A Unique Multilingual Media Platform

Articles Feminism journalism

നെല്ലി ബ്ലൈ

  • September 27, 2026
  • 1 min read
നെല്ലി ബ്ലൈ

മറ്റുള്ളവർ കാണാതെ പോകാൻ ആഗ്രഹിക്കുന്ന ജീവിതങ്ങളുടെയും കഥകളുടെയും നേർക്ക് ഒരു മാധ്യമപ്രവർത്തകൻ തിരിഞ്ഞുനോക്കാൻ തയ്യാറായാൽ എന്ത് സംഭവിക്കും?

“നിർഭയരായ വനിതാ പത്രപ്രവർത്തകർ “ എന്ന പരമ്പരയിലെ രണ്ടാമത്തെ ലേഖനത്തിൽ, കെ. എ. ബീന ലോകപ്രശസ്ത മാധ്യമപ്രവർത്തകയായ നെല്ലി ബ്ലൈയുടെ അസാധാരണമായ ജീവിതവും മാധ്യമപ്രവർത്തനവും അവതരിപ്പിക്കുന്നു. അനീതികളെ പുറത്തുകൊണ്ടുവരുകയും നിലവിലുള്ള ധാരണകളെ ചോദ്യം ചെയ്യുകയും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകൾ തന്നെ വിപുലപ്പെടുത്തുകയും ചെയ്ത നിർഭയയായ മാധ്യമപ്രവർത്തകയായിരുന്നു നെല്ലി ബ്ലൈ.


 

എലിസബത്ത് കോഷ്റേൻ -പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് പൊതുമണ്ഡലങ്ങളിൽ നിന്ന് സ്ത്രീകൾ  മാറ്റിനിർത്തപ്പെട്ടിരുന്ന  കാലത്താണ് ധീരയായ ആ പെൺകുട്ടി പത്രപ്രവർത്തനരംഗത്ത്  എത്തുന്നത്. അമേരിക്കയിലെ ആദ്യത്തെ വനിതാ റിപ്പോർട്ടർ (ലോകത്തിലെ തന്നെയും ആദ്യത്തെ വനിതാ റിപ്പോർട്ടർ )എന്ന് വിളിക്കാവുന്ന നെല്ലി ബ്ലൈ .

അഴിമതിക്കും അനീതിക്കും എതിരെയുള്ള സന്ധിയില്ലാത്ത സമരം ആയിരുന്നു 1864 ൽ പെനിസിൽവാനിയയിൽ ജനിച്ച എലിസബത്ത് കോഷ്റേനിന്‍റെ ജീവിതം.

ന്യായാധിപനായിരുന്ന  അച്ഛൻറെ മരണശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്ക്കൂൾ പഠനം  നിർത്തേണ്ടി വന്ന എലിസബത്ത്  കുടുംബത്തിന്  ഒരു ഭാരമായിത്തീരാതെ  ജോലികൾ പലതും ചെയ്ത് മുന്നോട്ടു പോകുമ്പോഴാണ്

‘’പിറ്റ്സ്ബർഗ് ഡിസ്പാച്ച് “ എന്ന പത്രത്തിൽ വന്ന “What Girls Are Good For?”എന്ന ലേഖനം വായിക്കുന്നത്.  വീടും അടുക്കളയുമാണ് സ്ത്രീകളുടെ ഇടങ്ങൾ എന്ന് ലേഖനത്തിൽ പറഞ്ഞിരുന്നത് വായിച്ച് അസ്വസ്ഥയായി  അക്കാര്യങ്ങളെ എതിർത്ത് “Lonely Orphan Girl” എന്ന തൂലികാനാമത്തിൽ  ഒരു കത്ത്  എഴുതി പത്രത്തിലേക്ക് അയച്ചു.

എലിസബത്ത് കോഷ്റേൻ/നെല്ലി ബ്ലൈ

പത്രാധിപരായ ജോർജ് മാഡൻ  ആ കത്ത് ഒരു ലേഖനത്തിൻ്റെ രൂപത്തിൽ എഴുതികൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മറുപടിയെഴുതി.  എഴുത്തുകാരി ആകണമെന്ന ആഗ്രഹവുമായി ജീവിക്കുകയായിരുന്ന എലിസബത്ത് കോഷ്റേൻ രണ്ടുദിവസത്തിനകം തന്നെ ലേഖനവുമായി പത്രം ഓഫീസിലേക്ക്  ചെന്നു. പത്രാധിപർ  പ്രതീക്ഷിച്ചത് ഒരു പുരുഷനെയായിരുന്നു. പതിനെട്ടുകാരിയായ എലിസബത്തിനെ കണ്ട് പത്രാധിപർ അമ്പരന്നു. ഒരു പത്രറിപ്പോർട്ടർ ആകാനുള്ള ആഗ്രഹം എലിസബത്ത് മുന്നോട്ടുവച്ചു. പലതരത്തിൽ ജോർജ് മാഡൻ  അവളെ നിരുത്സാഹപ്പെടുത്തി നോക്കി.

ന്യായാധിപനായ പിതാവിൻ്റെ കേസുകളുടെ ആവശ്യങ്ങൾക്കായി കോടതി മുറികളിൽ നിന്നും ലഭ്യമാകാത്ത പല രഹസ്യങ്ങളും താൻ ശേഖരിച്ചിട്ടുണ്ടെന്നും  അത്തരം വിവരങ്ങളൊക്കെ അന്വേഷിച്ചു കണ്ടുപിടിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും എലിസബത്ത് പത്രാധിപരോട് പറഞ്ഞു.

“സമ്പന്നരുടെ കൂട്ടായ്മകളിൽ എന്തൊക്കെയാണ് നടക്കുന്നതെന്നും കലാ – സാഹിത്യ രംഗത്തുള്ളവരുടെ ഇക്കിളിപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും, ഓരോ വിഷയത്തെക്കുറിച്ചും രാഷ്ട്രീയ നേതാക്കൾ എന്തൊക്കെയാണ് പറയുന്നതെന്നും  വാഷിംഗ്ടണിലും വാൾസ്ട്രീറ്റിലും എന്തൊക്കെയാണ് സംഭവിക്കുന്നതെന്നുമെല്ലാം അറിഞ്ഞതുകൊണ്ട് സാധാരണക്കാരായ വായനക്കാർ തൃപ്തരല്ല.  അവർക്ക് താൽപര്യമുള്ള വിഷയങ്ങളെപ്പറ്റി എഴുതാൻ എന്നെ അനുവദിക്കൂ. സാധാരണമനുഷ്യരുടെ ജീവിതം, അവരുടെ വീട്ടുകാര്യങ്ങൾ,ജോലിയിലെ പ്രശ്നങ്ങൾ . ഇതേപ്പറ്റി ഒക്കെ എത്രയോ എഴുതാനിരിക്കുന്നു. രണ്ടുദിവസം മുമ്പ് വഴിയോരത്ത് ഞാൻ കണ്ടുമുട്ടിയ ആരോരും സഹായത്തിനില്ലാതെ സ്വന്തം അനിയനെ പോറ്റി വളർത്തുന്ന  ഒമ്പതു വയസ്സുകാരിയായ അനാഥ പെൺകുട്ടിയെ പോലെയുള്ളവരെകുറിച്ച് എഴുതാൻ എനിക്ക് അവസരം തരൂ .”

എലിസബത്ത് കോഷ്റേൻ പത്രാധിപരോട് വീണ്ടും വീണ്ടും അഭ്യർത്ഥിച്ചു.

“ഇത്തരം വിഷയങ്ങൾ സമ്പന്നരായ വായനക്കാർക്ക് ഇഷ്ടമാവില്ല. മറ്റെന്തെങ്കിലും വിഷയത്തെക്കുറിച്ച് എഴുതാൻ ശ്രമിക്കൂ “ എന്ന ഉപദേശത്തോടെ പത്രാധിപർ എലിസബത്തിന് എഴുതാൻ അവസരം നൽകി. രണ്ടു ദിവസത്തിനകം വിവാഹമോചനത്തിന്റെ സാമൂഹികവും മാനുഷികവുമായ വശങ്ങളിൽ ഊന്നിക്കൊണ്ട്, അസഹനീയമായി തീരുന്ന ദാമ്പത്യത്തിൽ നിന്ന് വിമുക്തരാകാനുള്ള ദമ്പതികളുടെ നിയമാവകാശത്തെ പറ്റി വളരെ ശക്തമായ ശൈലിയിൽ ഒരു ലേഖനം എഴുതി പത്രാധിപർക്ക് കൊണ്ടുകൊടുത്തു .

ലേഖനം ഇഷ്ടമായ പത്രാധിപർ എലിസബത്തിന് “നെല്ലി ബ്ലൈ “ എന്ന  തൂലികാനാമം  നൽകി ലേഖനം പ്രസിദ്ധീകരിച്ചു .

“നെല്ലി ബ്ലൈ “ –

നെല്ലി ബ്ലൈ

അക്കാലത്ത് പ്രശസ്തമായ സ്റ്റീഫൻ ഫോസ്റ്റർ ഗാനത്തിൽ നിന്നുള്ള ആ പേരിലാണ് എലിസബത്ത് കോഷ്റേൻ പിന്നീട് ലോകം മുഴുവൻ അറിയപ്പെടുന്ന പത്രപ്രവർത്തകയായി മാറിയത്.

അക്കാലത്ത് മറ്റൊരു സ്ത്രീയും (1885) ചെയ്യാത്ത ജോലി ചെയ്യുന്നതിൽ   വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ നെല്ലി ബ്ലൈ  റിപ്പോർട്ടിംഗ് രംഗത്ത് തന്നെ തുടർന്നു. പാവങ്ങളുടെ കഥകൾ നിരന്തരം എഴുതി. നിസ്സഹായരും ദുരിത ജീവിതം പേറുന്നവരുമായ  സ്ത്രീകളുടെ കഥകൾ ധാരാളമായി പുറത്തു കൊണ്ടുവന്നു. “ഡെസ്പാച്ച് “ പത്രത്തിൻ്റെ പ്രചാരം കുത്തനെ കൂടി.  മുതലാളിവർഗ്ഗം ക്ഷുഭിതരായി, പരസ്യം നൽകാതെ പത്രത്തെ ബഹിഷ്കരിക്കും എന്ന് ഭീഷണി  ഉയർത്തി. പത്രാധിപരായ മാഡൻ കുലുങ്ങിയില്ല. നെല്ലി ബ്ലൈ കൂടുതൽ കഥകൾക്കായി നിരന്തരം അലഞ്ഞു. ജയിലുകളിലും ആശുപത്രികളിലും ഫാക്ടറികളിലും മറ്റും വേഷം മാറി സഞ്ചരിച്ച് അനീതികളും ദുരിതങ്ങളും അനുഭവിക്കുന്ന മനുഷ്യരെ കുറിച്ച് എഴുതി.

ചേരികളിലെ മനുഷ്യർ , അപ്പത്തിനും റൊട്ടിക്കും വേണ്ടി കടിപിടി കൂടുന്ന കുഞ്ഞുങ്ങൾ, അങ്ങനെ ” പാവപ്പെട്ട മനുഷ്യർ ” ഡെസ്പാച്ചിൻ്റെ താളുകളിൽ നിറഞ്ഞു.  പത്രപ്രവർത്തനരംഗത്ത് പുരുഷന്മാർ പടച്ചുവിട്ടിരുന്ന രാഷ്ട്രീയക്കാരുടേയും പണക്കാരുടേയും  കഥകളെ കടത്തിവെട്ടിക്കൊണ്ട് സാധാരണജനങ്ങളുടെ ദുരിത കഥകൾ എഴുതിയ നെല്ലി ബ്ലൈ പാവപ്പെട്ട മനുഷ്യർക്ക് ഏറ്റവും പ്രിയപ്പെട്ട പേരായി മാറി. “ഡെസ്പാച്ച് “ പത്രത്തിൻറെ കോപ്പികൾ അവർ വാങ്ങിക്കൂട്ടി. വിപ്ലവകാരികളായ നേതാക്കളും  വനിതാ സംഘടനകളും തൊഴിലാളി യൂണിയൻ നേതാക്കളും ഒരു സംഘം പുരോഹിതന്മാരുമെല്ലാം “ഡെസ്പാച്ചി “ന് പിന്തുണ നൽകി. പക്ഷെ വ്യവസായ പ്രമുഖർ പരസ്യം കൊടുക്കുന്നത് നിർത്തിക്കൊണ്ട് “ഡെസ്പാച്ചി”നെ തള്ളിപ്പറയാനും നെല്ലി ബ്ലൈയെ അധിക്ഷേപിക്കാനും മുന്നോട്ടു വന്നു. “ഡെസ്പാച്ചി”നോട് മത്സരിച്ചിരുന്ന മറ്റൊരു പത്രം “നെല്ലി ബ്ലൈ പത്രപ്രവർത്തനത്തിന്റെ നിലവാരം ഇടിച്ചു താഴ്ത്തിയിരിക്കുന്നു” എന്ന് ആരോപിച്ച് മുഖപ്രസംഗം എഴുതി .

പത്രാധിപർ മാഡൻ ഒടുവിൽ നെല്ലി ബ്ലൈയോട് ഇത്തരം വിഷയങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് നിർത്തുവാനും  പ്രസംഗങ്ങളും മറ്റു കലാപരിപാടികളും റിപ്പോർട്ട് ചെയ്യാനും കലാനിരൂപണം എഴുതുവാനും നിദ്ദേശിച്ചു. അവരുടെ   ശമ്പളം വർധിപ്പിച്ചു കൊടുക്കുകയും ചെയ്തു. കലാനിരൂപണത്തിലേക്ക് ചുവടു മാറിയ  നെല്ലി ബ്ലൈ തൻ്റെ പത്രപ്രവർത്തന വൈദഗ്ധ്യത്തിന്റെ  മാറ്റുരയ്ക്കുന്ന ഒരു അവസരമായി ഇതിനെയും മാറ്റി. കലാസാംസ്കാരിക രംഗങ്ങളെ കുറിച്ചുള്ള അവരുടെ റിപ്പോർട്ടുകളും ലേഖനങ്ങളും  ഏറെ ശ്രദ്ധിക്കപ്പെട്ടു. സഹപ്രവർത്തകരും പട്ടണത്തിലെ മറ്റു പത്രപ്രവർത്തകരും അവരെ ആദരിച്ചു. പിറ്റ്സ് ബർഗിൽ പുതുതായി രൂപം കൊണ്ട പ്രസ് ക്ലബ്ബിൽ അംഗമാകാൻ നെല്ലി ബ്ലൈ ക്ഷണിക്കപ്പെട്ടു. അന്നുവരെ ലോകത്തിലെ ഒരു സ്ത്രീക്കും കിട്ടാത്ത ബഹുമതിയായിരുന്നു അത്. പക്ഷേ നെല്ലി ബ്ലൈക്ക് ഇതൊന്നും തൃപ്തി നൽകിയില്ല.പാവപ്പെട്ട തൊഴിലാളിവർഗ്ഗം തന്നിൽ ഏൽപ്പിച്ച വിശ്വാസത്തോട് നീതി പുലർത്താൻ ആവുന്നില്ല എന്നത് അവരെ അസ്വസ്ഥയാക്കി.  നെല്ലി ബ്ലൈ “ഡെസ്പാച്ച്”വിട്ടു.  അമേരിക്കൻ പത്രങ്ങളുടെ കേന്ദ്രമായ ന്യൂയോർക്കിലേക്ക്  താമസം മാറ്റി. ജോലി തേടി പത്രമോഫീസുകൾ  തോറും കയറിയിറങ്ങി. ആരും അവർക്ക് ജോലി നൽകിയില്ല.

ഒരു ദിവസം വളരെയേറെ കഷ്ടപ്പെട്ട് ന്യൂയോർക്ക് വേൾഡ്  (New York World) എന്ന പത്രത്തിന്റെ പത്രാധിപരുടെ മുറി വരെ എത്തിപ്പറ്റിയ നെല്ലി ബ്ലൈ തന്റെ പത്രപ്രവർത്തന അനുഭവങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും   ജോലി നൽകാൻ അദ്ദേഹവും തയ്യാറായില്ല. അകത്തെ ഒരു മുറിയിൽ ഇരുന്ന്  നെല്ലി ബ്ലൈയും പത്രാധിപരും തമ്മിലുള്ള  സംസാരം കേൾക്കുകയായിരുന്ന ഒരാൾ അപ്പോൾ അവിടേക്ക് വന്നു. സാക്ഷാൽ  ജോസഫ് പുലിറ്റ്സർ ആയിരുന്നു ആ വ്യക്തി.”ന്യൂയോർക്ക് വേൾഡ്” പത്രത്തിൻറെ ഉടമസ്ഥനും പ്രസാധകനുമായിരുന്ന പുലിറ്റ്സർ   നെല്ലി ബ്ലൈക്ക് ഒരവസരം നൽകി.

Joseph Pulitzer, el polémico creador del sensacionalismo
ജോസഫ് പുലിറ്റ്സർ

‘“Blackwell’s Island (ഇപ്പോൾ Roosevelt Island) എന്ന സ്ഥലത്തുള്ള സ്ത്രീകളുടെ മാനസികാശുപത്രിയിലെ യഥാർത്ഥ അവസ്ഥ  അന്വേഷിച്ചറിഞ്ഞ്  എഴുതാമെങ്കിൽ “വേൾഡി “ന്റെ റിപ്പോർട്ടർ ആയി ജോലി നൽകാം. “

നെല്ലി ബ്ലൈ ഉടനെ തന്നെ സമ്മതം മൂളി.  അഡ്വാൻസ് ആയി കിട്ടിയ തുകയുമായി നെല്ലി ബ്ലൈ ബ്ലാക്ക് വെൽസ് ദ്വീപിലേക്ക് പോയി. സ്ത്രീകൾക്ക് താമസിക്കാൻ സൗകര്യം നൽകുന്ന  താൽക്കാലിക വസതിയിൽ മുറിയെടുത്തു. അവിടെ ഒരു മാനസിക രോഗിയായി അഭിനയിച്ച്  സ്ത്രീകളുടെ  ഭ്രാന്താലയത്തിൽ പ്രവേശനം നേടി. പത്ത് ദിവസം അവിടെ കഴിഞ്ഞു. അവിടുത്തെ ദുരിത പൂർണ്ണമായ ജീവിതം യഥാർത്ഥത്തിൽ തന്നെ ഒരു മനോരോഗിയാക്കി മാറ്റിയെന്ന് അവർ പിന്നീട് പറഞ്ഞിട്ടുണ്ട്.   നിയമ മാർഗ്ഗത്തിലൂടെ പുലിറ്റ്സർ  നെല്ലി ബ്ലൈയെ ആശുപത്രിയുടെ  പുറത്തെത്തിച്ചു.

ഭ്രാന്താലയത്തിലെ കരാള ജീവിതം  ടെൻ ഡേയ്സ് ഇൻ എ മാഡ് ഹൗസ് “  (Ten Days in a Mad-House) എന്ന പേരിൽ “ന്യൂയോർക്ക് വേൾഡ് “ പരമ്പരയായി പ്രസിദ്ധീകരിച്ചപ്പോൾ അമേരിക്ക നടുങ്ങി. ഉടൻ തന്നെ ഭരണകൂടം അന്വേഷണം ആരംഭിച്ചു മനോരോഗം സംബന്ധിച്ച സ്ഥാപനങ്ങൾ പുനസംഘടിപ്പിച്ചു, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമങ്ങൾ പാസായി. നെല്ലി ബ്ലൈക്ക് “ന്യൂയോർക്ക് വേൾഡ് “പത്രത്തിൽ റിപ്പോർട്ടർ ആയി ജോലി കിട്ടി. അവരുടെ റിപ്പോർട്ടുകൾ  പത്രപ്രവർത്തനത്തിന്റെ സ്വഭാവം തന്നെ മാറ്റി.  അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെയും ഇമ്മേഴ്സൺ ജേർണലിസത്തിൻ്റെയും (Investigative Journalism,Immersion Journalism) മികച്ച മാതൃകയായി നെല്ലി ബ്ലൈ അംഗീകരിക്കപ്പെട്ടു.  അവരുടെ വാർത്തകൾക്കായി വായനക്കാർ കാത്തിരുന്നു.

ജൂൾസ് വേൺ എഴുതിയ ” എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സ് “  (Around  the World in Eighty Days )എന്ന നോവലിലെ , 80 ദിവസം കൊണ്ട് ലോകം ചുറ്റിയ  നായകനെ (Phileas Fogg) തോൽപ്പിക്കണമെന്ന ആഗഹം നെല്ലി ബ്ലൈ പത്രത്തിലെ അധികാരികളുമായി പങ്കുവച്ചു.

“സ്ത്രീകൾക്ക്  അസാധ്യം” എന്ന് മറ്റ് പലരും പരിഹസിച്ചുവെങ്കിലും  നെല്ലി ബ്ലൈയുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ  “വേൾഡ്” പത്രവും ജോസഫ് പുലിറ്റ്സറും ഒപ്പം നിന്നു  .

1889 നവംബർ 14-ന്, അഗസ്റ്റാ വിക്ടോറിയ (Augusta Victoria ) എന്ന കപ്പലിൽ അവർ യാത്ര തുടങ്ങി. ചെറിയൊരു  ബാഗിൽ കുറച്ചു  വസ്ത്രങ്ങൾ, ആവശ്യത്തിന്  പണം, ഒരു നോട്ട് ബുക്ക് എന്നിവ  മാത്രമേ കൈവശം കരുതിയുള്ളൂ. കപ്പൽ, ട്രെയിൻ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയുള്ള  നെല്ലി ബ്ലൈയുടെ  ലോകം ചുറ്റൽ “ വേൾഡി”ന്റെ വായനക്കാർ  പിന്തുടർന്നു . ഇംഗ്ലണ്ട് – ഫ്രാൻസ് – ഇറ്റലി – ഈജിപ്ത് – സീലോൺ (ഇന്നത്തെ ശ്രീലങ്ക) – സിംഗപ്പൂർ – ഹോങ്കോങ് – ജപ്പാൻ – അമേരിക്ക എന്നീ രാജ്യങ്ങൾ ചുറ്റി 72 ദിവസം, 6 മണിക്കൂർ, 11 മിനിറ്റ് കൊണ്ട് ലോകം ചുറ്റി തിരിച്ചെത്തിയ നെല്ലി ബ്ലൈ    മാധ്യമങ്ങളിലൂടെ ലോകപ്രസിദ്ധയായി.

ലോക യാത്രയ്ക്ക് ശേഷം പത്രപ്രവർത്തനരംഗത്തു നിന്ന് മാറി  നെല്ലി ബ്ലൈ ന്യൂയോർക്ക് ഫാമിലി സ്റ്റോറി പേപ്പറിനായി സീരിയൽ നോവലുകൾ എഴുതുന്ന ജോലി ഏറ്റെടുത്തു. 1889 നും 1895 നും ഇടയിൽ 11 നോവലുകളോളം അവർ എഴുതി. *

1895 ൽ റോബർട്ട് സെമോൺ എന്ന വ്യവസായിയെ കല്യാണം കഴിച്ച  നെല്ലി ബ്ലൈ  പത്രപ്രവർത്തന രംഗത്തുനിന്ന് പിൻവാങ്ങി.

ഒൻപത്  വർഷം കഴിഞ്ഞപ്പോൾ സെമോൺ മരിച്ചു   .ഭർത്താവിൻ്റെ മരണ ശേഷം അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങൾ (Iron Clad Manufacturing Companyയും American Steel Barrel Companyയും ) അവർ ഏറ്റെടുത്തു നടത്തി. അവിടെയും അവരുടെ സർഗ്ഗാത്മകത ചരിത്രം സൃഷ്ടിച്ചു. നിരവധി കണ്ടുപിടിത്തങ്ങൾ സ്വന്തം വ്യവസായ മേഖലയുമായി ബന്ധപ്പെടുത്തി അവർ നടത്തി.

സ്വയം  രൂപകൽപ്പന ചെയ്ത പാൽ കാൻ, മാലിന്യ സംസ്കരണപ്പെട്ടി  തുടങ്ങിയ നിരവധി ഉല്പന്നങ്ങൾക്ക് പേറ്റൻ്റുകൾ സമ്പാദിച്ചു.

പക്ഷേ , ചില സഹപ്രവർത്തകരുടെ വഞ്ചന മൂലം ബിസിനസ് തകർന്നു.

നെല്ലി ബ്ലൈ വീണ്ടും പത്രപ്രവർത്തന രംഗത്തെത്തി.

ഒന്നാം ലോക മഹായുദ്ധകാലത്ത് യുദ്ധഭൂമിയിൽ നിന്ന് റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകരിൽ പ്രധാനിയായിരുന്നു നെല്ലി ബ്ലൈ . യുദ്ധത്തിന്റെ ദുരിതം, മനുഷ്യവേദന, സൈനികാശുപത്രികളുടെ അവസ്ഥ എന്നിവയെക്കുറിച്ചൊക്കെ അവർ റിപ്പോർട്ട് ചെയ്തു.

1922 ജനുവരി 27-ന് ന്യൂയോർക്കിൽവെച്ച് ന്യുമോണിയ ബാധിച്ച്  അമ്പത്തിയേഴാം വയസ്സിൽ എലിസബത്ത് കോഷ്റേൻ എന്ന നെല്ലി ബ്ലൈ അന്തരിച്ചു.

ചരിത്രത്തിൽ നിന്ന് ഒരു കാലത്തും മാഞ്ഞു പോകാൻ പാടില്ലാത്ത സംഭാവനകൾ നൽകിയ എലിസബത്ത് കോഷ്റേൻ എന്ന നെല്ലി ബ്ലൈ യഥാവിധി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? ചരിത്രം സ്ത്രീയോട് പലപ്പോഴും നീതികേട് കാണിക്കാറാണല്ലോ പതിവ്.

*ഈ നോവലുകൾ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്നു എങ്കിലും 2021ൽ ഇവ വീണ്ടെടുത്തു.ഡേവിഡ് ബ്ലിക്സ്റ്റ് എന്ന് എഴുത്തുകാരൻ “ദി ലോസ്റ്റ് നോവൽസ് ഓഫ് നെല്ലി ബ്ലൈ “എന്ന പേരിൽ ഇവ പ്രസിദ്ധീകരിച്ചു.


ഈ പരമ്പരയിലെ ആദ്യ ഭാഗം വായിക്കാൻ
ഇംഗ്ലീഷ് വേർഷൻ വായിക്കാം ഇവിടെ

About Author

കെ. എ. ബീന

എഴുത്തുകാരിയും മുതിർന്ന മാധ്യമപ്രവർത്തകയും കോളമിസ്റ്റുമാണ് കെ. എ. ബീന. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥയായിരുന്നു. ആകാശവാണിയിലും ദൂരദർശനിലും ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. പതിമൂന്നാം വയസിൽ പ്രസിദ്ധീകരിച്ച ബീന കണ്ട റഷ്യയാണ് ആദ്യകൃതി. യാത്രാവിവരണം, ബാലസാഹിത്യം, ചെറുകഥ, ലേഖനങ്ങൾ, മാധ്യമപഠനം, വിവർത്തനം എന്നീ വിഭാഗങ്ങളിലായി 40 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് , ലാഡ്‌ലി മീഡിയ പ്രാദേശിക ദേശീയ അവാർഡുകൾ, വി.കെ. മാധവൻ കുട്ടി പത്രപ്രവർത്തന അവാർഡ്, ആകാശവാണി ദേശീയ തിരക്കഥാ പുരസ്കാരം,ബഷീർ സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Previous Post

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x