A Unique Multilingual Media Platform

Articles GenZ Kerala Law Politics Society

മുഖം നഷ്ടപ്പെട്ട ഇ.ഡിയും ഡൽഹി പോലീസും

  • October 21, 2026
  • 1 min read
മുഖം നഷ്ടപ്പെട്ട ഇ.ഡിയും ഡൽഹി പോലീസും

ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ടതും ‍യജമാനവൽക്കരിക്കപ്പെട്ടതുമായ അന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇ.‍ഡി.ഖജനാവിൽ നിന്നും ശമ്പളം പറ്റുമ്പോൾ കൂറ് വേണ്ടത് രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനയോടാണെന്ന വിചാരം തീരെയില്ലാത്ത കുറേയെണ്ണത്തിനെയാണ് രാജ്യം തീറ്റിപോറ്റുന്നത്.കാണിച്ചു കൂട്ടുന്നതെല്ലാം വേണ്ടാതീനങ്ങൾ.കേരളത്തിന്റെ പ്രതിപക്ഷനേതാവിന്റെ വീട്ടിൽ പോയി നോട്ടീസ് ഒട്ടിച്ചു എന്നൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾക്ക് അൽപ്പം രോമാഞ്ചമൊക്കെ ഉണ്ടാകുമെങ്കിലും ഇന്നാട്ടിലെ ജനാധിപത്യ സ്ഥാപനങ്ങൾ അവഹേളിക്കപ്പെടുന്നു എന്നത് കാണാതെ പോകരുത്.കേരളത്തിലെ ജനങ്ങൾ വോട്ടു നൽകി ജയിപ്പിച്ച നിയമസഭാംഗം ആണ് അദ്ദേഹം.നിയമസഭയിലെ പ്രതിപക്ഷ നേതാവ്.അദ്ദേഹം എവിടെയും ഒളിച്ചിരിക്കുകയല്ല.

ഇ.ഡീ റെയ്ഡ് സമയത്ത് പിണറായി വിജയൻറെ വസതിക്കു മുമ്പിലെ സുരക്ഷാ അംഗങ്ങൾ

കേരള പോലീസിന്റെ അംഗരക്ഷകർ ചുറ്റുമുണ്ട് താനും.പ്രതിപക്ഷ നേതാവിന്റെ പരിപാടി അറിയാൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഫോൺ വിളിച്ച് ചോദിച്ചാൽ മതിയാകും.ഇതൊന്നും ചെയ്യാതെ അദ്ദേഹം ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്ന വീടിന്റെ ചുമരിൽ സിനിമാ പോസ്റ്റർ പതിക്കുന്ന ലാഘവത്തോടെ നോട്ടീസ് ഒട്ടിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.ജനാധിപത്യ സംവിധാനത്തിൽ പോലീസും അന്വേഷണ ഏജൻസികളും എത്തരത്തിൽ പ്രവർത്തിക്കണമെന്നതിന് കൃത്യമായ മാനുവലുകളുണ്ട്.ഇത് തെറ്റിച്ച് കാര്യങ്ങൾ നടത്തിയ ശേഷം കോടതിയിൽ മാപ്പു പറയുന്ന നാണംകെട്ട ശീലം ഉദ്യോഗസ്ഥവൃന്ദത്തിന് ഉണ്ടായിട്ടുണ്ട്.അടിമവേല ചെയ്ത് കുട്ടികളെ വളർത്തുന്ന ശീലം ഒരു ഫാഷനായി ഉദ്യോഗസ്ഥരിൽ പടരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണല്ലോ ഇന്റർനെറ്റ് വിലക്കിയ കേസിൽ സുപ്രീം കോടതിയിൽ പോയി കേന്ദ്ര കാബിനറ്റ് സെക്രട്ടറി നിരുപാധികം മാപ്പിരന്നത്.കേരളത്തിലെ ജനങ്ങൾ ഇത്തരം വിവരക്കേടുകൾക്ക് വലിയ പ്രാമുഖ്യം നൽകാത്തത് കൊണ്ടാണ് ഇ.ഡിയിലെ ഏമാന്മാർക്ക് കേരളത്തിൽ ഇതൊക്കെ സാധിക്കുന്നത്.പക്ഷേ സഹിക്കുന്നതിനും പരിധിയുണ്ട്.കഴിഞ്ഞ തവണ ഇ.ഡിയെ തടഞ്ഞ ആരും ഇപ്പോൾ ജയിലിൽ ഇല്ലെന്നോർക്കുന്നതും ഇ.ഡി ഉദ്യോഗസ്ഥന്മാർക്ക് ഗുണകരമായിരിക്കും.

ഡൽഹി പോലീസിന് ഇപ്പോൾ പോലീസ് ആര് യൂണിഫോമിൽ നിൽക്കുന്ന ഗുണ്ടകൾ ആര് എന്നത് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്.പോലീസുകാർക്ക് മര്യാദകേട് കാണിക്കാൻ മടിയുണ്ടായാൽ അതിനെ മറികടക്കാനാണ് ആർ.എസ്.എസ് ഗുണ്ടകൾ പോലീസ് വേഷത്തിൽ ഡൽഹി നിരത്തുകളിൽ അഴിഞ്ഞാടുന്നത്.സമാധാനപരമായി സമരം നടത്തണമെന്ന ആഹ്വാനം സമരത്തിൽ പങ്കെടുക്കുന്ന യുവത നിശബ്ദം ഉൾക്കൊള്ളുന്നത് കൊണ്ടാണ് ഈ വിളയാട്ടങ്ങൾ നടക്കുന്നതെന്ന് അമിത്ഷായും കൂട്ടരും മനസ്സിലാക്കണം.

ഡൽഹിയിൽ പ്രതിഷേധത്തിനായി കൂടിച്ചേർന്ന രാജ്യത്തെ യുവത

ഈ സമരപോരാളികൾ കാണിക്കുന്ന വിവേകത്തിന്റെ അപ്പകഷ്ണമാണ് ഡൽഹി പോലീസും അർദ്ധസൈനികരുമല്ലാം തിന്നുന്നത്.എതിർക്കാത്തവരെ നിങ്ങൾക്ക് എടുത്തെറിയാം.ഗാന്ധിയാണ് ശരിയെന്ന് പ്രതിപക്ഷത്തെ എല്ലാ കക്ഷികൾക്കും ബോധ്യമുള്ളത് കൊണ്ടാണ് അർദ്ധഫാസിസ്റ്റായ ഭരണകൂടം നിന്നു പോകുന്നത്.അവരുടെ ആ തിരിച്ചറിവിനെ അവരുടെ ദൗർബല്യമായി കാണരുത്.രണ്ടുലക്ഷം പേരെ കൂട്ടി രാഹുൽഗാന്ധിയും സംഘവും സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്തപ്പോൾ ഡൽഹി പോലീസ് കാഴ്ചക്കാരായി മാറിയത് ജീവനിൽ ഭയമുള്ളത് കൊണ്ട് തന്നെയാണ്.ഇന്ത്യയെന്ന ജനാധിപത്യ രാജ്യം വലിയ പരിക്കുകൾ കൂടാതെ നിലനിൽക്കുന്നത് ഇവിടത്തെ തെരഞ്ഞെടുപ്പ് സംവിധാനം ഉള്ളത് കൊണ്ടാണ്.അതിനെ അട്ടിമറിക്കാൻ സംഘപരിവാരത്തിന് ഒത്താശ ചെയ്യാൻ നികുതി പണം കൈപ്പറ്റുന്ന ഉദ്യോഗസ്ഥന് കഴിയുന്നുവെങ്കിൽ സാരമായ കുഴപ്പം രാഷ്ട്രശരീരത്തെ പിടികൂടാൻ തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.ഗ്യാനേഷ് കുമാർ പ്രത്യക്ഷത്തിൽ നാം കാണുന്ന ഒരു ഉദാഹരണം മാത്രമാണ്.ജമ്മുകാശ്മീരിൽ അവിടത്തുകാരായ ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പോകുന്ന ഐ.എ.എസുകാർ കൂട്ടമായ വ്യക്തിഹത്യ നടത്തുന്ന വിവരങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെ പോക്കെങ്കിൽ ഇവരെ തീറ്റിപ്പോറ്റുന്ന ജനങ്ങൾക്ക് മറ്റ് വഴികൾ ആലോചിക്കേണ്ടി വരും.വർഗ്ഗീയതയുടെ വിഷം പുരട്ടി സമൂഹത്തെ വിവിധ കള്ളികളിലാക്കി നിറുത്തി ഭരിക്കാമെന്ന് നരേന്ദ്രമോഡിയും കൂട്ടരും കണക്ക് കൂട്ടുന്നുണ്ടെങ്കിൽ ഇന്ത്യയുടെ വൈവിധ്യം അവർ വേണ്ട വിധം മനസ്സിലാക്കാത്തത് കൊണ്ടാണ്.

സംഘപരിവാരത്തിന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥരെ ഡൽഹി മുഖ്യമന്ത്രി രേഖാഗുപ്ത ഉപമിച്ചത് ഹനുമാനോടാണ്.വാലിൽ തീപിടിച്ചപ്പോഴാണ് ഹനുമാൻ ഉഷാറായതെന്നും അതു പോലെ ഹനുമാന്മാരായ ഉദ്യോഗസ്ഥരുടെ വാലിൽ തീപിടിച്ചാലേ അവർ വേണ്ടവിധത്തിൽ ജോലി ചെയ്യുവെന്നുമാണ് രേഖഗുപ്ത പരസ്യമായി പ്രസ്താവിച്ചത്.ഈ പരാമർശത്തിനെതിരെ ഡൽഹിയിലെ റോസ്അവന്യൂ കോടതിയിൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാർ മുമ്പാകെ കേസ് വന്നപ്പോൾ ഡൽഹി പോലീസ് അറിയച്ചത് മുഖ്യമന്ത്രി നല്ല അർത്ഥത്തിലാണ് അത്തരം ഒരു പരാമർശം നടത്തിയത് എന്നാണ്.

ഡൽഹി മുഖ്യമന്ത്രി രേഖാഗുപ്ത

കേസ് കൊടുത്ത രാം നിവാസ് ശർമ്മ പിൻവാങ്ങാൻ കൂട്ടാക്കാതെ തന്റെ ഭാഗം തെളിവുകൾ നിരത്തി വാദിച്ചതിനെ തുടർന്ന് ആക്ഷൻ ടേക്കൺ റിപ്പോർട്ട് നൽകാൻ പറഞ്ഞിരിക്കുകയാണ് കോടതി.ഹനുമാനെന്നല്ല സിംഹവാലൻ കുരങ്ങുകൾ എന്നു വിളിച്ചാലും വിളികേൾക്കുന്ന തരത്തിലേക്ക് ഡൽഹിയിലെ ഉദ്യോഗസ്ഥവൃന്ദവും ഡൽഹി പോലീസും മാറിയിരിക്കുന്നു.ഡൽഹി പോലീസിൽ ജോലിയാണെന്ന് കേട്ടാൽ ജീവിതപങ്കാളിയെ ലഭിക്കാത്ത അവസ്ഥയാണെന്ന ക്രൂരമായ തമാശയും രാജ്യത്ത് അലയടിക്കുന്നുണ്ട്.ആവശ്യമായ പരിശീലനം ലഭിച്ച് പോലീസ് ജോലി ചെയ്യുന്നവർ സ്വന്തം അഭിമാനം പണയപ്പെടുത്തുന്ന രീതിയിലേക്ക് താഴ്ന്നു പോകുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ്?അവരെ ഇത്തരത്തിൽ ഗതികെട്ടവരാക്കിയതിന്റെ ഉത്തരവാദിത്വം രാജ്യം ഭരിക്കുന്നവർക്കല്ലേ?ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാനുള്ള ആർജ്ജവമുള്ളവരല്ല രാജ്യത്തെ താൽക്കാലിക ഭരണാധികാരികളെന്ന് അറിയാഞ്ഞിട്ടല്ല ചോദിച്ചു പോയത്.

വളരെ ഗൗരവതരമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു ഗവർണ്ണർ നിയമനം കൂടി കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ട്.മുതിർന്ന ബി.ജെ.പി നേതാവ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണ്ണറായി നടത്തിയ നിയമനമാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.2022ൽ അങ്കിത ഭണ്ഡാരിയെന്ന ഹോട്ടൽ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയാണ് ഈ ഭണ്ഡാരി.പത്തൊമ്പതുകാരിയായ ഭണ്ഡാരി ഉത്തരാഖണ്ഡിലെ വനതാര റിസോർട്ടിൽ റിസപ്ഷനിസ്റ്റിന്റെ ജോലി ചെയ്തു വരുമ്പോഴാണ് ഭണ്ഡാരിയുടെ മോഹത്തിന് അങ്കിത വഴങ്ങാത്തത്.ഇതിൽ അരിശം പൂണ്ട റിസോർട്ട് ഉടമ പുൽകിത് ആര്യയും രണ്ട് ജോലിക്കാരും കൂടിയാണ് അങ്കിതയെ വകവരുത്തിയത്.ഇവരിപ്പോൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.രാഷ്ട്രീയ സംരക്ഷണം ലഭിച്ചതിനാൽ ഭണ്ഡാരി കേസിൽ നിന്നും തലയൂരി.ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് കണ്ടുകൊണ്ടാണ് ഇയാളെ ഗവർണ്ണറായി നിയമിച്ചിരിക്കുന്നത്.പക്ഷേ ഇത് പുലിവാലാകുമെന്ന് ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാക്കൾ തന്നെ പറയുന്നുണ്ട്.തങ്ങളുടെ മകളുടെ കൊലപാതകത്തിന് കാരണക്കാരനായ വ്യക്തിയെ ഗവർണ്ണറാക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച അങ്കിതയുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്ത് നീക്കികൊണ്ടാണ് ഭരണകൂടത്തോടുള്ള തങ്ങളുടെ ആശ്രിതത്വം ഡൽഹി പോലീസ് ആവർത്തിച്ച് ഉറപ്പിച്ചത്.

ദുഷ്യന്ത് ഗൗതം സിക്കിം ഗവർണ്ണറായി സത്യപ്രതിജ്ഞ ചെയ്യുന്നു

നേഹാബോറെയേയും ഐഷിഘോഷിനേയും സമരത്തിന്റെ മുൻനിരയിലേക്ക് രാഹുൽഗാന്ധി കൊണ്ടു വന്നെന്നും എൻ.എസ്.യുക്കാരെ മുഖവിലയ്ക്ക് എടുത്തില്ലെന്നും ഒരു പരാതി കോൺഗ്രസ് കേന്ദ്ര ഓഫീസിലേക്ക് എത്തിയിട്ടുണ്ട്.ഈ പറഞ്ഞ രണ്ടു പേരും ഒരു സുപ്രഭാതത്തിൽ സമരമുഖത്തേക്ക് കടന്നു വന്നവരല്ല.രാഹുൽ ഗാന്ധി കൊണ്ടു വന്നവരുമല്ല.രാജ്യം മുഴുവനും നടന്ന് പോലീസിന്റെ അടി കൊണ്ടാണ് ഇവർ ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകങ്ങളായത്.ഡൽഹിയിലെ ഒരു എൻ.എസ്.യുക്കാരനും ഇവരുടെ അത്രയും പീഢനങ്ങൾ ഏറ്റു വാങ്ങിയിട്ടില്ലെന്ന് രാഹുൽ ഗാന്ധിയ്ക്ക് അറിയാം.

നേഹ ബോറ, മറ്റ് വിദ്യാർത്ഥികൾ രാഹുൽ ഗാന്ധിക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുന്നു

മാത്രമല്ല ഇപ്പോഴത്തെ ചുറ്റുപാടിൽ ഇവരെ മുൻ നിരയിൽ കൊണ്ടു വരേണ്ടത് കോൺഗ്രസ്സിന്റെ രാഷ്ട്രീയാവശ്യവുമാണ്.പിന്നിൽ നിന്നും കുത്തി ഡി.എം.കെ അകറ്റിയ കോൺഗ്രസ്സിന് ഇന്ത്യാ സഖ്യത്തെ നിലനിറുത്തണമെങ്കിൽ നേഹയും ഐഷിയും മമതയും അഭിജിത്കെയും ആവശ്യമാണ്.ഈ ബോധ്യം വിശാലാർത്ഥത്തിൽ നല്ലതുമാണ്.രാജ്യതാൽപര്യം കാണാൻ ജവഹർലാലിന്റെ പിൻമുറക്കാരന് കഴിയും.കഴിയണം.അവിടെയാണ് ജനാധിപത്യം അതിന്റെ അർത്ഥസാക്ഷാത്കാരം നേടുന്നത്.

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x