സെല്ലുലോയിഡില്‍ നിറയുന്ന സക്കറിയ
എറണാകുളം ചാവറ കള്‍ച്ചര്‍ സെന്ററില്‍ വെച്ചു കണ്ടപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട സക്കറിയ, സുഹൃത്തുക്കളുടെ കറിയാച്ചന്‍ എന്നത്തെയും പോലെ ഉത്സാഹവാനായിരുന്നു. ലിഫ്റ്റില്‍ അടുത്തു നില്‍ക്കുമ്പേള്‍ ചെവിയില്‍ പറഞ്ഞു : കൂടുതല്‍ ചെറുപ്പമായി വരികയാണല്ലോ..മറുപടി : അതേ അഞ്ചു വയസിലേക്കു മടങ്ങുകയാണ്. ഇനി ബാല സാഹിത്യം എഴുതും. പൊട്ടിച്ചിരിയില്‍ മുങ്ങിപ്പോയി ആ സംഭാഷണ ശകലം.
അത്ഭുതമാണ് ഈ മനുഷ്യന്‍.. സൗദിയിലെ മലയോര ടൂറിസ്റ്റ് കേന്ദ്രമായ അബഹയില്‍ നിന്നും മലമ്പാതകളും ചുരങ്ങളും മഹായിലിലിലെ തുരങ്കങ്ങളും കടന്ന് എണ്ണൂറു കിലോമീറ്ററോളം യാത്ര ചെയ്ത് ജിദ്ദയില്‍ എത്തിയതായിരുന്നു. ഒന്നു വിശ്രമിച്ച്, കുളിച്ചു ഫ്രഷായി ടൗണിലെ സ്വീകരണ കേന്ദ്രത്തിലേക്കു പോവുകയല്ലേ എന്ന ചോദ്യത്തിന് വിശ്രമമൊന്നും വേണ്ട, ആദ്യം നടക്കാന്‍ പോകണം എന്നാണദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റേഡിയത്തിനു സമീപമായിരുന്നു ഞങ്ങളുടെ പത്രം ഓഫീസും പാര്‍പ്പിടങ്ങളും. എന്നും നടക്കുന്നവനായിട്ടു കൂടി ചെറുപ്പക്കാരെ വെല്ലുന്ന ചുറു ചുറുക്കോടെ അതി വേഗം സ്‌റ്റേഡിയം വലം വെക്കുന്ന കറിയാച്ചനൊപ്പമെത്താന്‍ പണിപ്പെട്ടു.
ഇതേ അനുഭവം വര്‍ഷങ്ങള്‍ക്കു മുമ്പൊരിക്കല്‍ കാട്ടൂരും ഉണ്ടായിട്ടുണ്ട്. അതിരാവിലെ നടക്കാന്‍ തയാറായി ഇറങ്ങിയ അദ്ദേഹത്തെ അനുഗമിക്കുമ്പോള്‍ കോള്‍ പാടം വരെ പോയി മടങ്ങാമെന്നേ കരുതിയുള്ളു. ദേഹം ചൂടായി വരുന്നതേയുള്ളു. കുറച്ചു കൂടി നടക്കാം എന്നായി അദ്ദേഹം..ആ നടത്തം കാട്ടൂര്‍ ഗ്രാമം ഏതാണ്ട് പൂര്‍ണ്ണമായി വലം വെച്ചാണ് മണിക്കൂറുകള്‍ക്കു ശേഷം അവസാനിച്ചത്. അശോകന്‍ ചെരുവിലിന്റെ വീടിനടുത്തു കൂടി കടന്നു പോകവേ നമുക്ക് അശോകന്‍ ചെരുവിലിനെ ഒന്നു കണ്ടാലോ എന്നു ചോദിച്ചു. അതിനെന്നാ കണ്ടു കളയാം…എന്നായിരുന്നു മറുപടി. അക്കാലം മലയാളത്തിലെ അനേകം യുവ കഥാകൃത്തുക്കളില്‍ ഒരാള്‍ മാത്രമായിരുന്നു അശോകന്‍ എന്നോര്‍ക്കണം. അതിരാവിലെ ബെല്ലടിക്കുന്നതാരാണെന്നറിയാന്‍ വാതില്‍ തുറന്ന അശോകന്‍ സക്കറിയയെ കണ്ടു ഞെട്ടി.

തലമുറകളെ അതിശയിപ്പിക്കുന്ന ഈ ഊര്‍ജ്ജം അദ്ദേഹം സ്വരൂപിക്കുന്നത് പരന്ന വായനയിലൂടെയും ഇളവില്ലാത്ത കായിക പ്രവര്‍ത്തനത്തിലൂടെയും ആണ്‍, പെണ്‍ വ്യത്യാസമില്ലാത്ത സൗഹൃദങ്ങളിലൂടെയും ജീവിതത്തോടുള്ള തുറന്ന സമീപനത്തിലൂടെയും ആണെന്നു തോന്നിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള സക്കറിയയുടെ പ്രസംഗം ഇന്നും വൈറലായി സോഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകളില്‍ ജനങ്ങള്‍ സ്വന്തം മനസ്സ്് ദര്‍ശിച്ചതു കൊണ്ടു തന്നെയാണ്. വ്യക്തിത്വത്തിന്റെ ബലമാണ് മറ്റെഴുത്തുകാരില്‍ നിന്ന് സക്കറിയയെ വേറിട്ടു നിര്‍ത്തുന്നത്.
സക്കറിയയുടെ കലയും ജീവിതവും ഏറ്റവും സത്യസന്ധമായി ചിത്രീകരിക്കുന്ന, ഷൈനി ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി കണ്ടപ്പോള്‍ പതിറ്റാണ്ടുകളായി പരിചയമുള്ള, സ്‌നേഹ സമ്പന്നനും നിര്‍ഭയനുമായ ഈ മനുഷ്യന്റെ യഥാര്‍ത്ഥ ചിത്രം ഇതിലും ഭംഗിയായി ദൃശ്യങ്ങളിലൂടെ വരച്ചിടാന്‍ കഴിയില്ലെന്നു തോന്നി. ഇതിനായി ആത്മാര്‍ത്ഥതയോടെ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹൃദയരുമായ കെഎം ഗഫൂറിനേയും അച്ചു ഉള്ളാട്ടിലിനേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കേരളം ഇവരോട് കടപ്പെട്ടിരിക്കുന്നു.
മിടുക്കരായ ഒരു സംഘം ചെറുപ്പക്കാരുടെ ക്ഷമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് ഡോക്യുമെന്ററികള്‍ക്ക് മാതൃകയായ ഈ ചിത്രം. സാധാരണ കാണാറുള്ള ഇഴച്ചിലും വലിച്ചിലും ഇല്ലെന്നു മാത്രമല്ല, മലയാളത്തിലെ വലിയ എഴുത്തുകാരിലൊരാളെ കാലം ആവശ്യപ്പെടുന്ന സാങ്കേതിക തികവോടെ, ചടുലമായി എങ്ങനെ പകര്‍ത്താം എന്നതിന്റെ മികച്ച ഉദാഹരണം ആയിത്തീരുകയും ചെയ്തു. പതിവു ക്ലിഷേകളെ മറി കടക്കാന്‍ കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ വിജയ രഹസ്യം. തികച്ചും സമകാലികമായൊരു സമീപനമാണ് ചിത്രത്തിന്റെ നിര്‍വഹണത്തില്‍ സംവിധായികയും ഇതര സാങ്കേതിക പ്രവര്‍ത്തകരും കൈക്കൊണ്ടത്. അതിന്റെ ഗുണം ചിത്രത്തിന് ലഭിക്കുകയം ചെയ്തു.

ഡോക്യുമെന്ററിക്ക് ആസ്വാദ്യമായ ദൃശ്യ തലം പ്രദാനം ചെയ്ത സിനിമാട്ടോഗ്രാഫര്‍ ജെബിന്‍ ജേക്കബ്, മുപ്പത്താറു മണിക്കൂര്‍ ഷൂട്ടു ചെയ്ത ദൃശ്യങ്ങള്‍ ഒരു മണിക്കൂറിലേക്കു കുറുക്കിയെടുത്ത എഡിറ്റര്‍ ഡോണ്‍ മാക്‌സ്, വിഷ്വല്‍ ഇഫെക്റ്റുകളിലൂടെ ചിത്രത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയ റാസി മുഹമ്മദ്, അനിമേഷനിലൂടെ വ്യത്യസ്ത മാനം നല്‍കിയ സുനില്‍ രാജ്് , കളര്‍ കറക്ഷന്‍, ഗ്രേഡിംഗ് ,ഡിജിറ്റലൈസേഷന്‍ എന്നിവ നിര്‍വഹിച്ച ഡിഐ അജയ് ആര്‍ടോണ്‍, സംഗീത സംവിധായകന്‍ ശരത്, ശബ്ദ മിശ്രണം നിര്‍വഹിച്ച കൃഷ്ണന്‍, ചിത്രത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന സക്കറിയുമായുള്ള ദീര്‍ഘ സംഭാഷണം സജീവമാക്കിയ പ്രദീപ് പനങ്ങാട്, ഇവരെ സമര്‍ത്ഥമായി ഏകോപിപ്പിച്ച സംവിധായിക ഷൈനി ബെഞ്ചമിന്‍ എന്നിവരെല്ലാം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കച്ചവട സിനിമയുടെ അവിഭാജ്യ ഘടകമായ എഡിറ്റര്‍ ഡോണ്‍ മാക്‌സ് അതീവ ജാഗ്രതയോടെ ജോലി നിര്‍വഹിച്ചു എന്ന് പ്രത്യേകം പറയണം.
ക്രൂ എത്ര ഗൗരവത്തോടെയാണ് ഈ പ്രോജക്ടിനെ സമീപിച്ചതെന്നറിയാന്‍ ‘ സക്കറിയ ‘ ഡോക്യുമെന്ററിയുടെ ദൃശ്യ ഘടനയെക്കുറിച്ച് റാസി മുഹമ്മദിന്റെ വരികള്‍ നോക്കാം. ” ഈ ഡോക്യുമെന്ററിയുടെ പ്രധാന ഘടന നിര്‍ണ്ണയിക്കുന്ന അഭിമുഖങ്ങള്‍ പൂര്‍ണ്ണമായും ഗ്രീന്‍ സ്‌ക്രീനിലാണ് ചിത്രീകരിച്ചത്. ഈ സംഭാഷണങ്ങളാണ് ചിത്രത്തിന്റെ ആഖ്യാനത്തെ മുന്നോട്ടു നയിക്കുന്നത്. തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെയുള്ള ക്രൂവിന്റെ രണ്ടാഴ്ച നീണ്ടു നിന്ന യാത്രയില്‍, ഗ്രീന്‍ സ്‌ക്രീനിന്റെ പശ്ചാത്തലത്തിനായുള്ള ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാനായി ഞാനും ഒപ്പം കൂടി. എന്നാല്‍ ആ യാത്രയില്‍ സക്കറിയയുടെ തുടര്‍ച്ചയായുള്ള നടപ്പും , അടങ്ങിയിരിക്കാത്ത യൗവനവും കണ്ടപ്പോള്‍ ഡോക്യുമെന്ററിയുടെ യാഥാര്‍ഥ്യവാദപരമായ റിയലിസ്റ്റിക് ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ ആഴത്തെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലെന്ന് എനിക്കു ബോധ്യപ്പെട്ടു.യാഥാര്‍ത്ഥ്യം നിറഞ്ഞ ലെന്‍സിംഗ് കേന്ദ്രീകൃതമായ പശ്ചാത്തലങ്ങള്‍ക്ക് സക്കറിയ എന്ന എഴുത്തുകാരന്റെ രാഷ്ട്രീയത്തേയും ഓര്‍മ്മകളേയും പ്രതിഫലിപ്പിക്കാനാവില്ല. അതു കോണ്ടു തന്നെ യാത്രയില്‍ പകര്‍ത്തിയ പശ്ചാത്തലത്തിനായുള്ള ദൃശ്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തിരികെയുള്ള യാത്രയില്‍ ഞാന്‍ തീരുമാനിച്ചു. അവിടെ ആവശ്യമായിരുന്നത് ഒരു ‘മൈന്‍ഡ് -സ്‌കേപ്പിംഗ് ‘ ആയിരുന്നു ”
പാലായ്ക്കടുത്ത് ഉരുളികുന്നം ഗ്രമത്തില്‍ നിന്നു തുടങ്ങി മൈസൂരും ബാഗ്ലൂരും ഡല്‍ഹിയും നിരവധി ലോക രാജ്യങ്ങളും പിന്നിട്ട് അനന്തപുരിയില്‍ എത്തി നില്‍ക്കുന്ന സക്കറിയയുടെ ജീവിതം തലമുറകള്‍ക്ക് പാഠ പുസ്തകമാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പരസ്യമായി പറയാനും എഴുത്തുകാര്‍ക്കു സഹജമായ കപട നാട്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും എന്നും സക്കറിയക്കു കഴിഞ്ഞു. ജീവിതം ആര്‍ജ്ജവത്തോടെയും ഉത്സാഹത്തോടെയും സമീപിക്കേണ്ട ഒരു പ്രക്രിയയാണെന്ന് അദ്ദേഹം പറയാതെ പറയുന്നു. അഥവാ ജീവിച്ചു കാണിക്കുന്നു.

കുട്ടിയുടെ കൗതുകത്തോടെയാണ് സക്കറിയ യാത്ര ചെയ്യാറുളളത്. വഴിയില്‍ ആവശ്യമായ കുറിപ്പുകളെടുക്കാനും ചരിത്ര പശ്ചാത്തലം മനസിലാക്കാനും ജനങ്ങളുമായി ഇടപഴകാനും അദ്ദേഹം ശ്രമിക്കുന്നു. 2016ല്‍ ജിദ്ദയില്‍ നിന്ന് മദാഇന്‍ സാലിഹിലേക്കുള്ള 750 കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ തരിശു നിലങ്ങളുടെ ഏകാന്തതയും ഇലത്തണല്‍ പോലുമില്ലാത്ത മലകളും പാറക്കൂട്ടങ്ങളും കണ്‍ കുളിര്‍ക്കെ കാണുകയായിരുന്നു അദ്ദേഹം. പ്രവാചക നഗരിയായ മദീനയിലേക്ക് മുസ്ലിംകളല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മദീനയുടെ വെളിച്ചമെങ്കിലും കാണാന്‍ സൗകര്യമുള്ളൊരിടത്ത് വാഹനം നിര്‍ത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രവാചകന്റേയും ഉമര്‍, അബൂബക്കര്‍ എന്നീ അനുചരന്മാരുടേയും കബറുകള്‍ സ്ഥിതി ചെയ്യുന്ന മദീന പള്ളിയുടെ മിനാരങ്ങളില്‍ നിന്നുള്ള വെളിച്ചം ഏറെ ദൂരെ നിന്നു കാണാം. പിന്നെയും മണിക്കൂറുകള്‍ പിന്നിട്ട് ഖൈബറും കടന്ന് ശാപഗ്രസ്തമായ പട്ടണമെന്നു വിശ്വസിക്കുന്ന മദാഇന്‍ സാലിഹിലെത്തുമ്പോള്‍ രാത്രി വൈകിയിരുന്നു. പിറ്റേന്നു പകല്‍ അല്‍ ഉലയും മദാഇന്‍ സാലിഹും (സാലിഹ് നബിയുടെ പട്ടണം ) കാണ്‍കെ, അതിന്റെ ചരിത്ര പശ്ചാത്തലം പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമുണ്ടായില്ല. എല്ലാം നേരത്തേ മനസിലാക്കിത്തന്നെയാണ് അദ്ദേഹം വന്നത്. ജോര്‍ദ്ദാനിലെ പെട്രയിലേക്കൊരു നേര്‍ രേഖയിലാണ് മദാഇന്‍ സാലിഹ്. പുരാതന ഈജിപ്ഷ്യന്‍ സംസ്‌കാരവുമായുള്ള ബന്ധം കല്ലറകളില്‍ കൊത്തിയ തുത്തന്‍ഗാമന്റെ ചിത്രവും മറ്റും നോക്കി വിശദീകരിച്ചതും സക്കറിയ തന്നെ (ഈ യാത്രകളുടെ വിശദ വിവരണം അദ്ദേഹത്തിന്റെ നബിയുടെ നാട്ടില്‍ എന്ന പുസ്തകത്തില്‍ കാണാം).

അ എന്ന വേട്ടക്കാരന്‍, പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍, ഒരിടത്ത്, എന്നെക്കൂടി പ്രതീക്ഷിക്കില്ല, വല, ഒരു സുന്ദര സന്ധ്യയില്‍ തുടങ്ങി അപൂര്‍വ സുന്ദരവും വൈവിധ്യ പൂര്‍ണ്ണവുമായ അനേകം കഥകളിലൂടെയാണ് സക്കറിയ എന്ന എഴുത്തുകാരന്‍ യൗവന കാലത്ത് ആവേശിച്ചത്. ഹാസ്യത്തിന്റ മേമ്പൊടിയോടെ നിര്‍വ്വികാരമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന കഥകള്‍ മാത്രമല്ല സക്കറിയ എഴുതിയത്. ആദ്യ കാല കഥകളില്‍ അനുവാചകന് ഏറ്റവും ഹൃദയ സ്പര്‍ശിയായ അനുഭവം പകരുന്നവയും ഉണ്ട്. ഈ എഴുത്ത്, ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി പുറപ്പെടുന്നു തുടങ്ങിയ കഥകള്‍ ഉദാഹരണം. തന്റെ കഥകളില്‍ ആവര്‍ത്തനം ഇല്ലാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അതേ ചാരുതയോടെ ആ തൂലിക ഇന്നും കര്‍മ്മ നിരതമായി നിലകൊള്ളുന്നു എന്നത് ആവേശം പകരുന്നു. ഒപ്പം അനല്‍പ്പമായ ആഹ്ലാദവും.





