A Unique Multilingual Media Platform

Articles Development Economy Health

ആഗോള മൂലധനം കേരളത്തിലെ ആശുപത്രികൾ ഏറ്റെടുക്കുമ്പോൾ: അമേരിക്ക നൽകുന്ന മുന്നറിയിപ്പ്

  • November 15, 2026
  • 1 min read
ആഗോള മൂലധനം കേരളത്തിലെ ആശുപത്രികൾ ഏറ്റെടുക്കുമ്പോൾ: അമേരിക്ക നൽകുന്ന മുന്നറിയിപ്പ്

നവംബറിൽ നടന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ വിജയം, പരമ്പരാഗത കോർപ്പറേറ്റ് ധനകാര്യ ഇടപാടുകൾക്കപ്പുറത്തേക്ക് സ്വാധീനം വ്യാപിപ്പിച്ചുകഴിഞ്ഞ സ്വകാര്യ ഇക്വിറ്റി (Private Equity) മേഖലയെ കൂടുതൽ സൂക്ഷ്മമായ പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാക്കാൻ വഴിയൊരുക്കിയേക്കാം. ആരോഗ്യരംഗം ഉൾപ്പെടെയുള്ള അവശ്യ സേവനമേഖലകളിൽ സ്വകാര്യ ഇക്വിറ്റി കമ്പനികൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സെനറ്റിലെ ഡെമോക്രാറ്റുകൾ അന്വേഷണം നടത്താൻ ഒരുങ്ങുന്നതായി കഴിഞ്ഞ ഒക്ടോബറിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം, ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസ് സ്വകാര്യ ഇക്വിറ്റി കമ്പനികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഹിയറിങ്ങുകളും അന്വേഷണങ്ങളും നടത്താൻ സാധ്യതയുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ കോൺഗ്രസിലെ വിവിധ സമിതികളുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ ഏറ്റെടുക്കാനിരിക്കെ, ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളും അവ അവശ്യ സേവനമേഖലകളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും കൂടുതൽ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിൽ ചിലത് കേരളത്തിലെ പ്രമുഖ ആശുപത്രികൾ ഏറ്റെടുക്കുകയും വിപുലമായ ആരോഗ്യപരിചരണ ശൃംഖലകൾ കെട്ടിപ്പടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, അമേരിക്കയിലെ സ്വകാര്യ ഇക്വിറ്റി മേഖലയുമായി ബന്ധപ്പെട്ട ഈ പുതിയ സംഭവവികാസങ്ങൾ കേരളത്തെയും ബാധിച്ചേക്കാം. പരിമിതമായ സാമ്പത്തിക വിഭവങ്ങൾക്കിടയിലും ദീർഘകാലത്തെ സാമൂഹിക പരിഷ്കരണങ്ങളിലൂടെയും പൊതുനിക്ഷേപങ്ങളിലൂടെയും ആരോഗ്യ-മാനവവികസന മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. ആഗോള ധനമൂലധനത്തിന്റെ കടന്നുവരവോടെ, കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളിൽ വളർന്നുവന്ന ആരോഗ്യസ്ഥാപനങ്ങൾ ഇന്ന് അന്താരാഷ്ട്ര ധനവിപണികളുടെ നിക്ഷേപതന്ത്രങ്ങളുടെ ഭാഗമായി മാറുകയാണ്. രോഗികളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങളെക്കാൾ സാമ്പത്തിക നേട്ടങ്ങൾക്ക് മുൻഗണന നൽകിയാൽ എന്തു സംഭവിക്കാമെന്നതിന്റെ മുന്നറിയിപ്പാണ് അമേരിക്കൻ ആരോഗ്യരംഗത്തെ അനുഭവങ്ങൾ.

സ്ഥാപന നിക്ഷേപകർ, പെൻഷൻ ഫണ്ടുകൾ, സമ്പന്നരായ വ്യക്തികൾ എന്നിവരിൽനിന്ന് മൂലധനം സമാഹരിച്ച് കമ്പനികൾ ഏറ്റെടുക്കുകയും അവയുടെ സാമ്പത്തിക മൂല്യം വർധിപ്പിച്ച് പിന്നീട് ലാഭത്തോടെ വിൽക്കുകയും ചെയ്യുന്ന നിക്ഷേപരീതിയാണ് സ്വകാര്യ ഇക്വിറ്റി. ഓഹരിവിപണിയിലെ സാധാരണ നിക്ഷേപകരിൽനിന്ന് വ്യത്യസ്തമായി, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ കമ്പനികളിൽ ഗണ്യമായ ഓഹരി പങ്കാളിത്തമോ നിയന്ത്രണാധികാരമോ സ്വന്തമാക്കുകയും അവയുടെ നടത്തിപ്പിൽ നേരിട്ട് ഇടപെടുകയും ചെയ്യുന്നു. ആഗോള ധനകാര്യരംഗത്തെ നിർണായക ശക്തിയായി ഈ വ്യവസായം വളർന്നുകഴിഞ്ഞു. 2026 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഒകോറിയന്റെ (Ocorian) ഗ്ലോബൽ അസറ്റ് മോണിറ്റർ റിപ്പോർട്ട് പ്രകാരം, 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം ഏകദേശം 10.5 ട്രില്യൺ ഡോളറാണ്. ഇത്രയും വലിയ സാമ്പത്തിക ശേഷിയാണ് ആരോഗ്യപരിചരണം, പാർപ്പിടം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ അവശ്യ മേഖലകളിലേക്ക് ഈ സ്ഥാപനങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ സഹായിച്ചത്.

 

ആശുപത്രികൾ ഏറ്റെടുക്കുമ്പോൾ: അമേരിക്ക നൽകുന്ന പാഠങ്ങൾ

നിശ്ചിത കാലയളവിനുള്ളിൽ സ്ഥാപനത്തിന്റെ സാമ്പത്തിക മൂല്യം വർധിപ്പിച്ച് നിക്ഷേപത്തിന് പരമാവധി ലാഭം ഉറപ്പാക്കുക എന്നതാണ് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഇത്തരം ഏറ്റെടുക്കലുകൾക്കായി പലപ്പോഴും വലിയ തോതിൽ വായ്പയെടുക്കാറുണ്ട്. പുതിയ മൂലധനം, ആധുനിക സാങ്കേതികവിദ്യ, പ്രൊഫഷണൽ മാനേജ്മെന്റ്, പ്രവർത്തനച്ചെലവ് കുറയ്ക്കാനുള്ള അവസരങ്ങൾ എന്നിവ ഇതിലൂടെ ആശുപത്രികൾക്ക് ലഭിച്ചേക്കാം. എന്നാൽ പ്രവർത്തനക്ഷമത വർധിപ്പിച്ചും അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിച്ചും മാത്രമല്ല ലാഭം ഉയർത്താനാകുക. ചികിത്സാനിരക്കുകൾ വർധിപ്പിക്കുക, ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, കൂടുതൽ വരുമാനം ലഭിക്കുന്ന ചികിത്സാവിഭാഗങ്ങൾക്ക് മുൻഗണന നൽകുക തുടങ്ങിയ മാർഗങ്ങളിലൂടെയും ലാഭം വർധിപ്പിക്കാം. സാമ്പത്തിക കണക്കുകളിൽ ഈ രണ്ടു സമീപനങ്ങളും മെച്ചപ്പെട്ട പ്രകടനത്തിന്റെ സൂചകങ്ങളായി തോന്നിയേക്കാം. എന്നാൽ രോഗികളെ സംബന്ധിച്ചിടത്തോളം അവയുടെ പ്രത്യാഘാതങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും. കൂടുതൽ ലാഭമുണ്ടാക്കുന്ന ആശുപത്രി മെച്ചപ്പെട്ട ആരോഗ്യപരിചരണം ഉറപ്പാക്കണമെന്നില്ല.

 സ്വകാര്യ ഇക്വിറ്റി (PE) സ്ഥാപനങ്ങൾ ഏറ്റെടുത്ത ആശുപത്രികളിലെ സാഹചര്യങ്ങളും അത്തരം ഏറ്റെടുക്കലുകൾക്ക് വിധേയമാകാത്ത സമാന ആശുപത്രികളിലെ സാഹചര്യങ്ങളും തമ്മിൽ താരതമ്യം ചെയ്യുന്ന സ്ഥിതിവിവരക്കണക്ക് ചാർട്ട്  ( Source: JAMA Network)

ഈ വൈരുധ്യത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ അനുഭവം. 2023 ഡിസംബറിൽ ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ (JAMA) പ്രസിദ്ധീകരിച്ച ഒരു പഠനം സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ ഏറ്റെടുത്ത 51 ആശുപത്രികളെയും അത്തരം ഏറ്റെടുക്കലുകൾക്ക് വിധേയമാകാത്ത 259 ആശുപത്രികളെയും താരതമ്യം ചെയ്തു. സ്വകാര്യ ഇക്വിറ്റി ഏറ്റെടുക്കലിനുശേഷം മെഡികെയർ രോഗികളിൽ ആശുപത്രിവാസവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ നിരക്കിൽ 25.4 ശതമാനത്തിന്റെ ആപേക്ഷിക വർധനയുണ്ടായതായി പഠനം കണ്ടെത്തി.രോഗികൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീഴുന്ന സംഭവങ്ങളിലും, (patient Falls) സെൻട്രൽ ലൈനുമായ് ബന്ധപ്പെട്ട് രക്തത്തിലുണ്ടാകുന്ന അണുബാധകളിലും (Bloodstream infections associated with central lines) ഗണ്യമായ വർധനയുണ്ടായതായി ഗവേഷകർ ചൂണ്ടിക്കാട്ടി.  നിരീക്ഷണാടിസ്ഥാനത്തിലുള്ള പഠനമാണെങ്കിലും, സ്വകാര്യ ഇക്വിറ്റി ഏറ്റെടുക്കലുകളും രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തിലേക്ക് ഈ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നു.

2024-ൽ സ്റ്റിവാർഡ് ഹെൽത്ത് കെയർ (Steward Health Care) തകർന്നതോടെ ഈ പ്രശ്നത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമായി. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിശൃംഖലകളിലൊന്നായിരുന്ന സ്റ്റിവാർഡ്, സ്വകാര്യ ഇക്വിറ്റി ഉടമസ്ഥതയിൽ കൂടുതൽ ആശുപത്രികൾ ഏറ്റെടുത്തും വലിയ തോതിൽ വായ്പയെടുത്തും ആശുപത്രികളുടെ ഭൂസ്വത്തുക്കളുമായി ബന്ധപ്പെട്ട വിവാദപരമായ ഇടപാടുകൾ നടത്തിയും അതിവേഗം വളർന്നു. എന്നാൽ കമ്പനി പാപ്പരത്ത നടപടികളിലേക്ക് നീങ്ങിയതോടെ നിരവധി പ്രദേശങ്ങളിലെ നിർണായക ആരോഗ്യസേവനങ്ങൾ പ്രതിസന്ധിയിലായി. അമേരിക്കൻ ആരോഗ്യസംവിധാനത്തിൽ സ്വകാര്യ ഇക്വിറ്റിയുടെ ദോഷകരമായ സ്വാധീനത്തെക്കുറിച്ച് പിന്നീട് അമേരിക്കൻ സെനറ്റ് നടത്തിയ ദ്വികക്ഷി അന്വേഷണം ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ രേഖപ്പെടുത്തി. ആശുപത്രികൾ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നിട്ടും നിക്ഷേപകർക്ക് പണം കൈമാറിയതുൾപ്പെടെയുള്ള നടപടികൾ അന്വേഷണത്തിൽ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ആശുപത്രികളും ജീവനക്കാരും അവയെ ആശ്രയിക്കുന്ന സമൂഹങ്ങളും വഹിക്കുമ്പോഴും നിക്ഷേപകർക്ക് വലിയ ലാഭം സ്വന്തമാക്കാനാകുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങൾ.

അമേരിക്കയിലെ ഡാലസ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആരോഗ്യപരിചരണ ശൃംഖലയായിരുന്നു സ്റ്റീവാർഡ് ഹെൽത്ത് കെയർ. ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ഇതിന്റെ പ്രവർത്തനപരിധിയിൽ ഉൾപ്പെട്ടിരുന്നു. 2024-ന്റെ തുടക്കത്തിൽ അമേരിക്കയിലുടനീളം 33 ആശുപത്രികൾ പ്രവർത്തിപ്പിച്ചിരുന്ന സ്ഥാപനത്തിൽ ഏകദേശം 33,000 ജീവനക്കാരുണ്ടായിരുന്നു. എന്നാൽ, 2024 മെയ് മാസത്തിൽ സ്ഥാപനം പാപ്പരത്ത നടപടികൾക്കായി (Bankruptcy) അപേക്ഷ നൽകി.

 

ആശുപത്രികളുടെ ആസ്തികൾ ഏറ്റെടുക്കുന്നതും ആരോഗ്യപരിചരണ ശേഷി വർധിപ്പിക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. വർഷങ്ങളിലൂടെ കെട്ടിപ്പടുത്ത അടിസ്ഥാനസൗകര്യങ്ങളും പ്രശസ്തിയും വരുമാനസാധ്യതകളുമുള്ള ഒരു ആശുപത്രി വാങ്ങുമ്പോൾ, അതിന്റെ ഉടമസ്ഥാവകാശം മാത്രമാണ് കൈമാറപ്പെടുന്നത്. നൂറുകണക്കിന് ദശലക്ഷം ഡോളറിന്റെ ഇത്തരം ഇടപാടുകൾ നടക്കുമ്പോഴും ആശുപത്രിയിൽ ഒരു കിടക്കപോലും അധികമായി ഒരുക്കപ്പെടണമെന്നോ ഒരു ആരോഗ്യപ്രവർത്തകനെയെങ്കിലും അധികമായി നിയമിക്കണമെന്നോ ഇല്ല. ആരോഗ്യസേവനങ്ങൾ വിപുലീകരിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാതെതന്നെ നിക്ഷേപകർക്ക് വലിയ ലാഭം നേടാനും ഇതുവഴി കഴിയും.

അമേരിക്കയിലെ അസാധാരണമാംവിധം ഉയർന്ന ചികിത്സാച്ചെലവിന് കാരണം സ്വകാര്യ ഇക്വിറ്റി മാത്രമല്ല. വിഘടിതമായ ഇൻഷുറൻസ് സംവിധാനം, ഭരണപരമായ സങ്കീർണതകൾ, കോർപ്പറേറ്റുകളുടെ അമിതമായ വിപണിസ്വാധീനം എന്നിവയും അതിന് കാരണമാണ്. എന്നിരുന്നാലും, ഒരു അടിസ്ഥാനചോദ്യം നിലനിൽക്കുന്നു: നിലവിലുള്ള ആരോഗ്യസ്ഥാപനങ്ങളിൽനിന്ന് കൂടുതൽ സാമ്പത്തിക മൂല്യം ഊറ്റിയെടുത്താണോ ലാഭം സൃഷ്ടിക്കുന്നത്, അതോ ആരോഗ്യസേവനങ്ങൾ വിപുലീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടാണോ?

 

കേരളത്തെ തേടിയെത്തുന്ന ആഗോള മൂലധനം

കേരളത്തിലെ ആരോഗ്യസംവിധാനത്തിൽ സർക്കാർ ആശുപത്രികൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കും നിർണായക സ്ഥാനമുണ്ട്. മിഷനറി ആശുപത്രികൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ, പ്രൊഫഷണൽ മാനേജ്മെന്റിന് കീഴിലുള്ള സ്വകാര്യ ആശുപത്രികൾ എന്നിവ പതിറ്റാണ്ടുകളിലൂടെ വിശ്വാസ്യതയും ചികിത്സാവൈദഗ്ധ്യവും ആർജിച്ചവയാണ്. സേവനം നൽകുന്ന സമൂഹങ്ങളുമായി ശക്തമായ ബന്ധവും ഈ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സ്ഥാപനങ്ങൾ അന്താരാഷ്ട്ര നിക്ഷേപ ഫണ്ടുകളുടെ പിന്തുണയുള്ള കോർപ്പറേറ്റ് ശൃംഖലകളുടെ ഭാഗമായി മാറുന്നതോടെ കേരളത്തിലെ ആശുപത്രികളുടെ ഉടമസ്ഥാവകാശ ഘടനയിലും പ്രവർത്തനവ്യാപ്തിയിലും മാറ്റം സംഭവിക്കുകയാണ്.

2023 ഒക്ടോബറിൽ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്സ്റ്റോൺ (Blackstone), കെയർ ഹോസ്പിറ്റൽസ് (CARE Hospitals) നടത്തുന്ന ക്വാളിറ്റി കെയർ ഇന്ത്യയിൽ 72.5 ശതമാനം ഓഹരി സ്വന്തമാക്കി. മറ്റൊരു പ്രമുഖ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജി (TPG) ശേഷിക്കുന്ന 27.5 ശതമാനം ഓഹരി നിലനിർത്തി. ഇതിനു പിന്നാലെ തിരുവനന്തപുരം ആസ്ഥാനമായ കിംസ്‌ഹെൽത്തിന്റെ (KIMSHEALTH) ഏകദേശം 80 ശതമാനം ഓഹരി ഏറ്റെടുക്കുന്നതിനും ക്വാളിറ്റി കെയർ ധാരണയിലെത്തി. 2026 ജൂലൈയിൽ ക്വാളിറ്റി കെയറും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും ലയിച്ചതോടെ ഈ കേന്ദ്രീകരണം കൂടുതൽ ശക്തമായി. ഒമ്പത് സംസ്ഥാനങ്ങളിലായി 39 ആശുപത്രികളും 10,600-ലധികം കിടക്കകളുമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രിശൃംഖലകളിലൊന്നായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ മാറി. ലയനസമയത്ത് ബ്ലാക്ക്സ്റ്റോണിന് ഏകദേശം 30.7 ശതമാനവും ആസ്റ്റർ പ്രൊമോട്ടർ ഗ്രൂപ്പിന് 24 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ഇരുകൂട്ടർക്കും സംയുക്ത നിയന്ത്രണാധികാരമുള്ള സംവിധാനമായിരുന്നു ഇത്. പ്രമുഖ ആശുപത്രികൾ ഏറ്റെടുക്കുന്നതിലൂടെ ആരംഭിച്ച നീക്കം രാജ്യവ്യാപകമായ ഒരു കോർപ്പറേറ്റ് ആരോഗ്യശൃംഖലയുടെ രൂപീകരണത്തിലേക്ക് വഴിതുറന്നു.

2024 ജൂലൈയിൽ മറ്റൊരു അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആറും (KKR) സമാനമായ തന്ത്രവുമായി രംഗത്തെത്തി. കോഴിക്കോട് ആസ്ഥാനമായ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിയന്ത്രണാധികാരം ഉറപ്പാക്കുന്ന ഓഹരി പങ്കാളിത്തം കെകെആർ സ്വന്തമാക്കി. തുടർന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി ആശുപത്രികൾ ഏറ്റെടുത്തുകൊണ്ട് ബേബി മെമ്മോറിയൽ പ്രവർത്തനം വിപുലീകരിച്ചു. 2026 മാർച്ചിൽ ബേബി മെമ്മോറിയലിലെ കെകെആറിന്റെ ഓഹരി പങ്കാളിത്തം 73.08 ശതമാനത്തിൽനിന്ന് ഏകദേശം 82 ശതമാനമായി ഉയർത്താനുള്ള നിർദിഷ്ട ഇടപാടിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി. ഹൈദരാബാദ് ആസ്ഥാനമായ സ്റ്റാർ ഹോസ്പിറ്റൽസിന്റെ മാതൃകമ്പനിയായ യൂണിമെഡ് ഹെൽത്ത്‌കെയറിൽ ബേബി മെമ്മോറിയൽ 60.52 ശതമാനം ഓഹരി സ്വന്തമാക്കുന്നതിനുള്ള നിർദേശത്തിനും കമ്മീഷൻ അംഗീകാരം നൽകി. അങ്ങനെ പ്രാദേശികമായി പ്രവർത്തിച്ചിരുന്ന ഒരു ആശുപത്രി കൂടുതൽ വിപുലമായ കോർപ്പറേറ്റ് ആരോഗ്യശൃംഖലയുടെ അടിത്തറയായി മാറി.

Source:(DigitalHealthNews)

ഈ നിക്ഷേപങ്ങൾക്കു പിന്നിലെ സാമ്പത്തിക ഇടപാടുകളും സൂക്ഷ്മപരിശോധന അർഹിക്കുന്നു. സ്വകാര്യ ഇക്വിറ്റി ഏറ്റെടുക്കലുകളിൽ പലപ്പോഴും സങ്കീർണമായ ഉടമസ്ഥാവകാശ ഘടനകളും വലിയ തോതിലുള്ള വായ്പകളും ഉൾപ്പെടാറുണ്ട്. ഇത്തരം സംവിധാനങ്ങൾ ആശുപത്രികളുടെ വികസനത്തിനും ആധുനികവത്കരണത്തിനും സഹായകരമായേക്കാം. എന്നാൽ അവ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതകൾ ആശുപത്രികളുടെ നടത്തിപ്പിനെയും നിക്ഷേപതീരുമാനങ്ങളെയും വിഭവവിനിയോഗത്തെയും ബാധിക്കും. അതിനാൽ ഇത്തരം ഏറ്റെടുക്കലുകൾക്കായി പണം കണ്ടെത്തുന്നത് എങ്ങനെയെന്നും നിക്ഷേപകർ തങ്ങളുടെ നിക്ഷേപം തിരിച്ചുപിടിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതുണ്ട്.

 

കേരളത്തിന്റെ ആരോഗ്യനേട്ടങ്ങളിലെ വൈരുധ്യം

വാണിജ്യവത്കരണത്തിലൂടെയോ അസാധാരണമായ സാമ്പത്തിക അഭിവൃദ്ധിയിലൂടെയോ അല്ല കേരളം ശ്രദ്ധേയമായ പൊതുജനാരോഗ്യ നേട്ടങ്ങൾ കൈവരിച്ചത്. പതിറ്റാണ്ടുകൾ നീണ്ട സാമൂഹിക പരിഷ്കരണങ്ങളുടെയും നിരന്തരമായ പൊതുഇടപെടലുകളുടെയും ഫലമായിരുന്നു ആ നേട്ടങ്ങൾ. വർഗചൂഷണത്തിനും ജാതീയമായ അടിച്ചമർത്തലുകൾക്കുമെതിരായ പോരാട്ടങ്ങൾ, വിദ്യാഭ്യാസത്തിന്റെ വ്യാപനം, സ്ത്രീകളുടെ സാമൂഹിക പദവിയിലുണ്ടായ പുരോഗതി, ജനാധിപത്യപരമായ മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഈ നേട്ടങ്ങൾക്ക് അടിത്തറയിട്ടു. വ്യാവസായികമായി വികസിച്ച രാജ്യങ്ങളുടേതിന് സമാനമായ വരുമാനനില കൈവരിക്കാതെതന്നെ ആയുർദൈർഘ്യം വർധിപ്പിക്കുന്നതിലും ശിശുമരണനിരക്ക് കുറയ്ക്കുന്നതിലും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിലും വലിയ പുരോഗതി സാധ്യമാണെന്ന് കേരളം തെളിയിച്ചു. സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രം ലഭ്യമാകുന്ന ഒരു ചരക്കായല്ല (Commodity), മറിച്ച് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമായാണ് (Social Responsibility) കേരളത്തിൽ ആരോഗ്യപരിപാലനം കണക്കാക്കപ്പെടുന്നത്.

വൈരുധ്യമെന്നു പറയട്ടെ, കേരളത്തിന്റെ ഈ നേട്ടങ്ങൾ തന്നെയാണ് അന്താരാഷ്ട്ര ധനമൂലധനത്തെ ആകർഷിക്കുന്ന വിപണിയായി സംസ്ഥാനത്തെ മാറ്റിയതും. പ്രായമായവരുടെ വർധിച്ചുവരുന്ന എണ്ണം, ഉയർന്ന ആയുർദൈർഘ്യം, വിപുലമായ ആശുപത്രിശൃംഖല, വൈദഗ്ധ്യമുള്ള ആരോഗ്യപ്രവർത്തകർ എന്നിവ വിദഗ്ധ ചികിത്സയ്ക്കും ദീർഘകാല രോഗപരിചരണത്തിനും മെഡിക്കൽ ടൂറിസത്തിനും വലിയ സാധ്യതകൾ തുറക്കുന്നു. പതിറ്റാണ്ടുകളുടെ സാമൂഹിക പുരോഗതിയിലൂടെ വികസിപ്പിച്ചെടുത്ത ആരോഗ്യസംവിധാനം അങ്ങനെ സ്വകാര്യ നിക്ഷേപത്തിന് ആകർഷകമായ മേഖലയായി മാറിയിരിക്കുന്നു.

എന്നാൽ കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പം ഗുരുതരമായൊരു വൈരുധ്യവും നിലനിൽക്കുന്നുണ്ട്. 2021–22-ലെ നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് കണക്കുകൾ പ്രകാരം, കേരളത്തിലെ ആകെ ആരോഗ്യച്ചെലവിന്റെ 59.1 ശതമാനവും കുടുംബങ്ങൾ സ്വന്തം കൈയിൽനിന്നാണ് വഹിച്ചത്. ദേശീയ ശരാശരി 39.4 ശതമാനമാണ്. കേരളത്തിൽ സ്വന്തം കൈയിൽനിന്ന് വഹിക്കുന്ന പ്രതിശീർഷ ആരോഗ്യച്ചെലവ് (Per Capita Out-of-Pocket Spending) ഏകദേശം 7,889 രൂപയായിരുന്നപ്പോൾ ദേശീയ ശരാശരി 2,600 രൂപയായിരുന്നു. സംസ്ഥാനത്തിന്റെ വികസനമാതൃകയിലെ പ്രധാനപ്പെട്ടൊരു ദൗർബല്യമാണ് ഈ കണക്കുകൾ വെളിപ്പെടുത്തുന്നത്. പൊതുജനാരോഗ്യരംഗത്ത് ഗണ്യമായ നിക്ഷേപങ്ങൾ നടത്തുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഉയർന്ന ചികിത്സാച്ചെലവുമൂലം നിരവധി കുടുംബങ്ങൾ ഇന്നും സാമ്പത്തിക പ്രതിസന്ധിയിലാകുന്നു. പ്രായമായവരുടെ എണ്ണം വർധിക്കുന്നതും വിട്ടുമാറാത്ത രോഗങ്ങൾ വ്യാപിക്കുന്നതും ആധുനിക ചികിത്സയ്ക്കുള്ള ആവശ്യം കൂടുന്നതും ഈ പ്രശ്നം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ആശുപത്രികളിലെ ഉയർന്ന ചികിത്സാച്ചെലവിൽനിന്ന് കുടുംബങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കും ഇൻഷുറൻസ് പദ്ധതികൾക്കും ഇന്നും പരിമിതികളേറെയുണ്ട്.

സംസ്ഥാനങ്ങളുടെ ആകെ ആരോഗ്യച്ചെലവിൽ വ്യക്തികൾ സ്വന്തം വരുമാനത്തിൽനിന്ന് വഹിക്കുന്ന ചികിത്സാച്ചെലവിന്റെ (OOPE-Out of Pocket Expenditure) സംസ്ഥാനാടിസ്ഥാനത്തിലുള്ള ശതമാനക്കണക്ക്

ക്രമ നമ്പർ സംസ്ഥാനം 2019–20 2020–21 2021–22
1 അസം 34.9 33.2 27.6
2 ആന്ധ്രാപ്രദേശ് 63.6 58.8 52.0
3 ബിഹാർ 54.3 50.2 41.3
4 ഛത്തീസ്ഗഢ് 36.7 33.9 29.2
5 ഗുജറാത്ത് 40.8 40.0 35.0
6 ഹരിയാന 45.5 42.2 37.5
7 ജമ്മു കശ്മീർ 46.6 31.8 25.9
8 ജാർഖണ്ഡ് 64.7 61.8 47.5
9 കർണാടക 31.8 30.3 25.4
10 കേരളം 67.9 65.7 59.1
11 മധ്യപ്രദേശ് 53.0 53.0 43.3
12 മഹാരാഷ്ട്ര 44.1 42.4 38.1
13 ഒഡീഷ 53.4 44.6 37.1
14 പഞ്ചാബ് 64.7 62.3 57.2
15 രാജസ്ഥാൻ 47.4 42.8 37.1
16 തമിഴ്നാട് 44.2 36.9 34.6
17 ഉത്തർപ്രദേശ് 71.8 70.2 63.7
18 ഉത്തരാഖണ്ഡ് 35.8 33.4 26.9
19 പശ്ചിമ ബംഗാൾ 67.1 65.1 58.3
20 തെലങ്കാന 41.6 39.8 37.6
21 ഹിമാചൽ പ്രദേശ് 46.0 45.0 39.6

Source: (നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് എസ്റിമേറ്റ്സ് ഫോർ ഇന്ത്യ )

ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനം വിലയിരുത്തേണ്ടത്. സ്വകാര്യ ഇക്വിറ്റി ഏറ്റെടുക്കലുകൾക്കുശേഷം കേരളത്തിലെ ആശുപത്രികളിൽ ചികിത്സാനിരക്കുകൾ വർധിച്ചിട്ടുണ്ടോ, ചികിത്സയുടെ നിലവാരം കുറഞ്ഞിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിഗമനത്തിലെത്താൻ ആവശ്യമായ തെളിവുകൾ ഇനിയും ലഭ്യമായിട്ടില്ല. ഏറ്റെടുക്കലിനു മുമ്പും ശേഷവുമുള്ള ചികിത്സാച്ചെലവ്, ജീവനക്കാരുടെ എണ്ണം, ചികിത്സാഫലങ്ങൾ എന്നിവ താരതമ്യം ചെയ്യുന്ന സമഗ്രമായ പഠനങ്ങൾ ആവശ്യമാണ്. കോർപ്പറേറ്റ് ലയനങ്ങളും ഏറ്റെടുക്കലുകളും പ്രവർത്തനച്ചെലവ് കുറയ്ക്കാനും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും സഹായിച്ചേക്കാം. എന്നാൽ അതോടൊപ്പം വിപണിയിലെ കുത്തകസ്വഭാവം ശക്തിപ്പെടുത്താനും മത്സരം ദുർബലപ്പെടുത്താനും അവ ഇടയാക്കാം. പ്രവർത്തനച്ചെലവ് കുറയുന്നതുകൊണ്ടുമാത്രം രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ ലഭിക്കണമെന്നില്ല.

ആശുപത്രികളുടെ പ്രവർത്തനലാഭം, കിടക്കകളുടെ ഉപയോഗനിരക്ക്, നിക്ഷേപത്തിൽനിന്നുള്ള വരുമാനം, ഉപയോഗത്തിലുള്ള ഓരോ ആശുപത്രിക്കിടക്കയിൽനിന്നും ലഭിക്കുന്ന ശരാശരി പ്രതിദിന വരുമാനം (Average Revenue per Occupied Bed – ARPOB) തുടങ്ങിയ സൂചകങ്ങളാണ് നിക്ഷേപകർ പ്രധാനമായും നിരീക്ഷിക്കുന്നത്. 2025 ഡിസംബറിൽ ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ പത്ത് പ്രമുഖ സ്വകാര്യ ആശുപത്രിശൃംഖലകളുടെ ശരാശരി ARPOB 2024–25-ൽ 23 ശതമാനം വർധിച്ച് പ്രതിദിനം 49,304 രൂപയിലെത്തി. സാമ്പത്തിക പ്രകടനം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് ഈ വർധന വിലയിരുത്തപ്പെട്ടത്. എന്നാൽ ഒരേ ചികിത്സയ്ക്ക് ഈടാക്കുന്ന നിരക്ക് വർധിച്ചുവെന്നു മാത്രമല്ല ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ സങ്കീർണമായ ചികിത്സകൾ നൽകുന്നതും സേവനങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളും ഈ വർധനയ്ക്ക് കാരണമായേക്കാം. അതിനാൽ ഇത്തരം സാമ്പത്തിക സൂചകങ്ങൾ മാത്രം പരിശോധിച്ചാൽ ചികിത്സാച്ചെലവ് രോഗികൾക്ക് താങ്ങാനാവുന്നതാണോ, ചികിത്സയുടെ ഗുണനിലവാരവും ലഭ്യതയും എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കില്ല.

 

ഈ കേന്ദ്രീകരണത്തിന്റെ ഗുണഭോക്താക്കൾ ആര്?

നിക്ഷേപ ഫണ്ടുകൾ പ്രാദേശിക ആശുപത്രിശൃംഖലകൾ കെട്ടിപ്പടുക്കുമ്പോൾ ആരോഗ്യസേവനങ്ങൾ, ചികിത്സാനിരക്കുകൾ, ആരോഗ്യവിഭവങ്ങളുടെ വിനിയോഗം എന്നിവയിൽ അവയ്ക്ക് കൂടുതൽ സ്വാധീനം കൈവരുന്നു. ആശുപത്രികളുടെ ഈ ഏകീകരണത്തെ (Consolidation) ന്യായീകരിക്കാൻ സാധാരണയായി ഉയർത്തുന്ന വാദങ്ങൾ കാര്യക്ഷമത വർധിപ്പിക്കാമെന്നും പ്രവർത്തനച്ചെലവ് കുറയ്ക്കാമെന്നും അതുവഴി ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാക്കാമെന്നുമാണ്. എന്നാൽ കാര്യക്ഷമതയ്ക്കു നൽകുന്ന ഈ ഊന്നൽ മറ്റൊരു നിർണായക പ്രത്യാഘാതത്തെ മറച്ചുവയ്ക്കുന്നു: സാമ്പത്തിക അധികാരം ചുരുക്കം ചില കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നു എന്ന യാഥാർഥ്യം.

ഇവിടെ ഉയരുന്ന പ്രധാനചോദ്യം ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. വിപണിയിൽ ‘ഉപഭോക്താവിനാണ് പരമാധികാരം’ എന്ന വിശ്വാസം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഏറ്റവും വലിയ വഞ്ചനകളിലൊന്നാണെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ ജോൺ കെന്നത്ത് ഗാൽബ്രെയ്ത്ത് തന്റെ The Economics of Innocent Fraud എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. കോർപ്പറേറ്റ് അധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണത്തിന് ആരോഗ്യസേവനങ്ങളുടെ വിപണിയിൽ പ്രത്യേക പ്രസക്തിയുണ്ട്. രോഗബാധിതനാകുന്ന ഒരാൾക്ക് ചികിത്സ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പലപ്പോഴും പരിമിതമാണ്. ചികിത്സാമാർഗങ്ങളെക്കുറിച്ച് ശരിയായ തീരുമാനമെടുക്കാൻ ആവശ്യമായ വിവരങ്ങൾ രോഗികൾക്ക് ലഭ്യമാകാറുമില്ല. മാത്രമല്ല, ആശുപത്രികളുമായി വിലപേശാനുള്ള ശേഷിയും അവർക്ക് പരിമിതമാണ്. ആശുപത്രികളുടെ ഉടമസ്ഥാവകാശം ചുരുക്കം ചില സ്ഥാപനങ്ങളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ രോഗികൾക്കു മുന്നിലുള്ള തിരഞ്ഞെടുപ്പുകളുടെ സാധ്യതയും ചുരുങ്ങും.

സ്വകാര്യ ഇക്വിറ്റി ആരോഗ്യരംഗത്ത് സ്വാധീനം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ അനുഭവങ്ങൾ കേരളത്തിന് പ്രധാനപ്പെട്ടൊരു മുന്നറിയിപ്പാണ് നൽകുന്നത്. കേരളത്തിന്റെ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും ഇത്തരം അപകടസാധ്യതകൾ യാഥാർഥ്യമാകുന്നതിനുമുമ്പുതന്നെ ജാഗ്രത പുലർത്തേണ്ടതുണ്ട്. അടിയന്തര ചികിത്സ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ചികിത്സ, ലാഭസാധ്യത കുറഞ്ഞ പ്രദേശങ്ങളിലെ ആരോഗ്യസേവനങ്ങൾ തുടങ്ങിയ അവശ്യ സംവിധാനങ്ങൾ കേവലം വാണിജ്യപരമായ കണക്കുകൂട്ടലുകളെ ആശ്രയിച്ച് മുന്നോട്ടുകൊണ്ടുപോകാനാവില്ല. സ്വകാര്യ നിക്ഷേപം പൊതുതാൽപര്യത്തിന് അനുസൃതമായിരിക്കണം. അതിനായി ആശുപത്രികളുടെ ഉടമസ്ഥാവകാശം, സാമ്പത്തിക ഇടപാടുകൾ, ചികിത്സാനിരക്കുകൾ, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം.

പതിറ്റാണ്ടുകൾ നീണ്ട കൂട്ടായ സാമൂഹിക ഇടപെടലുകളിലൂടെയാണ് കേരളം ഇന്നത്തെ പൊതുജനാരോഗ്യ നേട്ടങ്ങൾ കൈവരിച്ചത്. ആഗോള ധനമൂലധനത്തിന്റെ വർധിച്ചുവരുന്ന സ്വാധീനം ആ പൈതൃകത്തെ ദുർബലപ്പെടുത്താൻ അനുവദിച്ചുകൂടാ.

 

About Author

Ajith Balakrishnan

IT Expert, Observer of Politics, Economic Affairs and Technology trends

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x