A Unique Multilingual Media Platform

Articles Education Protest

ഇന്ത്യന്‍ അക്കാദമിക രംഗം “ഭയത്തിന്റെയും സ്വയംനിയന്ത്രണത്തിന്റെയും തടവിലെന്ന് ‘സ്‌കോളേര്‍സ് അറ്റ് റിസ്‌ക്’ പഠന റിപ്പോര്‍ട്ട്

  • September 15, 2026
  • 1 min read
ഇന്ത്യന്‍ അക്കാദമിക രംഗം “ഭയത്തിന്റെയും സ്വയംനിയന്ത്രണത്തിന്റെയും തടവിലെന്ന് ‘സ്‌കോളേര്‍സ് അറ്റ് റിസ്‌ക്’ പഠന റിപ്പോര്‍ട്ട്

 

ആഗോളതലത്തില്‍ അക്കാദമിക മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠനം നടത്തുന്ന ‘സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്’ (Scholars At Risk)ന്റെ ‘ഫ്രീ ടു തിങ്ക് 2026’ (Free to Think 2026) റിപ്പോര്‍ട്ട് ഇന്ത്യയിലെ അക്കാദമിക് മേഖലയിലെ വിവിധങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2025 ജൂലൈ 1 മുതല്‍ 2026 ജൂണ്‍ 30 വരെയുള്ള കാലയളവിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പഠനത്തില്‍ ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം ‘കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായത്’ (severely restricted) എന്ന് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

അക്കാദമിക് ഫ്രീഡം ഇന്‍ഡക്‌സ് (AFI) സ്‌കോര്‍ 2024-ലെ 0.16-ല്‍ നിന്ന് 2026-ല്‍ 0.14-ലേക്ക് താഴ്ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2022 തൊട്ട് ഗവേഷണം, അധ്യാപനം എന്നിവയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഈയൊരു ഇടിവിന് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

130ഓളം പേജുകള്‍ വരുന്ന റിപ്പോര്‍ട്ടിലെ ‘Regional Pressures on Higher Education Communities’ എന്ന അധ്യായത്തിലെ ഇന്ത്യയെക്കുറിച്ചുള്ള പ്രത്യേക ഭാഗത്തില്‍ (പേജ് 52 – 54) ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നുണ്ട്.

അക്കാദമിക് മേഖലയില്‍ ആശങ്കാജനകമായ പ്രവണതകള്‍ കാണിക്കുന്ന 22 രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് വഴി അവയുടെ സ്വയംഭരണാധികാരം ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം (ഉദാഹരണത്തിന് ഭരണം, പാഠ്യപദ്ധതി, ഭരണനിര്‍വ്വഹണം എന്നിവയില്‍ സ്വാധീനം ചെലുത്തുന്നത്), വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കെതിരായ പോലീസ് അതിക്രമങ്ങളെയും നേരിട്ടുള്ള അടിച്ചമര്‍ത്തലിന്റെ ഉദാഹരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ( ദി പ്രിന്റ് )

റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച്  വിശദീകരിക്കുന്നതിങ്ങനെയാണ്: ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള തങ്ങളുടെ അധികാരം വിപുലീകരിച്ചു. സ്വാധീനം ചെലുത്തുന്നതിനുള്ള പ്രധാന ഉപാധിയായി അവര്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെ (UGC) ഉപയോഗപ്പെടുത്തുന്നു; വൈസ് ചാന്‍സലര്‍മാര്‍ക്കുള്ള അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്ന നയങ്ങളും, സ്ഥിരമല്ലാത്ത/കരാര്‍ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ എണ്ണത്തിന്മേലുള്ള 10 ശതമാനം എന്ന പരിധി നീക്കം ചെയ്തുകൊണ്ട് അക്കാദമിക് തൊഴില്‍ മേഖലയില്‍ താല്‍ക്കാലിക (casualisation) ജീവനക്കാരെ നിയമിക്കുന്നത് ത്വരിതപ്പെടുത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതനുസരിച്ച് ഗവേഷണം, അധ്യാപനം, പ്രസിദ്ധീകരണം എന്നിവയില്‍ സര്‍ക്കാരും സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇവയാണ്: പാഠ്യപദ്ധതി വികസനവുമായി ബന്ധപ്പെട്ട് പൊതുഫണ്ട് സ്വീകരിക്കുന്നതില്‍ നിന്ന് മൂന്ന് അക്കാദമിക് വിദഗ്ധരെ വിലക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു (2026 മാര്‍ച്ച് 11). ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’യെക്കുറിച്ച് പരാമര്‍ശിക്കുന്ന മിഡില്‍ സ്‌കൂള്‍ തലത്തിലുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകം തയ്യാറാക്കുന്നതില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗുമായി (NCERT) ഇവര്‍ സഹകരിച്ചിരുന്നു; ഇത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് മോശമായ പ്രതിച്ഛായ സൃഷ്ടിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പാഠപുസ്തകം നിരോധിക്കുകയും, ഒരു അക്കാദമിക് വിദഗ്ധനെ (ഐഐടി ഗാന്ധിനഗറിലെ ഗസ്റ്റ് പ്രൊഫസറായ മിഷേല്‍ ഡാനിനോ) സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഭാവിയിലെ പങ്കാളിത്തം സംബന്ധിച്ച് സര്‍വകലാശാലകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കോടതി പിന്നീട് ഈ വിലക്കില്‍ ഭേദഗതി വരുത്തി (2026 മെയ് 22).

മിഷേല്‍ ഡാനിനോ

കാശ്മീരിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം (നിര്‍ബന്ധിത തിരോധാനങ്ങളും സ്ത്രീപക്ഷ പ്രതിരോധവും ഉള്‍പ്പെടെ) പ്രതിപാദിക്കുന്ന, പണ്ഡിതന്മാര്‍ ചരിത്രകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ 25 പുസ്തകങ്ങളുടെ വില്‍പ്പന, വിതരണം, കൈവശം വെക്കല്‍ എന്നിവ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു. പിരിച്ചുവിടലുകള്‍, പരിപാടി റദ്ദാക്കലുകള്‍, വിദ്യാര്‍ത്ഥികളുടെ പ്രകടനത്തെ പരിമിതപ്പെടുത്തുന്ന നയങ്ങള്‍ എന്നിവയിലൂടെ സര്‍വകലാശാലാ ഭരണാധികാരികള്‍ പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുകയും ചെയ്തു: ‘സര്‍വകലാശാല താല്‍പ്പര്യങ്ങള്‍ക്കെതിരായ മോശം പെരുമാറ്റത്തിന്’ സൗത്ത് ഏഷ്യന്‍ സര്‍വകലാശാല പ്രൊഫസര്‍ സ്‌നേഹാശിഷ് ഭട്ടാചാര്യയെ (സെപ്റ്റംബര്‍ 2025, രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം) പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ സര്‍വകലാശാല കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന 2022-ലെ ഒരു കത്തില്‍ അദ്ദേഹവും മറ്റുള്ളവരും ഒപ്പിട്ടിരുന്നു എന്നതായിരുന്നു ചാര്‍ത്തപ്പെട്ട കുറ്റം.

( 2025 ഓഗസ്റ്റ് വാർത്തയെ ആസ്പദമാക്കി റിപ്പോർട്ടർ ചാനൽ പ്രസിദ്ധീകരിച്ച പോസ്റ്റ് )

യുദ്ധത്തെ എതിര്‍ക്കുന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളുടെ പേരിലും പാകിസ്ഥാനിലെ ഇന്ത്യന്‍ സൈനിക നടപടിയില്‍ സിവിലിയന്‍ മരണങ്ങള്‍ സംഭവിച്ചതിനെ വിമര്‍ശിച്ചതിന്റെ പേരിലും എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ലോറ ശാന്തകുമാറിനെ പുറത്താക്കി.

‘ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍’ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട പരീക്ഷാ ചോദ്യത്തിന് ജാമിയ മില്ലിയ ഇസ്ലാമിയ പ്രൊഫസര്‍ വീരേന്ദ്ര ബാലാജി ഷാഹ്രെയെ സസ്പെന്‍ഡ് ചെയ്തു.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രാസംഗികര്‍ നടത്തിയ വിമര്‍ശനങ്ങള്‍ കാരണം സര്‍വകലാശാലകള്‍ (ഉദാ. ബനാറസ് ഹിന്ദു സര്‍വകലാശാല, മുംബൈ സര്‍വകലാശാല) പ്രഭാഷണങ്ങള്‍ റദ്ദാക്കി. ‘ഭരണപരമായ കാരണങ്ങള്‍’ ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍വകലാശാല ‘ഭൂമി, സ്വത്ത്, ജനാധിപത്യ അവകാശങ്ങള്‍’ എന്ന വിഷയത്തിലുള്ള സെമിനാര്‍ റദ്ദാക്കി.

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും ക്യാമ്പസിലെ സംഘര്‍ഷങ്ങളും അധികൃതര്‍, പോലീസ്, എതിര്‍പക്ഷത്തുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ (പ്രത്യേകിച്ച് വലതുപക്ഷ സംഘടനയായ എബിവിപിയും ഇടതുപക്ഷ സംഘടനകളായ ഐസ, എന്‍എസ്യുഐ എന്നിവയും തമ്മിലുള്ള രാഷ്ട്രീയ ധ്രുവീകരണം) എന്നിവയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിവെച്ചു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങള്‍ സമാധാനപരമായ പ്രതിഷേധങ്ങളെ ശിക്ഷാര്‍ഹമായി കണക്കാക്കി നടപടിയെടുത്തു (ഉദാഹരണത്തിന്, അക്കാദമിക്കും ആക്ടിവിസ്റ്റുമായ ജി.എന്‍. സായിബാബയുടെ സ്മരണാര്‍ത്ഥം നടത്തിയ പരിപാടിയുടെ പേരില്‍ TISS പോലീസില്‍ പരാതി നല്‍കുകയും നിയമവിരുദ്ധമായി ഒത്തുകൂടല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും ചെയ്തു; പൗരത്വ ഭേദഗതി നിയമത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രകടനത്തിന്റെ പേരില്‍ ജാമിയ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി).

ജി.എന്‍. സായിബാബ

ഡല്‍ഹി സര്‍വകലാശാല പൊതുയോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്ക് താല്‍ക്കാലികമായി പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി (ഇത് സാംസ്‌കാരിക പരിപാടികളെയും പത്രസമ്മേളനങ്ങളെയും ബാധിച്ചു); പിന്നീട്, 72 മണിക്കൂര്‍ മുന്‍കൂട്ടിയുള്ള അനുമതി നിര്‍ബന്ധമാക്കുകയും, ലംഘിച്ചാല്‍ പുറത്താക്കലോ പോലീസ് നടപടിയോ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അസീം പ്രേംജി സര്‍വകലാശാലയില്‍, വിദ്യാര്‍ത്ഥികളല്ലാത്ത എബിവിപി പ്രവര്‍ത്തകര്‍ ഒരു ചര്‍ച്ചാ പരിപാടി തടസ്സപ്പെടുത്തി (ചുവരെഴുത്തുകള്‍, മുദ്രാവാക്യം വിളികള്‍, മര്‍ദ്ദനശ്രമം എന്നിവയുണ്ടായി); സംഘാടകര്‍ക്കെതിരെ പോലീസ് പരാതികള്‍ ഉണ്ടാവുകയും ഒരു വിദ്യാര്‍ത്ഥിയെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

തെരഞ്ഞെടുപ്പുകള്‍, പ്രതിഷേധങ്ങള്‍ (ഉദാഹരണത്തിന്, പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി), മറ്റ് പരിപാടികള്‍ എന്നിവയ്ക്കിടെ സംഘര്‍ഷങ്ങള്‍ ഉണ്ടായി; ചില സന്ദര്‍ഭങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. തെരഞ്ഞെടുപ്പ് വൈകല്‍, അക്രഡിറ്റേഷന്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയ വിഷയങ്ങളിലെ പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസ് ബലപ്രയോഗം (വാട്ടര്‍ കാനന്‍ ഉപയോഗം ഉള്‍പ്പെടെ) നടത്തുകയും ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു; ഡല്‍ഹി പോലീസ് വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട് (ഇവരെ പിന്നീട് വിട്ടയച്ചു).

 

മൊത്തത്തില്‍, ഭയം, സ്വയം നിയന്ത്രണം (self-censorship), സ്ഥാപനപരമായ സ്വയംഭരണാധികാരത്തിലെ കുറവ് എന്നിവ സൃഷ്ടിക്കുന്ന നേരിട്ടുള്ള അടിച്ചമര്‍ത്തലിന്റെയും ഭരണകൂട ഇടപെടലിന്റെയും ആഗോള പ്രവണതകളുടെ ഭാഗമായാണ് ഈ സംഭവങ്ങളെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഹോങ്കോംഗ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അക്കാദമിക് സ്വാതന്ത്ര്യം ‘കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായ’ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

About Author

The AIDEM

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x