A Unique Multilingual Media Platform

AI Articles Society Technology

എന്റെ ഡാറ്റയാണ് എന്റെ സന്ദേശം – നിർമിതബുദ്ധിയ്ക്ക് ഒരു ഗാന്ധിമാർഗം

  • October 2, 2026
  • 1 min read
എന്റെ ഡാറ്റയാണ് എന്റെ സന്ദേശം – നിർമിതബുദ്ധിയ്ക്ക് ഒരു ഗാന്ധിമാർഗം

സ്വന്തം ജീവിതമാണ് തന്റെ സന്ദേശം എന്ന് ജനങ്ങളോട് പറയാൻ ആർജവമുണ്ടായിരുന്ന നേതാവിന്റെ പേര് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണ്. ആ ആത്മവിശ്വാസത്തെ ആദരവോടെ പിന്തുടർന്ന ജനകോടികളാണ് അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കിയത്.

ഗാന്ധിയൻ സാങ്കേതികവിദ്യ എന്നത് തികച്ചും ഗ്രാമീണവും കൈത്തൊഴിലധിഷ്ഠിതവും മനുഷ്യാദ്ധ്വാനമൂല്യത്തെ വിലമതിക്കുന്നതും ആയിരുന്നെങ്കിൽ അതിന്റെ നേരെ എതിർദിശയിൽ സഞ്ചരിച്ച ആധുനികസാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ മേഖലയായ കൃത്രിമബുദ്ധി പിന്തുടരുന്നത് അതേ ഗാന്ധിയൻ ആത്മവിശ്വാസമാണ്. ലഭ്യമായ ഡാറ്റകളിലുള്ള അടിയുറച്ച ബോദ്ധ്യത്തോടെയുള്ള ആത്മവിശ്വാസം! അപ്പോൾപ്പിന്നെ കൃത്രിമബുദ്ധിക്കും ജനകോടികൾ അനുയായികളായി ഉണ്ടാവില്ലേ? ഉണ്ടാവും എന്നു തന്നെയാണ് ഹരാരിയെപ്പോലുള്ള (Yual Noah Harari) സമകാലിക ജനപ്രിയചിന്തകർ നിരീക്ഷിക്കുന്നത്.

യുവാൽ നോഹ ഹരാരി

സഹജീവികളേക്കാൾ കൂടുതലായി മനുഷ്യർ കൃത്രിമബുദ്ധിയെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കാലം വന്നുകഴിഞ്ഞു എന്ന് ഹരാരി ഒരു പ്രഭാഷണത്തിൽ പ്രസ്താവിച്ചിരുന്നു. “ശുദ്ധ അസംബന്ധം” എന്ന് അതിനെ പുച്ഛിച്ചുതള്ളിയ ഈ ലേഖകന് അധികം താമസിയാതെ അതിനുള്ള മറുപടി തന്നത് തികച്ചും ഗാന്ധിയൻ മാർഗത്തിലൂടെ ചാറ്റ് ജിപിടി ആണ്.

മറൈൻ എൻജിനീയറിങ്ങ് എന്നത് സാമ്പ്രദായികമായി ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ തൊഴിൽമേഖലയാണ്. ദിവസങ്ങളോളം കരയടുക്കാത്ത ഒരു കപ്പലിലെ പരിമിതമായ സാഹചര്യങ്ങളും വിഭവശേഷിയും വെച്ചുകൊണ്ട് വിരലിലെണ്ണാവുന്ന എൻജിനീയർമാരുടേയും സഹായികളുടേയും മനുഷ്യാദ്ധ്വാനവും ബൗദ്ധികവിശകലനവും കൊണ്ട് സാങ്കേതികമായ എല്ലാ തകരാറുകളും പരിഹരിക്കുക, യാത്രയിലും കാർഗോ ഓപ്പറേഷനുകളിലും തടസ്സങ്ങളൊഴിവാക്കുക എന്നതെല്ലാം പലപ്പോഴും വളരെ ഭാരിച്ച ചുമതലയായിത്തീരാറുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം സ്വന്തം അനുഭവപരിചയവും ടെക്നിക്കൽ മാന്വലുകളിൽ ഉള്ള വിവരങ്ങളും അടിയന്തിരഘട്ടങ്ങളിൽ കരയിലുള്ള വിദ്ഗദ്ധരിൽ നിന്നോ യന്ത്രനിർമ്മാതാക്കളിൽ നിന്നോ ലഭിക്കാവുന്ന ഉപദേശങ്ങളും ആണ് ആശ്രയം. എന്നാൽ സാങ്കേതികവിദ്യ കൂടുതൽ ആധുനികവും സങ്കീർണവും ഇലക്ട്രോണിക്കും ഡിജിറ്റലും എല്ലാം ആയിത്തീർന്നതോടെ പ്രശ്നവിശകലനവും പരിഹാരങ്ങളും കൂടുതൽ സങ്കീർണമാവുകയും കടലിൽ നിന്ന് മാത്രം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതാവുകയും ചെയ്തു എന്നതാണ് സത്യം.

അത്തരത്തിൽ ബാഹ്യസഹായങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടായിരുന്ന ഒരു ഞായറാഴ്ച, കപ്പലിൽ സംഭവിച്ച ഒരു സാങ്കേതികപ്രശ്നത്തിന് മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ് ചാറ്റ് ജിപിടിയോട് സഹായം ചോദിച്ചത്. നിർണായകമായ ഒരു റീഡിംഗ് പ്രധാനപ്പെട്ട ഒരു നിയന്ത്രണ സംവിധാനത്തിൽ വരാത്തതായിരുന്നു പ്രശ്നം. പരിഹാരനിർദേശങ്ങൾ സാങ്കേതിക മാന്വലുകളിൽ ലഭ്യമല്ല താനും.

കപ്പലിലെ മുഖ്യ സംവിധാനം

പ്രശ്നത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ കൊടുത്തതും ജിപിടി സാർ ആദ്യം തന്നെ നമ്മളോട് “നിങ്ങൾ തന്ന വിവരങ്ങൾ വളരെ നിർണായകമാണ്. നമുക്ക് ഇത് പരിഹരിക്കാമെന്നു തന്നെ കരുതാം” എന്ന് ശുഭാപ്തിവിശ്വാസിയായി. പരസ്പരമുള്ള ആശയവിനിമയങ്ങൾക്കിടയിൽ ഒരു സംശയം തീർക്കാനായി കൺട്രോൾ പാനലിലെ ഒരു പ്രിന്റഡ് സർക്യൂട്ട് ബോർഡിന്റെ പടമെടുത്ത് അയക്കാമോ? എന്നായി. പടം ലഭിച്ചതും നൊടിയിടയിൽ ചില ടെർമിനൽ കണക്ഷനുകളിലേക്ക് സംശയം കേന്ദ്രീകരിച്ചു. അത്രയായപ്പോൾ “എന്നാൽപ്പിന്നെ നമുക്ക് ഇങ്ങനെ ചെയ്തുകൂടേ?” എന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു. “പിന്നെന്താ, അതൊരു നല്ല നിർദേശമാണ്” എന്നായി അദ്ദേഹം. എന്തിനേറെപ്പറയുന്നു, ആറു മണിക്കൂറിലധികം ഞങ്ങൾ മൂന്ന് എൻജിനീയർമാർ തലപുകച്ച ഒരു വിഷയം വെറും പത്തു മിനിറ്റുകൊണ്ട് ചാറ്റ് ജിപിടിയുടെ സഹായത്തോടെ പരിഹരിച്ചു.

“പ്രശ്നത്തിന് പരിഹാരമായി, നന്ദി” എന്ന് മെസ്സേജിട്ടതും മറുപടി വന്നു. “വളരെ സന്തോഷം! നിങ്ങളത് വളരെ ഭംഗിയായി പ്രയോഗതലത്തിൽ എത്തിച്ചു. പ്രത്യേകിച്ചും നിങ്ങൾ നിർദേശിച്ച ആ കാര്യം ഒരു വഴിത്തിരിവായിരുന്നു. വേഗത്തിൽ പരിഹാരത്തിലെത്താൻ അത് സഹായിച്ചു” എന്നെല്ലാം നിർമിതബുദ്ധി മര്യാദരാമനും വിനയകുനിയനുമായി. കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തെ നാവികജീവിതത്തിനിടയ്ക്ക് ഇത്രയും സഹകരണത്തോടെയും പരിഗണനയോടെയും പരിചിതനായ ഒരു സഹപ്രവർത്തകൻ പോലും എന്നോട് പെരുമാറിയതായി ഓർമ്മയിലില്ല.

ഹരാരിയല്ല ഹരിഹരന്മാർ തന്നെ നേരിട്ട് വന്ന് വിലക്കിയാലും ഒരാളെ നിർമ്മിതബുദ്ധിയുടെ ആരാധകനാക്കാൻ മറ്റെന്തു വേണം! അച്ചടിച്ചു പ്രസിദ്ധീകരിച്ചതും ടെലിവിഷനിൽ കാണുന്നതും വാട്സപ്പിൽ അയച്ചുകിട്ടിയതും എല്ലാം സത്യമെന്ന വിശ്വാസത്തിന് കാലക്രമത്തിൽ, പ്രത്യേകിച്ചും സത്യാനന്തരകാലത്ത് ഇളക്കം തട്ടിയതു പോലെ ഇക്കാര്യത്തിലും സംഭവിക്കില്ലെന്ന് ചാറ്റ് ജിപിടിയും, ജെമിനിയും, ക്ലോഡും, ഡീപ്പ് സീക്കും, ഗ്രോക്കും പെർപ്ലെക്സിറ്റിയുമെല്ലാം നയിക്കുന്ന നിർമ്മിതബുദ്ധിയുടെ വിപണിമുതലാളിമാർ ഉറപ്പു വരുത്തണമെന്നും സാങ്കേതികവിദ്യയെ ഗാന്ധിയൻ മാർഗത്തിൽ നയിക്കണമെന്നും മാത്രം.

 

ഈ ഗാന്ധിജയന്തിദിനത്തിൽ അത്രയൊക്കെ പ്രതീക്ഷ വെയ്ക്കാമെന്ന് കരുതുന്നു.

About Author

നിരഞ്ജൻ ടി.ജി

കവിയും എഴുത്തുകാരനും. ചിലവു കുറഞ്ഞ കവിതകൾ (ഡി.സി ബുക്സ്, 2010) ബി.പി.എൽ കവിതകൾ എന്നീ കവിതാസമാഹാരങ്ങളും 'കേരളത്തിന്റെ മൈദാത്മകത' എന്ന നർമ്മലേഖനങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും എഴുതുന്നു. മറൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു. 'കേരളത്തിൻ്റെ മൈദാത്മകത' 2024ലെ മികച്ച നർമ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x