A Unique Multilingual Media Platform

Articles International Society Travel

മൗലെ ഇദ്രിസ് എന്ന വിശുദ്ധ നഗരം (മൊറോക്കൻ യാത്രാകുറിപ്പുകൾ 3)

മൗലെ ഇദ്രിസ് എന്ന വിശുദ്ധ നഗരം (മൊറോക്കൻ യാത്രാകുറിപ്പുകൾ 3)

ജി.പി. രാമചന്ദ്രന്റെ മൊറോക്കോ യാത്രാക്കുറിപ്പുകള്‍ തുടരുന്നു… (മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ)

ഇറ്റാലിയന്‍ മാസ്റ്ററായ ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചിയുടെ ദ് ഷെല്‍ട്ടറിംഗ് സ്‌കൈ (1990) എന്ന വിഖ്യാതമായ സിനിമയില്‍, അള്‍ജീരിയയിലെ ഒറാന്‍ എന്ന തുറമുഖത്തിറങ്ങുന്ന പോര്‍ട് മോറെസ്‌ബെയും ഭാര്യ കിറ്റും സുഹൃത്ത് ജോര്‍ജ് ടണ്ണറും സഹാറ മരുഭൂമിയുടെ ആഴങ്ങളിലേയ്ക്കും പരപ്പുകളിലേയ്ക്കും യാത്ര തുടരുകയാണ്. മൊറോക്കോയിലെ സഹാറയുടെ കവാടമായ റാസസാത്തെയിലും ടാഞ്ജിയറിലെ എല്‍ മിന്‍സ ഹോട്ടലിലും അയിത്ത് ബെന്‍ഹാദ്ദോ എന്ന കോട്ടയിലും മറ്റുമാണ് ദ് ഷെല്‍ട്ടറിംഗ് സ്‌കൈയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഇവിടങ്ങളിലെല്ലാം ഞങ്ങളുടെ യാത്രാ സംഘവും പോവുകയുണ്ടായി. അതിന്റെ വിശേഷങ്ങളൊക്കെ പുറകെ എഴുതാം. ഇപ്പോള്‍ പറഞ്ഞു വരുന്നത് അതല്ല. ഒറാനിലിറങ്ങിയ ഉടനെ ടണ്ണര്‍ പറയുന്നത്: യുദ്ധത്തിനു ശേഷം ഇവിടെ എത്തുന്ന ആദ്യത്തെ ടൂറിസ്റ്റുകള്‍ നമ്മളായിരിക്കും എന്നാണ്. ഉടനെ കിറ്റ് തിരുത്തുന്നു: നമ്മള്‍ ടൂറിസ്റ്റുകളല്ല, ട്രാവലേഴ്‌സ് ആണ്. ടണ്ണര്‍ ചോദിക്കുന്നു: എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം? കിറ്റിന്റെ ഭര്‍ത്താവ് പോര്‍ട് ആണ് മറുപടി പറയുന്നത്: എത്തിയ ഉടനെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നവരാണ് ടൂറിസ്റ്റുകള്‍ (വിനോദ സഞ്ചാരികള്‍). കിറ്റ് കൂട്ടിച്ചേര്‍ക്കുന്നു: ട്രാവലേഴ്‌സ് ഒരു പക്ഷെ അവരുടെ നാട്ടിലേയ്ക്ക് തിരിച്ചു വരുക തന്നെ ഇല്ല. (പറഞ്ഞത് അച്ചട്ടായതു പോലെ കിറ്റ് കഥാന്ത്യത്തിനു മുമ്പ് മരണപ്പെടുന്നുമുണ്ട്).

മെക്നെസ് നഗരചത്വരത്തിലെ കുടിവെള്ള ദായകനായ ബെർബെർ

ട്രാവലേഴ്‌സ് ആയി അന്തമില്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹമുളളവരാണെങ്കിലും അതിനു പാങ്ങില്ലാതെ ക്രമപ്പെടുത്തിയ യാത്ര അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങേണ്ടവരാണ് ഞങ്ങള്‍. അത് എപ്പോഴും ഓര്‍മ്മയിലുണ്ടായിരിക്കെ തന്നെ, ട്രാവലേഴ്‌സിന്റെ സ്വപ്‌നജാഗരങ്ങളിലേയ്ക്ക്‌ മനസ്സു കൊണ്ടെങ്കിലും കൂടു വിട്ടു കൂടു മാറാന്‍ ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതു കൊണ്ട്, സംസ്‌ക്കാര സംക്രമണങ്ങളുടെയും പലായനങ്ങളുടെയും അഭയാര്‍ത്ഥിത്വത്തിന്റെയും വീണ്ടെടുക്കലുകളുടെയും സമന്വയത്തിന്റെയും ചരിത്രത്തിലൂടെ സഞ്ചരിക്കാന്‍ ഒരു പരിധി വരെ ഞങ്ങള്‍ക്ക് സാധിച്ചു. ഇതിന് കാരണക്കാരന്‍ ലുഖ്മാന്‍ എന്ന നിരന്തരാന്വേഷകനായ യുവാവാണ്. കോഴിക്കോട്ട് സ്ഥിരം ജോലിയുണ്ടായിരുന്ന ലുഖ്മാന്‍ അതുപേക്ഷിച്ച്‌ തനിക്ക് താല്പര്യം തോന്നിയ നാടുകളിലൂടെ അലഞ്ഞ് ഭൂമിശാസ്ത്രവും ചരിത്രവും അന്വേഷിച്ച് പഠിച്ചതിനു ശേഷം നമ്മളെ നയിച്ച് അതെല്ലാം കാണിച്ചു തരുകയാണ് ചെയ്യുന്നത്. ഈജിപ്തിലെ യാത്രകളും ഇതേ വിധമായിരുന്നു. അറബിയും ഫ്രഞ്ചും ബെര്‍ബര്‍ ഭാഷയായ അമാസിഗുമാണ് മൊറോക്കോയിലെ ഭാഷകള്‍. ഇതില്‍ അറബി മികച്ച വിധത്തിലും ഫ്രഞ്ച് ഏറെക്കൂറെയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ലുഖ്മാന് സ്വന്തം നിലയ്ക്കും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന നമുക്കും ലഭ്യമാവുന്ന ആനുകൂല്യം. ഇംഗ്ലീഷ് കൊണ്ട് മോറോക്കോയില്‍ വലിയ പ്രയോജനമില്ല.

കാസബ്ലാങ്കയിലെ ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണത്തിന് കാത്തു നില്‍ക്കാതെ അതിരാവിലെ തന്നെ ഞങ്ങളുടെ യാത്ര പുറപ്പെട്ടു. നഗരത്തില്‍ നിന്ന് പുറത്തു കടന്ന ഉടനെ ആദ്യം കണ്ട ഓട്ടോഗ്രില്‍ മാതൃകയിലുള്ള റെസ്‌റ്റോറന്റില്‍ നിന്നാണ് നാസ്ത കഴിച്ചത്. യൂറോപ്പിലെ യാത്രയിലുടനീളം ഇത്തരം ഓട്ടോഗ്രില്ലുകള്‍ നമുക്ക് കാണാന്‍ കഴിയും. പെട്രോള്‍ പമ്പുകളിലാണ് കമനീയമായ രീതിയിലുള്ള ഓട്ടോഗ്രില്ലുകള്‍ ഉള്ളത്. റെസ്‌റ്റോറന്റും ചെറിയ സൂപ്പര്‍ മാര്‍ക്കറ്റും ശുചിമുറികളും ഉള്ള ഇത്തരം ഹാള്‍ട്ടുകള്‍ നീണ്ട യാത്രകളില്‍ വലിയ ആശ്വാസമാണ്. യൂറോപ്പിന്റെ രീതികളാണ് മൊറോക്കോയില്‍ മിക്കയിടത്തും ഉള്ളത്. മികച്ച ഹൈവേകള്‍, ജീവിതച്ചിലവ് കൂടുതല്‍, കക്കൂസുകളില്‍ വെള്ളം ഉപയോഗിക്കാതെ ഉള്ള ശൗചം എന്നിങ്ങനെ യൂറോപ്പിലെ യാത്രയെ നിര്‍ണയിക്കുന്ന ‘അടിസ്ഥാന’ കാര്യങ്ങളൊക്കെ മൊറോക്കോയ്ക്കും ബാധകമാണ്.

മൗലെ ഇദ്രിസ് മക്ബറ

ഉച്ചയോടെ ഞങ്ങള്‍ മൗലെ ഇദ്രിസ് എന്ന വിശുദ്ധ നഗരത്തിലെത്തി. മൗലെ ഇദ്രിസ് ഒന്നാമന്റെ മക്ബറ (കല്ലറ) ഇവിടെയാണുള്ളത്. ഏറെ കമനീയമായ രീതിയിലാണ് ഈ മക്ബറയും അതിനെ ചുറ്റിയുള്ള പള്ളിയും നിര്‍മ്മിച്ചിരിക്കുന്നത്. നബി പരമ്പരയില്‍ പെട്ട ഹസനിദ് വംശജനാണ് ഇദ്രിസ് ഒന്നാമന്‍. അബ്ബാസിദ് കാലിഫേറ്റിന്റെ അധിനിവേശത്തെത്തുടര്‍ന്ന് അറേബ്യയില്‍ നിന്ന് പോന്നയാളാണ് ഇദ്രിസ് ഒന്നാമന്‍. മക്കത്തുനിന്ന് വന്ന് ബെർബെറുകളുമായി ഐക്യപ്പെട്ട് ഇവിടെ ഭരണകർത്താവായി മാറിയ അദ്ദേഹം എഡി 788 മുതല്‍ 974 വരെ മൊറോക്കോ (ഇന്നത്തെ മൊറോക്കോയും പടിഞ്ഞാറെ അള്‍ജീരിയയും) ഭരിച്ച ഇദ്രിസിദ് രാജവംശത്തിന്റെ സ്ഥാപകനാണ്‌. ഇദ്രിസ് ഒന്നാമന്‍ മൂന്നു വര്‍ഷം മാത്രമേ രാജാവായിരുന്നുള്ളൂ. അപ്പോഴേക്കും അദ്ദേഹം കൊല്ലപ്പെട്ടു. വൊളൂബിലിസ് എന്ന റോമാ സാമ്രാജ്യത്തിന്റെ പ്രാദേശികാസ്ഥാന നഗരത്തിലാണ് ഇദ്രിസ് ഒന്നാമന്‍ എത്തിയത്. വൊളൂബിലിസ് നഗരത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍ മൗലെ ഇദ്രിസ് നഗരത്തിന്റെയും മെക്‌നെസ്സിന്റെയും പരിസരത്തായുണ്ട്.

സെര്‍ഹൂണ്‍ മലനിരകളുടെ താഴ് വരയിലുള്ള വൊളൂബിലീസ് നഗരം നാല്പത്തി രണ്ട് ഹെക്ടര്‍ വിസ്തീര്‍ണമുള്ള നഗരമാണ്. ഏഴു കവാടങ്ങളും മറ്റേതാനും ചെറു വാതിലുകളുമുള്ള കോട്ടയ്ക്കകത്താണ് അരമനകളും പള്ളികളും അന്തപ്പുരങ്ങളും എല്ലാമുള്ളത്. യുദ്ധങ്ങളും അധിനിവേശങ്ങളും ഒരു പക്ഷെ പ്രകൃതി ക്ഷോഭങ്ങളുമാകാം വൊളൂബിലീസ് എന്ന പ്രാചീന നഗരത്തെ കേവലം കല്ലുകൂമ്പാരങ്ങളുടെ നഷ്ടസ്മൃതികളാക്കി ശിഥിലീകരിച്ചത്.

വൊളൂബിലിസ് നഷ്ടാവശിഷ്ടങ്ങൾ

വൊളൂബിലിസ് നഗരത്തെ കേന്ദ്രീകരിച്ച് മൊറോക്കോ രാജ്യഭരണം ഏറ്റെടുത്ത ഇദ്രിസ് അവിടെ വെച്ചു തന്നെ കൊല്ലപ്പെട്ടു. മുഹമ്മദ് നബിയുടെ പേരമകനായിരുന്ന ഹസ്സന്റെ പരമ്പരയിൽ പെട്ടയാളാണ് ഇദ്രിസ് ഒന്നാമന്‍. അറേബ്യയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം അബ്ബാസിദുകളുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ട് ഒളിച്ചോടുകയായിരുന്നു. ഈജിപ്ത് വഴിയാണ് അദ്ദേഹം മഗ്‌രിബിലെത്തുന്നത്. മഗ്‌രിബ് എന്നാണ് മൊറോക്കോയുടെ അറബ് നാമം. ടാഞ്ജിയര്‍ നഗര(ഇബ്‌നു ബത്തൂത്തയുടെ നാട്)ത്തിലെത്തിയതിനു ശേഷമാണ് ഇദ്രിസ് വലീലി എന്ന് അറബിയില്‍ വിളിക്കുന്ന വൊളൂബിലിസിലെത്തുന്നത്.

അതിവിശാലമായ റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എ.ഡി എട്ടാം നൂറ്റാണ്ടു വരെയും മൊറോക്കോ അടക്കമുള്ള പ്രദേശങ്ങള്‍. കൊട്ടാരങ്ങള്‍, പരമ്പരാഗത എണ്ണച്ചക്ക്, ആസ്ഥാനകേന്ദ്രം, ബസിലിക്ക, ഫോറം, വിജയഗോപുരം, കുളിപ്പുരകള്‍, തോട്ടങ്ങള്‍, കവാടങ്ങള്‍ എന്നിവയുടെയെല്ലാം നഷ്ടാവശിഷ്ടങ്ങള്‍ അടയാളപ്പെടുത്തി വെച്ചിട്ടുള്ള വൊളൂബിലീസ് നഗരം യുഎന്‍ ഹെറിറ്റേജ് സൈറ്റാണ്. ബിസി മൂന്നാം നൂറ്റാണ്ട് മുതല്‍ കീഴടക്കപ്പെടുന്നതു വരെ വിശാല മൗറിത്താനിയ രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു വൊളൂബിലീസ്.

വൊളൂബിലീസില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ മാറിയാണ് മൗലെ ഇദ്രിസ് സെര്‍ഹൂണ്‍ എന്ന വിശുദ്ധ നഗരം സ്ഥിതി ചെയ്യുന്നത്. രാജാവ് എന്നതിനേക്കാള്‍, വിശുദ്ധ നബി പരമ്പരയില്‍ പെട്ടയാളെന്ന നിലയില്‍, മത പ്രബോധകന്‍ എന്ന നിലയ്ക്കും അദ്ദേഹം ബഹുമാനിക്കപ്പെട്ടു . 1912 വരെ അമുസ്ലിങ്ങൾക്ക് ഈ വിശുദ്ധ നഗരത്തിലേയ്ക്ക് പ്രവേശനമില്ലായിരുന്നു.

മക്ബറയും പള്ളിയും സന്ദര്‍ശിച്ച് പുറത്തു വന്ന ഞങ്ങള്‍ മൗലെ ഇദ്രിസ് നഗരത്തിന്റെ ഇടുങ്ങിയ വീഥികളിലൂടെ നടന്നു. വീടുകളും കടകളും കലാകാരരുടെ പണിശാലകളും എല്ലാമുള്ള ഈ തെരുവുകള്‍, മൊറോക്കോയില്‍ പിന്നീട് ഞങ്ങള്‍ കാണാനിരുന്ന ഫെസ് നഗരത്തിന്റെ അടക്കം പല നഗരങ്ങളുടെയും ആദ്യ സൂചനയായിരുന്നു. ഇടുങ്ങിയ വീഥികളില്‍ വാഹനങ്ങള്‍ക്കൊന്നും പ്രവേശിക്കാനാവില്ല. സൈക്കിളോ മോട്ടോര്‍ സൈക്കിളോ വന്നാലായി. പിന്നെ ആശ്രയം കഴുതകളാണ്. പടിക്കെട്ടുകള്‍ കയറി ഇറങ്ങിയും തിങ്ങി നിറഞ്ഞ് നടക്കുന്നവരെയും തട്ടാതെയും മുട്ടാതെയും ഈ വീഥികളിലൂടെ നടക്കുക എന്നതാണ് മൊറോക്കോ യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണവും സവിശേഷതയും. ഫെസ് നഗരത്തിലെത്തുമ്പോഴാണ് ഈ അവസ്ഥ നടന്നാലും നടന്നാലും തീരാത്ത സ്ഥിതിയിലെത്തിച്ചേരുക.

മൗലെ ഇദ്രിസ് അഹ്മ്മദിന്റെ വീട്ടിൽ

പഴയ മദീനയിലെ തെരുവോരത്തുള്ള ഒരു വീട്ടിലാണ് ഞങ്ങള്‍ അഹ്‌മ്മദ് എന്ന കലാകാരനെ കണ്ടുമുട്ടിയത്. ചിത്രകാരനായ അഹ്‌മ്മദ്, നിരവധി പുരാവസ്തുക്കള്‍ ശേഖരിച്ചു വെച്ചിട്ടുള്ള തന്റെ വീട്ടിലേയ്ക്ക് ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. എവിടെയെത്തിയാലുമെന്നതു പോലെ മൊറോക്കന്‍ ചായ ഉടനെ തന്നെ എല്ലാവര്‍ക്കും ലഭിച്ചു. മൊറോക്കന്‍ ചായയുടെ വിശേഷം, അവിടത്തെ ഭക്ഷണവൈവിധ്യത്തെക്കുറിച്ചുള്ള പ്രത്യേക അദ്ധ്യായത്തില്‍ വിശദീകരിക്കാം.ഈ വീട്ടിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഘടികാരങ്ങൾ, വിളക്കുകൾ, പാത്രങ്ങൾ, വസ്സികൾ, കോപ്പകൾ, പിഞ്ഞാണങ്ങൾ, പരവതാനികൾ, വിരിപ്പുകൾ എല്ലാം ശേഖരിച്ചിട്ടുണ്ട്.

ഇദ്രിസ് ഒന്നാമന്‍ കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭാവസ്ഥയിലായിരുന്ന ഇദ്രിസ് രണ്ടാമനാണ് ഈ രാജവംശത്തെ കൂടുതല്‍ വ്യവസ്ഥാപിതമാക്കുന്നത്. അദ്ദേഹം നിര്‍മ്മിച്ച മെക്‌നെസ് നഗരം ഗംഭീരമായ കോട്ടയും മനോഹരമായ നഗരചത്വരവും നിരവധി കെട്ടിടങ്ങളുമുള്ള ഒരു ചരിത്ര നഗരമാണ്. ഇവിടത്തെ നഗരചത്വരത്തില്‍ വെച്ച് കുടിവെള്ളം പകര്‍ന്നു നല്‍കുന്ന ഗോത്രവേഷത്തിലുള്ള ബെര്‍ബര്‍ കലാകാരന്മാരെ കണ്ടുമുട്ടി. മറാക്കെഷിലെ എല്‍ബാദി കൊട്ടാരത്തിലെത്തിയപ്പോഴാണ്, അവിടെ ചുമരുകളിലുണ്ടായിരുന്ന ടൈലുകളും ചിത്രപ്പണികളുള്ള പടുകൂറ്റന്‍ വാതിലുകളും എല്ലാം എടുത്തുകൊണ്ടു പോയിട്ടാണ് മെക്‌നെസ്സിലെ കൊട്ടാരം നിര്‍മ്മിച്ചത് എന്ന വിവരം മനസ്സിലായത്. മനസ്സില്‍ രേഖപ്പെടുത്തിയിരുന്ന മെക്‌നെസ്സിലെ കൊട്ടാരത്തിന്റെ മനോഹാരിതയ്ക്ക് ഇതറിഞ്ഞപ്പോള്‍ ഒരല്പം ഇടിവു തട്ടി എന്നത് പറയാതെ വയ്യ.

ഗുഹാവീട്ടിലെ അത്താഴവിരുന്ന്

ഫെസ് നഗരത്തിലാണ് അന്നു രാത്രി താമസത്തിനായി എത്തേണ്ടത്. അതിനു മുമ്പ് സവിശേഷമായ മറ്റൊരു കാഴ്ചയും വിരുന്നും ഉണ്ടായിരുന്നു. ബാലില്‍ എന്ന കൊച്ചു ഗ്രാമത്തിലെ ഗുഹാവീട്ടില്‍ ഞങ്ങള്‍ക്കായി അത്താഴം ഒരുക്കി കാത്തിരുന്ന കുടുംബത്തോടൊപ്പം ചേര്‍ന്ന് വിഭവസമൃദ്ധമായ ഭക്ഷണവും പാനീയങ്ങളും കഴിച്ച് ഏമ്പക്കമിട്ടതിനു ശേഷമാണ് ഫെസ് നഗരത്തിലേയ്ക്ക് പോയത്.

സഹയാത്രികനും സാമൂഹ്യചരിത്രാന്വേഷകനുമായിരുന്ന റഹിം ചെമ്‌നാടിന്റെ വിവരണത്തില്‍ നിന്ന് ഏതാനും വാചകങ്ങള്‍ ഉദ്ധരിക്കാം.

 

അതിഥി സൽക്കാരത്തിന്റെ ഗുഹാ മാതൃക

ഗുഹകളും ഗുഹാ വാസവും ഇസ്ലാമിക ചരിത്രത്തിൽ നമുക്ക് ധാരാളമായി കണ്ടെത്താൻ കഴിയും. അതിലൊന്നായിരുന്നു പ്രവാചകൻ മുഹമ്മദിന് പ്രവാചകത്വം ലഭിച്ച ഹിറാ ഗുഹയിലെ താമസമെന്നത് .
ഇസ്ലാമിക ചരിത്രത്തിൻറെ നിർണായകമായ വഴിത്തിരിവായിരുന്നു ഹിറാ ഗുഹ. പ്രവാചകൻ മുഹമ്മദ്, നാട്ടിൽ അരങ്ങേറിയിരുന്ന അധർമ്മത്തിനെതിരെയും, അക്രമത്തിനെതിരെയും, അശാന്തിക്കെതിരെയും മനസ്സ് മടുത്തു ഏകാന്തമാസം ഇഷ്ട്ടപ്പെട്ട് തൻറെ ഗ്രാമവാസികളിൽ നിന്നെല്ലാം അകന്ന് മാനസികമായും ആത്മീയമായും ഉള്ള ശാന്തി അന്വേഷിച്ചാണ് ഹിറാ ഗുഹയിൽ എത്തുന്നത്. അതായിരുന്നു അദ്ദേഹത്തിൻറെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ്.

പിന്നീട് മക്കയിൽ നിന്നും മദീനയിലേക്കുള്ള പലായന സമയത്ത് പ്രവാചകൻ സന്തത സഹാചാരിയായിരുന്ന സിദ്ദീഖുൽ അക്ബറും ഒരു ഗുഹക്കകത്ത് അഭയം പ്രാപിക്കുന്നത് നാം ചരിത്രത്തിൽ വായിക്കുന്നുണ്ട്. അത് സൗറ് ഗുഹ ആയിരുന്നു.

മെക്നെസ്സ് നഗരത്തിലെ കോട്ടയുടെ കവാടത്തിൽ

വിശുദ്ധ വേദഗ്രന്ഥത്തിലും ഗുഹാവാസികളെ കുറിച്ചുള്ള വിവരണം നമുക്ക് കാണാൻ കഴിയും. വിശുദ്ധ ഖുർആനിലെ പതിനെട്ടാം അധ്യായത്തിന്റെ പേര് തന്നെ ഗുഹ (അൽ കഹ്ഫ്) എന്നാകുന്നു. വിശാലമായ ഗുഹക്കാണ് അറബിയിൽ കഹ്ഫ് എന്ന് പറയുന്നത്. ഇടുങ്ങിയ ഗുഹക്ക് ഗാർ എന്നാണ് പറയുക. പ്രവാചകൻ മുഹമ്മദിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ആ കാലത്തുണ്ടായിരുന്ന ജൂതന്മാരും ക്രിസ്ത്യാനികളും ചോദിച്ച ചോദ്യങ്ങളിൽ ഒന്നായിരുന്നു ആരായിരുന്നു ഗുഹാവാസികൾ എന്നത് . ഇസ്ലാമിക ആദർശത്തിൽ വിശ്വസിച്ചിരുന്ന ഏതാനും യുവാക്കൾ, അവരുടെ നായയോടൊപ്പം, അവരുടെ നാട്ടിലെ ഭരണകർത്താക്കളെ ഭയന്നാണ് ഗുഹയിൽ അഭയം തേടിയതെന്ന് വിശുദ്ധ വേദഗ്രന്ഥം വിശദമാക്കുന്നു.

അതുപോലെ രഹസ്യമായ സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിൻ്റെ പ്രാധാന്യവും, പ്രാർത്ഥനയുടെ ശക്തിയും വ്യക്തമാക്കുന്ന ഒരു പ്രവാചക വചനത്തിൽ ഗുഹയിൽ അകപ്പെട്ട മൂന്ന് വിശ്വാസികളുടെ കഥയും വിശദമാക്കുന്നുണ്ട് ഇങ്ങനെ ഇസ്ലാമിക ചരിത്രത്തിൽ ഗുഹകൾ പല രീതിയിലും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, മൊറോക്കോയിലെ ബെർബറുകൾ അഥവാ അമാസിഗ് വിഭാഗം ഗുഹകളിൽ താമസിക്കാൻ ഇടയായത് ഇസ്ലാമിക സംസ്കാരത്തിൻറെ ഭാഗമായല്ല. ബെർബർ ജനത പാർപ്പിട വൈവിധ്യങ്ങളുടെ ഭാഗമായും, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ ഭാഗമായും, മാറിമാറിവരുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടിയുമാകാം ഗുഹകൾ വാസ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തുന്നത്. അങ്ങനെയുള്ള ഗുഹാവാസികളാണ് ഫെസിനടുത്ത് സ്ഥിതിചെയ്യുന്ന ബാലിൽ എന്ന പ്രദേശത്ത് നമുക്ക് കാണാൻ കഴിയുന്നത്. ഏതാണ്ട് 500 ഓളം താമസ യോഗ്യമായ ഗുഹകൾ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇവിടെ വസിക്കുന്നവർക്ക് ആവശ്യമായ വെള്ളം അതെ മലമുകളിൽ നിന്നുള്ള ഉറവയാണ് വരുന്നത്.

അറബിയോടൊപ്പം ബെർബെർ ഭാഷയിലുമുള്ള ഒരു സൈൻബോർഡ്

പാർപ്പിട വൈവിധ്യങ്ങളുടെ വിസ്മയം ലോകത്ത് പലസ്ഥലങ്ങളിലും കാണാമെങ്കിലും കുന്നിൻ ചെരുവുകളിലെ ശക്തമായ പാറ തുരന്നുണ്ടാക്കിയ ഗുഹകളിൽ താമസമാക്കിയ ബെർബർ ജനതയുടെ ജീവിതം പകരുന്ന സൗന്ദര്യം ഗംഭീരമാണ്. അതിലേറെ ഹൃദ്യമാണ് അവരുടെ ആതിഥ്യ മര്യാദ. ലോകത്തിൻറെ മറ്റേതോ കോണിൽ നിന്നും തങ്ങളുടെ നാട്ടിലെത്തിയ അപരിചിതരെ ഹൃദയത്തിനകത്ത് കുടിയിരുത്താൻ അവർ കാണിച്ച സൗമനസ്യം വാക്കുകൾക്കതീതമാണ്. ഞങ്ങളുടെ യാത്ര സംഘത്തിലുണ്ടായിരുന്ന, കേരളത്തിൽ തന്നെ ഏറ്റവും അറിയപ്പെടുന്ന ഫിലിം ക്രിട്ടിക്കുകളായ ജോസഫേട്ടനും , ജി പി രാമചന്ദ്രേട്ടനും അവരുടെ ആതിഥ്യമര്യാദയുടെ മധുരം നുകർന്നവരാണ്.

ഏറെ മനോഹരമായ മൊറോക്കൻ ടൈലുകൾ വിന്യസിച്ച ചുമർ-മൗലെ ഇദ്രിസ്

അവരുടെ ശിരസുകളിൽ ഗുഹാ വീടിൻ്റെ ഉടമസ്ഥൻ അണിയിച്ച തൊപ്പിക്ക് മറ്റേതൊരു അംഗീകാരത്തെക്കാളും മാറ്റുണ്ടായിരുന്നു. മഹാ മനസ്‌കതയുടെ തവി കൊണ്ട് അവർ വിളമ്പിയ ‘താജിൻ’ വിരുന്നൂട്ടിയത് ഞങ്ങളുടെ അധരങ്ങളെയായിരുന്നില്ല, മറിച്ച് ഹൃദയങ്ങളെയായിരുന്നു. അവരുടെ ഗുഹ വീടുകളിൽ നിന്നും യാത്ര പറഞ്ഞ് മടങ്ങുമ്പോൾ ഞങ്ങൾക്കിടയിലുള്ള രാജ്യാന്തര ദൂരം ഇല്ലാതായെന്ന് മാത്രമല്ല, സാഹോദര്യ ബന്ധത്തിന്റെ പുതിയ ചരിത്രം സൃഷ്ടിക്കുക കൂടിയായിരുന്നു.

(അടുത്ത ലക്കത്തില്‍: ഫെസ് – ആത്മീയതയും വിജ്ഞാനവും പ്രവഹിച്ച നൂറ്റാണ്ടുകള്‍)


മൊറോക്കോ യാത്രാക്കുറിപ്പുകൾ : മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x