സംസ്ഥാന രാഷ്ട്രീയത്തിൽ ഘട്ടം ഘട്ടമായി സ്വാധീനം വർദ്ധിപ്പിക്കുകയും ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിക്കൊണ്ട് തങ്ങളുടെ സ്ഥാനം അടിവരയിടുകയും ചെയ്തിരിക്കുന്നു സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയർത്തുന്ന ഭാരതീയ ജനതാ പാർട്ടി. കേന്ദ്രത്തിലെ തുടർഭരണങ്ങൾ നൽകിയ സംഘടനാ പേശി ബലത്തിന്റെയും കാശു ബലത്തിന്റെയും ഒക്കെ ഒരു പ്രതിഫലനമാണ് ഈ വിജയവും എന്ന് ഉറപ്പിച്ചു പറയാമെങ്കിലും കേരളത്തിൻറെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിസരത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പര്യാപ്തം തന്നെയാണ് ഈ ഫലങ്ങൾ.
ഷബീർ അഹമ്മദിന്റെ അവലോകനത്തിന്റെ നാലാമത്തേതും അവസാനത്തേതുമായ ഭാഗത്തിൽ ഈ പശ്ചാത്തലം കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെയും പാർട്ടിയുടെ ഘടകകക്ഷിയായ, “ ട്വന്റി ട്വൻറി” യുടെ തലവൻ സാബു എം ജേക്കബിനെയും ചർച്ച ചെയ്യുന്നു. എന്താണ് വ്യക്തിഗതവും സംഘടനാപരവുമായ തലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വ വും ബിജെപിയുടെ വിശാലസഖ്യങ്ങളും നൽകുന്ന രാഷ്ട്രീയ സന്ദേശങ്ങളുടെ അന്തസത്ത എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പും പുതിയ ഭരണവും ചില രാഷ്ട്രീയ – വ്യക്തിഗത വിജയ പരാജയങ്ങളുടെ കണക്കെടുപ്പും – IV
രാജീവ് ചന്ദ്രശേഖർ
ഇറക്കുമതി ചെയ്യപ്പെട്ട നേതാവ് എന്ന നിലക്ക് സംസ്ഥാന ബിജെപിയിൽ വലിയ പിന്തുണ ലഭിക്കാതിരുന്ന സംസ്ഥാന പ്രസിഡൻ്റാണ് രാജീവ് ചന്ദ്രശേഖർ. പക്ഷെ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ രാജീവടക്കം മൂന്ന് പേർ വിജയിച്ചതിൻ്റെ ക്രെഡിറ്റ് സാങ്കേതികമായിട്ടെങ്കിലും രാജീവിന് സ്വന്തമാണ്. മണ്ഡലങ്ങളെ നന്നായി പഠിച്ചു, വിജയ സാധ്യതയുടെ അടിസ്ഥാനത്തിൽ വേർതിരിച്ചു, താഴെ തട്ട് മുതൽ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ മൂന്നു സീറ്റിന്റെ അപൂർവ്വനേട്ടം. നേരത്തെ ശശി തരൂരിനോട് തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനു തോറ്റയാളാണ് രാജീവ്. അന്നത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, അതേ ജില്ലയിൽ നിന്ന് തന്നെ അനായാസനം വിജയിച്ചു കയറി ചരിതം സൃഷ്ടിച്ചിരിക്കുകയാണ് ഈ മുൻ കേന്ദ്രമന്ത്രി.

പ്രസിൻഡന്റായി വന്നയുടൻ ഇതാണ് ഇവിടെയാണ് തൻ്റെ വീട് എന്ന് പ്രഖ്യാപിച്ചു, പ്രവർത്തിച്ചതു് തുടങ്ങിയതാണ് രാജീവ്. കേരളത്തിലെ മറ്റ് രണ്ട് മുന്നണികൾ ഇനിയുള്ള കാലം, പഴേ വിരലെണ്ണി വിജയം പ്രവചിച്ചത് പോലെയല്ല ഡാറ്റ അനാലിസിസ് കൊണ്ടുള്ള രാജീവിന്റെ കളി. കാര്യം കേന്ദ്രത്തിന്റെ സഹായം വലിയ നിലയിൽ രാജീവിന് ഉണ്ടെങ്കിലും, മുന്നത്തെക്കാൾ ചെറുപ്പക്കാരെ ബിജെപിയിലേക്ക് അടുപ്പിച്ചത് ഈ ടെക്നോക്രാറ്റിന്റെ സൂപ്പർ ഇമേജ് തന്നെയാണ്. മലയാളം അറിയില്ല എന്ന് പറഞ്ഞു എതിരാളികൾ കളിയാക്കിയപ്പോൾ, രാജീവ് അതൊരു കുറവായി കാണാതെ, ഡെവലപ്പ്മെന്റൽ പൊളിറ്റിക്‌സാണ് തൻ്റെ ശക്തി എന്ന് ഊന്നി പറഞ്ഞാണ് പ്രവർത്തിച്ചത്. 2021 തിരഞ്ഞെടുപ്പിൽ വെറും 4 ശതമാനം വോട്ടിന്റെ കുറവിൽ കുമ്മനം തോറ്റ മണ്ഡലത്തിൽ, ഒരു “എക്സ്ട്രാ പുഷ്” ഉണ്ടെങ്കിൽ അത് തങ്ങൾക്കൊപ്പം പോരും എന്ന് മനസ്സിലാക്കിയ ബിജെപി അവിടെ രാജീവിനെ നിറുത്തിയത് ജയിക്കാൻ ഉറപ്പിച്ചാണ്.
രാജീവിനെ പ്രസിഡൻ്റായി തീരുമാനിച്ചപ്പോൾ പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ നിന്ന് ചില മുറുമുറുപ്പുകൾ ഉണ്ടായെന്നത് ശരിയാണ്. പക്ഷെ അമിത് ഷായുടെ വാക്കുകൾക്ക് അപ്പുറത്തേക്ക് പറയാൻ കഴിയുന്ന സ്ഥിതിയിലല്ല തങ്ങളെന്ന സത്യം അവർ തിരിച്ചറിയുന്നുണ്ട്. പക്ഷെ അണികൾക്കിടയിൽ, കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് തുല്യമായ ഇമേജുള്ള രാജീവ് ഒരു പ്രതീക്ഷ നൽകി. പാർട്ടി കുടുംബങ്ങൾക്ക് അപ്പുറത്തേക്ക് ആളെ കൂട്ടാൻ ഇപ്പോഴുള്ള സംസ്ഥാന നേതൃത്വനിര പോര എന്ന സത്യം കേന്ദ്ര നേതാക്കൾ തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ഈ പുതിയ പ്രസിഡന്റ്.
ശക്തനായ ശിവൻകുട്ടിയോടും, പ്രവർത്തനപരിചയമുള്ള ശബരിനാഥിനോടും ഏറ്റുമുട്ടി നേരത്തെ കുറവുണ്ടായിരുന്നു മാർജിൻ കടന്നു, 5% വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിച്ചത് മാത്രമല്ല രാജീവിന്റെ നേട്ടം. ഒപ്പം മറ്റ് രണ്ട് മണ്ഡലങ്ങൾ കൂടി പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് സംസ്ഥാന പ്രസിഡന്റിനുള്ളതാണ്. ഭരണം ഇല്ലാതിരുന്നിട്ടു കൂടി പരസ്പരം അടികൂടി നിന്നിരുന്ന പാർട്ടിയിൽ അണികളും, ആടി നിന്നിരുന്ന സമാനമനസ്കരും വിശ്വസിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പ് കാണിച്ചു തരുന്നത്.

മൂന്ന് സീറ്റിന്റെ വിജയം കൊണ്ടൊന്നും പക്ഷെ കേരളത്തിലെ ബിജെപി പഠിക്കും എന്നൊന്നും ജനങ്ങൾക്ക് തോന്നുന്നില്ല. കേരള നിയമസഭയിൽ ഇരിപ്പിടത്തിനായി ഈ പാർട്ടിയിലെ എംഎൽഎമാർ തമ്മിലുണ്ടായ തർക്കം, കാലാവർഷത്തിനു മുന്നുള്ള പകൽ പോലെ തെളിഞ്ഞതാണ്. ആസ്ഥാന നേതൃത്വവും, ഇറക്കുമതി ചെയ്യപ്പെട്ട നേതൃത്വവും തമ്മിലുള്ള തർക്കത്തിൽ മൂന്നാമനായ ഗോപകുമാർ സാറിനു നറുക്കു വീഴുകയായിരുന്നു.
ഇതാണ് രാജീവിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. തിരഞ്ഞെടുപ്പ് പ്രമാണിച്ചു അടങ്ങിയ ഗ്രൂപ്പ് തർക്കങ്ങൾ ഇനിയങ്ങോട്ട് ശക്തമായി തുടരും എന്ന് തന്നെയാണ് സൂചന. അതിനിടയിൽ വികസനം പറഞ്ഞു നേടിയ വോട്ടുകളെ ന്യായീകരിക്കാൻ സംസ്ഥാന സർക്കാരിനെ മറികടന്ന് എങ്ങനെ കേന്ദ്ര സഹായം ഇങ്ങോട്ട് എത്തിക്കാൻ കഴിയും എന്നും രാജീവ് ചിന്തിക്കേണ്ടിയിരിക്കുന്നു. ബിജെപി സംസ്ഥാന ഘടകത്തിന്റെ ഇടപെടലുകൾ കാരണം പദ്ധതി കാര്യങ്ങളിൽ ഒറ്റയ്ക്ക് മുന്നോട്ട് പോകുന്ന സുരേഷ് ഗോപിയുടെ പാത പിന്തുടരാൻ രാജീവിന് പ്രസിഡന്റ് എന്ന നിലയിൽ പരിമിതികളുണ്ട്. പക്ഷെ നേരത്തെ കുമ്മനം നിയമസഭയിൽ ഇരുന്നിട്ടും ജനങ്ങൾക്ക് ഒരു ഗുണവുമുണ്ടായില്ല എന്ന പോലൊരു ചിന്ത ജനങ്ങൾക്കിടയിൽ ഉണ്ടായാൽ, അത് മുന്നോട്ടുള്ള തിരഞ്ഞെടുപ്പുകളിലെ സാദ്ധ്യതകൾ കുറയ്ക്കും. മൂന്ന് സീറ്റിൽ നിന്ന് ഒരു സീറ്റ് കുറഞ്ഞാൽ പോലും അതിൻ്റെ ഉത്തരവാദിത്വം രാജീവ് ചന്ദ്രശേഖർ എന്ന ഈ മറുനാടൻ രാഷ്ട്രീയക്കാരന്റെ തലയിൽ കെട്ടി വയ്ക്കപ്പെടും.

ഇപ്പോഴുള്ള ഘടകകക്ഷികളിൽ ഒന്ന് പോലും ബിജെപിക്ക് ഗുണകരമാകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. ഘടക കക്ഷികൾ നേരെ തിരിച്ചും ചിന്തിക്കുന്നു. ഇവരിൽ ആരും മറുകണ്ടം ചാടി പോകാതിരിക്കാനുള്ള വഴിയും പ്രസിഡന്റ് തന്നെ ആലോചിച്ചു കണ്ടുപിടിക്കണം. പുതിയ കക്ഷികളെ കൂടെ ചേർത്ത് മുന്നണി ശക്തിപ്പെടുത്തേണ്ട ചുമതലയും അമിത്ഷാ രാജീവിനെ ഏൽപ്പിച്ചിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പിന് മുൻപ് കണ്ടുപിടിച്ചു കൂടെ ചേർത്ത ട്വന്റി20യുമായുള്ള അനുഭവം ഒട്ടും ആശാവഹമല്ല. പണ്ട് രാജ്യസഭാ അംഗവും മന്ത്രിയുമായിരുന്നപ്പോൾ പാർലമെന്റിൽ മോദിക്ക് ജയ് വിളിച്ചു രസിച്ച പോലെയാകില്ല ഇവിടത്തെ സ്ഥിതി. അത് മനസ്സിലാക്കി പ്രവർത്തിക്കുന്നത് അനുസരിച്ചാകും ഈ ബിഗ് ബിസിനസ്സ്മാന്റെ കേരളത്തിലെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുക.
സാബു എം. ജേക്കബ്
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ഉള്ളപ്പോഴാണ് അപ്രതീക്ഷിതമായി കിറ്റെക്സ് സാബു എന്നറിയപ്പെടുന്ന സാബു എം ജേക്കബ് തൻ്റെ ട്വന്റി 20 പാർട്ടിയുമായി NDA മുന്നണിയിലേക്ക് ചേക്കേറുന്നത്. ഇത് സാബു ജേക്കബിന്റെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒന്നായിരുന്നു എന്ന് വിശ്വസിക്കാൻ കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകർ തയ്യാറായിരുന്നില്ല. തീരുമാനങ്ങൾ എടുക്കുമ്പോൾ കണക്കുകൾ കൃത്യമായി കൂട്ടിയും കിഴിച്ചും പെരുമാറുന്ന കിറ്റെക്സ് സാബു, തൻ്റെ വോട്ട് ബാങ്കിന് അംഗീകരിക്കാൻ കഴിയാത്ത ഈ നീക്കം നടത്തിയതിനു പിന്നിൽ മറ്റെന്തോ പ്രേരകമായിട്ടുണ്ട് എന്ന് അവർ തുടക്കത്തിൽ തന്നെ പറഞ്ഞു.

ബിജെപി നയിക്കുന്ന ഈ മുന്നണി, ഘടകക്ഷികൾക്കിടയിൽ സീറ്റുകൾ വിഭജിച്ചപ്പോൾ സാധാരണക്കാർ പോലും അത്ഭുതം കൂറി. മൊത്തം 19 സീറ്റ് ട്വൻ്റി20 പാർട്ടിക്ക് കൊടുത്തു എന്ന് മാത്രമല്ല, അതിൽ പലതും ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായിരിന്നു താനും. തുടക്കം മുതൽ ഒപ്പമുള്ള വെള്ളാപ്പള്ളിയുടെ BDJS പാർട്ടിക്ക് പോലും 22 സീറ്റുകൾ മാത്രമേ കൊടുത്തുള്ളൂ എന്നോർക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകൂ.
എന്ത് കൊണ്ടായിരിക്കും ബിജെപി ഇത്രക്കെല്ലാം ത്യാഗം സഹിച്ചു രണ്ടോ മൂന്നോ പഞ്ചായത്തിൽ മാത്രം നിലനിൽക്കുന്ന ഒരു പാർട്ടിക്കായി ഈ വിട്ടുവീഴ്ചകളെല്ലാം ചെയ്തത് എന്ന ചോദ്യത്തിൽ നിന്നാണ് ഇതിനു പിന്നിലെ നീക്കങ്ങളെ ജനം തിരിച്ചറിയുന്നത്. ഈ മുന്നണി കയറ്റം സാബു ജേക്കബിന്റെ ഇഷ്ടപ്രകാരമായിരുന്നില്ല എന്ന് പറഞ്ഞല്ലോ. സാധാ പോലീസുകാർ ഒന്ന് കൈപിടിച്ച് തിരിച്ചാൽ പോലും അഭിപ്രായം മാറ്റുന്ന ആളുകളാണ് കൂടുതലും. അപ്പോൾ പിന്നെ രാജ്യം ഭരിക്കുന്ന പാർട്ടി, ഒരു വ്യവസായിയോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ, മറുത്തെന്തെങ്കിലും പറയും എന്ന് കരുതുക വയ്യ. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ഒരുപോലെ യുഡിഎഫിനെയും, എൽഡിഎഫിനെയും എതിർത്ത് നിൽക്കുന്ന ഒരു ഹൈ പ്രൊഫൈൽ, ന്യൂനപക്ഷ, ബിസിനസ്സുകാരനെ കൂടെ കൂട്ടുന്നത് വഴി, ന്യൂനപക്ഷ മനസ്സുകളിലേക്ക് തങ്ങൾക്കു അപ്രാപ്ര്യമായ ഒരു കടന്നു കയറ്റം സാധിച്ചെടുക്കാൻ എന്നായിരുന്നു ബിജെപിയുടെ ചിന്ത.

പക്ഷെ പിന്നീടാണ് സാബു ജേക്കബിന്റെ ബ്രില്യൻസ് നാം കാണുന്നത്. തൻ്റെ കൂടുമാറ്റത്തിനെ ന്യായീകരിക്കാൻ ഇരുപതിൽ കൂടുതൽ സീറ്റ് ചോദിച്ചു കാണണം, അല്ലാതെ 19 സീറ്റ് കിട്ടാൻ യാതൊരു സാധ്യതയുമില്ല. എന്നിട്ട് ആ സീറ്റുകളിൽ എല്ലാം തന്നെ, നിസ്സാരക്കാരായ എന്ന് പറഞ്ഞാൽ പോര, തീരെ രാഷ്ട്രീയ പ്രാധാന്യമില്ലാത്ത സ്ഥാനാർത്ഥികളെ നിറുത്തി. അതിൽ പലരുടെയും പേരുകൾക്കും സാബു ജേക്കബിന്റെ പ്രതിച്ഛായയുമായി യാതൊരു സാമ്യവുമുണ്ടായിരുന്നില്ല. മുഴുവൻ സമയ രാഷ്ട്രീയക്കാരെക്കുറിച്ചു ഉയർന്നു വരാറുള്ള തമാശകൾക്കും മേലെ, ഇവരിൽ പലരുടെയും പേരുകൾ കേട്ടപ്പോൾ ജനങ്ങൾ പൊട്ടിചിരിച്ചതിൽ തെറ്റൊന്നുമില്ല. അതിൽ ചിലർക്ക് സ്ഥാനാർത്ഥിയാകാൻ പോലും യോഗ്യത ഉണ്ടായിരുന്നില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടുപിടിച്ചതിൽ നിന്നും, സാബു ഈ തിരഞ്ഞെടുപ്പിനെയും, മുന്നണിയെയും എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. തനിക്കു ഇഷ്‌മില്ലാതെ എടുക്കേണ്ടി വന്ന തീരുമാനത്തിന്, തോൽവിയിലും കുറഞ്ഞ ഒരു പ്രകടനം നടത്തിയാണ് സാബു ബിജെപിക്ക് മറുപടി നൽകിയത് എന്ന് മനസ്സിലാക്കാൻ ഒരു പടിപ്പുര വരെയും പോകേണ്ട കാര്യമില്ല. അങ്ങനെയാകുമ്പോൾ, ഇത് സാബു ജേക്കബ് എന്ന രാഷ്ട്രീയക്കാരന്റെ വിജയമായി മാത്രമേ നമുക്ക് കാണാൻ കഴിയൂ!

പക്ഷെ ബിജെപിയെ വെറുപ്പിച്ചു നിറുത്തുന്നത് സാബു ജേക്കബിനെ പോലുള്ള ഒരു ബിസിനസ്സുകാരാണ് എന്ത്രത്തോളം ഗുണകരമാണ് എന്ന് കണ്ടറിയണം. ചിലപ്പോൾ ചന്ദ്രബാബുവുമായുള്ള ചങ്ങാത്തത്തിന്റെ ബലമായിരിക്കും ഇപ്പോൾ സാബു കാണിക്കുന്ന ധൈര്യം. പക്ഷെ കൂടെ കൂട്ടിയവരെയെല്ലാം രാഷ്ട്രീയമായി തകർത്ത ചരിത്രമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. അതുപോലെ തന്നെ, മുന്നോട്ടുള്ള രാഷ്ട്രീയ യാത്രയിൽ ബിജെപിയുമായി തന്നെ കൂട്ടുകൂടാനാണ് തീരുമാനമെങ്കിൽ അത് ട്വന്റി ട്വൻറിയുടെ അടിസ്ഥാന വോട്ട് ബാങ്കിനെ എങ്ങനെ ബാധിക്കും എന്നും സാബു ജേക്കബ് ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു കൂട്ടം പഞ്ചായത്തുകളിൽ ഇത്രകാലം വികസനവും, അഴിമതി രഹിത ഭരണവും തങ്ങളുടെ നയങ്ങളായി മുന്നോട്ട് വച്ച് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച സാബുവിനെ ഇനി മറ്റ് രണ്ടു മുന്നണികളും വർഗ്ഗീയ വാദികൾക്ക് കുടപിടിച്ചയാൾ എന്ന് വിളിച്ചാൽ, അതിനെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടും. CSR ഫണ്ടിന്റെ ബലത്തിൽ പഞ്ചായത്തുകൾ ഭരിക്കുന്ന സാബുവിന് ഇനിയൊരു മതേതര മുഖം ഉണ്ടാക്കാൻ സാധിക്കുമോ എന്ന് കാലം തെളിയിക്കേണ്ട വിഷയമാണ്.
പരമ്പരയിലെ മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.





