ജനാധിപത്യവാദികളേ, “അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ ആദിവാസികള്‍ക്ക് സാധിക്കുന്നില്ലല്ലോ…”
തിരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്കെതിരെയും ജനാധിപത്യാവകാശങ്ങളുടെ ശോഷണത്തിനെതിരെയും യുവജനങ്ങളുടെ നേതൃത്വത്തിൽ വളർന്നുവരുന്ന പ്രക്ഷോഭം, രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ കൂടുതൽ വിശാലമായ ശക്തികളെ ഒരുമിപ്പിച്ചിരിക്കുകയാണ്.
എന്നാൽ, ഈ ഐക്യനിര വികസിച്ചുകൊണ്ടിരിക്കുമ്പോഴും ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരു അഭാവം നിലനിൽക്കുന്നു: ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ അസാന്നിധ്യം. ജനാധിപത്യാവകാശങ്ങൾക്കും അന്തസ്സിനും അതിജീവനത്തിനുമായി രാജ്യത്തെ ഏറ്റവും ദീർഘവും നിശ്ചയദാർഢ്യം നിറഞ്ഞതുമായ പോരാട്ടങ്ങളിൽ പലതും നയിച്ചവരാണ് ആദിവാസികൾ. എന്നിട്ടും, ജന്തർ മന്തറിലും മറ്റിടങ്ങളിലും ഇപ്പോൾ ശക്തിയാർജിക്കുന്ന പ്രക്ഷോഭവുമായി അവരുടെ പോരാട്ടങ്ങൾ എന്തുകൊണ്ടാണ് വലിയ തോതിൽ ബന്ധപ്പെടാതെ തുടരുന്നത്?
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ. സഹദേവൻ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ പങ്കാളിയായിക്കൊണ്ടുതന്നെ, പ്രക്ഷോഭത്തിനുള്ളിൽനിന്ന് ഈ അസ്വസ്ഥതയുണർത്തുന്ന, എന്നാൽ അനിവാര്യമായ ചോദ്യം ഉയർത്തുന്നു.

ഭരണഘടനാ നിർമാണസഭയിൽ ആദിവാസി നേതാവ് ജയ്പാൽ സിങ് മുണ്ട നടത്തിയ ചരിത്രപരമായ ഇടപെടലിനെ മുൻനിർത്തി, ഇന്ത്യയിലെ ജനസംഖ്യയുടെ ഏതാണ്ട് ഒമ്പത് ശതമാനം വരുന്ന ആദിവാസി സമൂഹങ്ങളുടെ പോരാട്ടങ്ങളെ അർഥവത്തായി ഉൾക്കൊള്ളാൻ ഇനിയും തയ്യാറായിട്ടില്ലാത്ത ഒരു ജനാധിപത്യ മുന്നേറ്റത്തിന്റെ വൈരുധ്യങ്ങളാണ് അദ്ദേഹം പരിശോധിക്കുന്നത്. ഈ ഉൾക്കാഴ്ചയാർന്ന ഇടപെടൽ വിമർശനം മാത്രമല്ല; പ്രക്ഷോഭത്തിനുള്ളിൽത്തന്നെ ആത്മപരിശോധന നടത്താനുള്ള ആഹ്വാനം കൂടിയാണ്.
ജനാധിപത്യവാദികള്‍ക്കിടയിലെ പുത്തനുണര്‍വ്വ് പ്രകടമായ രീതിയില്‍ തന്നെ കാണാന്‍ സാധിക്കുന്നുണ്ട് ഇന്ത്യയിലെമ്പാടും. വിദ്യാര്‍ത്ഥി-യുവജനങ്ങള്‍ കൊളുത്തിവിട്ട സമരജ്വാല, വിവിധങ്ങളായ സാമൂഹിക വിഭാഗങ്ങളിലേക്ക് അനുദിനം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നിരകളില്‍ അസാധാരണമായൊരു ഐക്യം രൂപപ്പെട്ടുവരുന്നു; കര്‍ഷക സംഘടനകള്‍ യുവജന മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു; അഭിഭാഷക വൃന്ദങ്ങള്‍, പ്രൊഫഷണലുകള്‍, ട്രേഡ് യൂണിയനുകള്‍, സാംസ്‌കാരിക നേതൃത്വങ്ങള്‍ എന്നിവരെല്ലാം ഈ പ്രക്ഷോഭത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.

വോട്ട് ചോരിക്കെതിരായും, ജനാധിപത്യ പുനഃസ്ഥാപനത്തിനും വേണ്ടിയുള്ള ഈ പ്രക്ഷോഭത്തെ അതിന്റെ തുടക്കം തൊട്ട് പിന്തുണക്കുകയും, രാജ്യ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സമരത്തില്‍ പ്രത്യക്ഷ പങ്കാളിയാകുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ ചില സന്ദേഹങ്ങള്‍, ആശങ്കകള്‍ ജനാധിപത്യത്തിനായി വാദിക്കുന്ന, പ്രക്ഷോഭത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതുണ്ടെന്ന് കരുതുന്നു.
തലസ്ഥാന നഗരിയിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭത്തില്‍ രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ അസാന്നിദ്ധ്യം വളരെ പ്രകടമായ രീതിയില്‍ തന്നെ കാണാവുന്നതാണ് എന്നത് വളരെ ദുഃഖകരമായ സംഗതിയാണ്.

എന്തുകൊണ്ട് ഈ അസാന്നിദ്ധ്യം എന്ന് ചിന്തിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. കാരണം, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 9 ശതമാനത്തിനടുത്തുവരുന്ന ഒരു ജന സമൂഹത്തെ മാറ്റി നിര്‍ത്തിക്കൊണ്ട്, അവരുടെ പ്രാതിനിധ്യമില്ലാതെ, നടക്കുന്ന പ്രക്ഷോഭം ജനാധിപത്യം എന്ന ആശയത്തിന് തന്നെ വിരുദ്ധമാണ് എന്ന് മുഖ്യധാരയിലും പാര്‍ശ്വങ്ങളിലും നില്‍ക്കുന്ന നമുക്ക് ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് ഈ പ്രക്ഷോഭത്തിന് ധാര്‍മ്മികമായ ഉന്നതി സാധ്യമാകുന്നത്.
ഇന്ത്യയിലെ ആദിവാസി ജനത നിലവിലെ ജനാധിപത്യപ്പോരാട്ടത്തില്‍ പങ്കാളികല്ലാത്തത് അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടോ, രാജ്യത്തെ സംഘപരിവാര്‍ ഭരണകൂടത്തില്‍ അവര്‍ക്ക് വിശ്വാസമുള്ളതുകൊണ്ടോ അല്ല, മറിച്ച്, ഇന്ത്യയിലെ ആദിവാസി കോറിഡോറുകളില്‍ അവര്‍ എത്രയോ കാലങ്ങളായി നിരന്തര പോരാട്ടങ്ങളിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

സ്വന്തം വംശത്തിന്റെ നിലനില്‍പ്പിനും, പിറന്ന മണ്ണും കാടും സംരക്ഷിക്കാനും ഉള്ള അവരുടെ പോരാട്ടം ദശകങ്ങളായി തുടരുകയാണ്. ഛത്തീസ്ഗഢില്‍, ഝാര്‍ഘമണ്ഡില്‍, ഒഡീഷയില്‍, ബീഹാറില്‍, മധ്യപ്രദേശില്‍, ഗുജറാത്തില്‍ ഒക്കെയും അവര്‍ പ്രക്ഷോഭത്തിലാണ്. ഈ പോരാട്ടത്തില്‍ അവര്‍ക്കെതിര്‍ നില്‍ക്കേണ്ടി വരുന്നത്, ഇപ്പോള്‍ ജനാധിപത്യത്തിനായി പോരാടുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളോടും കൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
നിലനിൽപ്പിനും പിറന്ന മണ്ണിനും വേണ്ടി പോരാടുന്ന ആദിവാസി സമൂഹത്തിൻ്റെ ജനാധിപത്യാവകാശങ്ങളെ വിസ്മരിച്ചു കൊണ്ട്, മാറ്റി നിർത്തിക്കൊണ്ട് നടത്തുന്ന ഏത് തരത്തിലുള്ള പ്രക്ഷോഭങ്ങളും ആന്തരികമായി ദുർബലമായിരിക്കും എന്നത് മനസ്സിലാക്കേണ്ട സന്ദർഭമാണിത്.
എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് , (1946, ഡി സമ്പർ 19) ഇന്ത്യയുടെ ഭരണഘടനാ സമിതി യോഗത്തിലെ ചർച്ചകളിൽ പങ്കെടുത്തു കൊണ്ട് ഝാർഘണ്ഡിൽ നിന്നുള്ള ആദിവാസി നേതാവും പാർലമെൻ്റേറിയനുമായ ജയ്പാൽ സിംഗ് മുണ്ട നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഏതാനും വരികൾ ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും:

”ഒരു കാടന്‍ എന്ന നിലയില്‍, ഒരു ആദിവാസി എന്ന നിലയില്‍ ഈ പ്രമേയത്തിന്റെ സങ്കീര്‍ണ്ണതകളെ മനസിലാക്കാന്‍ എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ എന്റെ സാമാന്യബുദ്ധി എന്നോട് പറയുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലൂടെ നമുക്ക് മുന്നേറുകയും ഒരുമിച്ച് നിന്ന് പോരാടുകയും വേണം. സര്‍, ഇന്ത്യയിലെ ഏതെങ്കിലും ഒരു വിഭാഗം ആളുകളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ ആളുകളോടാണ്. അവരെ അവമതിക്കുന്ന രീതിയില്‍ പെരുമാറി, കഴിഞ്ഞ 6000 വര്‍ഷങ്ങളായി അവരെ അവഗണിച്ചുകൊണ്ടിരിക്കുന്നു…. എന്റെ ജനങ്ങളുടെ ചരിത്രം, കുടിയേറി വന്നവരാല്‍ നയിക്കപ്പെട്ട കലാപങ്ങളുടെയും ക്രമരാഹിത്യങ്ങളുടെയും ഫലമായി നിരന്തരമായ ചൂഷണങ്ങള്‍ക്കും കുടിയിറക്കലിനും വിധേയമാക്കപ്പെട്ടതിന്റെ ചരിത്രമാണ്. എന്നിട്ടും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു. നമ്മളൊരു പുതിയ അദ്ധ്യായം കുറിക്കുകയാണെന്ന നിങ്ങളോരോരുത്തരുടെയും വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു. തുല്യാവസരങ്ങളുള്ള, ഒരാളും അവഗണിക്കപ്പെടാത്ത സ്വതന്ത്ര ഇന്ത്യ എന്ന പുതിയ അദ്ധ്യായം…”. (Constituent Assembly debate-Vol-1,; page-9)

ഭരണഘടന വാഗ്ദാനം നല്‍കുന്ന തുല്യാവസരവും തുല്യനീതിയും ഉറപ്പു വരുത്തുന്നതിനായി നിരന്തര സംഘർഷങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെ ഒന്നാകെ വിസ്മരിച്ചു കൊണ്ട്, മാറ്റി നിർത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാൻ സാധ്യമല്ല തന്നെ.
ജനാധിപത്യത്തെ സംബന്ധിച്ച സൂക്ഷ്മ ബോധ്യങ്ങളിലേക്ക് നമുക്ക് തന്നെയും ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.





