A Unique Multilingual Media Platform

Articles Culture International Politics Society

റോജാവായിലെ പെണ്‍പട ഇനി എന്തു ചെയ്യും?

റോജാവായിലെ പെണ്‍പട ഇനി എന്തു ചെയ്യും?

സിറിയയിലെ കുര്‍ദിസ്താനെയാണ് റോജാവാ എന്നു വിളിക്കുന്നത്. റോജാവാ അഥവാ ഡെമോക്രാറ്റിക് ഓട്ടോണമസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നോര്‍ത്ത് & ഈസ്റ്റ് സിറിയ (ഡാനെസ്) കഴിഞ്ഞ മാസങ്ങളില്‍, ഡമാസ്‌കസില്‍ ഒപ്പിട്ട കരാര്‍ പ്രകാരം സിറിയയുടെ അവിഭാജ്യ ഭാഗമായി മാറിയിരിക്കുകയാണ്.

സിറിയയില്‍ ഏതാണ്ട് അരനൂറ്റാണ്ട് കാലം ഭരിച്ച ബാത്തിസ്റ്റ് പാര്‍ടി ഭരണമാണ് ബഷര്‍ അല്‍ അസദിന്റെ വീഴ്ചയോടെ കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പ് നിലംപരിശായത്. പുറത്താക്കപ്പെട്ട പ്രസിഡണ്ട് അസദ് റഷ്യയിലാണ് അഭയം തേടിയിട്ടുള്ളത്. എച്ച് ടി എസ് മേധാവി അഹ്‌മദ് അല്‍ ശാര ആണ് പുതിയ പ്രസിഡണ്ട്. തുര്‍ക്കിയുടെ വ്യക്തമായ പിന്തുണ ഈ ഭരണകൂടത്തിനുണ്ട്. ഇസ്രായേലുമായും അമേരിക്കയുമായും രഹസ്യവും പരസ്യവുമായ നീക്കുപോക്കുകളും നടത്തുന്നു. ഇറാന് എതിരായതിനാല്‍, ലെബനനിലെ ഹിസ്ബുള്ള പോലുള്ള സംഘടനകള്‍ക്കുള്ള ആയുധനീക്കങ്ങള്‍ സിറിയ വഴി നടക്കാതെയുമായി.

YPJ അംഗങ്ങൾ ആയുധ പരിശീലനം നേടിയവരാണ്.

അമേരിക്കന്‍ പിന്തുണയോടെ, ഐഎസുമായി തുറന്ന പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന, വടക്കു കിഴക്കന്‍ സിറിയയായ റോജാവായിലെ കുര്‍ദ് അര്‍ദ്ധ ഔദ്യോഗിക ഭരണകൂടത്തിന്റെ നിലനില്പും ഇതോടെ അവതാളത്തിലായി. റോജാവാ ഏറെക്കൂറെ സിറിയയില്‍ ഉദ്ഗ്രഥനം ചെയ്യപ്പെടുകയും അവിടത്തെ കുര്‍ദ് സൈന്യമായിരുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് സിറിയന്‍ സൈന്യത്തില്‍ ലയിക്കുകയും ചെയ്തു. ആഗസ്ത് 25നാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) കമാണ്ടറും കുര്‍ദിഷ് നേതാവുമായ മസ്ലൂം ആബ്ദി, എസ്ഡിഎഫ് സിറിയന്‍ സൈന്യത്തില്‍ സമ്പൂര്‍ണമായി ലയിച്ചതായി പ്രഖ്യാപിച്ചത്.

അല്‍ ഖ്വയ്ദയുടെയും ഐ എസ്സിന്റെയും മറ്റും പ്രവര്‍ത്തകരാണ് ഹയാത്ത് തഹ്രിര് അല്‍ ശാം (എച്ച് ടി എസ്) എന്ന സംഘടനയായി പുനക്രമീകരിക്കപ്പെട്ട് ഇപ്പോള്‍ സിറിയ ഭരിക്കുന്നത്. ഇവര്‍ ജനാധിപത്യവാദികളും ആധുനിക ഭരണകര്‍ത്താക്കളും ആയി അറിയപ്പെടുകയും അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സ്ത്രീകളുടെ പൊതുജീവിതത്തെ സംബന്ധിച്ച പിന്തിരിപ്പന്‍ ആശയങ്ങള്‍ തന്നെയായിരിക്കും ഇവര്‍ പിന്തുടരുക എന്നാണ് പൊതുവെ കരുതപ്പെടുന്നത്. അപ്പോള്‍, റോജാവായുടെ അഭിമാനമായിരുന്ന വൈ പി ജെ അഥവാ കുര്‍ദിഷ് വിമന്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് ഇനി എന്തു ചെയ്യും എന്ന ചോദ്യമാണ് അന്തരീക്ഷത്തെ മുഖരിതമാക്കുന്നത്.

ഡമാസ്കസിലെ പുതിയ ഇസ്ലാമിക ഭരണാധികാരികൾ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കണമെന്നും തുർക്കി പിന്തുണയുള്ള സൈനിക നീക്കങ്ങളെ അപലപിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രകടനത്തിൽ സ്ത്രീകൾ ‘വനിതാ സംരക്ഷണ യൂണിറ്റു’കളുടെ (YP) പതാകകൾ പിടിച്ചിരുന്നു

ഇസ്ലാമിക ഭീകരരായ ഐ എസിനോടുള്ള തുറന്ന യുദ്ധങ്ങള്‍ നടത്തുകയും യസീദികള്‍ അടക്കമുള്ള കുര്‍ദ് ജനതയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ തുടര്‍ച്ചയായി നേതൃത്വം കൊടുക്കുകയും ചെയ്യുന്ന വനിതകള്‍ മാത്രമുള്ള സൈനിക സംഘടനയാണ് വൈ പി ജെ. യസീദി വിഭാഗത്തില്‍ പെട്ട കുര്‍ദ് പെണ്‍കുട്ടി നദിയാ മൊറാദ് ഐഎസിന്റെ ലൈംഗിക അടിമയായി മാറിയതും അതില്‍ നിന്ന് വിമോചിപ്പിക്കപ്പെട്ടതും അവരുടെ അവസാനത്തെ പെണ്‍കുട്ടി (ദി ലാസ്റ്റ് ഗേള്‍) എന്ന വിശ്വപ്രസിദ്ധമായ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. നദിയാ മൊറാദിന് നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. നദിയാ ഇറാഖ് സ്വദേശിയാണ്. എന്നാല്‍, കുര്‍ദുകളുടെയും അവരിലെ യസീദികളുടെയും പ്രശ്‌നങ്ങള്‍ എല്ലായിടത്തും സമാനമാണ്.

ദി ലാസ്റ്റ് ഗേൾ (അവസാനത്തെ പെൺകുട്ടി) എന്ന പുസ്തകം, നാദിയ മുറാദ്

റോജാവാ, സ്വയം ഭരണപ്രദേശമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സ്ത്രീകളുടെ അവകാശത്തിലും തുല്യതയിലും ആഗോളമായി തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തില്‍ മുന്നേറിയിരുന്നു. സ്ത്രീകളുടെ മാത്രം ഒരു ടൗണ്‍ഷിപ്പ് പോലും അവിടെ ഉണ്ടായിരുന്നു.

 

ഓസ്ലം യാസര്‍ സംവിധാനം ചെയ്ത കൊബേന്‍ (2022) എന്ന സിനിമ കണ്ടാല്‍, ഇവിടത്തെ അവസ്ഥ നേരിട്ട് ബോധ്യപ്പെടും.

സിറിയയിലെ കൊബേന്‍ എന്ന നഗരം പിടിച്ചടക്കിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈനികഭീകരന്മാരുമായി സ്ത്രീകളായ പടയാളികളുടെ നേതൃത്വത്തില്‍ കുര്‍ദിഷ് സംഘങ്ങളായ ജനകീയ പ്രതിരോധ സംഘവും (വൈപിജി), സ്ത്രീ സംരക്ഷണ സംഘവും(വൈ പി ജെ) നടത്തിയ ചെറുത്തു നില്പാണ് കൊബേന്‍ എന്ന ഡോക്കുഫിക്ഷന്റെ ഇതിവൃത്തം. സിറിയയില്‍ നിര്‍മ്മിച്ച കുര്‍ദിഷ് ഭാഷയിലുള്ള ഈ സിനിമ, 2022 സെപ്തംബര്‍ 20ന് കൊബേന്‍ നഗരത്തിലെ കള്‍ച്ചറല്‍ സെന്ററില്‍ ആദ്യപ്രദര്‍ശനം നടത്തി. ഗോവ ഇഫിയില്‍ വെച്ചാണ് ഞാന്‍ ഈ സിനിമ കണ്ടത്.

റോജാവാ ഫിലിം കമ്യൂണ്‍ ആണ് കൊബേന്റെ നിര്‍മ്മാതാക്കള്‍. വടക്കു കിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് സ്വയം ഭരണാധികാര മേഖലയാണ് റോജാവാ. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം (ജിന്‍ ജിയാന്‍ ആസാദി) എന്ന കുര്‍ദിഷ് വിമോചന പ്രത്യയശാസ്ത്രം പ്രാവര്‍ത്തികമാക്കാന്‍ പ്രയത്‌നിക്കുന്ന റോജാവായില്‍ സ്ത്രീകള്‍ മാത്രം അധിവസിക്കുന്ന ഒരു ഗ്രാമം തന്നെയുണ്ട്. ആ നിലയ്ക്ക് സ്ത്രീ പടയാളികള്‍ നേതൃത്വം കൊടുക്കുന്ന ഒരു സായുധ ചെറുത്തുനില്പിന്റെ രേഖീകരണമായ കൊബേന്‍ ഏറെ ശ്രദ്ധേയമായ സിനിമയാണ്. സിറിയയിലെ അല്‍ താവ്‌റ, തെബ്ക്ക എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

വൈപിജെ സൈനികയായ സൊഹ്‌റയ്ക്ക് അപ്പോഴുണ്ടായിരുന്ന കമാണ്ടര്‍ ദിജ് വാര്‍ ഭയന്ന് ഓടിപ്പോയതിനെ തുടര്‍ന്ന് അവരുടെ യൂണിറ്റിന്റെ മേധാവിത്തം ഏറ്റെടുക്കേണ്ടി വരുന്നു. വളരെ കൂടുതല്‍ ആയുധങ്ങളും സൈനിക ശക്തിയുമുള്ള ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് കൊബേന്‍ നഗരം മോചിപ്പിക്കാന്‍ സൊഹ്‌റയുടെ നേതൃത്വത്തിന് സാധ്യമാവുന്നു.

തങ്ങളുടെ ബേസിൽ ദിവസേനയുള്ള പരിശീലനത്തിൽ പങ്കെടുക്കുന്ന YPJ അംഗങ്ങൾ.

തദ്ദേശവാസികളുടെ പങ്കാളിത്തത്തോടെയും, അന്താരാഷ്ട്ര സഹായത്തോടെയുമാണ് കൊബേന്‍ പൂര്‍ത്തിയാക്കിയത്. സംവിധായികയായ ഓസ്ലം യാസര്‍, കുര്‍ദിഷ് വനിതകളുടെ ചെറുത്തു നില്പും ആത്മധൈര്യവും എടുത്തുകാണിക്കാനാണ് തങ്ങള്‍ ഈ സിനിമയിലൂടെ ഉദ്ദേശിക്കുന്നത് എന്നു പറയുകയുണ്ടായി. കുര്‍ദിഷ് ജനതയ്ക്ക് ദീര്‍ഘമായ ഒരു സിനിമാ ചരിത്രമില്ലെന്നതിനാല്‍, തങ്ങള്‍ നടത്തുന്ന ഏതു സംരംഭവും കുര്‍ദ് പ്രശ്‌നത്തെയും കലാ/ചരിത്ര സമീപനത്തെയും ലോകശ്രദ്ധയിലെത്തിക്കുമെന്ന് താന്‍ കരുതുന്നതായി അവര്‍ പറഞ്ഞു. കുര്‍ദിഷ് മൂല്യങ്ങളും ജീവിത രീതികളും സംസ്‌ക്കാരവും സിനിമയിലൂടെ രേഖപ്പെടുത്തുക എന്നതാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. കുര്‍ദിഷ് പ്രതിരോധത്തിന്റെ മഹനീയത സിനിമയിലൂടെ സാക്ഷാത്ക്കരിക്കാനും ലോകത്തിന് പരിചയപ്പെടാനും കൊബേനിലൂടെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്.

കുര്‍ദിസ്താന്റെ ചരിത്രം തന്നെ പോരാട്ടത്തിന്റെയും ചെറുത്തു നില്പിന്റെയും ചരിത്രമാണ്. രാജ്യരഹിത രാഷ്ട്രമായ കുര്‍ദിസ്താന്‍; സിറിയയ്ക്കു പുറമെ തുര്‍ക്കിയിലും ഇറാഖിലും ഇറാനിലുമായാണ് അതാതു രാജ്യങ്ങള്‍ക്കുള്ളില്‍ ‘കുടുങ്ങി’ക്കിടക്കുന്നത്. അതാതു രാജ്യങ്ങളിലെ മുഖ്യധാരാ/മേധാവിത്ത സംസ്‌ക്കാരവും ജീവിത രീതികളും ഭാഷകളും കുര്‍ദുകള്‍ക്കു മേല്‍ അടിച്ചേല്പ്പിക്കുകയും അവരെ അദൃശ്യരാക്കുകയുമാണ് കേന്ദ്ര ഭരണകൂടങ്ങള്‍ ചെയ്യുന്നത്. കൊബേനിലെ യുദ്ധം നടന്നത് 2014 ഒക്ടോബര്‍ മുതല്‍ 2015 ജനുവരി വരെയാണ്. ഇത്രയടുത്ത് നടന്ന സംഭവമായിട്ടും ലോകത്തിന്റെ പല പ്രദേശങ്ങളിലും ഇക്കാര്യത്തെക്കുറിച്ച് വലിയ അറിവുകളൊന്നുമില്ല. വാര്‍ത്തകളും വിജ്ഞാനങ്ങളും പൊതുവിവരങ്ങളും നിര്‍മ്മിക്കപ്പെടുന്നതെങ്ങനെ, അതില്‍ നിരാകരിക്കപ്പെടുകയും നിഷ്‌ക്കാസനം ചെയ്യപ്പെടുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളെന്തൊക്കെ എന്ന അന്വേഷണത്തില്‍ തുറന്നു കാട്ടപ്പെടുന്ന കാര്യങ്ങളാണ് കുര്‍ദുകളുടെ പ്രതിരോധം.

2019 മാർച്ച് 28 ന് സിറിയയിലെ ഖമിഷ്‌ലിയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ വിജയം ആഘോഷിക്കുന്ന ചടങ്ങിൽ വനിതാ സംരക്ഷണ യൂണിറ്റുകളിലെ (YPJ) കുർദിഷ് വനിതാ പോരാളികൾ സൈനിക പരേഡിൽ പങ്കെടുത്തിരുന്നു.

കൊബേന്‍ യുദ്ധത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഈ സിനിമയുടെ പ്രവര്‍ത്തകരില്‍ പലരുടെയും ഉറ്റ സുഹൃത്തുക്കളില്‍ ഏറെപ്പേര്‍ രക്തസാക്ഷികളായി മാറിയ യുദ്ധമാണത്. തങ്ങളുടെ കാലത്ത് തങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്ന ഈ സ്വാതന്ത്ര്യ സമരത്തെ തന്നെയാണ് അവര്‍ക്ക് ആവിഷ്‌ക്കരിക്കേണ്ടി വന്നിരിക്കുന്നത്. സിനിമയക്കു പുറമെ മറ്റു കലാവിഷ്‌ക്കാരരൂപങ്ങളിലൂടെയും ഈ സ്വാതന്ത്ര്യ സമരം കുര്‍ദുകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നു.

യാഥാര്‍ത്ഥ്യവും ഭാവനയും ഇടകലര്‍ത്തിയ ആഖ്യാനമാണ് കൊബേനിന്റേത്. യുദ്ധം നേരിട്ട് അനുഭവിച്ചവരും കൊബേന്‍ നഗരത്തിലെ താമസക്കാരുമായ നൂറു കണക്കിന് ആളുകളുമായി സംസാരിച്ചാണ് തിരക്കഥ തയ്യാറാക്കിയത്. ഈ യുദ്ധം കുര്‍ദുകള്‍ക്കു വേണ്ടി നയിച്ചത് ഒരു വനിതയാണെന്നതു പോലെ ഈ സിനിമയെയും സ്ത്രീകളുടെ ഒരു സിനിമയായി കണക്കാക്കാം. സ്ത്രീകള്‍ക്ക് വലിയ നഷ്ടങ്ങളാണ് യുദ്ധത്തിലുണ്ടായത്.

2014 സെപ്തംബര്‍ 13നാണ് ഇസ്ലാമിക് സ്റ്റേറ്റ് കൊബേനിന്റെ നിയന്ത്രണം ഏറ്റെടുത്തത്. മുന്നൂറ്റമ്പത് പരിസരഗ്രാമങ്ങളും അവര്‍ അധീനപ്പെടുത്തി. അന്താരാഷ്ട്ര സഹായങ്ങളൊന്നും ആ അവസരത്തില്‍ കുര്‍ദുകള്‍ക്ക് ലഭിച്ചില്ല. ഇറാഖില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഈ പ്രദേശത്തേക്ക് കടന്നു വരാന്‍ എളുപ്പമായിരുന്നു. മാരകത്വം കുറഞ്ഞ ആയുധങ്ങളുമായി വൈപിജിയുടെയും വൈപിജെയുടെയും പടയാളികള്‍ക്ക് ടാങ്കുകളും പീരങ്കികളും തോക്കുകളും റോക്കറ്റ് വിക്ഷേപണികളുമുള്ള ഐഎസ്സിന്റെ പടയോട് ഏറ്റു മുട്ടേണ്ടി വന്നു. ആറു മാസത്തോളം നീണ്ടു നിന്ന യുദ്ധത്തില്‍ രണ്ടു ഭാഗത്തു നിന്നുമുള്ള നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. കൊബേന്‍ നഗരം ഏതാണ്ട് മുഴുവനുമായി തകര്‍ക്കപ്പെട്ടു. അക്കാലത്ത് ലഭ്യമായ അന്താരാഷ്ട്ര സൈനിക സഹായത്തിന്റെ പശ്ചാത്തലത്തില്‍ കുര്‍ദിഷ് സൈനികര്‍ ഐ എസ്സിനെ തുരത്തിയോടിച്ചു.

എല്ലാം പഴയതു പോലാവില്ല എന്ന ശാശ്വത സത്യത്തെ പിന്തുടരുന്ന കുര്‍ദ് സ്ത്രീകളുടെ ഈ പോരാട്ടകഥ; വിശ്വാസം, പ്രതിരോധം, നേതൃത്വ മേന്മ, ത്യാഗം, സ്‌നേഹം, വിപ്ലവ സാഹോദര്യം, പ്രത്യാശ, വഞ്ചന, അനശ്വരത, ഭീതി, നഷ്ടം, എന്നിവയെല്ലാത്തിനെക്കുറിച്ചുമുള്ള സിനിമയാണ്.

പ്രതിരോധം, ഉയിര്‍ത്തെഴുന്നേല്ക്കല്‍, പോരാട്ടം എന്നതാണ് വൈപിജെയുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനം. തങ്ങളുടെ ജീവിതവും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ തങ്ങള്‍ക്കാവും എന്ന് സ്ത്രീകള്‍ക്ക് സ്വന്തമായി തെളിയിക്കാന്‍ കഴിഞ്ഞത് വൈപിജെയുടെ മുന്നേറ്റത്തിലൂടെയാണ്. ഞങ്ങളുടെ ഭാവിയെ നിര്‍വചിക്കാന്‍ വേണ്ടിയുള്ള സ്വാതന്ത്ര്യത്തെയാണ് ഞങ്ങള്‍ സ്വാതന്ത്ര്യം എന്നു വിളിക്കുന്നത്. കുടുംബവും പാചകവും പ്രസവവും എന്നതിനു പകരം റൈഫിളും പേനയും തെരഞ്ഞെടുത്ത കുര്‍ദിഷ് വനിതാ പോരാളികളാണ് വൈപിജെയില്‍ അണി നിരന്നത്. അവരെ സിറിയന്‍ മുഖ്യ സൈന്യത്തില്‍ ചേര്‍ക്കുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.

2025-26 ലെ കണക്കനുസരിച്ച്, സമാധാനത്തിന്റെയും സുരക്ഷയുടെയും ഇന്‍ഡക്‌സില്‍ 184 രാജ്യങ്ങളിലെ സ്ഥിതി പരിശോധിച്ചപ്പോള്‍ സിറിയയ്ക്ക് 178 -മത് സ്ഥാനമാണുള്ളത്. സുരക്ഷ, നീതി, പങ്കാളിത്തം എന്നീ ഘടകങ്ങള്‍ പരിശോധിച്ചാണ് ഈ സ്ഥാനം കണക്കാക്കുന്നത്. ബഹുഭൂരിപക്ഷം സിറിയന്‍ സ്ത്രീകളും സംഘര്‍ഷ മേഖലകളോട് തൊട്ടാണ് താമസിക്കുന്നത്. രാത്രികളില്‍ പുറത്തിറങ്ങാന്‍ കഴിയും എന്ന് കരുതുന്ന സ്ത്രീകള്‍ കേവലം പതിനേഴ് ശതമാനം മാത്രമേ ഉള്ളൂ.

പുതിയ മന്ത്രിസഭയില്‍ ഇരുപത്തി മൂന്ന് അംഗങ്ങളാണുള്ളത്. ഇതില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ. ഇരുനൂറ്റിപ്പത്ത് അംഗങ്ങളുള്ള പീപ്പിള്‍സ് അസംബ്ലിയില്‍ 22 പേരാണ് സ്ത്രീകള്‍. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം, കാരണം കാണിക്കാതെ നൂറു കണക്കിന് സ്ത്രീ ജീവനക്കാരെ പിരിച്ചു വിട്ടു. സ്ത്രീകളുടെ വസ്ത്ര ധാരണത്തെ സംബന്ധിച്ച പുതിയ ഉത്തരവുകളും ഇറങ്ങിയിട്ടുണ്ട്. നിരന്തരമായ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം, വിധവകളായും പിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ അമ്മമാരായും ജീവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് സ്ത്രീകളാണ് സിറിയയിലുള്ളത്. ജോലിയും കൂലിയും ഇല്ലാതെ വരുമ്പോള്‍ ഇവരുടെ കാര്യം മഹാകഷ്ടത്തിലാവും. സിറിയയെ അഫ്ഗാനിസ്ഥാനോ താലിബാനോ ആക്കി മാറ്റുമെന്ന ഭീതിയും ഇതിന്റെ എല്ലാം പിറകിലുണ്ടെന്ന യാഥാര്‍ത്ഥ്യവും കാണാതിരിക്കരുത്.

സേന വാഹനത്തിൽ YPJ അംഗങ്ങൾ (Credits: Newsha Tavakolian)

ഈ പശ്ചാത്തലത്തില്‍, കുര്‍ദ് വനിതാ പോരാളികളുടെ വൈപിജെയെ സിറിയന്‍ ഔദ്യോഗിക സൈന്യത്തിന്റെയോ പോലീസിന്റെയോ ഭാഗമാക്കുമോ എന്ന കാര്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. കുര്‍ദുകളുടെ പോരാട്ടവീര്യത്തിന്റെ എന്നതു പോലെ; ചരിത്രത്തിന്റെ പല ഘട്ടങ്ങളില്‍ കുര്‍ദുകള്‍ നേരിടാറുള്ള ചതിയുടെ ഒരു പ്രതീകം കൂടിയായി റോജാവാ മാറുമോ എന്നാണ് കുര്‍ദുകളുടെ സ്വയം നിര്‍ണയന സമരത്തെ പിന്തുണയ്ക്കുന്നവര്‍ പോലും ഭയപ്പെടുന്നത്.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x