ഇബ്നു ബത്തൂത്തയുടെ നാട്ടിലേയ്ക്ക്…
ജി.പി. രാമചന്ദ്രന്റെ മൊറോക്കോ യാത്രാക്കുറിപ്പുകള്‍ ആരംഭിക്കുന്നു.
ചരിത്രവും സംസ്‌കാരവും ഭൂമിശാസ്ത്രവും പല ലോകങ്ങളുടെ സാംസ്‌കാരിക സഞ്ചാരപഥങ്ങളും സംഗമിക്കുന്ന മൊറോക്കോയിലേക്ക് ജി.പി. രാമചന്ദ്രൻ യാത്ര തിരിക്കുന്നു. നഗരങ്ങളും തെരുവുകളും മനുഷ്യരും കലയും സിനിമയും ചരിത്രത്തിന്റെ ശേഷിപ്പുകളും സമകാലിക ജീവിതത്തിന്റെ സ്പന്ദനങ്ങളും ചേർന്ന മൊറോക്കൻ അനുഭവങ്ങളാണ് പുതിയ യാത്രാക്കുറിപ്പുകളിലൂടെ അദ്ദേഹം ദി ഐഡം വായനക്കാരുമായി പങ്കുവയ്ക്കുന്നത്.
ഈജിപ്തിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങൾ നേരത്തെ ദി ഐഡം 24 ഭാഗങ്ങളുള്ള പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. (വായിക്കാം ഇവിടെ)
ആ പരമ്പരയ്ക്കു പിന്നാലെയാണ് ജി.പി. രാമചന്ദ്രന്റെ മൊറോക്കോ യാത്രാക്കുറിപ്പുകൾ ദി ഐഡത്തിൽ ആരംഭിക്കുന്നത്.
ആധുനിക പൂർവ ലോകത്തെ സുപ്രധാന യാത്രികനായിരുന്നു ഇബ്നു ബത്തൂത്ത. സഞ്ചാരികളുടെ സഞ്ചാരി എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. എഴുപത്തയ്യായിരത്തിലധികം നാഴികകൾ അഥവാ ഒരു ലക്ഷത്തി പതിനൊന്നായിരം കിലോമീറ്ററുകള്‍, എ ഡി ആയിരത്തി മുന്നൂറുകളിൽ സഞ്ചരിച്ചയാളാണ് ഇബ്നു ബത്തൂത്ത, ആവിയന്ത്രം കണ്ടു പിടിക്കപ്പെടുന്നതിനു മുമ്പ്, യാത്രാസൗകര്യങ്ങള്‍ തീരെ കുറഞ്ഞ കാലത്താണ് ഇത്രയും ദൂരം ലോകമെമ്പാടുമായി അദ്ദേഹം സഞ്ചരിച്ചതെന്നോര്‍ക്കുക.
വാസ്കോഡഗാമ കാപ്പാട് കടപ്പുറത്തിറങ്ങുന്നതിനും നൂറ്റമ്പതു വർഷം മുമ്പ് കോഴിക്കോട്ടെത്തിയ വിദേശിയാണ് ഇബ്നു ബത്തൂത്ത. പക്ഷെ, പ്രകടമായ ഒരു വ്യത്യാസമുണ്ട്. ഇബ്നു ബത്തൂത്ത ലോകം പിടിച്ചടക്കുന്നവനായിരുന്നില്ല, എന്നാൽ വാസ്കോഡഗാമ അപ്രകാരം ഉള്ള ഒരുദ്ദേശ്യത്തോടെ എത്തിയ സാമ്രാജ്യത്വ നാവികനായിരുന്നു. പോര്‍ത്തുഗീസുകാര്‍ ഇന്ത്യയിലും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും എത്തി അവിടെയെല്ലാം അധീശത്വം സ്ഥാപിച്ചത് വിഖ്യാത ഫിലിപ്പിനി സംവിധായകന്‍ ലവ് ഡയാസ് സംവിധാനം ചെയ്ത മാഗെല്ലന്‍ എന്ന സിനിമയില്‍ കഴിഞ്ഞ വര്‍ഷം കണ്ടിരുന്നു. ഗോവയായിരുന്നു കുറെയധികം വര്‍ഷം, ഏഷ്യയിലെ പോര്‍ത്തുഗീസ് ഭരണത്തിന്റെ ആസ്ഥാനം. മാഗെല്ലന്റെ ഇഫിയിലെ പ്രദര്‍ശനം, ഐനോക്‌സിലെ നാലു സ്‌ക്രീനിലുമല്ലായിരുന്നു. തൊട്ടടുത്തുള്ള മാക്വിനെസ് പാലസിലായിരുന്നു അത്. അവിടെയും ഒരു മാറ്റിനിര്‍ത്തല്‍.

വാസ്കോഡഗാമ, യൂറോപ്യൻ വംശജൻ ആയിരുന്നെങ്കിൽ ഇബ്നു ബത്തൂത്ത മഗ്രിബ് കാരനായ ബെർബെർ വംശജനായിരുന്നു. ആദ്യത്തെയാൾ കൃസ്ത്യാനിയും രണ്ടാമത്തെ ആൾ സുന്നി കര്‍മശാസ്ത്രം പിന്തുടര്‍ന്ന ഇസ്ലാമിക വിശ്വാസിയും. വാസ്കോഡഗാമ ആയുധങ്ങളും തന്ത്രങ്ങളും കച്ചവടവും അധിനിവേശവും എല്ലാമാണ് ഉപയോഗിച്ചതെങ്കിൽ, ഇബ്നു ബത്തൂത്ത സംസ്കാര കൗതുകവും പ്രണയവും നീതി നിർവഹണവും പരിഷ്കരണവും യാത്രയെ രേഖപ്പെടുത്തലും എല്ലാമാണ് ജീവിത ലക്ഷ്യവും ശൈലിയുമാക്കിയത്. മാലിദ്വീപിലെ പെണ്ണുങ്ങളോട് മാറു മറയ്ക്കുന്നതാണ് പരിഷ്കാരം എന്നദ്ദേഹം പറഞ്ഞുകൊടുത്തതായും മുലക്കച്ചകൾ പ്രചരിപ്പിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

എവിടെ എത്തിയാലും അവിടത്തെ ഒന്നോ ഒന്നിലധികമോ പ്രാദേശിക വനിതകളെ വിവാഹം ചെയ്ത് അവരിൽ കുട്ടികളെ ഉത്പാദിപ്പിച്ച് തിരിച്ചു പോകുന്നതിനു തൊട്ടുമുമ്പ് വിവാഹമോചനം ചെയ്യണമെന്ന ആശയക്കാരനായിരുന്നു ഇബ്നു ബത്തൂത്ത. കോഴിക്കോട്ടും സാമൂതിരി രാജാവിന്റെ ആതിഥ്യം സ്വീകരിച്ച അദ്ദേഹം മലബാറുകാരിയെ വിവാഹം ചെയ്യുന്നുണ്ട്. അതിലെ സന്തതി പരമ്പരകളുടെയും അനന്തര തലമുറകളുടെയും (അങ്ങനെ ഉണ്ടെങ്കിൽ) കഥകളൊന്നും കേട്ടിട്ടില്ല. കേട്ടത് തെങ്ങിനെ ക്കുറിച്ച് അദ്ദേഹം ഇന്ത്യയിലെ (കേരളത്തിലെയുമാവാം) ഒരു രാജസദസ്സിൽ കേട്ട കഥയാണ്. ആ കഥ കെ ഇ എൻ കുഞ്ഞഹമ്മദ് ഇപ്രകാരം ഉദ്ധരിക്കുന്നു.
തെങ്ങിനെപ്പറ്റിയാണ് ഇബ്‌നു ബത്തൂത്തയുടെ കഥ. ഒരു ദിവസം തത്വജ്ഞാനി രാജാവിനെ ഉണര്‍ത്തിച്ച കഥ, ഇബ്‌നു ബത്തൂത്ത കേള്‍ക്കുകയായിരുന്നു. : ‘ പ്രഭോ, അങ്ങയെ ഒരു കാര്യം ഗ്രഹിപ്പിക്കാന്‍ വളരെ നാളായി ഞാന്‍ ആഗ്രഹിക്കുന്നു. കാര്യം വളരെ ഗൗരവപ്പെട്ടതാണ്. ………….നമ്മുടെ പ്രധാനമന്ത്രിയുടെ തല വെട്ടിക്കുഴിച്ചിട്ടാല്‍ അതില്‍ നിന്ന് ഒരു പ്രത്യേക വൃക്ഷം വളരുന്നതും അനന്യലഭ്യവും അത്യത്ഭുതകരവുമായ കായ് അതിന് ഉണ്ടാകുന്നതുമാണ്. നമുക്ക് പ്രധാനമന്ത്രിയെ വേറെ ലഭിച്ചെന്നു വരും. ആ അത്ഭുതവൃക്ഷം മറ്റൊരാളുടെ ശിരസ്സില്‍ നിന്നും വളരുകയില്ല. അതിന്റെ നന്മ നമുക്ക് മാത്രമല്ല, ലോകത്തിനു മുഴുവന്‍ ലഭിക്കുന്നതാണ്’.
‘അതു പോലെ സംഭവിച്ചില്ലെങ്കില്‍..’ രാജാവ് സംശയം പ്രകടിപ്പിച്ചു.
‘എന്നാല്‍ എന്റെ തലയും അതുപോലെ വെട്ടി കുഴിച്ചിടാം’. തത്വജ്ഞാനി ഉത്തരം നല്‍കി.
തത്വജ്ഞാനിയുടെ വാക്കുകള്‍ വിശ്വസിച്ച രാജാവ് പ്രധാനമന്ത്രിയുടെ തല വെട്ടാന്‍ ആജ്ഞാപിച്ചു. തത്വജ്ഞാനി ആ തലയെടുത്ത് ഒരു ഈത്തപ്പഴുക്കുരു തലച്ചോറില്‍ വെച്ചു കുഴിച്ചിട്ടു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പ്രത്യേകതരം മരം മുളച്ചു വന്നു. വേണ്ടപോലെ ശുശ്രൂഷകള്‍ ചെയ്തതിനാല്‍ ആ വിചിത്രമരം പെട്ടെന്നു വളര്‍ന്നു. ആ മരമാണ് തെങ്ങ്. അതിന്മേല്‍ ഉണ്ടായതാണ് നാളികേരം’
കെ ഇ എൻ ഇത് എടുത്തെഴുതുന്നതിന് കാരണമായത് എന്റെ ഈജിപ്ത് യാത്രാവിവരണം ആയ “ നാഗരികതയുടെ പിരമിഡുകൾ” എന്ന പുസ്തകത്തെക്കുറിച്ച് വിവരിക്കുന്നതിനിടയിലാണ്. ഈജിപ്ത് യാത്രാവിവരണവും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത് ദി ഐഡത്തിലായിരുന്നല്ലോ. ഇബ്നു ബത്തൂത്തയുടെ തെങ്ങും ജിപിയുടെ പിരമിഡും (വാരാദ്യ മാധ്യമത്തിലെ ഇടപെടല്‍ എന്ന പംക്തിയില്‍) എന്ന ത്രസിപ്പിക്കുന്ന ആ തലക്കെട്ടിന്റെ മുഴക്കം എന്റെ പുതിയ യാത്രയെ നിര്‍ണയിക്കുന്നുണ്ട്. കാരണം, ഇബ്നു ബത്തൂത്തയുടെ നാടായ മൊറോക്കോയിലേയ്ക്കാണ് ഈ യാത്ര.

ഒന്നാം ഈജിപ്ത് യാത്രയിലൊപ്പമുണ്ടായിരുന്ന എന്റെ പങ്കാളി പ്രീത ഈ യാത്രയിലും കൂടെയുണ്ട്. സുഹൃത്ത് വി കെ ജോസഫും മറ്റേതാനും യാത്രികരുമുള്ള ഈ യാത്രയുടെയും വഴികാട്ടി പ്രിയപ്പെട്ട ലുഖ്മാൻ ആണെന്നതും ഹൃദ്യമായ സംഗതിയാണ്.
മൊറോക്കോയിലെ ടാൻജീർ പട്ടണത്തില്‍ 1304ല്‍ ജനിച്ച ഇബ്‌നു ബത്തൂത്ത 1325ല്‍ ഹജ്ജിനായി പുറപ്പെടുകയാണ്. സാധാരണ ഗതിയില്‍ ആ കാലത്ത് പത്തോ പതിനാറോ മാസം കൊണ്ട് യാത്രയും ഹജ്ജ് കര്‍മ്മവും പൂര്‍ത്തിയാക്കി തിരിച്ചെത്താം. എന്നാല്‍, അദ്ദേഹം പിന്നീട് മൊറോക്കോയിലെത്തുന്നത് ഇരുപത്തൊന്ന് വര്‍ഷത്തിനു ശേഷം 1349ലാണ്. ഒരിടവേളയ്ക്കു ശേഷം വീണ്ടും നീണ്ട യാത്രകള്‍ അദ്ദേഹം നടത്തി. പല വന്‍കരകളിലായി പടര്‍ന്നു പന്തലിച്ച ഇസ്ലാമിന്റെ സ്വാധീനമേഖലകളിലൂടെയായിരുന്നു സൂഫിയായ ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരം. പലയിടത്തും രാജാക്കന്മാരാല്‍ ആദരിക്കപ്പെട്ട് ഉന്നതപദവികളില്‍ അദ്ദേഹത്തെ നിയമിച്ചു.
ഈ യാത്രകളൊന്നും പക്ഷെ, കുറിപ്പുകളെഴുതി സൂക്ഷിക്കുന്ന പതിവ് അദ്ദേഹത്തിനില്ലായിരുന്നു. അതിനാലാണ്, അവസാനം, മൊറോക്കോയിലെ സുല്‍ത്താന്റെ ആജ്ഞ പ്രകാരം ഇബ്‌നു ജുസായ് എന്ന യുവകവിയോട് ഇബ്‌നു ബത്തൂത്ത പറഞ്ഞുകൊടുത്ത അനുഭവങ്ങള്‍ പുസ്തകമായി മാറിയത്. രിഹ്‌ല അഥവാ യാത്രകള്‍/യാത്രാവിവരണങ്ങള്‍ എന്ന പേരിലുള്ള ആ മഹാപുസ്തകം, ഗദ്യമെന്നതു പോലെ പദ്യങ്ങളും കെട്ടുകഥകളും എല്ലാം കൊണ്ട് സവിശേഷമായ കൃതിയാണ്. ഇ പി പവിത്രന്‍ എഴുതിയ ഇബ്‌നു ബത്തൂത്തയുടെ ലോക യാത്രകള്‍ എന്ന രിഹ്‌ലയുടെ സ്വതന്ത്ര പുനരാവിഷ്‌കാരം ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വേലായുധന്‍ പണിക്കശ്ശേരിയുടെ ഇബ്‌നു ബത്തൂത്ത കണ്ട ഇന്ത്യ ഡിസി ബുക്‌സും അദ്ദേഹത്തിന്റെ തന്നെ ഇബ്‌നു ബത്തൂത്ത കണ്ട കേരളം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും പിന്നീട് കറന്റ് ബുക്‌സും എല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ. മങ്കട അബ്ദുള്‍ അസീസിന്റെ ഇബ്‌നു ബത്തൂത്തയുടെ സഞ്ചാര കഥകള്‍ അല്‍ഹുദാ ബുക്സ്റ്റാളും, ഡോ. സി കെ കരീം എഴുതിയ ഇബ്‌നു ബത്തൂത്തയുടെ കള്ളക്കഥകള്‍ എന്ന പുസ്തകം വിചാരം ബുക്‌സും പ്രസിദ്ധീകരിച്ചു. ലോകമെമ്പാടുമെന്നതു പോലെ മലയാള ഭാഷാ വായനക്കാരുടെയും ഇഷ്ട വിഷയമാണ് ഇബ്‌നു ബത്തൂത്തയുടെ വിവരണങ്ങള്‍ എന്നാണിത് കാണിക്കുന്നത്.
കൊച്ചിയില്‍ നിന്ന് ജിദ്ദ വഴിയുള്ള സൗദിയ വിമാനത്തിലാണ് ഞങ്ങള്‍ മൊറോക്കോയിലെ കാസബ്ലാങ്ക നഗരത്തിലേയ്ക്ക് യാത്ര ചെയ്തത്. തിരിച്ചും ഈ വഴി തന്നെ.

കാസബ്ലാങ്കയില്‍ ലുഖ്മാന്‍ കാത്തു നിൽപ്പുണ്ടായിരുന്നു. അവിടെ ചുറ്റിക്കണ്ട ശേഷം, ഫെസ് പുരാതന നഗരത്തിലേക്കാണ് . തുണീസ്യയില്‍ നിന്നും സ്‌പെയിനിലെ അന്തലൂഷ്യയില്‍ നിന്നും വന്ന പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ പുനര്‍ നിര്‍മ്മിച്ച നഗരം കൂടിയാണ് ഫെസ്. മഴു എന്നര്‍ത്ഥം വരുന്ന ഫെസ് മഗ്രിബി ഭാഷയില്‍ നിന്ന് അറബിയിലേക്കും പിന്നീട് പാശ്ചാത്യ ഭാഷകളിലേയ്ക്കും വിന്യസിക്കപ്പെട്ട സ്ഥലനാമമാണ്. ലോകത്തിലെ തന്നെ കാല്‍നടയായി നടന്നു തീര്‍ക്കേണ്ട ഏറ്റവും വിസ്താരം കൂടിയ നഗരമാണിത്. ലോകത്തെ ആദ്യത്തെ സര്‍വ്വകലാശാല അല്‍ ഖറാവിയ്യീനും മറ്റുമുള്ള പഴയ മദീന (നഗരം) കാറുകള്‍ കടക്കാതെ, യുഎന്‍ ഹെറിറ്റേജ് സൈറ്റായി നിലനിര്‍ത്തിയിരിക്കുകയാണ്.

ഷെഫ്ചാവുനിലെ നീല നഗരവും കസബയും പിന്നീട് തെത്തുവാനിലെ പഴയ മദീനയും എല്ലാം കാണുന്നുണ്ട്. പുറത്താക്കപ്പെട്ട സ്പാനിഷ് മുസ്ലിങ്ങള്‍ നിര്‍മ്മിച്ച ആദ്യ നഗരമാണിത്. പിന്നീടാണ് ടാഞ്ജിയറിലെത്തി ഇബ്‌നു ബത്തൂത്തയുടെ ശവകുടീരം കാണുക. മഹാ സഞ്ചാരിയുടെ മുമ്പില്‍ ആദരമര്‍പ്പിക്കാന്‍ സാധിക്കുന്നത്, ലോകത്തിലൂടെയും മനുഷ്യര്‍ക്കിടയിലൂടെയും സിനിമകളിലൂടെയും സംസ്‌ക്കാരങ്ങള്‍ക്കിടയിലൂടെയും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എനിയ്ക്ക് അഭിമാനകരമായ അനുഭവമായിരിക്കും. ജിബ്രാള്‍ട്ടര്‍ കടലിടുക്കും ഇവിടെയാണ്. തലസ്ഥാനനഗരിയായ റാബത്തിലും മറാക്കെഷിലുമാണ് പിന്നീട് പോകുന്നത്. ഇംലിലിലെ ബെര്‍ബെര്‍ മല നഗരത്തില്‍ പോയതിനു ശേഷം, മൊറോക്കോയിലെ ഹോളിവുഡ് എന്നറിയപ്പെടുന്ന ഔര്‍സസാത്തെ വിശദമായി കാണുന്നുണ്ട്.
ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ലോറന്‍സ് ഓഫ് അറേബ്യ മുതല്‍ ക്രിസ്റ്റഫര്‍ നോളന്റെ ദ് ഒഡീസി വരെയുള്ള നിരവധി ഹോളിവുഡ് സിനിമകള്‍ മൊറോക്കോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇവയെല്ലാം ഇവിടെ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് ലുഖ്മാന്‍ പറഞ്ഞു. ഞാനും ജോസഫും സിനിമാ നിരൂപകരായതു കൊണ്ട് അതു പ്രത്യേക സന്തോഷം തന്നെ. ബെര്‍ത്തലൂച്ചിയുടെ ദ് ഷെല്‍ട്ടറിംഗ് സ്‌കൈയും പസോളിനിയുടെ ഈഡിപ്പോറെയും ഹിച്ച്‌കോക്കിന്റെ ദ് മാന്‍ ഹു ന്യൂ ടൂമച്ചും ഇനാറിത്തുവിന്റെ ബാബേലും നോളന്റെ തന്നെ ഇന്‍സെപ്ഷനും എല്ലാം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഈ സിനിമകളെല്ലാം വീണ്ടും കാണാന്‍ ഈ സന്ദര്‍ശനം പ്രേരിപ്പിക്കുമെന്നതുറപ്പാണ്.

ശേഷം സഹാറ മരുഭൂമിയുടെ ഏറ്റവും മനോഹര ഭാഗമായ മർസൂകയിലേക്കും ഞങ്ങൾ യാത്ര ചെയ്യുന്നുണ്ട്. ഒരു രാത്രി മരുഭൂമിയിൽ തങ്ങും. മൊറോക്കോയുടെ ഭൂമി ഭംഗിയും വൈവിധ്യവും ലോകത്ത് സമാനത ഇല്ലാത്തതും, ഫോട്ടോജീനിക്കും ആയതിനാലാണ് നൂറുകണക്കിന് അന്താരാഷ്ട്ര ചിത്രങ്ങൾക്ക് ആ നാട് വേദിയായത്.
വടക്കേ ആഫ്രിക്കയിലെ മഗ്രിബ് പ്രദേശത്താണ് മൊറോക്കോ സ്ഥിതി ചെയ്യുന്നത്. അള്‍ജീരിയയും ലിബിയയും മൗറിത്താനിയയും തുണീഷ്യയും എല്ലാം കൂടിയാണ് വിശാല മഗ്രിബ് എന്നറിയപ്പെടുന്നത് (മൊറോക്കോക്ക് മാത്രമായി അറബിയിൽ വിളിക്കുന്ന പേരും മഗ്രിബ് എന്നാണ്). മൗറിത്താനിയ ആണ് വിഖ്യാത ചലച്ചിത്രകാരന്‍ അബ്ദറഹിമാന്‍ സിസാക്കോയുടെ നാട്. കഴിഞ്ഞ തിരുവനന്തപുരം മേള (ഐഎഫ്എഫ്‌കെ)യില്‍ സിസാക്കോയ്ക്കായിരുന്നു ആജീവനാന്ത പുരസ്‌കാരം. സിസാക്കോയുടെ സിനിമകളെക്കുറിച്ച് സൊകോളോ മുതല്‍ തിംബുക്തു വരെ എന്ന പുസ്തകമെഴുതിയ മുഹമ്മദ് ശമീമും മധു ജനാര്‍ദ്ദനനും ഞാനും കൂടി സിസാക്കോയെ, തിരുവനന്തപുരത്തെ ഒരു കോഫി ഷോപ്പില്‍ വെച്ച് പ്രത്യേകം കാണുകയും ഏറെ സംസാരിക്കുകയും ചെയ്തു. മൗറിത്താനിയയിലേയ്ക്ക് ഞങ്ങളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ലുഖ്മാന്‍ ആദ്യം അവിടെ പോയി, കൊളംബസ് അമേരിക്ക ‘കണ്ടു പിടിച്ചതു’ പോലെ കണ്ടു പിടിച്ചതിനു ശേഷമാവാം ആ യാത്ര എന്നാണാലോചിക്കുന്നത്.

മെഡിറ്ററേനിയന്‍ കടലും അറ്റ്‌ലാന്റിക് സമുദ്രവും അതിര്‍ത്തികളായുള്ള മൊറോക്കോ, അള്‍ജീരിയയുടെയും അയല്‍ രാജ്യമാണ്. ബാറ്റില്‍ ഓഫ് അള്‍ജിയേഴ്‌സ് അടക്കമുള്ള സിനിമകളിലൂടെയും; ഭൂമിയിലെ ശപിക്കപ്പെട്ടവര്‍ എന്ന പുസ്തകം എഴുതിയ വിമോചന ചിന്തകന്‍ ഫ്രാന്‍സ് ഫാനന്റെ നാടെന്ന നിലയ്ക്കും മറ്റും അള്‍ജീരിയ എന്റെ ഹൃദയത്തില്‍ തന്നെയുള്ള രാഷ്ട്രവും സംസ്‌ക്കാരവുമാണ്. ഈയിടെ അന്തരിച്ച ടോണി ഗാറ്റ്‌ലിഫും അള്‍ജീരിയയിലാണ് ജനിച്ചത്. നാടോടി വിഭാഗക്കാരിയായിരുന്നു അദ്ദേഹത്തിന്റെ അമ്മയെങ്കില്‍ പിതാവ് ബെര്‍ബെര്‍ വിഭാഗക്കാരനായിരുന്നു. മഹാനായ ഫുട്‌ബോള്‍ ഇതിഹാസം സെനദിന്‍ സിദാനും അള്‍ജീരിയന്‍ വംശജനാണ്. മോറോക്കോയും ഫുട്ബാളില്‍ ഏറെ മുന്നേറിയ രാജ്യമാണ്. 2013ല്‍ ഫിഫ ക്ലബ് ലോകകപ്പ് മൊറോക്കോയിലായിരുന്നു. രാജ കാസബ്ലാങ്ക എന്ന ടീം ഫൈനലിലെത്തിയെങ്കിലും ജെര്‍മന്‍ ക്ലബ്ബിനോട് പരാജയപ്പെട്ടു. 2022ലെ ലോകകപ്പ് ഫുട്‌ബോളില്‍ മൊറോക്കോ ടീം സെമിഫൈനലിലെത്തിയിരുന്നു.

ഇബ്നു ബത്തൂത്തയും ബെര്‍ബെര്‍ വിഭാഗക്കാരനാണ്. ചുരുക്കത്തില്‍, സംസ്‌ക്കാരങ്ങളുടെ ഇടകലരലും കൂടിക്കുഴയലും നിത്യയാഥാര്‍ത്ഥ്യമായിത്തീരുന്ന ഭൂമി തന്നെയാണ് മൊറോക്കോയും. അല്ലെങ്കില്‍ ഏതു നാടാണ് അങ്ങിനെയല്ലാത്തത്!
(മൊറോക്കോ യാത്രാകുറിപ്പുകള്‍: 02 – അടുത്ത ആഴ്ച തുടരും)





