A Unique Multilingual Media Platform

Articles Cinema Keralam Music Society

അബോധത്തിന്റെ അന്ധകാരഗുഹകള്‍

  • November 15, 2026
  • 1 min read
അബോധത്തിന്റെ അന്ധകാരഗുഹകള്‍

(ആഭിചാരത്തിന്റെ അതിഭൗതിക പ്രതലങ്ങള്‍)

 

സിനിമയെന്ന ദൃശ്യമാധ്യമം പലപ്പോഴും, ഒരു കഥപറച്ചിൽ മാധ്യമത്തിനപ്പുറം മനുഷ്യന്റെ അബോധമനസ്സിന്റെ ആഴങ്ങളിലേക്ക് നടത്തുന്ന സഞ്ചാരമായി മാറാറുണ്ട്. റെജിൻ എസ്. ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഭൗമ’ എന്ന ചലച്ചിത്രം ഈ പറഞ്ഞ അർത്ഥത്തിൽ സാധാരണമായ ഒരു മിസ്റ്ററി ത്രില്ലർ എന്ന ലേബലിനപ്പുറം, ഭയത്തിന്റെയും അപരിചിതത്വത്തിന്റെയും മാനസിക വ്യവഹാരങ്ങളെയാണ് സൂക്ഷ്മമായി അടയാളപ്പെടുത്തുന്നത്.

പീരുമേടിന്റെ തണുപ്പാർന്ന പശ്ചാത്തലത്തിൽ, ദേശചരിത്രത്തിന്റെ വിള്ളലുകൾക്കിടയിൽ ഉറഞ്ഞുകൂടിയ ദുരൂഹതകളെയും ആഭിചാരത്തിന്റെ ഇരുണ്ട ലോകത്തെയും സംവിധായകൻ സമീപിക്കുന്നത് കേവലം പ്രേതകഥയുടെ ലളിതമായ ചേരുവകൾ കൊണ്ടല്ല, പകരം മനുഷ്യന്റെ അടിസ്ഥാനപരവും പ്രാകൃതവുമായ ഭയങ്ങളെ മനഃശാസ്ത്രപരമായ ഒരു കാൻവാസിൽ വരച്ചുകാട്ടുന്ന വിധത്തിലാണ്. ഈ സിനിമയുടെ അന്തര്‍ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, അവിടെ തെളിയുന്നത് അദൃശ്യമായ ശക്തികളുടെ സാന്നിധ്യമല്ലെന്നും മനുഷ്യന്റെ സ്വന്തം ഉള്ളിലെ വികലമായ ചിന്തകളുടെയും അടിച്ചമർത്തപ്പെട്ട കാമനകളുടെയും ബാക്കിപത്രങ്ങളാണെന്നും സൂക്ഷ്മാര്‍ഥത്തില്‍ പറയേണ്ടി വരും.

 

ഭ്രമണപഥം തെറ്റുന്ന ഓര്‍മകള്‍

ചിത്രത്തിന്റെ കേന്ദ്രബിന്ദുവായ ‘റോസ് വില്ല’ വെറുമൊരു പഴയകാല ബംഗ്ലാവ് മാത്രമല്ല; അതൊരു ജീവനുള്ള ഓർമ്മപ്പുസ്തകമായും ഒപ്പം മനുഷ്യന്റെ ഭയത്തെ പോറ്റിവളർത്തുന്ന ഒരു ആവാസവ്യവസ്ഥയായും ആണ് സിനിമയില്‍ നിലകൊള്ളുന്നത്. വാസ്തുവിദ്യയുടെ പരമ്പരാഗത ഘടനകളിൽ നിന്ന് മാറിനിൽക്കുന്ന ഈ തറവാട്, സിനിമയിലെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുടെ പ്രതിഫലനം കൂടിയായി മാറുന്നുണ്ട് പറഞ്ഞാല്‍ തെറ്റാകില്ല. സെലീൻ (രേവതി ശർമ്മ) എന്ന ക്ലബ് ഗായികയും അവളുടെ പങ്കാളി ജേക്കബും (സാഗർ സൂര്യ) ഈ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് കടന്നുവരുമ്പോൾ, അവർ ഒന്നിച്ച് പ്രവേശിക്കുന്നത് ഭൗതികമായ ഒരു ഇടത്തിലേക്കല്ലെന്നും തലമുറകളായി കെട്ടിക്കിടക്കുന്ന നിഗൂഢതകളുടെയും പാപബോധത്തിന്റെയും കെട്ടുകളിലേക്കാണെന്ന് കൂടി വൈകാതെ നമ്മള്‍ തിരിച്ചറിയുന്നുണ്ട്.

വീട് എന്നത് അമ്മയുടെ ഗർഭപാത്രത്തിന്റെയോ അല്ലെങ്കിൽ സുരക്ഷിതത്വത്തിന്റെയോ പ്രതീകമായി മന:ശാസ്ത്ര നിരീക്ഷണങ്ങള്‍ സൂചിപ്പിക്കാറുണ്ടല്ലോ. എന്നാൽ റോസ് വില്ല ഈ സുരക്ഷിതത്വ സങ്കൽപ്പത്തെ പൂർണ്ണമായും തകിടം മറിക്കുന്നുണ്ട്. അവിടെ സുരക്ഷിതത്വത്തിന് പകരം കാത്തിരിക്കുന്നത് ഭയവും രഹസ്യങ്ങളുമാണ്. ടൈംലൈനുകളുടെ സങ്കീർണ്ണമായ വിന്യാസത്തിലൂടെ സംവിധായകൻ ഈ ഭയാനക ഭംഗിയെ ഒരേസമയം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുന്നു. പഴയകാലത്തിന്റെ കറുത്ത ഏടുകളും വർത്തമാനകാലത്തിന്റെ വ്യാകുലതകളും തമ്മിൽ കൂട്ടിമുട്ടുമ്പോൾ, അവിടെ സ്ഥലകാലബോധം അപ്രസക്തമാകുന്നു. ഓർമ്മകൾ എന്നത് ഒരിക്കലും നിശ്ചലമല്ലെന്നും, അത് എപ്പോഴും ഭൂതകാലത്തിന്റെ വേരുകളിൽ നിന്ന് വർത്തമാന കാലത്തെ ശ്വാസംമുട്ടിക്കാൻ പ്രാപ്തമാണെന്നും ഈ വാസ്തുവിദ്യാ പശ്ചാത്തലം നമ്മെ ഓർമ്മിപ്പിക്കുക കൂടിയാണ്.

 

സംവിധാനത്തിലെ ആഖ്യാന പരീക്ഷണങ്ങള്‍

ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ റെജിൻ എസ്. ബാബു തന്റെ മുൻചിത്രമായ ‘പെൻഡുലം’ മുതൽ തന്നെ പരമ്പരാഗത ആഖ്യാന ശൈലികളോട് കുതറി നില്‍ക്കുന്നത് കാണാം. ‘ഭൗമ‘ എന്ന ചിത്രത്തിലേക്ക് വരുമ്പോൾ, സംവിധായകൻ തന്റെ സൗന്ദര്യശാസ്ത്രത്തെ കൂടുതൽ കാഠിന്യമുളളതാക്കുന്നതായി തോന്നുന്നു. പ്രേക്ഷകനെ മുൻകൂട്ടി നിർവചിക്കപ്പെട്ട വഴികളിലൂടെ നയിക്കുന്ന ഒരു ‘സ്പൂൺ-ഫീഡിംഗ്’ രീതി സംവിധായകന് തീര്‍ത്തും അസ്വീകാര്യമാണ്. ഹൊറർ സിനിമകളുടെ ഭ്രമാത്മകമായ ചടുലതയില്‍ നിന്നും കൃത്രിമമായ ശബ്ദക്കോലാഹലങ്ങളില്‍ നിന്നും മാറി, പതുക്കെ മാത്രമ ഗ്രസിക്കുന്ന ഒരു മാനസിക അസ്വസ്ഥതയാണ് അദ്ദേഹം ഫ്രെയിമുകളിലൂടെ വിന്യസിക്കുന്നത്. സര്‍റിയലിസത്തിന്റെയും മാജിക്കൽ റിയലിസത്തിന്റെയും സാഹിത്യരീതികള്‍ റെജിന്റെ തിരക്കഥയില്‍ പ്രകടമാണെന്ന് പറയാം.

സമയത്തിന്റെ രേഖീയതയെ ഉപേക്ഷിച്ച്, രണ്ട് വ്യത്യസ്ത ടൈംലൈനുകളെ ഒരേ ബിന്ദുവിൽ സന്ധിപ്പിക്കുക എന്ന സാഹസികതയ്ക്കാണ് സംവിധായകന്‍ മുതിരുന്നത്. കഥയിലെ ദുരൂഹതകളെ ഒന്നിനുപുറകെ ഒന്നായി അഴിച്ചുനൽകുന്നതിന് പകരം, ചോദ്യങ്ങളുടെ ഒരു ശൃംഖല പ്രേക്ഷകന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയും, അതിൽ നിന്ന് സ്വന്തം ഉത്തരങ്ങൾ കണ്ടെത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു രചനാപദ്ധതികൂടിയായി ഈ ചിത്രം മാറുന്നു. ഈ ആഖ്യാനരീതി ചിലപ്പോൾ പ്രേക്ഷകരിൽ തീര്‍ച്ചയായും ആശയക്കുഴപ്പം സൃഷ്ടിക്കാമെങ്കിലും, സിനിമയുടെ ഭൗതികഭാവത്തെ, അതീന്ദ്രീയ തലങ്ങളിലേക്ക് നീക്കാന്‍ കഴിയുന്നതിനാലാകണം, ഭൗമ വലിയ തോതില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്..!

 

ആദിമ വിദ്വേഷങ്ങള്‍

‘ഭൗമ’ സംസാരിക്കുന്ന ആഭിചാരം അഥവാ ‘occult elements’ വെറുമൊരു സിനിമാറ്റിക് ഗിമ്മിക്കായി തോന്നുന്നില്ലെന്നത് ഈ ചിത്രത്തിന്റെ ശക്തിയാണ്. അത് മനുഷ്യന്റെ അബോധമനസ്സിൽ നിലനിൽക്കുന്ന ആദിമമായ ചില വിദ്വേഷങ്ങളുടെയും സ്വാർത്ഥതയുടെയും ബാഹ്യപ്രകടനമായി എണ്ണേണ്ടി വരുന്നു. സമൂഹം അംഗീകരിക്കാത്ത, അല്ലെങ്കിൽ മനുഷ്യൻ ബോധപൂർവ്വം മറച്ചുവെക്കാൻ ശ്രമിക്കുന്ന അടിച്ചമർത്തപ്പെട്ട വികാരങ്ങളാണ് (Repressed desires and primal instincts) ഇത്തരം ആഭിചാര കർമ്മങ്ങളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും പുറത്തേക്ക് ചാടുന്നത് എന്ന വസ്തുത കൂടി ഇവിടെ ഓര്‍ക്കാനാകും.

റോസ് വില്ലയ്ക്കുള്ളിൽ നടക്കുന്ന വിചിത്രമായ സംഭവങ്ങളും രഹസ്യങ്ങളും ഈ അടിച്ചമർത്തപ്പെട്ട ചോദനകളുടെ പ്രതിഫലനമായിക്കൂടിയാണ് പ്രത്യക്ഷമാകുന്നത്. സിനിമയിലെ ഓരോ കഥാപാത്രവും തങ്ങളുടെ ഉള്ളിലുള്ള ഏതോതൊരു ഭയത്തെയോ അല്ലെങ്കിൽ അത്യാഗ്രഹത്തെയോ അഭിമുഖീകരിക്കാൻ നിർബന്ധിതരാകുന്നുണ്ട്. ജേക്കബ് ഈ സ്വത്തിനെ കാണുന്നത് തന്റെ ജീവിത നിലവാരം ഉയർത്താനുള്ള ഒരു കുറുക്കുവഴിയായാണ്. എന്നാൽ ആ മോഹത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ അവൻ തിരിച്ചറിയുന്നത് വളരെ വൈകിയാണ്. ആഭിചാരം എന്നത് പുറത്തുനിന്നാരോ അടിച്ചേൽപ്പിക്കുന്ന ശാപമല്ല, മറിച്ച് മനുഷ്യൻ സ്വന്തം ചോരയും നീരും നൽകി വളർത്തുന്ന ദുർവാസനകളുടെ മറ്റൊരു രൂപമാണ് എന്ന് ഈ ചിത്രം നിശബ്ദമായി പറയുകയല്ലേ?

 

ഭയത്തിന്റെ ഭാവാന്തരങ്ങള്‍

അധികാരത്തിന്റെയും ഭയത്തിന്റെയും ചിത്രത്തിലെ കഥാപാത്ര നിർമ്മിതിയിൽ എടുത്തുപറയേണ്ട പേരുകളാണ് ദിലീഷ് പോത്തൻ അവതരിപ്പിച്ച ഈശോ, വിനീത് അവതരിപ്പിച്ച സാമുവൽ തുടങ്ങിയവർ. ഈ കഥാപാത്രങ്ങൾ പരസ്പരം വിരുദ്ധമായ രണ്ട് ധ്രുവങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഈശോ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ വസ്തുതകളെ യുക്തിപരമായി സമീപിക്കാൻ ശ്രമിക്കുമ്പോൾ പോലും, ചുറ്റും നടക്കുന്ന വിചിത്രമായ പ്രതിഭാസങ്ങൾ അയാളുടെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നു. ഒരു പൊലീസുകാരൻ എന്ന നിലയിൽ സമൂഹത്തിലെ ക്രമസമാധാനവും നിയമവും നടപ്പിലാക്കാൻ ബാധ്യസ്ഥനായ ഒരാൾ, തികച്ചും യുക്തിക്ക് നിരക്കാത്ത ഒരു ലോകത്തിലേക്ക് വലിച്ചിടപ്പെടുമ്പോഴുണ്ടാകുന്ന മാനസിക സംഘർഷം ഈ കഥാപാത്രത്തിന്റെ മുഖത്ത് പ്രകടമാണ്.

മറുവശത്ത്, വിനീതിന്റെ സാമുവൽ എന്ന കഥാപാത്രം തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ് നിലകൊള്ളുന്നത്. വിനീത് ഈ കഥാപാത്രത്തെ ഒരു പ്രത്യേക മാനസിക തലത്തിലേക്ക് ഉയർത്തുന്നുമുണ്ട്. സാമുവൽ സംസാരിക്കുന്ന ഓരോ വാക്കിലും ഒളിഞ്ഞിരിക്കുന്ന പൊരുളുകൾ പ്രേക്ഷകനിൽ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഈ രണ്ട് കഥാപാത്രങ്ങളുടെയും ഇടപെടലുകൾ സിനിമയെ മറ്റൊരു മാനത്തിലേക്ക് കൊണ്ടുപോകുന്നു. അതുപോലെ മധുാപാലിന്റ ഗംഭീര സാന്നധ്യവും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. മധുപാലിന്റെ കഥാപാത്രത്തില്‍ നിന്നാണ് പെട്ടെന്ന് ഇരുട്ടിന്റെ പുരോഹിതന്‍ പിറവികൊള്ളുന്നത് നമ്മള്‍ ആദ്യം കാണുന്നത്. രണ്ട് അവസ്ഥയെയും നടന്‍ അവിസ്മരണീയമാക്കുന്നത് മികച്ച അനുഭവമാകുന്നുണ്ട്.

 

ഇരുട്ടിന്റെ ജ്ഞാനസ്നാനം

സിനിമ അവസാനിക്കുമ്പോൾ ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരങ്ങൾ ലഭിക്കുന്നില്ല. ‘ഭൗമ’ എന്ന ചിത്രം ബോധപൂർവ്വം തന്നെ ചില ദുരൂഹതകളുടെ ചുരുളുകൾ അഴിയാതെ ബാക്കി വെക്കുകയാണ്. ആദ്യം സൂചിപ്പിച്ചതുപോലെ, സാധാരണ കൊമേർഷ്യൽ സിനിമകളുടെ പതിവു രീതി ഈ ചിത്രത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. സംവിധായകന്‍ അങ്ങനെയൊരു ലക്ഷ്യം ഒട്ടുമില്ലെന്നു കൂടി പറയാം. സിനിമയുടെ ക്ലൈമാക്സ് കഴിയുമ്പോൾ പ്രേക്ഷകരുടെയും മനസ്സിൽ ആയിരം ചോദ്യങ്ങൾ ബാക്കിയാകും. അത്തരമൊരു അമ്പരപ്പും അപൂർണ്ണതയും ഈ സിനിമയുടെ സൗന്ദര്യശാസ്ത്രമാക്കുക കൂടിയാണ് റെജിന്‍ ബാബു. ജീവിതവും മരണവും, യുക്തിയും അന്ധവിശ്വാസവും, ബോധവും അബോധവും തമ്മിലുള്ള അതിരുകൾ എത്രമാത്രം നേർത്തതാണെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. ‘ഭൗമ’ കണ്ടിറങ്ങുന്ന ഒരാളുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് വെറുമൊരു കഥയല്ല, മറിച്ച് തങ്ങളുടെ തന്നെ ഉള്ളിലെ ഇരുണ്ട കോണുകളെക്കുറിച്ചുള്ള അരക്ഷിതബോധമാണ്. നന്മ-തിന്മ ദ്വന്ദ്വം അപ്രസക്തമാകുന്ന ഒരു പ്രതിസംസ്കാരത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ് എല്ലാ കാലത്തും ഇത്തരം ഒക്കള്‍ട്ട് സംഘങ്ങള്‍.

മനുഷ്യമാംസവും അവിടെ ഭക്ഷണമാകുന്നത്, അവര്‍ മനുഷ്യലോകത്തിനും പുറത്താണ് എന്നതുകൊണ്ടു കൂടിയാകണം. അവര്‍ വിവിധ പേരുകളില്‍, ഇരുട്ടിന്റെ നിയമങ്ങളുമായി സ്വന്തം ഭരണഘടന തീര്‍ക്കുന്ന കഥകള്‍ എത്രയെങ്കിലുമുണ്ട്. ഇവിടെയും ഫലത്തില്‍ ഇരുട്ടിന്റെ ‍ജ്ഞാനസ്നാനം തന്നെയാണ് നമ്മള്‍ കാണുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം തുടരുന്ന ആ സംഘത്തിന്റെ നിയമവും നീതിയും വേറയാണെന്ന് സിനിമ കൃത്യമായി സൂചിപ്പിക്കുന്നു. സമൂഹത്തിന്റെ സമസ്ത തുറകളിലുളളവരും ഈ ഇരുട്ടിലേക്ക് എപ്പോഴ്‍ വേണമെങ്കിലും ജ്ഞാനസ്നാനം ചെയ്യപ്പെടാമെന്ന് ചിത്രം പറയാതെ പറയുന്നു. നീതി നടപ്പിലാക്കാനായി എത്തുന്ന ദീലീഷ് പോത്തന്റെ പോലീസ് ഓഫീസര്‍ പോലും ഇരുട്ടിന്റെ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു മടങ്ങുന്നതുപോലെയാണ് നമുക്ക് അനുഭവപ്പെടുന്നത്.

മലയാള സിനിമയിൽ അപൂർവ്വമായി മാത്രം പരീക്ഷിക്കപ്പെട്ടിട്ടുള്ള ഈ സൈക്കോളജിക്കൽ – ഒക്കൽറ്റ് ജോണർ, ഭാവിയിലെ വ്യത്യസ്ത പരീക്ഷണങ്ങൾക്ക് ഒരു നാഴികക്കല്ലാകുമെന്നതിൽ സംശയമില്ല. തികഞ്ഞ സാങ്കേതിക തികവോടെയും ദാർശനികമായ ആഴത്തോടെയും ഒരുക്കിയിരിക്കുന്ന ഈ ദൃശ്യാനുഭവം, മലയാളിയുടെ സിനിമാ കാഴ്ചകളെ പുതിയൊരു തലത്തിലേക്ക് വഴിനടത്തുന്നുണ്ട്, അല്പം പ്രയാസപ്പെടുത്തുന്ന വിധത്തിലാണെങ്കിലും!


ആലോകന’ത്തിലെ ആഴക്കാഴ്ചകൾ. രഘുനാഥൻ പറളിയുടെ മറ്റ് ലേഖനങ്ങളിലേക്ക് പ്രവേശിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

About Author

രഘുനാഥന്‍ പറളി

നിരൂപകന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍, പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ്‌. 1974 മെയ്‌ 28ന്‌ പാലക്കാട്‌ ജില്ലയിലെ പറളിയില്‍ ജനിച്ചു. ദര്‍ശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, ചരിത്രം എന്ന ബലിപീഠം, മൗനം എന്ന രാഷ്ട്രിയ രചന (വാക്കുകൾ സാക്ഷ്യങ്ങള്‍), സെല്ലുലോയ്ഡിലെ ചില്ലുപടവുകള്‍ (സിനിമ) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പ്രധാന നിരൂപണ കൃതികള്‍. 'സ്ഥലം ജലം കാലം' എന്ന പുസ്തകം ആത്മകഥാംശമുള്ള നിരൂപണ കൃതിയാണ്‌. ഡ്രീനാ നദിയിലെ പാലം, പെനാള്‍ട്ടി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം എന്നീ കൃതികള്‍ (കെ.പി രാജേഷുമൊത്ത്‌) മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. സി.പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം (മലയാളിയായ പ്രമുഖ ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകന്‍ സി.പി രാമചന്ദ്രനെക്കുറിച്ചുളള പുസ്തകം), വിശ്വോത്തര കഥകൾ- രാഷ്ട്രിയ കൊലപാതകങ്ങൾ എന്നീ കൃതികളുടെ എഡിറ്റര്‍ ആണ്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x