A Unique Multilingual Media Platform

Articles National Policy Politics

എസ്.ഐ.ആർ വെളിപ്പെടുത്തലുകളിൽ പൊതുജനരോഷം ശക്തമാകുന്നു, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൂട്ടായ്മ

  • September 29, 2026
  • 1 min read
എസ്.ഐ.ആർ വെളിപ്പെടുത്തലുകളിൽ പൊതുജനരോഷം ശക്തമാകുന്നു, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൂട്ടായ്മ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ വലിയ ചർച്ചകൾക്കും നിരീക്ഷണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സുപ്രധാന തീരുമാനങ്ങളിലെ കമ്മീഷണർമാരുടെ വിയോജിപ്പുകളും നിർണായക രേഖകൾ മറച്ചുവെച്ചു എന്ന ആരോപണങ്ങളുമാണ് സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെ (എസ്.ഐ.ആർ) ഉയർന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിവാദങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നത്.

നിലവിലെ സാഹചര്യത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, മുൻ ജഡ്ജിമാർ, മുതിർന്ന അഭിഭാഷകർ, സിവിൽ സൊസൈറ്റി പ്രവർത്തകർ എന്നിവരടങ്ങുന്ന ഒരു സുപ്രധാന കൂട്ടായ്മ ദില്ലിയിൽ യോഗം ചേരുകയും എസ്.ഐ.ആർ ഉടനടി പിൻവലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ഈ നടപടിക്രമം രാജ്യത്തൊട്ടാകെയുള്ള ഏകദേശം 13 കോടി വോട്ടർമാരുടെ വോട്ടവകാശം വ്യവസ്ഥാപിതമായി ഇല്ലാതാക്കിയെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി, മുൻ ദില്ലി ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ് എന്നിവരും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ വിവാദത്തിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്.

രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ ന്യൂഡൽഹിയിൽ എസ്‌.ഐ.ആർ (SIR) പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ച് നടത്തിയ വാർത്താസമ്മേളനം. (28 സെപ്റ്റംബർ 2026)

എസ്.ഐ.ആർ നടപ്പിലാക്കാൻ ഔദ്യോഗികമായി തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയ വിവരാവകാശ മറുപടികൾ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. അതേസമയം, മീറ്റിംഗ് അജണ്ടകളും മിനുട്സുകളും തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ നിന്ന് മറച്ചുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാൽ കമ്മീഷൻ മീറ്റിംഗുകളുടെ മിനുട്സുകളും തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉന്നയിച്ച ഔദ്യോഗിക എതിർപ്പുകളും ഉൾപ്പെടെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കമ്മീഷൻ പരസ്യമാക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

 

കൂട്ടായ്മയുടെ എട്ട് ആവശ്യങ്ങൾ

ജനാധിപത്യ സുരക്ഷാസംവിധാനങ്ങൾ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടായ്മയ്ക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തകൻ യോഗേന്ദ്ര യാദവ് എട്ടിന സംയുക്ത പ്രസ്താവന അവതരിപ്പിച്ചു:

1. രാജ്യവ്യാപകമായി എസ്.ഐ.ആർ പിൻവലിക്കുക: എസ്.ഐ.ആർ പൂർണ്ണമായും പിൻവലിക്കണമെന്നും, റിവിഷന് മുമ്പ് ഉണ്ടായിരുന്നതുപോലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുഴുവൻ വോട്ടർമാരെയും തിരികെ ഉൾപ്പെടുത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും എസ്.ഐ.ആറിന് മുമ്പുള്ള പട്ടിക ഉപയോഗിച്ച് നടത്തണമെന്നും, തുടർന്ന് സാധാരണ രീതിയിലുള്ള സമ്മറി റിവിഷൻ പ്രക്രിയ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

2. സി.ഇ.സി ഗ്യാനേഷ് കുമാർ രാജിവെക്കണം: മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. അദ്ദേഹം സ്ഥാനമൊഴിയാൻ തയ്യാറല്ലെങ്കിൽ, പാർലമെന്റ് ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

ഗ്യാനേഷ് കുമാർ

3. സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക: ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളുടെ ഭരണഘടനാപരവും നിയമപരവുമായ സാധുത, എസ്.ഐ.ആറിന്റെ രൂപകല്പനയും നടപ്പാക്കലും, തെറ്റായി വോട്ടവകാശം നിഷേധിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും സിവിൽ അല്ലെങ്കിൽ ക്രിമിനൽ ബാധ്യത എന്നിവയെക്കുറിച്ച് വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

4. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട നിയമ ചട്ടക്കൂടിലും നിയമനങ്ങളിലും പരിഷ്കാരം വരുത്തുക: 2023 ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആന്റ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട് റദ്ദാക്കണമെന്നും, എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമായ ഒരു നിയമന സംവിധാനം കൊണ്ടുവരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കൂടാതെ, നിലവിലുള്ളതും മുൻകാലങ്ങളിലുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ലഭ്യമായ സിവിൽ, ക്രിമിനൽ ഇമ്യൂണിറ്റി (നിയമപരിരക്ഷ) എടുത്തുകളയണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

5. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ രേഖകൾ പരസ്യമാക്കുക: എസ്.ഐ.ആർ തീരുമാനങ്ങളെ സാധൂകരിക്കുന്ന ഫയലുകൾ, കമ്മീഷൻ മീറ്റിംഗുകളുടെ മിനുട്സുകൾ, കമ്മീഷണർമാരും ഡെപ്യൂട്ടി കമ്മീഷണർമാരും ഉന്നയിച്ച ഔദ്യോഗിക എതിർപ്പുകൾ, ഇസിഐനെറ്റ് (ECInet) സോഴ്സ് കോഡും ലോഗുകളും, “ലോജിക്കൽ ഡിസ്ക്രെപൻസി” (യുക്തിസഹമായ പൊരുത്തക്കേട്), “വിഐപി” തുടങ്ങിയ വർഗ്ഗീകരണങ്ങൾക്കുള്ള മാനദണ്ഡങ്ങൾ, ബി.എൽ.ഒ മൊബൈൽ ആപ്ലിക്കേഷനിലെ മാറ്റങ്ങൾ, തിരഞ്ഞെടുപ്പ് കമ്മീഷനും സി.ഇ.ഒ-മാരും ഇ.ആർ.ഒ-മാരും തമ്മിലുള്ള ആഭ്യന്തര ആശയവിനിമയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പശ്ചിമ ബംഗാളിൽ 16 ലക്ഷത്തിലധികം പേരുകൾ ഉൾപ്പെടുത്തിയതിനെതിരെയുള്ള കമ്മീഷന്റെ അപ്പീലിന് പിന്നിലെ ഔദ്യോഗിക യുക്തിയും കൂട്ടായ്മ ആരാഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്രീൻഗ്രാബ്

6. വോട്ടർ പട്ടികയുടെ പബ്ലിക് സോഷ്യൽ ഓഡിറ്റുകൾ നടത്തുക: ഗ്രാമ, വാർഡ്, ബൂത്ത് തലങ്ങളിൽ ഇ.ആർ.ഒ-മാരുടെയും ബി.എൽ.ഒ-മാരുടെയും സാന്നിധ്യത്തിൽ പൊതു പരിശോധന നടത്തണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതിലൂടെ തെറ്റുകൾ അപ്പപ്പോൾ തന്നെ തിരിച്ചറിയാനും തിരുത്താനും സാധിക്കും.

7. തെറ്റായി ഒഴിവാക്കപ്പെട്ടതിലൂടെ നഷ്ടപ്പെട്ട ക്ഷേമ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക: വോട്ടർ പട്ടികയിൽ നിന്ന് തെറ്റായി നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ക്ഷേമ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട പൗരന്മാർക്ക് അവ അടിയന്തരമായി പുനഃസ്ഥാപിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു.

8. വോട്ടർമാരെ തെറ്റായി ഒഴിവാക്കിയതിന്റെ ഉത്തരവാദിത്തം നിശ്ചയിക്കുക: അന്യായമായി വോട്ടർമാരെ നീക്കം ചെയ്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ ബാധ്യത നിശ്ചയിക്കണമെന്നും, പെരുമാറ്റദൂഷ്യം വോട്ടവകാശം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ടെങ്കിൽ സിവിൽ അല്ലെങ്കിൽ ക്രിമിനൽ ബാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

 

ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതിന് എതിരെയുള്ള ചോദ്യങ്ങൾ

എസ്.ഐ.ആറിന് ഭരണഘടനാപരമായ സാധുതയില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. കമ്മീഷൻ എന്ന നിലയിൽ കൂട്ടായ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലീം, ബിജെപി ഇതര വോട്ടർമാരെ ലക്ഷ്യമിടാനാണ് “യുക്തിസഹമായ പൊരുത്തക്കേടുകൾ” എന്ന മാനദണ്ഡം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ പുനരവലോകനം ജനപ്രാതിനിധ്യ നിയമത്തിന്റെയും ബന്ധപ്പെട്ട ചട്ടങ്ങളുടെയും ലംഘനമാണെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. നിലവിലുള്ള വോട്ടർ രേഖകളിൽ മാറ്റം വരുത്താൻ ഫോം 8 ന് പകരം പുതിയ വോട്ടർമാർക്കുള്ള ഫോം 6 ഉപയോഗിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. സുപ്രീം കോടതിയുടെ ഇടപെടലിന് ശേഷം മാത്രമാണ് ദില്ലിയിൽ നോട്ടീസ് ലഭിച്ച വോട്ടർമാരുടെ പട്ടിക പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കപിൽ സിബൽ

2002-ലെ വോട്ടർ പട്ടികയുമായി നിർബന്ധിതമായി മാപ്പിംഗ് നടത്തുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ ചോദ്യം ചെയ്തു. ഈ പ്രക്രിയ നിലവിലുള്ള വോട്ടർമാരുടെ പൗരത്വം തെളിയിക്കുന്നതിന് വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻറോൾ ചെയ്ത വോട്ടർമാരുടെ മേൽ പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം എസ്.ഐ.ആർ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ പല്ലവ് ശിശോദിയയും കൂട്ടിച്ചേർത്തു.

മേൽപ്പറഞ്ഞ ഇത്തരം വാദങ്ങൾ, എസ്.ഐ.ആറിന്റെ നിയമസാധുതയ്ക്കും സുതാര്യതയ്ക്കുമെതിരെ കൂട്ടായ്മ ഉയർത്തുന്ന വിശാലമായ വെല്ലുവിളിയുടെ ഭാഗമാണ്.

 

സുതാര്യതയെക്കുറിച്ചുള്ള ചോദ്യം

നിലവിലെ നടപടിക്രമങ്ങൾ 2001-02 കാലഘട്ടത്തിലെ പുനരവലോകന പ്രക്രിയയ്ക്ക് സമാനമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തെ നിഖിൽ ഡേ എതിർത്തു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെ മുൻനിർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത്, മുൻ സി.ഇ.സി ജെ.എം ലിംഗ്ദോയുടെ കീഴിൽ നടന്ന മുൻകാല പ്രക്രിയയിൽ പൗരന്മാരോട് പുതിയ ഫോമുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നതിന് പകരം നിലവിലുള്ള വോട്ടർ പട്ടികകളുടെ വീടുവീടാന്തരമുള്ള പരിശോധനയും പബ്ലിക് ഓഡിറ്റുകളുമാണ് നടത്തിയത് എന്നാണ്.

നിഖിൽ ഡേ

“യുക്തിസഹമായ പൊരുത്തക്കേട്” ഒരു മാനദണ്ഡമായി ഉപയോഗിക്കുന്നതിനെയും ഡേ വിമർശിച്ചു. ഇത്തരം പൊരുത്തക്കേടുകൾ പലപ്പോഴും ഡാറ്റാ എൻട്രിയിലെ പിഴവുകളിൽ നിന്ന് ഉണ്ടാകുന്നതാണെന്നും, ക്ഷേമപദ്ധതികൾ ലഭിക്കുന്നതിനെ അത് സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 ജനസംഖ്യാ കണക്കുകളിലെ വളരെ പ്രകടമായ ഒരു പൊരുത്തക്കേടിലേക്കാണ് യോഗേന്ദ്ര യാദവ് വിരൽചൂണ്ടിയത്. കണക്കുകൾ പ്രകാരം, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏകദേശം 99 കോടി മുതിർന്ന പൗരന്മാരും 98 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാരും ഉണ്ടായിരുന്നു. എന്നാൽ എസ്.ഐ.ആർ പ്രകാരം മുതിർന്ന പൗരന്മാരുടെ എണ്ണം 103 കോടിയായി ഉയരുമെന്ന് കണക്കാക്കുമ്പോൾ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 88 കോടിയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ഫോം 6-നൊപ്പം പാരമ്പര്യ രേഖകൾ കൂടി നൽകണമെന്ന വ്യവസ്ഥ കന്നി വോട്ടർമാരായ ജെൻ സി (Gen Z)കളുടെ രജിസ്ട്രേഷനെ തടസ്സപ്പെടുത്തുമെന്നും യാദവ് കൂട്ടിച്ചേർത്തു. ഭാവിയിൽ മിനുട്സുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ നടത്തിയ പ്രഖ്യാപനം, അതിന്റെ മുൻകാല പ്രവർത്തനങ്ങളിലെ പോരായ്മകളുടെ സൂചനയായാണ് അദ്ദേഹം വിലയിരുത്തിയത്.

യോഗേന്ദ്ര യാദവ്

 

വോട്ടർമാരും താഴെത്തട്ടിലുള്ള ഒഴിവാക്കലുകളും

1980 മുതൽ തുടർച്ചയായി വോട്ട് ചെയ്തിരുന്നിട്ടും, ഫോം ശരിയായി സമർപ്പിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്തില്ലെങ്കിൽ തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്ന് ഒരു ബി.എൽ.ഒ ഭീഷണിപ്പെടുത്തിയ സംഭവം ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മർലാപ്പല്ലെ വിവരിച്ചു. മരിച്ചതായി രേഖപ്പെടുത്തിയ കാംത പ്രസാദ്, ചലനശേഷി പരിമിതമായ നീലം എന്നിവരുൾപ്പെടെ നിരവധി വോട്ടർമാരെ തെറ്റായി ഒഴിവാക്കിയ കേസുകൾ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ പ്രസിഡന്റും ഫെമിനിസ്റ്റ് പ്രവർത്തകയുമായ സയ്യിദ ഹമീദ് ചൂണ്ടിക്കാട്ടി. മുസ്ലീം സമുദായത്തിനും മറ്റ് ദുർബല വിഭാഗങ്ങൾക്കുമിടയിലുള്ള ആശങ്കകളെക്കുറിച്ചും ഹമീദ് സംസാരിച്ചു.

സയ്യിദ ഹമീദ്

പരിശോധനകളില്ലാതെ പേരുകൾ ഒഴിവാക്കുന്നതിനായി ഫോം 7 ദുരുപയോഗം ചെയ്യുന്നത് തടയാൻ അതിൽ മാറ്റങ്ങൾ വരുത്തുക, കൂടാതെ ഫോം 9, 10, 11, 11 എ, 11 ബി, 17 സി എന്നിവ മുൻകൈയെടുത്ത് പ്രസിദ്ധീകരിക്കുക തുടങ്ങിയ വിപുലമായ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കായി സാമൂഹിക പ്രവർത്തക തീസ്ത സെതൽവാദ് ആഹ്വാനം ചെയ്തു. കൃത്രിമം നടന്നതെന്ന് അവർ വിശേഷിപ്പിച്ച വോട്ടർ പട്ടിക ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പുകളുടെ നിയമസാധുതയെയും അവർ ചോദ്യം ചെയ്തു.

തീസ്ത സെതൽവാദ്

പബ്ലിക് ഓഡിറ്റ്: താഴെത്തട്ടിലുള്ള ഒരു പരിശോധന

2026 സെപ്റ്റംബർ 5-ന് ഡൽഹിയിലെ മംഗോൾപുരിയിലെ വൈ ബ്ലോക്കിൽ നടന്ന പീപ്പിൾസ് ട്രിബ്യൂണലിൽ നിന്നുള്ള കണ്ടെത്തലുകൾ തങ്ങളുടെ ആശങ്കകളെ കൂടുതൽ ശരിവെക്കുന്നതാണെന്ന് കൂട്ടായ്മ പറഞ്ഞു.

2025 ജനുവരിയിൽ ഈ പ്രദേശത്ത് രജിസ്റ്റർ ചെയ്ത 9,838 വോട്ടർമാരിൽ, കരട് എസ്.ഐ.ആർ പട്ടികയിൽ നിലനിർത്തിയത് 5,639 പേരെ അഥവാ 57.3 ശതമാനം പേരെ മാത്രമാണ്. മറ്റ് 2,781 വോട്ടർമാരെ അഥവാ 28.3 ശതമാനം പേരെ ആബ്സെന്റ് (സ്ഥലത്തില്ലാത്തവർ), ഷിഫ്റ്റഡ് (താമസം മാറിയവർ), ഡെഡ് (മരിച്ചവർ) അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് എന്ന കാറ്റഗറിയിലുള്ള എ.എസ്.ഡി.ഡി (ASDD) ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ 1,328 പേരെ (13.5 ശതമാനം) യാതൊരു കാരണവും രേഖപ്പെടുത്താതെയാണ് ഒഴിവാക്കിയത്. പട്ടികയിൽ നിലനിർത്തിയ 1,914 വോട്ടർമാർക്ക് നോട്ടീസുകൾ ലഭിക്കുകയും ചെയ്തു.

ഹിയറിംഗിന് മുമ്പ്, സിറ്റിസൺ വോളന്റിയർമാർ എട്ട് പോളിംഗ് ബൂത്തുകളിലായുള്ള 1,516 വീടുകളിൽ 1,448 ഇടത്തും വീടുവീടാന്തരം കയറി ഓഡിറ്റ് നടത്തിയിരുന്നു. എ.എസ്.ഡി.ഡി (ASDD) ആയി വർഗ്ഗീകരിച്ചിട്ടുള്ള 450-ലധികം ആളുകൾ ഇപ്പോഴും അവർ രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ താമസിക്കുന്നുണ്ടെന്നും, ഈ പ്രദേശത്ത് താമസിക്കുന്ന 500-ലധികം ആളുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും അവർ കണ്ടെത്തി.

ഒഴിവാക്കപ്പെട്ടവരിൽ പലരും 2025 ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരാണെന്നും, തിരിച്ചറിയൽ കാർഡ് (EPIC), ആധാർ, റേഷൻ കാർഡ്, പാൻ കാർഡ് എന്നിവ കൈവശമുള്ളവരാണെന്നും അയൽവാസികൾ അവരുടെ താമസം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഓഡിറ്റിൽ കണ്ടെത്തി. വോട്ടർ പട്ടികയുടെ പരസ്യ പരിശോധനയ്ക്കും തിരുത്തലിനുമായി വാർഡ് തല മീറ്റിംഗുകൾ നടത്തണമെന്ന് 2023-ലെ തിരഞ്ഞെടുപ്പ് കമ്മീഷൻ മാന്വലിൽ നിഷ്കർഷിക്കുന്നുണ്ടെങ്കിലും, ട്രിബ്യൂണലിലേക്ക് ക്ഷണിക്കപ്പെട്ട എട്ട് ബി.എൽ.ഒ-മാരിൽ ഒരാൾ പോലും ഹിയറിംഗിൽ പങ്കെടുത്തില്ല.

ബി.എൽ.ഒ.മാർ (BLOs) ന്യൂഡൽഹിയിലെ ജോർ ബാഗിലുള്ള ബി.കെ. ദത്ത് കോളനിയിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (SIR) ഭാഗമായുള്ള വീടുവീടാന്തരമുള്ള വോട്ടർ പരിശോധനാ പ്രക്രിയ നടത്തുന്നു.

 

തിരഞ്ഞെടുപ്പ് കമ്മീഷനുള്ള ഏഴിന തുറന്ന കത്ത്

മംഗോൾപുരിയിലെ കണ്ടെത്തലുകളെത്തുടർന്ന്, ജസ്റ്റിസ് മദൻ ബി. ലോകൂർ, സയ്യിദ ഹമീദ്, ബെസ്‌വാഡ വിൽസൺ, ആനി രാജ, നിഷ സിദ്ദു, സുഭാഷ് ഭട്നാഗർ, മേജർ ജനറൽ (റിട്ട.) അനിൽ വർമ്മ, താരാ റാവു എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഒപ്പുവെച്ച ഒരു തുറന്ന കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.

കരട് എസ്.ഐ.ആർ പട്ടിക, എ.എസ്.ഡി.ഡി ലിസ്റ്റുകൾ, നോട്ടീസുകൾ എന്നിവ പരസ്യമായി പരിശോധിക്കുന്നതിനായി മംഗോൾപുരിയിൽ പ്രതിദിന വാർഡ് സഭകൾ നടത്തണമെന്നും, തുടർന്ന് ഇന്ത്യയിലുടനീളം ഗ്രാമ, വാർഡ്, ബൂത്ത് തലങ്ങളിൽ സമാനമായ പരിശോധനകൾ നടത്തണമെന്നും കത്തിൽ ഒപ്പുവെച്ചവർ ആവശ്യപ്പെട്ടു.

 തെറ്റായി വോട്ടർമാരെ ഒഴിവാക്കിയതിലുള്ള വ്യക്തിപരമായ ഉത്തരവാദിത്തം, 2025 ലെ എസ്.ഐ.ആർ ചട്ടക്കൂടിന്റെ പുനരവലോകനം, 2002 ലെ വോട്ടർ പട്ടികയുമായി വോട്ടർമാരെ മാപ്പ് ചെയ്യണമെന്ന നിബന്ധന റദ്ദാക്കൽ, വോട്ടർ പട്ടിക പരിശോധനയുടെ ഭാഗമായി വികേന്ദ്രീകൃത പബ്ലിക് ഹിയറിംഗുകൾക്ക് ഔദ്യോഗിക അംഗീകാരം നൽകൽ എന്നിവയും അവർ ആവശ്യപ്പെട്ടു. കൂടാതെ, തെറ്റായി ഒഴിവാക്കപ്പെട്ട വോട്ടർമാരെ പുതിയ വോട്ടർമാരായി അപേക്ഷിക്കാൻ നിർബന്ധിക്കുന്നതിന് പകരം ബി.എൽ.ഒ-മാരും ഇ.ആർ.ഒ-മാരും നേരിട്ട് അവരുടെ പേരുകൾ പട്ടികയിൽ പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യമൊട്ടാകെയുള്ള എസ് ഐ ആർ പ്രക്രിയയെ സംബന്ധിക്കുന്ന പ്രഖ്യാപനം നടത്തുന്നു (2025 ഒക്ടോബർ).

 വോട്ടർമാരിൽ എസ്.ഐ.ആർ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് മാത്രമല്ല, സുതാര്യത, കൂട്ടായ തീരുമാനമെടുക്കൽ, കമ്മീഷനുള്ളിലെ തന്നെ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയരുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന് പൊതുജനവിശ്വാസം നിലനിർത്താനാകുമോ എന്നതാണ് നിലവിലെ സാഹചര്യത്തിലുയരുന്ന തീർത്തും പ്രസക്തമായ ചോദ്യം.

About Author

ദി ഐഡം ബ്യൂറോ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x