കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ് ഐ ആർ) നടപടികൾ തികച്ചും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ‘വോട്ടർ അധികാർ മഞ്ച്’ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പുതിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ് ഐ ആർ) റദ്ദാകണമെന്നും കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജി വെക്കണമെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും വോട്ടർ അധികാർ മഞ്ച് ആവശ്യപ്പെട്ടു.

2026 സെപ്റ്റംബർ 23-ലെ ‘ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചാണ് സംഘടന ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂർണ്ണ സമിതിയുടെ യാതൊരുവിധ അനുമതിയോ നിയമപരമായ അധികാരമോ ഇല്ലാതെയാണ് എസ് ഐ ആർ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ കമ്മീഷന്റെ അറിയാതെയും അനുമതിയില്ലാതെയും പുറപ്പെടുവിച്ച വിവിധ ഉത്തരവുകളിൽ പ്രതിഷേധിച്ച് മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ വോട്ടർ രജിസ്ട്രേഷൻ, പേരുകൾ നീക്കം ചെയ്യലും പുനഃസ്ഥാപിക്കലും, ജുഡീഷ്യൽ ഓഫീസർമാർ പുനഃസ്ഥാപിച്ച വോട്ടർമാർക്കെതിരെയുള്ള അപ്പീലുകൾ, വോട്ടർപട്ടികയുടെ കസ്റ്റഡി തുടങ്ങിയ പ്രധാന കാര്യങ്ങളിൽ കമ്മീഷന്റെ പേരിൽ പുറത്തിറങ്ങിയ ഉത്തരവുകളെ ചൊല്ലിയായിരുന്നു ഈ എതിർപ്പുകൾ. ഇതിൽ ഒരു നടപടി “അനധികൃതവും നിയമവിരുദ്ധവുമാണ്” എന്ന് കമ്മീഷണർ സന്ധു രേഖാമൂലം വ്യക്തമാക്കുകയുണ്ടായി.

നിയമങ്ങൾ ഭേദഗതി ചെയ്യാതെ ഫോം 6-ൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് കമ്മീഷണർ ജോഷി കുറിക്കുകയും കമ്മീഷണർ സന്ധു അതിനോട് യോജിക്കുകയും ചെയ്തിട്ടും ആ മാറ്റം ഇപ്പോഴും നിലനിൽക്കുകയാണ്. കൂടാതെ, നിയമപരമായ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വോട്ടർപട്ടികയുടെ ഡാറ്റാബേസ് കേന്ദ്രീകൃതമായി മാറ്റുകയാണെന്ന് ഇരു കമ്മീഷണർമാരും ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 324 അനുസരിച്ച് മൂന്ന് അംഗങ്ങളുള്ള കമ്മീഷനാണ് തെരഞ്ഞെടുപ്പിന്റെ മേൽനോട്ട ചുമതല നൽകിയിട്ടുള്ളത്.

2023-ലെ നിയമത്തിലെ സെക്ഷൻ 18 പ്രകാരം കമ്മീഷന്റെ തീരുമാനങ്ങൾ പരമാവധി ഐക്യകണ്ഠേനയായിരിക്കണം. എന്നാൽ നാല് മാസത്തിലൊരിക്കൽ മാത്രം പൂർണ്ണ കമ്മീഷൻ യോഗം ചേരുകയും ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം ചോദിക്കാതിരിക്കുകയും ചെയ്തു. കമ്മീഷൻ ചർച്ച ചെയ്യാത്ത ഉത്തരവുകളിലൂടെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടി ജനങ്ങളുടെ പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തത്.

ഡൽഹിയിൽ മാത്രം 47.6 ലക്ഷം വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കുകയും 31.6 ലക്ഷം പേർക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആകെയുള്ള വോട്ടർമാരുടെ 54.6 ശതമാനത്തോളം വരും. സെപ്റ്റംബർ 21-ലെ ‘റിപ്പോർട്ടേഴ്സ് കളക്ടീവ്’ റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ 14,947 ബൂത്തുകളിൽ 51 എണ്ണത്തിൽ മാത്രമാണ് കമ്മീഷന്റെ സ്വന്തം മാനദണ്ഡമായ 2 ശതമാനം വെട്ടിച്ചുരുക്കൽ പരിധിക്കുള്ളിൽ നില്‍ക്കുന്നത്. 639 ബൂത്തുകളിൽ പകുതിയിലധികം വോട്ടർമാരെയും നീക്കം ചെയ്തു. സർക്കാർ വീടുകൾ പൊളിച്ചുമാറ്റിയ പ്രദേശങ്ങളിലെ 9 ബൂത്തുകളിൽ 10,015 വോട്ടർമാരിൽ 8,800 പേരെയും ഒഴിവാക്കി. ഇതിൽ 2025 ജനുവരിയിൽ പ്രധാനമന്ത്രി വസീർപൂരിൽ ഫ്ലാറ്റുകൾ കൈമാറിയ കുടുംബങ്ങളും ഉൾപ്പെടുന്നു. ഇവരെ നിലവിൽ ‘സ്ഥലത്തില്ലാത്തവർ’ അല്ലെങ്കിൽ ‘കണ്ടെത്താൻ കഴിയാത്തവർ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒഴിവാക്കപ്പെട്ടവരോട് ഫോം 6 വഴി വീണ്ടും അപേക്ഷിക്കാൻ ആവശ്യപ്പെടുന്നുവെങ്കിലും, ഇത് പുതിയ EPIC നമ്പർ നൽകുകയും പുനരധിവാസ അവകാശത്തിനായുള്ള പഴയ വോട്ടർ രേഖകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തുവിട്ട രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടിൽ ആർക്കൊക്കെയാണ് ഇളവ് ലഭിച്ചതെന്ന് വ്യക്തമാക്കുന്നു.
റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ടിന്റെ പൂർണ്ണരൂപം:
ജൂലൈ 30-ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ BLO ആപ്പിൽ “Mark VIP” മോഡ്യൂൾ ആരംഭിക്കുകയും, മന്ത്രിമാർ, അവരുടെ കുടുംബങ്ങൾ, പ്രമുഖ വ്യക്തികൾ, ന്യായാധിപന്മാർ, ഉദ്യോഗസ്ഥർ എന്നിവരെ പ്രത്യേകമായി അടയാളപ്പെടുത്താൻ വാട്ട്‌സ്ആപ്പ് വഴി നിർദ്ദേശം നൽകുകയും ചെയ്തു. ഇവരുടെ പേരുകൾ നീക്കം ചെയ്യുന്നത് കമ്മീഷന് “ബുദ്ധിമുട്ടോ നാണക്കേടോ” ഉണ്ടാക്കാതിരിക്കാനായിരുന്നു ഇത്. ഡൽഹി മുഖ്യമന്ത്രിയുടെ നോട്ടീസ് വാദം കേൾക്കൽ പോലും കൂടാതെ മണിക്കൂറുകൾക്കുള്ളിൽ പരിഹരിച്ചു. ഒരു അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ തന്റെ മണ്ഡലത്തിലെ വിഐപി വോട്ടർമാർക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും ബിഎൽഒയെ വിട്ട് വീട്ടിൽ നിന്ന് രേഖകൾ ശേഖരിച്ചുവെന്നും സമ്മതിച്ചു. സാധാരണ തൊഴിലാളികൾ ഒരു ദിവസത്തെ കൂലി ഉപേക്ഷിച്ച് രേഖകൾ തെളിയിക്കാൻ ക്യൂ നിൽക്കുമ്പോഴാണ് വിഐപികൾക്ക് ഈ പരിഗണന ലഭിക്കുന്നത്. 1950-ലെ ജനപ്രാതിനിധ്യ നിയമം ഇത്തരം വിഐപി വിഭാഗങ്ങളെ സൃഷ്ടിക്കുന്നില്ലെന്നും ഇത് ഭരണഘടനയുടെ അനുച്ഛേദം 14-ന്റെ നഗ്നമായ ലംഘനമാണെന്നും സംഘടന കുറ്റപ്പെടുത്തി.

പാവപ്പെട്ടവരും കുടിയേറ്റക്കാരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെ ഭരണഘടനാ സ്ഥാപനത്തെ ഉപയോഗിച്ച് വോട്ടവകാശത്തിൽ നിന്ന് പുറത്താക്കുന്ന നടപടിയാണിതെന്ന് വോട്ടർ അധികാർ മഞ്ച് ആരോപിച്ചു. സമയപരിധി നീട്ടിയോ ക്യാമ്പുകൾ സംഘടിപ്പിച്ചോ ഇത് പരിഹരിക്കാനാകില്ല. 2026 സെപ്റ്റംബർ 8-ലെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി നടപ്പിലാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വോട്ടർ അധികാർ മഞ്ച് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്:
- ഡൽഹിയിലും രാജ്യത്തുടനീളവും നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ് ഐ ആർ) നടപടികൾ അടിയന്തരമായി പിൻവലിക്കുക. നീക്കം ചെയ്ത എല്ലാ വോട്ടർമാരെയും പുനഃസ്ഥാപിക്കുകയും എസ് ഐ ആർ-ന് മുമ്പുള്ള വോട്ടർപട്ടിക നിലനിർത്തുകയും ചെയ്യുക.
- എല്ലാ എതിർപ്പുകളും അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജി വെക്കുക. രാജി വെച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുക.
- കമ്മീഷന്റെ അനുമതിയില്ലാതെ ഉത്തരവുകൾ പുറപ്പെടുവിച്ചതിനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവാദികളെ കണ്ടെത്താനും മുൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉൾപ്പെടുന്ന ഉന്നതതല സ്വതന്ത്ര അന്വേഷണ സമിതിയെ നിയോഗിക്കുക.
- ‘ചീഫ് ഇലക്ഷൻ കമ്മീഷണർ ആന്റ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട് 2023’ റദ്ദാക്കുകയും, എക്സിക്യൂട്ടീവ് നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ നിയമന സംവിധാനം കൊണ്ടുവരികയും ചെയ്യുക.
- 14 എതിർപ്പുകൾ, കാബിനറ്റ് സെക്രട്ടറിയുമായുള്ള വിവരങ്ങൾ, ‘ലോജിക്കൽ ഡിസ്ക്രീപൻസി’ മാനദണ്ഡങ്ങൾ, വാട്ട്സ്ആപ്പ് നിർദ്ദേശങ്ങൾ, വിഐപി ലിസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ എസ് ഐ ആർ രേഖകളും പൊതുമധ്യത്തിൽ ലഭ്യമാക്കുക.

ഭരണഘടനയുടെ അനുച്ഛേദം 326 പ്രകാരം പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രായപൂർത്തിയായ പൗരനും വോട്ടവകാശമുണ്ട്. ഈ അവകാശം തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ദാനമല്ലെന്നും അത് ഒരു സോഫ്റ്റ്‌വെയറിലൂടെ ഇല്ലാതാക്കാനോ അനധികൃത ഉത്തരവുകളിലൂടെ മാറ്റാനോ കഴിയില്ലെന്നും വ്യക്തമാക്കിയ വോട്ടർ അധികാർ മഞ്ച്, ഗ്യാനേഷ് കുമാറിന്റെ രാജിയും എസ് ഐ ആർ പൂർണ്ണമായി പിൻവലിക്കലും ഉടനടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.





