A Unique Multilingual Media Platform

Articles Caste History Kerala Society

വര്‍ഗ്ഗീയതക്കും ജാതീയതക്കുമെതിരായ സാംസ്കാരിക ഉപരോധത്തിന്‌ ഒരു മാനിഫെസ്റ്റോ

  • September 5, 2026
  • 1 min read
വര്‍ഗ്ഗീയതക്കും ജാതീയതക്കുമെതിരായ സാംസ്കാരിക ഉപരോധത്തിന്‌ ഒരു മാനിഫെസ്റ്റോ

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെയും ജാതിവിരുദ്ധ സമരങ്ങളെയും വർഗബന്ധങ്ങളെയും ആധുനിക കേരളത്തിന്റെ രൂപീകരണത്തെയും കുറിച്ചുള്ള പഠനങ്ങളും അവയെ ആസ്പദമാക്കിയുള്ള സാമൂഹിക രാഷ്ട്രീയ പ്രായോഗിക പദ്ധതികളും എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് വിശകലനം ചെയ്യുകയാണ് മാർക്സിസ്റ്റ് ചിന്തകനായ പ്രൊഫസർ എം എം നാരായണൻ ഇവിടെ. കേരളീയ സമൂഹം ഇന്ന് നേരിടുന്ന പുതിയ വൈരുധ്യങ്ങളെ മനസ്സിലാക്കാൻ, ആ ചരിത്രത്തെ വീണ്ടും മാർക്സിയൻ ഭൗതികവാദത്തിന്റെ വിമർശനാത്മക വെളിച്ചത്തിൽ പുനർവായിക്കേണ്ട ഘട്ടത്തിലാണ് നാമെന്ന് അദ്ദേഹം അടിവരയിരുന്നു.

 

വര്‍ഗ്ഗീയ- ജാതീയ വാദങ്ങളെ സാംസ്കാരികമായി ചുരുക്കി ചെറുക്കുന്നതെങ്ങിനെ എന്ന് ആരായുന്നതിനും അതിന്റെ സാധ്യതകളേയും സവിശേഷ രൂപങ്ങളേയും പരിഗണിക്കുന്നതിനും മുമ്പ്‌ ആ ദൗത്യ നിർവ്വഹാണർത്ഥം കേവലം സാംസ്‌കാരിക ഉപരോധം മാത്രം മതിയാവുകയില്ലെന്ന്‌ അറിയുന്നത്‌ നല്ലതാണ്‌.

ബ്രാഹ്മണീയമായ അധിനായകത്വ (Brahmanical Overlordship) ത്തിനെതിരെ ഒലിച്ചൊഴുകിയ സഹസ്രാബ്ധങ്ങളുടെ സമയദൈര്‍ഘ്യമുള്ള പ്രസ്ഥാനങ്ങളുടെ ചരിത്രം, കഴിഞ്ഞ നൂറ്റാണ്ടില്‍ കേരള തീരത്തെത്തുമ്പോള്‍, ജാതി, സാമൂഹ്യ ഘടനയിലോ സാമാന്യബോധത്തിലോ മാത്രം വേരിറിക്കി നില്‍ക്കുന്ന ഒന്നല്ലെന്നും അതിന്‌ സാമ്പത്തിക-രാഷ്ട്രീയ മാനം കൂടിയുണ്ടെന്നുമുള്ള വിചാരമാതൃകാപരമായ വ്യതിയാനം സൃഷ്ടിച്ചതും ഇ എം എസ്‌ മുന്നോട്ട്‌ വെച്ചതുമായ സൈദ്ധാന്തിക സങ്കല്‍പനം (ജാതി-ജന്മി-നാടുവാഴി’ )ഈ നാടിന്റെ പില്‍ക്കാല യാത്രയിലുണ്ടാക്കിയ ഗതിഭേദം ചരിത്രപരമായി ചിന്തിക്കാന്‍ മറന്നുപോകുന്ന ഈ കാലത്തും” ഓര്‍ത്തുവെക്കേണ്ടതാണ്‌. ജാതീയതയേയും വര്‍ഗ്ഗീയതയേയും വര്‍ത്തമാന കാലത്തിന്റെ മൂര്‍ത്തമായ സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തിമാറ്റി അപഗ്രഥിക്കാനോ അറിയാനോ ആവില്ല. മതം ഒരു സാംസ്‌കാരിക സ്ഥാപനമാവുമ്പോള്‍ ജാതി, മുഖ്യമായും പ്രാക്‌ സാമൂഹ്യ ഘടനാസ്വരുപവും, ജാതീയതയും വര്‍ഗ്ഗീയതയും നവരാഷ്ട്രീയ പ്രത്യയശാസ്ത്ര രൂപങ്ങളുമാണ്‌.

മലബാറിലെ ഒരു കുടുംബം (പഴയകാല ചിത്രം)

ദിശാമാറ്റം ഭവിച്ച കേരള ചരിത്രത്തിന്റെ പാശ്ചാത്തലത്തില്‍ നമ്മുടെ കാലത്തെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ഘടനയുടെ ചിത്രം സൂക്ഷ്മ വിശകലനം ആവശ്യപ്പെടുന്നുണ്ട്‌. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ്‌ തന്നെ “എഫ്‌ എ സി ടി”യും സ്വാതന്ത്രാല്‍പരം കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡുമെല്ലാം ഉയര്‍ന്നുവന്നുവെങ്കിലും, ഇന്ത്യയുടെ മാനുഫാക്ചറിംഗ്‌ വ്യവസായ ഭൂപടത്തിന്‌ പുറത്ത്‌ തന്നെയാണ്‌ ഇന്നും കേരളം നില്‍ക്കുന്നത്‌.

ടാറ്റാ മോട്ടോഴ്‌സ്‌ പോലുള്ള സ്ഥാപനങ്ങള്‍ക്കും ഇവിടെ നിര്‍മ്മാണ യൂണിറ്റുകളില്ല. ഷോറൂമുകള്‍, വര്‍ക്ക്‌ ഷാപ്പുകള്‍, സ്പെയര്‍പാര്‍ട്ട്സ്‌ കടകളും മാത്രമേയുള്ളൂ. ചുരുക്കത്തില്‍ ഉല്പാദനപരമല്ല, ഉപഭോഗോന്മുഖമാണ്‌ നമ്മുടെ സമ്പത്‌ വ്യവസ്ഥ. നിര്‍മ്മാണ ശാലകള്‍ക്ക്‌ പകരം വ്യവസായ വത്കൃതമായ സേവനങ്ങളുടെ സമൂഹത്തിന്‌ “വ്യവസായാനന്തര സമൂഹം” എന്ന സംജ്ഞയാണ്‌ ഡാനിയല്‍ ബെല്‍ (The Coming of Post-Industrial Society) നല്‍കിയത്‌. ബെല്ലിന്റെ ഈ ആശയത്തോട്‌ ചേര്‍ന്ന്‌ നിന്നുകൊണ്ട്‌ ബോദ്രിലാർ (J. Baudrillard), “ഉല്പാദനാധിഷ്ഠിത വിചാരമാതൃക’ (അതായത്‌ മാര്‍ക്സിസം!) ആധുനിക സമൂഹത്തില്‍ അധികമധികം അപ്രായാഗികമായി കഴിഞ്ഞുവെന്ന്‌ വിധിക്കുന്നുമുണ്ട്‌. ഉല്പാദനാഷ്ഠിത വിചാരമാതൃക കാലാഹരണപ്പെട്ടുവെന്ന ഈ വാദങ്ങളെ അക്കാലത്ത്‌ തന്നെ അലക്സ്‌ കാലിനിക്കോസ്‌ (Against Post Modernism – A Marxist Critique) ചോദ്യം ചെയ്തിട്ടുണ്ട്‌. മാനുഫാക്ചറിംഗ്‌ വ്യവസായങ്ങളുടെ കാലം അസ്തമിച്ചുവെന്ന നിരീക്ഷണം അതിരുകടന്ന അതിശയോക്തിയാണെന്നും, പടിഞ്ഞാറന്‍ വികസിത രാജ്യങ്ങളില്‍ നിര്‍മ്മാണ വ്യവസായങ്ങള പിന്‍വാങ്ങിയെങ്കിലും, കിഴക്കന്‍ രാജ്യങ്ങളില്‍ അത്‌ മാറ്റി സ്ഥാപിക്കപ്പെട്ടതോടെ സംതുലനം നിലനില്‍ക്കുന്നുണ്ടെന്നും, ആഗോളതലത്തില്‍ മാനുഫാക്ചറിംഗ്‌ വ്യവസായങ്ങള്‍ക്ക്‌ തന്നെയാണ്‌ മുന്‍തൂക്കമെന്നും പറയുന്നുണ്ട്‌.

(പഴയകാല കേരള വസ്ത്രധാരണം; ബ്രിട്ടീഷ് കലാകാരന്റെ ഭാവനയിൽ) ‘Three religious mendicant couples’ (Painting, ca. 1830)

മാത്രമല്ല, വാക്വം ക്ലീനറും, വാഷിംഗ്‌ മെഷീനും, വീടുകളില്‍ വാങ്ങി വെക്കുമ്പോള്‍, അവയുടെ നിര്‍മ്മാണം പുഷ്ടിപ്പെടുകയും, വീട്ടു ജോലിക്കാരായ സേവനമേഖലയില പണിയെടുക്കുന്നവര്‍ക്കാണ്‌ തൊഴില്‍ നഷ്ടപ്പെടുന്നതെന്നും കാലിനിക്കോസ്‌ വാദിക്കുന്നു. ബസ്‌ യാത്രക്കാര്‍ കുറയുകയും കാര്‍ ഉപയോഗിക്കുന്നവര വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍, ഓട്ടോമൊബൈല്‍ ഇന്‍ഡസ്‌ട്രി വളരുകയും സേവന മേഖലയിലെ ട്രാന്‍സ്‌പോര്‍ട്ട്‌ വ്യവസായം തകരുകയും ചെയ്യുന്നതാണ്‌ അനുഭവമെന്നും പറഞ്ഞുകൊണ്ട്‌, ഡാനിയല്‍ ബെല്ലിന്റെയും ബോദ്രിലാറിന്റെയും നിരീക്ഷണങ്ങളെ കാലിനിക്കോസ്‌ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്‌.

മാര്‍ക്സിസ്റ്റ്‌ പരികല്പനകളും രീതിശാസ്‌ത്രവും ഉപയോഗിച്ച്‌ ഫ്രഡറിക്‌ ജെയിംസണ്‍, മുതലാളിത്വത്തിന്‌, കമ്പോളമുതലാളിത്തം, കുത്തക മുതലാളിത്തം, ബഹുരാഷ്ട്ര മുതലാളിത്തം അല്ലെങ്കില പില്‍ക്കാലമുതലാളിത്തം എന്നിങ്ങനെ മൂന്ന്‌ ഘട്ടങ്ങള്‍ ഉണ്ടെന്നും, പില്‍ക്കാലമുതലാളിത്തത്തിന്റെ കാലമാണ്‌ ഇതെന്നും, ആ പില്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തിയാണ്‌ ഉത്തരാധുനികത (Post Modernism or the Cultural Logic of Late Capitalism) എന്നും കൂടി പറഞ്ഞുവെക്കുന്നുണ്ട്‌. നമ്മുടെ ജാതിയും മതവും പ്രാക്‌-ആധുനികതയുടെ സാംസ്കാരിക സംവിധാനവും സാമൂഹ്യ ഘടനയുമാണെങ്കില്‍ ജാതീയതയും വര്‍ഗ്ഗീയതയും പില്‍ക്കാല മുതലാളിത്തത്തിന്റെ രാഷ്ട്രീയ പ്രത്യശാസ്‌ത്രങ്ങളാണ്‌.

കേരളത്തില്‍ കാറും, ഫ്രിഡ്ജും മറ്റും നിര്‍മ്മിക്കുന്നില്ലെങ്കിലും, അതെല്ലാം ആളുകള്‍ വലിയ തോതില്‍ വാങ്ങി ഉപയോഗിക്കുന്നുണ്ട്‌. പകരമായി ഇവിടെ സേവനങ്ങളും (വിദ്യാഭ്യാസം-ആരോഗ്യം-ടുറിസം) സംസ്കാരവും (മാധ്യമം, വിനോദം, വിശ്വാസം) വ്യവസായ വത്കരിക്കപ്പെടുന്നതാണ്‌ നാം കാണുന്നത്‌. നമ്മുടെ സേവന-സംസ്കാര-വ്യവസായങ്ങളിലാണ്‌ ബഹുരാഷ്ട്ര കുത്തകകളുടെ (MNC’s) മൂലധനം ഒഴുകിവരുന്നത്‌. മലയാളിയുടെ ഉപഭോഗശീലങ്ങളെ നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളായതുകൊണ്ടു തന്നെ നമ്മുടെ സാമ്പത്തിക-സാംസ്‌കാരിക ജീവിതത്തിന്റെ ഭരണം പില്ക്കാല മുതലാളിത്തം കയ്യടക്കി കഴിഞ്ഞിരിക്കുന്നു. അതുതന്നെയാണ്‌ ഇവിടെ ഉത്തരാധുനിക ചിന്തകള്‍ ഉയര്‍ന്നുവരാനുള്ള ഭൗതിക പരിസരമെന്നും തിരിച്ചറിയേണ്ടതുണ്ട്‌. കൃഷിക്കാരുടേയും തൊഴിലാളികളുടേയും ഉശിരന്‍ സമരങ്ങളുടെ ഉള്‍ച്ചൂടില്‍ വാര്‍ത്തെടുത്ത കേരളത്തില്‍ ഇന്ന്‌ തൊഴിലാളി സംഘടനകള്‍ക്ക്‌ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെടുകയും തൊഴിലാളികള്‍ എന്ന വര്‍ഗ്ഗം തന്നെ അദൃശ്യരാകുകയും ചെയ്തിരിക്കുന്നു. നമ്മുടെ ഈ സാമൂഹ്യ പരിണാമങ്ങളെ ചൂണ്ടിക്കാട്ടിയാണ്‌ വലതു പക്ഷ ചിന്തകര്‍ ബോദ്രിലാറിനെ കൂട്ടുപിടിച്ചത്‌. “ഉല്പാദന വിചാര മാതൃക’ (Production Paradigm) കേരളത്തിലും കാലാഹരബണപ്പെട്ടുവെന്ന്‌ ഘോഷിക്കുന്നു. രാഷ്ട്രീയ സംവാധങ്ങളില്‍ നിന്ന്‌ സാമ്പത്തിക പ്രശ്നങ്ങള പുറന്തള്ളപ്പെടുകയും ആ ശൂന്യതയില്‍, മതത്തിനെയും സംസ്‌കാരത്തിനെയും ദേശീയതയേയും വംശീയതയേയും ചൂഴ്ന്ന്‌ നില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഇടം പിടിക്കുകയും, അവ വ്യവസ്ഥാവിരുദ്ധമായ ജനശക്തിയെ വിഭജിക്കുകയും, നവ-ലിബറലിസത്തിന്റെ വ്യവസ്ഥയെ ഒന്നു സ്പര്‍ശിക്കുകപോലും ചെയ്യാതെ വെറുതെ വിടുകയും ചെയ്യുന്നു” (“The Crisis of Neo-liberalism”– Socialist Register–’26)

ഭൂപരിഷ്കരണവും വിദ്യാഭ്യാസവും പ്രവാസ ജീവിതവും സേവനമേഖലയുടെ വ്യവസായ വത്കരണവുമെല്ലാം ഒരു പുതിയ മധ്യവര്‍ഗ്ഗത്തിന്റെ ഉദയത്തിനും വ്യാപനത്തിനും വഴിതുറക്കുകയുണ്ടായി. സ്വയം മധ്യവര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെടുന്നവർ മാത്രമല്ല, മധ്യവര്‍ഗ്ഗ കാമനകളെ, ഭാവനകളെ, അഭിരുചികളെ, അഭിപ്രായങ്ങളെ, ആന്തരിക വത്കരിച്ചവര്‍ക്ക്‌ മങാഭൂരിപക്ഷമുള്ള നാടായി കേരളം മാറിയിട്ടുമുണ്ട്‌. “സമൂഹ’ത്തെ അവഗണിച്ചും “അഹത്തെ മാത്രം പരിഗണിച്ചും പുലരുന്ന ഈ ആത്മാനുരാഗികള്‍ ഉടന്‍ ഫലസിദ്ധി കാംക്ഷിക്കുന്നവരും ഒന്നിനുവേണ്ടിയും കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവരുമാണ്‌.

ജെറാർഡ് ഡുമെനിലും ഡൊമിനിക് ലെവിയും എഴുതിയ ‘Crisis Of Neoliberalism’ എന്ന പുസ്തകത്തിന്റെ കവർ

നാം പൊരുതിനേടിയ പൊതുമണ്ഡലത്തെ വ്യക്തിവത്കരിക്കുകയും, വശ്യശേഷിയുള്ള ഒരു നേതൃബിംബം നിര്‍മ്മിച്ചെടുക്കുകയും, അയാളുടെ ഭാര്യ, മക്കള്‍, ചെറുമക്കള്‍-തുടങ്ങിയവര്‍ തരാതരം പോലെ യഥാക്രമം ആ നേതൃവൈഭവത്തിന്റെ നേരവകാശികളായി തുടരുകയും, നേതാവിന്റെ സമുദായം ഒറ്റ യൂണിറ്റായി അയാള്‍ക്കുപിന്നില്‍ അണിനിരക്കുകയും, ഈ കാഴ്ചകള്‍ നിസ്സംഗം വീക്ഷിക്കുന്ന കാണികളായി, അരാഷ്ട്രീയ വത്കരിക്കപ്പെട്ട ജനങ്ങള്‍ മാറുകയും, അവരുടെ ചാഞ്ചാടുന്ന ചിത്തവൃത്തികള്‍ക്കൊത്ത്‌ വ്യത്യസ്ത കക്ഷികളും മുന്നണികളും ജയപരാജയങ്ങള്‍ മാറി മാറി ഏറ്റുവാങ്ങുകയും ചെയ്യുന്ന അയുക്തികവും നിരര്‍ത്ഥകവുമായ “പ്രഹസാഭാസ”മായി ജനാധിപത്യത്തിന്‍റെ ഉത്സവങ്ങള്‍ എന്ന്‌ ഉദ്ഘോഷിക്കപ്പെട്ട തെരഞ്ഞെടുപ്പു പ്രക്രിയയാകെ രൂപാന്തരപ്പെടുന്ന കേരളീയാനുഭവങ്ങളുടെ പിന്നിലും ഈ മധ്യവര്‍ഗ്ഗ ചേതനയുടെ കൈവിളയാട്ടമുണ്ട്‌. ജനവിരുദ്ധമായ ഭരണം മാറി ജനപക്ഷമായ ഭരണം വന്നതുകൊണ്ടുമാത്രം കാര്യമില്ല. കേവലം ഭരണമാറ്റം കൊണ്ട്‌, അല്ലെങ്കില്‍ ഭരണത്തുടര്‍ച്ചകൊണ്ടുമാര്രം പ്രതീക്ഷിക്കുന്ന ഗുണഫലങ്ങള്‍ സാധാരണ മനുഷ്യ ജീവിതത്തില്‍ പ്രതിഫലിക്കണമെന്നില്ല. ജനാധിപത്യത്തിന്‍റെ ജനനത്തിനെന്നപോലെ ഹനനത്തിനും മധ്യവര്‍ഗ്ഗത്തിന്‌ വലിയ പങ്കുണ്ട്‌. അതുകൊണ്ട്‌ ഈ മധ്യവര്‍ഗ്ഗ ബോധം അട്ടിമറിക്കാതെ ഒരു ജനകീയ ജനാധിപത്യ ജീവിതത്തിനുള്ള അവസരമോ അവകാശമോ ലഭിക്കുമെന്ന്‌ കരുതാന്‍ ഒരുവഴിയും കാണുന്നില്ല.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് ശേഷം മാധ്യമങ്ങളെ കാണുന്ന ഐക്യ ജനാധിപത്യം മുന്നണി (UDF) നേതാക്കൾ

അപൂർവ്വവും ദശകദീര്‍ഘവുമായ ഇടതുപക്ഷ ഭരണത്തിനിവിടെ തുടർച്ചയില്ലാതെ ഇടര്‍ച്ചവരാനിടയായത്‌, പ്രബലമായ മധ്യവര്‍ഗ്ഗ ബോധത്തിന്റെ സ്ഥാനത്ത്‌ നാമ്പെടുക്കാന്‍ തുടങ്ങിയ കീഴ്തട്ടിലെ ജനാവബോധത്തെ ഉയര്‍ത്തികൊണ്ടുവരാനാവാത്തതിന്റെ ദുരന്തമായിരുന്നു. അധികാരത്തിന്‌ ഭരണപരവും പ്രത്യശാസ്ത്രപരവുമായ ഉപകരണങ്ങളുണ്ടല്ലോ. ഒരു ബൂർഷ്വോ പാര്‍ലമെന്ററി വ്യവസ്ഥയില്‍ മേല്‍പറഞ്ഞ ഉപകരണങ്ങളുടെ ഉള്ളടക്കം ജനവിരുദ്ധമാകാതെ തരമില്ല. അതിനകത്ത്‌ എങ്ങനെ, എത്രത്തോളം, ജനപക്ഷ താത്പര്യങ്ങളെ ഒളിച്ചു കടത്താന്‍ ആകുമെന്ന പരീക്ഷണമാണ്‌ ഭരണം കൈവരുമ്പോള്‍ ഇടതുപക്ഷം നേരിടുന്നത്‌. ആ പരീക്ഷണത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം ചിലപ്പോള്‍ ഗംഭീരമായ വിജയം വരിക്കുകയും പലപ്പോഴും ദയനീയമായ പരാജയങ്ങള്‍ രുചിക്കുകയും ചെയ്തിട്ടുണ്ട്‌. കഴിഞ്ഞ പത്ത്‌ കൊല്ലം ഇടതുപക്ഷം നയിച്ച കേരള ഭരണത്തിനും ഗുണവും ദോഷവുമുണ്ടായിരുന്നു. അതിന്റെ ബാലന്‍സ്‌ ഷീറ്റില്‍ ധനവശമെന്നപോലെ ൠണഭാഗവുമുണ്ട്‌. ഭരണോപകരണത്തെ ആവുന്ന്രത വളച്ചെടുത്ത്‌ ജനപക്ഷം ചേര്‍ത്ത്‌ നിര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഒരു പരിധിവരെ ഫലിച്ചെങ്കിലും പ്രത്യയശാസ്ത്രോപകരണത്തെ മരുക്കിയെടുക്കാനൊരുമ്പെട്ടതിന്‌ ഒരു തെളിവും അവശേഷിപ്പിക്കാതെയാണ്‌ ആ ഭരണം അവസാനിച്ചത്‌. അധികാരത്തിന്‌ ഭരണോപകരണത്തിനപ്പുറം പ്രത്യയശാസ്ത്ര സംവിധാനത്തിനും നിയന്ത്രാണാധികാരമില്ലാതെ ഒരു വാഴ്ചക്കും ദീര്‍ഘായുസ്സുണ്ടാവില്ലെന്ന അന്റോര്‍ണിയോ ഗ്രാംഷിയുടെ വിഖ്യാതമായ നിരീക്ഷണം കേരള രാഷ്ട്രീയത്തിലെ ഈ സമീപകാലാനുഭവങ്ങളിലേക്കും വെളിച്ചം വീഴ്ത്തുന്നുണ്ട്‌.

വിദ്യാഭ്യാസം ഏത്‌ കാലത്തും അധികാരത്തിന്‌ ജനസമ്മിതി നിര്‍മ്മിച്ചെടുക്കാന്‍ കഴിവുള്ള അതിവിപുലമായ സംവിധാനമാണ്‌. സ്‌കൂളുകള്‍ക്ക്‌ നല്ല കെട്ടിടങ്ങള്‍, സ്മാര്‍ട്ട്‌ ക്ലാസ്‌ റൂമുകള്‍, ലാബുകള്‍, ലൈബ്രറികള്‍, കളിസ്ഥലങ്ങള്‍-ഇവയെല്ലാം ഉണ്ടാക്കുന്നതിന്‌ കഴിഞ്ഞെങ്കിലും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിന്‌ മൗലികമായ ഒരു മാറ്റവും സംഭവിച്ചില്ല. പാഠ്യപദ്ധതിയും, പഠനരീതിയും, അധ്യാപന ശൈലിയും പരീക്ഷാസമ്പ്രദായവും ഏറെക്കുറെ പഴയപോലെ തുടര്‍ന്നു. ഉല്പാദനം യന്ത്രവത്കരണത്തിനും നവം നവങ്ങളായ സാങ്കേതിക വിദ്യകളുമായി വിളക്കിചേര്‍ക്കുന്നതിനും കഴിഞ്ഞാല്‍ ഉല്പാദന ക്ഷമത വര്‍ദ്ധിക്കുമെന്നും ഉല്പാദനം വര്‍ദ്ധിക്കുമെന്നും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്‌.

എന്നാല്‍ തത്ഫലമായി പെരുകുന്ന തൊഴിലില്ലായ്മയും, പണിയില്ലാതെ പട്ടിണിക്കാരാകുന്നവരുടെ പുനരധിവാസവും കൂടി പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഇടത്പക്ഷം ഭരിക്കുമ്പോഴും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ മറന്നുപോയെങ്കില്‍ അത്‌ കേവലം തിരുത്താവുന്ന തെറ്റ്‌ മാതമല്ല, മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം തന്നെയാണ്‌. സ്‌കൂള്‍ വിദ്യാഭ്യാസം ഇങ്ങനെയെങ്കില്‍ സര്‍വ്വകലാശാലകളും, അക്കാദമികളും, പബ്ലിഷിംഗ്‌ ഹൗസുകളും, പി ആര്‍ ഡി നിയന്ത്രിക്കുന്ന അച്ചടി, ദൃശ്യമാധ്യമങ്ങളും എല്ലാം ചെയ്ത്‌ കൂട്ടിയത്‌ എന്തൊക്കെ, എങ്ങനെയൊക്കെ എന്ന്‌ ഊഹിക്കാവുന്നതേ ഉള്ളൂ. ഓദ്യോഗിക സംവിധാനങ്ങള്‍ ഇങ്ങനെയെങ്കില്‍ അനൗദ്യോഗികവും അനൗപചാരികവും പൗരസമൂഹത്തിനകത്ത്‌ പുലരുന്നതുമായ കുടുംബഘടനയിലും, വിശ്വാസ പദ്ധതികളിലും, ആചാരക്രമങ്ങളിലും, കൈവെക്കാന്‍ കഴിയാത്തത്‌ ഒരത്ഭുതമേയല്ലാ. ആണ്‍ കോയ്മയുടെ പ്രത്യക്ഷമായ കുടുംബവ്യവസ്ഥ പുരുഷാധിപത്യമൂല്യങ്ങളുടെ പുനരുത്പാദന കേന്ദ്രങ്ങള്‍കൂടിയാണ്‌. മലയാളിയെ ഭരിക്കുന്ന മധ്യവര്‍ഗ്ഗ ബോധത്തിന്റെ ഇത്തരം ഈറ്റുമുറികളേയും ഊട്ടുപുരകളേയും അലോസരപ്പെടുത്താതെയാണ്‌ ഇടതുപക്ഷ ഭരണവും മുന്നോട്ട്‌ പോയത്‌. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സ്വഭാവം തുറന്നുകാട്ടുകയും അഭാവം നികത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്‌ പകരം, ജനകീയ കലാസാഹിത്യ ശാസ്ത്ര വേദികളും ഗ്രന്ഥശാലകളും മറ്റും അധികാരത്തിന്റെ അനുബന്ധമായി സ്വന്തമായ വീടും വിലാസവുമില്ലാതെ കൂടുകയായിരുന്നു.

കേരളത്തിൻ്റെ സാമ്പത്തിക സൂചകങ്ങൾ (2014 മുതൽ 2021വരെ)

സ്വാതന്ത്രോദയത്തിന്‌ മുമ്പ്‌, ഇവിടെ പുഷ്കലമായിരുന്ന പുരോഗമന സാഹിത്യ കലാ പ്രസ്ഥാനങ്ങള്‍ക്ക്‌ സ്വാതന്ത്ര്യസമരവുമായും കര്‍ഷകരുടെയും തൊഴിലാളികളുടേയും തീക്ഷ്ണമായ വര്‍ഗ്ഗ സമരങ്ങളുമായും രക്തബന്ധമുണ്ടായിരുന്നു. അന്ന്‌ മലയാള ഭാവനയിലും ഭാവുകത്വത്തിലും മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സങ്കല്‍പങ്ങളുടെ സപ്തവര്‍ണ്ണങ്ങളും ചേര്‍ന്ന സ്വപ്ന ചിത്രങ്ങളുണ്ടായിരുന്നു. എന്നാലിന്ന്‌ പോസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌, പോസ്റ്റ്‌ മോഡേണ്‍ ചിന്തകരായ ഫുക്കോയുടേയും എഡ്വേര്‍ഡ്‌ സെയ്തിന്റെയും മറ്റും ആശയാവലികളില്‍ അഭിരമിക്കുന്ന ബുദ്ധിജീവിതമാണ്‌ നമുക്കുള്ളത്‌. ചരിത്രത്തിന്റെ ചാലകശക്തി വര്‍ഗ്ഗസമരമാണെന്ന വാദം തന്നെയാണ്‌ വാശിയോടെ തിരസ്കരിക്കപ്പെടുന്നത്‌. മതമല്ല, വിശപ്പാണ്‌ മനുഷ്യന്റെ മൌലിക പ്രശ്നമെന്ന നിലപാട്‌, “വിശപ്പോ, അത്‌ കപ്പ പുഴുങ്ങിയാല്‍ തീരാവുന്നതല്ലേ ഉള്ളൂ” എന്ന്‌ ലഘൂകരിച്ച്‌ ചിലര്‍ പരിഹസിക്കുന്നു.

മനുഷ്യന്റെ പട്ടിണിമാറ്റുകയല്ല, അന്തസ്സേറ്റുകയാണ്‌ വേണ്ടതെന്നും അവര്‍ വാദിക്കുന്നു. അന്തസ്സ്‌ മനുഷ്യന്റെ വിശപ്പാറ്റില്ലെന്നും, അതിന്‌ “കപ്പയെങ്കിലും പുഴുങ്ങേണ്ടി”വരുമെന്നും, വിശപ്പില്‍ ദഹിക്കുന്നവര്‍ക്ക്‌ “അന്തസ്സ്‌” അനാവശ്യമായ ആഡംബരമാണെന്നും അറിയില്ലെന്ന്‌ നടിക്കുന്നവര്‍ ഏതോ വരേണ്യബോധത്തിന്റെ തടവറകളിലാണ്‌ ജീവപര്യന്തം പാര്‍ക്കുന്നത്‌. ഇടത്‌ പക്ഷം നശിക്കാതിരിക്കാന്‍ അവര്‍ ഇനി പ്രതിപക്ഷത്തിരിക്കണമെന്ന്‌, വലതുപക്ഷത്തിന്‌ ഭരണം ലഭിക്കാത്ത പക്ഷം തീവ്രവലതുപക്ഷം ശക്തിപ്പെടുമെന്നും, മൂക്കിനപ്പുറം കണ്ണെത്താത്ത ചിലര്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ തൊട്ട്‌ മുമ്പ്‌ കെട്ടിയിറക്കിയ വിതണ്ഡവാദങ്ങളും ഇവിടെ ഓര്‍ക്കാവുന്നതാണ്‌. പ്രശ്നങ്ങളുടേയും പ്രമേയങ്ങളുടേയും വര്‍ഗ്ഗപരമായ ഉള്ളടക്കം ചോര്‍ത്തിക്കളഞ്ഞ്‌ കേവലം സാംസ്കാരികമോ സാമുദായികമോ ആണ്‌ അവയെന്ന്‌ വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്‌ വലതുപക്ഷത്തിന്റെ സ്ഥിരം കലാപരിപാടിയാണ്‌!

സമീപകാലത്ത്‌ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണ മോഷണം, മുനമ്പം ഭൂപ്രശ്നം, എന്തിന്‌ കസ്റ്റംസുമായി ഒത്തുകളിച്ച്‌ വിമാനത്താവളത്തില്‍ നിന്ന്‌ കൌശലപൂര്‍വ്വം നിയമവിരുദ്ധമായി പുറത്തെത്തിക്കുന്ന സ്വര്‍ണ്ണം പോലീസ്‌ പിടിക്കാന്‍ തുടങ്ങിയപ്പോള്‍, അത്‌ സമുദായത്തിനെതിരായ അക്ഷന്തവ്യമായ അപരാതമാണെന്ന്‌ പറഞ്ഞുപരത്തി മലപ്പുറത്ത്‌ ആയിരങ്ങളെ അണിനിരത്തി സര്‍ക്കാര്‍ വിരുദ്ധ സമരം സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗിന്‌ ചര്‍മ്മബലം നല്‍കിയതും അവര്‍ കൊണ്ടുനടക്കുന്ന വര്‍ഗ്ഗീയ പ്രത്യയശാസ്ത്രം തന്നെയാണ്‌.

ലീഗിന്റെ ചിറികിനടിയിലും എസ്‌ എന്‍ ഡി പിയുടെ ചെലവിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപ്രതികളും ജ്വല്ലറികളും ടെക്സ്റ്റൈൽസ്‌ ഷോപ്പുകളും വന്‍കിട കരാറുകളും എല്ലാം ഉണ്ട്‌. വെള്ളാപ്പള്ളി-ലീഗ്‌ ദ്വന്ദയുദ്ധത്തിന്റെ പിന്നില്‍ ഈ “ബിസിനസ്‌ റൈവെല്‍റി” ആണ്‌ ഒളിച്ചു പാര്‍ക്കുന്നത്‌. അത്‌ യു ഡി എഫ്‌ എമ്മിട്ടില്‍ പ്രയോജനപ്പെടുത്തി എന്നത്‌ എല്ലാവര്‍ക്കുമറിയാം. മാത്രമല്ല, സംഘപരിവാർ വിരുദ്ധത വെള്ളാപ്പള്ളി വിരോധമായി ചുരിക്കിയെടുക്കുകയും, ലീഗ്‌ വിരോദം ന്യൂനപക്ഷ വിരോദമായി പെരുപ്പിക്കുകയും ചെയ്തതിന്റെ ഗുണം യു ഡി എഫിനും ബി ജെ പിക്കും തമ്മിലുള്ള ഗൂഡബാന്ധവത്തിന്‌ “എല്‍ ഡി എഫ്‌ – ബി ജെ പി ഡീല്‍’ എന്ന കപടാഖ്യാനം വന്‍ തോതില്‍ വിറ്റഴിക്കുന്നതിനും സഹായകരമാവുകയും ചെയ്തു.

സേവന വ്യവസായങ്ങളില്‍ നിക്ഷിപ്തമായ മൂലധന താല്‍പര്യങ്ങളുടേയും, വന്‍കിട വ്യാപാര സംരംഭങ്ങളില്‍ വിന്ന്യസ്തമായ വെളുപ്പും കറുപ്പുമായ പണത്തിന്റെ ലാഭാര്‍ത്തിയുടെയും രക്ഷാകവചമൊരുക്കുകയാണ്‌ ജാതീയതയും വര്‍ഗ്ഗീയതയും, അവയുടെ അടിത്തറയില്ലെങ്കില്‍ കാലിടറി വീഴുന്ന വലതുപക്ഷ രാഷ്ട്രീയവും ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ വലതുപക്ഷത്തിനെതിരായ രാഷ്ട്രീയവും, ജാതിയ-വര്‍ഗ്ഗീയ വിരുദ്ധ സാംസ്കാരിക പ്രവര്‍ത്തനവും, മേല്‍പറഞ്ഞ കേരളത്തിലെ സമ്പന്ന ശക്തികളുടെ ചൂഷണത്തിനെതിരായ വര്‍ഗ്ഗ സമരങ്ങളോട്‌ നെയ്തിണക്കാനാവണം. മത-സമുദായ സംഘടനകളുടെ മറപിടിച്ച്‌ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും മലയാളിയുടെ പ്രബുദ്ധതയുടെ മുഖത്ത്‌ കയറി നിരങ്ങും വിധം, കൊടിയ ചൂഷണമാണ്‌ രാപ്പകല്‍ ഭേദമില്ലാതെ നടക്കുന്നത്‌. സര്‍വ്വീസ്‌ സംഘടനകളോ, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോ, സംഘടിത തൊഴിലാളി യൂണിയനുകളോ പ്രവേശിക്കാത്ത “കന്യാവന’ങ്ങളായ പ്രസ്തുത കേന്ദ്രങ്ങളില്‍ കച്ചവടം തിരുതകൃതിയായി നടന്നുവരുന്നു. വിശന്നുമരിക്കാതെ പണിയെടുത്ത്‌ അന്തസ്സായി ജീവിക്കാനുള്ള പാവപ്പെട്ട മനുഷ്യന്റെ അവകാശം നേടിയെടുക്കാനുള്ള ദൈനംദിന സമരങ്ങള്‍ ഒരിക്കല്‍കൂടി ഇവിടെ സാമ്പത്തിക പുനര്‍വിതരണത്തിന്റെ കാര്യപരിപാടി പ്രായോഗികമാക്കുന്നതിനുള്ള രാഷ്ട്രീയ സമരമായി വികസിച്ചുവരുകയും വേണം.

സാമ്പത്തിക നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭം സംസ്‌കാരത്തിന്റെ അംഗീകാരത്തിനായുള്ള ജനമുന്നേറ്റവുമായി സമമ്പയിപ്പിക്കുമ്പോഴാണ്‌ സംസ്‌കാരത്തിന്റെ രാഷ്ട്രീയ വത്കരണവും സംഭവിക്കുന്നത്‌. “വന്ദേമാതരം” തീര്‍ത്തും അനുചിതമാംവിധം വള്ളിപുള്ളിവിടാതെ പാടിയിട്ടാണ്‌ ഇത്തവണ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ചരിത്രത്തില്‍ ഇടംപിടിച്ചത്‌. മുഖ്യമന്ത്രി തന്റെ ജാതിയെന്തെന്ന്‌ വിളംബരം ചെയ്യാന്‍ കാട്ടിയ കൌശലവും ശ്രദ്ധേയമായി. എന്നാല്‍ ലീഗ്‌ മന്ത്രിമാര്‍ പതിവുതെറ്റിച്ച്‌ തൊപ്പിവക്കാതെ നഗ്നശീര്‍ഷരായി, അല്ലാഹുവിന്റെ നാമത്തിലല്ല ദൈവ നാമത്തിലാണ്‌ വരി നിന്ന്‌ സത്യപ്രതിജ്ഞ ചെയ്തത്‌. ‘പള്ളിയും പടച്ചവനും” ഇല്ലാത്തവരെന്ന്‌ കേളികേട്ട കമ്യൂണിസ്റ്റുകാര്‍ നയിച്ച മന്ത്രിസഭയിസലാണ്‌ ആറ്‌ പതിറ്റാണ്ട്‌ മുമ്പ്‌ ആദ്യമായി ലീഗുകാര്‍ മന്ത്രിമാരായത്‌. അന്നവര്‍ തൊപ്പി ധരിച്ച്‌ അല്ലാഹുവിന്റെ നാമത്തിലാണ്‌ സത്യപ്രതിജ്ഞ ചെയ്തത്‌. തൊപ്പി മുസ്ലിം സ്വത്വത്തിന്റെ അനിവാര്യമായ അടയാളമൊന്നുമല്ല എന്നാല്‍ ഇസ്ലാം മതവിശ്വാസിക്ക്‌ അല്ലാഹുവും ദൈവവും ഒന്നാണെന്ന്‌ കരുതാനാവില്ല. ദൈവങ്ങള്‍ പലതുണ്ടെങ്കിലും അല്ലാഹു ഒന്നേയുള്ളൂ എന്ന തത്വം ഇസ്ലാം മതത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണമാണ്‌. “മതമാണ്‌ മതമാണ്‌ പ്രശ്‌നം” എന്ന്‌ ഉദ്ഘോഷിച്ച്‌ നടന്നവര്‍ മന്ത്രി സ്ഥാനത്തിന്‌ മുമ്പില്‍ മതത്തിന്റെ മൌലിക തത്വം പോലും മറന്നുപോയെങ്കില്‍ അതവരുടെ കാര്യം. എന്നാല്‍ വന്ദേമാതരം സമ്പൂര്‍ണ്ണമായി ചൊല്ലിയ, മുഖ്യമന്ത്രിപോലും സ്വന്തം ജാതിവാലുയര്‍ത്തിയ ഒരു വേദിയില്‍, മുസ്ലിം ലീഗിന്റെ മന്ത്രിമാര്‍ക്കുപോലും സ്വമത ചിഹ്നങ്ങളും വിശ്വാസ പ്രമാണങ്ങളും വെളിപ്പെടുത്താനാവാതെ വന്നത്‌ അവഗണിക്കാവുന്നതല്ല. സംഘപരിവാറിന്റെ കുന്തമുന നീളുന്നത്‌ മുഖ്യമായും രാജ്യത്തെ ഇസ്ലാംമത വിശ്വാസത്തിനും, മുസ്ലിംങ്ങളുടെ സവിശേഷ സംസ്‌കാരത്തിനുമെല്ലാം നേരെയാണല്ലോ. ന്യൂനപക്ഷങ്ങളായ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ആത്മാഭിമാനത്തോടെ ജീവിക്കുന്ന ഇടമായിരുന്നു ഇതുവരെ കേരളം. എന്നാല്‍ മുഖ്യമന്ത്രിയുടെ പുതുയുഗം ഏറെ ഇരുണ്ടതാകുമെന്ന ഇടതുപക്ഷ നിരീക്ഷണം സത്യമാണെന്ന്‌ തെളിയിക്കുന്ന ദൈനംദിന കാഴ്ചകളുടെ കേളികൊട്ടും തിരനോട്ടവുമായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞാക്കിടയില്‍ സംദൃശ്യമായത്‌. അതുകൊണ്ടുതന്നെ സംസ്‌കാരങ്ങളുടെ അംഗീകാരത്തിന്‌ വേണ്ടിയുള്ള സമരത്തിന്‌ പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു.

വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു

മലയാളിയുടെ കേളികേട്ട രാഷ്ട്രീയ പ്രബുദ്ധതയുടെ സ്ഥാനത്ത്‌ കയറിയിരിക്കുന്ന മധ്യവര്‍ഗ്ഗത്തിന്റെ അലസമായ അരാഷ്ട്രീയ ബോധമാണ്‌ ഇന്ന്‌ ഈ നാടിനെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത്‌. മധ്യവര്‍ഗ്ഗം അതിന്റെ മേല്‍കോയ്മ സ്ഥാപിച്ചെടുത്തത്‌ അധികാരവും സമ്പത്തും കൈവശമുള്ളതുകൊണ്ടല്ല. ചരിത്രപരമായ കാരണങ്ങളാല്‍ സ്വന്തപ്പെടുത്താന്‍ കഴിഞ്ഞ സാംസ്കാരിക മിച്ചത്തിന്റെ വൈഭവമാണ്‌ അതിനവരെ പ്രാപ്തരാക്കിയത്‌. ഈ സാംസ്കാരിക മിച്ചം, സാംസ്കാരിക മൂലധനമായി മാറുകയും, അത്‌ അതീശത്വത്തെ ഉല്‍പാദിപ്പിച്ചും പുനരുല്പാദിപ്പിച്ചും പുലരുകയും ചെയ്യുന്നു. മിച്ചഭൂമിക്ക്‌ വേണ്ടി സമരം ചെയ്തതുപോലെ, സാംസ്‌കാരിക മിച്ചം പിടിച്ചെടുച്ച്‌ പുനര്‍ വിതരണം ചെയ്യുവാനും സാംസ്‌കാരിക മൂലധനത്തിനുമേല്‍ സാമൂഹ്യ ഉടമാവകാശം സ്ഥാപിക്കാനുമുള്ള ഉജ്ജ്വലസമരങ്ങള്‍ ഉയര്‍ന്ന്‌ വരണം.

സാംസ്‌കാരിക മൂലധനം തിരസ്കരിക്കുകയല്ല, സ്വീകരിക്കുകയാണ്‌ കരണീയം. താജ്‌മഹല്‍ തല്ലിതകര്‍ക്കുന്നതും രാമായണം കത്തിക്കുന്നതുമാണ്‌ വിപ്ലവമെന്ന വിചാരധാര തികഞ്ഞ മൗഢ്യമാണ്. ജനകീയമായ കര്‍മ്മശേഷിയും സര്‍ഗ്ഗ ശക്തിയും സംയോജിച്ചപ്പോഴാണ്‌ താജ്‌ മഹല്‍ എന്ന പോലെ രാമായണവും സംഭവിച്ചത്‌. അതുകൊണ്ട്‌ സാംസ്കാരിക രംഗത്ത്‌ അഭികാമ്യം വിഗ്രഹ ഭജനമോ ഭംഞ്ജനമോ അല്ല. പാരമ്പര്യത്തിന്റെ വിഗ്രഹങ്ങളിലും ശില്പങ്ങളും മഹാ സ്തംഭങ്ങളിലും, പറ്റിപ്പിടിച്ച അഴുക്കും കരിയും കൈവിരല്‍പാടുകളും കഴുകിത്തുടച്ച്‌ പുനരുപയോഗ സജ്ജമാക്കുകയും കാലോചിതമായ വാസ്തു ശില്പരൂപങ്ങളെവാര്‍ത്തെടുക്കുകയുമാണ്‌ വേണ്ടത്‌.

About Author

പ്രൊഫ. എം.എം നാരായണൻ

മാർക്സിസ്റ്റ് ചിന്തകൻ, അദ്ധ്യാപകൻ, എഴുത്തുകാരൻ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x