
കോക്രോച്ച് ജനതാ പാർട്ടി ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്ന് അവർ പോലും അവകാശപ്പെടുന്നില്ലെങ്കിലും രാഷ്ട്രീയം എന്ന വാക്കിന്റെ ഏത് അർത്ഥത്തിലും അവർ മുന്നോട്ട് വച്ചതായിരുന്നെല്ലോ രാഷ്ട്രീയം.ബ്രിട്ടീഷ് പട്ടാളത്തിന്റെ പീരങ്കികൾക്ക് മുന്നിൽ ഒറ്റമുണ്ടുടുത്ത് രാഷ്ട്രീയം പറഞ്ഞ മഹാത്മാവിന് ശേഷം അത്തരം ഒരു രാഷ്ട്രീയം പറഞ്ഞത് പാറ്റകളാണ്.അഭിജിത്തും സൗരവും നേഹയും റിയയും തുടങ്ങി പേരറിയാത്ത ഊരറിയാത്ത ധാരാളം ഗാന്ധിമാർക്ക് 2026 ജന്മം നൽകി.സംഘപരിവാരത്തിന്റെ നൃശംസരാഷ്ട്രീയത്തിന് ബദൽ തീർക്കാൻ വിഘടിച്ചു നിൽക്കുന്ന പ്രതിപക്ഷത്തിന് അവർ അവസരമുണ്ടാക്കി നൽകി.രാഹുൽ ഗാന്ധിയ്ക്കും മമതാ ബാനർജിയ്ക്കും ശരദ് പവാറിനും തേജ്സ്വി യാദവിനും അഖിലേഷ് യാദവിനും എം.എ ബേബിക്കും ദീപാങ്കർ ഭട്ടാചാര്യയ്ക്കും ഡി.രാജയ്ക്കും ഒമർ അബ്ദുള്ളയ്ക്കും എം.കെ സ്റ്റാലിനും ഇനി രാഷ്ട്രീയം പറയാം.

ഭയത്തിന്റെ കാണാച്ചരടുകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും പാറ്റകൾ പറിച്ചെറിഞ്ഞു.ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രവ്യവഹാരത്തിനും ഭരണനിർവ്വഹണത്തിനും ഇതു വരെ നൽകിയിരുന്ന വ്യാകരണങ്ങൾ പാറ്റാക്കൂട്ടം തിരുത്തെയെഴുതി.അതിനവർ സാമൂഹ്യമാധ്യമങ്ങളിലെ പുത്തൻ ഭാഷ ഉപയോഗിച്ചു.ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് ഒരു പഴഞ്ചൻ ഏർപ്പാടാണെന്ന് തലയും തലച്ചോറും നരച്ച ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് അവർ കാട്ടിക്കൊടുത്തു.ലാത്തിയും തോക്കും തുരുമ്പിച്ച ആയുധങ്ങളാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്ത് തങ്ങളുടെ ആയുധങ്ങൾ മറ്റുചിലതാണെന്നും ജെൻസീ ലോകത്തോട് പറഞ്ഞു.ഭയം എന്നത് ഒരുപരിധിക്കപ്പുറം പുല്ലുവിലയിലാത്ത ഒന്നാണെന്ന് പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ ഭഗത്സിംഗിനെ സ്മരിച്ച് കൊണ്ട് ഇന്ത്യൻ ഗ്രാമങ്ങളോട് പറഞ്ഞു.ചില ചരിത്രങ്ങൾ പതിരായി പോയില്ലെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു.
ഇന്ത്യയുെട സ്വാതന്ത്ര്യ സമരത്തിന് പ്രാണവായു നൽകിയവരാണ് പഴയകാല മാധ്യങ്ങളും മാധ്യമപ്രവർത്തകരും.ഭരിക്കുന്നവന്റെ ഏറാൻമൂളികളായി മാധ്യമങ്ങളെ മാറ്റിയത് കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളിലെ മോഡിയുടെ കോമാളിഭരണമാണ്.നാടിന്റെ യശസ്സുയർത്തിരുന്ന പല സ്ഥാപനങ്ങളുടേയും അന്തസ്സ് കളഞ്ഞുകുളിക്കാൻ സംഘപരിവാരത്തിന് കഴിഞ്ഞിരുന്നു.കോർപ്പറേറ്റ് ആധിപത്യം കൊണ്ട് ജനഹിതത്തെ സ്വാധീനിക്കാമെന്ന് വൃഥാ നിനച്ചിരുന്ന മോഡിസ്കൂളിനെ നമ്മുടെ ജെൻസി നിഷ്ക്കരുണം തകർത്തെറിയുന്നതിനും രാജ്യം സാക്ഷിയായി.ഇംഗ്ളീഷിൽ പുലമ്പുന്നത് കൊണ്ട് മാത്രം ദേശീയമാധ്യമങ്ങൾ എന്ന് മേനി നടിച്ചിരുന്നവരെ യുവത തല്ലിപ്പുറത്താക്കുന്ന സ്ഥിതിയുണ്ടായെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അർണാബ്ഗോസാമിയെ പോലുള്ള നെറികെട്ട വർഗ്ഗത്തിനാണ്.അവരെ മാധ്യമപ്രവർത്തകർ എന്നു പറയാൻ ഞാൻ ഉദ്ദേശിക്കാത്തത് കൊണ്ട് ആ വാക്ക് ഒഴിവാക്കുന്നു.ദേശീയ മാധ്യമങ്ങൾ എന്ന ഒരു ഇരുണ്ടസംഘത്തിന് ഇന്ത്യൻ മാധ്യമലോകത്ത് ഒരു പ്രസക്തിയും ഇല്ലാതായി.രാജ്യത്തെ യുവജനങ്ങൾ ഓരോരുത്തരും സ്വയം മാധ്യമപ്രവർത്തകരായത് ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തെ ഓർമ്മിപ്പിക്കുന്നതാണ്.സത്യം ലോകത്തെ കാണിക്കാൻ ഓരോരുത്തർക്കും കഴിവുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് അറിയാതെ പോയത് ഡൽഹി പോലീസ് എന്ന കഴുതക്കൂട്ടത്തിനാണ്.ഇതൊരു പോലീസ് സേനയാണോ അക്ഷരമറിയാത്ത ഗുണ്ടകളുടെ ഇരുകാലി സംഘമാണോയെന്ന് നമ്മൾ സംശയിക്കുന്ന തരത്തിലായിരുന്നു ഇവറ്റകളുടെ പ്രകടനം.

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ലാത്തിക്കൊണ്ട് കുത്തുക,അവരുടെ തലയടിച്ചു പൊട്ടിച്ച ശേഷം ഗൂഢസ്മിതം പൊഴിക്കുക തുടങ്ങിയ ആഭാസത്തരങ്ങൾ ചെയ്തു കൂട്ടുമ്പോൾ ഒരായിരം ക്യാമറക്കണ്ണുകൾ തങ്ങൾക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത മണ്ഡൂകങ്ങളെയാണോ രാജ്യതലസ്ഥാനത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത്? അമിത്ഷായുടെ വിശ്വസ്തനാണ് ഇപ്പോഴത്തെ ഡൽഹി പോലീസ് മേധാവിയെന്നാണ് അറിയാൻ കഴിയുന്നത്.ഈനാംപേച്ചിയ്ക്ക് മരപ്പെട്ടി കൂട്ട് എന്നൊരു ചൊല്ല് മലയാളത്തിലുള്ളത് ഓർത്തു പോകുന്നു.
ഡൽഹിയിൽ തുടങ്ങിയ സമരം രാജ്യമാകെ പടർന്നത് മോഡിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.കുറുക്കൻ ഓലിയിടുന്നത് പോലെ താൻ ചെയ്തിരുന്ന പ്രസംഗങ്ങളൊന്നും നാട്ടിൽ ഏശുന്നില്ലെന്ന് വളരെ വേഗത്തിൽ മോഡിക്ക് ബോധ്യപ്പെട്ടതു കൊണ്ടാണ് അർദ്ധരാത്രിയിലെ വീഡിയോകളും ഇൻസ്റ്റാഗ്രാം റീലുകളുമായി അവസാനപോരാട്ടത്തിന് മോഡിയിറങ്ങിയത്.ഇൻസ്റ്റാഗ്രാം പ്ളാറ്റ്ഫോം യുവജനങ്ങൾ വിനോദത്തിന് മാത്രം ഉപയോഗിക്കുന്നതല്ലെന്ന് ആരും മോഡിക്ക് പറഞ്ഞു കൊടുത്തില്ല.സ്ഥിരം നമ്പരുമായി അവിടെയിറങ്ങി കളിച്ച് ലക്ഷക്കണക്കിന് ട്രോളുകൾക്ക് ജന്മം നൽകി സായൂജ്യമടയാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നിഷ്പ്രയാസം സാധിച്ചു.തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണെന്നും താൻ മറുപടി ഇന്ത്യൻ പാർലമന്റിലാണെന്നും തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിനില്ലാതെ പോയതിൽ എനിക്ക് അത്ഭുതമില്ല.പാർമെന്റിൽ നിന്നും ഒളിച്ചോടുന്നത് മോഡിസത്തിന്റെ മുഖമുദ്രയാണ്.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ഉത്തരത്തിലെ പല്ലിചിലയ്ക്കുന്ന മാതിരിയുള്ള ഭാഷണങ്ങൾ ഇന്ത്യൻ ജനതയോടുള്ള ഭയത്തിൽ നിന്നും ഉടലെടുക്കുന്നതാണ്.

ഭയമാണ് മോഡിയെ ഭരിക്കുന്നതെന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയുടെ തീപാറുന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ സ്പീക്കർ കസേരയിലിരിക്കുന്ന ഏറാൻമൂളികളുടെ മൂനാംകിട സഹായങ്ങൾ മോഡി ആവശ്യപ്പെടുന്നത് പാർലമെന്റ് നടപടികൾ വീക്ഷിക്കുന്ന ആർക്കും മനസ്സിലാകും.പകൽ വെളിച്ചത്തിൽ ഇന്ത്യൻ പാലർമെന്റിനെ അഭിമുഖീകരിക്കുന്നതിന് പകരം നരേന്ദ്ര മോഡി എന്തു കൊണ്ടാണ് രാത്രിയുടെ മറവിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് മനശാസ്ത്രം പഠിക്കുന്നവർ ഗൗരവമായ പഠനത്തിന് വിധേയമാക്കണം.ഇത്തരം മോഡിമാരെ ഭാവിയിലെങ്കിലും ഒഴിവാക്കാൻ അത്തരം പഠനങ്ങൾ സഹായിക്കും.
പ്രതിപക്ഷം ഇനിയെങ്കിലും പ്രതിപക്ഷമാകണം.നാല് കാശിനും അധികാരകസേരകൾക്കും വേണ്ടിയുള്ളവർ തൃണമൂലില്ല നിന്നും താക്കറെ പക്ഷത്തു നിന്നും പോയെന്നിരിക്കും.അവരുടെ കാലവും അസ്തമിക്കാറായി.കാലുമാറ്റക്കാതെ കൈകാര്യം ചെയ്യാനും ഇതേ യുവത തെരുവിൽ വരുന്ന കാലം അധികം ദൂരത്തിലല്ല.പ്രതിപക്ഷം ജനപക്ഷമാകുമ്പോൾ സംസ്ഥാനങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ സംസ്ഥാന അതിർത്തികളിൽ തീരണം.സായുധ വിപ്ളവത്തിന്റെ കാലമൊന്നുമല്ലല്ലോ.നേതാക്കാളുടെ പേരിൻ്റെ അക്ഷരത്തിൽ തൂങ്ങിയുള്ള അഭിപ്രായവ്യത്യാസങ്ങളല്ലാതെ മറ്റെന്ത് വ്യത്യാസമാണ് പ്രതിപക്ഷത്തെ വിവിധ പാർട്ടികൾക്ക് ഉള്ളത്? മമതയുടെ ധാർഷ്ട്യത്തിലും കോൺഗ്രസ്സിന്റെ പിടിപ്പുകേടിലും മാത്രമല്ലേ തൃണമൂൽ ഉണ്ടായത്? വിഘടിച്ചു നിൽക്കുന്ന ജനതാപരിവാറിൽ വീട്ടിൽ കയറ്റാൻ കൊള്ളാത്തതായി ജനതാദൾ-യു മാത്രമല്ലേ ഉള്ളത്?

ചിതറി നിൽക്കുന്ന ഇടതുപക്ഷ പാർട്ടികളുടെ മുന്നിൽ ദേശീയ ജനാധിപത്യവിപ്ളവവും ജനകീയ ജനാധിപത്യ വിപ്ളവവും വസന്തത്തിന്റെ ഇടിമുഴക്കവുമൊന്നും ഇന്നില്ല.രാജ്യഗാത്രത്തിന്റെ ഒത്തൊരുമ നിലനിറുത്താൻ പ്രതിപക്ഷവും സ്വയം തയ്യാറാകണം.മോഡിയുടെ വികടരാഷ്ട്രീയം ഈ രാജ്യത്തെ നൂറ്റാണ്ടുകളാണ് പിന്നോട്ടടിച്ചിരിക്കുന്നത്.അതിനെ മുന്നോട്ട് കൊണ്ടു പോകാൻ ദിവസങ്ങൾ മതിയെന്ന് സത്യവും ധൈര്യവും സ്ഥൈര്യവും കൈമുതലായുള്ള പാറ്റാക്കൂട്ടം തെളിയിച്ചു തന്നു.അവർ കൊളുത്തിയ ദീപത്തെ കെടാതെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഉത്തരവാദിത്വം ഈ രാജ്യത്തെ പ്രതിപക്ഷത്തിനുണ്ട്.പ്രതിപക്ഷം നാളെ ഭരണപക്ഷം ആകുമ്പോൾ പുലർത്തേണ്ട ധാർമ്മികയെന്തെന്നും രാജ്യത്തെ യുവത വിളംബരം ചെയ്തു കഴിഞ്ഞു.





