പരാജിത താരങ്ങൾ പറയട്ടെ, തമിഴ് സിനിമാരാഷ്ട്രീയത്തിലെ ഉള്ളൊഴുക്കുകൾ
ടി. അനീഷിന്റെ പരാജിത നായകർ – ഒരു വായന
ഏതൊരു സാമൂഹ്യരൂപീകരണ പ്രക്രിയയെയും ആഴത്തിൽ സ്വാധീനിക്കുന്നുണ്ട് ആ സമൂഹത്തിൽ സംഭവിച്ച നവോത്ഥാന ഇടപെടലുകൾ. അതിൻ്റെ തുടർച്ചയെന്നോണം പിന്നീട് ഉണ്ടാകുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ വളർച്ച അതേ സമൂഹത്തിലെ മനുഷ്യരുടെ പുരോഗതിയെയും ജീവിതഘടനയെയും ആഴത്തിൽ നിർണയിക്കും. അതിൻ്റെ മുന്നോട്ടുള്ള പ്രയാണം അനിവാര്യതയായി മാറുന്നത് മനുഷ്യരുടെ ഭൗതിക ജീവിതത്തെ രാഷ്ട്രീയമായി ഉയർത്തുന്നതിന് വേണ്ടി കൂടിയാണ്. എന്നാൽ അത്തരം പ്രക്രിയ എവിടെയെങ്കിലും വെച്ച് അറ്റുപോവുകയോ അല്ലെങ്കിൽ മറ്റൊരു സാമൂഹിക വ്യവഹാരത്തിലേക്ക് സ്വാധീനിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് ആ സമൂഹത്തിൻ്റെ മുന്നോട്ടുള്ള വളർച്ചക്ക് പരിഹരിക്കാൻ പറ്റാത്ത വിധമുള്ള പരിക്കുകൾ ഏൽക്കുന്നത്. ഈയൊരു സാമൂഹ്യവും രാഷ്ട്രീയവുമായ സാഹചര്യം നിലനിൽക്കുന്നുവെന്നു സംശയിക്കപ്പെടുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി തമിഴ് സാമൂഹ്യ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന പ്രബല ശക്തിയായി സിനിമാ കേന്ദ്രീകൃത പരിവേഷം ശക്തിപ്പെട്ടിട്ട്. ഒടുവിൽ 2026ൽ വിജയ് എന്ന താരനായകനിലൂടെ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് തമിഴ് ജനത തയ്യാറായി.

തമിഴ്നാടിന്റെ സാമൂഹ്യ വളർച്ചയെ സ്വാധീനിക്കുന്ന വിധം ജാതിവ്യവസ്ഥയ്ക്കും അന്ധവിശ്വാസങ്ങൾക്കും അസമത്വങ്ങൾക്കും എതിരെയുള്ള ഇടപെടൽ 19 നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ആരംഭിക്കുന്നുണ്ട്. അത് പെരിയാറിലൂടെ മുന്നോട്ടുപോകുന്നത് ഒരേ സമയം ജാതിക്കെതിരെയുള്ള രാഷ്ട്രീയ മുന്നേറ്റമായും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള നവോത്ഥാന ഇടപെടലായിട്ടുമാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും തമിഴ്നാട്ടിൽ കാണുന്ന രാഷ്ട്രീയ ഇടപെടലുകളുടെ ഒരു പ്രമുഖധാര വാണിജ്യ സിനിമ സൃഷ്ടിച്ച നായകസ്വരൂപങ്ങളുടെ താരപരിവേഷം എന്ന അതിഭാവുകത്വവുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. ഇത് കേവലം വെള്ളിത്തിരയിലെ നായകൻ്റെ രാഷ്ട്രീയ പ്രവേശനം എന്നതിനപ്പുറം നായകപരിവേഷം എങ്ങനെയാണ് ഒരു സമൂഹത്തിലെ മനുഷ്യരുടെ രാഷ്ട്രീയ ബോധ്യങ്ങളെ സ്വാധീനിക്കുന്നത് എന്നതിന്റെ കൂടി ചരിത്രമാണ്. അത്തരത്തിലുള്ള അന്വേഷണം കൊണ്ടാണ് ടി അനീഷ് എഴുതിയ “പരാജിത നായകർ തമിഴ്താരരാഷ്ട്രീയത്തിന്റെ കഥ “ എന്ന പുസ്തകം ശ്രദ്ധേയമാകുന്നത്.

തമിഴ്‌നാട് രാഷ്ട്രീയം 1967നു ശേഷം മാറ്റത്തിന് വിധേയമാകുന്നതിൽ അവിടെ സംഭവിച്ച അടിസ്ഥാനപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമുന്നേറ്റങ്ങളുടെയും സംവാദത്തിൻ്റെയും ഒക്കെ പശ്ചാത്തലമുണ്ട്. അതേസമയം അത്തരം പ്രത്യയശാസ്ത്രങ്ങളെ സാധാരണക്കാരിലെത്തിക്കാനും പാർലമെൻററി ജനാധിപത്യത്തിലെ ജനതാല്പര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാനും ചലച്ചിത്ര ദൃശ്യാവിഷ്കാരങ്ങളിൽ അമാനുഷികമായ രൂപങ്ങളെ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും നടന്നു. അത്തരം താരനായകരെ മുൻനിർത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ജനക്കൂട്ടത്തെ ആകർഷിക്കാനും രാഷ്ട്രീയ നേതൃത്വങ്ങൾ താല്പര്യം കാണിച്ചു. സിനിമയിൽ കാണുന്ന നായക വേഷപ്പകർച്ചകളും അതു മുന്നോട്ടുവയ്ക്കുന്ന ആദർശങ്ങളും നീതിബോധവും ജനങ്ങളുടെ രാഷ്ട്രീയേച്ഛയെ ആകർഷിച്ചു. ആ ആശയമണ്ഡലത്തിലേക്ക് ജനങ്ങളുടെ സ്വാഭാവിക ജീവിതവ്യവഹാരങ്ങളെ ബന്ധിപ്പിച്ചു നിർത്താനുള്ള തമിഴ് സിനിമാ താരങ്ങളുടെ കഴിവ് എല്ലാ കാലത്തും തമിഴ്നാട്ടിന് പുറത്തുള്ളവരിൽ കൗതുകവും അത്ഭുതവും ജനിപ്പിക്കുന്നതാണ്. ഏറ്റവും ഒടുവിൽ അത് ജോസഫ് വിജയ് യിൽ എത്തിനിൽക്കുകയാണ്.

മുൻമുഖ്യമന്ത്രി സ്റ്റാലിൻ മുന്നോട്ട് വെച്ച ഹിന്ദുത്വത്തിനെതിരായ പ്രതിരോധവും ഹിന്ദിഭാഷ അടിച്ചേൽപ്പിച്ച് പ്രാദേശിക ഭാഷകളെ അപരവത്കരിക്കാനുള്ള യൂണിയൻ സർക്കാരിന്റെ നയങ്ങൾക്കെതിരായ നിലപാടുകളും മറ്റു രാഷ്ട്രീയ സാമൂഹിക ഇടപെടലുകളും താരതമ്യേന കാര്യക്ഷമതയുള്ള ഭരണവും ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും വിജയ് യുടെ നേതൃത്വത്തിൽ പുതുതായി രുപീകരിക്കപ്പെട്ട തമിഴക വെട്രി കഴകം നേടിയ വിജയത്തിൻ്റെ അടിസ്ഥാനം ആ രാഷ്ട്രീയ പാർട്ടി മുന്നോട്ടുവെച്ചിട്ടുള്ള പ്രത്യയശാസ്ത്രപരമായ മികവുകൊണ്ടോ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നയപരിപാടികൾക്കെതിരെ സുദൃഢമായ ബദൽ ആശയങ്ങൾ മുന്നോട്ടു വെച്ചുകൊണ്ടോ ആയിരുന്നില്ല. മറിച്ച്, സിനിമയിലൂടെ രൂപപ്പെടുത്തിയ രൂപഭാവ പരിവേഷത്തെ ജനഹൃദയങ്ങളിലേക്കുള്ള കുറുക്കു വഴിയാക്കി പരിണമിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതിനേക്കാൾ പ്രധാനമായി കാണേണ്ടത് ഡി എം കെ സർക്കാരിനെതിരെ ശക്തമായ നരേറ്റീവുകൾ സൃഷ്ടിക്കാനും, ഭരണവിരുദ്ധ വികാരം എന്ന നിലയിൽ വിജയകരമായി അവ യുവതലമുറയിലേക്കെത്തിക്കാനും മാറിമാറി ഭരിച്ച ഡി എം കെ – എ ഐ എ ഡി എം കെ ദ്വന്ദ്വങ്ങൾക്കെതിരെ ശക്തമായ ബദൽ ടി വി കെ യാണ് എന്ന് ആവർത്തിച്ചുറപ്പിക്കാനും സാധിച്ചു എന്നതാണ്. വിജയ് യുടെ രാഷ്ട്രീയേതര പൊതുമണ്ഡല പ്രവേശനങ്ങളെ ഒരു ബദൽ നേതൃബിംബമായി വലിയൊരു വിഭാഗം ജനങ്ങൾ ഏറ്റെടുത്തതോടെ സ്റ്റാലിന്റെ രാഷ്‌ട്രീയനിലപാടുകൾ സാങ്കേതികമായി പരാജയപ്പെടുകയാണ് ഉണ്ടായത്. ആ പരാജയത്തിൽ നിന്നാണ് വിജയ് യുടെ പുതു രാഷ്ട്രീയം തമിഴ്നാടിന്റെ രാഷ്ട്രീയ ബോധ്യമായി മാറ്റപ്പെടുന്നത്. എന്നാൽ ഈ മാറ്റത്തെ രാഷ്ട്രീയവൽക്കരിക്കാൻ വിജയ് ക്കു സാധിക്കാത്ത പക്ഷം അദ്ദേഹത്തെ കാത്തിരിക്കുന്ന ജനഹിതം എന്തായിരിക്കും എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നു ടി അനീഷ് എഴുതിയ പുസ്തകത്തിലേ രാഷ്ട്രീയ നിരീക്ഷണങ്ങളും ചരിത്രപരമായ വിശകലനങ്ങളും. അത്രമാത്രം ശക്തമാണ് അതിലെ ഉള്ളടക്കവും വിനിമയം ചെയ്യുന്ന സാംസ്‌കാരിക പാഠങ്ങളും.

ഈ പുസ്തകത്തിലെ ഓരോ നായകരും ഏത് പശ്ചാത്തലത്തിലാണ് സിനിമയിലേക്ക് വരുന്നതെന്നുള്ള നിരീക്ഷണം പ്രധാനപ്പെട്ടതാണ്. അതിനെ ഉൾക്കൊണ്ട് വേണം അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര സമീപനമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന് ദീർഘകാലത്തേക്ക് നിലനിൽക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കേണ്ടത്. ആകാരഭംഗിയോ മാനറിസമോ ജനപ്രിയ ഭാവുകത്വത്തെ തൃപ്തിപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന സവിശേഷ അഭിനയശൈലിയോ, നായക സങ്കൽപ്പങ്ങളുടെ പൂർത്തീകരണമോ ഒക്കെയാണ് താരങ്ങളെ സൃഷ്ടിക്കുന്നത്. ഇവ പ്രേക്ഷകരിൽ ആരാധനയും വൈകാരികമായ അടുപ്പവും സൃഷ്ടിക്കുന്നു. അത്തരമൊരു ആരാധകകനു മുമ്പിൽ താരം ദൈവവും രാഷ്ട്രീയനായകനുമായി മാറുന്നു. അതോടുകൂടി രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര മണ്ഡലങ്ങളും ആ രാഷ്ട്രീയം എങ്ങനെയായിരിക്കും തങ്ങളുടെ സാമൂഹ്യ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നത് എന്ന ആലോചനകളുമൊക്കെ അപ്രസക്തമാകുന്നു. അതേസമയം ഈ വൈകാരികതക്ക് സ്ഥായിയായി നിലനിൽക്കാൻ കഴിയില്ല. അതിനു തുടർച്ച വേണം. അവിടെയാണ് ജനങ്ങളുടെ രാഷ്ട്രീയ ബോധം ഇടപെടുന്നത്. അതുകൊണ്ടാണ് പുതിയ നായകരും പുതിയ പ്രതീക്ഷകളും ഉണ്ടാവുന്നത്. തമിഴ് ജനതയുടെ ഈ രാഷ്ട്രീയ ചലനാത്മകതയുടെ കഥ കൂടിയാണ് അനീഷ് ഈ പുസ്തകത്തിൽ പറയുന്നത്. ശിവാജിയെ ഗണേശനെ കുറിച്ചുള്ള ലേഖനത്തിൽ അനീഷ് ഇങ്ങനെ രേഖപ്പെടുത്തുന്നു:.

“പരാജയങ്ങളിൽ തളർന്നുപോകുന്ന, പ്രതിസന്ധികളെ വൈകാരികമായി നേരിടുന്ന ശിവാജിയുടെ രാഷ്ട്രീയ ബോധ്യങ്ങൾ ജനങ്ങളിൽ വിശ്വാസർപ്പിക്കുന്നതായിരുന്നില്ല, തിരിച്ചും അങ്ങനെതന്നെ. എം ജി ആറിനെ തട്ടിച്ചു നോക്കുമ്പോൾ ജീവകാരുണ്യപ്രവർത്തനങ്ങൾ വിമനസ്കനാണ് ശിവാജി എന്ന ഒരു ധാരണ സാധാരണക്കാരിലും വ്യാപകമായിരുന്നു. എം ജി ആർ സ്വന്തം ആരാധകസംഘങ്ങളെ രാഷ്ട്രീയവൽക്കരിക്കാനും വോട്ടു ബാങ്കാക്കി പരിവർത്തിപ്പിക്കാനും കാണിച്ച ശുഷ്കാന്തിയോ ജനതയുടെ വിശ്വാസമാർജിക്കാൻ സ്വീകരിച്ച ക്ഷേമപ്രവർത്തനങ്ങളോ ശിവാജിക്ക് അന്യമായിരുന്നു. അതുകൊണ്ടുതന്നെ അഭ്രപാളികളിലെ നായകത്വം രാഷ്ട്രീയത്തിന്റെ തിരിച്ചുഴികളിൽ അദ്ദേഹത്തിന് നിലനിർത്താൻ സാധിച്ചില്ല. വെള്ളിത്തിരയിലെ താരരാജാവായും പരാജയപ്പെട്ട ജനനായകനുമായാണ് തമിഴ്നാട് രാഷ്ട്രീയം ശിവാജി ഗണേശനെ അടയാളപ്പെടുത്തുന്നത്” (പേജ് 29 )
ഏതൊരു രാഷ്‌ട്രീയത്തിനും പ്രത്യയശാസ്ത്ര മണ്ഡലം അനിവാര്യമാണെന്ന അറിവുകൂടി ഇതേ സമ്മതിദായകർ ഓരോ കാലത്തെയും താരരാഷ്ട്രീയ പ്രതിഭകളോട് പറയുന്നുണ്ട്. അത് തെരഞ്ഞെടുപ്പിൽ വോട്ടായി മാറുമ്പോൾ സിനിമയും പ്രായോഗിക ജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ എങ്ങനെ സമൂഹമനുഷ്യരുടെ മുന്നോട്ടുള്ള പ്രയാണത്തെ സ്വാധീനിക്കുന്നു എന്നു കൂടി ഈ പുസ്തകം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഓരോ താരവും എങ്ങനെയാണ് സിനിമാപ്രവേശനം സാധ്യമാക്കിയതെന്നും അതിനുശേഷം സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള പൊതുപ്രവേശനത്തിൽ ആരാധകർ തുറന്നു തന്ന സാധ്യതകൾ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്നും പുസ്തകം പറയുന്നുണ്ട്. എന്നാൽ അത്തരം ആരാധനാ രാഷ്ട്രീയത്തിന് തുടർച്ച സാധ്യമാക്കാൻ കഴിയാത്ത വിധം അവരെ പരാജയപ്പെടുത്തുന്നതും ഇതേ ആരാധകരാണ്.
സാധാരണ മനുഷ്യരുടെ വൈകാരികതയെ രാഷ്ട്രീയവൽക്കരിക്കാനോ സാമൂഹികവികാസത്തിന് പ്രയോജനപ്പെടുത്താനോ ഈ താരപ്രതിഭകൾക്ക് സാധിച്ചില്ല എന്നും അത്തരം നായകരെ നിർദ്ദാക്ഷിണ്യം കയ്യൊഴിയാൻ തമിഴ് ജനത മടികാണിച്ചില്ല എന്നുമാണ് ശിവാജി ഗണേശൻ മുതൽ സീമാൻ വരെയുള്ള പത്ത് താരങ്ങളുടെ രാഷ്ട്രീയജീവിതം വിശകലനം ചെയ്തു കൊണ്ട് എഴുത്തുകാരൻ നിരീക്ഷിക്കുന്നത്.
ഹാംലറ്റിയൻ സന്ദേഹം കൊണ്ട് രാഷ്‌ടീയത്തിലിറങ്ങിയില്ലെങ്കിലും നീണ്ടകാലം രാഷ്ട്രീയ സാന്നിധ്യം അറിയിച്ച രജനികാന്തിനെ കുറിച്ചുള്ള ദീർഘമായ അനുബന്ധ അദ്ധ്യായം തമിഴ്രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളുടെ അത്ഭുതപ്പെടുത്തുന്ന, കൗതുകം ജനിപ്പിക്കുന്ന ആഴകാഴ്ചകളുടെ സംക്ഷിപ്തമാണ്. ഉപരിപ്ലവമായ രാഷ്ട്രീയ പ്രച്ഛന്നതകൾക്കിടയിലും ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തി തമിഴ്നാട്ടിൽ പല രീതിയിൽ പല താരങ്ങളും ഉപയോഗിക്കുന്നതും എഴുത്തുകാരൻ ചൂണ്ടികാട്ടുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ചലച്ചിത്രതാരം എസ് എസ് രാജേന്ദ്രനെകുറിച്ചുള്ള ലേഖനത്തിൽ ഇക്കാര്യം വിശദമായി അവതരിപ്പിക്കുന്നുണ്ട്.

ഓരോ താരങ്ങളും രാഷ്ട്രീയപ്രവേശത്തിനു കളമൊരുക്കുന്നതരത്തിൽ സ്വന്തം താരമൂല്യത്തെ നിർമ്മിച്ചെടുക്കുന്നതിന്റെ രസതന്ത്രം കൂടി എഴുത്തുകാരൻ വിശദീകരിക്കുന്നു. കെ ഭാഗ്യരാജിനെ കുറിച്ച് പറയുന്നയിടത്ത് ഇങ്ങനെ കാണാം: “സാധാരണക്കാരന്റെ ജീവിത സമരങ്ങൾ ധാർമിക പ്രതിസന്ധികൾ എന്നിവയെ അടയാളപ്പെടുത്തുന്ന ഭാഗ്യരാജിന്റെ സിനിമകൾ, അതിൻ്റെ വിനോദമൂല്യത്തെ മിക്കപ്പോഴും മറികടന്നു. 1980കളിലും 1990 കളുടെ തുടക്കത്തിലും തമിഴ്നാടിന്റെ വികസിത സാമൂഹിക സാംസ്കാരിക മുഖത്തെ ആഴത്തിലും സങ്കീർണതകളില്ലാതെയും കാണാവുന്ന കണ്ണാടിയാണ് ഭാഗ്യരാജ് ചിത്രങ്ങൾ”.

ഈ താരങ്ങൾ തമിഴ് ജനതയുടെ ജീവിതത്തെ തൊടുന്നത് സിനിമയിലൂടെ നിർമ്മിച്ച രാഷ്ട്രീയാധികാരം കൊണ്ട് കൂടിയാണെന്ന് ‘പരാജിത നായകർ’ രേഖപ്പെടുത്തുന്നു. രാഷ്ട്രീയം എന്നതിനെ എല്ലാകാലത്തും വൈകാരികമായി നിലനിർത്തി പോരാവുന്ന ഒരു സാമൂഹിക വ്യവഹാരമില്ലെന്നും അതിന് അടിസ്ഥാനപരമായി ലക്ഷ്യവും ആ ലക്ഷ്യത്തിലേക്ക് ജനങ്ങളെ നയിക്കാൻ ആവശ്യമായ സമീപനങ്ങളും അനിവാര്യമാണെന്ന് 1965 ശേഷമുള്ള തമിഴ്നാടിന്റെ രാഷ്ട്രീയം പഠിക്കുമ്പോൾ ബോധ്യമാകുന്നുണ്ട്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ പ്രഖ്യാപനത്തെ ചരിത്രപരമായും രാഷ്ട്രീയപരമായും വ്യാഖ്യാനിക്കുന്നു എന്ന ദൗത്യമാണ് പരാജിത നായകർ തമിഴ് രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്‌തകത്തിലൂടെ ടി അനീഷ് നിർവഹിക്കുന്നത്.





