A Unique Multilingual Media Platform

Articles Cinema Kerala review Uncategorized

ആത്മവിഭജനത്തിന്റെ അഴല്‍

  • September 21, 2026
  • 1 min read
ആത്മവിഭജനത്തിന്റെ അഴല്‍

(‘ആശ’യിലെ നിരാശയുടെ ആഴം)

‘If you kill a cockroach, you are a hero; if you kill a butterfly, you are evil. Morals have aesthetic criteria’ എന്ന ഫ്രെഡ്രിക് നീഷെയുടെ ശ്രദ്ധേയമായ ഒരു ഉദ്ധരണിയോടെയാണ് സഫര്‍ സനാല്‍ സംവിധാനം ചെയ്ത ‘ആശ’ എന്ന ചിത്രം ആരംഭിക്കുന്നത്. സമൂഹം ശരികളെന്നും തെറ്റുകളെന്നും നിർവചിച്ചിരിക്കുന്ന പല മാനദണ്ഡങ്ങളും, പലപ്പോഴും, ബാഹ്യഘടകങ്ങളുടെയോ സാഹചര്യങ്ങളുടെയോ കൂടി അടിസ്ഥാനത്തിലുളളതാണ് എന്ന് ഈ വരികൾ കൃത്യമായി ഓർമ്മിപ്പിക്കുന്നു. വാശി കേന്ദ്രസ്ഥാനത്ത് നിലയുറപ്പിക്കുന്ന, ഒരു റോഡ് അപകടവും തുടർന്നുണ്ടാകുന്ന നിയമ പോരാട്ടവും ആശ എന്ന സിനിമയുടെ അടിസ്ഥാന പ്രമേയം നിര്‍ണ്ണയിക്കുന്നു. ചിത്രത്തിൽ ഉര്‍വശി അവതിരിപ്പിക്കുന്ന കഥാപാത്രത്തിന് സമാനതകളില്ല. ഉർവശിയുടെയും ജോജു ജോർജ്ജിന്റെയും മികച്ച പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണം എന്ന് നിസ്സന്ദേഹം പറയാം.

എല്ലാ അര്‍ഥത്തിലും ഒരു ഡാർക്ക് ത്രില്ലർ വിഭാഗത്തിൽ എണ്ണാവുന്ന ചിത്രം മലയാള സിനിമയില്‍ പുതിയ ഒരു അനുഭവ പരിസരം സൃഷ്ടിക്കുന്നു. ആശയുടെ അമ്പരിപ്പിക്കുന്നതും നിഗൂഢമായതുമായ വന്യപ്രതികരണങ്ങളും, ജീമോൻ എന്ന കഥാപാത്രവുമായുള്ള (ജോജു ജോർജ്) സംഘര്‍ഷവും ചേര്‍ന്ന് മനുഷ്യനിലെ നന്മതിന്മകളെക്കുറിച്ചുളള വലിയ ഒരു പ്രഹേളിക തന്നെ സൃഷ്ടിക്കുന്നു. ഇവിടെ, സിനിമ എന്നത് കേവലം വെള്ളിത്തിരയിലെ വെളിച്ചത്തിന്റെ കളി മാത്രമല്ലാതാകുന്നു. മനുഷ്യന്റെ അബോധമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിധം, ഒരു ഇരുണ്ട തുരങ്കത്തിലൂടെയുളള സഞ്ചാര പ്രതീതി ‘ആശ’ എന്ന ചിത്രം സൃഷ്ടിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. മാത്രമല്ല, ഈ വിഹ്വല സഞ്ചാരം, നമ്മുടെയുള്ളിലെ തന്നെ ഭയത്തേയും ഭ്രാന്തിനേയും പ്രത്യാശയേയും ഒരേസമയം അഭിസംബോധന ചെയ്യുക കൂടി ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമാകുന്നു.

മുഖ്യധാരാ വാണിജ്യ സൂത്രവാക്യങ്ങളുടെയോ കൃത്രിമമായ സിനിമാറ്റിക് സാഹചര്യങ്ങളുടെയോ പൊടികൈകള്‍ ഏതുമില്ലാതെ, പച്ചയായ യാഥാർത്ഥ്യത്തിന്റെ നേരനുഭവത്തിലേക്ക് ക്യാമറ തിരിക്കുന്ന ഒരു സവിശേഷ ദൃശ്യാനുഭവമായി ആശ മാറുകയാണ്. ഒരര്‍ഥത്തില്‍, ഇവിടെ സിനിമ കാണുകയല്ല, മറിച്ച് മനുഷ്യന്റെ ആത്മാവിന്റെ വിള്ളലുകളിലൂടെ നാം കടന്നുപോവുകയാണ് എന്ന അവസ്ഥകൂടി രൂപപ്പെടുന്നുണ്ട്.

 

പ്രത്യാശയുടെ അമിതഭാരം

‘ആശ’ അഥവാ പ്രതീക്ഷ എന്നത്, സിനിമയിൽ ഒരു പ്രകാശ മാര്‍ഗമായല്ല പ്രവര്‍ത്തിക്കുന്നത് എന്നും, അത് പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടുന്ന ഇരുട്ടായാണ് നിലകൊള്ളുന്നത് എന്നും ക്രമേണ നമ്മള്‍ തിരിച്ചറിയുക തന്നെ ചെയ്യും. പ്രത്യാശയുടെ അമിതഭാരം എന്നത് വ്യക്തിയെ എങ്ങനെ പതുക്കെ ഒരു ‘സൈക്കോസിസ്’ മാനസിക നിലകളിലേക്ക് അഥവാ ചിത്തഭ്രമാവസ്ഥയിലേക്ക് തള്ളിവിടുന്നു എന്ന ഒരു അന്വേഷണം കൂടി സംവിധായകൻ ഈ ചിത്രത്തില്‍ പരോക്ഷമായി നിര്‍വ്വഹിക്കുകയാണ് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. നിങ്ങളുടെ അബോധമനസ്സിനെ ബോധപൂർവ്വം തിരിച്ചറിയുന്നതുവരെ, അത് നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കും; നിങ്ങൾ അതിനെ ‘വിധി’ എന്ന് വിളിക്കുകയും ചെയ്യും (Until you make the unconscious conscious, it will direct your life and you will call it fate) എന്ന് പ്രമുഖ മന:ശാസ്ത്രജ്ഞന്‍ കാള്‍ യുങ് എഴുതിയതിന്റെ പൊരുള്‍, ആശ എന്ന ചിത്രം കൂടുതല്‍ വെളിപ്പെടുത്തുന്നതായി തീര്‍ച്ചയായും നമുക്ക് തോന്നും. കാരണം യുങ്ങിന്റെ ഈ വരികൾ പോലെയാണ് ‘ആശ’യിലെ കേന്ദ്രകഥാപാത്രമായ ആശയുടെ ജീവിതം മുന്നോട്ട് പോകുന്നത്. അവരുടെ ഓരോ വാശിയും, നിയന്ത്രണാതീതമായ പൊട്ടിത്തെറികളും, ശരിതെറ്റുകളെക്കുറിച്ചുള്ള കർക്കശമായ വാശികളും എല്ലാം ചില മുൻകാല ആഘാതങ്ങളുടെയും (past traumas), ആഴത്തിലുള്ള അരക്ഷിതാവസ്ഥയുടെയും ഉൽപ്പന്നമായിത്തന്നെ എണ്ണേണ്ടി വരും. ഇവിടെ സിനിമ ഒരു ഫിക്ഷൻ എന്നതിലുപരി മനശ്ശാസ്ത്രപരമായ ഒരു കേസ് സ്റ്റഡിയായി മാറുന്നു എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. ഒരു വ്യക്തിയ്ക്ക് (അഥവാ കഥാപാത്രം) തന്റെ ആന്തരിക സംഘർഷങ്ങളെ നേരിടാൻ കഴിയാതെ വരുമ്പോൾ, അവന്റെ അല്ലെങ്കില്‍ അവളുടെ അഹം (Ego) തകർച്ച നേരിടുന്നു എന്ന ഫ്രോയ്‍ഡിന്റെ നിരീക്ഷണം ഇവിടെ ഏറെ പ്രസക്തമാണ്. സമൂഹം അടിച്ചേൽപ്പിക്കുന്ന ധാർമ്മികതയുടെയും തന്റെ ഉള്ളിലെ വന്യമായ ചോദനകളുടെയും ഇടയിൽ ഞെരിഞ്ഞമരുന്ന ഒരു മനസ്സ് എന്നതു കൂടിയാണ് അത്.

സിനിമയിലുടനീളം കാണുന്ന ആശയുടെ ഏകാന്തത വെറുമൊരു ചുറ്റുപാടിന്റെ പ്രശ്നമായല്ല, അവളുടെ ആന്തരികമായ വിഭജനത്തിന്റെയോ ആത്മവിഭജനത്തിന്റെയോ (Fragmentation of Self) ഫലമാണെന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തില്‍ താൻ ആരാണെന്ന ബോധം നഷ്ടപ്പെട്ട്, മറ്റാരോ ആയി ജീവിക്കാൻ നിർബന്ധിതനാക്കപ്പെടുന്ന ഒരാളുടെ മാനസികാവസ്ഥ സൃഷ്ടിക്കുന്ന മുഴുവന്‍ ഭാരവും അതിലുണ്ടെന്ന് സാരം.

 

അതിജാഗ്രതാബോധവും ഉടമസ്ഥതാഭാവവും

നാം നയിക്കപ്പെടുന്നത് തൊട്ടുമുമ്പുള്ള കാരണങ്ങളാലല്ല, മറിച്ച് കൂടുതൽ വിശാലമായ ചക്രവാളങ്ങളില്‍നിന്നുളളവയാലാണ്-നമ്മുടെ ഭൂതകാല ചരിത്രത്താലാണ് (We are not driven by immediate causes, but by those of a wider horizon-our past history) എന്ന കാള്‍ യുങ് നിരീക്ഷണത്തെത്തന്നെ ഇവിടെയും ആശ്രയിക്കാന്‍ കഴിയും. മനുഷ്യൻ താൻ കടന്നുപോന്ന കയ്പ്പേറിയ കാലഘട്ടങ്ങളുടെ തടവറയിലാണ് അധികസമയവും ജീവിക്കുന്നത്. ആശ എന്ന സ്ത്രീയുടെ മാനസികാവസ്ഥ പരിശോധിക്കുമ്പോൾ, അവരുടെ മുൻകാല ദാമ്പത്യത്തിലെ പീഡനങ്ങളും ഒറ്റപ്പെടലുകളും അവരിൽ അവശേഷിപ്പിച്ച മുറിവുകൾ ചെറുതല്ലെന്ന് മനസ്സിലാക്കേണ്ടി വരും. ഉറക്കമില്ലായ്മയും ഉത്കണ്ഠയും അവരുടെ തലച്ചോറിനെ നിരന്തരം അതിജാഗ്രതാവസ്ഥയിൽ (hyper-vigilance) എത്തിക്കുന്നു. അപകടകരമായ ഒരു സാഹചര്യത്തെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും പലപ്പോഴും അങ്ങേയറ്റത്തെ അടിച്ചേൽപ്പിക്കലുകളായും ഉടമസ്ഥതാഭാവമായും (possessiveness) ആയും പരിണമിക്കുന്നു. മകൾ അനഘയുമായുള്ള (ഐശ്വര്യ ലക്ഷ്മി) അവരുടെ ബന്ധം വാസ്തവത്തില്‍ സ്നേഹത്തിന്റെ മാത്രം പുറത്തല്ല നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന സത്യവും വെളിപ്പെടുന്നുണ്ട്.

ഐശ്വര്യ ലക്ഷ്മി, ഉർവശി

മകള്‍നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്തിന്റെ അദൃശ്യമായ ചരടുകളിലാണ് ആ സ്നേഹത്തിന്റെ നിലനില്പ്. ഇവിടെ നമുക്ക് അവരോട് ഒരേസമയം സഹതാപവും അമർഷവും തോന്നാം. ഫ്രോയ്‍ഡ് പറയുന്ന ‘പ്രതിരോധ തന്ത്രങ്ങളുടെ (Defense Mechanisms)’ മികച്ച ഉദാഹരണമായിക്കൂടി ആശയുടെ പെരുമാറ്റം മാറുന്നു. മാത്രമല്ല, തനിക്ക് ചുറ്റുമുള്ള ലോകം സുരക്ഷിതമല്ലെന്ന തോന്നൽ അവരെ നിരന്തരം പ്രതിരോധത്തിലാക്കുക കൂടിയാണ്. ആശയുടെ ഓരോ തെറ്റായ തീരുമാനങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ആദ്യം സൂചിപ്പിച്ചതുപോലെ, അവരുടെ വിശാലമായ ഭൂതകാലം കൂടിയാകണം. അതുപോലെ, താൻ ചെയ്യുന്നതാണ് എപ്പോഴും ശരിയെന്ന അവരുടെ ധാർഷ്ട്യം, വാസ്തവത്തിൽ താൻ തെറ്റുകാരിയായിപ്പോകുമോ എന്ന ഉള്ളിലെ വലിയ ഭയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കവചം മാത്രമായി കാണാനാകും. മനുഷ്യന്റെ ഉപബോധ മനസ്സില്‍ (Subconscious mind) അടക്കം ചെയ്യപ്പെട്ട ആഗ്രഹങ്ങൾ പലപ്പോഴും യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനാവാത്ത വിഭ്രാന്തികളായി പുറത്തേക്ക് ചാടുന്നു. ആശ എന്ന കഥാപാത്രത്തിന്റെ ഓരോ നോട്ടത്തിലും ശരീരഭാഷയിലും കാണുന്നത് ഈ അടിച്ചമർത്തലിന്റെ (Repression) കടുത്ത ഭാരമാണ്. അവള്‍ കാണുന്ന സ്വപ്നങ്ങളും ദിവാസ്വപ്നങ്ങളും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്നു. യാഥാർത്ഥ്യത്തിന്റെ കഠിനമായ പാറക്കല്ലുകളിൽ തട്ടി ആശയുടെ ഭ്രമങ്ങൾ ചിതറിത്തെറിക്കുമ്പോൾ, സത്യത്തില്‍ പ്രേക്ഷകനും ഒപ്പം വിറച്ചുപോകുന്നു..! ഒരു മനുഷ്യൻ തന്റെ ജീവിതത്തിന്റെ ഏത് അടിയൊഴുക്കിലാണ് പ്രതീക്ഷ നഷ്ടപ്പെടുത്തുന്നത്? അല്ലെങ്കിൽ, പ്രതീക്ഷ എന്നത് ഒരു രക്ഷാമാർഗ്ഗമാണോ അതോ മനുഷ്യനെ പതുക്കെ തിന്നുതീർക്കുന്ന ഒരു തരം കാകോളമാണോ? ‘ആശ’ എന്ന സിനിമ ഇങ്ങനെ ഒരു ചോദ്യം കൂടി പരോക്ഷമായി ഉന്നയിക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന കുളിർമയല്ല, യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മള്‍ കാണുന്നത് എന്നത് പ്രത്യേകം ഓര്‍ക്കുക. ഉർവ്വശി എന്ന നടിയുടെ കരിയറിലെ ഏറ്റവും തീവ്രമായ അഭിനയ മുഹൂർത്തങ്ങളിലൊന്നാണ് ഈ ചിത്രത്തിലേത്. ഡയലോഗുകളേക്കാൾ ഉപരിയായി അവരുടെ മുഖത്തെ സൂക്ഷ്മഭാവങ്ങള്‍, പേടിയും ദേഷ്യവും ഒരേസമയം മിന്നിമറയുന്ന കണ്ണുകള്‍, നിയന്ത്രിക്കാനാകാതെ വിറയ്ക്കുന്ന കൈവിരലുകള്‍ എന്നിവയെല്ലാം മാനസിക വിഭ്രാന്തിയുടെ പരമാവധി അടയാളപ്പെടുത്തുന്നതാണ്. ഒരു പേന ശരിയായി പിടിക്കാനാകാതെ വിറയ്ക്കുന്ന രംഗമെല്ലാം ഉര്‍വ്വശി എത്ര സ്വാഭാവികമായാണ് ആവിഷ്കരിക്കുന്നത്? മാനസിക സംഘർഷത്തിന്റെ അവതരണത്തില്‍, മലയാള സിനിമയിലെ ക്ലാസിക് നിമിഷങ്ങളായിത്തന്നെ ആ അഭിനയ നിമിഷങ്ങളെ കാണാം.

ജോജു ജോർജ്

അതപോലെ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും തങ്ങളുടെ ഭാഗങ്ങൾ സൂക്ഷ്മവും ഗംഭീരവുമാക്കുമ്പോള്‍, ചിത്രത്തിന്റെ ആകെ അന്തരീക്ഷം തന്നെയാണ് ഭദ്രമാകുന്നത്. ചിലയിടങ്ങളിൽ തിരക്കഥയ്ക്ക് അൽപ്പം പതര്‍ച്ച തോന്നാമെങ്കിലും അത് ചിത്രത്തിന്റെ മൊത്തത്തിലുള്ള ഗരിമയെ ബാധിക്കുന്നില്ല. കാരണം, ആദ്യം സൂചിപ്പിച്ചതുപോലെ ഇതൊരു പരമ്പരാഗത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, മനുഷ്യന്റെ അകം പുകയുന്നതിന്റെ ആന്തരിക സഞ്ചാരം കൂടിയാണല്ലോ..!

 

ആലിംഗനം ചെയ്യപ്പെടുന്ന ഭ്രാന്ത്

ആധുനിക സിനിമകളിൽ ശബ്ദഘോഷങ്ങളും അതിവേഗ എഡിറ്റിംഗും ഒരളവുവരെ പ്രേക്ഷകന്റെ ചിന്താശേഷിയെ വഴിതെറ്റിക്കാന്‍ പ്രാപ്തമാണ്. അതേസമയം, ‘ആശ’ തിരിച്ചുവരുന്നത് ക്ലാസിക്കൽ കാലഘട്ടത്തിന്റെ നിശബ്ദതയിലേക്കാണ് എന്ന വസ്തുത പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. സംഭാഷണങ്ങളേക്കാൾ കൂടുതൽ സംസാരിക്കുന്നത് മധു നീലകണ്ഠന്റെ ക്യാമറയും സിനിമാന്തരീക്ഷവുമാണ്.

ഒരു മുറിയുടെ മൂലയിൽ വെറുതെയിരിക്കുന്ന കഥാപാത്രത്തിന്റെ നിശ്വാസത്തിനു പോലും പ്രമേയത്തെ നിര്‍ണ്ണയിക്കുവാന്‍ കഴിയുന്നു. ഇവിടെ ഗോവിന്ദ് വസന്ത-മിഥുന്‍ മുകുന്ദ് ടീമിന്റെ സംഗീതം ഒരു പശ്ചാത്തലം മാത്രമല്ല എന്നു വരുന്നു. അത് കഥാപാത്രത്തിന്റെ ഹൃദയമിടിപ്പിന് സമാനമായിത്തീരുന്നു. ചിത്രത്തില്‍ ഇടയ്ക്കിടെ കടന്നുവരുന്ന നിശ്ശബ്ദത പ്രേക്ഷകനെ വലിയതോതില്‍ അസ്വസ്ഥനാക്കുന്നു. കാരണം, ആ നിശബ്ദത നമ്മെ നമ്മുടെ തന്നെ ഏകാന്തതയോട് നമ്മളെ മുഖാമുഖം നിർത്തുന്നു. ആരും കാണാതെ, ആരും കേൾക്കാതെ നമ്മൾ ജീവിച്ചുതീർക്കുന്ന ചില അപൂർണ്ണമായ നിമിഷങ്ങളുടെ നേർപ്പകർപ്പു കൂടിയാകുകയാണ് ഈ സിനിമയുടെ ഓരോ ഫ്രെയ്മും. ചിത്രം അവസാനിക്കുമ്പോൾ, മനസ്സിൽ ബാക്കിയാവുന്നത് ഉത്തരങ്ങളല്ല എന്നത് ശ്രദ്ധേയമാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ഒരു വലിയ ശൂന്യതയില്‍ നമ്മളും എത്തുന്നു. ‘ആശ’ എന്നത് ഒരു സുഖാന്ത്യമുള്ള കഥയല്ല; അതൊരു മനുഷ്യന്റെ ആത്മാവ് തീയിൽ എരിഞ്ഞുതീരുന്നതിന്റെ നേർക്കാഴ്ചയാണ്. പ്രതീക്ഷയുടെ കപടമായ മുഖംമൂടികൾ വലിച്ചെറിഞ്ഞ്, സ്വന്തം ഉള്ളിലെ ഭ്രാന്തിനെ ആലിംഗനം ചെയ്യാൻ പഠിപ്പിക്കുന്ന ഒരു അപൂർവ്വ ദൃശ്യകാവ്യം എന്നും പറയാം. കാരണം, ഇത് തിയേറ്ററുകളിൽ വിജയം കൊയ്യാൻ വന്ന ഒരു കച്ചവടച്ചരക്കായി മാത്രം പരിമിതപ്പെടുന്നില്ല; പകരം മനുഷ്യന്റെ ചിന്തകളെ കൊത്തിവലിക്കാൻ പോന്ന ഒരു കാട്ടുപക്ഷിയായിത്തന്നെ നമ്മളെ സംബോധന ചെയ്യുന്നു. അത് നമ്മെ പേടിപ്പിക്കുന്നു, ഒപ്പം നമ്മളിലെ നമ്മിലേക്ക് കൂടുതല്‍ ആഴത്തില്‍ തിരിഞ്ഞുനോക്കാൻ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്യുന്നു.


ആലോകന’ത്തിലെ ആഴക്കാഴ്ചകൾ. രഘുനാഥൻ പറളിയുടെ മറ്റ് ലേഖനങ്ങളിലേക്ക് പ്രവേശിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

രഘുനാഥന്‍ പറളി

നിരൂപകന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍, പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ്‌. 1974 മെയ്‌ 28ന്‌ പാലക്കാട്‌ ജില്ലയിലെ പറളിയില്‍ ജനിച്ചു. ദര്‍ശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, ചരിത്രം എന്ന ബലിപീഠം, മൗനം എന്ന രാഷ്ട്രിയ രചന (വാക്കുകൾ സാക്ഷ്യങ്ങള്‍), സെല്ലുലോയ്ഡിലെ ചില്ലുപടവുകള്‍ (സിനിമ) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പ്രധാന നിരൂപണ കൃതികള്‍. 'സ്ഥലം ജലം കാലം' എന്ന പുസ്തകം ആത്മകഥാംശമുള്ള നിരൂപണ കൃതിയാണ്‌. ഡ്രീനാ നദിയിലെ പാലം, പെനാള്‍ട്ടി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം എന്നീ കൃതികള്‍ (കെ.പി രാജേഷുമൊത്ത്‌) മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. സി.പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം (മലയാളിയായ പ്രമുഖ ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകന്‍ സി.പി രാമചന്ദ്രനെക്കുറിച്ചുളള പുസ്തകം), വിശ്വോത്തര കഥകൾ- രാഷ്ട്രിയ കൊലപാതകങ്ങൾ എന്നീ കൃതികളുടെ എഡിറ്റര്‍ ആണ്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x