A Unique Multilingual Media Platform

Articles Climate Environment Feminism

സ്പിലിറ്റി ലിങ്‌ഡോ ലാങ്‌റിൻ: ഘാസി മലനിരകളിലെ പ്രതിരോധത്തിന്റെ പെൺ കരുത്ത്

  • September 3, 2026
  • 1 min read
സ്പിലിറ്റി ലിങ്‌ഡോ ലാങ്‌റിൻ: ഘാസി മലനിരകളിലെ പ്രതിരോധത്തിന്റെ പെൺ കരുത്ത്

ഘാസി മലനിരകളിലെ യുറേനിയം ഖനന പ്രവർത്തനങ്ങൾ നിർത്താൻ തീരുമാനിച്ച മേഘാലയ ഭരണകൂടത്തിന്റെ നടപടിയുടെ പശ്ചാത്തലത്തിൽ ഓർക്കേണ്ട ധീരയായ ഒരു സ്ത്രീയുടെ പേരുണ്ട് സ്പിലിറ്റി ലിങ്‌ഡോ ലാങ്‌റിൻ (Spility Lyngdoh Langrin). മേഘാലയയിലെ ഘാസി മലനിരകളിൽ, പ്രത്യേകിച്ച് ഡോമിയാസ്യാറ്റ് മേഖലയിൽ, യുറേനിയം ഖനനത്തിനെതിരെ ദശകങ്ങളായി നടന്ന പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു സ്പിലിറ്റി ലിങ്‌ഡോ ലാങ്‌റിൻ (1925–2020). ‘യുറേനിയം ഖനനത്തിനെതിരെ നിലകൊണ്ട എല്ലാവരുടെയും അമ്മ’ എന്നും അറിയപ്പെടുന്ന സൗത്ത് വെസ്റ്റ് ഘാസി ഹിൽസ് ജില്ലയിലെ ഡൊമിയാറ്റിൽ നിന്നുള്ള ലിങ്‌ഡോ ലാങ്‌റിൻ ഒരു സാധാരണ ഘാസി സ്ത്രീയായിരുന്നു. അവർ തന്റെ പൂർവ്വിക ഭൂമിയിൽ നിന്ന് യുറേനിയം കുഴിച്ചെടുക്കാൻ വേണ്ടി യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഉം (UCIL) ,സർക്കാർ ഏജൻസികളും കൂടി വാഗ്ദാനം ചെയ്ത 45 കോടി രൂപയുടെ ഓഫർ ആണ് തള്ളിക്കളഞ്ഞത്. “പണത്തിന് എന്റെ സ്വാതന്ത്ര്യം വാങ്ങാൻ കഴിയില്ല”( “Money can’t buy me freedom” ) എന്ന അവരുടെ വാക്കുകൾ ആ പോരാട്ടത്തിന്റെയും , സമാനമായ മറ്റു മുന്നേറ്റങ്ങൾക്കെല്ലാം പ്രചോദനം നൽകിയ വാക്കുകളായിരുന്നു. ലിങ്‌ഡോ ലാങ്‌റിൻ തന്റെ വീടിനും ഭൂമിക്കും ചുറ്റും “സ്വകാര്യ സ്വത്ത്”, “കടന്നുവരരുത്” എന്നീ ബോർഡുകൾ സ്ഥാപിച്ചു. ഖനന കമ്പനി മറ്റുള്ളവരെ സമീപിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തപ്പോഴും ലിങ്‌ഡോ ലാങ്‌റിൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു.

സ്പിലിറ്റി ലിങ്‌ഡോ ലാങ്‌റിൻ

പരീക്ഷണ ഡ്രില്ലിങ്ങിന് ശേഷം കണ്ട ആരോഗ്യ-പരിസ്ഥിതി ദുരിതങ്ങളെ ( കന്നുകാലികൾ മരിക്കുന്നത്, നദികളിൽ മത്സ്യനാശം, വിളനാശം, പ്രദേശവാസികളിലെ ശ്വാസകോശ പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, ഗർഭകാല സങ്കീർണതകൾ, ജനന വൈകല്യങ്ങൾ) ചൂണ്ടിക്കാട്ടി അവർ ഗ്രാമീണരെയും ഘാസി സ്റ്റുഡന്റ്സ് യൂണിയനെയും ഒരുമിപ്പിച്ചു. അതിന്റെ ഫലമായി പല ഘട്ടങ്ങളിലും ഖനന ശ്രമങ്ങൾ തടസ്സപ്പെട്ടു. 1990-കളുടെ മധ്യത്തിൽ പരീക്ഷണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നു. 2009-ൽ സംസ്ഥാന സർക്കാർ യുസിഐഎല്ലിന് നൂറുകണക്കിന് ഹെക്ടറിൽ പരീക്ഷണ പ്രവർത്തനങ്ങൾ അനുവദിച്ചതിന് ശേഷം എതിർപ്പിന്റെ മറ്റൊരു ഘട്ടം ഉയർന്നു. തുടർച്ചയായ പ്രതിഷേധങ്ങൾ 2016 ഓഗസ്റ്റിൽ അനുമതി പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കി. 2020 ഒക്ടോബർ 28 രാത്രി 95-ാം വയസ്സിൽ മരണം വരെ സ്പിലിറ്റി പ്രതിരോധ മുഖത്തു ഉറച്ചുനിന്നു. ഒക്ടോബർ 28 അവരുടെ സ്മരണയിൽ ആന്റി-യുറേനിയം ദിനമായി ആചരിക്കുന്നു.

സ്പിലിറ്റി ലിങ്ദോ ലാംഗ്രിന്റെ മൂന്നാം ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കെ.എസ്.യു സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് യൂണിറ്റ്. (28 ഒക്ടോബർ 2023)

2026 ഓഗസ്റ്റ് 26-ന് മേഘാലയ നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം ഈ നീണ്ട സമരത്തിന്റെ ഔദ്യോഗിക അംഗീകാരമാണ്. ഈ പ്രമേയം സംസ്ഥാനത്ത് യുറേനിയം ഖനനവും അയിര് പ്രോസസ്സിങ് യൂണിറ്റുകളും പൂർണമായും നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ആറാം ഷെഡ്യൂൾ അവകാശങ്ങൾ, ഭൂവുടമകളുടെ അവകാശങ്ങൾ, പരിസ്ഥിതി-ആരോഗ്യ അപകടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഈ തീരുമാനം സ്പിലിറ്റിയുടെ വ്യക്തിപരമായ ധൈര്യത്തെ ഒരു ജനാധിപത്യ നിയമനിർമ്മാണമായി മാറ്റിയിരിക്കുന്നു, ഒപ്പം അത് ഭരണ ഘടനയുടെ ആർട്ടിക്കിൾ 244(2) – ആറാം ഷെഡ്യൂൾ (Sixth Schedule) നൽകുന്ന ഗോത്രവാസികളുടെ സവിശേഷ സംരക്ഷണ ഭരണാധികാരത്തെ ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു.

യുറേനിയം വിരുദ്ധ പ്രക്ഷോഭത്തിൽ, സ്പിലിറ്റി ലിങ്ദോ ലാംഗ്രിനെയും ഖാസി കുന്നുകളിലെ യുറേനിയം ഖനനത്തിനെതിരെയുള്ള അവരുടെ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തെയും ആദരിച്ചുകൊണ്ട് പ്രതിഷേധക്കാർ ബാനറുകൾ നിൽക്കുന്നു.

2026 ഓഗസ്റ്റ് 26-ന് മേഘാലയ നിയമസഭ യുറേനിയം ഖനനത്തിനെതിരെ പാസാക്കിയ പ്രമേയത്തിൽ ആറാം ഷെഡ്യൂൾ അവകാശങ്ങൾ പ്രധാനമായി ഉദ്ധരിച്ചിരുന്നു. ബാധിത സമൂഹങ്ങളുടെ സ്വതന്ത്രവും മുൻകൂട്ടിയുള്ളതും അറിവുള്ളതുമായ സമ്മതം (Free, Prior and Informed Consent) ലഭിച്ചിട്ടില്ലെന്നും, ആറാം ഷെഡ്യൂൾ പ്രകാരമുള്ള ഭൂമി-ധാതു അവകാശങ്ങൾ പരിരക്ഷിക്കപ്പെടണമെന്നും പ്രമേയം വ്യക്തമാക്കി. സ്പിലിറ്റി ലിങ്‌ഡോ ലാങ്‌റിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഈ ഭരണഘടനാ സംരക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

മേഘാലയ നിയമസഭ

ഇന്ത്യയിലെ സ്ത്രീകൾ ,പ്രത്യേകിച്ച് ഗ്രാമീണ ഗോത്ര മേഖലകളിൽ നിന്നുള്ള പാവപെട്ട സ്ത്രീകൾ ഒരു വശത്തു പാരിസ്ഥിതിക തകർച്ചയുടെ ഇരകളാണ്. മറു വശത്തു അവർ തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെയും, പുനരുജ്ജീവനത്തിന്റെയും മുന്നേറ്റങ്ങളിൽ ശക്തമായ സാന്നിധ്യമാവുന്നു എന്നത് ശ്രദ്ദേയമാണ്. ലിങ്‌ഡോ ലാങ്‌റിന്റെ സമരം വെറും ഒരു വ്യക്തിയുടെ ഭൂമി സംരക്ഷണം മുൻനിർത്തി മാത്രമായിരുന്നില്ല. അത് ഖാസി ജനതയുടെ ഭൂമി, ജലം, സംസ്കാരം, ഭാവി തലമുറകളുടെ ആരോഗ്യം എന്നിവയോടുള്ള കൂട്ടായ ഉത്തരവാദിത്തത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് സർക്കാർ എടുത്ത തീരുമാനം അവരുടെ “ഇല്ല” എന്ന നിശ്ചയദാർഢ്യത്തിന് നൽകിയ ഔദ്യോഗിക അംഗീകാരം കൂടിയായി.

 

About Author

സ്മിത പി കുമാർ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x