A Unique Multilingual Media Platform

Articles Literature Long Read

ആത്മവിമർശത്തിന്റെ നൈരന്തര്യം അഥവാ യു പി ജയരാജിന്റെ ചിന്താ മന്ഥനങ്ങൾ

  • November 14, 2026
  • 1 min read
ആത്മവിമർശത്തിന്റെ നൈരന്തര്യം അഥവാ യു പി ജയരാജിന്റെ ചിന്താ മന്ഥനങ്ങൾ

എഴുപതുകളിൽ തുടങ്ങുന്ന തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കയറ്റിറക്കങ്ങൾക്കൊപ്പം സമാന്തരമായി സഞ്ചരിച്ച ഒന്നാണ് യു.പി. ജയരാജിൻ്റെ കഥാലോകം. എഴുത്തും ജീവിതവും വേറിട്ടു കാണാനാവാത്ത വിധം ഇഴചേർന്നു കിടക്കുന്ന കഥാകൃത്തിൻ്റെ ജീവിത പരിസരങ്ങളിൽ അക്കാലത്തെ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ നേതാക്കൾ കടന്നു വന്നിരുന്നതു പോലെ, അവരുടെ പിൽക്കാല ഓർമ്മകളിൽ കഥാകൃത്തും കടന്നു വരുന്നുണ്ട്. കാലത്തെ അതിജീവിക്കുന്ന ഭാവുകത്വത്തോടെ, ദില്ലിയിലെ തെരുവുകൾ, ക്ഷുഭിതരെങ്കിലും സംയമനം കൈവിടാത്ത യുവാക്കൾ കയ്യടക്കിയിരിക്കുന്ന ഇക്കാലത്തും പ്രസക്തമാവുന്ന യു.പി.ജയരാജൻ്റെ കഥകളിലൂടെയുള്ള സഞ്ചാരമാണ് കെ.ടി.ദിനേഷിൻ്റെ ഈ ദീർഘമായ കുറിപ്പ്.

 

1972 മുതൽ 1997 വരെയുള്ള ഇരുപത്തിയഞ്ച് വർഷക്കാലംകൊണ്ട് യു പി ജയരാജ് ആകെ എഴുതിയത് 35 കഥകളാണ്. ഈ കഥകൾ വീണ്ടും വായനയ്‌ക്കെടുക്കുമ്പോൾ മലയാള ചെറുകഥയുടെ ഏറ്റവും പ്രഫുല്ലമായ ഒരു കാലത്തിന്റെ ഓർമ്മകൾ നമ്മെ വന്നു തൊടും. ഒ വി വിജയനും എം സുകുമാരനും യു പി ജയരാജും പി കെ നാണുവും പട്ടത്തുവിളയും സി ആർ പരമേശ്വരനും എൻ എസ് മാധവനും ഉൾപ്പെടുന്ന എഴുത്തുകാർ സൃഷ്ടിച്ച രാഷ്ട്രീയ കഥകളുടെയും എം ടി യും ടി പദ്‌മനാഭനും മാധവിക്കുട്ടിയും മുകുന്ദനും പുനത്തിലും സൃഷ്ടിച്ച വൈയക്തിക അനുഭവങ്ങളുടെ സൂക്ഷ്മാവിഷ്കാരങ്ങളുടേയും ലോകം മലയാള ചെറുകഥയുടെ കരുത്ത് വെളിവാക്കുന്ന കഥാശില്പങ്ങൾ നമ്മുടെ ഭാഷയിൽ സൃഷ്ടിച്ചു. ‘ചെറുകഥ നൽകുന്ന വായനാനുഭവം ലോകം മുഴുവൻ പ്രകാശംചൊരിയുന്ന സൂര്യനെപ്പോലാവരുത്; മറിച്ച്, ഇരുട്ടിൽ ഒരു തീപ്പെട്ടിക്കൊള്ളി ഉരയ്ക്കുന്നതുപോലാവണം അത്. കഥാപാത്രത്തിന്റെ ആത്മാവിന്റെ അഗാധതകളിലേക്ക് പെട്ടെന്നൊരു മിന്നൽവെളിച്ചം പായിച്ച്, ആ നിമിഷത്തിന്റെ തീക്ഷ്ണമായ ഉൾക്കാഴ്ച വായനക്കാരന് പകർന്നുനൽകുകയാണ് ചെറുകഥയുടെ ധർമം’ എന്നു നിരീക്ഷിച്ചത് ചെറുകഥയുടെ കുലപതിയായ ആന്റൺ ചെക്കോവ് ആണ്.

ആന്റൺ ചെക്കോവ്

ഒറ്റയിരിപ്പിന് വായിച്ചുതീർക്കാവുന്ന വളരെ ചുരുങ്ങിയ സ്ഥല-കാലങ്ങൾക്കുള്ളിൽ ഒതുക്കേണ്ടിവരുന്ന രചനാരീതിയാണ് ചെറുകഥയുടേത് എന്ന എഡ്‌ഗർ അലൻപോയുടെ പ്രശസ്തമായ നിർവചനവും തീപ്പെട്ടിക്കൊള്ളിയുടെ ഒരു നിമിഷനേരത്തെ ആളൽ ചെറുകഥയ്ക്ക് ചേർന്ന രൂപകമാക്കി മാറ്റുന്നു. പ്രശസ്ത അമേരിക്കൻ സാഹിത്യ നിരൂപകനായ ഹാരോൾഡ്‌ ബ്ലൂം  ഒരു ചെറുകഥാകൃത്തിന് മുന്നിൽ രണ്ട് വഴികളാണുള്ളത് എന്ന് പറയുന്നു. ഒന്ന്, ചെറുകഥയുടെ എക്കാലത്തെയും മാസ്റ്റർമാരിൽ ഒരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യൻ എഴുത്തുകാരൻ ആന്റൺ ചെക്കോവിനെപ്പോലെ മനുഷ്യന്റെ ഉൾമനസ്സിലേക്കും സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കും ഇറങ്ങിച്ചെല്ലുക എന്ന വഴി; രണ്ട്, മനുഷ്യബുദ്ധിയിലേക്കും പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്കും മിത്തുകളിലേക്കും ഉയർന്നു പോകുന്ന അർജന്റീനൻ എഴുത്തുകാരൻ ബോർഹസിന്റെ വഴി. ഈ നിർവചനങ്ങളുടെ കൃത്യമായ പരിധിക്കുള്ളിലും ഹാരോൾഡ്‌ ബ്ലൂം നിരീക്ഷിച്ച ചെക്കോവിന്റെയും ബോർഹെസിന്റെയും വഴികളിലും സഞ്ചരിച്ച കഥാകാരനാണ് മലയാള ചെറുകഥാസാഹിത്യ ശാഖയിൽ സവിശേഷമായ ഇടം നേടിയ യു പി ജയരാജ്. അദ്ദേഹത്തിന്റെ കഥകൾ സാമൂഹിക യാഥാർഥ്യങ്ങളിലേക്കും മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്കും ബൗദ്ധികവ്യാപാരങ്ങളിലേക്കും മിത്തുകളിലേക്കും മിന്നൽപിണർ പായിച്ച് വെളിച്ചം വീശുന്നവയാണ്.

ഹോർഹെ ലൂയിസ് ബോർഹെസ്

ജയരാജ് കഥയെഴുത്തിൽ സജീവമായി നിലകൊണ്ട 1972 മുതൽ 1997 വരെയുള്ള ഇരുപത്തിയഞ്ച് വർഷം നീണ്ട കാലത്തെ തീവ്ര ഇടതുരാഷ്ട്രീയത്തിന്റെ ഉദയം മുതൽ അസ്തമയംവരെയുള്ള കാലമായി കാണാവുന്നതാണ്. ഈ കാലഗണന ജയരാജിന്റെ കഥകളുടെ വായനയിൽ പ്രസക്തമായ കാര്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യവർഷത്തിൽ, സാർവദേശീയ വിപ്ലവ സ്വപ്‌നങ്ങൾ സാർവദേശീയ വ്യാപാര വ്യാമോഹമായി രൂപാന്തരപ്പെട്ടുകഴിഞ്ഞ ചരിത്രത്തിന്റെ ദശാസന്ധിയിൽ, തന്റെ കഥകളോടും ഈ ലോകത്തോടും വിടപറഞ്ഞ് ജയരാജ് പോവുകയും ചെയ്തു. ജയരാജിന്റെ കഥകളെ രാഷ്ട്രീയ കഥകൾ എന്ന ഏക നിർവചനത്തിൽ ഒതുക്കുകയാണ് പൊതുവെ നമ്മൾ ചെയ്യാറുള്ളത്. എന്നാൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന ‘രാഷ്ട്രീയം’  വിപ്ലവ പ്രസ്ഥാനത്തിന്റെയും അധികാരത്തിന്റെയും ഭരണത്തിന്റെയും മാത്രം മണ്ഡലമല്ല, മനുഷ്യരുടെ ദൈനംദിന ജീവിതത്തെയും സാമൂഹികബന്ധങ്ങളെയും ചിന്തകളെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന വിപുലമായൊരു വ്യവസ്ഥയാണ്.

ജയരാജിന്റെ കഥകൾ രാഷ്ട്രീയ സംഭവങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ കേവലമായ ആഖ്യാനങ്ങളല്ല; മറിച്ച്, അധികാരബന്ധങ്ങൾ, വർഗസംഘർഷങ്ങൾ, ജാതിവ്യവസ്ഥ, സാമൂഹിക അസമത്വങ്ങൾ, പ്രത്യയശാസത്രം, വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷങ്ങൾ എന്നിവ സൂക്ഷ്മമായി ആവിഷ്കരിക്കുന്നവയാണ്. വസന്തത്തിലെ ഇടിമുഴക്കം എന്ന് വിശേഷിപ്പിക്കപ്പെട്ട നക്സൽബാരി പ്രസ്ഥാനത്തിന്റെ വിപ്ലവ പ്രവർത്തനങ്ങൾ അദ്ദേഹം തന്റെ കഥകളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും നിസ്വരായ മനുഷ്യരുടെ ജീവിതവും, ഇടതുപക്ഷ പ്രസ്ഥാനത്തിലെ വിവിധ ധാരകൾ തമ്മിലുള്ള ആശയ സംഘർഷവും, സാർവദേശീയ പ്രശ്നങ്ങളും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങളും, ജനാധിപത്യത്തിന്റെ പ്രതിസന്ധികളും അദ്ദേഹത്തിന്റെ പ്രമേയലോകത്തെ പലഘട്ടങ്ങളിലും സ്വാധീനിച്ചിട്ടുണ്ട് എന്ന് കാണാം. മലയാളിയുടെ സാമൂഹികചരിത്രത്തെയും രാഷ്ട്രീയബോധത്തിന്റെ പരിണാമത്തെയും ഒരേസമയം മനസ്സിലാക്കാനുള്ള ശ്രമമാണ് തന്റെ രചനകളിലൂടെ ജയരാജ് നടത്തിയത്. ജയരാജിന്റെ കഥകളിലെ പ്രമേയപരമായ സവിശേഷതകളും ആഖ്യാന തന്ത്രങ്ങളുടെ സവിശേഷതയും കാലത്തിനു മുൻപേ സഞ്ചിരിച്ചവയാണെന്ന് ആ കഥകളുടെ പുനർവായന നമ്മെ ബോധ്യപ്പെടുത്തും. രാഷ്ട്രീയത്തെ മനുഷ്യന്റെ സ്വത്വത്തെയും സ്വാതന്ത്ര്യത്തെയും ജീവിതസങ്കൽപ്പങ്ങളെയും നിർണയിക്കുന്ന പ്രത്യയശാസ്ത്രപരമായ വ്യവസ്ഥയായി തിരിച്ചറിയുന്നതാണ് അദ്ദേഹത്തിന്റെ കഥകളുടെ പ്രധാന സവിശേഷത. 

രാഷ്ട്രീയപ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിമോചനസങ്കൽപ്പങ്ങൾ യഥാർഥ ജീവിതത്തിൽ എത്രത്തോളം സാക്ഷാത്കരിക്കപ്പെടുന്നു എന്ന ചോദ്യം അദ്ദേഹത്തിന്റെ രചനകളുടെ അടിത്തട്ടിലുണ്ട്. അതുകൊണ്ടുതന്നെ, രാഷ്ട്രീയത്തിന്റെ ബാഹ്യമായ പ്രകടനങ്ങൾക്കപ്പുറം അതിന്റെ ആന്തരികമായ വൈരുധ്യങ്ങളെയും മനുഷ്യജീവിതത്തിൽ അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളെയും അന്വേഷിക്കുന്ന കഥാകൃത്താണ് യു. പി. ജയരാജ് എന്നുപറയാം. ‘സഞ്ചാരി പറഞ്ഞ കഥകൾ‘ എന്ന കഥയിൽ ജയരാജ് അവതരിപ്പിക്കുന്നത് അസ്തിത്വദുഃഖവും മരണാഭിമുഖ്യവുമായി ജീവിക്കുന്ന എഴുപതുകളിലെ ചെറുപ്പക്കാരുടെ ഒരു പ്രതിനിധിയെയാണ്. നിഷ്ക്രിയത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും സന്ധ്യകൾ സൃഷ്ടിക്കുന്ന അശുഭാപ്തി വിശ്വാസം കൂടുതൽ തിടംവെക്കുന്നത് ഇന്ത്യൻ അവസ്ഥയെക്കുറിച്ച് ഒരു സാങ്കൽപ്പിക സഞ്ചാരി നൽകുന്ന അഭിശപ്തമായ വിവരണങ്ങളിലൂടെയാണ്. പക്ഷെ ജയരാജിലെ പോരാളി ഇത്തരം ചിന്തകളിൽ എന്നെന്നേക്കുമായി വീണുപോവുന്നില്ല. കഥ അവസാനിക്കുന്നത് “ഇരുണ്ട സന്ധ്യകളേ വിട”! സത്യത്തിന്റെ അചുംബിതമായ പാതകൾ ഞങ്ങളുടെ പാദപതനശബ്ദം കാതോർത്ത് കിടക്കുന്നു” എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്.    

സാമൂഹികമാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങൾ പോലും ചില സന്ദർഭങ്ങളിൽ പുതിയ അധികാരഘടനകൾക്ക് രൂപം നൽകുകയും വ്യക്തിയുടെ സ്വതന്ത്രമായ ചിന്തയെയും പ്രവർത്തനത്തെയും നിയന്ത്രിക്കുകയും ചെയ്യാം. വിപ്ലവം എന്നത് ഒരു രാഷ്ട്രീയവ്യവസ്ഥയെ മാറ്റിസ്ഥാപിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും മനുഷ്യന്റെ ചിന്തയിലും ബന്ധങ്ങളിലും ജീവിതവീക്ഷണത്തിലും മാറ്റം സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ കഥാലോകം ഓർമിപ്പിക്കുന്നു. ‘വിചാരണ‘ എന്ന കഥയിൽ നമ്മൾ കാണുന്നത് ഒരു സഖാവ് മാർഗദർശിയാൽ വിചാരണ മുറിയിലേക്ക് ആനയിക്കപ്പെടുന്നതാണ്. അവിടെ സ്വന്തം പെങ്ങളെ കല്യാണം കഴിച്ച ഒരാളും അച്ഛനെ കൊന്ന ഒരാളും മുതലാളിയെ കൊന്ന ഒരാളും വിചാരണ ചെയ്യപ്പെടുകയാണ്. കറുത്തതുണികൾ വിരിച്ച ഈ വിചാരണമുറിയിലെ നിരീക്ഷകനായിരിക്കാൻ നിയോഗിക്കപ്പെടുകയാണ് സഖാവ്. ഈ വിചാരണമുറിയിൽ മൂന്നുമിനിറ്റ് സമയം കുറ്റവാളികൾക്ക് തങ്ങളുടെ ഭാഗം വിശദമാക്കാൻ അവസരമുണ്ട്. വിവാഹം എന്ന സ്വപനം മാത്രം താലോലിച്ച തന്റെ മൂത്തപെങ്ങളെ പണം ഇല്ലാത്തതിന്റെ പേരിൽ ആരും വിവാഹം കഴിക്കാൻ തയ്യാറായില്ല എന്നതാണ് താൻ സഹോദരിയെ വിവാഹം കഴിക്കാൻ കാരണം എന്ന് ഒന്നാമൻ പറയുന്നു. കൊടിയ ദാരിദ്ര്യത്തിലും അമ്മയുടെ എതിർപ്പിനെ അവഗണിച്ച് പതിനൊന്നാമത്തെ കുഞ്ഞിന് ജന്മം നൽകാൻ അച്ഛൻ മുതിർന്നപ്പോഴാണ് താൻ അച്ഛനെ കൊന്നത് എന്ന് രണ്ടാമനും ,അസഹ്യമായ ചൂഷണത്തിന് വിധേയനായപ്പോളാണ് മുതലാളിയെ താൻ കൊല്ലേണ്ടിവന്നത് എന്ന് മൂന്നാമനും പറയുന്നു. എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞ് ന്യായാധിപൻ മൂന്നുപേർക്കും വധശിക്ഷ വിധിക്കുന്നു. സാഹചര്യങ്ങൾ സൃഷ്ടിച്ച അവസ്ഥ ന്യായാധിപൻ പരിഗണിച്ചതേയില്ല. മനം മടുത്ത് പുറത്തിറങ്ങാൻ ശ്രമിച്ച സഖാവിനെ ഇതൊക്കെ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ടവനാണ് താങ്കൾ എന്ന് പറഞ്ഞ് മാർഗദർശകൻ തടയുന്നു. താൻ അകപ്പെട്ട അവസ്ഥയെക്കുറിച്ച് അപ്പോഴാണ് സഖാവ് ശരിക്കും ബോധവാനാവുന്നത്. പക്ഷെ അധിക നേരം കഴിയുന്നതിനുമുൻപ് ആ വിചാരണ മുറി ബോംബ് ഏറിൽ തകർക്കപ്പെടുന്നു. ന്യായാധിപൻ കൊല്ലപ്പെടുന്നു. മറ്റെല്ലാവരും ഇരുട്ടിലേക്ക് ഓടി മറയുന്നു. യു പി ജയരാജ് ഈ കഥ എഴുതി അമ്പത്തിമൂന്ന് വർഷം കഴിഞ്ഞിട്ടും നമ്മുടെ രാഷ്ട്രത്തിലെ സാമൂഹിക അവസ്ഥയുടെയും നീതിന്ന്യായ വ്യവസ്ഥയുടെയും സമകാലിക അവസ്ഥ ഒട്ടൊന്നും വ്യത്യസ്തമല്ലെന്ന് ഒരു ഞെട്ടലോടെ നമ്മൾ തിരിച്ചറിയുന്നു. 

യു.പി. ജയരാജിന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരമാണ് ഈ പുസ്തകം. എഴുത്തുകാരന്റെ ശ്രദ്ധേയമായ കഥയായ ‘വിചാരണ’ യും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

 

രാഷ്ട്രീയപ്രവർത്തകന്റെ വ്യക്തിജീവിതം, പ്രത്യയശാസ്ത്ര നിഷ്ഠകൾ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്നിവ തമ്മിൽ രൂപപ്പെടുന്ന സംഘർഷങ്ങൾ ‘വ്യക്തിഗത ദുഃഖങ്ങൾ‘ എന്ന കഥയിൽ ജയരാജ് അവതരിപ്പിക്കുന്നത് കാണുക. പ്രണയത്തിന്റെ ലോലഭാവങ്ങളും രാഷ്ട്രീയ നിലപാടിന്റെ കാർക്കശ്യവും ആവിഷ്കരിക്കുന്ന ഈ കഥയിൽ രാഷ്ട്രീയം ഒരു ബാഹ്യശക്തി മാത്രമല്ല, മനുഷ്യ മനസ്സിലും ആഗ്രഹങ്ങളിലും പ്രവർത്തിക്കുന്ന സങ്കീർണമായ ഒരവസ്ഥ കൂടിയാണ്. ഉപേന്ദ്രൻ എന്ന വിപ്ലവകാരി ഒരു പ്രധാന ദൗത്യം നിറവേറ്റാനായി ഒരു സബർബൻ പ്രദേശത്ത് ട്രെയിൻ ഇറങ്ങുന്നു. വർഗസമരത്തെക്കുറിച്ച് കുട്ടികൾക്ക് താൻ ക്ലാസ് എടുക്കുന്നതായി സങ്കല്പിച്ചാണ് അയാളുടെ നടത്തം. ആൾക്കുട്ടത്തെ കടന്ന് പോവുന്ന ഉപേന്ദ്രൻ മനസ്സിൽ പറയുന്ന ഒരു വാക്യം 2026 ഒക്റ്റോബർ മാസത്തിൽ ഇന്ത്യൻ തെരുവുകളിൽ നാം കണ്ട സമര യുവത്വത്തെ ഓർമയിലെത്തിക്കും: “യുവാക്കളെ, ഏവരുടെയും ജൻമാവകാശമായ സ്വാതന്ത്ര്യം നിങ്ങളൊരുദിനം തിരിച്ചെടുക്കുകയും നഗര വീഥിയിലൂടെ കാലത്തിന് തോല്പിക്കാൻ കഴിയാത്ത യുവത്വത്തിന്റെ ശക്തിഗീതങ്ങൾ ആലപിച്ചു കൊണ്ട് മാർച്ച് ചെയ്യുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ഞാനൊരു മുൻഗാമിയായിരിക്കുമോ?” ഉപേന്ദ്രന്റെ ദൗത്യം നഗരം ഭരിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയായ തന്റെ മുൻകാമുകിയെ (വിന്ധ്യ) ഉപയോഗിച്ച് ആ വീട്ടിൽ നടക്കുന്ന പോലീസ് ചർച്ച ചോർത്തുക എന്നതാണ്. വാദപ്രതിവാദങ്ങൾക്കൊടുവിൽ വിന്ധ്യ വിവരം ചോർത്താമെന്ന് സമ്മതിക്കുന്നു. ‘കെ’ എന്ന സ്ഥലത്തേക്ക് അവിടെ നിന്ന് പോകുമ്പോൾ കൂടെയുള്ള സഖാവ് ഓർമ്മകളിൽ മുഴുകിയ ഉപേന്ദ്രനോട് ചോദിക്കുന്നു. എന്താണ് ഓർക്കുന്നത്? ചില വ്യക്തിഗത ദുഃഖങ്ങൾ എന്ന് ഉപേന്ദ്രൻ മറുപടി പറയുന്നു. പ്രണയവും രാഷ്ട്രീയ ബോധവും തമ്മിലുള്ള സംഘർഷത്തിൽ രാഷ്ട്രീയത്തിനാണ് വിജയമെങ്കിലും വ്യക്തിഗത ദുഃഖങ്ങൾ അടിത്തട്ടിൽ നിലനിർത്തിക്കൊണ്ട് എഴുത്തുകാരന്റെ ബുദ്ധിപരമായ സത്യസന്ധതയ്ക്ക് അടിവരയിടുകയാണ് കഥാകാരൻ.

ജയരാജിന്റെ രചനകൾ രാഷ്ട്രീയപ്രതിബദ്ധതയെ അന്ധമായ വിശ്വാസമായി കാണാതെ നിരന്തരമായ ആത്മവിമർശനത്തിന്റെയും ചോദ്യങ്ങളുടെയും മേഖലയായി സമീപിക്കുന്നു. രാഷ്ട്രീയപ്രസ്ഥാനങ്ങളെയും അവയുടെ ചരിത്രപരമായ സംഭാവനകളെയും അംഗീകരിക്കുന്നതോടൊപ്പം അവയുടെ അധികാരപ്രവണതകളെയും പ്രത്യയശാസ്ത്രപരമായ പരിമിതികളെയും വിമർശനാത്മകമായി പരിശോധിക്കുന്ന ഈ സമീപനം രാഷ്ട്രീയകഥയെ കൂടുതൽ സങ്കീർണവും ചിന്തോദ്ദീപകവുമായ സാഹിത്യരൂപമാക്കി മാറ്റുന്നു. “ഈ രാജ്യത്തിലൂടെ ഈ തെവുകളിലൂടെ ഒന്നു സംഭവിച്ചിട്ടില്ല എന്ന മട്ടിൽ നടന്നു പോകുന്ന എല്ലാ ഇരുകാലികളും തെണ്ടികളാണ് “  ‘കിരീടങ്ങൾ നിലംപതിക്കുന്ന ശബ്ദം‘ എന്ന കഥയിൽ ജയരാജ് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. ദേവ് സന്യാൽ, രജപുത്ത്, പ്രിയദർശൻ, ആഖ്യാതാവ് എന്നിങ്ങനെ നാല് യുവാക്കളും അനസൂയ എന്ന യുവതിയുമാണ് ഈ കഥയിലെ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങൾ. ആധുനിക കഥയുടെ പ്രോട്ടാഗണിസ്റ്റ് സങ്കല്പത്തെയും വ്യക്തിപരതയെയും ഒരു സംഘത്തെ കേന്ദ്ര സ്ഥാനത്തിരുത്തി വെല്ലുവിളിക്കുകയാണ് ജയരാജ്. തന്റെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രം വ്യക്തികേന്ദ്രീകൃത സമീപനത്തിന് വിരുദ്ധമാണെന്ന ബോധ്യമാവാം പലകഥകളിലും ഈ ഒരു സമീപനം സ്വീകരിക്കാൻ ജയരാജ് തയ്യാറായതിന് കാരണം. ജയരാജിന്റെ കഥകളിലെ സ്ത്രീകളും കാല്പനികതയിൽ അഭിരമിച്ച് പ്രണയപരവശരായി പുരുഷന്റെ നിഴലായി നിൽക്കുന്നവർ അല്ല. വിപ്ലവത്തിന്റെ മുന്നണിയിൽ പുരുഷനോട് തോളോട് തോൾചേർന്ന് പ്രവർത്തിക്കുന്നവരാണ് അവർ. ഒരു പുതിയ ഉദയത്തിനായി വെമ്പിനിൽക്കുന്ന യുവതയുടെ സഹനം അദ്ദേഹം സൂചിപ്പിക്കുന്നത് “ഞങ്ങളുടെ തലയ്ക്ക് മുകളിൽ ദൂരങ്ങൾ താണ്ടി വിവശനായ ഒരു സായാഹ്ന സൂര്യൻ മിന്നി നിന്നു.” എന്ന വാക്യത്തിലൂടെയാണ്. കഥാ രചനയുടെ മർമ്മം പിടികിട്ടിയ ഒരു എഴുത്തുകാരന് മാത്രം വഴങ്ങുന്ന പശ്ചാത്തല സൃഷ്ടിയാണത്. 

കഥയിലെ വിപ്ലവകാരികളായ അഞ്ചുപേരുടെ ഈ സംഘം ഒളിവ് ജീവിതമാണ് നയിക്കുന്നത് എന്ന സൂചന പ്രത്യക്ഷത്തിൽ കഥയിൽ നമ്മൾ കാണില്ലെങ്കിലും വരികൾക്കിടയിൽനിന്ന് നമുക്കത് വായിച്ചെടുക്കാം. വിശപ്പാണ് കഥയുടെ ആരംഭത്തിൽ സംഘം നേരിടുന്ന പ്രധാന പ്രശ്‌നം. ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ഉടമയെ ഭീഷണിപ്പെടുത്തി കാശ്‌കൊടുക്കാതെ രക്ഷപ്പെടുകയാണ് അവർ ചെയ്യുന്നത്. പിന്നീട് ട്രെയിൻ കയറി നാടുവിടാൻ ഒരുങ്ങിനിൽക്കുകയാണ് അവർ. അപ്പോഴാണ് പ്ലാറ്റ്‌ഫോമിൽ വന്നുനിന്ന ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിൽ അബദ്ധത്തിൽ കയറിപ്പോയ ഒരു കർഷകനെ ഫസ്റ്റ് ക്ലാസിലെ യാത്രക്കാരനായ ഒരു ധനികൻ പിടിച്ചു തള്ളുന്നത്. മുഖംകുത്തി പ്ലാറ്റ്ഫോമിലേക്ക് വീണ കർഷകന്റെ ചോരയൊലിക്കുന്ന മുഖം കണ്ടിട്ടും ധനികനായ യാത്രക്കാരന്റെ യുവതിയായ മകൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്. വീണുകിടക്കുന്ന കർഷകനെ താങ്ങി ഇരുത്തിയശേഷം സംഘത്തിലെ അഞ്ചുപേരും വണ്ടി പുറപ്പെടുന്നതിന് തൊട്ടുമുൻപ് ഫസ്റ്റ് ക്ലാസ് കമ്പാർട്മെന്റിലെ കൂപ്പയിലേക്ക് ഇരച്ചുകയറുന്നു. ധനികനേയും മകളേയും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി അവരുടെ മുഴുവൻ സാധനങ്ങളും സംഘം ജനലിലൂടെ പുറത്തേക്ക് എറിയുന്നു. പിന്നീട് ആ അച്ഛനേയും മകളേയും പൂർണ നഗ്നരാക്കി കൂപ്പയിൽ ഇരുത്തി സംഘം അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നു. സംഘത്തിലെ അംഗമായ പ്രിയദർശൻ ഈ പ്രവൃത്തിയോട് വിയോജിക്കുന്നു. തുടർയാത്രയിൽ സംഘത്തിനൊപ്പം ചേരാതെ അയാൾ മറ്റൊരുവഴിക്ക് യാത്ര തുടരുന്നു. തെറ്റിനെ തെറ്റുകൊണ്ട് നേരിടുന്നത് ശരിയോ എന്ന ചോദ്യമുയരുന്നു. ബാക്കി നാൽവർ സംഘം അവർ ഇറങ്ങിയ സ്റ്റേഷന് അടുത്തുള്ള ഒരു മൈതാനിയിൽ ആകാശം നോക്കി കിടക്കുന്നു. അപ്പോൾ വിദൂരതയിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നതായ് അവർക്ക് അനുഭവപ്പെടുന്നു. അത് കിരീടങ്ങൾ നിലം പതിക്കുന്ന ശബ്ദമാണെന്ന് അവർ തിരിച്ചറിയുന്നു. പക്ഷെ ആരുടെ കിരീടങ്ങൾ? വിപ്ലവത്തിന്റെ ദാർശനിക പ്രശ്‌നമായി ഈ ചോദ്യം അനുവാചകനിൽ തുളഞ്ഞുകയറുംവിധം തൊടുത്തുവിട്ടാണ് ജയരാജ് കഥ അവസാനിപ്പിക്കുന്നത്.

നക്സൽബാരി വിപ്ലവത്തിനുശേഷം ഏകദേശം ഒരു വർഷത്തിനുള്ളിൽ 1968 ൽ സഖാവ് കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ പോലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്നുണ്ട്. തലശ്ശേരിക്കാരനായ ജയരാജ് ആ കാലത്ത് പതിനെട്ട് വയസ്സുകാരനായ നവയുവാവായിരിക്കും. പരാജയപ്പെട്ടതെങ്കിലും ആ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ ജ്വലിക്കുന്ന ഓർമകളാവാം ഹാരോൾഡ്‌ ബ്ലൂം നിരീക്ഷിച്ച മിത്തുകളിലേക്ക് ഉയർന്നുപോകുന്ന ബോർഹേസിയൻ വഴി സ്വീകരിച്ച് ജയരാജ് ‘ഗ്രാമചിത്രങ്ങൾ‘ എന്ന കഥയിൽ വരച്ചിടുന്നത്. മാജിക്കൽ റിയലിസ്റ്റ് സങ്കേതം ഉപയോഗപ്പെടുത്തി രചിക്കപ്പെട്ട ഒരു കഥാശില്പമാണ് ‘ഗ്രാമചിത്രങ്ങൾ’. കുഞ്ചിരയമ്മയുടെ മോൻ കുമാരനെ കാണാതായിട്ട് ഏഴ് ദിവസമായി. വീടിന്റെ ഉമ്മറക്കോലായിലിരുന്ന് ആടുമായി സംഭാഷണത്തിൽ ഏർപ്പെടുന്ന കുഞ്ചിരയമ്മയെയാണ് കഥാരംഭത്തിൽ നമ്മൾ കാണുക. വീട്ടിലെ മറ്റ് അംഗങ്ങൾ കളിയാക്കുമ്പോൾ കുഞ്ചിരയമ്മ ചോദിക്കുന്നുണ്ട് “ആടെന്താ മനിശ്ശനല്ലേ?” ഗ്രാമത്തിൽ പല അനിഷ്ട സംഭവങ്ങളും അരങ്ങേറിയതിന്റെ വിവരണങ്ങളാണ് കുഞ്ചിരയമ്മയുടെ ഉമ്മറക്കോലായിലെ ഇരിപ്പിനിടയിൽ നമ്മൾ കേൾക്കുന്നത്. ചേക്കുട്ടി മുതലാളി കുട്ടിച്ചാത്തനാൽ ആക്രമിക്കപ്പെടുന്നു. ചാമുണ്ഡി അംശം അധികാരിയുടെ പിറകെ പായുന്നു. ഭഗവതിയും ഗുളികനും നാട്ടിലിറങ്ങി ആളുകളെ ഭയപ്പെടുത്തുന്നു. സമൂഹത്തിന്റെ അബോധമനസ്സിൽ ചൂഷകരോടുള്ള പ്രതിഷേധത്തിന്റെ അടയാളമായി അവതരിപ്പിക്കുകയാണ് ഉഗ്രരൂപികളായ ഗ്രാമദൈവങ്ങളെ ജയരാജ്. അതേ സമയം സാധാരണക്കരായ അശോകനും അച്ചുവും പവിത്രനും അജ്ഞാതരായ ആളുകളാൽ ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഈ കഥയിൽ. തലശ്ശേരിയിലെ വെള്ളപ്പട്ടാളത്തിന്റെയും വയനാട്ടിലെ പഴശ്ശിസംഘത്തിന്റെയും സൂചനകൾ വഴി തലശ്ശേരി – പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തെതുടർന്നുള്ള നരവേട്ട കഥയിലേക്ക് സന്നിവേശിപ്പിക്കുകയാണ് കഥാകാരൻ. പാളിപ്പോയ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ നിന്ന് പഠിക്കേണ്ട പാഠങ്ങളാണ് കുറിച്യൻ ചന്തുവിന്റെ വാക്കുകളിൽ കഥാന്ത്യത്തിൽ ജയരാജ് അവതരിപ്പിക്കുന്നത്. “ശത്രു ആക്രമിക്കുമ്പോൾ നമ്മൾ പിൻവാങ്ങുന്നു. ശത്രു ക്ഷീണിക്കുമ്പോൾ നമ്മൾ കടന്നാക്രമിക്കുന്നു. ശത്രു പിന്തിരിയുമ്പോൾ നമ്മൾ പിന്തുടരുന്നു. ശത്രു വിശ്രമിക്കുമ്പോൾ നമ്മൾ ചുറ്റിവളയുന്നു. ശത്രു കേന്ദ്രീകരി ക്കുമ്പോൾ നമ്മൾ വികേന്ദ്രീകരിക്കുന്നു. ശത്രു വികേന്ദ്രീകരിക്കുമ്പോൾ നമ്മൾ കേന്ദ്രീകരിക്കുന്നു.”

‘ഗ്രാമചിത്രങ്ങൾ’ എന്ന കഥയുടെ രചനാതന്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമല്ല ‘തെയ്യങ്ങൾ‘ എന്ന കഥയുടെയും രചനാരീതി. ജയരാജിന്റെ കഥാരചനാവൈഭവം ഏറ്റവും ഗംഭീരമായി പ്രകടമായ കഥകളിലൊന്നാണ് ‘തെയ്യങ്ങൾ’. നന്ദൻ എന്ന ചെറുപ്പക്കാരൻ തൻറെ സുഹൃത്തുക്കളായ കരുണനെയും ഗംഗനെയും കാണുമ്പോൾ ഭൂതകാല ഓർമ്മകളിൽ സ്വയം നഷ്ടപ്പെടുന്നു. നന്ദന്റെ സഹോദരി രോണ്ണ്യേടത്തിയുടെ സാമീപ്യത്തിലും ഭൂതകാലം ഓർമ്മകളുടെ ചോരയൊലിക്കുന്ന മുറിവായി നന്ദനെ നോവിക്കുന്നുണ്ട്. അവധിക്ക് നാട്ടിലെത്തിയ നന്ദനെ അൽഭുതപ്പെടുത്തുന്നത് തെയ്യം കലാകാരൻ ഗംഗനിലെ വിപ്ലവകാരിയാണ്. അതുകൊണ്ടാണ് നന്ദൻ ചോദിക്കുന്നത്.“ഈ തെറയും തെയ്യങ്ങളുമെല്ലാം ഒരന്ധവിശ്വാസമല്ലേ ഗംഗ, നീയീ നിരീശ്വരോം പുരോഗമനോം പറഞ്ഞു നടക്കുമ്പം പിന്നെങ്ങന തെറ കെട്ടുന്നത്?” ഗംഗൻ അന്ന് തമാശയോടെ ചിരിച്ചു.

”ഇനിക്ക് പെരാന്ത്ണ്ടെടാ ? ഇപ്പൊ ആരിക്കാ ഈലൊക്കെ വിശ്വാസം? കൊറെ വയസ്സമ്മാർക്കുണ്ടാവും. അത് ആരു മാറ്റിയാലും മാറോം ഇല്ല. ബാക്കിയുള്ളവർക്ക് ഇതൊരു തമാശയല്ലേ? ഇഞ്ഞി നോക്കിക്കോ, തെയ്യം കെട്ടി തെയ്യം കെട്ടി ഒരു ദിവസം ഞാനീ ദൈവങ്ങളെയെല്ലാം കൊല്ലും.” കുലത്തൊഴിലായി ദൈവരൂപത്തെ പ്രാപിക്കുമ്പോഴും അതിലെ അയുക്തികത ഗംഗൻ തിരിച്ചറിയുന്നുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്ന്  മഹാജനക്കൂട്ടത്തെ ദൈവസാന്നിധ്യത്തിലേക്ക് നയിക്കുമ്പോൾ, ഗംഗൻ തിറയാടി നിൽക്കുമ്പോൾ, ദൈവരൂപത്തെ തേടി പോലീസ് എത്തുന്നു. “എവിടെ മലയൻ ഗംഗൻ? ,ഓന് അറസ്റ്റുവാറണ്ടുണ്ട്,” പോലീസ് പറയുന്നു. തിറ കാണാൻ ഭക്തജനങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇടം പോലീസ് നിയന്ത്രണത്തിലാവുന്നു. ജനം പോലീസിനെ കണ്ട് പരിഭ്രാന്തരാവുന്നു. തിറ നടത്തിപ്പുകാർ പോലീസുകാരോട് പറയുന്നു. “അയ്യോ ഇപ്പൊ ഒന്നും ചെയ്യല്ലേക്കിനേ. ഓനിപ്പം ദേവസ്വരൂപത്തിലാണ്.” അതിനു മറുപടിയായി പോലീസ് പറയുന്നുണ്ട്. “ഗോഡൗണിന് തീകൊടുക്കുമ്പം അവൻ ദൈവങ്ങളെ ഓർത്തിരുന്നോ?” ആ പോലീസുകാർക്ക് മുമ്പിൽ ദൈവത്തെ രക്ഷിക്കാൻ ധൈര്യമില്ലാതെ കല്ലാഡികളും കഴകക്കാരനും കോമരവും നാട്ടുപ്രമാണികളും സ്തബ്ധരായി. മാപ്പുസാക്ഷികളെ പോലെ നോക്കി നിൽക്കുകയായിരുന്ന അവർക്കു മുന്നിൽ പെട്ടെന്ന് ഊന്നുവടികളിൽ ഉയർന്ന് അവിശ്വസനീയമായ വേഗതയിൽ ആകാശത്തിലൂടെ ഊഞ്ഞാലാടി പോലീസുകാരുടെ തലയ്ക്കു മുകളിലൂടെ ഗംഗൻ പൊങ്ങിയുയർന്നു. നൂറ്റാണ്ടുകളായി ദൈവങ്ങളുടെ ഇച്ഛാശക്തിക്ക് കീഴ് വഴങ്ങി, അവരുടെ ശാപങ്ങളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കിടക്കുന്ന മണ്ഡപങ്ങൾക്കു മുകളിൽനിന്ന് ഗുളികൻ കെട്ടിയ ഗംഗന്റെ അപ്രതിരോധ്യമായ ശബ്ദം ഉയർന്നു. “ഇൻകുലാബ് സിന്ദാബാദ്, നെയ്ത്തു തൊഴിലാളി യൂണിയൻ സിന്ദാബാദ്!” പിന്നീട് ജനക്കൂട്ടം പോലീസുകാർക്ക് നേരെ തിരിയുന്നു. കല്ലുകളും വടികളും മൂളിപ്പറന്നു; പോലീസുകാരുടെ തൊപ്പികളും. ഒടുവിൽ ഗംഗൻ അഥവാ ഗുളികൻ നാട്ടുകാരെ അഭിസംബോധന ചെയ്തു സംസാരിക്കാൻ തുടങ്ങി. അപ്പോഴേക്കും ദൈവ ഭാഷയിൽ ‘പൈതങ്ങളേ‘ എന്നല്ല ഗുളികൻ ജനങ്ങളെ അഭിസംബോധന ചെയ്തത്. ശ്രീകോവിലിനു മുകളിൽ നിന്ന് ഗുളികൻ ഗംഗൻ തന്റെ ഭാഷണം ആരംഭിച്ചത് അവിടെ തടിച്ചുകൂടിയ മഹാജനസഞ്ചയത്തെ ‘സഖാക്കളെ‘ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു.

ജയരാജിന്റെ ശ്രദ്ധേയമായ ‘ബീഹാർ’ എന്ന കഥയിൽ ബീഹാറിലെ ഗ്രാമങ്ങളിൽ അരങ്ങേറുന്ന സവർണ്ണരുടെ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളുടെ ഹൃദയം പൊള്ളിക്കുന്ന കാഴ്ചകളാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പക്ഷേ അടിമജീവിതം നയിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ വാർപ്പുമാതൃകകളിലൊതുക്കാതെ അവർക്കിടയിൽ ശക്തിപ്പെടുന്ന വിപ്ലവ പ്രതിരോധബോധത്തെ ആവിഷ്കരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഭോജ്പൂർ എന്ന സ്ഥലത്തെ മുൻനിർത്തി എങ്ങനെയാണ് അവിടെ തമ്പുരാക്കൻമാരുടെ അതിക്രമങ്ങളോട് ഇരകളാക്കപ്പെട്ട മനുഷ്യർ പ്രതികാരം വീട്ടുന്നത് എന്ന് ജയരാജ് വരച്ചിടുന്നു. “ഓമനേ, ഒടുവിലിന്ന് ഭോജ്പൂരിനെപ്പറ്റി ഞാൻ നിന്നോട് പറയാൻ പോവുകയാണ്.” ജയരാജ് എഴുതുന്നു: “പക്ഷേ, ഓമനേ, ഭോജ്പൂരിൽ തോക്കുകളും ലാത്തികളും ചീറുന്നുണ്ട്. എന്നും സംഘട്ടനങ്ങൾ നടക്കുന്നുണ്ട്. പ്രാകൃതമായ പണിയായുധങ്ങൾകൊണ്ടും ഒരു യുദ്ധം ആരംഭിക്കാമെന്ന് തെളിയിക്കുന്നുണ്ട്. നിരവധിപേർ കൊല്ലപ്പെടുന്നുണ്ട്. ചോര വീണ് ചോര വീണ് വഴികളും പാടങ്ങൾപോലും ചെന്നിറമായിരിക്കുന്നു. എല്ലാവർക്കും അച്ഛനും മക്കളും നഷ്ടപ്പെടുന്നുണ്ട്. എന്നും ദുർമ്മരണങ്ങളും ആർത്തനാദങ്ങളും ഉണ്ട്. വ്യക്തികളുടെ പതനത്തിൽ ഒരു വർഗ്ഗത്തിന്റെ വിജയമാണ് മുഴങ്ങുന്നത്. മൃതിയടയുന്നവർ നഷ്ടപ്പെടുകതന്നെയാണെങ്കിലും ഒരിക്കലും നഷ്ടപ്പെടാത്ത എന്തൊക്കെയോ അവർ നമുക്കായി നേടിവയ്ക്കുന്നുണ്ട്.”

കത്ത് എന്ന ഭാഷാവ്യവഹാരരൂപം കഥയിൽ വിദഗ്‌ധമായി ഉപയോഗക്കുന്നുണ്ട് ജയരാജ്. ‘സമകാലികനായ ഒരു കഥാകൃത്തിന്റെ ഓർമ്മയ്ക്ക്‘ എന്ന കഥയിൽ പ്രിയൻ എന്നു പേരായ കഥാകാരൻ ആഖ്യാതാവിന് എഴുതിയ കത്ത് പുന:രാഖ്യാനം ചെയ്യുകയാണ് അദ്ദേഹം. ജയരാജിന്റെ ഇഷ്ടവിഷയമായ സാർവദേശീയ രാഷ്ട്രീയ പ്രശ്നങ്ങൾ ഈ കഥയിൽ ശക്തമായി കടന്നുവരുന്നു എന്നതും ശ്രദ്ധേയമാണ്. 1939 മുതൽ 1975 വരെ സ്പെയിനിൽ ഭരണത്തിലിരുന്ന ഏകാധിപതി മരിച്ചു /മരിച്ചില്ല എന്ന വാർത്തകൾക്കിടയിലാണ് ആ കത്ത് പ്രിയൻ എഴുതിയത്. ഫാസിസ്റ്റുകൾ മരിച്ചാലും മരിക്കുന്നില്ല എന്ന് അയാൾ ഓർമിപ്പിക്കുന്നു. സിംബാബ്വേ, ചിലി, റഷ്യ, തുടങ്ങിയ രാജ്യങ്ങളിലെ അവസ്ഥകൾ കത്തിൽ പരാമർശിക്കപ്പെടുന്നു. തന്നെ എപ്പോഴും പിന്തുടരുന്ന ചാരൻ തന്നെ എഴുത്തിൽ നിന്ന് അകറ്റി എന്ന് പ്രിയൻ പറയുന്നു. ഉത്തരേന്ത്യയിലെ ജാതി പീഢനങ്ങൾക്കെതിരെ എഴുതാൻ കഴിയാത്തത് പ്രിയനെ ഖിന്നനാക്കുന്നു. എങ്കിലും കത്ത് അവസാനിക്കുന്നത് പ്രത്യാശയിലാണ്. “പ്രിയ സുഹൃത്തേ, വിട. നമ്മുടെ സ്വപ്നങ്ങൾ മലിനമാവാതിരി ക്കട്ടെ. എന്നെങ്കിലുമൊരിക്കൽ നമ്മുടെ യൗവനത്തെയും നമ്മുടെ പ്രണയത്തെയും, നമ്മുടെ ഹർഷോന്മാദത്തെയുംപറ്റി പാടാൻ നമുക്കവസരം ലഭിക്കാം. അപ്പോൾ നമുക്ക് തെളിനീരും പുലർകാലവും വരും, വരില്ലേ?”

സഖാവും സുഹൃത്തും കഥാകൃത്തുമായ പി കെ നാണുവിന് എഴുതുന്നതായി സങ്കൽപ്പിച്ച് രചിച്ച ‘നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്’ എന്ന ഏറെ പ്രശസ്തമായ കഥയും “ബി എന്ന നഗരത്തിൽ, ജനങ്ങളോട് സഹതാപം പുലർത്തുകയും അവരോടൊത്തു ചേർന്ന് (അവരുടെ പോരാട്ടങ്ങളിലും വിജയങ്ങളിലും കഷ്ടതകളിലും ഒന്നുപോലെ പങ്കെടുത്ത്) ജീവിക്കാൻ ശ്രമിക്കുകയുംചെയ്ത കുറ്റത്തിന് ജോലിയിൽനിന്ന് പിരിച്ചുവിടപ്പെടുകയും പീഡാനുഭവങ്ങൾക്ക് വിധേയനാക്കപ്പെടുകയും ചെയ്തത് ഇപ്പോൾ നൈരാശ്യംപൂണ്ട് വിഷാദാവസ്ഥയിൽ കഴിയുന്നവനായ സി എന്ന സുഹൃത്തിന് ടി എന്ന നഗരത്തിൽനിന്ന് വി എഴുതുന്ന കത്ത്’” ആണ്. വി തെലുങ്കാനയിലെ കൃഷ്ണാ നദിക്കരയിലെ മുത്തശ്ശിയുടെ കുടിലിലെ ഒളിവുജീവിതകാലത്തെ അനുഭവമാണ് നിരാശാഭരിതനായ സുഹൃത്തിന് എഴുതുന്ന കത്തിൽ വിവരിക്കുന്നത്. അവിടെ ഒരു മുത്തശ്ശി മാത്രമുള്ള കുടിലിലാണ് വി താമസിക്കുന്നത്. 1948 ലെ തെലുങ്കാന സമരത്തിൽ മുത്തശ്ശിയുടെ ഭർത്താവ് വെടിയേറ്റുമരിച്ചു. മൂത്തമകൻ ബസവയ്യൻ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ കൊല എന്ന് പോലീസ് ഭാഷ്യം. ഇളയവൻ നാഗയ്യ ജയിലിൽ ഉണ്ടെന്നും ഇല്ലന്നും കേൾക്കുന്നു. പക്ഷെ യാതൊരു പതർച്ചയുമാല്ലാതെ വി എന്ന വിപ്ലവകാരിക്ക് വച്ചുവിളമ്പുകയും വിശേഷങ്ങൾ ആരായുകയുമാണ് മുത്തശ്ശി. ജീവിതത്തിന്റെ നിരന്തര ചലനനിയമത്തെ സൂചിപ്പിച്ചുകൊണ്ട് സി എന്ന സുഹൃത്തിന് എഴുതിയകത്ത് വി ചുരുക്കുകയാണ്. “വെയിൽ ചിന്നുന്നുണ്ട്. ഓർമ്മകൾ ഉണരുന്നുണ്ട്. കാക്കകൾ കരയുന്നുണ്ട്. കാറ്റ് വീശുന്നുണ്ട്. മരങ്ങൾ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട്. അതുകൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട്.”

യൂ പി ജയരാജ്‌, ഭാര്യയോടൊപ്പം

അടിയന്തിരാവസ്ഥയുടെ രൂപകം എന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ് ‘മഞ്ഞ്‘. ഈ കഥയിൽ ഒരു ഹോസ്റ്റൽ മുറിയെ ഇന്ത്യയുടെ പരിഛേദമാക്കി അവതരിപ്പിക്കുകയാണ് ജയരാജ്. അവിടെ കാഫ്കയെ വായിക്കുന്നവനും താളിയോല പഠിക്കുന്നവനും ശാസ്ത്രപഠിതാവും യോഗ ചെയ്യുന്നവനും മൗനിയും ഉണ്ട്. ബോറടി മാറ്റാൻ അവർ ഒരുമിക്കുന്നത് സിനിമാനടിമാരുടെ അരക്കെട്ടിന്റെ വണ്ണം ചർച്ചചെയ്യാനാണ്. പൊടുന്നനെ അന്തരീക്ഷത്തിൽ മഞ്ഞ് മൂടിയത് ആഖ്യാതാവ് ഒഴികെ ആരും ശ്രദ്ധിക്കുന്നില്ല. ഹെമിങ്‌വേയുടെ കിഴവനും കടലും നോവലിലെ സാന്തിയാഗോയെ ഓർത്തുകൊണ്ട് ഒരിക്കലും പരാജയപ്പെടുത്താൻ പറ്റാത്ത മനുഷ്യന്റെ ഇഛാശക്തിയെ ദ്യോതിപ്പിക്കുന്നുണ്ട് ആഖ്യാതാവ്. കട്ടികൂടിക്കൂടി വരുന്ന മഞ്ഞിനെക്കുറിച്ച് പതിയെ മറ്റുള്ളവരും ബോധവാന്മാരാവുന്നുണ്ട്. 

ഏണസ്റ്റ് ഹെമിങ്‌വേയുടെ കൃതി. ‘ദി ഓൾഡ് മാൻ ആൻഡ് ദി സീ.

‘റൈം ഓഫ് ആൻഷ്യന്റ് മാരിനർ’ എന്ന തന്റെ വിഖ്യാത കവിതയിൽ കോൾറിജ് ആൽബട്രോസ് പക്ഷിയെ അവതരിപ്പിച്ചപോലെ ഡിറ്റന്റസ് പക്ഷികൾ ഈ കഥയിൽ ശക്തമായ ഒരു ബിംബമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. കൊടും ശൈത്യത്തിൽ മാത്രം അതിജീവിക്കുന്ന ശവംതീനികളായ ഡിറ്റന്റസ് പക്ഷികൾ പെട്ടന്ന് ഉദിച്ചു വരുന്ന സൂര്യതാപമേറ്റ് തിരിച്ചു പറക്കാനാവാതെ മരണപ്പെടും എന്ന പ്രതീക്ഷയാണ് കഥ പങ്കുവെക്കുന്നത്. ജയരാജ് എഴുതുന്നു: “പുറത്ത് കൊടും ശൈത്യമുണ്ട്. മഞ്ഞുണ്ട്. ശവംതീനികളായ ഡിറ്റന്റസ് പക്ഷികളുണ്ട്. എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനസ്ഥൈര്യത്തോടെ നേരിടുകയും പരാജയങ്ങൾക്കു മുന്നിൽ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ, പൗരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളിൽ പിന്നെയും പൊട്ടിച്ചിതറുകയാണ്.”

അടിയന്തിരാവസ്ഥ പിൻവലിക്കപ്പെടുകയും തുടർന്നുനടന്ന തിരഞ്ഞെടുപ്പിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തുകയും ചെയ്തതോടെ ആ ഇരുണ്ടകാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ സി ഷായുടെ അധ്യക്ഷതയിൽ ഒരു കമ്മീഷൻ നിയഗിക്കപ്പെടുന്നുണ്ട്. കമ്മീഷൻ കണ്ടത്തലുകൾ ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും അരങ്ങേറിയ പല കൊടും ക്രൂരതകളും വെളിച്ചത്ത് കൊണ്ടുവന്നു. ഷാ കമ്മീഷൻ റിപ്പോർട്ട് പ്രമേയമാക്കി ജയരാജ് രചിച്ച വ്യത്യസ്തമായ ഒരു കഥയാണ് ‘വന്യമൃഗങ്ങളുടെ രാത്രി’. അന്വേഷണ കമ്മീഷൻ തെളിവെടുപ്പിന് ശേഷം കടൽ കിഴവൻ മൽഹോത്ര കുരങ്ങനായി മാറിയതാണ് കഥയിലെ പ്രധാന സംഭവം. അദ്ദേഹത്തിന്റെ ഭാര്യ പ്രിയംവദ മൽഹോത്ര പത്രപ്രവർത്തകനും സുഹൃത്തുമായ നിർമ്മലിനെ ഫോണിൽ ബന്ധപ്പെട്ട് ഈ ഭീകര സംഭവം നേരിൽ കാണാൻ വീട്ടിലേക്ക് ക്ഷണിക്കുന്നു. നല്ല വായനക്കാരൻ കൂടിയായ നിർമ്മൽ കാഫ്കയുടെ ‘മെറ്റമൊർഫോസിസ്‘ ഐനസ്കോയുടെ ‘കാണ്ടാമൃഗം’ എന്നീ കൃതികളിൽ ഇത്തരം അവിശ്വനീയമായ രൂപാന്തരീകരണം സംഭവിച്ചതായി താൻ വായിച്ചിട്ടുണ്ട് എന്ന് പറയുന്നു. പിന്നീട് ആ വീട്ടിലേക്ക് നിർമ്മലിന്റെ സുഹൃത്ത് ഫോണിൽ വിളിക്കുകയും പല ബ്യൂറോക്രാറ്റുകളും ചെന്നായും കഴുതപ്പുലിയും കരടിയുമൊക്കെയായി രൂപാന്തരപ്പെട്ട വാർത്ത വിളിച്ചറിയിക്കുകയും ചെയ്യുന്നു. “പ്രിയംവദാജീ, നിങ്ങൾ ഭാഗ്യവതിയാണ്. നിങ്ങൾക്കിവിടെ ഒരു കുരങ്ങനുമായി ഇങ്ങനെ സല്ലപിച്ചുകൊണ്ട് നിന്നാൽ മതി. ഞാനാവട്ടെ ചെന്നായ്ക്കളും കഴുതപ്പുലികളും കരടികളും ചീറി നടക്കുന്ന തെരുവുകളിലേക്ക്‌ പ്രവേശിക്കുകയാണ്.” എന്ന് പറഞ്ഞുകൊണ്ട് നിർമൽ ആ വീട്ടിൽനിന്ന് ഇറങ്ങുകയാണ്. അധികാരത്തിന്റെ സംരക്ഷണ ആവരണം അഴിഞ്ഞുവീണ ബ്യൂറോക്രാറ്റുകളുടെ യഥാർത്ഥ സ്വരൂപം തുറന്നുകാട്ടുകയാണ് കഥാകൃത്ത്.

 

ജയരാജിന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു സംഭവത്തിന്റെ പുന:രാഖ്യാനമായി വായിക്കാവുന്ന കഥയാണ് ‘ഒരു സൗഹൃദ സന്ദർശനം’.നക്സലൈറ്റ് നേതാവായ കെ വേണു കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിന് ശേഷം തിരുച്ചിറപ്പള്ളിയിലെ ഓർഡിനൻസ് ഫാക്ടറിയിൽ ജോലിചെയ്യുന്ന ജയരാജിന്റെ ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിക്കട്ടെ എന്ന് പാർട്ടി തീരുമാനിക്കുന്നു. പക്ഷെ അത് അദ്ദേഹത്തിന്റെ അറസ്റ്റിൽ കലാശിക്കുകയാണ് ചെയ്തത്. കഥയുടെ തുടക്കത്തിൽ ബൽസയിലേക്ക് ബസ് കാത്തുനിൽക്കുകയായിരുന്ന ആഖ്യാതാവിനോട് അങ്ങോട്ടുള്ള വഴി ചോദിക്കുന്ന മൂന്ന് അപരിചിതരെയാണ് നമ്മൾ കാണുക. അവസാന ബസിൽ അവർ ഒന്നിച്ച് ബൽസയിലേക്ക് യാത്രയാവുന്നു. ടൈപ്പ് II ക്വാർട്ടേഴ്‌സിലെ തോമസ് എന്ന ഒരാളെയാണ് അവർക്കു കാണേണ്ടത് എന്നും ഒരു വിവാഹകാര്യത്തിനാണ് അവിടെ പോവുന്നത് എന്നും അപരിചിതർ പറയുന്നു. ബസ്സ് ഇറങ്ങിയ അപരിചിതർ ക്വാർട്ടർ നമ്പർ പറഞ്ഞപ്പോളാണ് അത് തന്റെ വീടാണല്ലൊ എന്ന് ആഖ്യാതാവ് ഒരു ഞെട്ടലോടെ മനസ്സിലാക്കുന്നത്. പോലീസുകാരെ താൻതന്നെ തന്റെ വീട്ടിലേക്ക് എത്തിക്കേണ്ടിവന്ന ഗതികേട് അയാളെ തകർത്തുകളയുന്നു. നാളെ കാലത്ത് അവിടെ എത്തുന്ന “S” എന്ന വിപ്ലവകാരിയെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാർക്ക് താൻ വഴിയൊരുക്കി എന്ന മനസ്താപം അയാളെ ഭീകരമായി വേട്ടയാടുന്നു. വിപ്ലവ പ്രവർത്തനകാലത്തെ ഇത്തരം നേരനുഭവങ്ങളുടെ ചൂരും ചൂടും ജയരാജിന്റെ കഥകൾക്ക് ഒരധികമാനം നൽകുന്നു എന്നത് നിസ്തർക്കമാണ്. പി.കെ ദാമോദരൻ മാഷ്  എന്ന വടകര അയനിക്കാട് സ്വദേശിയായ സഖാവാണ് തിരുച്ചിറപ്പള്ളിയിലെ ജയരാജിന്റെ ക്വാർട്ടേഴ്സിലെത്തി വേണുവിന്റെ വരവ് അറിയിക്കുന്നത്. അവിടുന്ന്  മടങ്ങുന്നവഴിയിൽ  മാഷെ പോലീസ് അറസ്റ്റ് ചെയ്യുകയും തിരുച്ചിറപ്പള്ളി ബസ് ടിക്കറ്റ് കണ്ടെടുക്കുകയും ചെയ്യുന്നു. അതിക്രൂരമായ പോലീസ് മർദ്ദനത്തിനൊടുവിൽ തന്റെ യാത്രാ ഉദ്ദേശ്യം മാഷിന് പൊലീസിന് മുന്നിൽ വെളിപ്പെടുത്തേണ്ടിവരുന്നു. ഈ സംഭവമാണ് വേണുവിന്റെ അറസ്റ്റിൽ കലാശിച്ചത്.

യു. പി. ജയരാജിന്റെ കൈയക്ഷരം

നക്സലൈറ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഉന്മൂലന പരിപാടികളും പോലീസ് സ്റ്റേഷൻ ആക്രമണവും ജനകീയവിചാരണയും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള ഇടപെടലുകൾക്കുമൊക്കെ ശേഷം ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ ആദ്യ രണ്ടുമൂന്നു വർഷങ്ങളിൽ കേരളത്തിലെ ബുദ്ധിജീവികളായ നക്സലൈറ്റ് സഖാക്കൾ പ്രവർത്തനങ്ങൾ ഏതാണ്ട് അവസാനിപ്പിച്ച് ബൗദ്ധിക വ്യായാമങ്ങളിൽ അഭിരമിക്കുകയായായിരുന്നു. ഇതിനെ കളിയാക്കുകയാണ് 1983 ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘അംബരം’ എന്ന കഥ. കുമാരേട്ടന്റെ കോഫീ ഹൗസ് പശ്ചാത്തലത്തിലാണ് ബുദ്ധിജീവികളായ നക്സലൈറ്റുകളുടെ ചർച്ച. ഏർലി മാർക്സ്, അധിനിവേശ സംസ്കാരം, ഭാരതീയ തത്ത്വചിന്ത, ദ്രവീഡിയൻ വേരുകൾ, ലൈംഗികശീലങ്ങളും സമൂഹ മനഃശാസ്ത്രവും തുടങ്ങിയ വിഷയങ്ങളാണ് കോഫീഷോപ്പിലെ ചർച്ചകളിൽ മുഴങ്ങികേൾക്കുന്നത്. പലപ്പോഴും ഉയർന്നുമുഴങ്ങുന്ന ശബ്ദം ആരുടേതെന്നു വ്യക്തമല്ല. ചർച്ചയുടെ തീവ്രത പരിധി ലംഘിച്ചു കവിഞ്ഞുവോ എന്നു ഭയപ്പെട്ടുതുടങ്ങുന്ന കുമാരേട്ടൻ അനുനയശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കും. പക്ഷേ, കുമാരേട്ടൻ വിജയിക്കുന്ന ലക്ഷണമൊന്നുമില്ല. കാരണം, കോറസിന്റെ ഘനവിസ്തൃതി അനുനിമിഷം പെരുകിക്കൊണ്ടിരിക്കുകതന്നെയാണ്. പെരുകുന്ന ശബ്ദങ്ങൾക്കിടയിൽ കടലിന്റെ ആക്രോശം നേർത്തുപോവുന്നു. മുകളിൽ ഏതും പ്രതിഫലിപ്പിക്കാത്ത, യാതൊന്നും ബാധിക്കാത്ത ആകാശം മാത്രം നിശ്ചലംമായി നിൽക്കുന്ന കാഴ്ചയിലേക്ക് വായനക്കാരനെ ക്ഷണിച്ചുകൊണ്ട് കഥ അവസാനിക്കുന്നു.

ജയരാജിന്റെ ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ് 1997 ൽ എഴുതിയ ‘ഓക്കിനാവയിലെ പതിവ്രതകൾ‘. മാർകേസിന്റെ മക്കണ്ടോ പോലെ ഒരു സാങ്കൽപ്പിക ഇടം ആണ് ഓക്കിനാവ. യു എസ് എസ് ആറിന്റെ തകർച്ചയും ലോകത്തെമ്പാടും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സംഭവിച്ച തിരിച്ചടികളും ആഗോളവത്കരണത്തിന്റെയും തുറന്നവിപണിയുടെയും കാലമായി മാറിയ തൊണ്ണൂറുകളുടെ രണ്ടാം പാതിയിൽ ഒക്കിനാവയിലെ ജന ജീവിതത്തെ അതി ഗംഭീരമായ ഒരു ഉപമയിലൂടെ അടയാളപ്പെടുത്തുകയാണ് ജയരാജ്. ലോകത്തെ മാറ്റിമറിക്കുകപോലുള്ള വലിയ ലക്ഷ്യങ്ങളൊക്കെ കൈയ്യൊഴിഞ്ഞ് അവനവന്റെ ആനന്ദം കണ്ടെത്തുക മാത്രം ലക്ഷ്യമായ ആ ജീവിതത്തെ, ‘ഇവിടെ ജീവിതം ഒരു ഏകദിന ക്രിക്കറ്റ് മത്സരം പോലെ ഉദ്വേഗപൂർണം; എന്നാൽ അപായരഹിതം.‘ എന്നാണ് ജയരാജ് വിശേഷിപ്പിക്കുന്നത്. ഓക്കിനാവയിലെ ചെറുപ്പക്കാർ കാനഡ ഓസ്ട്രേലിയ സിങ്കപ്പൂർ യു എസ് എന്നിവിടങ്ങളിലൊക്കെ പിടിച്ചുനിൽക്കാൻ ആവതുള്ളവരാണ്. തെയ്യം തിറ നോമ്പ് ഒന്നും അവർക്കറിയില്ലെങ്കിലെന്ത്? അവിടെ ആത്മഹത്യ ഇല്ല. ആത്മാവ് ഇല്ലാതെ എന്ത് ആത്മഹത്യ? ഓക്കിനാവയിലെ തിയ്യറ്റർ ഓഫ് പ്രൊട്ടസ്ററ്കാരൻ സ്തുതിഗീതങ്ങൾ എഴുതുന്നു. അവാങ് ഗാർഡ് സംവിധായകൻ പഴയകാല ഡൈനാസ്റ്റിയുടെ മഹത്വം വിളിച്ചോതുന്ന സിനിമാപിടിക്കുന്നു. സക്സസ് ആണ് അവിടെ പാസ് വേർഡ്. പൂജാദികർമ്മങ്ങൾ നടത്തുന്ന കുലസ്ത്രീകളാണ് അവിടുത്തെ ഐശ്വര്യം. നല്ല പുരുഷന്മാരെ കിട്ടിയില്ലെങ്കിൽ സ്പേം ബാങ്ക് ഉണ്ട് അവർക്ക് മക്കളെ നൽകാൻ. പല പുരുഷന്മാരും ഷണ്ഡന്മാരാണവിടെ. ഓക്കിനാവയിൽ അകെയുള്ള ഭീതി ഭൂമികുലുക്കവും എയിഡ്സും മാത്രമാണ്. ഒന്ന് പ്രവചനാതീതം മറ്റേത് മരുന്നില്ലാത്തത് എന്നാലും  “we shall overcome we shall overcome some day”എന്ന് അവർ പാടിക്കൊണ്ടിരിക്കുന്നു. സമകാല ഇന്ത്യൻ / കേരള അവസ്ഥ ഏകദേശം മൂന്നു ദശകങ്ങൾക്ക് മുൻപ് ജയരാജ് ഈ കഥയിൽ അവതരിപ്പിച്ചതിൽനിന്ന് തുലോം വ്യത്യസ്തമല്ല എന്ന് നമ്മൾ തിരിച്ചറിയുന്നു.     

ഗബ്രിയേൽ ഗാർസിയ മാർക്വേസ് 1967-ൽ പ്രസിദ്ധീകരിച്ച വിഖ്യാത നോവലായ ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred Years of Solitude) എന്ന കൃതിയുടെ പ്രധാന പശ്ചാത്തലമായി സൃഷ്ടിച്ച സാങ്കൽപ്പിക പട്ടണമാണ് മക്കോണ്ടോ (Macondo)

മനുഷ്യജീവിതത്തിന്റെ അർഥം എന്ത് എന്ന ചോദ്യം ഉയർത്തുകയും ആ പ്രഹേളികയ്ക്ക് ഉത്തരമില്ലാതെ അസ്തിത്വദുഃഖംപേറി സകലതിനോടും കലഹിക്കുകയും കഠിനമായ വിഷാദത്തിൽ വീണുപോവുകയും ചെയ്യുന്ന കഥാപാത്രങ്ങൾ നിറഞ്ഞുനിന്ന എഴുപതുകളിൽ ലക്ഷ്യബോധത്തോടെ വിപ്ലവപാതയിൽ നീങ്ങിയ കരുത്തരായ പോരാളികളെയാണ് ജയരാജ് തന്റെ കഥകളിൽ അവതരിപ്പിച്ചത്. അതേ സമയം എഴുത്തുകാരന്റെ ബുദ്ധിപരമായ സത്യസന്ധത ഉയർത്തിപ്പിടിച്ച് വിപ്ലവകാരികളുടെ ആത്മസംഘർഷങ്ങളും വിപ്ലവത്തിന്റെ ദാർശനിക പ്രശ്‍നങ്ങളും ജയരാജ് തുറന്ന് എഴുതുന്നുമുണ്ട്. സ്ത്രീപക്ഷ എഴുത്തുകൾക്കും വളരെ മുൻപ് തന്നെ പുരുഷാധിപത്യം പുലർത്തിയ ലിംഗവിവേചനപരമായ നിലപാടുകളെ പാടെ കയ്യൊഴിഞ്ഞ കഥാകൃത്തുമാണ് ജയരാജ്. എൺപതുകളിലും തൊണ്ണൂറുകളിലും എഴുതിയ രണ്ടോ മൂന്നോ കഥകളിലാവട്ടെ ആഗോള ഗ്രാമത്തിലെ ചുണക്കുട്ടന്മാരാവാൻ വെമ്പുന്ന വിപ്ലവവീര്യം ചോർന്നുപോയവരെ കഠിനമായി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. അടിമുടി സാമൂഹിക ജീവികളായ മനുഷ്യരുടെ പ്രതിരോധത്തിന്റെയും ആ പ്രതിരോധബോധം സൃഷ്ടിക്കുന്ന സംഘർഷത്തിന്റെയും സത്യസന്ധവും ആത്മാർത്ഥവുമായ ആവിഷ്‌കാരങ്ങളാണ് യു പി ജയരാജിന്റെ എല്ലാ കഥകളും.

 

About Author

K.T. Dinesh

കെ ടി ദിനേശ് അധ്യാപകൻ, എഴുത്തുകാരൻ വിവർത്തകൻ. പാഠ്യപദ്ധതി രൂപകൽപ്പന, വിദ്യാഭ്യാസ ഗവേഷണം, അധ്യാപക പരിശീലനം എന്നീ മേഖലകളിൽ 25 വർഷത്തിലേറെ അനുഭവം . കേരള എസ്.സി.ഇ.ആർ.ടി.യിൽ ഇംഗ്ലീഷ് വിഭാഗം റിസർച്ച് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള സാഹിത്യ വിവർത്തനങ്ങൾ ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ ഇടംനേടി .

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Raj Veer Singh

U.P. Jayaraj’s reflections remind us that genuine intellectual growth begins with the courage to question oneself. Self-criticism is not a weakness but an essential part of political awareness, social responsibility and the pursuit of truth. A society that stops questioning itself loses the ability to recognise its own failures. Honest introspection is not merely a personal virtue; it is the foundation of meaningful change.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x