ഫെസ് – ദൃശ്യഭംഗികളും കൊളോണിയല്‍ നോട്ടങ്ങളും (മൊറോക്കൻ യാത്രാകുറിപ്പുകൾ – 6)
ജി.പി. രാമചന്ദ്രന്റെ മൊറോക്കോ യാത്രാക്കുറിപ്പുകള്‍ തുടരുന്നു… (മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ)
ഫെസ് നഗരത്തിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ പഴയ മദീനയിലൂടെ നടക്കാനിറങ്ങി. റിഫ് പർവ്വത നിരകളുടെ ഭാഗമായ, ചെറിയ ചെരിവുള്ള കുന്നിലാണ് ഫെസ് പടുത്തുയർത്തിയത്. നഗരത്തിന്റെ താഴെ നിന്ന് മുകളിലേക്ക് കയറി കാഴ്ചകൾ കാണാനിറങ്ങിയാൽ പെട്ടെന്നു ക്ഷീണിക്കും. ഒരു മോട്ടോർ വാഹനവും വീതികുറഞ്ഞ ഇടവഴികൾ മാത്രമുള്ള ആ നഗരത്തിൽ കയറില്ല എന്നതിനാൽ, നടക്കുക മാത്രമേ ആശ്രയമുള്ളൂ. ഫെസിൽ ഇതിനു മുമ്പ് ഒരാഴ്ച താമസിച്ച പരിചയം ലുഖ്മാനുള്ളതിനാൽ, നടക്കാൻ ഏറ്റവും സുഖകരം കുന്നിൻ മുകളിൽ ആരംഭിക്കുന്ന ഗേറ്റിലാണ് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞങ്ങളുടെ നടത്തം, ബാബ് ബുജ്ലൂദില് നിന്ന്, രാവിലെ 9 മണിക്ക് തന്നെ ആരംഭിച്ചത്.
എഡി 809 ല്‍ സ്ഥാപിക്കപ്പെട്ട മദീന (നഗരം)യാണ് ഫെസ്. യുനെസ്‌കോ ഹെറിറ്റേജ് സൈറ്റായി പരിരക്ഷിക്കപ്പെടുന്ന ഈ മദീന, പഴയ അതേ രീതിയില്‍ പരിപൂര്‍ണമായി നിലനിര്‍ത്തപ്പെട്ടിട്ടുള്ള ഏക മദീനയാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന റിയാദുകളും (വീടുകള്‍) മദ്രസകളും എല്ലാമുള്ള ഫെസ് മദീനയിലേയ്ക്ക് സമയയാത്ര നടത്തിയാണ് നാം എത്തിപ്പെട്ടതെന്ന് ഒരിട തോന്നിയാലും അത്ഭുതമില്ല. പഴക്കം ചെന്ന കെട്ടിടങ്ങള്‍ പരമ്പരാഗത്വം നിലനിര്‍ത്തിക്കൊണ്ട് സംരക്ഷിക്കാന്‍ യുനെസ്‌കോയ്ക്കു പുറമെ മൊറോക്കന്‍ സര്‍ക്കാരും നിരവധി സ്വകാര്യ വ്യക്തികളും ശ്രമിക്കുന്നുണ്ട്. ഇവരില്‍ വിദേശികളും ഉള്‍പ്പെടും. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു പേര് സൂസന്ന ക്ലാര്‍ക്കിന്റേതാണ്.

യുകെയില്‍ നിന്നുള്ള പ്രസിദ്ധ യാത്രാ എഴുത്തുകാരിയായ സൂസന്ന ക്ലാര്‍ക്ക്, വ്യക്തിഗത അനുഭവങ്ങളെ സാംസ്‌ക്കാരിക സംക്രമണങ്ങളുമായി വിനിമയം ചെയ്യുന്ന രീതിയാണ് അവര്‍ പിന്തുടരുന്നത്. മൊറോക്കോയിലെ ഫെസ് മദീനയിലെത്തിയപ്പോള്‍, അവിടം വിട്ടു പോകാതെ ഒരു പഴയ റിയാദ് വാങ്ങിച്ച് അത് സംരക്ഷിക്കാനാരംഭിക്കുകയാണ് ചെയ്തത്.
ത്രസിപ്പിക്കുന്ന ഈ അനുഭവം ഫെസിലെ ഒരു വീട്- മൊറോക്കോയുടെ പ്രാചീന ഹൃദയത്തില്‍ ഒരു ജീവിതം കെട്ടിയുണ്ടാക്കുമ്പോള്‍ (എ ഹൗസ് ഇന്‍ ഫെസ്- ബില്‍ഡിംഗ് എ ലൈഫ് ഇന്‍ ദ് ആന്‍ഷ്യന്റ് ഹാര്‍ട്ട് ഓഫ് മൊറോക്കോ) എന്ന പുസ്തകത്തിന്റെ രചനയിലേയ്ക്കവരെ എത്തിച്ചു.
ഫെസ് മദീനയില്‍ ഒരു അറബ് റിയാദ് (കെട്ടിടം) വാങ്ങാനുള്ള സൂസന്ന ക്ലാര്‍ക്കിന്റെ തീരുമാനം പല തരം സന്ദേഹങ്ങളിലേയ്ക്ക് ഗതിമാറി. ആധുനിക കാലത്ത് എന്താണ് ഇതിന്റെ പ്രസക്തി എന്നതു മുതല്‍, യാത്ര ചെയ്‌തെത്തുന്ന സ്ഥലവുമായും അവിടത്തെ വസ്തുക്കളുമായും കാല്പനികവും സാഹസികവുമായ ബന്ധമുണ്ടാക്കുന്ന യാത്രികയുടെ വിഭ്രാന്തി വരെ ചര്‍ച്ച ചെയ്യപ്പെട്ടു.

മൊറോക്കോയിലെ ജനങ്ങളുടെ ഊഷ്മളമായ ആതിഥേയത്വ മര്യാദയാണ് സൂസന്നയെ ഏറ്റവുമധികം ആകര്‍ഷിച്ചത്. ഇക്കാര്യം, മൊറോക്കോയില്‍ യാത്ര ചെയ്യുമ്പോള്‍ ഞങ്ങളും അനുഭവിച്ചതാണ്. ഇസ്ലാമിക സംസ്‌ക്കാരത്തിനകത്തെ അനന്തമായ വൈവിധ്യം എന്ന വിസ്മയമാണ് മൊറോക്കോയില്‍ നാം കണ്ടെത്തുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. പാശ്ചാത്യ ലോകവുമായി ഏറ്റവും മികച്ച ബന്ധമുണ്ടാക്കുന്നതിനു വേണ്ടി മുഹമ്മദ് ആറാമന്‍ രാജാവ് തുടങ്ങിവെച്ച പരിശ്രമങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. മൊറോക്കോയുടെ അമേരിക്കന്‍ അനുകൂലമായ രാഷ്ട്രീയ നിലപാടുകള്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യത്തില്‍ മൊറോക്കന്‍ സംസ്‌ക്കാരത്തിന്റെ ആഴങ്ങളെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാവുന്നത് നല്ലതാണ്. അതേസമയം, കാല്പനികമായ മഹത്വവത്ക്കരണം മുതല്‍ വംശീയമായ പൈശാചികവത്ക്കരണം വരെ നീളുന്ന കൊളോണിയല്‍ നോട്ടത്തിന്റെ സാധ്യതകള്‍ ഇതിനെയൊക്കെ ചൂഴ്ന്നു നില്‍ക്കുന്നുമുണ്ട്.
ഇത്തരത്തിലുള്ള സംരക്ഷണ പ്രവര്‍ത്തനം (റിസ്റ്റൊറേഷന്‍); ദരിദ്രരും കുറഞ്ഞ വരുമാനമുള്ളവരും താമസിച്ചിരുന്ന നഗരപ്രദേശം അവര്‍ക്ക് പ്രാപ്യമല്ലാതാകുകയും അവര്‍ ഇവിടം വിട്ടുപോകേണ്ടിവരുകയും ചെയ്യുന്ന സ്ഥിതിയിലെത്തിക്കും എന്നതും യാഥാര്‍ത്ഥ്യമാണ്. ജെന്‍ട്രിഫിക്കേഷന്‍ എന്ന് സാമ്പത്തിക വിശകലനത്തില്‍ അറിയപ്പെടുന്ന ഈ പ്രവണതയില്‍ നിന്ന് ഫെസ് മദീനയും മുക്തമെന്ന് പറയാനാവില്ല.

കെട്ടിടങ്ങളുടെ ഉറപ്പ് കൂട്ടുകയും ഉള്ളകങ്ങള്‍ ആധുനിക സൗകര്യങ്ങളോടെ സമകാലീനമാക്കുകയും വേണം. അതോടൊപ്പം, ഇവിടെ താമസിച്ചു വരുന്നവരെ അവിടെ നിന്ന് ഒഴിവാക്കാനും പാടില്ല. വിനോദസഞ്ചാരികള്‍ക്കായി പതിനായിരം നടപ്പാതകളുള്ള ഒരു മ്യൂസിയമാക്കി ഫെസ് തുടരുമെന്ന് ഇതിനാല്‍ ഉറപ്പിക്കാനാവില്ല എന്നതാണ് ഈ ആലോചന നമ്മെ കൊണ്ടു ചെന്നെത്തിക്കുന്ന നിഗമനം. ചരിത്രം ഇവിടെ ചരിത്രമായല്ല കാണപ്പെടുന്നതും മനസ്സിലാക്കപ്പെടുന്നതും എന്നതാണ് വാസ്തവം. അത് വര്‍ത്തമാന കാലം തന്നെയാണ്. എല്ലാം തങ്ങളിലേയ്ക്ക്, തന്നിലേയ്ക്ക്, ചേര്‍ത്തു പിടിക്കുന്ന ഒരു ജനതതിയും ഒരു നഗരവും- അതാണ് ഫെസ് മദീന.
വടക്കന്‍ മൊറോക്കോയിലെ റിഫ്, മധ്യ അറ്റ്‌ലാന്റിക് മലനിരകളുടെ താഴ് വരയിലാണ് ഫെസ് നഗരം സ്ഥിതി ചെയ്യുന്നത്. മൊറോക്കോയുടെ സാംസ്‌ക്കാരികവും ആത്മീയവും ബൗദ്ധികവുമായ തലസ്ഥാനം ഇതു തന്നെ. രണ്ടു ലക്ഷം ജനങ്ങളാണ് ഇവിടെ ഇപ്പോഴും താമസിക്കുന്നത്. കാറോ മറ്റു വലിയ വാഹനങ്ങളോ കടന്നു ചെല്ലാനാവാത്ത ഇവിടെ, വൈദ്യുതിയും ജലവിതരണ സംവിധാനങ്ങളും എല്ലായിടത്തും എത്തിയിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടക്കുന്നുണ്ട്. അത് വലിയ ഒരത്ഭുതം തന്നെയാണ്.
ജെയിംസ് മാംഗോള്‍ഡ് സംവിധാനം ചെയ്ത ഹോളിവുഡ് സിനിമയായ ഇന്ത്യാനാ ജോണ്‍സ് ആന്റ് ദ് ഡയല്‍ ഓഫ് ഡെസ്റ്റിനി എന്ന ഈ ഫ്രാഞ്ചൈസിലെ അഞ്ചാമത്തെയും അവസാനത്തെയും സിനിമ 2023ലാണ് പുറത്തിറങ്ങിയത്. ഇന്ത്യാനാ ജോണ്‍സ് എന്ന ആക്ഷന്‍ ഹീറോ, ന്യൂയോര്‍ക്കിലെ ഹണ്ടര്‍ കോളേജില്‍ നിന്ന് വിരമിക്കുന്ന അവസരത്തില്‍ അയാളെ കാണാനെത്തുന്ന ഹെലേന എന്ന അയാളുടെ ഗോഡ് ഡോട്ടറുമായി (ദൈവമകള്‍-തനിക്ക് പിറന്നില്ലെങ്കിലും ധാര്‍മികമായും ആത്മീയമായും തന്റെ മകളായി മാറുന്നവള്‍) ചേര്‍ന്ന് ആര്‍ക്കിമിഡീസിന്റെ ടൈം മെഷീന്‍ അന്വേഷിച്ച് പോകുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. കോളേജ് ശേഖരത്തില്‍ നിന്ന് ജോണ്‍സ് എടുക്കുന്ന ഒരു വാച്ചു കഷണം, മൊറോക്കോയിലെ ടാഞ്ജിയറിലെ ഹോട്ടലില്‍ വെച്ച് കള്ള ലേലത്തിലൂടെ വില്‍ക്കാനാണ് അവളുടെ പദ്ധതി. ഇതിനായി സഹായിക്കാന്‍ സാല എന്ന പേരുള്ള ഒരു ചെക്കനും കൂടുന്നുണ്ട്.

ടാഞ്ജിയറിലെ ഹോട്ടലിലാണ് കഥയെത്തുന്നതെങ്കിലും, സിനിമയുടെ പ്രസക്തമായ ഈ ഭാഗം ചിത്രീകരിക്കുന്നത് ഫെസ് പഴയ മദീനയിലാണ്. ടുക് ടുക് എന്നു പേരുള്ള ഓട്ടോറിക്ഷയില്‍ നായകനും മകളും സഹായിയും രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ അവരെ പിന്തുടരുന്ന സിഐഎ ഏജന്റുമാരുടെ കാര്‍, ഇടുങ്ങിയ വഴികളിലെ ചുമരില്‍ തട്ടി നില്‍ക്കുന്നത് ഫെസ് മദീനയുടെ സ്വഭാവത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. വാസ്തവത്തില്‍, ഈ മദീനയുടെ ഗംഭീരമായ സാംസ്‌ക്കാരിക-ആത്മീയ-പ്രതിരോധ ചരിത്രമല്ല, അതിന്റെ ദൃശ്യ ഭംഗിയിലെ സങ്കീര്‍ണതയുടെ ഒരു ദുരുപയോഗം ആണിവിടെ നടക്കുന്നത്. മൊറോക്കോ, ബ്ലാക്ക് മാര്‍ക്കറ്റിന്റെയും ചൂതാട്ടത്തിന്റെയും കേന്ദ്രമാണെന്നുള്ള പാശ്ചാത്യ വ്യാഖ്യാനവും ഇതിലൂടെ ഉറപ്പിക്കപ്പെടുന്നു. പ്രസിദ്ധമായ കാസബ്ലാങ്ക സിനിമയില്‍ (1942- ഈ പരമ്പരയിലെ രണ്ടാം അദ്ധ്യായത്തില്‍ ഇത് വിവരിക്കുന്നുണ്ട്) അമേരിക്കക്കാരനായ റിക്കിന്റെ് ചൂതാട്ട കേന്ദ്രം കാസബ്ലാങ്കയിലാണുള്ളത്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ദ് സ്‌പൈയില്‍ സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലെത്തുന്ന ഏലി എന്ന മൊസാദ് ചാരന്റെ കഥയാണുള്ളത്. ഇതില്‍, ദമാസ്‌കസിന്റെ പല ഭാഗങ്ങളായും കാണിക്കുന്നത് ഫെസ് മദീനയിലെ കരകൗശലനിര്‍മ്മാണ കേന്ദ്രങ്ങളാണ്.

ഈ അമേരിക്കന്‍, സിയോണിസ്റ്റ് ദൃശ്യവത്ക്കരണങ്ങളിലെ കുറ്റം, ദുരൂഹത, ദുര്‍ഘട മാര്‍ഗങ്ങള്‍ എന്നിവയല്ല ഫെസ് മദീനയുടെ മനോഹാരിത എന്നും ചാരുത എന്നും മനസ്സിലാക്കണമെങ്കില്‍ മൊറോക്കന്‍ വീക്ഷണഗതിയിലുള്ള സിനിമകള്‍ കാണണം. അക്കൂട്ടത്തില്‍ പ്രധാനമാണ് ഈ പരമ്പരയുടെ നാലാം അദ്ധ്യായത്തില്‍ വിവരിച്ച അബ്ദെല്ല് ലാറക്കിയുടെ ഫെസ് സമ്മര്‍ 55. ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ വിപ്ലവകാരികളുടെ മുന്നേറ്റങ്ങള്‍ക്കാണ് ഈ സിനിമയില്‍ ഫെസ് പഴയ മദീന പശ്ചാത്തലമാകുന്നത്.
ഫെസ് നഗരത്തിന് മൂന്നു പ്രധാന ഭാഗങ്ങളാണുള്ളത്. ഫെസ് അല്‍ ബാലി എന്നു പേരുള്ള പഴയ മദീന, ഫെസ് ജെദീദ് എന്നു പേരുള്ള പുതിയ മദീന, ജൂതരുടെ മെല്ലയും വില്ലെ നോവെല്ല എന്നു വിളിക്കപ്പെടുന്ന ഫ്രഞ്ച് ക്വാര്‍ട്ടറും. ജൂതരുടെ പ്രവാസം, അഭയാര്‍ത്ഥിത്വം, സ്വീകരണം, സുരക്ഷ, വിട്ടുപോകല്‍ എന്നിങ്ങനെ കഴിഞ്ഞ നൂറ്റാണ്ടുകളെ കുഴച്ചു മറിച്ച ലോകസ്ഥിതിഗതികളുമായി മൊറോക്കോയ്ക്ക് തീര്‍ത്താല്‍ തീരാത്ത ബന്ധങ്ങളുണ്ട്. മറാക്കിഷിലെ ജൂയിഷ് മെല്ലയിലെ അതിവിശാലമായ സെമിത്തേരിയും ഷെഫ്‌ശെഹാനിലെ നീലനഗരവും എത്തുമ്പോള്‍ ഈ ജൂത ജീവിതത്തിന്റെ സങ്കീര്‍ണവും ചരിത്രപരവുമായ പ്രാധാന്യം നമുക്ക് ബോധ്യപ്പെടും.
പങ്കിടലും പരസ്പര ബഹുമാനവും അംഗീകാരവും ആണ് സാമൂഹിക ജീവിതത്തിന്റെ ഏറ്റവും അത്യന്താപേക്ഷിതമായ മാനുഷിക വശം എന്ന് ഫെസ് മദീനയിലെത്തുമ്പോള്‍ നമുക്ക് കൃത്യമായി ബോധ്യപ്പെടും. ഫെസില്‍ താമസിച്ച ദിവസം അത്താഴത്തിനായി ഞങ്ങള്‍ പോയത്, ബെന്‍ മൊഹമ്മദ് എല്‍ അലവി ബോലെവാര്‍ഡ് എന്ന ബാബ് സിദ്ദി എല്‍ ഔദ് എന്ന ചത്വരത്തിലുള്ള റിയാദ് ഫെസ് ബബ്ര് സിഫ് എന്ന മൊറോക്കന്‍ ഹോട്ടലിലായിരുന്നു. അത്താഴം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നൂറുകണക്കിന് തദ്ദേശീയര്‍ അവിടെ സൊറ പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. അതില്‍ സ്ത്രീകളും പ്രായം ചെന്നവരും മാത്രമല്ല യുവാക്കളുമുണ്ടായിരുന്നു. കുട്ടികളാകട്ടെ പൊരിഞ്ഞ കളികളിലേര്‍പ്പെട്ടിരിക്കുന്നു. ഇതിന്റെ വലിയ രൂപങ്ങള്‍ മറാക്കിഷിലെ ജാമി എല്‍ ഫിദയിലെത്തുമ്പോള്‍ കാണാനായി. അയല്‍ക്കാരും സുഹൃത്തുക്കളും ആയ നഗരവാസികള്‍ക്കിടയിലുള്ള സൗഹാര്‍ദ്ദവും ബന്ധവും എത്ര ദൃഢമാണെന്നത് ഈ കൂട്ടം കൂടലില്‍ നിന്ന നമുക്ക് ബോധ്യമാവും.
തെരുവുകളിലെങ്ങും കാണാവുന്ന ബേക്കറികളിലാണ് പരമ്പരാഗത റൊട്ടികള്‍ ഉണ്ടാക്കുന്നത്. ഇവിടെ നിന്ന് ആവശ്യത്തിനു വാങ്ങുകയാണ് എല്ലാവരും ചെയ്യുന്നത്. ഈജിപ്തിലും ഇതു പോലെത്തന്നെയായിരുന്നു. കറികളും ചായയും മറ്റും മാത്രമേ വീടുകളിലുണ്ടാക്കേണ്ടതുള്ളൂ. അതും വാങ്ങാന്‍ കിട്ടുമെന്നത് മറ്റൊരു കാര്യം.


വ്യക്തിപരതയിലേയ്ക്കും സ്വകാര്യതയിലേയ്ക്കും ചുരുങ്ങുന്നതിനു പകരം സാമൂഹ്യ അനുഭവമായി മനുഷ്യ ജീവിതം മാറ്റുക എന്ന ഇസ്ലാമിക വീക്ഷണം നമുക്ക് ഫെസ് മദീനയിലെ ചലനങ്ങളില്‍ നിന്ന് മനസ്സിലാവും.
ഹമ്മാം എന്ന പേരിലറിയപ്പെടുന്ന പൊതുകുളിയിടങ്ങള്‍ മൊറോക്കന്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. വലിയ കുളിപ്പുരകളില്‍, സ്റ്റീം ബാത്തിംഗും സോപ്പുപയോഗിച്ചുള്ള പതപ്പിക്കലുകളും വെള്ളത്തിലുള്ള കുളിയും തുടയ്ക്കലുമെല്ലാമുണ്ട്. ഫെസ് അടക്കമുള്ള എല്ലാ നഗരങ്ങളിലും ഹമ്മാമുകള്‍ ഉണ്ട്. സമയക്കുറവ് കൊണ്ടു മാത്രമല്ല, നമുക്ക് സഹജമായ സങ്കോചം കൊണ്ടും ഈ പരീക്ഷണത്തിനു മുതിര്‍ന്നില്ല.

ഫെസ് മദീനയുടെ വടക്കു ഭാഗം, പ്രധാനമായും തെക്കേ സ്‌പെയിനില്‍ നിന്ന് ഒമ്പതാം നൂറ്റാണ്ടു മുതല്‍ കുടിയേറിയിട്ടുള്ളവരുടെ താമസസ്ഥലങ്ങളാണ്. അതുകൊണ്ടു തന്നെ ഈ ഭാഗത്തിന് അന്തലൂഷ്യന്‍ ക്വാര്‍ട്ടര്‍ എന്നാണ് പേര്. തെക്കേ ഭാഗം, ഖ്വറാവിയന്‍ ക്വാര്‍ട്ടര്‍ എന്നും അറിയപ്പെടുന്നു. അല്‍ ഖ്വറാവിയന്‍ മദ്രസയും സര്‍വകലാശാലയും അവിടെയാണുള്ളത്. അല്‍ ഖ്വറാവിയന്‍ മദ്രസ സ്ഥാപിച്ച ഫാത്തിമ അല്‍ ഫിഹ്രിയുടെ സഹോദരിയായ മറിയം ആണ് മസ്ജിദ് അന്തലൂഷ്യന്‍ സ്ഥാപിക്കുന്നത്. എഡി 859 ലാണ് ഈ മസ്ജിദ് നിര്‍മ്മിക്കുന്നത്. മസ്മൂദ എന്ന നദിയാണ് രണ്ടു ഭാഗങ്ങളായി ഫെസ് മദീനയെ പകുക്കുന്നത്.

അന്തലൂഷ്യയിലെയും ഗ്രാനഡയിലെയും വാസ്തുശില്പ പ്രകൃതിയാണ് അന്തലൂഷ്യന്‍ മസ്ജിദിന്റെയും ആ ഭാഗത്തുള്ള കെട്ടിടങ്ങളുടെയും സവിശേഷത. ഗ്രാനഡയില്‍ നിരവധി തവണ യാത്ര ചെയ്തിട്ടുള്ള വി കെ ജോസഫ് അവിടെ കണ്ടിട്ടുള്ള അതേ രീതികളാണ് ഇവിടെയുമുള്ളതെന്ന് പറയുകയുണ്ടായി. അവിടത്തെ ആര്‍ക്കിടെക്ച്ചര്‍ പ്രത്യേകിച്ച് നിലത്തു പതിച്ച ടൈല്‍സുകളും മേലോടുകളും ചുമരുകളിലെ അലങ്കാരങ്ങളും മരത്തിലുള്ള കൊത്തുപണികളുമെല്ലാം ഫെസിലെ അന്തലൂഷ്യന്‍ മസ്ജിദില്‍ കാണാം.

പൗരാണികതയുടെയും ആത്മീയതയുടെയും വിജ്ഞാനത്തിന്റെയും സഹജീവനത്തിന്റെയും അദ്ധ്വാനത്തിന്റെയും എല്ലാം സങ്കലനമാണ് ഫെസ് എന്നാണ് ഇവിടെ സന്ദര്‍ശിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുക. ഇസ്ലാമിക സംസ്‌ക്കാരത്തിന്റെ ലോകവ്യാപനം എത്രമാത്രം വൈവിദ്ധ്യങ്ങളിലേയ്ക്കാണ് അതിനെ എത്തിച്ചിട്ടുള്ളത് എന്ന് അതീവ വിസ്മയത്തോടെയാണ് നാം ഈ യാത്രകളിലൂടെ മനസ്സിലാക്കുന്നത്. ടുണീഷ്യയിലെ ധനിക-വ്യാപാരി കുടുംബത്തില്‍ പെട്ട സഹോദരിമാര്‍, മദ്രസയും സര്‍വകലാശാലയും മസ്ജിദും നിര്‍മ്മിക്കുന്നു. സൂഫി പാരമ്പര്യത്തില്‍ പെട്ടവരുടെ പുണ്യകേന്ദ്രവും ഇതിനിടയിലുണ്ട്.
പ്രാവ് നഗരത്തിന്റെ മോതിരമായി
മയില്‍ രാജകീയമായ പങ്കയായി മാറി
അതിന്റെ നദികള്‍ ശുദ്ധമായ വീഞ്ഞ്
എല്ലാ വീടുകളുടെയും മുറ്റമാകട്ടെ വീഞ്ഞുകോപ്പയും എന്നാണ് അജ്ഞാതനായ ഒരു അറബ് കവി ഫെസ് നഗരത്തിന്റെ മനോഹാരിതയെ വിവരിച്ചത്.
നടുമിറ്റങ്ങള്‍ അഥവാ വീടിനുള്ളിലുള്ള തുറന്ന പൂന്തോട്ടം, ഫെസിലെ ഗൃഹങ്ങളുടെ സവിശേഷതയാണെന്നു സൂചിപ്പിച്ചല്ലോ. തെരുവില്‍ നിന്നെന്നതിനു പകരം, മുകളാകാശത്തില്‍ നിന്നാണ് വീടുകള്‍ അവിടത്തെ മനുഷ്യര്‍ക്കാവശ്യമുള്ള ശ്വാസവായു നേടിയെടുക്കുന്നത്. ഇത് ആഫ്രിക്കന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നത് പറയേണ്ടതില്ല. എന്നാല്‍, കുടുംബത്തിന്റെ കെട്ടുറപ്പിന് ഇസ്ലാമിക സംസ്‌ക്കാരം കല്പിക്കുന്ന പ്രാധാന്യവും ഇത്തരം വീടുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാവും. യൂറോപ്പിനോടുള്ള സാമീപ്യം ഉണ്ടെങ്കിലും ഖ്വറാവിയന്‍ ഡിസ്ട്രിക്റ്റിലെ വീടുകള്‍ക്ക് ഗ്രീക്കോ റോമന്‍ സ്വഭാവം കുറവാണ്. സമര്‍ഖണ്ടിലെയും പെഷവാറിലെയും വീടുകളുടെ സ്വഭാവമാണ് അവയ്ക്കുള്ളത്.

ഫെസ് നഗരം ഏറ്റവും ഐശ്വര്യപൂര്‍ണമായിരുന്ന കാലത്ത്, എഴുനൂറ്റെണ്‍പത്തഞ്ച് പള്ളികളും ഇരുനൂറ്റിനാല്പത് പൊതു ശുചിമുറികളും എണ്‍പത് ഫൗണ്ടനുകളും തൊണ്ണൂറ്റി മൂന്ന് പൊതു കുളിയിടങ്ങളും നാനൂറ്റി എഴുപത്തി രണ്ട് നെയ്ത്തുശാലകളും എല്ലാമുണ്ടായിരുന്നു എന്നാണ് ഫെസ് സിറ്റി ഓഫ് ഇസ്ലാം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്.
(അടുത്ത ലക്കത്തിൽ: മെര്‍സോഗ- സഹാറയുടെ വര്‍ണരാജികള്‍)
മൊറോക്കോ യാത്രാക്കുറിപ്പുകൾ: മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ.





