ടോണി ഗാറ്റ്‌ലിഫ് – നിത്യ നാടോടി
രാജ്യാതിര്‍ത്തികളുടെ അപഹാസ്യത ബോധ്യപ്പെട്ട മഹാ നാടോടിയായിരുന്നു ടോണി ഗാറ്റ്‌ലിഫ്. നൊമാഡ് എന്നും റൊമാനി എന്നും വിളിക്കപ്പെടുന്ന നാടോടിവംശത്തില്‍ പെട്ട ചലച്ചിത്രകാരന്‍ ടോണി ഗാറ്റ്‌ലിഫ് ഭൂമിയുടെ നിയമങ്ങളോട് വിട പറഞ്ഞ് പ്രപഞ്ചത്തിന്റെ നാടോടിത്തത്തിലേയ്ക്ക് നിത്യ യാത്രയായി. അദ്ദേഹത്തിന്റെ പ്രസിദ്ധ സിനിമയായ ലാച്ചോ ഡ്രോം (1993) എന്ന വാക്കിന്റെ ആധുനികാര്‍ത്ഥമായ സുരക്ഷിത പ്രയാണം ഗാറ്റ്‌ലിഫിന് നേരാം.

നാടോടിത്തത്തിന്റെയും അഭയാര്‍ത്ഥിത്വത്തിന്റെയും പ്രവാസത്തിന്റെയും പറിച്ചെറിയലിന്റെയും ജന്മദേശ നഷ്ട/നിരാസ/ശൂന്യതയുടെയും ചലച്ചിത്രകാരനാണ് ടോണി ഗാറ്റ്‌ലിഫ്. റൊമാനി എന്നു വിളിക്കപ്പെടുന്ന നാടോടിയായ അമ്മയുടെയും മഗ്രിബ് പ്രദേശത്തെ ബെര്‍ബെര്‍ വംശത്തില്‍ പെട്ട അഛന്റെയും മകനായി ഗാറ്റ്‌ലിഫ്, അന്ന് ഫ്രഞ്ച് കോളനിയായിരുന്ന അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സിലാണ് ജനിച്ചത്. സ്വാതന്ത്ര്യത്തിനായി അള്‍ജീരിയ രക്തരൂഷിതമായ പ്രക്ഷോഭം നടത്തുന്നതിനിടെ 1960ല്‍ അദ്ദേഹം പാരീസിലെത്തി. പതിനഞ്ചു വര്‍ഷത്തോളം സിനിമാനിര്‍മാണ മേഖലയിലേക്ക് പ്രവേശനവും തേടി അദ്ദേഹം അലഞ്ഞു. അലച്ചില്‍, ജന്മനാ അര്‍ദ്ധ നാടോടിയായ ഗാറ്റ്‌ലിഫിന്റെ ജാതകവിധിയാണെന്ന് അംഗീകരിക്കാന്‍ പക്ഷെ അദ്ദേഹം കൂട്ടാക്കിയില്ല.
നാടോടികളായ റൊമാനികളെ മുമ്പ് ജിപ്‌സികള്‍ എന്നാണ് വിളിച്ചിരുന്നത്. ജിപ്‌സി എന്ന സംബോധന, വംശീയാധിക്ഷേപമായി ആധുനിക സമൂഹം കണക്കാക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് പില്‍ക്കാല വ്യവഹാരങ്ങളില്‍ റൊമാനി എന്ന പരിഷ്‌കൃതനാമം സ്വീകരിക്കപ്പെട്ടത്.
സ്റ്റെഫാന്‍ ഹെസ്സല്‍ എഴുതിയ അന്തിമസമരത്തിന് സമയമായി (ടൈം ഫോര്‍ ഔട്ട്റേജ്) എന്ന ദീര്‍ഘ ലേഖനം ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കി. ഈ ലോകം ആരുടേതാണ്? രാഷ്ട്രങ്ങളും അതിര്‍ത്തികളും വേലികളും മതിലുകളും താഴിട്ട വാതിലുകളും നിയമങ്ങളും തടവറകളും ആര്‍ക്കു വേണ്ടി? എന്ന സുപ്രധാന പ്രശ്നം ഉയര്‍ത്തുന്ന ലേഖനം; യൂറോപ്പിലേക്ക് ദിനം തോറും പ്രവഹിക്കുന്ന അഭയാര്‍ത്ഥികളെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദരിദ്രരായ ലക്ഷങ്ങളുടെ അവസ്ഥയാണ് വിവരിക്കുന്നത്. ഈ ലേഖനത്തെ അവലംബമാക്കിക്കൊണ്ട് ടോണി ഗാറ്റ്ലിഫ് സംവിധാനം ചെയ്ത ഇന്‍ഡിഗ്നഡോസ് (കോപക്രോധാകുലം/ഫ്രാന്‍സ്/2012/88 മിനുറ്റ്) അതിശക്തമായ ആഖ്യാനത്തിലൂടെ കാണിയുടെ മനസ്സിനെയും ബോധത്തെയും പിടിച്ചുലക്കുന്നു. പണത്തിന്‍റെയും പണത്തിന്‍റെ കാവലാളുകളും കൈകാര്യകര്‍ത്താക്കളുമായ കോര്‍പ്പറേറ്റുകളുടെയും അവരുടെ പിണിയാളുകളായ ഭരണകര്‍ത്താക്കളുടെയും ഭരണവും അതില്‍ നിന്ന് ഭൂരിപക്ഷം വരുന്ന മനുഷ്യര്‍ അനുഭവിക്കുന്ന പുറന്തള്ളലുമാണ് ലോകത്തെമ്പാടും കാണുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ മുഖരൂപവും ഉള്ളടക്കവും.

ഈ അവസ്ഥക്കെതിരായ, സാമൂഹ്യ-രാഷ്ട്രീയപരവും മാനവികവും സര്‍വോപരി വിപ്ലവകരവുമായ പ്രതിരോധത്തിന്‍റെ സന്ദേശമാണ് ഇന്‍ഡിഗ്നഡോസ്. ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തുന്ന ആഖ്യാനത്തെ ത്രസിപ്പിക്കുന്നതും അര്‍ത്ഥോത്സാഹപരവും സമകാലികവുമായ സംഗീതം കൊണ്ട് പൊതിഞ്ഞാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.
അനവധി പ്രമേയങ്ങളും സംഭവ സ്ഥലങ്ങളും ചിത്രത്തിലുടനീളം കടന്നു വരുകയും കാണി അതിലൂടെയെല്ലാം കടന്നു പോകുകയുമാണ്. ഗ്രീസിലെ ഉപേക്ഷിക്കപ്പെട്ട തീവണ്ടിയാപ്പീസുകളിലെ അഭയാര്‍ത്ഥിക്യാമ്പുകള്‍; പാരീസിലെ തെരുവോരങ്ങളില്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക കൂടാരങ്ങളിലെ ഉറക്കമില്ലാ ദുസ്വപ്നങ്ങള്‍; സ്പെയിനിലെ ഇന്‍ഡിഗ്നഡോസ് പ്രതിഷേധങ്ങള്‍; മാഡ്രിഡിലെ ഉപേക്ഷിക്കപ്പെട്ട എത്രയോ കെട്ടിടാസ്ഥികൂടങ്ങള്‍. ലോകം എങ്ങോട്ടാണ് പോകുന്നത്, അഥവാ ലോകത്തിന്‍റെ ഇന്നത്തെ പോക്കില്‍ മനുഷ്യര്‍ എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യമാണ് ചിത്രം ആത്യന്തികമായി ഉയര്‍ത്തുന്നത്. മനുഷ്യരേക്കാള്‍ വലുതാണ് ലാഭം (പ്രോഫിറ്റ് ഓവര്‍ പീപ്പിള്‍) എന്ന മുതലാളിത്ത ആശയം ലോകത്തെ നാശത്തിന്‍റെ വക്കത്തെത്തിച്ചിരിക്കുന്നു എന്ന വസ്തുത ചിത്രം തുറന്നു കാണിക്കുന്നു.

മേംബെറ്റി ഹോണോര്‍ ഡയാലോ അവതരിപ്പിക്കുന്ന ബെറ്റി എന്ന അഭയാര്‍ത്ഥിക്കഥാപാത്രത്തെയാണ് നാം പിന്തുടരുന്നത്. ഒരു രാജ്യത്തു നിന്ന് മറ്റൊന്നിലേക്ക്; തീവണ്ടിയില്‍ നിന്ന് ചങ്ങാടത്തിലേക്ക്; വിദൂര ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്ക്; അവിടെ പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി വര്‍ണാഭമായ കടമുറി ജനാലകളുടെ പ്രഭകളിലൊളിച്ചും, യൂറോപ്പില്‍ എല്ലാം അത്ര സുഖകരമായ കാലമല്ല എന്ന വാസ്തവത്തെ സിനിമ പുറത്തെടുക്കുന്നു. നിയമത്തിന് കീഴ്‌പ്പെടാതെ നടക്കുന്ന അഭയാര്‍ത്ഥിയെക്കാളും ഭേദം ഒരു മൃഗമായിരിക്കുകയാണ് എന്ന സത്യം അവരെ എപ്പോഴും തുറിച്ചു നോക്കുന്നു. മടുപ്പിക്കുന്ന മായക്കാഴ്ചകളുടെ ഈ ലോകത്ത് ഇന്നു ഞാന്‍, നാളെ നീ, എന്നതു മറക്കേണ്ട. സോഫയില്‍ നിന്നെണീക്കൂ, ടെലിവിഷന്‍ അടക്കൂ, ഉയിര്‍ത്തെഴുന്നേല്‍ക്കൂ എന്നതാണ് ആഹ്വാനം.
സാമ്പത്തിക കമ്പോളവും ഊഹക്കച്ചവടക്കാരും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് ലോകത്തെ പകുത്തെടുത്തിരിക്കുന്നു. പിന്നെ എങ്ങനെയാണ് സമാധാനവും ജനാധിപത്യവും ഉറപ്പു വരുത്താനാകുക? പണത്തിന്‍റെ ശക്തി അഭൂതപൂര്‍വമായ വിധത്തില്‍ അധികരിച്ചിരിക്കുന്നു. അതിന്‍റെ സ്വാര്‍ത്ഥതാമാനങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു എന്നിങ്ങനെയുള്ള ഉപന്യാസത്തിലെ വരികള്‍ ചിത്രത്തില്‍ മുഴങ്ങുന്നു. ടുണീഷ്യയില്‍ നിന്നാരംഭിച്ച് മിഡില്‍ ഈസ്റ്റിനെ ആകെ ആവേശിച്ച മുല്ലപ്പൂ വിപ്ലവത്തിന്‍റെ ദൃശ്യങ്ങളും -പഴക്കച്ചവടക്കാരന്‍റെ മരണവും മധുരനാരങ്ങയുടെ താഴോട്ടുള്ള ഒഴുക്കും – സമകാലികതയും ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. അവിടങ്ങളിലെ ദുരിതങ്ങള്‍ക്കും കലാപങ്ങള്‍ക്കും അതാതിടത്തെ ഏകാധിപതികള്‍ മാത്രമല്ല കാരണക്കാര്‍ എന്നും അവരുടെ പുറകിലുള്ളത് യൂറോപ്പിന്‍റെ നിയന്ത്രണങ്ങളും പരിഹാരപദ്ധതികളും തന്നെയാണെന്നുമുള്ള വിശകലനമാണിത്.

മുല്ലപ്പൂ വിപ്ലവത്തിലെന്നതു പോലെ, വാള്‍ സ്ട്രീറ്റിലുമരങ്ങേറിയ പൊതുസ്ഥലം പിടിച്ചെടുക്കല്‍ (ഒക്കുപ്പൈ) പ്രക്ഷോഭത്തിന്‍റെ അലയടിയാണ് ചിത്രത്തെ ആവേശഭരിതമാക്കുന്നത്. ചരിത്രമെഴുത്തിനായി വര്‍ഷങ്ങളും ദശകങ്ങളും കാത്തുനില്‍ക്കാനില്ല. ഇപ്പോള്‍ സംഭവിക്കുന്നത് ഇപ്പോള്‍ തന്നെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ കാഴ്ചപ്പാടാണ് ഇന്‍ഡിഗ്നഡോസിനെ ആവേശജനകമാക്കുന്നത്.
തന്‍റേതായ ചലച്ചിത്രാവിഷ്ക്കരണ ശൈലി രൂപപ്പെടുത്തിയിട്ടുള്ള ടോണി ഗാറ്റ്ലിഫിന്‍റെ ജെറോനിമോ (ഫ്രാന്‍സ്/2014), നൂതനവും ചടുലവുമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ സിനിമയാണ്. തെക്കന്‍ ഫ്രാന്‍സിലെ ഒരു നഗരപ്രാന്തമായ സെന്‍റ് പിയറെയില്‍ ജിപ്സികളും തുര്‍ക്കിക്കാരായ മുസ്ലിങ്ങളും രണ്ടു ഭാഗത്തായി താമസിക്കുന്നു. കൂടുതലും കുറ്റകൃത്യങ്ങളിലൂടെ ജീവനോപാധി കണ്ടെത്തുന്ന ഈ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്. അധോലോകസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ രീതിയിലാണെങ്കിലും വംശീയതയുടെയും അഭയാര്‍ത്ഥിത്വത്തിന്‍റെയും ദേശനഷ്ടത്തിന്‍റെയും ചേരുവകള്‍ കലര്‍ന്നതിനാല്‍ അത്യന്തം രാഷ്ട്രീയസവിശേഷമായ അന്തരീക്ഷം ചിത്രത്തെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്.

ദുര്‍ഗുണപരിഹാരപാഠശാലയില്‍ വളര്‍ന്ന ജെറോനിമോ രണ്ടു വിഭാഗങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധപ്രവര്‍ത്തകയാണ്. തികഞ്ഞ പ്രൊഫഷണലിസത്തോടെ അവള്‍ നടത്തുന്ന ഇടപെടലുകള്‍ വിസ്മയത്തോടെ മാത്രമേ കണ്ടിരിക്കാനാവുകയുള്ളൂ. കമാല്‍ എന്ന തുര്‍ക്കിക്കാരനാണ് അവളെ ഇക്കാര്യത്തില്‍ എപ്പോഴും സഹായിക്കുന്നത്. തോക്കും കഠാരയും വടിവാളും തികഞ്ഞ അക്രമോത്സുകതയുമായി പരസ്പരം കടിച്ചു കീറാന്‍ തയ്യാറാവുകയും എന്തും ചെയ്യാന്‍ മടിയില്ലാത്തവരുമായ യുവാക്കളെ വേഗത കൂടിയ സംസാരത്തിലൂടെ അവള്‍ മയപ്പെടുത്തുന്നു. തുര്‍ക്കിക്കാരിയായ നീല്‍ തെര്‍സി എന്ന പതിനാറുകാരി വിവാഹവേദിയില്‍ നിന്ന് മണവാട്ടിവേഷത്തോടെ വരനെ ഉപേക്ഷിച്ച് കാമുകനായ ലുക്കി മോലീനയോടൊത്ത് ഒളിച്ചോടുന്നതോടെ സംഘര്‍ഷം മൂര്‍ഛിക്കുന്നു.
പാച്ചിലിനിടെ ലുക്കി ചോര ഛര്‍ദിച്ച് മരണപ്പെടുന്നുണ്ടെങ്കിലും സംഘര്‍ഷം തുടര്‍ച്ചയായി അലസിപ്പിക്കാന്‍ ജെറോനിമോ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്‍റെ ഉദ്വേഗം വിടാതെ നിലനിര്‍ത്തുന്നത്. പാട്ടുകളും നൃത്തച്ചുവടുകളും വേഗത കൂടിയ എഡിറ്റിങ്ങും ജെറോനിമോയെ സവിശേഷമായ ഒരനുഭവമാക്കി മാറ്റി. ലൊക്കാര്‍ണോ മേളയില്‍ പിയാസ്സ ഗ്രാന്‍ഡെ പുരസ്കാരം ജെറോനിമോക്കാണ് ലഭിച്ചത്.
ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറിയിലും മറ്റ് വെളിമ്പ്രദേശങ്ങളിലുമാണ് സിനിമയുടെ അധികഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഇതിവൃത്തത്തിലും ആഖ്യാനത്തിലും സംഘര്‍ഷമാണ് നിറഞ്ഞു നില്‍ക്കുന്നതെങ്കിലും, വെടികള്‍ക്കും ഇടികള്‍ക്കും പകരം ആട്ടവും പാട്ടും കൊണ്ടാണ് ഗാറ്റ്ലിഫ് സിനിമ നിറച്ചിരിക്കുന്നത്. മറിച്ചിട്ട ഒരു ശവപേടകത്തിന്മേല്‍ നിന്ന് ഒരാള്‍ ഫ്ളമെങ്കോ നൃത്തമാടുന്നു. കത്തിയും ചങ്ങലയും അടക്കമുള്ള ആയുധങ്ങളുടെ ശബ്ദങ്ങളില്‍, സാധാരണ സംഗീതത്തിന്‍റെ താളങ്ങള്‍ മുറിയുന്നു; അഥവാ പുതിയ മിശ്രണങ്ങള്‍ രൂപപ്പെടുന്നു.
ജിപ്സികള്‍ക്കു വേണ്ടി സമര്‍പ്പിച്ച ലാച്ചോ ഡ്രോമും ആഫ്രിക്കന്‍ വംശജര്‍ക്കു വേണ്ടി സമര്‍പ്പിച്ച ഇന്‍ഡിഗ്നഡോസും പോലുള്ള ത്രസിപ്പിക്കുന്ന സിനിമകള്‍ക്കു ശേഷമാണ് ഗാറ്റ്ലിഫ് ജെറോനിമോവിലെത്തുന്നത്. അഭയാര്‍ത്ഥിത്വവും ദേശ നഷ്ടവും സംസ്ക്കാരങ്ങളുടെ ഇടകലരലുമാണ് അദ്ദേഹം വിടാതെ പിന്തുടരുന്ന പ്രമേയങ്ങള്‍. സംഗീതവും നൃത്തവും നാടകവും ശബ്ദങ്ങളും വെളിച്ചവും ഇരുട്ടും നിഴലുകളും എല്ലാം കൂട്ടിക്കലര്‍ത്തുന്ന ആഖ്യാന സവിശേഷത തന്നെയാണ് ഗാറ്റ്ലിഫിനെ വ്യതിരിക്തനാക്കുന്നത്. വര്‍ണങ്ങള്‍ ചക്രവാളങ്ങളിലേക്കും ധ്രുവങ്ങളിലേക്കും സഞ്ചരിക്കുന്നു. പ്രണയത്തില്‍ നിന്ന് സ്മൃതിനാശത്തിലേക്ക്; അക്രമപരതയില്‍ നിന്ന് നിതാന്ത നഷ്ടത്തിലേക്ക്; എന്നിങ്ങനെ വര്‍ണരാജികള്‍ വിരുദ്ധാര്‍ത്ഥങ്ങളിലേക്ക് യാത്രയാകുന്നു.
സംഘട്ടനങ്ങള്‍ നൃത്ത-നാടക സ്വഭാവത്തിലാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. എന്നാല്‍, കൃത്രിമത്വം തോന്നുകയുമില്ല. പരിവര്‍ത്തനോന്മുഖതയും നിഷേധാത്മകതയും സര്‍ഗാത്മകതയും എല്ലാം ആശയങ്ങളെന്ന നിലക്ക് സഹവര്‍ത്തിക്കുന്നതും വിസ്മയകരമാണ്. പ്രകാശവും പ്രത്യാശയുമാണ് സിനിമ നമുക്ക് പകര്‍ന്നു നല്‍കുന്നത്. ജെറോനിമോ എന്ന കഥാപാത്രത്തിന്‍റെ പ്രകൃതം തന്നെയാണത്. ആക്രമണോത്സുകതയും പാരമ്പര്യവും വ്യക്തിത്വങ്ങളെയും സംഘപ്രിയതകളെയും നിര്‍മ്മിച്ചെടുക്കുകയും ഉറപ്പിക്കുകയും ചെയ്യുമ്പോഴാണ്, അവള്‍ മാനവികതയും സ്നേഹവും വിശ്വാസവും തിരിച്ചു പിടിക്കുന്നത്.
ടോണി ഗാറ്റ്‌ലിഫിന്റെ ജാം (2017) എന്ന സിനിമ, സംഗീതവും നൃത്തവും കഥക്കുള്ളിലെ കഥയില്ലായ്മയും ഡോക്കുമെന്റേഷനും രാഷ്ട്രീയവും ആത്യന്തികമായ മനുഷ്യത്വവും ഉള്‍ച്ചേര്‍ന്ന സൗന്ദര്യത്തെയാണ് രൂപീകരിച്ചെടുക്കുന്നത് അഥവാ ഉടച്ചില്ലാതാക്കുന്നത്.
ഊഷരമായ ഭൂമിയില്‍ കമ്പിവേലികള്‍ കൊണ്ട് അടയാളപ്പെടുത്തപ്പെട്ടതും വേര്‍പിരിക്കപ്പെട്ടതുമായ രാഷ്ട്രങ്ങളെ, പാട്ടുകൊണ്ടും അരാജകമായ നൃത്തചലനങ്ങള്‍ കൊണ്ടും അപ്രസക്തമാക്കുന്ന പ്രാരംഭമാണ് ജാമിനുള്ളത്. ജാം എന്നു തന്നെ പേരുള്ള നായികയുടേതാണ് ഈ ശീര്‍ഷകാഖ്യാനം. ലെസ്‌ബോസ് എന്ന ഒരു പക്ഷെ, ഭൂപടത്തില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള ഒരു ദ്വീപിലാണവളുടെ താമസം. കേടുവന്നതിനാല്‍ വെള്ളത്തിലിറക്കി സഞ്ചരിപ്പിക്കാന്‍ കഴിയാത്ത ബോട്ടിന്റെ ഉടമസ്ഥനായ കക്കൂര്‍ഗോസ് എന്നു പേരുള്ള അവളുടെ അമ്മാമനുമുണ്ടവിടെ. അയാള്‍ അവള്‍ക്കൊരു പണി കൊടുക്കുന്നു. തുര്‍ക്കിയുടെ തലസ്ഥാനനഗരമായ ഇസ്താന്‍ബുളിലേക്ക് പോയി, കേടു വന്ന കണക്ടിംഗ് റോഡ് കാണിച്ച് അതു പോലൊന്ന് അവിടത്തെ ആലയില്‍ നിന്ന് ലോഹം കൊണ്ട് ഉണ്ടാക്കിക്കൊണ്ടുവരുക എന്നതാണാ പണി. പാടിയും ആടിയും വഴിയിലുള്ള അനിശ്ചിതത്വങ്ങളില്‍ കുടുങ്ങിയും പുറത്തു കടന്നും അവിടെയെത്തുന്ന അവള്‍ക്കൊരു കൂട്ടുകിട്ടുന്നു. അഥവാ മറ്റൊരു ‘പണി’ കിട്ടുന്നു. അവ്‌റില്‍ എന്നു പേരുള്ള പത്തൊമ്പതുകാരി അവളോടൊപ്പം കൂടുന്നതാണാ പണി. സിറിയയില്‍, ജീവകാരുണ്യപ്രവര്‍ത്തനത്തിനു വോളണ്ടിയറായി പോകവെ, ആണ്‍കൂട്ടുകാരനാല്‍ ചതിക്കപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും അനാഥയായതാണവള്‍.
ദുരന്തബാധിതമേഖലകളില്‍ വാര്‍പ്പു മാതൃകയില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്താന്‍ സ്വയം തീരുമാനിച്ചവളോ നിയോഗിക്കപ്പെട്ടവളോ ആയ ആ ബൂര്‍ഷ്വാ യുവതി; സ്ഥിരമായ ആശ്രയനഷ്ടമനുഭവിക്കുന്ന ജാമിനോട് കൂടുന്നതിലൂടെ, സമകാലിക ലോക യാഥാര്‍ത്ഥ്യം തന്നെ പൂരകമാകുന്നതായി നമുക്ക് അനുഭവപ്പെടും. ഗ്രീക്കും ടര്‍ക്കിഷുമായ വേരുകള്‍ യോജിച്ചുണ്ടായ റെബെലിക്കോ എന്ന സംഗീതമിശ്രണമാണ് ജാം പ്രാക്ടീസ് ചെയ്യുന്നത്.
അടിസ്ഥാനങ്ങളുള്ളതും നശിച്ചതുമായ വംശീയതകളുടെ സമ്മിശ്രണം കൊണ്ട് കൂടിക്കുഴഞ്ഞ ജനവംശങ്ങളുടെ ജീവിതവും ജീവിതമില്ലായ്മയും ആഴത്തിലും വ്യാപ്തിയിലും നിറപ്പകിട്ടോടെയും ശബ്ദായമാനമായും ആഖ്യാനം ചെയ്യുക എന്ന പതിവു തന്നെയാണ് ടോണി ഗാറ്റ്‌ലിഫ് ഈ സിനിമയിലും തുടരുന്നത്. സദാചാരവും മര്യാദകളും പെരുമാറ്റ സംഹിതകളും സാമ്പത്തികക്രമങ്ങളും ചേര്‍ന്ന് തടവറകളാക്കി മാറ്റിയ രാഷ്ട്രങ്ങള്‍ക്കകത്തെ ക്രമീകൃത ജീവിതങ്ങളുടെയും കുടുംബമഹിമകളുടെയും തറവാടുകളുടെയും മറുപുറമാണ് ടോണി ഗാറ്റ്‌ലിഫ് ‘ഇന്‍ഡിഗ്നഡോസ്‘ അടക്കമുള്ള അദ്ദേഹത്തിന്റെ ഇതര സിനിമകളിലെന്നതു പോലെ ജാമിലും കൊണ്ടാടുന്നത്.

ആഹ്ലാദനിര്‍മ്മിതികളും കവിതകളും പാട്ടുകളും പ്രണയാതുരതകളും സ്‌നേഹസൗഹൃദങ്ങളും കൊണ്ട് ലോകത്തിന്റെയാകെയും ലോകത്തിനതീതവുമായ മനുഷ്യനെ, മനുഷ്യരെ അന്വേഷിക്കുകയും അടയാളപ്പെടുത്തുകയുമായിരുന്നു ടോണി ഗാറ്റ്‌ലിഫ്. അതിര്‍ത്തികള്‍ മാഞ്ഞു മാഞ്ഞു പോകുകയും അനന്തമായ പാതകളിലൂടെ എവിടെയും തങ്ങാതെ യാത്ര ചെയ്യുകയും ചെയ്യുന്ന നിത്യ സഞ്ചാരിയും നിത്യ നാടോടിയുമായ ടോണി ഗാറ്റ്‌ലിഫിന് വിട.





