A Unique Multilingual Media Platform

AI Articles Society Technology

അൽഗോരിതാധിപത്യകാലം

  • September 12, 2026
  • 1 min read
അൽഗോരിതാധിപത്യകാലം

രാഷ്ട്രീയമുക്തമല്ല ഡിജിറ്റൽ ലോകവും. സോഷ്യൽ മീഡിയ മനുഷ്യരെ തങ്ങളുടേതായ ലോകങ്ങളിൽ തളച്ചിടാൻ ശ്രമിക്കുന്നു. അതിനുപിന്നിലുമുണ്ട് കൃത്യമായ രാഷ്ട്രീയമായ ലക്ഷ്യങ്ങൾ. ആളുകൾ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം കാണുന്നു, കേൾക്കുന്നു. സമൂഹം പലമട്ടിൽ ധ്രുവീകരിക്കപ്പെടുന്നു.

ജന്തർ മന്ദിറിലെ വിദ്യാർത്ഥി സമരത്തെക്കുറിച്ച് സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. നമ്മൾ രണ്ടുപേരും സമരത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. സംസാരം മുന്നോട്ടുപോയപ്പോൾ ഒരു കാര്യം വ്യക്തമായി. ഞങ്ങൾ കണ്ട വിഡിയോകൾ വ്യത്യസ്‍തമായിരുന്നു. എന്റെ ഫീഡിൽ തുടർച്ചയായി വന്ന വീഡിയോകളും വിവരങ്ങളും ആ സമരത്തെ കാണിച്ചത് ജനജീവിതം തടസ്സപ്പെടുത്തുന്ന, ക്രമസമാധാനം തകർക്കുന്ന ഒരു അക്രമ സംഭവമായാണ്. എന്നാൽ കൂട്ടുകാരന്റെ ഫീഡിൽ വന്നവ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ തെരുവിൽ പോരാടുന്ന കുട്ടികളുടെ ധീരതയുടെ വീഡിയോകളാണ്. ഞങ്ങൾ കണ്ടത് വേറെ വേറെ സമരങ്ങളല്ല. ഒരേ സമരത്തിന്റെ ദൃശ്യങ്ങളാണ്. പക്ഷേ അതിന് അൽഗോരിതങ്ങൾ നിർമിച്ചു നൽകിയ അർഥങ്ങൾ രണ്ടായിരുന്നു.

തെറ്റായ വിവരങ്ങൾ അഥവാ വ്യാജവാർത്തകൾ പ്രചരിക്കുന്നതുമാത്രമാണ് നമ്മുടെ പ്രധാന പ്രശ്നമെന്നാണ് എല്ലാവരും കരുതുന്നത്. വസ്തുതകളുടെ അഭാവമാണ് കുഴപ്പമെന്ന് നമ്മൾ കരുതുന്നു. എന്നാൽ കാര്യങ്ങൾ അങ്ങിനെയല്ല. വാർത്തകളുടെ വിതരണമല്ല, ആ വാർത്തകൾക്ക് നൽകുന്ന വൈകാരികതയുടെ കൂട്ടിച്ചേർക്കലുകളാണ് (emotional framing) മൂലകാരണം. ഒരേ വാർത്ത അല്ലെങ്കിൽ ഒരേ കോടതി വിധി അല്ലെങ്കിൽ ഒരേ രാഷ്ട്രീയ നയം ഇതൊക്കെ ഓരോ ഉപഭോക്താവിനു മുന്നിലും എത്തുന്നത് തികച്ചും വ്യത്യസ്തമായ ധാർമിക തലങ്ങളിലാണ്.

ഈ പുതിയ അവസ്ഥയാണ് അൽഗോരിതാധിപത്യം (Algorithmocracy). ഇവിടെ അൽഗോരിതങ്ങൾ വിവരങ്ങൾ ശുപാർശ ചെയ്യുക മാത്രമല്ല ചെയ്യുന്നത്. അവ പൊതുജന അഭിപ്രായത്തെ ഭരിക്കുകയാണ്. നമ്മൾ എന്ത് ചിന്തിക്കണം എന്ന് അവ നേരിട്ട് പറയുന്നില്ല. പകരം നമ്മൾ എങ്ങനെ ചിന്തിക്കണം എന്ന് അവ തീരുമാനിക്കുന്നു. ചില വിവരങ്ങൾക്ക് മാത്രം വലിയ പ്രാധാന്യം നൽകുന്നു. ചില പ്രതികരണങ്ങളെ വാനോളം ഉയർത്തുന്നു. ചില വശങ്ങളെ മാത്രം എടുത്തു കാണിക്കുന്നു. ചില കോണുകളിലൂടെ മാത്രം കാഴ്ചകളെ നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു. ചില പ്രത്യേക വിവരങ്ങൾ മാത്രം വന്നു നിറയുന്നു. നമ്മുടെ ചിന്താശേഷിയെ നിയന്ത്രിക്കാൻ വിവരങ്ങൾ മാറ്റിയെഴുതേണ്ടതില്ല. വിവരങ്ങൾ നൽകുന്ന രീതി മാറ്റിയാൽ മാത്രം മതി.

വർഷങ്ങളായി നമ്മൾ വിശ്വസിച്ച ഫിൽട്ടർ ബബിൾ തിയറിയുടെ നേർവിപരീതമാണിത്. ഒറ്റപ്പെടുത്തലല്ല, മറിച്ച് തമ്മിലടിപ്പിക്കുകയാണ് (collision) ഈ സിസ്റ്റത്തിന്റെ ജീവൻ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു കാര്യം നന്നായി അറിയാം. ഉപഭോക്താക്കളെ ആപ്പുകളിൽ തളച്ചിടാൻ തർക്കങ്ങളെക്കാളും വിവാദങ്ങളെക്കാളും മികച്ച മറ്റൊന്നില്ല. അതുകൊണ്ട് അവർ നമ്മെ ബോധപൂർവം തർക്കങ്ങളിലേക്ക് തള്ളിയിടുന്നു. നമ്മുടെ വൈകാരിക നിലകളെ കൃത്യമായി പ്രവചിക്കാൻ അവരുടെ കൈയിൽ (നമ്മൾ തന്നെ നൽകിയ) വിവരങ്ങളുണ്ട്. നമ്മൾ എവിടെയാണ് നിർത്തിയത്, എവിടെയാണ് ഒരു സെക്കൻഡ് കൂടുതൽ നോക്കിയത്, ഏത് പോസ്റ്റാണ് നമ്മെ ദേഷ്യം പിടിപ്പിച്ചത്, ഇതൊക്കെ അവർ മനസ്സിലാക്കുന്നുണ്ട്, അളക്കുന്നുണ്ട്. വർഷങ്ങളായുള്ള ഈ പെരുമാറ്റ വിവരങ്ങൾ (behavioral data) വെച്ച് നമ്മളെ എങ്ങനെയുള്ള വാർത്തകൾ കാണിച്ചാൽ കൂടുതൽ ദേഷ്യം വരും അല്ലെങ്കിൽ ആവേശം വരും എന്ന് പ്ലാറ്റ്‌ഫോമുകൾക്ക് കൃത്യമായി അറിയാം. അതിൻപ്രകാരമാണ് ഒരാൾക്ക് നിയമവും സമാധാനവും (law and order) പ്രധാന വിഷയമായി കാണിച്ചുകൊടുക്കുമ്പോൾ മറ്റൊരാൾക്ക് പൗരാവകാശങ്ങൾ (civil liberties) പ്രധാന വിഷയമായി കാണിക്കുന്നത്.

ഒരേ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ട രണ്ടുപേർ ആശയപരമായി എതിർദിശകളിൽ നിൽക്കുമ്പോൾ അവിടെ തർക്കം വസ്തുതകൾ തമ്മിലല്ല. ധാർമികതകൾ തമ്മിലാണ് (moral vs moral). ഞാൻ കണ്ടത് തന്നെയാണ് അപരനും കണ്ടത് എന്ന സ്വാഭാവിക നിഗമനത്തിൽ നിന്നാണ് ആളുകൾ സംസാരിക്കുന്നത്. അപ്പോൾ പിന്നെ എന്റെ അഭിപ്രായത്തോട് അവൻ യോജിക്കുന്നില്ലെങ്കിൽ അവന്റെ ബുദ്ധിക്ക് കുഴപ്പമുണ്ട്, അല്ലെങ്കിൽ അവൻ വഞ്ചകനാണ്, അതുമല്ലെങ്കിൽ അവന്റെ ധാർമികത നശിച്ചിരിക്കുന്നു എന്ന് നമ്മൾ കരുതുന്നു. ആളുകളുടെ വിവേകത്തെയും ബുദ്ധിയെയും ചൊല്ലിയാണ് അവിടെ തർക്കം നടക്കുന്നത്. വസ്തുതകൾ വൈകാരികമായി വളച്ചൊടിച്ച് നൽകുന്നതുകൊണ്ടാണ് ഈ ദുരന്തം സംഭവിക്കുന്നത്.

ഇത് വലിയ പണം ഒഴുകുന്ന കച്ചവടമാണ്. ഇതിന് നേരായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളൊന്നുമില്ല. പേജുകളിൽ ആളുകൾ ചെലവഴിക്കുന്ന സമയം കൂട്ടുക (engagement optimization) എന്നത് മാത്രമാണ് സോഷ്യൽ മീഡിയ കമ്പനികളുടെ ലക്ഷ്യം. ശാന്തവും നിഷ്പക്ഷവുമായ വിശകലനങ്ങൾ ആരും അധിക സമയം നോക്കിനിൽക്കില്ല. എന്നാൽ രോഷവും വൈകാരികതയും ഭയവും ജനിപ്പിക്കുന്ന ഉള്ളടക്കങ്ങൾ (content) ആളുകളെ പിടിച്ചുനിർത്തും. അതുകൊണ്ട് അൽഗോരിതങ്ങൾ സമൂഹത്തെ വിഭജിക്കുന്നു. ഓരോ കൂട്ടർക്കും വലിയ വൈകാരിക ആഘാതം ഉണ്ടാക്കുന്ന രീതിയിൽ വിവരങ്ങൾ എത്തിച്ചുകൊടുക്കുന്നു. കച്ചവടക്കാരന് കച്ചവടം നടക്കണം. സത്യം അറിയുക എന്നതല്ല, സ്ക്രീനിൽ വിരലോടിക്കുന്നത് നിർത്താതിരിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.

ഇതത്ര സങ്കീർണമായ പ്രക്രിയയൊന്നുമല്ല. വളരെ ലളിതമാണ്. ഒരു രാഷ്ട്രീയ സംഭവമോ വിവാദമോ വാർത്തയായി വരുന്നു. അതോടെ ഡിജിറ്റൽ ലോകം സജീവമാകുന്നു. അൽഗോരിതങ്ങൾ ആ വാർത്തയുടെ വൈകാരിക വ്യാഖ്യാനങ്ങൾ ആളുകളുടെ മുന്നിലെത്തിക്കുന്നു. ഇത് കാണുന്ന ആളുകൾ വൈകാരികത നിറഞ്ഞ ആ പോസ്റ്റിന് താഴെ അതേ വൈകാരികതയോടെ കമന്റുകൾ ഇടുന്നു, ചീത്ത വിളിക്കുന്നു, ഷെയർ ചെയ്യുന്നു. ഇതൊക്കെ കാണുമ്പോൾ സിസ്റ്റം കരുതുന്നത് ഈ പോസ്റ്റിന് വലിയ ഡിമാൻഡ് ഉണ്ട് എന്നാണ്. അങ്ങനെ അവർ അത് വീണ്ടും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നു. തർക്കങ്ങൾ തുടരുന്നു. ലാഭം കമ്പനികൾ കൊയ്യുന്നു.

ജനാധിപത്യത്തിന് ഇത് വലിയ ഭീഷണിയാണ്. ജനാധിപത്യത്തിന്റെ അടിത്തറ ആരോഗ്യകരമായ സംവാദങ്ങളാണ്. വ്യത്യസ്ത നിലപാടുകൾ ഉള്ള ആളുകൾ ഒത്തുചേരുകയും തർക്കിക്കുകയും ഒടുവിൽ ഒരു പൊതുസമ്മതിയിൽ എത്തുകയും ചെയ്യുക എന്നതാണ് ജനാധിപത്യ വഴി. അവിടെ ആശയങ്ങളിൽ വ്യത്യാസമുണ്ടാകാം. പക്ഷെ രാജ്യം നേരിടുന്ന പൊതുവിഷയങ്ങളെക്കുറിച്ച് എല്ലാവർക്കും ഒരേ കാഴ്ചപ്പാടായിരിക്കും. എന്നാൽ അൽഗോരിതാധിപത്യത്താൽ ഈ അടിത്തറ പൂർണമായും ഇല്ലാതാവുന്നു. പൗരന്മാർക്കിടയിൽ ഒരു പൊതുബോധം രൂപപ്പെടുന്നില്ല എന്നതാണ് ഇതുണ്ടാക്കുന്ന വലിയ ഭവിഷ്യത്ത്

രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് നീളുന്നതാണ് ഈ വിഷയം. ഒരു സമൂഹമായി മുന്നോട്ടുപോകണമെങ്കിൽ നമുക്കിടയിൽ ചുരുങ്ങിയത് ഒരു പൊതുയാഥാർഥ്യം (shared reality) ഉണ്ടാവണം. പൊതു സ്ഥാപനങ്ങളിലുള്ള വിശ്വാസം, സാമൂഹിക ഐക്യം, പരസ്പരവിശ്വാസം ഇതൊക്കെ നിലനിൽക്കണമെങ്കിൽ നമ്മൾ ഒരേ ലോകത്താണ് ജീവിക്കുന്നത് എന്ന തോന്നൽ വേണം.

അൽഗോരിതങ്ങൾ വൈകാരിക വ്യാഖ്യാനങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുമ്പോൾ ആളുകൾക്ക് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടുന്നു. നമ്മുടെ ചാനൽ ചർച്ചകൾ നോക്കൂ. ഒരേ വിഷയത്തിൽ സംസാരിക്കുന്നവർ രണ്ട് ലോകങ്ങളിൽ നിന്നാണ് സംസാരിക്കുന്നത്. അവർ വസ്തുതകൾ സ്വന്തം പക്ഷത്തിന്റെ ന്യായീകരണങ്ങൾക്ക് മാത്രമായി മാറ്റുന്നു.

 

ആരാണ് നമ്മളെ ഭരിക്കുന്നത്? ജനാധിപത്യത്തിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഭരിക്കുന്നത് എന്ന് നമ്മൾ പറയും. എന്നാൽ ഡിജിറ്റൽ യുഗത്തിൽ നമ്മൾ മറ്റൊരു ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു. പൗരന്മാർക്ക് മുന്നിലെത്തുന്ന പൊതുജീവിതത്തിന്റെ ദൃശ്യങ്ങളെ നിർമിക്കുന്നത് ആരാണ്? ജനപ്രതിനിധികളോ മാധ്യമപ്രവർത്തകരോ അല്ല ഇന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത്. ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പൊതുജനക്ഷേമത്തിന്റെ മുഖമൂടിയണിഞ്ഞ കച്ചവട സ്ഥാപനങ്ങളാണ് നമ്മുടെ ചിന്തകളെയും കാഴചകളെയും രൂപപ്പെടുത്തുന്നത്.

ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൂടുതൽ വിവരങ്ങൾ ഉണ്ടാക്കുക എന്നതല്ല. വ്യാജവാർത്തകളെ നിരോധിക്കുക എന്നതുമല്ല. വിവരങ്ങളുടെ ഒഴുക്കിനെയും അവയ്ക്ക് നാം നൽകുന്ന അർഥങ്ങളെയും നിയന്ത്രിക്കുന്ന ഈ ഡിജിറ്റൽ ഘടനയെ തിരുത്തുക എന്നതാണ്. ലാഭത്തിനായി മാത്രം പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങളെ നിഷ്പക്ഷമാണെന്ന് കരുതുന്നത് വലിയ അബദ്ധമാണ്. പൗരന്മാർ തമ്മിൽ അകലുന്നതിന്റെ കുറ്റം ആളുകളുടെ തലയിൽ മാത്രം കെട്ടിവെച്ചിട്ട് കാര്യമില്ല. വാർത്തകൾ തങ്ങളുടെ കൈയിലാക്കാൻ രാഷ്ട്രീയക്കാർ നടത്തുന്ന പോരാട്ടമല്ല പ്രധാനം. മറിച്ച് വാർത്തകളുടെ അർഥങ്ങൾ നമ്മളിലേക്ക് എങ്ങനെ എത്തുന്നു എന്ന് തീരുമാനിക്കുന്ന അൽഗോരിതങ്ങൾക്ക് മേലുള്ള നിയന്ത്രണമാണ് ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്നത്. അല്ലാത്തപക്ഷം നമ്മൾ കാണുന്ന ഈ ലോകം നമ്മളുടേതല്ലാതായി മാറും.

About Author

ഏ വി സന്തോഷ് കുമാർ

ഫുൾബ്രൈറ്റ് സ്‌കോളർ. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്. പാഠപുസ്തകസമിതി അംഗം. "ജീവിതത്തിൻ്റെ ആൽക്കെമി", "കരയിലിരുന്ന് പുഴയിൽ കുളിക്കുമ്പോൾ" എന്നിവയടക്കം പത്ത് കൃതികൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x