‘രജനി സ്റ്റൈല്‍’ എന്നെന്നേക്കുമായി അടയാളപ്പെടുത്തുകയായിരുന്നു. നീണ്ട സംഭാഷണങ്ങളേക്കാൾ വലിയൊരു മൗനത്തിനോ ഒരു ചെറിയ നോട്ടത്തിനോ വലിയ ആഘാതം സൃഷ്ടിക്കാൻ കഴിയുമെന്ന് രജനീകാന്ത് തന്റെ മുത്തു പാണ്ഡ്യനിലൂടെ വീണ്ടും തെളിയിക്കുകയാണ്. ക്യാമറ അദ്ദേഹത്തിന്റെ മുഖത്തേക്ക് ക്ലോസ്-അപ്പിൽ നീങ്ങുമ്പോൾ, ഈ ചിത്രത്തിലും, ആ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയും ദൃഢനിശ്ചയവും പ്രേക്ഷകരെ സ്തബ്ധരാക്കുക സ്വാഭാവികം. തന്റെ കരിയറിന്റെ തുടക്കത്തിൽ ക്രൂരനായ വില്ലനായും ആന്റി-ഹീറോയായും ചുവടുറപ്പിച്ച അദ്ദേഹം, പിന്നീട് ജനകീയ നായകനായി രൂപാന്തരപ്പെടുകായിരുന്നുവല്ലോ- തന്റെ മുൻകാല നെഗറ്റീവ് ഷേഡുകളുടെ ഓർമ്മകൾ അദ്ദേഹത്തിന്റെ മാസ്സ് കഥാപാത്രങ്ങൾക്ക് ഒരു പ്രത്യേക ഭാരവും ആഴവും നൽകുന്നുണ്ട് എന്ന് ഈ ചിത്രവും ഓര്‍മിപ്പിക്കുന്നു. രജനി ചിത്രങ്ങളുടെ വിജയത്തിൽ പശ്ചാത്തല സംഗീതത്തിനും വലിയ പങ്കുണ്ട് എന്നത് ഒരു വസ്തുത മാത്രമാണ്. എം.എസ്. വിശ്വനാഥൻ മുതൽ ഇളയരാജയും എ.ആർ. റഹ്മാനും അനിരുദ്ധും വരെ നീളുന്ന സംഗീതസംവിധായകരുടെ നിര, ആ നടന്റെ ഓരോ ചലനത്തിനും ഒരു സവിശേഷ പ്രതീതി നൽകുന്നു. സ്ക്രീനിൽ അദ്ദേഹം കാൽവെക്കുന്ന കൃത്യം നിമിഷത്തിൽ ഉയരുന്ന ആ തീം മ്യൂസിക് പ്രേക്ഷകന്റെ ഞരമ്പുകളിലേക്ക് കൂടിയാണ് എപ്പോഴും ആവേശം കയറ്റുന്നത്. ഒരര്‍ഥത്തില്‍, മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സിനിമകൾ പിന്നീട് അനുകരിച്ച പല ദൃശ്യഭാഷയുടെയും തുടക്കം രജനി ചിത്രങ്ങളിലാണെന്ന് കാണാം. ചിത്രത്തില്‍ സാന്ദര്‍ഭികമായി വരുന്ന ഇടിയോ വെടിയോ ശബ്ദമോ എല്ലാം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ക്യാമറ സ്ലോ-മോഷനിലേക്ക് മാറുന്നത്, പ്രേക്ഷകരെ കൂടുതല്‍ ആകാംക്ഷയിലേക്ക് നയിക്കാനുളള തന്ത്രപരമായ ഒരു നീക്കമായി രജനി ചിത്രങ്ങളില്‍ കാണാം.

രജനീകാന്ത് ജയിലർ 2 സിനിമയിലെ സംഘട്ടന രംഗങ്ങളിൽ

അഥവാ രജനീകാന്ത് തന്റെ ചിത്രങ്ങളില്‍ തനതായ ഒരു ദൃശ്യഭാഷ സൃഷ്ടിക്കുക കൂടിയായിരുന്നു. രജനീകാന്ത് ചിത്രങ്ങളിലെ മാസ്സ് അപ്പീൽ എന്നത് അടിച്ചമർത്തപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ഉള്ളിലെ പ്രതിരോധവാഞ്ഛയുടെയും പ്രതികാരവാഞ്ഛയടുടെയും എല്ലാം ദൃശ്യാവിഷ്കാരമായി മാറിയിട്ടുണ്ട് മിക്കപ്പോഴും. നിയമത്തിന്റെയും വ്യവസ്ഥാപിത സംവിധാനങ്ങളുടെയും പഴുതുകളിൽ കുടുങ്ങി നീതി നിഷേധിക്കപ്പെടുമ്പോൾ, അവിടെ നേരത്തേ സൂചിപ്പിച്ച ഒരു രക്ഷകൻ ഉദയം ചെയ്യുന്നു. ആ രക്ഷകൻ വെറുമൊരു സൂപ്പർ ഹീറോ മാത്രമല്ല, കൂലിപ്പണിക്കാരന്റെയും സാധാരണക്കാരന്റെയും വേഷത്തിൽ, അവരിലൊരാളായി ജീവിച്ചുകൊണ്ട് പിന്നീട് കൊടുങ്കാറ്റായി മാറുന്ന മനുഷ്യന്‍ കൂടിയാണ്. ഈ പരിവർത്തനമാണ് തിയേറ്ററുകളിൽ വലിയ ആഹ്ളാദാരവങ്ങൾക്ക് എപ്പോഴും തിരികൊളുത്തുന്നത്.

 

സംവിധാനവും സാങ്കേതികതയും

വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ ദൃശ്യാനുഭവം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. രജനികാന്തിന്റെ സ്റ്റൈലിഷ് ലുക്കുകളും മാസ് രംഗങ്ങളും ക്ലോസ്-അപ്പ് ഷോട്ടുകളിലൂടെയും മികച്ച ലൈറ്റിംഗ് പാറ്റേണുകളിലൂടെയും ചിത്രീകരിക്കാന്‍ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ കേരളത്തിന്റെ പച്ചപ്പും പ്രകൃതിഭംഗിയും (വാഗമൺ, തേനി, കോഴിക്കോട് ഉരു നിർമാണശാല തുടങ്ങിയ ലൊക്കേഷനുകൾ) ചിത്രത്തിൽ വളരെ സ്വാഭാവികതയോടെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. അനിരുദ്ധിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ജയിലര്‍ ഒന്നാം ഭാഗത്തിലേതുപോലെ, ചിത്രത്തിന്റെ നെടുംതൂൺ ആയി മാറുന്നുണ്ട്. . ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ എൻട്രി സീനുകളിലും ആക്ഷൻ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലസംഗീതം തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. ഒപ്പം ചിത്രത്തിലെ ഗാനങ്ങളും ഓളം സൃഷ്ടിക്കുന്നതാണ്. രാജേഷ് മാധവന്റെ കോമഡി ഗായക റോള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.

വിജയ് കാർത്തിക് കണ്ണൻ, രജനികാന്ത് എന്നിവർ ചിത്രത്തിൻ്റെ സെറ്റിൽ

ആക്ഷൻരംഗങ്ങളുടെ കൊറിയോഗ്രാഫിയും സിനിമയുടെ മാസ് മൂഡ് നിലനിർത്തുന്നതാണ്. എങ്കിലും, ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ ചെറിയ രീതിയിലുള്ള ‘ലാഗ്’ അനുഭവപ്പെടുകയുണ്ടായി. അപ്പോഴും നെൽസന്റെ സ്ക്രീന്‍പ്ലേയും സിഗ്നേച്ചർ മേക്കിംഗ് ശൈലിയും തന്നെയാണ് ചിത്രത്തെ ചടുലാമാക്കി നിലനിര്‍ത്തുന്നത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. കാരണം സംവിധായകൻ ചിത്രത്തില്‍ പുലർത്തിയ ആഖ്യാനശൈലി സവിശേഷ ശ്രദ്ധ അർഹിക്കുന്നതാണ്. സീരിയസ് ആയ ആക്ഷൻ രംഗങ്ങൾക്കിടയിലും ചെറിയൊരു ആക്ഷേപഹാസ്യത്തിന്റെയോ നിഗൂഢതയുടെയോ മേമ്പൊടി ചേർക്കാൻ അദ്ദേഹം എപ്പോഴും കാണിക്കുന്ന ശ്രദ്ധ, ഇവിടെയും ചിത്രത്തെ ഒരേസമയം ഭാരമുള്ളതും എന്നാൽ ലളിതവുമായി നിലനിർത്തുന്നു. ഇത് ആധുനിക ജനകീയ സംസ്കാരത്തിന്റെ പുതിയൊരു ശൈലിയെയാണ് രൂപപ്പെടുത്തുന്നത്. ചിത്രത്തിലെ ഹൈ-വോൾട്ടേജ് ആക്ഷൻ സീക്വൻസുകൾ ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. രജനികാന്തിന്റെ മാസ് സ്റ്റൈലിനൊപ്പം മോഹൻലാൽ, ശിവരാജ്കുമാർ തുടങ്ങിയ താരങ്ങളുടെ ആക്ഷൻ ബ്ലോക്കുകൾ കോര്‍ത്തിണക്കിയിരിക്കുന്നത് ക്രിയാത്മകമായാണ്. ആക്ഷൻ രംഗങ്ങളിലെ ഗൺഷോട്ടുകൾ, അടിപിടി ശബ്ദങ്ങൾ, ഡയലോഗ് ഡെലിവറി എന്നിവ തിയേറ്ററില്‍, പ്രേക്ഷകർക്ക് സമ്പൂർണ്ണ ദൃശ്യ-ശ്രാവ്യ അനുഭവം പ്രദാനം ചെയ്യുന്ന വിധം‍, ഡോൾബി അറ്റ്മോസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളിൽ മിശ്രണം ചെയ്തിരിക്കുന്നത് ചിത്രത്തിന്റ മാസ് സ്വഭാവത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

ചുരുക്കത്തില്‍, രജനീകാന്ത് എന്ന നടൻ ജയിലർ 2 എന്ന ചിത്രത്തിലെത്തുമ്പോള്‍, ഒരു സിനിമ താരം മാത്രമല്ല; ഒരു കാലഘട്ടത്തിന്റെ സാമൂഹിക മനോനില കൂടിയായി മാറുന്നുണ്ടെന്ന് തോന്നിപ്പോകുന്നു. നമുക്ക് ഒരിക്കലും വിഗണിക്കാനാകത്തതും ആഴത്തില്‍ പഠിക്കേണ്ടതുമായ വലിയ ഒരു ജനകീയ പ്രതിഭാസം കൂടിയാണത്. പ്രായത്തെയും ലൗകികമായ പരിമിതികളെയും തന്റെ വ്യത്യസ്ത ശൈലിയും മാസ്സ് കരിസ്മയും കൊണ്ട് അദ്ദേഹം മറികടക്കുമ്പോൾ, വെള്ളിത്തിരയിലെ ആ കറുത്ത കണ്ണടയും സ്റ്റൈലും സിനിമാചരിത്രത്തിലെ അവിസ്മരണീയ ‘രജനീയത’യായി എന്നേക്കുമായി അടയാളപ്പെടുക തന്നെയാണ്..!


ആലോകന’ത്തിലെ ആഴക്കാഴ്ചകൾ. രഘുനാഥൻ പറളിയുടെ മറ്റ് ലേഖനങ്ങളിലേക്ക് പ്രവേശിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

About Author

രഘുനാഥന്‍ പറളി

നിരൂപകന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍, പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ്‌. 1974 മെയ്‌ 28ന്‌ പാലക്കാട്‌ ജില്ലയിലെ പറളിയില്‍ ജനിച്ചു. ദര്‍ശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, ചരിത്രം എന്ന ബലിപീഠം, മൗനം എന്ന രാഷ്ട്രിയ രചന (വാക്കുകൾ സാക്ഷ്യങ്ങള്‍), സെല്ലുലോയ്ഡിലെ ചില്ലുപടവുകള്‍ (സിനിമ) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പ്രധാന നിരൂപണ കൃതികള്‍. 'സ്ഥലം ജലം കാലം' എന്ന പുസ്തകം ആത്മകഥാംശമുള്ള നിരൂപണ കൃതിയാണ്‌. ഡ്രീനാ നദിയിലെ പാലം, പെനാള്‍ട്ടി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം എന്നീ കൃതികള്‍ (കെ.പി രാജേഷുമൊത്ത്‌) മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. സി.പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം (മലയാളിയായ പ്രമുഖ ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകന്‍ സി.പി രാമചന്ദ്രനെക്കുറിച്ചുളള പുസ്തകം), വിശ്വോത്തര കഥകൾ- രാഷ്ട്രിയ കൊലപാതകങ്ങൾ എന്നീ കൃതികളുടെ എഡിറ്റര്‍ ആണ്‌.

Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Viswanath(SD college, alappuzha )

It’s a magnificent writeup sir. I have been always admiring Rajini sir for his natural life and looks offsceeen. On screen he is the biggest superstar. But he can walk in public without a wig or makeup. He has no insecurity feeling. He know his power. People really love him. He may not be a legendary actor with all the nuances and acting book theories but surely he is the greatest entertainer of all time. Thank you for these rare observations.

Reghunathan Parali

Thanks for your valid feedback..! 🙏😊🥰🌿

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

2
0
Would love your thoughts, please comment.x
()
x