A Unique Multilingual Media Platform

Articles Law National Politics

കനകം മൂലം കാമിനി മൂലം….

  • February 17, 2026
  • 1 min read
കനകം മൂലം കാമിനി മൂലം….

ആധുനിക ഇന്ത്യയുടെ ശിൽപ്പിയായ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് അദ്ദേഹം ഏറ്റവും അധികം ചെവി കൊടുത്തിരുന്നത് പ്രതിപക്ഷത്തിനായിരുന്നു എന്നത് ലിഖിത ചരിത്രം. 1947 മുതൽ 1964 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി നെഹ്റു ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യം അതിന്റെ എല്ലാ അർത്ഥത്തിലും വിളങ്ങിയതും വളർന്നതും. പ്രതിപക്ഷത്തുണ്ടായിരുന്ന എ.കെ ഗോപാലനേയും,ശ്യാമപ്രസാദ് മുഖർജിയേയും ജെ.ബി കൃപലാനിയേയും റാം മനോഹർ ലോഹ്യയേയും എസ്.എ ഡാങ്കയേയും ഹിരൺ മുഖർജിയേയും ഒക്കെ സാകൂതം ശ്രവിച്ചിരുന്ന നെഹ്റു അവരുയർത്തിയ വിമർശനങ്ങളെ ഉൾക്കൊള്ളാനും തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനുമുള്ള ആർജ്ജവവും കാണിച്ചു. സഭയ്ക്ക് പുറത്തായാലും പ്രതിപക്ഷ നേതാക്കളിൽ നിന്നു രേഖകൾ വാങ്ങി വായിച്ച് അതിന്മേൽ പാർലമെന്റിന് അകത്തും പുറത്തും ചർച്ചകൾ നടത്തുന്നതിൽ നെഹ്റു പുലർത്തിയിരുന്ന സൂക്ഷ്മത ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്തി. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നു മാറിയായിരുന്നെങ്കിലും സോഷ്യലിസ്റ്റാശയങ്ങളുടെ മുന്നണി പോരാളി ആയിരുന്ന ജയപ്രകാശ് നാരായണനേയും അദ്ദേഹം ബഹുമാനപുരസ്സരമാണ് സമീപിച്ചിരുന്നത്. കാശ്മീർ വിഷയത്തിൽ നെഹ്റുവുമായി നിരന്തരം കലഹിച്ചിരുന്ന ശ്യാമപ്രസാദ് മുഖർജിയോടും നെഹ്റു പുലർത്തിയിരുന്നത് തികഞ്ഞ പ്രതിപക്ഷ ബഹുമാനമായിരുന്നു. ജനാധിപത്യ വ്യവസ്ഥ ശരിയായ വികാസം പ്രാപിക്കണമെങ്കിൽ ഭരണകക്ഷിയേക്കാൾ പ്രാധാന്യം ഉണ്ടാകേണ്ടത് പ്രതിപക്ഷത്തിനാകണമെന്ന ഉയർന്ന ചിന്ത രാഷ്ട്രതന്ത്രജ്ഞനായ നെഹ്റുവിനുണ്ടായിരുന്നു.

ജവഹർലാൽ നെഹ്റു

ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ലോക്സഭാ സ്പീക്കർമാരായിരുന്നത് ജി.വി മാവ്ലെങ്കറും, എം.എ അയ്യങ്കാറും സർദാർ ഹുക്കും സിംഗുമായിരുന്നു. നിരന്തരമായി ഓർഡിനൻസുകൾ ഇറക്കുന്നതിന് മാവ്ലെങ്കർ നെഹ്റുവിനെ അതിനിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ തവണയും താൻ എന്തു കൊണ്ടാണ് അത്തരം ഓർഡിനൻസുകൾ ഇറക്കുന്നതെന്ന് സ്പീക്കറുടെ ചേംബറിൽ പോയി അദ്ദേഹത്തെ ധരിപ്പിക്കാൻ നെഹ്റു ഒരു മടിയും കാണിച്ചിരുന്നില്ല. രാഷ്ട്രത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിനാവശ്യമായ ചർച്ചകളും സംവാദങ്ങളും ഏതു തരത്തിലാവണമെന്ന് ഇരുകൂട്ടർക്കും ബോധ്യമുണ്ടായിരുന്നു. സ്പീക്കർ ആ പദവിയുടെ സ്വതന്ത്ര സ്വഭാവം നിലനിറുത്തേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ആ കസേരയിൽ വിരാജിക്കുന്ന ഓം ബിർലയെ പോലുള്ളവർ കണ്ടു പഠിക്കേണ്ടതാണ്. പാർലമെന്റിൽ പ്രധാനമന്ത്രി വരുമെന്ന് ഉറപ്പാക്കാൻ ബാധ്യതയുള്ള സ്പീക്കർ തന്നെ കള്ളക്കഥകൾ മെനഞ്ഞ് പ്രധാനമന്ത്രിയെ താൻ ഒരു അപകടത്തിൽ നിന്നും രക്ഷിച്ചു എന്ന് അവകാശപ്പെടുന്ന നിറം കെട്ട കാഴ്ചയ്ക്കും നമ്മൾ സാക്ഷിയായി.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ സ്പീക്കർ അനുവദിക്കാതിരുന്നതിലൂടെ അദ്ദേഹം നിഷേധിച്ചത് 145 കോടിയോളം വരുന്ന ഇന്ത്യൻ ജനതയുടെ അറിയാനും പറയാനുമുള്ള അവകാശത്തെയാണ്. പാർലമെന്റിനുള്ളിൽ ഒരംഗം സംസാരിക്കുന്നത് വ്യക്തിപരമായി അല്ലെന്നുള്ള ഭരണഘടനാ തത്വം അറിയാത്തയാളാണ് ഇപ്പോഴത്തെ സ്പീക്കറെങ്കിൽ അദ്ദേഹം ഉടനടി ആ കസേരയൊഴിയണം. അംഗങ്ങൾക്ക് വ്യക്തിപരമായി പറയാൻ കഴിയുന്നത് സ്വകാര്യ ബിൽ അവതരിപ്പിക്കുമ്പോൾ മാത്രമാണ്. ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്ന മേജർ ജനറൽ(റിട്ട.) നരവനെ തന്റെ ആത്മകഥയിൽ പറയുന്ന കാര്യങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന് മറുപടി ആവശ്യമുളളതാണ്. അതറിയാനുള്ള അവകാശം ഓരോ ഇന്ത്യാക്കാരനും ഉണ്ട്.ആ അവകാശം സംരക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. വ്യാജ ദേശീയത ഉയർത്തിപ്പിടിച്ച് ഇന്ത്യ ഒരു ഫെഡറൽ റിപ്പബ്ളിക്കാണെന്നതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ സംഘപരിവാറിന്റെ എക്കാലത്തേയും അജണ്ടയാണ്. ആ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ഒളിച്ചു കളികൾ. ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി താനാണെന്ന് വരുത്തി തീർക്കാൻ പരശതം രൂപ സർക്കാർ ഖജനാവിൽ നിന്നും വാരിയെറിയുന്ന ആളാണ് നരേന്ദ്ര മോഡി. പക്ഷേ ഇവിടെ കേവല ഭീരുത്വത്തിന്റെ വയൽക്കോലമായി നിൽക്കുന്ന മോഡിയെയാണ് ഇന്ത്യ കണ്ടത്. രാജ്യത്തുണ്ടാകുന്ന പ്രശ്നങ്ങൾ തീർക്കാൻ ഈ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നതിന്റെ മകുടോദാഹരണമാണ് മണിപ്പൂരിൽ സംഭവിക്കുന്നത്. ഗവർണ്ണർ ഭരണത്തിൽ നിന്നും മാറി തിരികെ ബി.ജെ.പിയുടെ തന്നെ മുഖ്യമന്ത്രിയെ ഭരണമേൽപ്പിച്ചിട്ടും മണിപ്പൂരിലെ തീ അണയുന്നില്ല. അതിൽ ഇടപെടാൻ മോഡിക്ക് സാധിക്കുകയില്ല.അതു സാധിക്കണമെങ്കിൽ അപാരമായ രാഷ്ട്രതന്ത്രജ്ഞത ആവശ്യമാണ്. നെഹ്റുവും ലാൽബഹദൂർ ശാസ്ത്രിയുമൊക്കെ ആ രാഷ്ട്രതന്ത്രജ്ഞത ഉള്ളവരായിരുന്നു. ശാഖാ രാഷ്ട്രീയത്തിന് അത്തരം കഴിവുകൾ പ്രധാനം ചെയ്യാൻ കഴിയുമെന്ന് നമ്മൾ കരുതേണ്ടതില്ല.

രാഹുൽ ഗാന്ധി പാർലമെൻ്റ് സമ്മേളനത്തിൽ സംസാരിക്കുന്നു

ജനങ്ങളിൽ നിന്ന് പണം സ്വീകരിച്ച് നരേന്ദ്രമോഡിക്ക് ഇഷ്ടം പോലെ ചിലവഴിക്കാൻ സാധിക്കുന്ന പി.എം കെയർ ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി,ദേശീയ പ്രതിരോധ ഫണ്ട് എന്നീ മൂന്നിനങ്ങളിൽ പാർലമെന്റിൽ ചോദ്യം അനുവദിക്കേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്പീക്കറെ അറിയിച്ചിരിക്കുന്നു. ഈ ഫണ്ടിലെ പണം ചിലവഴിക്കുന്നത് സുതാര്യമല്ലാത്തത് കൊണ്ടാണ് ഇത്തരം തിട്ടൂരങ്ങൾ പുറപ്പെടുവിക്കുന്നത്. സുപ്രീം കോടതി കീറിയെറിഞ്ഞ ഇലക്ടറൽ ബോണ്ടിന് സമാനമാണ് ഇക്കാര്യവും. ജനങ്ങൾ രാജ്യനന്മയ്ക്കായി നൽകുന്ന പണത്തിന്റെ വരവും പോക്കും ഇന്ത്യൻ പാർലമെന്റ് അറിയണ്ടയെന്നു പറയുന്നത് കടുത്ത അവകാശ ലംഘനവും ഭരണഘടനയെ ഇരുട്ടിൽ നിറുത്തലുമാണ്. കേവല രാഷ്ട്രീയത്തിന്റെ മാപകങ്ങൾ വച്ച് അളക്കേണ്ടതല്ല ഒരു ജനാധിപത്യ റിപ്പബ്ളിക്കിന്റെ ഭരണഘടന. അതനുശാസിക്കുന്നത് പോലെ ഭരണനിർവ്വഹണം നടത്തേണ്ടത് നരേന്ദ്രമോഡിയുടേയും കൂട്ടരുടേയും ഔദാര്യമല്ല, ഉത്തരവാദിത്വമാണ്. നാഗ്പൂർ അനുശാസനങ്ങളല്ല മറിച്ച് ഭരണഘടനാ അനുശാസനങ്ങൾ നിറവേറ്റി കൊള്ളാമെന്നാണ് ഇവർ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അത് സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാകുന്നു.ഭരണഘടനാ സ്ഥാപനങ്ങളെ അപ്രസക്തമാക്കി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകൾ നടപ്പിലാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗം തന്നെയാണിത്. നരേന്ദ്രമോഡിയുടേയും മോഹൻ ഭാഗവതിന്റേയും ചിന്തകൾക്ക് അപ്പുറമായിരിക്കും ഇതിന്റെയൊക്കെ ഭവിഷ്യത്തുകൾ വരികയെന്നതാണ് ദുഖകരമായ കാര്യം. ഇന്ത്യൻ സർക്കാരിനെ യൂണിയൻ ഗവൺമെന്റ് ഓഫ് ഇന്ത്യയെന്ന് മാത്രമേ അഭിസംബോധന ചെയ്യേണ്ടതുള്ളൂ എന്ന് തമിഴ്നാട് സർക്കാർ കുറച്ച് കാലം മുമ്പ് തീരുമാനിച്ചത് ഇവിടെ ഓർക്കേണ്ടതുണ്ട്. ഒരു ഫെഡറൽ സംവിധാനത്തിൽ എല്ലാ സംസ്ഥാനങ്ങളും എല്ലാക്കാലവും യൂണിയൻ സർക്കാരിന്റെ വിവരക്കേടുകളെ വച്ചു പൊറുപ്പിക്കുമെന്ന് കരുതരുത്. കേന്ദ്ര സർക്കാരിന്റെ ഉന്മൂലന സിദ്ധാന്തത്തിന്റെ ഭാഗമായി നടന്നു വരുന്ന വോട്ടർ പട്ടിക പുതുക്കൽ നയങ്ങൾക്കെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ടെത്തി കേസ് വാദിച്ചത് ഒരു വിരൽ ചൂണ്ടലാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി തന്റെ സംസ്ഥാനത്തിന്റെ കേസ് വാദിക്കാൻ നേരിട്ടു സുപ്രീം കോടതിയിലെത്തുന്നത്.

ഇത്തരം പുതുമകൾ സൃഷ്ടിക്കപ്പെടുന്നത് നരേന്ദ്രമോഡിയെ പോലുള്ളവർ നടപ്പിലാക്കുന്ന വികലനയങ്ങൾ കാരണമാണ്. ഡോ.അംബ്ദേക്കർ ഭരണഘടന എഴുതിയുണ്ടാക്കിയത് വെറും വാക്കുകളായല്ല. അതിന്റെ ശക്തിയും ഭദ്രതയും മനസ്സിലാക്കാൻ സംഘപരിവാരത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അതു കൊണ്ടാണവർ നെഹ്റുവിനെ ചരിത്രത്തിൽ നിന്നും മായ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. സ്വതന്ത്ര്യസമരത്തിൽ ഒന്നും ചെയ്യാതെ ബ്രിട്ടീഷ് പാദസേവയുമായി നടന്നതിന്റെ പാപഭാരം സംഘപരിവാരത്തിന് എല്ലാക്കാലവും ചുമക്കേണ്ടി വരും. സ്വാതന്ത്ര്യ സമരത്തിൻ്റെ സുവർണ്ണ അദ്ധ്യായങ്ങളിൽ നെഹ്റു എന്ന നാമം തിളങ്ങി തന്നെ നിൽക്കും. നിയമത്തെ വളച്ചൊടിച്ച് ഗുജറാത്ത് കൂട്ടക്കൊലയുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാൻ കഴിഞ്ഞെങ്കിലും ആ സംഭവത്തിലെ നരേന്ദ്രമോഡിയുടെ പങ്ക് പകൽ പോലെ വ്യക്തമാണ്. ആ ചോദ്യം എപ്പോൾ വേണമെങ്കിലും തന്റെ നേരെ നീളുമെന്ന് അറിയാവുന്നത് കൊണ്ടാണ് മോഡി മാധ്യമപ്രവർത്തകരിൽ നിന്നും ഓടിയൊളിക്കുന്നത്. ബി.ബി.സി ഡോക്യുമെന്ററിയെ നിരോധിച്ച് ജയിക്കാൻ ശ്രമിച്ചതിൽ തോറ്റുപോയതും ജനറൽ നരവനെയുടെ പുസ്തകത്തിന് ഇന്ത്യയിൽ പ്രസിദ്ധീകരണാനുമതി നൽകാതിരുന്നിട്ടും ഇന്ത്യാക്കാർ അതു വായിച്ചതും സംഘപരിവാരത്തിനെ വിളറി പിടിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി

ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കൾ അതാത് സഭകൾക്കുള്ളിൽ പ്രസംഗിക്കുന്നത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുന്ന പുതിയ രീതിയും ബി.ജെ.പിക്ക് സ്വന്തം. ഏറ്റവും ഒടുവിലായി നീക്കം ചെയ്തിരിക്കുന്നത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗയുടെ പ്രസംഗത്തിന്റെ സിംഹഭാഗവുമാണ്. അത്തരത്തിൽ നീക്കം ചെയ്താൽ പ്രസംഗത്തിന്റെ പൂർണ്ണരൂപം ജനമധ്യത്തിൽ വായിക്കുമെന്നാണ് ഖാർഗെ പറഞ്ഞിരിക്കുന്നത്. ചരിത്രത്തിൽ തങ്ങളുടെ അസംബന്ധങ്ങൾ ഔദ്യോഗിക രേഖയായി ഉണ്ടാകരുതെന്ന ഫാസിസ്റ്റുകളെ പോലും നാണിപ്പിക്കുന്ന നിലപാടാണ് മോഡി പടയുടേത്. കിരൺറിജിജുവെന്ന പാർലമെന്ററി കാര്യ മന്ത്രിയ്ക്ക് സഭാചട്ടങ്ങളുടെ എബിസിഡി അറിയില്ല.പഠിക്കാനും ശ്രമിക്കുന്നതായി അദ്ദേഹത്തിന്റെ നിലപാടുകളിൽ നിന്നും പൗരജനങ്ങൾക്ക് തോന്നുകയുമില്ല. കൂടെ കോറസ് പാടുന്ന രവിശങ്കർ പ്രസാദിന് നിലനിൽപ്പ് മാത്രമാണ് പ്രശ്നം. മോഡിയുടെ ഗുഡ്ലിസ്റ്റിൽ നിന്നും അദ്ദേഹം ഇപ്പോൾ പുറത്താണെന്നാണ് കരക്കമ്പി. എങ്ങനെയും തിരിച്ചു കയറി നിലഭദ്രമാക്കാനുള്ള അദ്ദേഹത്തിന്റെ പിടച്ചിൽ കാണുമ്പോൾ പാർലമെന്റിന്റെ പ്രസ് ഗാലറിയിലിരുന്ന് തുള്ളൽക്കഥ കാണുന്ന ചില മുതിർന്ന മാധ്യമ കാർന്നോന്മാർ ഊറി ചിരിക്കുന്നുണ്ട്. രാഹുലിന്റെ വിരട്ടൽ സഹിക്കാൻ വയ്യാതെ മോഡിയും അമിത്ഷായും ഇപ്പോൾ വല്ലപ്പോഴുമേ സഭയിൽ എത്താറുള്ളൂ. അവർക്ക് വരാൻ വേണ്ടി രാഹുലിനെ ലോക്സഭാ അംഗ്വത്തിൽ നിന്നും പുറത്താക്കണമെന്നും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും ആജീവനാന്തം വിലക്കണമെന്നുമുള്ള പ്രമേയവുമായി ബി.ജെ.പി സ്പീക്കറെ സമീപിച്ചിട്ടുണ്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ കരുത്ത് പല തവണ കണ്ടിട്ടും ഇത്തരം മണ്ടത്തരങ്ങളുമായി മുമ്പോട്ട് പോകാൻ സംഘപരിവാരത്തിന് മാത്രമേ സാധിക്കൂ.കുറച്ച് കഴിഞ്ഞാൽ പ്രതിപക്ഷമേ വേണ്ടെന്ന് തോന്നും.എപ്സ്റ്റീൻ ഫയലിന്റെ ഒരു തുമ്പ് മാത്രമേ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളൂ. താൻ വിചാരിച്ചാൽ മോഡിയുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ.രാഹുൽ ടീമിന് മുഴുവൻ വിവരങ്ങളും കൈമാറിയിട്ടാണോ പുള്ളിക്കാരൻ ഇതൊക്കെ പറയുന്നതെന്ന് വരും ദിവസങ്ങൾ തെളിയിക്കും.ഹർദീപ് സിംഗ് പുരിയെന്ന യൂണിയൻ സർക്കാരിലെ പെട്രാളിയം വകുപ്പ് മന്ത്രി ഇപ്പോൾ പെട്ടു നിൽക്കുകയാണ്. എപ്സ്റ്റീനെ കണ്ടത് ഡിജിറ്റൽ ഇന്ത്യ പദ്ധതിയെ കുറിച്ച് സംസാരിക്കാനായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കനകം മൂലം കാമിനി മൂലം എന്നാണല്ലോ കവിവാക്യം.

നരേന്ദ്ര മോദിയും നിതീഷ് കുമാറും

മോദിയുടെ ഈ നാടകങ്ങൾക്ക് മുഴുവൻ മൂകസാക്ഷിയാകേണ്ടി വരുന്ന പഴയ സോഷ്യലിസ്റ്റ്, നിതീഷ് കുമാർ എന്ന വയോധികന്റെ സ്ഥിതി പമമദയനീയം. ചന്ദ്രബാബു നായിഡുവിന് പ്രത്യയശാസ്ത്ര പരിമിതികൾ ഇല്ലാത്തതിനാൽ ദുഖിക്കേണ്ടി വരില്ല. നിതീഷിന്റെ സ്ഥിതി അതല്ല. തന്റെ യൗവനകാലത്തെ മറന്നു കൊണ്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് കുട പിടിക്കേണ്ടി വരുന്നതിനെ ഗതികേട് എന്നല്ലാതെ മറ്റെന്ത് പറയാൻ? മുമ്പ് ജോർജ്ജ് ഫെർണ്ടാസ് എന്ന ട്രോജൻ കുതിരയും ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോയത്. നെഹ്റുവിന് ശേഷമുളള ഇന്ത്യയിൽ അധികാരം ഉത്തരവാദിത്വത്തിനപ്പുറം അലങ്കാരമായി മാറിയതിന്റെ വില കൊടുക്കേണ്ടി വരുന്നത് ഈ രാജ്യമാണെന്ന് മാത്രം.

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.