സുഗന്ധത്തിന് എന്തൊരു സുഗന്ധം
സൂഫിവര്യൻ ഹസ്രത്ത് ബഹാവുദ്ദീൻ സക്കരിയ്യ പന്ത്രണ്ടാം നൂറ്റാണ്ടിൽ പഞ്ചാബിലെ പുരാതന നഗരമായ മുൾട്ടാനിലെത്തിയതുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന ഹൃദയസ്പർശിയായ ഒരു കഥയുണ്ട്. മഹാപണ്ഡിതന്റെ സാന്നിധ്യം തങ്ങളുടെ സ്വാധീനത്തിന് ഇടിവ് സംഭവിക്കുമോ എന്ന് ശങ്കിച്ച പ്രദേശത്തെ ചില സമുദായപ്രമാണിമാർ സൂഫിവര്യന് വക്കോളം പാൽ നിറച്ച ഒരു പാത്രം അയച്ചുകൊടുത്തു. ‘ഇതിനകംതന്നെ നിറഞ്ഞിരിക്കുന്ന ഈ നാട്ടിൽ അങ്ങേയ്ക്ക് ഇടമില്ല’ എന്ന തിരസ്കരണസന്ദേശമായിരുന്നു അത്.
ഒരക്ഷരംപോലും ഉരിയാടാതെ, അദ്ദേഹം ഒരു മുല്ലപ്പൂവ് സൗമ്യമായി നുള്ളിയെടുത്ത് ആ പാൽപാത്രത്തിന് മുകളിൽ വെച്ചു. ഒരു തുള്ളിപോലും പുറത്തേക്ക് തുളുമ്പാതെ ആ പൂവ് പാലിന് മുകളിൽ പൊങ്ങിക്കിടന്നു; ഒപ്പം പാത്രം മുഴുവൻ സുഗന്ധം പരത്തുകയും ചെയ്തു. സൂഫിസം ഇന്ത്യയിലേക്ക് കടന്നുവന്നതിന്റെ അനശ്വരമായ രൂപകമായി ഈ കഥ മാറി: നിലവിലുണ്ടായിരുന്നതിനെ മാറ്റിസ്ഥാപിച്ചുകൊണ്ടല്ല, മറിച്ച് അതിന് മുകളിൽ ലഘുവായി ഒഴുകിനടന്നും ചുറ്റിനും സുഗന്ധം നൽകിയുമാണ് അത് പടർന്നത്.

മുസ്‌ലിം യുവജനങ്ങളിൽ ഭരണഘടനാസാക്ഷരത വളർത്താൻ ലക്ഷ്യമിട്ട് ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ (മാനു) ‘ബില്യൺ കണക്റ്റ്’ സംഘടിപ്പിച്ച ത്രിദിന ദേശീയ ശില്പശാലയിൽ പട്‌ന ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഫൈസാൻ മുസ്തഫ നടത്തിയ ആഹ്വാനമാണ് ഈ കഥ വീണ്ടും മനസ്സിലെത്തിച്ചത്.

‘‘സ്വന്തം പുറംതോടുകളിൽ ഒതുങ്ങിക്കൂടാതെ, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സാഹോദര്യബോധത്തോടെ മറ്റുള്ളവരുമായി ഇടപഴകി സഹപൗരരോടൊപ്പം സ്നേഹത്തോടെ ജീവിക്കുക’’ എന്ന പ്രഫ. ഫൈസാൻ മുസ്തഫയുടെ വാക്കുകൾ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം ഇരുൾ പരത്തുന്ന ഈ കാലഘട്ടത്തിലും സഹജീവിസ്നേഹം, നീതിബോധം, സാഹോദര്യം എന്നിവയ്ക്കായി നിലകൊള്ളുന്ന പണ്ഡിതർ അന്യംനിന്നുപോയിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഭരണഘടനാവിദഗ്ധനും കോളമിസ്റ്റുമായ പ്രഫ. മുസ്തഫ തന്റെ ആശയങ്ങൾ വിശദമാക്കാൻ പഴയ കഥകളെയോ വൈകാരികമായ ആഹ്വാനങ്ങളെയോ ആശ്രയിച്ചില്ല. പ്രവാചകനും പ്രബോധകരും പഠിപ്പിച്ച തത്വങ്ങളുടെ അന്തസ്സത്ത ഭരണഘടന എങ്ങനെ ഉൾക്കൊണ്ടിരിക്കുന്നു എന്ന് വിശദീകരിക്കാൻ അദ്ദേഹം വ്യക്തമായ ഭരണഘടനാഭാഷയാണുപയോഗിച്ചത്.
‘‘പൊതുസാക്ഷരതയെ ഭരണഘടനാസാക്ഷരതയുമായി തെറ്റിദ്ധരിക്കരുത്. എല്ലാ പൗരരും ജീവശാസ്ത്രമോ രസതന്ത്രമോ ഭൗതികശാസ്ത്രമോ മറ്റ് വിഷയങ്ങളോ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ നിങ്ങളുടെ നാട്ടിലെ നിയമം അറിയാതെ നിങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല. നിയമം അറിയുക എന്നത് നിലനിൽപ്പിന് അടിസ്ഥാനപരമാണ്,’’ വർത്തമാനകാല യാഥാർഥ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പ്രഫ. മുസ്തഫ പറഞ്ഞു. ‘‘ഭരണഘടന നിങ്ങൾക്ക് നൽകിയ എല്ലാ അവകാശങ്ങളും നിങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് കരുതരുത്. അവയ്ക്കായി നിങ്ങൾ പ്രയത്നിക്കുകയും പോരാടുകയും വേണം. ഭരണഘടന അറിയുന്നതിലൂടെയും വായിക്കുന്നതിലൂടെയും അതിന്റെ അന്തസ്സത്തയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നതിലൂടെയും മാത്രമേ നിങ്ങൾക്കത് സാധ്യമാവൂ.’’

ഹസ്രത്ത് ബഹാവുദ്ദീൻ സക്കരിയ്യയുടെ ജീവിതകാലം കഴിഞ്ഞ ഈ തൊള്ളായിരം വർഷത്തിനിടയിൽ ഉപഭൂഖണ്ഡം എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾക്ക് വിധേയമായി. അതിന്റെ ഭൂമിശാസ്ത്രം തിരിച്ചറിയാനാവാത്തവിധം മാറിമറിഞ്ഞു. മുൾട്ടാൻ ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ്, നൈസാമുമാരുടെ നഗരമായ ഹൈദരാബാദ് സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായി. എന്നാൽ ബഹുതല വൈവിധ്യവും ബഹുസ്വരതയും സഹവർത്തിത്വവും കൊണ്ട് സവിശേഷമായ ഭൂമിയുടെ ഈ ഭാഗത്ത് ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള മാർഗനിർദേശകതത്വങ്ങൾ ഇന്നും ഒന്നുതന്നെയാണ്: സ്നേഹത്തിലും സാഹോദര്യബോധത്തിലുമൂന്നി ജീവിക്കുക എന്നതാണത്.
ആഗോള സാങ്കേതിക ഭീമന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള സോഷ്യൽ മീഡിയ മനുഷ്യമനസ്സിനെയും ചിന്താരീതികളെയും എങ്ങനെ പുനർനിർമിക്കുന്നു എന്നതാണ് ഹൈദരാബാദിൽനിന്നുള്ള കോർപ്പറേറ്റ് പരിശീലകൻ സയ്യിദ് ഫക്രുദ്ദീൻ അഹ്‌മദ് വിശദീകരിച്ചത്. ഉപയോക്താവിനെ ഒരു സാങ്കൽപിക സൈബർ ലോകത്ത് തടവിലാക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഹാനികരമായ വിവരങ്ങളുടെ കൂമ്പാരത്തിൽനിന്ന് വിമുക്തി നേടുവാൻ അദ്ദേഹം വിദ്യാർഥികളോടും ഗവേഷകരോടും ആഹ്വാനം ചെയ്തു.
സ്നേഹത്തിന്റെ മരുന്നും സാഹോദര്യത്തിന്റെ ശക്തിയും
ഈ പരിപാടിയിൽ ഒരു പ്രഭാഷകനായി ഞാനും പങ്കെടുത്തിരുന്നു. എന്നെ ക്ഷണിക്കുമ്പോൾ, ശില്പശാലയുടെ ബുദ്ധികേന്ദ്രവും ‘ബില്യൺ കണക്റ്റ്’ ശില്പിയുമായ പ്രഫ. അഫ്രോസ് ആലം പറഞ്ഞു: ‘‘നിങ്ങളൊരു കഥാകാരനാണ്. അസ്തിത്വപ്രതിസന്ധി നേരിടുന്ന മുസ്‌ലിം യുവതയെ കൂടുതൽ ഉത്തരവാദിത്വവും ഊർജവുമുള്ള പൗരരായി പ്രവർത്തിക്കാൻ സജ്ജരാക്കുകയാണ് ഈ ശില്പശാലയുടെ ലക്ഷ്യം. നിങ്ങൾ സാധാരണ ചെയ്യാറുള്ളതുപോലെ കഥകളിലൂടെ നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുക.’’
ഞാൻ പറഞ്ഞ കഥകളുടെ മൂല്യം എത്രത്തോളമുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ഹൈദരാബാദ് വാസത്തിനിടയിൽ എനിക്ക് മനോഹരമായ നിരവധി കഥകൾ ശേഖരിക്കാൻ കഴിഞ്ഞു. ഭരണഘടനാശില്പി ഡോ. ബി. ആർ. അംബേദ്കറെക്കുറിച്ച് താൻ എഴുതിയ നിരവധി പുസ്തകങ്ങൾ മാനുവിലെ ഹിന്ദി പ്രഫസർ ഡോ. ജി. വി. രത്നാകർ എനിക്ക് സമ്മാനിച്ചു.

ഈ കോളത്തിന്റെ പരിമിതമായ സ്ഥലത്തിനുള്ളിൽ എല്ലാ പ്രഭാഷകരുടെ പേരുകളും അവരുടെ പ്രസംഗശകലങ്ങളും ഉൾക്കൊള്ളിക്കുക പ്രയാസമാണ്. എന്നാൽ മാനു വൈസ് ചാൻസലർ പ്രഫ. സയ്യിദ് ഐനുൽ ഹസന്റെ ശക്തമായ ഉദ്ഘാടന പ്രസംഗം മുതൽ, പ്രഫ. നാഗേശ്വർ റാവു, പ്രഫ. ബഹ്‌റുൽ ഇസ്‌ലാം, പ്രഫ. ഇഷ്തിയാഖ് അഹ്‌മദ്, മൻസൂർ ഹുസൈൻ, പ്രഫ. പി. എച്ച്. മുഹമ്മദ്, ആയിഷ മിൻഹാസ്, പ്രഫ. സയ്യിദ് നജിയുല്ല, ഡോ. മുസാഫർ ഹുസൈൻ, ഡോ. ആതിഫ് ഇമ്രാൻ, പ്രഫ. അമീന തഹ്സീൻ, ഡോ. ഷബാന ഫർഹീൻ എന്നിവരുൾപ്പെടെ എല്ലാ പ്രഭാഷകരുടെയും പ്രധാന സന്ദേശം ഒന്നുതന്നെയായിരുന്നു: സ്നേഹത്തോടെ ജീവിക്കുക, വിദ്വേഷവും അക്രമവും വെടിയുക, ‘‘നാം, ഇന്ത്യയിലെ ജനങ്ങൾ’’ എന്ന അന്തസ്സത്തയോടെ ഭരണഘടനയെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.

ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി പ്രഫ. മുഹമ്മദ് ഹബീബ് എന്റെ ആതിഥേയനായി. എഴുപതുകാരനായ തെലുഗു മാധ്യമപ്രവർത്തകൻ രാമമൂർത്തി എന്നെ ഗോൽക്കൊണ്ട കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാകതീയ അടിത്തറകളും ബഹ്മനി കൊത്തളങ്ങളും കുത്തുബ് ഷാഹി താഴികക്കുടങ്ങളും ഡെക്കാൻ സമന്വയസംസ്കാരത്തിന്റെ കാലാതീതമായ സ്മാരകമായി ലയിച്ചുചേർന്ന, കാലപ്പഴക്കം ചെന്ന ഇടനാഴികളിലൂടെ അദ്ദേഹം എന്നെ നയിച്ചു.
നമ്മുടെ ഉപഭൂഖണ്ഡത്തിൽ എപ്പോഴും മതഭ്രാന്തരുണ്ടായിട്ടുണ്ട്. എന്നാൽ നമ്മുടെ നാടോടിക്കഥകളുടെയോ ചരിത്രത്തിന്റെയോ അടിക്കുറിപ്പുകളിൽപോലും ഇടം കണ്ടെത്താൻ അവർക്ക് സാധിച്ചിട്ടില്ല. ഉദാഹരണത്തിന്, ബഹാവുദ്ദീൻ സക്കരിയ്യയ്ക്ക് പാൽ നിറച്ച പാത്രം അയച്ചുകൊടുത്തവരുടെ പേരുകൾ ഇന്ന് ആരും ഓർമിക്കുന്നില്ല. എന്നാൽ അവരുടെ തിരസ്കരണത്തിന്, സ്നേഹത്തിന്റെയും സമന്വയത്തിന്റെയും സന്ദേശത്താൽ മറുപടി നൽകിയ മഹാനുഭാവന്റെ സുഗന്ധം ഇന്നും പ്രചരിച്ചുകൊണ്ടേയിരിക്കുന്നു.

ഇന്ന്, അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന മതഭ്രാന്തന്മാരും മൗലികവാദികളും ന്യൂനപക്ഷങ്ങളെ ഉന്നമിടുന്നുണ്ട്. എന്നാൽ നമ്മുടെ ചരിത്രത്തിലേക്കും നാടോടിക്കഥകളിലേക്കും ആഴ്ന്നിറങ്ങുകയും, സമന്വയത്തിന്റെയും സ്നേഹത്തിന്റെയും പരസ്പരസൗഹാർദത്തിന്റെയും വിശാലമായ മൂല്യങ്ങളിൽ വേരൂന്നിയ ഭരണഘടനാതത്വങ്ങൾക്കും ആദർശങ്ങൾക്കും അനുസരിച്ച് ജീവിക്കുകയും ചെയ്താൽ, നിലവിലെ വിദ്വേഷത്തിന്റെയും അനൈക്യത്തിന്റെയും വേലിയേറ്റത്തെ അതിജീവിച്ച് നമുക്ക് കരകയറാൻ സാധിക്കും.
മാനുവിലെ ശില്പശാല നൽകുന്ന സന്ദേശം ലളിതമാണ്: എല്ലാവരെയും സ്നേഹിക്കുക, ഒരാളെപ്പോലും വെറുക്കാതിരിക്കുക.





