അകത്തെയും പുറത്തെയും സമുദ്രങ്ങള്‍
മഹാകാവ്യമായ ഹോമറിന്റെ ‘ഒഡീസി’ (The Odyssey) ചലച്ചിത്രമാക്കുമ്പോൾ ഏതൊരു സംവിധായകനും നേരിടുന്ന പ്രധാന വെല്ലുവിളി, മിത്തോളജിയുടെ അതിരുകളില്ലാത്ത ഭാവനയെ അതേ കരുത്തോടെ മനുഷ്യാനുഭവങ്ങളിലേക്ക് പരിഭാഷപ്പെടുത്തുക എന്നതിലായിരിക്കും.

ഏകദേശം മൂവായിരം വർഷത്തെ പഴക്കമുള്ള ഈ പൗരാണിക ഗ്രീക്ക് ഇതിഹാസത്തെ, 2026-ൽ ക്രിസ്റ്റോഫർ നോളൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഐമാക്സ് (IMAX 70mm) ക്യാമറകളിലൂടെ സെല്ലുലോയ്ഡിലേക്ക് പകർത്തുമ്പോൾ പിറവിയെടുക്കുന്നത് കേവലം ഒരു ആക്ഷൻ-ഫാന്റസി ചിത്രമല്ല; മറിച്ച് കാലത്തെയും ഓർമ്മകളെയും മനുഷ്യന്റെ അതിജീവന തൃഷ്ണയെയും കുറിച്ചുള്ള ദൃശ്യസാന്ദ്രമായ ഒരു കലാസൃഷ്ടി കൂടിയാണ്.
കാലവും അതിജീവനവും
ഹോമർ തന്റെ ഇതിഹാസത്തിൽ ദേവന്മാരുടെയും രാക്ഷസന്മാരുടെയും ലോകത്തെക്കൂടിയാണ് പ്രതീകാത്മകമായി പടുത്തുയർത്തിയതെങ്കിൽ, നോളൻ ഈ കഥയെ സമീപിച്ചിരിക്കുന്നത് മനുഷ്യസംഘര്‍ഷത്തിന്റെ ‘ആന്തരിക സമുദ്രം’ ദൃശ്യമാക്കുക എന്ന നിലയില്‍ കൂടിയാണ് എന്ന് പറയാം. ട്രോജൻ യുദ്ധത്തിന് ശേഷം ഇരുപത് വർഷത്തോളം ജന്മനാടായ ഇഥാക്കയിലേക്ക് തിരികെയെത്താൻ കഴിയാതെ അലയുന്ന ഒഡീസിയസ് (സിനിമയില്‍ മാറ്റ് ഡാമൺ കഥാപാത്രത്തെ അവതരിപ്പിക്കുന്നു) യാത്രയാണ് ചിത്രത്തിന്റെ കാതൽ. ഒരര്‍ഥത്തില്‍, നോളന്റെ സിനിമകളിൽ എപ്പോഴും നിരീക്ഷിക്കപ്പെട്ടിട്ടുളള ‘കാലം’ (Time) എന്നത് ഇവിടെയും പ്രധാന കഥാപാത്രമാകുന്നുണ്ട് എന്ന് പറയണം. നോൺ-ലീനിയർ (Non-linear) ഘടനയിലാണ് ചിത്രം വികസിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇഥാക്കയിൽ ഭർത്താവിനായി കാത്തിരിക്കുന്ന പെനലോപ്പിയും (ആൻ ഹാതവേ), അച്ഛനെ തേടിയിറങ്ങുന്ന ടെലിമാക്കസും (ടോം ഹോളണ്ട്), കടലിലെ കൊടുങ്കാറ്റുകളിൽ പെട്ടുഴലുന്ന ഒഡീസിയസും മൂന്ന് വ്യത്യസ്ത സമയരേഖകളിലൂടെയാണ് ചിത്രത്തില്‍ പ്രേക്ഷകന് മുന്നിലെത്തുന്നത്. ആദ്യം സൂചിപ്പിച്ചതു പോലെ, ഈ ചിത്രത്തിൽ കടൽ എന്നത് ഒരു ഭൂമിശാസ്ത്രപരമായ അതിര് മാത്രമായല്ല; മറിച്ച് അതിനെ, ഒരു മനുഷ്യന്റെ ഓർമ്മകളുടെയും പ്രായശ്ചിത്തത്തിന്റെയും മനഃസാക്ഷിയുടെയും എല്ലാം ആഴക്കടല്‍ കൂടിയാക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്; പൂര്‍ണ്ണമായി അതില്‍ വിജയിക്കുന്നുണ്ടോ എന്ന വലിയ ചോദ്യം തല്‍ക്കാലം മാറ്റി നിര്‍ത്തിക്കൊണ്ട് തന്നെ..!
മഹാകാവ്യത്തിൽ നിന്ന് വെള്ളിത്തിരയിലേക്ക്
മുമ്പ്, ഹോമറിന്റെ ഗ്രീക്ക് ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ട്രോയ്’ (Troy–2004-വോൾഫ്ഗാങ് പീറ്റേഴ്സൺ) ട്രോജൻ യുദ്ധത്തെയായിരുന്നു കേന്ദ്രപ്രമേയമാക്കിയത്. അതിനുശേഷമുള്ള ഒഡീസിയസിന്റെ മടക്കയാത്രയാണ്, നേരത്തേ സൂചിപ്പിച്ചതുപോലെ, ഇവിടെ മുഖ്യപ്രമേയമാകുന്നത്. ട്രോയ് എന്ന ചിത്രം ഹോമറിന്റെ ഇലിയഡ് (Iliad)എന്ന കാവ്യത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. പാരീസ് രാജകുമാരൻ ഹെലനെ തട്ടിയെടുക്കുന്നതും തുടർന്നുള്ള ട്രോജൻ യുദ്ധവുമാണ് അവിടെ അടിസ്ഥാന പ്രമേയം. അതേസമയം നോളന്റെ ചിത്രം, ഒഡീസി (Odyssey) എന്ന കാവ്യത്തെ ആസ്പദമാക്കി ട്രോജൻ യുദ്ധത്തിന് ശേഷമുള്ള ഒഡീസിയസിന്റെ പത്ത് വർഷത്തെ തിരിച്ചുവരവിന്റെയും പോരാട്ടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കഥ പറയുന്നു.

ട്രോജൻ യുദ്ധത്തിന് ശേഷം പത്തു വർഷങ്ങൾ നീണ്ട അലച്ചിലുകൾക്കൊടുവിൽ തന്റെ മാതൃരാജ്യമായ ഇഥാക്കയിലേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന ഒഡീസിയസിന്റെ യാത്ര (Odysseus) പക്ഷേ ഒരു ‘ഹീറോസ് ജേർണി’ (Hero’s Journey) മാത്രമായിട്ടല്ല സംഭവിക്കുന്നത്. യുദ്ധം തകർത്ത ഒരു മനുഷ്യന്റെ മാനസികമായ തിരിച്ചുവരവും, സ്നേഹത്തിനായുളള കാത്തിരിപ്പും എല്ലാം സംവിധായകന്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹോമർ തന്റെ മഹാകാവ്യം ആരംഭിക്കുന്നത് പ്രപഞ്ചത്തിന്റെ പ്രചോദന രൂപമായ ‘മ്യൂസ്’ ദേവതയോടുള്ള പ്രാർത്ഥനയോടെയാണ്-
“Sing to me in me, Muse, and through me tell the story of that man skilled in all ways of contending, the wanderer, harried for years on end…”
സിനിമയുടെ തുടക്കത്തിൽ, അറ്റ്ലാന്റിക് സമുദ്രത്തിന്റെ അനന്തതയിലേക്ക് ക്യാമറ പാൻ ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ മുഴങ്ങുന്ന വോയ്‌സ് ഓവറിൽ ഈ വരികൾ നമുക്ക് കേൾക്കാം. അത് പ്രേക്ഷകനെ പെട്ടെന്ന് തന്നെ ആധുനിക സിനിമയുടെ അന്തരീക്ഷത്തില്‍ നിന്ന് പുരാതന ഗ്രീസിന്റെ ദൈവികവും ഭയാനകവുമായ ഒരു അന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പ്രാപ്തമാണ്.
ഒഡീസിയസ്: അഹങ്കാരവും ആത്മബലിയും
സിനിമയിലെ ശ്രദ്ദേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് ഒഡീസിയസിനെ അവതരിപ്പിച്ച മാറ്റ് ഡാമൺ എന്ന നടനാണ്. യുദ്ധത്തിലെ ബുദ്ധിമാനും എന്നാൽ ദൈവങ്ങളെപ്പോലും വെല്ലുവിളിക്കാൻ മടിക്കാത്ത അഹങ്കാരിയുമായ ഒരു ഭരണാധികാരിയിൽ നിന്ന്, കടലിന്റെ രോഷത്തിന് മുന്നിൽ സർവ്വവും നഷ്ടപ്പെട്ട് എളിയവനായി മാറുന്ന ഒഡീസിയസിന്റെ പരിണാമം സിനിമയില്‍ പ്രകടമാണ്.

പോസിഡോൺ (Poseidon) എന്ന സമുദ്രദേവന്റെ കോപത്തിന് ഇരയാകുന്ന ഒഡീസിയസ് തന്നിലെ അഹങ്കാരത്തെ കഴുകിക്കളയുന്ന പ്രക്രിയ കൂടിയായി മാറുകയാണ് ഓരോ കടൽയാത്രയും. അതേസമയം, പോളിഫീമസ് (Polyphemus) എന്ന ഒറ്റക്കണ്ണൻ രാക്ഷസനെ തോൽപ്പിച്ച ശേഷം, ഒഡീസിയസ് തന്റെ പേര് വിളിച്ചുപറഞ്ഞ് അഹങ്കരിക്കുന്ന രംഗവും ശ്രദ്ദേയമാണ്. മനുഷ്യന്റെ ഈ ദൗർബല്യത്തെക്കുറിച്ച് ഹോമർ എഴുതിയ വരികൾ ഇവിടെ പ്രസക്തമാകുന്നുണ്ട്-
“Of all creatures that breathe and move upon the earth, nothing is bred that is weaker than man.”
താൻ പ്രകൃതിക്കും ദൈവങ്ങൾക്കും മുന്നിൽ എത്രത്തോളം നിസ്സാരനാണ് എന്ന് തിരിച്ചറിയുന്ന നിമിഷത്തിലാണ് ഒഡീസിയസ് ഒരു യഥാർത്ഥ നായകനായി മാറുന്നത്. കാറ്റിലും കോളിലും പെട്ട് കപ്പൽ തകരുമ്പോൾ, പാറക്കെട്ടുകളിൽ ചോരയൊലിപ്പിച്ചു കിടക്കുന്ന നായകന്റെ മുഖത്തെ ഭാവങ്ങൾ പ്രേക്ഷകനിൽ ആഴത്തിലുള്ള അനുകമ്പ സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.
കാത്തിരിപ്പിന്റെ രാപ്പകലുകൾ
ഒഡീസിയസിന്റെ കടൽയാത്രകൾ എത്രത്തോളം ഭയാനകമാണോ, അത്രത്തോളം തന്നെ സംഘർഷഭരിതമാണ് ഇഥാക്കയിലെ കൊട്ടാരത്തിൽ നടക്കുന്നത്. ഭർത്താവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ പത്ത് വർഷത്തോളം സാമന്തരാജാക്കന്മാരെയും പ്രഭുക്കന്മാരെയും തന്ത്രപൂർവ്വം അകറ്റിനിർത്തുന്ന പെനെലോപ്പി (Penelope) എന്ന രാജ്ഞിയുടെ കഥാപാത്രം ഹോമറുടെ മഹാകാവ്യത്തിലെന്നതു പോലെ സിനിമയുടെയും വൈകാരികമായ നട്ടെല്ലാണ്. പകൽ സമയം തുണി നെയ്യുകയും, രാത്രിയിൽ അത് ക്രമീകരിക്കുകയും ചെയ്തുകൊണ്ട് സമയം നീട്ടിക്കൊണ്ടുപോകുന്ന പെനെലോപ്പിയുടെ ദൃശ്യങ്ങൾ വളരെ ശാന്തവും എന്നാൽ അങ്ങേയറ്റം സംഘർഷഭരിതവുമായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത് എന്ന് പറയാം. പ്രണയത്തിന്റെയും വിശ്വസ്തതയുടെയും ഏറ്റവും മനോഹരമായ നിമിഷങ്ങളെക്കുറിച്ച് ഹോമർ എഴുതിയത്, സിനിമയിൽ അവർ തമ്മിലുള്ള മാനസികബന്ധത്തിലൂടെ നിഴലിക്കുന്നു-
“There is nothing more admirable than when two people who see eye to eye keep house as man and wife, confounding their enemies and delighting their friends.”
ഒഡീസിയസിന്റെ മകൻ ടെലിമാക്കസ് (Telemachus) അച്ഛനെ തിരക്കി ഇറങ്ങുന്നതും, കൊട്ടാരം കയ്യടക്കാൻ നോക്കുന്ന പ്രഭുക്കന്മാരുടെ അനീതിക്കെതിരെ പോരാടാൻ ശ്രമിക്കുന്നതും ഒരര്‍ഥത്തില്‍ സിനിമയുടെ രണ്ടാം പകുതിക്ക് വേഗത കൂട്ടുന്നുണ്ട്.
അലച്ചിലുകളുടെ ആത്മീയതയും തിരിച്ചുവരവും
വർഷങ്ങൾ നീണ്ട അലച്ചിലുകൾക്ക് ശേഷം, സ്വന്തം നാടായ ഇഥാക്കയിൽ ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ ഒഡീസിയസ് തിരികെയെത്തുന്ന രംഗം സിനിമയില്‍ പ്രാധാന്യത്തോടെ ചിത്രീകരിച്ചിരിക്കുന്നു. യുദ്ധവും വേർപാടും നൽകിയ മുറിവുകൾ പേറുന്ന ആ നായകൻ തന്റെ ഹൃദയത്തോട് സംസാരിക്കുന്ന രംഗമുണ്ട്. ഹോമറിന്റെ പ്രസിദ്ധമായ വരികളെ ഓർമ്മിപ്പിക്കുന്ന രംഗമായിക്കാണാം-
“Be strong, saith my heart; I have seen worse sights than this.”
സ്വന്തം കൊട്ടാരത്തിൽ പരദേശിയെപ്പോലെ നിൽക്കേണ്ടി വരുമ്പോഴും, അവൻ ഉള്ളിലെ ക്രോധത്തെ അടക്കിനിർത്തുന്നു. പെനെലോപ്പിയുടെ വില്ലെടുത്ത് കുലയ്ക്കുന്ന ആ പ്രസിദ്ധമായ രംഗവും, തുടര്‍ന്നു നടക്കുന്ന ഏറ്റുമുട്ടലും തിയേറ്ററിനെ ചലനാത്മകമാക്കുന്നുണ്ട്. തീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു മനുഷ്യന് മാത്രമെ ശാന്തിയുടെ മൂല്യം മനസ്സിലാകൂ എന്ന് സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു.
“A man who has been through bitter experiences and travelled far enjoys even his sufferings after a time.” എന്ന് ഹോമര്‍ എഴുതുന്നു.
ദൃശ്യഭാഷയും സംഗീതവും
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്തായി കാണാവുന്നത് അതിന്റെ ‘വിഷ്വൽ ക്രാഫ്റ്റ്’ (Visual Craft) തന്നെ ആണ്. കടൽ ഇവിടെ കേവലം ഒരു പശ്ചാത്തലമല്ല, മറിച്ച് കഥയിലെ ഒരു ജീവനുള്ള കഥാപാത്രമായിത്തന്നെ അനുഭവപ്പെടുന്നു. ചിലപ്പോൾ ശാന്തമായും, മറ്റ് ചിലപ്പോൾ രക്തദാഹിയായ രാക്ഷസനെപ്പോലെയും പ്രത്യക്ഷമാകുകയാണ് ചിത്രത്തില്‍ സമുദ്രം.
സിര്‍സി (Circe), സൈറണുകൾ (Sirens), സൈല്ല-കരിബ്ഡിസ് (Scylla & Charybdis) തുടങ്ങി മിത്തോളജിയിലെ നിരവധി മാന്ത്രിക ഘടകങ്ങളെ കേവലം സി.ജി.ഐ (CGI) അഭ്യാസങ്ങളാക്കാതെ, ഒഡീസിയസിന്റെ മനസ്സിന്റെ പരീക്ഷണങ്ങളായി മാറ്റാൻ സംവിധായകന്‍ പരിശ്രമിച്ചിട്ടുണ്ട്. സൈറണുകളുടെ വശീകരിക്കുന്ന പാട്ട് കേൾക്കാൻ വേണ്ടി കപ്പൽമരത്തിൽ സ്വയം കെട്ടിയിടുന്ന ഒഡീസിയസിന്റെ രംഗം പ്രത്യേകം ഓര്‍ക്കാം. അതുപോലെ ഛായാഗ്രഹണത്തിന്റെ കാര്യത്തില്‍ (Cinematography) പുരാതന പെയിന്റിംഗുകളെ അനുസ്മരിപ്പിക്കുന്ന വെളിച്ചവും നിഴലും പ്രത്യേകം പ്രയോജനപ്പെടുത്തിയിട്ടുളളത് അനുഭവവേദ്യമാകും.

പശ്ചാത്തല സംഗീതവും ഗ്രീക്ക് പരമ്പരാഗത വാദ്യോപകരണങ്ങളും ആധുനിക ഓർക്കസ്ട്രയും സമന്വയിപ്പിച്ച് പ്രേക്ഷകനെ പുതിയ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. സിനിമയുടെ സാങ്കേതിക മികവുകളെക്കുറിച്ച് പറയുമ്പോള്‍, ഹോയ്റ്റെ വാൻ ഹോയ്റ്റെമയുടെ (Hoyte van Hoytema) ഛായാഗ്രഹണം ചിത്രത്തിന് നൽകുന്നത് വലിയ ദൃശ്യഭംഗിയാണ് എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ അമിതോപയോഗത്തിന് പകരം യഥാർത്ഥ സമുദ്രങ്ങളിലും കടൽത്തീരങ്ങളിലും ചിത്രീകരിച്ച യാത്രാരംഗങ്ങള്‍ പ്രേക്ഷകനെ കഥാപാത്രങ്ങൾക്കൊപ്പം ആടിയുലയുന്ന കപ്പലിൽ യാത്ര ചെയ്യുന്ന പ്രതീതി സൃഷ്ടിക്കുന്നു. ഐമാക്സ് 70mm ക്യാമറകൾ നൽകുന്ന വിശാലമായ അനുഭവം, പൗരാണിക ഗ്രീസിന്റെ ഗരിമയെ സ്ക്രീനിലേക്ക് ആവാഹിക്കുന്നത്, നിശ്ചയമായും, ഐമാക്സ് തിയേറ്ററില്‍ മാത്രം ലഭിക്കുന്ന അനുഭവമായിരിക്കും. അതുപോലെ, ലുഡ്‌വിഗ് ഗൊരാൻസണിന്റെ (Ludwig Göransson) സംഗീതം ചിത്രത്തിന്റെ സുപ്രധാന ഘടകമാകുന്നുണ്ട്.

പൗരാണിക വാദ്യോപകരണങ്ങളുടെയും ആധുനിക ഓർക്കസ്ട്രയുടെയും സമന്വയത്തിലൂടെ, ഒഡീസിയസിന്റെ ഓരോ യാത്രയിലും ആസന്നമായ അപകടത്തിന്റെ ഭീതി നിലനിർത്താൻ ഗൊരാൻസണ് സാധിക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. കടലിന്റെ ഇരമ്പലും സൈറണുകളുടെ (Sirens) കാതടപ്പിക്കുന്ന ശബ്ദവും എല്ലാം ശബ്ദരൂപകൽപ്പനയുടെ (Sound Design) മികവ് തെളിയിക്കുന്നു.
കഥാപാത്രങ്ങളുടെ മാനവിക മുഖവും വ്യതിയാനങ്ങളും
ഗ്രീക്ക് പുരാണങ്ങളിലെ ദൈവങ്ങളെക്കാളും മാന്ത്രിക ലോകങ്ങളെക്കാളും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്കാണ് നോളൻ പ്രാധാന്യം നൽകിയിരിക്കുന്നത് എന്ന് പറയേണ്ടി വരും. ഒഡീസിയസ് (മാറ്റ് ഡാമൺ) ഒരു അമാനുഷികനായ വീരനായകനായല്ല, മറിച്ച് യുദ്ധം തളർത്തിയ, വീട്ടിലെത്താൻ വെമ്പുന്ന ഒരു മനുഷ്യനായിത്തന്നെ പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. അതുപോലെ, പെനലോപ്പി (ആൻ ഹാതവേ) കേവലം, ഭര്‍ത്താവിനായി കാത്തിരിക്കുന്ന ഒരു ഭാര്യ മാത്രമായല്ല, ഇഥാക്കയിലെ രാഷ്ട്രീയ കുതന്ത്രങ്ങളെയും അപരിചിതരായ പ്രഭുക്കന്മാരെയും (Suitors) ബുദ്ധിപൂർവ്വം പ്രതിരോധിക്കുന്ന ശക്തയായ ഭരണാധികാരിയായി പെനലോപ്പി മാറുന്നു. ‘ഐനിഡ്’ (Aeneid) എന്ന കാവ്യത്തിൽ നിന്ന് ഈ കഥയിലേക്ക് നോളൻ ചേർത്തുവെച്ച സിനോൺ (എലിയറ്റ് പേജ്) എന്ന കഥാപാത്രം, ഒഡീസിയസിന്റെ വിശ്വസ്തനായ അനുചരനായി ശ്രദ്ദേയ പ്രകടനം കാഴ്ചവെക്കുന്നതും പ്രത്യേകം ഓര്‍ക്കാം.

അതേസമയം, ഏതൊരു വിജയിച്ച കലാസൃഷ്ടിയെയും പോലെ നോളന്റെ ‘ദി ഒഡീസി’യും ഒരിക്കലും വിമർശനാതീതമല്ല. പ്രത്യേകിച്ചും ഹോമറിന്റെ മൂലകൃതിയോട് താരതമ്യം ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ചില പരിമിതികള്‍ ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സിനിമയിലെ സംവിധായകന്റെ സ്വാതന്ത്ര്യം ചോദ്യം ചെയ്യാനാകാത്തതാണെന്ന വസ്തുത നിലനില്‍ക്കുമ്പോഴും ക്ലാസ്സിക്കുകളെ അടിസ്ഥാനമാക്കി രൂപപ്പെടുന്ന സൃഷ്ടികള്‍ക്ക് ചില അതിരുകള്‍ സ്വാഭാവികമായി വന്നു ചേരാം. ഹോമറിന്റെ കൃതിയിൽ ഒഡീസിയസ് വൈകാരികമായ പല തെറ്റുകളും വീഴ്ചകളും വരുത്തുന്ന ഒരു നായകനാണ്. കലിപ്സൊ (ചാർലിസ് തെറോൺ), സിർസി (മിയ ഗോത്ത്) എന്നീ സ്ത്രീകളുമായുളള സങ്കീർണ്ണമായ ബന്ധങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. എന്നാൽ സിനിമയിലെ ആധുനികമായ ആവിഷ്കാരത്തില്‍, അത്തരം ദൗര്‍ബല്യങ്ങള്‍ അല്ലെങ്കില്‍ വിശ്വാസരാഹിത്യങ്ങള്‍ ഒഴിവാക്കാനും, നായകനെ ഒരു സമ്പൂർണ്ണ സാത്വികനാക്കി മാറ്റാനും നോളൻ, ഒഡീസിയസിനെ പൂർണ്ണമായും പെനലോപ്പിയോട് മാത്രം വിശ്വസ്തത പുലര്‍ത്തുന്ന ഒരു ‘വിശുദ്ധ’ ഭർത്താവായി പുനരാവിഷ്കരിക്കുന്നതായി അനുഭവപ്പെടുന്നു. ഇത് ഒഡീസിയസ് എന്ന കഥാപാത്രത്തിന്റെ ബഹുമുഖമായ മാനങ്ങളും ദൗർബല്യങ്ങളും (flaws) ഒരു പരിധിവരെ വലിയ തോതില്‍ ലളിതവൽക്കരിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം പറയാതിരിക്കാനാകില്ല.
ഹോമറിന്റെ ഇതിഹാസത്തിൽ ഒളിമ്പസിലെ ദൈവങ്ങളായ പോസിഡൺ, സിയൂസ്, അഥീന എന്നിവരുടെ ഇടപെടലുകൾ വളരെ വലുതാണ്. എന്നാൽ നോളന്റെ റിയലിസ്റ്റിക് സമീപനം കാരണം ദൈവങ്ങളെ വലിയ രീതിയിൽ മാറ്റിനിർത്തുകയോ പ്രതീകാത്മകമായി മാത്രം കാണിക്കുകയോ ചെയ്തിരിക്കുന്നു. ഈ വസ്തുത സിനിമയുടെ കാഴ്ചയില്‍ ഒരു പ്രമുഖ ഘടകം കൂടിയാകുന്നുണ്ട് എന്നത് നമുക്ക് തിരിച്ചറിയാനാകും. അഥീനയായി എത്തുന്ന സെൻഡായയ്ക്ക് (Zendaya) കൃത്യമായ പ്രാധാന്യം ലഭിക്കുമ്പോഴും, പൗരാണിക ഗ്രീക്ക് കാവ്യങ്ങളിലെ ‘ദൈവികമായ ഇടപെടലുകളുടെ ആവേശം’ (Divine Drama) സിനിമയിൽ കുറെയൊക്കെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഒരേ സമയം സിനിമയുടെ ഗുണവും ദോഷവുമായി നിലകൊള്ളുന്ന ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളായി ഇക്കാര്യങ്ങളെ എണ്ണാം. സൈക്ലോപ്സിനെ (Cyclops-Polyphemes) കബളിപ്പിക്കാൻ ഒഡീസിയസ് നടത്തുന്ന “ഞാൻ ആരുമല്ല” (Nobody or Outis) എന്ന സുപ്രധാനവും കൗശലം നിറഞ്ഞതുമായ വാക്പോര് സിനിമയിൽ ഒഴിവാക്കിയതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

അതുപോലെ, ഒഡീസിയസിന്റെ തിരിച്ചുവരവിനു ശേഷം പെനലോപ്പി നടത്തുന്ന പ്രശസ്തമായ ‘കട്ടിൽ പരീക്ഷണം’ (The Bed Test) സിനിമയില്‍ ഇല്ലെന്നത്, അവസാന രംഗങ്ങളുടെ വൈകാരികമായ പൂർണ്ണതയ്ക്ക് മങ്ങലേല്പിക്കുന്നു എന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പോരായ്മകൾ നിലനിൽക്കെത്തന്നെ, ‘ദി ഒഡീസി’ എന്ന ചലച്ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സിനിമയുടെ സാങ്കേതികവും സർഗ്ഗാത്മകവുമായ മുന്നേറ്റത്തിന്റെ അടയാളമായി കണക്കാക്കപ്പെടും എന്നതില്‍ സന്ദേഹമില്ല. അതിന് പ്രധാന കാരണം ചരിത്രത്തിനെയും മിത്തിനെയും സയൻസ് ഫിക്ഷന്റെ കൃത്യതയോടെയും ദൃശ്യസമൃദ്ധിയോടെയും തിയേറ്ററിൽ എത്തിക്കാൻ ഏറെക്കുറെ നോളന് സാധിച്ചിരിക്കുന്നു എന്നത് തന്നെയാണ്. വീട്ടിലേക്ക് മടങ്ങിയെത്തുക എന്നത് കേവലം ഒരു യാത്രയല്ല, മറിച്ച് സ്വന്തം ഐഡന്റിറ്റി വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണെന്ന്, ചിത്രം നമ്മെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അതിനാൽത്തന്നെ, ക്രിസ്റ്റോഫർ നോളന്റെ ‘ദി ഒഡീസി’ വരുംദശകങ്ങളിൽ ചലച്ചിത്ര പഠനവിദ്യാർത്ഥികളും സിനിമാപ്രേമികളും ചർച്ച ചെയ്യുന്ന ഒരു വ്യത്യസ്ത ആവിഷ്കാരമായി നിലനില്‍ക്കുമെന്നു തന്നെ കണക്കാക്കാം.






REGHU,
I have the pleasure to be the first to comment on this magnum opus of a review 😊. For an epic like The Odyssey , you have given a very worthy review taking into account the background of the story, the amazing calibre of the actors, the time spam which as you rightly pointed becomes a character by itself, and finally the director CHRISTOPHER NOLAN , who along with DAVID FINCHER can take the credit to be among the top HOLLYWOOD DIRECTORS of the day, whose each work precedes 2 to 3 years of research. I am glad that you have mentioned The 2004 movie TROY produced by WOLFGANG PETERSON starring in the lead BRAD PITT as the indomitable ACHILLES
Matt Damon the main actor of this movie too has many creditable roles to his name, including the highly praised THE DEPARTED (2006)
You haven’t spoiled the review with unwanted adjectives; Indeed You have taken the time and effort to do justice to this – may I use the word again? – MAGNUM OPUS
Let me end my note with a small couplet from the GREAT ILIAD
“Men Are Haunted By The Vastness Of Eternity; So We Asl Ourselves, Will Our Actions Echo Across The Centuries: Will Strangers Hear Our Names Long After We Are Gone, And Wonder Who We Are , How Bravely We Bought, How Fiercely We Loved”
Thanks for your observations and words on my writing. Thanks for your time too. 🙏😊🌿
Thank you for a valid feedback.
You are most welcome 🤗
Superb Review – an invigorating read about a magnum opus/
Thanks for your valid feedback..! 🙏🥰🌿