A Unique Multilingual Media Platform

Articles Development Economy Environment International Nuclear energy

ആണവ കരാറുകളും മോദികാല മിഥ്യകളും

  • July 11, 2026
  • 1 min read
ആണവ കരാറുകളും മോദികാല മിഥ്യകളും

ഇന്ത്യന്‍ ആണവോര്‍ജ്ജ മേഖലയിലെ ഗതിവിഗതികള്‍ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെക്കാലമായി നിരീക്ഷിക്കുന്ന ഒരാളെന്ന നിലയില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്‌ത്രേലിയ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട “Administrative Arrangement of the India-Australia Civil Nuclear Agreement” സംബന്ധിച്ച വാര്‍ത്ത വളരെ താല്‍പ്പര്യപൂര്‍വ്വമായിരുന്നു വായിച്ചത്.

2026 ജൂലൈ 9ന് മോദിയും ആൽബനീസും തമ്മിലുള്ള കൂടിക്കാഴ്ച

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ X കുറിപ്പ് പങ്കുവെച്ചുകൊണ്ട് നരേന്ദ്ര മോദി അവകാശപ്പെട്ടത്, ”The outcomes during this visit reflect the confidence with which India and Australia are looking towards the future. Together, we will continue to unlock new opportunities for growth, innovation and shared prosperity.” എന്നായിരുന്നു. ആസ്‌ത്രേലിയയുമായി ഒപ്പിട്ട കരാറുകളുടെ എണ്ണം 18ഓളം വരും എന്ന് കൂടി ഓര്‍ക്കുക.

നരേന്ദ്ര മോദി അധികാരത്തില്‍ വന്ന നാള്‍ തൊട്ട് രാജ്യത്ത് ഒരു ‘ആണവ നവോത്ഥാനം’ (nuclear renaissance) സംഭവിക്കാന്‍ പോകുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. ആസ്‌ത്രേലിയയെ കൂടാതെ കാനഡ, ജാപ്പാന്‍, യുഎസ്, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളുമായി സിവില്‍ ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കരാറുകള്‍ ഇക്കാലയളവില്‍ ഒപ്പുവെക്കപ്പെട്ടിട്ടുണ്ട് എന്നതും ‘ആണവ ഉയര്‍ത്തെഴുന്നേല്‍പ്പി’ന്റെ സാധ്യതകളെ സൂചിപ്പിക്കുന്നതായിരുന്നു.

ഇന്ത്യയിലേക്ക് യുറേനിയം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ട്, ”ഭാവിയെ സംബന്ധിച്ച ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന ഒന്നായി” ഈ കരാറിനെ പ്രധാനമന്ത്രി വിശേഷിപ്പിക്കുമ്പോള്‍ ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2014 സെപ്തംബര്‍ 5ന്, അന്നത്തെ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബോട്ടുമായി മറ്റൊരു കരാര്‍ ഒപ്പിട്ട കാര്യം ഓര്‍മ്മയിലേക്ക് കടന്നുവന്നു. 2014ല്‍ ഒപ്പിട്ട ഈ കരാറിന്റെ ഔദ്യോഗിക നാമം, ”Agreement between the Government of Australia and the Government of India on Cooperation in the Peaceful Uses of Nuclear Energy” എന്നാണ്. 2015 നവമ്പറില്‍ ഇത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരികയും ചെയ്തു. ഈ കരാര്റിനെ, അത് ഒപ്പുവെച്ച വേളയില്‍, പ്രധാനമന്ത്രി വിശേഷിപ്പിച്ചത് ”Historic Milestone” എന്നായിരുന്നു.!! ഈ കരാറിന്റെ മുഖ്യ ഉദ്ദേശവും ഇന്ത്യയിലേക്ക് യുറേനിയം ഇറക്കുമതി ചെയ്യുക എന്നതായിരുന്നു!!!!

2014 സെപ്തംബർ 5ന് മോദിയും ആബോട്ടും തമ്മിലുള്ള കൂടിക്കാഴ്ച

രസകരമായ സംഗതി, 2014ലെ ‘ചരിത്രപരമായ നാഴികക്കല്ല്’ എന്ന് വിശേഷിക്കപ്പെട്ട ഈ ഉടമ്പടിക്ക് ശേഷം ഒരു ദശകക്കാലം കഴിഞ്ഞിട്ടും ആസ്‌ത്രേലിയയില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള യുറേനിയം ഇറക്കുമതി നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ്.!!!!

2015ല്‍ കാനഡയുമായും, 2016ല്‍ ജാപ്പാനുമായും സിവില്‍ ആണവ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് സമാനമായ കരാറുകള്‍ മോദി സര്‍ക്കാര്‍ ഒപ്പുവെക്കുകയുണ്ടായി. 2047 ആകുമ്പോഴേക്കും ആണവോര്‍ജ്ജ സാങ്കേതികവിദ്യയില്‍ നിന്ന് 100 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ കരാറുകള്‍ ഒപ്പിട്ടത്.

2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുന്ന കാലയളവില്‍ ഇന്ത്യയുടെ ആണവോര്‍ജ്ജ മേഖലയുടെ പ്രതിഷ്ഠാപിത ശേഷി ഏതാണ്ട് 4.5 ഗിഗാവാട്ട് ആയിരുന്നു. 12 വര്‍ഷക്കാലത്തിന് ശേഷം അത് 8.9 ഗിഗാവാട്ട് ആയി മാറിയിട്ടുണ്ട്. ഈ വര്‍ധനവ് പ്രധാനമായും 90കളില്‍ പണികളാരംഭിച്ച കൂടങ്കുളം ഒന്നും രണ്ടും റിയാക്ടറുകള്‍, ഏതാണ്ട് 2010ല്‍ പണിയാരംഭിച്ച കക്രപ്പാര്‍ നിലയത്തിലെ 3ഉം 4ഉം യൂണിറ്റുകള്‍, 2011ല്‍ പണികളാരംഭിച്ച റാവത്ഭാട്ടയിലെ യൂണിറ്റ് 6, 7 എന്നിവകള്‍ കൂടി ഉള്‍പ്പെടുത്തിയാണെന്ന് ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. അതായത്, കൊട്ടിഘോഷിക്കപ്പെടുന്ന മോദി മാജിക് ആണവോര്‍ജ്ജ മേഖലയില്‍ സംഭവിച്ചിട്ടില്ല എന്നര്‍ത്ഥം.

നരേന്ദ്ര മോദി X ൽ പങ്കുവെച്ച കുറിപ്പിൽ നിന്നും സിവിൽ ആണവ സഹകരണത്തെ സംബന്ധിച്ച കരാർ.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു തണുപ്പന്‍ പ്രകടനം ഇന്ത്യന്‍ ആണവോര്‍ജ്ജ മേഖലയില്‍ സംഭവിക്കുന്നത്? ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞരുടെ കഴിവില്ലായ്മയാണോ? തീര്‍ച്ചയായും അല്ല തന്നെ. ആത്മാര്‍ത്ഥതയും കാര്യപ്രാപ്തിയുമുള്ള നിരവധി ശാസ്ത്രജ്ഞര്‍ ഇന്ത്യന്‍ ആണവോര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാസ്തവത്തില്‍ ആണവ സാങ്കേതിക വിദ്യയില്‍ തന്നെ അന്തര്‍ലീനമായ പ്രശ്‌നങ്ങള്‍ തന്നെയാണ് അവയുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നത്. (അതേക്കുറിച്ച് പലതവണ വിശദീകരിച്ചിട്ടുണ്ട്).

തല്‍ക്കാലം ഇന്ത്യയുടെ ആണവ നവോത്ഥാനം, സ്വകാര്യ കമ്പനികള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള നിയമപരമായ തടസ്സങ്ങള്‍ നീക്കുക എന്നത് മാത്രമായി ചുരുങ്ങിയിരിക്കുകയാണ് എന്ന് പറയാം.

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Raj Veer Singh

**A timely and thought-provoking article. It challenges the popular narrative around India’s nuclear expansion by raising important questions about economic viability, safety, environmental costs, and long-term energy policy. Progress should always be guided by evidence, transparency, and public interest.**

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x