A Unique Multilingual Media Platform

Articles History Literature Long Read Partition Society

മഖൻസിങിൻ്റെ മരണം എന്തു കൊണ്ടായിരുന്നിരിക്കണം?

  • November 6, 2026
  • 1 min read
മഖൻസിങിൻ്റെ മരണം എന്തു കൊണ്ടായിരുന്നിരിക്കണം?

അനുഗ്രഹീത കഥാകാരൻ ടി. പത്മനാഭൻ 1958 ൽ എഴുതിയ കഥയാണ് ‘മഖൻ സിങിൻ്റെ മരണം’. പല കാരണങ്ങളാൽ അത്‌ഭുതകരമായ കഥ.

കഥാകാരൻ്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ഈ കഥ പിറക്കുന്നത്. ഇപ്പോൾ തൊണ്ണൂറ്റിയെട്ടിൽ എത്തിയ കഥാകാരൻ സ്വന്തം ശബ്ദത്തിൽ അത് വായിക്കുന്നതും സാകൂതം കേട്ടിരുന്നു. മിക്കവാറും എഴുത്തുകാർക്ക് അവരുടെ ആദ്യകാല കഥകൾ തങ്ങളുടെ അപക്വമായ മനസ്സിൻ്റെ പ്രതിഫലനങ്ങളായേ തോന്നാറുള്ളു. അങ്ങനെയല്ലാത്തവരും ഉണ്ട് തീർച്ചയായും. ആദ്യ കഥയോടെ സാഹിത്യലോകത്ത് തങ്ങളുടെ കസേരയുറപ്പിച്ചവർ.

പപ്പേട്ടൻ്റെ ആദ്യകഥയാവണമെന്നില്ല മഖൻ സിങിൻ്റെ മരണം. പക്ഷേ അതു മറ്റുള്ളവരെ വായിച്ചുകേൾപ്പിക്കാനുള്ള താൽപ്പര്യം അദ്ദേഹത്തിൽ ഇപ്പോഴുമുണ്ടല്ലോ! വാർദ്ധക്യത്താൽ ഇടറിയ ശബ്ദത്തിൽ, ഇടയ്ക്കൊക്കെ ചിലവാചകങ്ങൾ വഴുതിപ്പോവും വിധത്തിൽ പപ്പേട്ടൻ തൻ്റെ കഥവായിക്കുന്നത് കേട്ടിരുന്നപ്പോൾ, കഥാവായനയ്ക്കുശേഷം എന്തെങ്കിലും അതിനെപ്പറ്റി കേൾക്കാനാവും എന്നു കരുതിയിരുന്നു. ഒന്നും പറഞ്ഞതായി കണ്ടില്ല.

അല്ലെങ്കിൽ എന്തിനു പറയണം? കഥ എന്താണ് എന്നോടു പറയുന്നത് എന്നറിയാൻ എട്ടോ ഒമ്പതോ വട്ടം വായിച്ചിട്ടുണ്ടാവണം. യൗവനകാലത്തെ വായനയിൽത്തന്നെ വിഭജനത്തിൻ്റ മുറിവുകൾ പേറേണ്ടി വന്ന കരുത്തനായ സിക്കുകാരൻ്റെ ഹൃദയത്തിലെ വൈകാരിക വിക്ഷോഭങ്ങൾ വേറെയേതൊക്കെയോ രീതിയിൽ എൻ്റെ മനസ്സ് അന്ന് ഏറ്റു വാങ്ങിയിട്ടുണ്ടായിരുന്നിരിക്കണം. വടക്കേ ഇന്ത്യക്കാർക്ക് രാജ്യത്തിൻെറ സ്വാതന്ത്ര്യമെന്നാൽ വിഭജനമെന്നായിരുന്നു എന്നൊക്കെ അറിയാൻ തുടങ്ങിയത് പുതിയ കാലത്തെ വിഭജനരാഷ്ട്രീയവും പൗരത്വപ്രതിസന്ധികളും അഭയാർത്ഥിത്വങ്ങളും ലോകം മുഴുവൻ നടക്കുന്ന പലായനങ്ങളുടെ സങ്കടങ്ങളും അടുത്തറിയാൻ തുടങ്ങിയപ്പോഴാണ്. അത്ഭുതമതല്ല. നെഹ്രൂവിയൻ ഇന്ത്യയിലെ സുരക്ഷിതത്വബോധവും പൗരാഭിമാനവും ഇന്ത്യയെ പുതുക്കിപ്പണിയുകയാണ് നാമോരുത്തരും എന്ന വിശ്വാസവും ആവേശപ്പെടുത്തിയിരിക്കാവുന്ന ഒരു ദക്ഷിണേന്ത്യൻ യുവാവ് ഏങ്ങനെയാണ് വടക്കനതിർത്തിപ്രദേശങ്ങളിലെ മനുഷ്യരുടെ വിഭജന വ്യഥകൾ ഇമ്മട്ടിൽ സ്വാംശീകരിച്ച് ഒരു കഥ മെനയാൻ പ്രാപ്തനായത് ! കോവിലനെപ്പോലെയോ നന്തനാരെപ്പോലെയോ അക്കാലത്ത് സൈനിക സേവനം നിർവഹിച്ച ആളല്ല പപ്പേട്ടൻ. ആനന്ദിനെപ്പോലെ, ഒ. വി. വിജയനെപ്പോലെ, ഡൽഹി അനുഭവങ്ങളും അദ്ദേഹത്തിനില്ല. എന്നിട്ടും, വിഭജനത്തിൻ്റെ മുറിവുകൾ നേരിട്ട് സ്വത്വത്തിൽ പേറുന്ന സാദത്ത് ഹസൻ മൻതോ എന്ന ഇന്തോ പാക് എഴുത്തുകാരൻ്റെ കഥകൾക്ക് സമാനമായ വൈകാരികാംശം മഖൻസിങിൻ്റെ മരണത്തിന് കൈവന്നിരിക്കുന്നു! കഥാകാരനെ മഹാനാക്കുന്നതും അപരസ്വത്വങ്ങളിലേയ്ക്ക് ഇവ്വിധം പകർന്നാടാൻ കഴിയുന്നു എന്നതു തന്നെയായിരിക്കണം.

മൻതോയുടെ ‘തോബാ തേക് സിങ്’ എന്ന കഥ താൻ ഇന്ത്യക്കാരനോ പാക്കിസ്ഥാനിയോ എന്ന സ്വത്വപ്രതിസന്ധിയനുഭവിക്കുന്ന ഭ്രാന്താലയ നിവാസികളായ സർദാർജിയെയും മുസ്ലിമിനെയും ഹിന്ദുവിനെയും കാട്ടിത്തരുന്നു. മാനസികാസ്വാസ്ഥ്യങ്ങൾ അവരെയെല്ലാം ഒന്നാക്കുന്നുണ്ട്. അവർക്കിടയിൽ സ്പർധകളില്ല. ഓർമ്മകളുടെ അപൂർണങ്ങളായ കൈമാറ്റങ്ങളേ ഉള്ളു.സ്ഥിരബുദ്ധിയുളളവരുടെ കൗടില്യങ്ങളാണല്ലോ വിഭജനവും അനുബന്ധ കലാപങ്ങളും പോലെയുള്ളവ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും! നിസ്സഹായരായ ഇരകളാണ് ബഹുഭൂരിപക്ഷം മനുഷ്യരും.

വിഭജനകാലത്ത് പാലായനം ചെയ്യുന്ന ജനം

സ്ത്രീകളും പെൺകുട്ടികളുമാണ് വിഭജന മുറിവുകൾ ഏറെ ഏറ്റു വാങ്ങിയവർ. മൻതോയുടെ ഞെട്ടിക്കുന്ന കഥകൾ ഏറെയുണ്ട് ഇതിനു സാക്ഷ്യങ്ങളായി. പപ്പേട്ടൻ്റെ കഥയിലെ മഖൻ സിങ്ങും തൻ്റെ പ്രിയപ്പെട്ടവളായിരുന്ന പ്രീതത്തിന് എന്തുസംഭവിച്ചു എന്ന വേപഥു പേറുന്നവനാണ്. അവൾ ജീവിച്ചിരിക്കുന്നുണ്ടാവും എവിടെയോ. പേരു മാറി അസ്തിത്വം മാറി ….. എങ്കിലും, താൻ അവളെ ഓർക്കുംപോലെ അവളും തന്നെ ഓർക്കുന്നുണ്ടാവണം!

പാക്കിസ്ഥാൻ അധീനതയിലായിപ്പോയ പഞ്ചാബിൽ നിന്ന് പ്രിയപ്പെട്ടവർ കൊലചെയ്യപ്പെടുകയോ കാണാതാവുകയോ ചെയ്തതിൻ്റെ നീറ്റലുമായി, മുമ്പ് വയലേലകളിൽ പണി ചെയ്തു തഴമ്പുവീണ കൈകളും കരുത്തുററ ശരീരവുമായി ഇന്ത്യക്കാരനായി ജീവിക്കുകയാണ് മഖൻസിങ് .ഇന്ത്യക്കാരനായി ജീവിച്ചു മരിക്കണം അയാൾക്ക് .പക്ഷേ കൃഷി ചെയ്യാൻ മണ്ണില്ല. പ്രിയപ്പെട്ടവരില്ല. സുഹൃത്തിനെപ്പോലെ, മണ്ണതേടി ആൻഡമാനിൽ പോകാൻ മനസ്സുമില്ല. ഒരു ദീർഘദൂര ബസിൻ്റെ വളയം പിടിച്ച് അയാൾ പ്രസാദാത്മകനായി ജീവിക്കാൻ ശ്രമിക്കുന്നു. കലാപത്തിൽ ബാക്കിയായ ഇളയമ്മയെയും മകളെയും മററു ബന്ധുക്കളെയും സഹായിക്കുന്നു.

പഞ്ചാബ് വിഭജനത്തിൻ്റെ രേഖ

എല്ലാം മറക്കണം എന്നു മനസ്സിലുറപ്പിച്ച മഖൻ സിങിൻ്റെ തീരുമാനങ്ങളെ അട്ടിമറിക്കുകയാണ് അന്ന് ബസിൽ യാത്രക്കാരായെത്തിയ വൃദ്ധയും ചെറുപ്പക്കാരിയും. അവരാരാണ് എന്നയാൾക്കറിയില്ല. അറിയേണ്ടതുമില്ലായിരുന്നു. പക്ഷേ അവരുടെ നിസ്സഹായമുഖങ്ങളിലേയ്ക്ക് നോട്ടമയക്കാൻ അവസരമുണ്ടായപ്പോഴൊക്കെ ഓർമ്മകളും വ്യക്തിഗത നഷ്ടങ്ങളും ഒപ്പം, പ്രിയപ്പെട്ടവരുടെ കൊലയ്ക്ക് പകരം ചോദിക്കാനാവാതെ പോയ തൻ്റെ തന്നെ സിക്ക് സ്വത്വത്തെപ്പറ്റിയുള്ള കുറ്റബോധവും അയാളിലുണരുന്നു. അപ്പോൾ അവർ ആരാണ്? രണ്ടുവട്ടം ചെക്കിംഗ് ഉണ്ടായപ്പോഴും അവരുടെ പേരുകൾ കഥയിൽ പരാമർശിക്കപ്പെടുന്നില്ല. രൂപഭാവങ്ങളോ വസ്ത്രധാരണരീതിയോ കഥ സൂചിപ്പിക്കുന്നില്ല. ചെറുപ്പക്കാരി കാണാൻ കൊള്ളാവുന്നവൾ എന്ന അപകടം യാത്രക്കാരിലൊരാൾ പറയുന്നുണ്ട് എന്നു മാത്രം. പഞ്ചാബിലെ പത്താൻകോട്ടു നിന്ന് ശ്രീനഗറിലേക്കു പോവുന്ന ബസിൽ ജമ്മു വരെയുള്ള ടിക്കറ്റു മാത്രമായി യാത്ര ചെയ്യുകയാണവർ. ശ്രീനഗറിൽ സുഖമില്ലാതെകിടക്കുന്ന പട്ടാളക്കാരൻ മകനെ, ചെറുപ്പക്കാരിയുടെ ഭർത്താവിനെ, കാണാൻ പുറപ്പെട്ടിരിക്കയാണ് എന്ന് സഹയാത്രികർ മനസ്സിലാക്കിയിട്ടുണ്ട്. മഖൻ സിങ്ങും .ജമ്മുവിൽ നിന്ന് അവരെങ്ങനെ പോവും? ടിക്കറ്റിനു പണമില്ലാത്തതിനാൽ ജമ്മുവിൽ ഇറങ്ങിപ്പോകേണ്ടി വന്ന അവരെ വഴിയിൽ നിന്നു ബസിൽ വിളിച്ചു കയററുകയാണ് മഖൻ സിങ്.പണമില്ലല്ലോ മകനേ എന്നു പറയുന്ന ആ വൃദ്ധയുടെ കരുണാർദ്രമായ സ്വരത്തിൽ സ്വന്തം അമ്മയെത്തന്നെ കണ്ടെത്തുന്നു അയാൾ.

ബനിഹാൽ ചുരം താണ്ടും മുമ്പ് രാത്രി വിശ്രമിക്കാനിറങ്ങിയ സത്രത്തിൻ്റെ ഉടമയായ പണ്ഡിറ്റ്ജിയോട് എല്ലാവർക്കും അത്താഴം വിളമ്പുമ്പോൾ ഒരിത്തിരി ഭക്ഷണം അവർക്കും കൊടുത്തു കൂടേ എന്ന അഭ്യർത്ഥനയും അയാൾ നടത്തുന്നുണ്ട്. പണമെടുക്ക് എന്ന മറുപടിയായിരുന്നു കിട്ടിയത്. മഖൻ സിങ്ങിൻ്റെ കയ്യിലും പണമില്ലായിരുന്നു. ബ്രാഹ്മണനാണത്രെ എന്നു പല്ലിറുമ്മാനേ കാലിക്കീശക്കാരനായ മഖൻസിങ്ങിന് അപ്പോൾ ആവുന്നുമുള്ളു.

വിഭജനക്കാലം മനുഷ്യമനസ്സുകളിലുണ്ടാക്കിയ വംശീയബോധം എത്ര ഭയാനകമായിരുന്നു എന്ന് ഹസൻ മൻതോയുടെ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ‘ദൗത്യം’ എന്നായിരുന്നു ഒരു കഥയുടെ പേര്. ഗുരുമുഖ് സിങ് എന്നയാളുടെ യുവാവായ മകൻ കലാപം നടക്കുന്ന തെരുവിലൂടെ മരിച്ചുപോയ അച്ഛനേൽപ്പിച്ചുപോയ ദൗത്യനിർവ്വഹണത്തിനായി റിട്ട. ജഡ്ജി മിയാൻ അബ്ദുൽ ഹയ്യിനും മകളും ഒറ്റപ്പെട്ടു താമസിക്കുന്ന വീട്ടുവാതിൽക്കൽ മുട്ടുകയാണ്. എല്ലാ പെരുന്നാൾ തലേന്നും ഒരു പലഹാരപ്പൊതിയുമായി കൃതജ്ഞതാപൂർവം അച്ഛനവിടെ എത്താറുണ്ടായിരുന്നു എന്നു മകനറിയാം. മരിച്ചുപോയ അച്ഛനോടുള്ള കർത്തവ്യം നിറവേററുകയായിരുന്നു മകൻ ഇക്കുറി. ഭയപ്പാടോടെ വാതിൽ തുറന്ന മകളെ പലഹാരപ്പൊതിയേൽപ്പിച്ച് ജഡ്ജിസാബിൻ്റെ സുഖവിവരമന്വേഷിച്ച് പുറത്തിറങ്ങിയ സന്തോഖ് സിങ്ങിനോട് തീപ്പന്തങ്ങളും മണ്ണെണ്ണപ്പാത്രങ്ങളുമായി നിരത്തിൽ കാത്തുനിന്ന കലാപകാരികൾ ചോദിക്കുന്നു.’ നിൻ്റെ ദൗത്യം കഴിഞ്ഞുവോ എങ്കിൽ ഞങ്ങളുടേത് തുടങ്ങട്ടെയോ ?’ വികാരരഹിതമായ മറുപടി ഇങ്ങനെയായിരുന്നു. ‘നിങ്ങളുടെ ഇഷ്ടം’.

മനുഷ്യനെന്ന നിലയിലുള്ള നീതിബോധത്തെ കലാപം എങ്ങനെയൊക്കെയാണ് മാറ്റിമറിക്കുന്നത്, നീതിയല്ലാത്തതിനെ ധർമ്മമായി സ്വീകരിക്കാൻ പ്രാപ്തമാക്കുന്നത് എന്നു ചിന്തിക്കാനുതകുന്നുണ്ട് ഈ കഥാസന്ദർഭം. മരിച്ചുപോയ അച്ഛനോടുള്ള കടമ നിർവഹിക്കേണ്ടത് തൻ്റെ നീതിബോധവുമായി ബന്ധിപ്പിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് അച്ഛനേറെ ആദരിച്ചിരുന്ന, തൻ്റെ രക്ഷകനെന്നു കരുതിയിരുന്ന, ആ ന്യായാധിപൻ്റെ കുടുംബത്തെ ചുട്ടുകൊല്ലുന്നത് നീതിയായി മാറുന്നത്? അച്ഛൻ്റെ ആത്മാവിന് പൊറുക്കാനാവാത്ത ഒന്നാണതെന്ന് ചിന്തിക്കാനാവാത്തത്? പപ്പേട്ടൻ്റെ കഥയിലേയ്ക്കു വന്നാൽ, എന്തു കൊണ്ടാണ് ബ്രാഹ്മണനായ സത്രം സൂക്ഷിപ്പുകാരന് വിശക്കുന്ന ആ അമ്മയെയും മകളെയും തൻ്റെ തന്നെ അമ്മപെങ്ങൾമാരുടെ സ്ഥാനത്തുനിർത്തി ചിന്തിക്കാനാവാത്തത്? എന്തു കൊണ്ടാണ് സഹയാത്രികരിലൊരാൾ പോലും അവർക്കിത്തിരി ഭക്ഷണം കൊടുക്കുന്നതായി കാണാത്തത്?എങ്കിൽ ആ രണ്ട് അപരർ ആരായിരുന്നു? കഥ അക്കാര്യത്തിൽ മൗനം പാലിക്കുന്നു എന്നതാണോ കഥാനിർമ്മിതിയുടെ ചാരുത ? സത്രത്തിൻ്റെ വരാന്തയിൽ, ബസ്സിറങ്ങിവരുന്ന മഖൻ സിങ് എന്ന രക്ഷകനെ നന്ദികലർന്ന കണ്ണകളോടെ നോക്കിനിന്ന അവരുടെ മുഖത്തേയ്ക്കു തലയുയർത്തി നോക്കാനാവാതെ സംഘർഷമനുഭവിക്കുന്ന അയാളുടെ ഉള്ളിൽ യഥാർത്ഥത്തിൽ എന്തായിരുന്നു? കൊത്തിയരിയപ്പെട്ട അച്ഛൻ എന്നോടു പൊറുക്കില്ല എന്നയാൾ ഉള്ളുകൊണ്ടു അപ്പോൾ കരഞ്ഞതു് എന്തുകൊണ്ടായിരുന്നു? അമർത്തി വെക്കപ്പെട്ട വംശീയ ബോധവും ശത്രുതാ ബോധവും അല്ലേ അയാളെ കരയിപ്പിച്ചത് ? നന്തനാരുടെ ഒരു പട്ടാളക്കഥ അത്തരമൊരു സിക്കുകാരൻ്റെ ആത്മഭാഷണമാണ്. ഭാര്യയെയും മകളെയും വിഭജനകാലത്ത് നഷ്ടപ്പെട്ട അയാൾ സൈനികനെന്ന നിലയിൽ ആദ്യം കിട്ടിയ അവസരത്തിൽ ശത്രുരാജ്യത്തിലെ സ്ത്രീകളെയും കുട്ടികളെയുമടക്കം ഭൂതാവേശം കയറിയവനെപ്പോലെ കൊത്തിനുറുക്കുന്നു!

സിക്കുകാരനിലെ നന്മ വളരെ വേഗം എല്ലാം പൊറുക്കുന്നു എന്നൂഹിക്കാം. അയാളിലെ നീതിബോധം അത്ഭുതകരമായി മിക്കപ്പോഴും പ്രകാശിക്കുകയും ചെയ്യുന്നു. 2019 ലെ പൗരത്വഭേദഗതിയ്ക്കെതിരെ നടന്ന ഷഹീൻ ബാഗ് സമരത്തിൽ എല്ലാദിവസവും മുസ്ലിo സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള സമരക്കാർക്ക് ഭക്ഷണം വിളമ്പിയിരുന്ന സിക്കുകാരനെ ഓർമ്മയില്ലേ? സ്വന്തം ഫ്ലാറ്റ് വിറ്റു കിട്ടിയ പണമാണത്രെ അയാളതിനു വിനിയോഗിച്ചത്! കഴിഞ്ഞ ജൂലൈയിൽ നടന്ന ജന്തർ മന്ദർ സമരത്തിലെ സഖാക്കൾക്ക് മതഭേദമെന്യെ ഗുരുദ്വാരകൾ തുറന്നു കൊടുത്തു അവർ. തങ്ങളിലെ ലക്ഷക്കണക്കിനു മനുഷ്യർ വംശഹതൃക്കിരയായ ഡൽഹിയുടെ എൺപതുകൾ ഏറെ പഴയ കഥയല്ലാതിരുന്നിട്ടും!

‘നീട്ടിയെഴുത്തുകൾ’ എന്ന നോവലിലുമുണ്ടല്ലോ ഭൂതകാലം വേട്ടയാടുന്ന ഒരു സിക്കുകാരൻ! ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിൽ വിഭജന മുറിവുകൾ മറന്ന് പുതിയ ജീവിതം കെട്ടിപ്പടുത്തവൻ!എൺപതുകളുടെ ആദ്യം, ഇന്ദിരാ വധത്തിനും സിക് വംശഹതൃക്കും മുമ്പായിരുന്നു അത്. വെളുപ്പാൻ കാലത്ത് മസ്ജിദ് എവിടെയാണ് എന്നന്വേഷിച്ച മലയാളിമുസ്ലിo ഡോക്ടറോട് പൊട്ടിത്തെറിക്കുന്ന സിക്കുകാരൻ. ഭയന്നു പിൻതിരിഞ്ഞ മലയാളി പ്രഭാതനമസ്കാരം കഴിഞ്ഞ് പുറത്തെത്തുമ്പോൾ കാത്തുനിന്ന് കൈപിടിച്ച് സ്വന്തം വീട്ടിലെത്തിച്ച് ചൂടുപാനീയം കൊടുത്തു സൽക്കരിക്കുകയും മാപ്പു പറയുകയും ചെയ്യുന്ന സിക്കുകാരൻ. അതുപോലെയൊന്നു പൊട്ടിത്തെറിക്കാൻ പോലും മഖൻസിങ്ങിനെ അനുവദിക്കുന്നില്ല പപ്പേട്ടൻ്റെ കഥയിലെ നിസ്സഹായരായ സ്ത്രീ മുഖങ്ങൾ .

മഖൻ സിങ് പൊട്ടിത്തെറിക്കുന്നുണ്ട്. കുത്തി കുടൽ മാല പുറത്തെടുക്കും എന്നു കയർക്കുന്നുണ്ട്. പക്ഷേ അത് ടോൾ ബൂത്തിലെ ഇൻസ്പെക്ടറോടാണ്. ടിക്കറ്റില്ലാത്തതിനാൽ ഇറക്കിവിടപ്പെടുന്ന ആ നിസ്സഹായരോട് കരുണ കാണിക്കണമെന്നും ടിക്കറ്റിൻ്റെ പണം ശ്രീനഗറിലെത്തിയാൽ താൻ തരാമെന്നും പറഞ്ഞതിന് പഞ്ചാബിൻ്റെ കഥ കഴിച്ചവർ, വിശ്വസിക്കാൻ കൊള്ളാത്തവർ എന്നൊക്കെ അവഹേളിക്കപ്പെടുമ്പോഴാണത്. അവഹേളിക്കപ്പെട്ട സിക്ക്  സ്വത്വവീര്യത്തെ സംരക്ഷിക്കാൻ കൃഷി ചെയ്ത തഴമ്പുള്ള തൻ്റെ കൈ ഉയർത്തിക്കാട്ടി അയാൾ ആക്രോശിക്കുന്നുണ്ട്. പലരുടെയും അനുനയനശ്രമങ്ങൾക്കവസാനം ബസ് യാത്രക്കാരോടുള്ള ഉത്തരവാദിത്തമോർത്ത് അയാൾ യാത്ര തുടരുകയാണ്.

മനുഷ്യനെന്ന നിലയിലുള്ള സിക്കുകാരൻ്റെ ഉയർന്ന നീതിബോധവും വംശ സംരക്ഷകനെന്ന നിലയിൽ സമൂഹം കാംക്ഷിക്കുന്ന കുറച്ചു കൂടി മൂല്യം കുറഞ്ഞ നീതി ബോധവും തമ്മിലുള്ള സംഘർഷം തന്നെയല്ലേ ചുരം താണ്ടിക്കഴിഞ്ഞയുടനെയുള്ള മഖൻസിങിൻ്റെ ഹൃദയാഘാത മരണത്തിന് കാരണമായത് ? ഒരൊററ യാത്രക്കാരനും ജീവഹാനി വരാത്ത വിധത്തിലായിരുന്നു താനും ആ സാരഥിയുടെ താഴ്വരയുടെ മണ്ണിലേയ്ക്കുളള കുഴഞ്ഞു വീഴൽ.

ഈ കഥയിൽ കഥാകാരൻ ഉദ്ദേശിക്കാത്ത അർത്ഥങ്ങൾ ഞാൻ മെനഞ്ഞെടുത്തുവോ? ഉണ്ടാവാം. ഒരു കഥ എഴുതിക്കഴിഞ്ഞാൽ അതിന് എഴുത്തുകാരനിൽ നിന്ന് വേറിട്ട അസ്തിത്വം ഉണ്ടാവുന്നു എന്നും അതിനെ തങ്ങളുടേതായി സ്വാംശീകരിക്കാനും ചിന്തയ്ക്കു വിധേയമാക്കാനും അനുവാചകന് അവകാശമുണ്ടെന്നും ഞാൻ കരുതുന്നു. ഒരു പക്ഷേ ആ സാധ്യതയല്ലേ ആ കഥയുടെ വിജയവും?

About Author

ഡോ. ഖദീജാമുംതാസ്

ഡോ .ഖദീജാമുംതാസ് - നോവലിസ്റ്റും ലേഖികയുമായ മെഡിക്കൽ ഡോക്ടർ . പി.എസ്., ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റും പ്രൊഫസറുമായിരുന്നു. നാല് നോവലുകളും 3 ചെറുകഥാ സമാഹാരങ്ങളും സാഹിത്യത്തെയും സാമൂഹിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളുടെ പുസ്തകങ്ങളുടെയും രചയിതാവ്. ബർസ എന്ന നോവൽ 2010-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2016 മുതൽ 6 വർഷം കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയർ പേഴ്‌സൺ സ്ഥാനം വഹിച്ചിട്ടുണ്ട്, ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗമാണ്. പ്രൊഫ. സച്ചിദാനന്ദൻ നയിക്കുന്ന മാനവിക പ്രസ്ഥാനമായ ദേശീയ മാനവിക വേദിയുടെ വൈസ് ചെയർപേഴ്സണും ആണ്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഹരിദാസ് കൊളത്തൂർ

മനസ്സിനെ സ്പർശിച്ച നിരവധി വിഭജന കാല കഥകളുണ്ട്, മന്റോവിന്റേതടക്കം…. ടി. പദ്മനാഭന്റെ മഖൻ സിങ്ങിന്റെ മരണം അതിൽ ഏറ്റവും മുന്നിൽ…..കണ്ണ് നനയാതെ ആർക്കും വായിച്ചു തീർക്കാനാവാത്ത കഥ…. ഹൃദയസ്പർശിയായ എഴുത്ത്…. അഭിനന്ദനങ്ങൾ… 🌿

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x