“തോര്‍ത്തുമുണ്ട് അരയില്‍ മുറുക്കിയുടുത്ത് ഗൗതമന്‍ കൈക്കോട്ട് കൈയിലെടുത്തു. കുറുക്കൂട്ടി മരത്തിന്‍റെ ചൂരുള്ള പുത്തന്‍ കൈപ്പിടിയില്‍ പിടിമുറുക്കി ഉടല്‍ വില്ലുപോലെ വളച്ച് അവന്‍ കൈക്കോട്ട് മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ കുഞ്ഞിമ്മാടായിക്കുന്ന് പിറകിലേക്ക് ഉരുണ്ടുവീണു.” എന്നും “ഏതാനും നാളുകള്‍ക്കകം ഗൗതമന്‍ ഒരു നല്ല കൈക്കോട്ടു പണിക്കാരനായി. കറപ്പന്‍ അഞ്ചു തെങ്ങുകളുടെ മൂട് കിളയ്ക്കുമ്പോഴേക്ക് അവന്‍ പത്ത് മൂടുകള്‍ കിളച്ചു കഴിഞ്ഞിരിക്കും. വൈകാതെ അവന്‍റെ ഉള്ളംകൈകളിലും തഴമ്പുകള്‍ കിളര്‍ത്തു. ചുമലുകളിലും തുടകളിലും കാല്‍വണ്ണകളിലും പേശികള്‍ മുഴച്ചു വളര്‍ന്നു. ചങ്കിനു കാളക്കുട്ടിയുടെ ബലം കൈവന്നു. വയര്‍ ഉള്ളോട്ടു വലിയുകയും നെഞ്ച് വികസിക്കുകയും ചെയ്തു. അവന്‍ നടക്കുമ്പോള്‍ കാലടികള്‍ക്കു ചുവട്ടില്‍ മണ്ണ് കിരുകിരുത്തു. പക്ഷേ, ദൂരെനിന്ന് ഒരു നമ്പ്യാരോ അടിയോടിയോ വരുന്നതു കണ്ടാല്‍ മതി, അവന്‍റെ കാലുകള്‍ വാതം വന്നപോലെ അനങ്ങില്ല. മുതുക് മുമ്പോട്ടു വളയുകയും തല കുനിയുകയും ചെയ്യും.

കണ്ണ് മണ്ണില്‍ ഉടക്കിക്കിടക്കും. അവന്‍ ഓച്ഛാനിച്ച് കൈകൂപ്പി നില്‍ക്കും. ഗൗതമന്‍ ഒരു പുലയനാണ്.” എം മുകുന്ദന്‍ തന്റെ ‘പുലയപ്പാട്ട്’ എന്ന നോവലിന്റെ ആദ്യ അധ്യായത്തിന്റെ അവസാനത്തില്‍ എഴുതുന്നു. ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന കഥാപാത്രത്തിന്റെ ജീവിതാരംഭത്തെയാണ് മുകുന്ദന്‍ ഇപ്രകാരം ചിത്രീകരിക്കുന്നത് എന്നത് പ്രത്യേകം ഓര്‍ക്കണം. മാത്രമല്ല, ചിരുകണ്ടന്‍ നമ്പ്യാര്‍, “പൊലയക്കുട്ട്യേള് അറ്യാന്‍ പാടില്ലാത്തതൊന്നും നിയ്യറ്യര്ത്. നിനക്ക് ഗൗതമന്‍ന്ന് പേരിട്ടപ്പളേ ഞാന്‍ നിരീച്ചതാ, നിയ്യ് താന്തോന്നിയായി വളരുംന്ന്.” എന്ന് അതേ അധ്യായത്തില്‍ പ്രാരംഭമായി പറയുന്നതും നമ്മള്‍ വായിക്കുന്നുണ്ട്.
ആത്മവിമര്‍ശവും പശ്ചാത്താപവും
“ഒരു പഴയ കഥയാണ്. അന്നു ഞാന്‍ ദല്‍ഹിയിലെ ലജ്പത് നഗറില്‍ താമസിക്കുകയാണ്. ഒരു ദിവസം രാവിലെ ഓഫീസിലേക്ക് പോകാന്‍വേണ്ടി ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അവിടെ ഒരു തൂപ്പുകാരി റോഡ് തൂത്തുകൊണ്ടിരിക്കുന്നത് കണ്ടു. ദല്‍ഹിയിലെ തൂപ്പുകാര്‍ ഹരിജനങ്ങളാണ്. തൂപ്പുകാരിയുടെ ചൂലിന്‍റെ അറ്റം അവളറിയാതെ അതിലെ വന്ന ഒരാളെ തൊട്ടുപോയി. സവര്‍ണനായ അയാള്‍ ഉടനെ തിരിഞ്ഞുനിന്ന് ആ സ്ത്രീയെ ചീത്തവിളിക്കുകയും അടിക്കുകയും ചെയ്തു. ഒരു അടി കൊണ്ടപ്പോള്‍ത്തന്നെ അവള്‍ റോഡില്‍ വീണു. അയാള്‍ വീണ്ടും വീണ്ടും അടിച്ചു. അവളുടെ വായില്‍നിന്ന് ചോരയൊഴുകി. മുപ്പതു വര്‍ഷമായി ആ സംഭവം മായാതെ എന്‍റെ മനസ്സില്‍ കിടക്കുന്നു.”

പുലയപ്പാട്ട് എന്ന നോവലിന്റെ പിറവിക്കു കാരണമായ ഒരു വ്യക്തിഗതാനുഭവം മുകുന്ദന്‍ നോവലിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരര്‍ഥത്തില്‍, ഴാങ്ഷെനെ, തന്റെ ‘ദ തീവ്സ് ജേണൽ’ എന്ന രചനയില്‍ കുറിച്ചതുപോലെ, “വ്യവസ്ഥിതിയുടെ അടിത്തട്ടിൽ കിടക്കുന്നവന്റെ പാപം യഥാർത്ഥത്തിൽ അവന്റേതല്ല, അവനെ അങ്ങോട്ട് തള്ളിയിട്ട അധീശവർഗ്ഗത്തിന്റേതാണ്” എന്ന വലിയ കുറ്റബോധത്തിന്റെ പ്രായശ്ചിത്തമായിക്കൂടിയാകണം മുകുന്ദന്‍ ‘പുലയപ്പാട്ട്’ എന്ന നോവല്‍ രചനയിലേക്ക് എത്തിയിട്ടുണ്ടാവുക എന്ന് ന്യായമായും കരുതാം.
മൂന്ന് പതിറ്റാണ്ടുകാലം ആ അജ്ഞാതയായ തൂപ്പുകാരിയുടെ നിലവിളി മുകുന്ദന്റെ മനസ്സാക്ഷിയെ വേട്ടയാടിയിരിക്കണം. ആ സ്ത്രീക്ക് ആധുനികതയുടെ സൈദ്ധാന്തിക ചട്ടക്കൂടുകളിൽ ഒരു പേരില്ലായിരുന്നു. എന്നാൽ, ഉത്തരമലബാറിന്റെ സാമൂഹിക ചരിത്രത്തിലേക്കും അടിമത്തത്തിന്റെ പാരമ്പര്യത്തിലേക്കും മുകുന്ദന്‍ തന്റെ എഴുത്തു മേശ തിരിച്ചപ്പോള്‍, ആ ദളിത് സ്ത്രീക്ക് എഴുത്തുകാരന്‍ ഒരു പേര് നൽകി -‘ചിയ്യയ്യിക്കുട്ടി’. ചുരുക്കത്തില്‍, ഫ്രഞ്ചുഗന്ധമുള്ള മയ്യഴിയുടെ തെരുവുകളിലൂടെയും ശീതീകരിച്ച ഡൽഹിയിലെ വിദേശകാര്യ ഓഫീസുകളിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു മുകുന്ദൻ എന്ന മലയാളത്തിന്റെ ‘നിത്യയുവാവായ’ എഴുത്തുകാരൻ, ഇപ്പോള്‍ ശതാഭിഷേകത്തിലെത്തുമ്പോള്‍, അദ്ദേഹത്തിന്റെ എഴുത്തുജീവിതം എന്നത്, നമ്മുടെ സ്വന്തം ആധുനികതയുടെയും അതിന്റെ ഇടർച്ചകളുടെയും, ഒടുവിൽ എത്തിച്ചേർന്ന ആധുനികാനന്തര ആത്മവിമർശനങ്ങളുടെയും സൂക്ഷ്മചരിത്രം കൂടിയാകുന്നുണ്ട്. മുകുന്ദന്റെ എൺപതാം ജന്മദിനത്തിന്റെ ഈ വേളയിൽ, മയ്യഴിയുടെയോ ഡൽഹിയുടെയോ മാത്രം വിജയാഘോഷങ്ങളില്‍ അദ്ദേഹത്തെ തളച്ചിടുന്നത്, സാഹിത്യത്തോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും. കാരണം, മലയാള നോവല്‍ ശരീരത്തിൽ മുകുന്ദൻ ഏൽപ്പിച്ച ഏറ്റവും ആഴമേറിയ രാഷ്‌ട്രീയ മുറിവ് എന്നത്, 2005ൽ പ്രസിദ്ധീകൃതമായ ‘പുലയപ്പാട്ട്’ എന്ന രചനയാണ് എന്ന് നിസ്സംശയം പറയേണ്ടി വരും. അറുപതുകളിലും എഴുപതുകളിലും മലയാള ഭാവുകത്വത്തെ ഗ്രസിച്ച അസ്തിത്വവ്യഥയുടെ, ഴാങ് പോൾ സാർത്രും ആൽബേർ കാമ്യുവും കാഫ്കയുമൊക്കെ വിതച്ച അന്യവൽക്കരണത്തിന്റെയും അസംബന്ധതയുടെയുമെല്ലാം സുഖകരമായ ലഹരിയിൽനിന്ന് വിട്ട്, ഇന്ത്യയുടെ പച്ചയായ-പാർശ്വവൽക്കരിക്കപ്പെട്ട കീഴാളമണ്ണിലേക്ക് ഒരു എഴുത്തുകാരൻ നടത്തുന്ന ഒരു പശ്ചാത്താപ യാത്രകൂടിയായി ഈ നോവല്‍ പരിണമിക്കുകയാണ്.

ഒരു നോവലിസ്റ്റിന്റെ ആത്മസാക്ഷാത്കാരം സംഭവിക്കുന്നത് ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടവർക്ക് പേരുകളും ശബ്ദവും വീണ്ടെടുത്തു നൽകുമ്പോഴാണ്. പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ പ്രമുഖ ചരിത്രകാരന്‍ രണജിത് ഗുഹ തന്റെ ‘കീഴാള പഠന’ങ്ങളില്‍ (Subaltern Studies) മുന്നോട്ടുവെച്ച സുപ്രധാനചിന്ത, അധീശവർഗത്തിന്റെ രേഖകളിൽ എവിടെയുമില്ലാത്ത, കീഴാളന്റെ സ്വരം സാഹിത്യത്തിന്റെ ഇടനാഴികളിലാണ് പുനർജനിക്കുന്നത് എന്ന കാഴ്ചപ്പാട്, മുകുന്ദന്റെ ഈ നോവലില്‍ കൂടുതല്‍ അര്‍ഥവത്തായിത്തീരുന്നു.

ആധുനികതയുടെ ആന്തരിക വിലാപങ്ങൾക്കപ്പുറം, മൂന്നാം ലോകത്തിലെ മനുഷ്യൻ അനുഭവിക്കുന്ന പട്ടിണിയും ജാതീയമായ അടിച്ചമർത്തലുകളും വെറും മാനസികാവസ്ഥകളല്ലെന്നും അവ ഭൗതികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളാണെന്നുമുള്ള തിരിച്ചറിവിലേക്ക് നോവലിസ്റ്റ് പ്രവേശിക്കുന്ന ഘട്ടം കൂടിയാണത്. മലയാള ആധുനികതയുടെ സജീവഘട്ടത്തില്‍, മുകുന്ദൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ ഓർക്കുക. ‘ആകാശത്തിന് ചുവട്ടിൽ’, ‘ഈ ലോകം അതിലൊരു മനുഷ്യന്‍’, ‘ഹരിദ്വാറിൽ മണിമുഴങ്ങുന്നു’ തുടങ്ങിയ രചനകളിലെ നായകന്മാർ നഗരത്തിന്റെ ഇരുണ്ട തെരുവുകളിൽ സ്വത്വനഷ്ടം അനുഭവിച്ചവരായിരുന്നു. അസ്തിത്വവാദപരമായ അരക്ഷിതാവസ്ഥയും ലൈംഗിക നിരാശകളും മരണത്തോടുള്ള വന്യമായ അഭിനിവേശവുമായിരുന്നു അവരെ നയിച്ചത്. ഒരളവുവരെ ഫ്രഞ്ചു സാംസ്‌കാരിക പശ്ചാത്തലത്തിൽ വിടർന്ന ആ മായികഭാവുകത്വം മുകുന്ദന് ഒരു പ്രത്യേക കാന്തി പോലും നൽകി. ‘നൃത്തം’ എന്ന നോവലിൽ, സാങ്കേതികവിദ്യയും ആഗോളീകരണവും മനുഷ്യബന്ധങ്ങളിൽ ഏൽപ്പിക്കുന്ന വിള്ളലുകൾ ചിത്രീകരിച്ച എഴുത്തുകാരൻ, പക്ഷേ, ‘പുലയപ്പാട്ടി’ലെത്തുമ്പോള്‍ തന്റെ യൂറോപ്യൻ സ്വാധീനങ്ങളുടെ മേല്‍ക്കുപ്പായങ്ങള്‍ പാടേ ഒഴിവാക്കുന്നതു കാണാം.

‘പുലയപ്പാട്ട്’ എന്ന രചനയുടെ ആഖ്യാനഘടന സവിശേഷതയുളളതാണ്. ഉത്തരമലബാറിലെ പുലയസമുദായത്തിന്റെ ദുരിതപൂർണ്ണമായ ജീവിതത്തിലൂടെ കടന്നുപോകുന്ന ഗൗതമൻ എന്ന കേന്ദ്രകഥാപാത്രത്തെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്, ഗൗതമബുദ്ധന്റെ ജീവിതബിംബങ്ങളോട് സമാന്തരമായി ചേർത്തുവെച്ചുകൊണ്ടാണ്. അതേസമയം, കൊട്ടാരത്തിന്റെ സുഖസൗകര്യങ്ങളിൽനിന്ന് ദുഃഖനിവൃത്തി തേടി കാട്ടിലേക്ക് ഇറങ്ങിപ്പോയ ബുദ്ധനെയല്ല ഇവിടെ കാണുക പകരം, ജനിച്ച നിമിഷംമുതൽ ജാതിവ്യവസ്ഥയുടെയും അടിമത്തത്തിന്റെയും അരികുവൽക്കരണത്തിന്റെയും തീക്കനലുകളിൽ വെന്തുരുകുന്ന ഒരു കീഴാള ബാലനെയാണ്. ബുദ്ധൻ രോഗിയെയും വൃദ്ധനെയും മൃതശരീരത്തെയും സന്യാസിയെയും എല്ലാം കണ്ട് ബോധോദയത്തിലെത്തിയെങ്കിൽ, ഈ ‘പുലയ ഗൗതമൻ’ കാണുന്നത്, വിശപ്പടക്കാൻ പാടവരമ്പിലെ തവളകളെ പിടിച്ചുതിന്നുന്ന മനുഷ്യരെയും, സവർണ്ണന്റെ വഴിയിൽനിന്ന് തീണ്ടപ്പാടകലെ മാറിനിന്ന് സ്വയം ഇല്ലാതാകേണ്ടിവരുന്ന മാതാപിതാക്കളെയും, മാറുമറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടി ജീവൻ നൽകേണ്ടിവന്ന സ്ത്രീശരീരങ്ങളെയും എല്ലാം ആണ്. മിത്ത് എന്നത് കേവലമായ ഒരു അലങ്കാരമായിട്ടല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്; അത് ദുരന്തപൂർണ്ണമായ ജീവിതയാഥാർത്ഥ്യങ്ങളെ ഉണർത്താനുള്ള ഒരു പ്രതിരോധ ഉപകരണമായാണ് നിലകൊള്ളുന്നത്. ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം എന്ന തീര്‍ത്തും വെല്ലുവിളിയാര്‍ന്ന രചനാ സാധ്യത കൂടിയാണ്, മുകുന്ദൻ മലബാറിലെ പുലയരുടെ ചരിത്രത്തെ സമീപിക്കുമ്പോള്‍ തേടുന്നത് എന്ന് പറയാം.
നവോത്ഥാന ചരിത്രത്തിലെ നോവലിടം
നമ്മുടെ നവോത്ഥാന ചരിത്രത്തിൽ ശ്രീനാരായണഗുരുവും അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും കെ കേളപ്പനും എല്ലാം നടത്തിയ വിപ്ലവകരമായ ഇടപെടലുകൾ ചരിത്രപുസ്തകങ്ങളിൽ, വിവരണങ്ങളായി നില്‍ക്കുമ്പോൾ, ‘പുലയപ്പാട്ട്’ അതിനെ ചോരയും നീരുമുള്ള കലാനുഭവമാക്കുന്നു എന്നത് ശ്രദ്ധേയമാണ്.

സ്ത്രീയുടെ ഉടൽ എന്നത് സവർണ്ണന്റെ മുമ്പിലെ കാഴ്ചവസ്തുവായി നിലനിര്‍ത്തേണ്ട ഒന്നാണെന്ന ഫ്യൂഡൽ അലിഖിത നിയമത്തിനെതിരെയുള്ള കലാപം നോവലില്‍ ഒരു പ്രധാന ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നുണ്ട്. മാറ് മറയ്ക്കുക എന്നത് പുലയസ്ത്രീക്ക് വെറുമൊരു വസ്ത്രധാരണത്തിന്റെ പ്രശ്നമായിരുന്നില്ല എന്നും അത് സ്വന്തം ശരീരത്തിന്മേലുള്ള സ്വയംനിർണ്ണയാവകാശത്തിന്റെ വിളംബരമായിരുന്നു എന്നും ‘പുലയപ്പാട്ട്’ ഉച്ചത്തില്‍ വെളിപ്പെടുത്തുന്നു. നോവലിൽ ചിയ്യയ്യിക്കുട്ടിയിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും മുകുന്ദൻ വരച്ചുകാട്ടുന്നത് പുലയരുടെ ശരീരത്തിൽ ആഴത്തിൽ പതിഞ്ഞ ചമ്മട്ടിയുടെയും ജാതിക്കോമരങ്ങളുടെയും പലതരം അടയാളങ്ങളാണ്. സ്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികളുടെയും വഴിനടക്കാൻ അനുവാദമില്ലാതെ കാട്ടുപൊന്തകളിലൂടെ ഇഴഞ്ഞുനീങ്ങിയ മനുഷ്യരുടെയും എല്ലാം കഥ പറയുമ്പോൾ നോവലിസ്റ്റിന്റെ ഭാഷ ലളിതമാകുന്നതോടൊപ്പം തന്നെ തീക്ഷ്ണവുമാകുന്നു. ആധുനികതയുടെ കാലത്ത് മുകുന്ദൻ ഉപയോഗിച്ചിരുന്ന ‘മായക്കാഴ്ചകളുടെ ഭാഷ’ ഇവിടെ മാറിമറിഞ്ഞ്, മണ്ണിന്റെയും വിയർപ്പിന്റെയും കറുത്ത യാഥാർത്ഥ്യത്തിലേക്ക് കാലൂന്നുക കൂടിയാണ്.
നേരത്തേ സൂചിപ്പിച്ചതുപോലെ, കേരളത്തിലെ നവോത്ഥാന നായകരുടെ മാത്രമല്ല, മഹാത്മാ ഗാന്ധി, ബാബാസാഹേബ് അംബേദ്കർ, തുടങ്ങിയ ചരിത്രപുരുഷന്മാരുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകളെക്കൂടി, കൃതിയുടെ അന്തർധാരയായി ഇണക്കിച്ചേര്‍ക്കാന്‍ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്നത് ‘പുലയപ്പാട്ടി’ന്റെ പ്രത്യേകതയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം സവർണ്ണ മേൽക്കോയ്മയുടെ അധികാരക്കൈമാറ്റമായി മാത്രം ഒതുങ്ങിപ്പോകുമോ എന്ന അംബേദ്കറുടെ സന്ദേഹം, ഗൗതമന്റെ ആലോചനകളിലൂടെ കടന്നുപോകുന്നുണ്ടെന്നതും എടുത്തു പറയേണ്ടതുണ്ട്. അതുപോലെ, ‘ഹരിജൻ’ എന്ന ‘ഗാന്ധിയൻ വാത്സല്യവാക്കി’നേക്കാൾ, ‘ദളിത്’ എന്ന പോരാട്ടവീര്യമുള്ള സ്വത്വത്തിലേക്കുള്ള മാറ്റം, നോവല്‍ സജീവമായി കാംക്ഷിക്കുക കൂടി ചെയ്യുന്നുണ്ടെന്നത് വിസ്മരിക്കാനാകില്ല.

സൂക്ഷ്മാര്‍ഥത്തില്‍, ഡൽഹിയുടെ അധികാര ഇടനാഴികളിലിരുന്ന് മുകുന്ദന്‍ എഴുതിയ ‘ഡൽഹി’ (1989)എന്ന നോവലിൽ ജാട്ടിന്റെയും സിഖുകാരന്റെയും രാഷ്ട്രീയപതനങ്ങൾ കണ്ട മുകുന്ദൻ, ‘പുലയപ്പാട്ടി’ൽ എത്തുമ്പോൾ, സമ്പൂര്‍ണ്ണാര്‍ഥത്തില്‍, അടിത്തട്ട് ജനതയുടെയും ദളിത് രാഷ്ടീയത്തിന്റെയും ശക്തനായ ഒരു വക്താവ് തന്നെയായി മാറുന്നു.
എം. മുകുന്ദന്‍ തന്റെ എൺപത്തി നാലാം ജന്മദിനത്തിലെത്തി നില്‍ക്കുന്ന (ശതാഭിഷേകം) ഈ വേളയില്‍, വായനാ സമൂഹം അദ്ദേഹത്തെ ‘മയ്യഴിയുടെ കഥാകാരൻ’ എന്നു മാത്രമായി ഒരിക്കലും ചുരുക്കിക്കാണരുത് എന്നു മാത്രമേ പ്രത്യേകം പറയാനുള്ളൂ. തീര്‍ച്ചയായും വെള്ളിയാങ്കല്ലും ദാസനും ചന്ദ്രികയും എല്ലാം നമ്മുടെ ഗൃഹാതുരതകളാണ്. എന്നാൽ, ആ ഗൃഹാതുരതകളിൽ സ്വയം മറന്ന് അടിഞ്ഞുകൂടാന്‍ അദ്ദേഹം തയ്യാറായില്ല എന്നതാണ് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മുകുന്ദന്റെ വലിയ വിജയം. അതുകൊണ്ടാണ്, മയ്യഴിയിൽ തുടങ്ങി, ഡൽഹിയിലെത്തി, കേശവന്റെ വിലാപങ്ങളിലൂടെ ഇടതുപക്ഷത്തിന്റെ വലിയ ചില വീഴ്ചകളെയും രാഷ്ട്രീയ ഹിംസകളെയും വിചാരണ ചെയ്ത്, ‘നൃത്ത’ ത്തിലൂടെ നവലിബറൽ കാലത്തെ വ്യത്യസ്തമായി അടയാളപ്പെടുത്തി, ഒടുവിൽ ‘പുലയപ്പാട്ടി’ലൂടെ ഒരു ജനതയുടെ നൂറ്റാണ്ടുകളായി ചവിട്ടിമെതിക്കപ്പെട്ട ചേതനയുടെ തുടിപ്പുകളെ മലയാള നോവലിന്റെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ഒരു എഴുത്തുകാരൻ സ്വന്തം കാലഘട്ടത്തോട് മാത്രമല്ല, വിസ്മൃതമായ ചരിത്രത്തോടും എപ്പോഴും കടപ്പെട്ടിരിക്കുന്നു എന്നതിന്റെ മികച്ച സാക്ഷ്യപത്രമായിക്കൂടി ‘പുലയപ്പാട്ട്’ എന്ന രചനയെ കാണാം. ചൂലിന്റെ സ്പര്‍ശം നിമിത്തം അടിയേറ്റുവീണ ദളിത് പെൺശരീരം, നീതിബോധമുള്ള ഒരു ജനതയുടെ സാഹിത്യ ഹൃദയത്തിലെ മുറിവായി എപ്പോഴും നീറിക്കൊണ്ടിരിക്കുമെന്നിടത്താണ്, നോവലിസ്റ്റിന്റെ ആഖ്യാനശക്തി ശരിക്കും പ്രകടമാകുന്നത്.
നോവലിലെ അംബേദ്കറും ‘ജാതി ഉന്മൂലനവും’
ആദ്യം സൂചിപ്പിച്ചതുപോലെ, ഡോ. അംബേദ്കറുടെ ‘ജാതി ഉന്മൂലനം’ ‘(Annihilation of Caste, 1936) എന്ന വിഖ്യാത കൃതിയുടെ ദാർശനികവും രാഷ്ട്രീയവുമായ പ്രതിരോധങ്ങളുടെ സർഗാത്മക സാക്ഷാത്കാരമായിക്കൂടി എം. മുകുന്ദന്റെ പുലയപ്പാട്ട്’ വളരുന്നുണ്ട്. ജാതിയെ ഒരു കേവല തൊഴിൽവിഭജനമായോ ആചാരപരമായ തെറ്റായോ മാത്രം കാണാതെ, മനുഷ്യന്റെ ആത്മാഭിമാനത്തെയും തുല്യതയെയും ഇല്ലായ്മ ചെയ്യുന്ന അധമവ്യവസ്ഥിതി തന്നെയായി തിരിച്ചറിയുന്നിടത്താണ് നോവലനുഭവം അംബേദ്കര്‍ ചിന്തയുമായി സന്ധിക്കുന്നതെന്നു പറയാം. കേവലം തൊഴില്‍വിഭജനം എന്നതിനപ്പുറം തൊഴിലാളിള്‍ക്കിടയില്‍പ്പോലുമുളള ശ്രേണീകൃതമായ തരംതിരിവായിക്കൂടി പ്രവര്‍ത്തിക്കുന്ന ജാതിവ്യവസ്ഥയെ ധീരമായി അഭിസംബോധന ചെയ്യാന്‍ നോവല്‍ മുതിരുന്നു. ‘പുലയപ്പാട്ടി’ൽ പുലയ സമുദായം കൃഷിപ്പണികളിലും കഠിനമായ അധ്വാനത്തിലും തളച്ചിടപ്പെടുന്നത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകൊണ്ടല്ലെന്നും അവരുടെ ജന്മപശ്ചാത്തലം അവർക്കുമേൽ അടിച്ചേൽപ്പിക്കുന്ന പാരമ്പര്യവിധി കൊണ്ടാണെന്നും മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. ഗൗതമന്റെ ജനത മണ്ണിൽ ചോരനീരാക്കി പണിയെടുക്കുമ്പോഴും അവർക്ക് ആ മണ്ണിലോ സ്വന്തം അധ്വാനത്തിന്റെ ഫലത്തിലോ യാതൊരു അവകാശവുമില്ലാത്ത സാഹചര്യം കഠിനതരമാണ്. അധ്വാനിക്കുന്നവനെ ഏറ്റവും അധമനായി കാണുന്ന ബ്രാഹ്മണ്യ യുക്തിയെ നോവൽ കൃത്യമായി വിചാരണ ചെയ്യുക കൂടിയാണെന്ന് സാരം. അതുപോലെ, മാറുമറയ്ക്കാനുള്ള അവകാശവും വഴിനടക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട ദളിത് ശരീരങ്ങളെയാണ് നോവലിൽ നാം കാണുന്നത്. ജാതി എന്നത് ബാഹ്യമായ നിയമം മാത്രമല്ലെന്നും അത് മനുഷ്യശരീരത്തിന്മേലുള്ള അധീശത്വത്തിന്റെയും അധികാരത്തിന്റെയും മുദ്ര കൂടിയാണെന്നും അംബേദ്കർ നിരീക്ഷിച്ചിട്ടുളളത് ഇവിടെ ചേര്‍ത്ത് വായിക്കാം. ചിയ്യയ്യിക്കുട്ടി നേരിടുന്ന അപമാനങ്ങളും ആക്രമണങ്ങളും സൂചിപ്പിക്കുന്നത് കീഴാള സ്ത്രീശരീരത്തെ ഒരു ഉപഭോഗവസ്തുവായും കാഴ്ചവസ്തുവായും നിലനിർത്താൻ സവർണ്ണബോധം ശ്രമിച്ചത് എങ്ങനെയെല്ലാമാണെന്നുകൂടിയാണ്. ആ അര്‍ഥത്തില്‍, തുല്യതയിലേക്കുള്ള ആദ്യചുവട്, സ്വന്തം ശരീരത്തിന്മേലുള്ള സ്വയംനിർണ്ണയാവകാശവും ആത്മാഭിമാനവുമാണെന്ന അംബേദ്കര്‍ നിലപാട് നോവലിലെ പ്രധാന അന്തർധാരയായി വര്‍ത്തിക്കുന്നത് കാണാം. അംബേദ്കറുടെ വിമോചന ത്രയങ്ങളിൽ, പഠിക്കുക സംഘടിക്കുക പോരാടുക എന്നതില്‍, ഒന്നാമത്തേത് ‘പഠിക്കുക’ എന്നതാണ്.

സ്കൂളുകളുടെ തിണ്ണയിൽപോലും കയറാൻ അനുവാദമില്ലാത്ത പുലയക്കുട്ടികളുടെ ദുരവസ്ഥ ‘പുലയപ്പാട്ടി’ൽ ശക്തമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. അക്ഷരം നിഷേധിക്കുക വഴി ഒരു ജനതയെ തലമുറകളോളം അടിമത്തത്തിൽ തളച്ചിടാമെന്ന ഫ്യൂഡൽ തന്ത്രത്തെ ഗൗതമൻ തിരിച്ചറിയുക കൂടി ചെയ്യുന്നു. അറിവിലൂടെയും ബോധോദയത്തിലൂടെയും മാത്രമേ ജാതിയുടെ ചങ്ങലകൾ പൊട്ടിച്ചെറിയാനാകൂ എന്ന സുപ്രധാന സന്ദേശം ഗൗതമന്റെ ചിന്തകളിലും അന്വേഷണങ്ങളിലും തെളിഞ്ഞുനിൽക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. ഗാന്ധിയുടെ സമുദായ സൗഹാർദ്ദ സമീപനത്തോടും ‘ഹരിജൻ’ എന്ന രക്ഷാകർതൃ പദത്തോടും അംബേദ്കർ പുലർത്തിയ വിയോജിപ്പുകൾ ചരിത്രരേഖയാണല്ലോ. ഔദാര്യമല്ല, അവകാശമാണ് വേണ്ടതെന്നായിരുന്നു അംബേദ്കറുടെ പക്ഷം. ‘പുലയപ്പാട്ടി’ലും സവർണ്ണരുടെ കാരുണ്യത്തെയോ പരിഷ്കരണ ശ്രമങ്ങളെയോ ആശ്രയിച്ചുനിൽക്കുന്ന ഒരു സമൂഹത്തെ നമുക്ക് കാണാന്‍ കഴിയുകയില്ല. സ്വന്തം അവകാശങ്ങൾക്കായി കലഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കീഴാളബോധമാണ് നോവലിലും രൂപപ്പെടുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ‘ഹരിജൻ’ എന്ന സംജ്ഞയിൽ അന്തർലീനമായ സഹതാപത്തെക്കാൾ, ‘ദളിത്’ എന്ന പോരാട്ടവീര്യമുളള സ്വത്വബോധമാണ് നോവലിന്റെ ജീവവായുവായി മാറുന്നത് എന്ന് ചുരുക്കം. ഹിന്ദുമതത്തിലെ ജാതിശ്രേണിയെ പരിഷ്കരിക്കാനാവില്ലെന്നും അതിൽനിന്ന് പുറത്തുകടക്കുകയേ നിവൃത്തിയുള്ളൂവെന്നുമുളള അവബോധത്തിലായിരുന്നു അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത്. പുലയപ്പാട്ട് എന്ന രചനയിലെ കേന്ദ്രകഥാപാത്രത്തിന് ‘ഗൗതമൻ’ എന്ന് പേരിട്ടിരിക്കുന്നത് അതുകൊണ്ട് തന്നെ യാദൃച്ഛികമായി കാണാനാകില്ല. ജാതിയും ദുരിതവും നിറഞ്ഞ ചുറ്റുപാടിൽനിന്നുള്ള ബുദ്ധസമാനമായ ഒരു ആത്മീയ-രാഷ്ട്രീയ മോചനത്തിന്റെ പ്രതീകമാണ് നോവലിലെ ഗൗതമൻ. സമത്വവും കരുണയും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഒരു നവലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ബുദ്ധന്റെ നിഴലിലൂടെ മുകുന്ദൻ തന്റെ നോവലിലൂടെ മുന്നോട്ടുവെക്കുന്നത് എന്നു പറഞ്ഞാല്‍ തെറ്റാകില്ല. ചുരുക്കത്തിൽ, അംബേദ്കർ പ്രധാനപ്പെട്ട ഒരു സാമൂഹിക രാഷ്ട്രീയ പ്രബന്ധത്തിലൂടെ മുന്നോട്ടുവെച്ച തീക്ഷ്ണമായ ജാതിവിമർശനത്തെ, മലബാറിന്റെ ചോരയും വിയർപ്പും പുരണ്ട ജീവചരിത്രത്തിലേക്ക് ഭാവനാത്മകമായി പരാവർത്തനം ചെയ്യുകയാണ് എം. മുകുന്ദൻ ‘പുലയപ്പാട്ടി’ ലൂടെ നിർവ്വഹിച്ചത്.
വഴിയും വിദ്യാഭ്യാസവും പ്രതിരോധവും
നേരത്തേ സൂചിപ്പിച്ചതുപോലെ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി തിരുവിതാംകൂറിന്റെ മണ്ണിൽ മഹാത്മാ അയ്യങ്കാളി ജ്വലിപ്പിച്ച കീഴാള വിപ്ലവത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ, എം. മുകുന്ദന്റെ ‘പുലയപ്പാട്ട്’ എന്ന നോവലിൽ ഉത്തരമലബാറിന്റെ ഭൗതിക സാഹചര്യങ്ങളിലേക്കുകൂടി വ്യാപിക്കുന്ന ചരിത്രപരമായ ഒരു തുടർച്ച കാണാം. തെക്കും വടക്കും തമ്മിലുള്ള ഭൂമിശാസ്ത്രപരമായി ദൂരം ഇവിടെ മാഞ്ഞുപോകുകയും, പുലയ സമുദായം അനുഭവിച്ച ജാതീയമായ അടിമത്തവും അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകളും നോവലിനെ, അയ്യങ്കാളി പ്രസ്ഥാനത്തിന്റെ ജീവസ്സുറ്റ ചരിത്രപാഠങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നു. 1893-ൽ വെങ്ങാനൂരിലെ പൊതുവഴിയിലൂടെ വില്ലുവണ്ടി തെളിച്ചുനടന്ന് അയ്യങ്കാളി ലംഘിച്ചത്, ജാതിക്കോമരങ്ങൾ തീർത്ത അദൃശ്യമായ അതിരുകളായിരുന്നു. വഴിനടക്കാനുള്ള അവകാശം വെറുമൊരു സഞ്ചാരപ്രശ്നം മാത്രമല്ലെന്നും മനുഷ്യനായി അംഗീകരിക്കപ്പെടാനുള്ള ആദ്യത്തെ ഉടമ്പടി കൂടിയാണത് എന്നും അയ്യങ്കാളി പ്രഖ്യാപിക്കുക കൂടിയായിരുന്നുവല്ലോ..! ‘പുലയപ്പാട്ടി’ൽ ചിയ്യയ്യിക്കുട്ടിയും ഗൗതമന്റെ തലമുറയും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് തീണ്ടലും പൊതുവഴികളിൽനിന്നുള്ള ആട്ടിയകറ്റലുകളുമാണ് എന്നത് ഇവിടെ പ്രത്യേകം ഓര്‍ക്കാം സവർണ്ണൻ വരുമ്പോൾ വഴിമാറി കുറ്റിക്കാട്ടിലേക്ക് ഒളിക്കേണ്ടിവരുന്ന പുലയരുടെ അപമാനം നോവലിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നു.
ഒരര്‍ഥത്തില്‍, അയ്യങ്കാളി വില്ലുവണ്ടിയിലൂടെ പ്രഖ്യാപിച്ച ആ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കനലുകളാണ് നോവലിലെ കഥാപാത്രങ്ങൾ തങ്ങളുടെ ചുവടുകളിലൂടെ വീണ്ടെടുക്കാൻ ശ്രമിക്കുന്നത് എന്നര്‍ഥം. അതുപോലെ, വെങ്ങാനൂരിൽ ദളിതർക്കായി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതും, പഞ്ചമി എന്ന പുലയബാലികയെ ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിക്കാൻ അയ്യങ്കാളി നടത്തിയ ഐതിഹാസിക സമരവും കേരള ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാണ്. സവർണ്ണർ ആ പള്ളിക്കൂടം തീയിട്ടു നശിപ്പിച്ചപ്പോൾ, “ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടങ്ങളിൽ നെല്ലുവിളയില്ല” എന്ന് പ്രഖ്യാപിച്ചുകൊണ്ട് ചരിത്രത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി പണിമുടക്കിന് അയ്യങ്കാളി നേതൃത്വം നൽകുകയായിരുന്നു. ‘പുലയപ്പാട്ടി’ൽ ഗൗതമന്റെ അക്ഷരങ്ങളോടുള്ള അഭിനിവേശവും, എന്നാൽ സ്കൂൾ പടിവാതിൽക്കൽ പുലയക്കുട്ടികൾ നേരിടുന്ന അവഗണനയും ഈ ചരിത്രയാഥാർത്ഥ്യത്തിന്റെ മറ്റൊരു പതിപ്പായിട്ടാണ് നമുക്ക് മുന്നില്‍ പ്രത്യക്ഷമാകുന്നത്. അക്ഷരം എന്നത് ഒരു സവർണ്ണാവകാശം മാത്രമായിരുന്ന കാലത്ത്, വിദ്യ നിഷേധിക്കപ്പെടുന്നതിലൂടെ അധികാരവും അവകാശവുമെല്ലാം എങ്ങനെ കവർന്നെടുക്കപ്പെടുന്നു എന്ന് നോവൽ കൃത്യമായി വെളിപ്പെടുത്തുന്നു. അയ്യങ്കാളി മുന്നോട്ടുവെച്ച വിദ്യാഭ്യാസപരമായ ആ പോരാട്ടവീര്യമാണ് ഗൗതമനെ പുതിയ ചിന്തകളിലേക്ക് വഴിനടത്തുന്നത്. 1907-ൽ രൂപീകരിച്ച ‘സാധുജന പരിപാലന സംഘം’ വഴി ചിതറിക്കിടക്കുന്ന, അടിച്ചമർത്തപ്പെട്ട ജനതയെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ വലിയൊരളവ് അയ്യങ്കാളിക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ വിലാപങ്ങളെ സംഘടിതമായ സാമൂഹിക ചെറുത്തുനിൽപ്പാക്കി മാറ്റുകയായിരുന്നു ആ പ്രസ്ഥാനം. നോവലിൽ ഗൗതമൻ ഒടുവിൽ എത്തിച്ചേരുന്നത് കേവലമായ ആത്മീയതയിലല്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.

തന്റെ ജനത അനുഭവിക്കുന്ന വിവേചനങ്ങളളെല്ലാം തിരിച്ചറിയുന്ന രാഷ്ട്രീയ ബോധത്തിലേക്കാണ് ഗൗതമന്‍ വാസ്തവത്തില്‍ ഉണരുന്നത്. നിസ്സഹായതയിൽനിന്ന് ആത്മാഭിമാനത്തിലേക്കും പോരാട്ടത്തിലേക്കുമുള്ള ആ പരിണാമം അയ്യങ്കാളി വിഭാവനം ചെയ്ത സംഘടിത പ്രതിരോധത്തിന്റെ ആന്തരസത്ത ഉൾക്കൊള്ളുന്നതാണ് എന്ന് തിരച്ചറിയാൻ ഒട്ടും പ്രയാസമില്ല. അഥവാ അയ്യങ്കാളി തെക്കൻ തിരുവിതാംകൂറിൽ കായികമായും രാഷ്ട്രീയമായും നയിച്ച വിമോചനസമരങ്ങളുടെ അതേ ആത്മാവാണ്, പതിറ്റാണ്ടുകൾക്കിപ്പുറം മലബാറിലെ പുലയജീവിതങ്ങളെ മുൻനിർത്തി എം. മുകുന്ദൻ ‘പുലയപ്പാട്ടി’ലൂടെ പുനരാവിഷ്കരിച്ചത് എന്നര്‍ഥം. ചരിത്രരേഖകളിൽ കാണുന്ന സമരനായകന്റെ കർമ്മവീര്യം, ഒരു നോവലിന്റെ വൈകാരികവും രാഷ്ട്രീയവുമായ ആഖ്യാനതലമായി ഇവിടെ പരിണമിക്കുന്ന എറെ സര്‍ഗാത്മകമായ ഒരു സന്ദര്‍ഭം കൂടിയാണത്. 1915-ൽ കൊല്ലത്തെ പീരങ്കി മൈതാനിയിൽ വെച്ച് പുലയസ്ത്രീകൾ അടിമത്തത്തിന്റെ ചിഹ്നമായ കല്ലുമാലകൾ പരസ്യമായി പൊട്ടിച്ചെറിഞ്ഞ് ‘കല്ലുമാല സമരം’ (പെരിനാട് ലഹള) നടത്തിയതും മാന്യമായ മേല്‍വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങിയതും, കീഴാള സ്ത്രീശരീരത്തിന്മേലുള്ള വിപ്ലവകരമായ ഉടമസ്ഥതാ പ്രഖ്യാപനമായി കണക്കാക്കപ്പെടുന്നു.

‘പുലയപ്പാട്ടി’ൽ ചിയ്യയ്യിക്കുട്ടിയുടെ ശരീരവും മാറുമറയ്ക്കാനുള്ള അവരുടെ ആഗ്രഹങ്ങളും സവർണ്ണന്റെ ആക്രമണങ്ങൾക്ക് ഇരയാകുന്നത് നാം കാണുന്നുണ്ട്. മാറ് മറയ്ക്കുക എന്നത് കേവലം ഒരു തുണിക്കഷണത്തിന്റെ പ്രശ്നമായിരുന്നില്ല എന്നതും അത് ഉടലിനെ അധീശവർഗ്ഗത്തിന്റെ കാഴ്ചവസ്തുവാക്കി മാറ്റുന്ന ഫ്യൂഡൽ സദാചാരത്തിനെതിരെയുള്ള കലാപമായിരുന്നു എന്നതും പ്രധാനപ്പെട്ട ഒരു ചരിത്ര പാഠം തന്നെ ആയിരുന്നല്ലോ. അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കല്ലുമാല പൊട്ടിച്ചെറിഞ്ഞ അതേ സ്ത്രീബോധത്തിന്റെ ജ്വാല തന്നെയാണ് നോവലിലെ പുലയസ്ത്രീകളിലും സജീവമാകുന്നത്.
ഇരട്ട – അടിമത്തവും ഉടലിന്റെ അന്തസ്സും സ്വാതന്ത്ര്യവും
വ്യത്യസ്തമായ മർദ്ദനോപാധികൾ ഒരേസമയം പെൺശരീരത്തിൽ എങ്ങനെയെല്ലാമാണ് മുറിവുകൾ സൃഷ്ടിക്കുന്നത് എന്നതിന്റെ തീക്ഷ്ണമായ പ്രതീകമായിക്കൂടിയാണ് എം. മുകുന്ദന്‍ തന്റെ നോവലിലെ ചിയ്യയ്യിക്കുട്ടിയെ ആവിഷ്കരിച്ചിരിക്കുന്നത്. മലയാള സാഹിത്യത്തിലെ മുഖ്യധാരാ സ്ത്രീപക്ഷ വായനകൾ പലപ്പോഴും സവർണ്ണ-മധ്യവർഗ്ഗ സ്ത്രീകളുടെ മാനസിക സംഘർഷങ്ങളിലോ കുടുംബപരമായ അസ്വസ്ഥതകളിലോ ഒതുങ്ങിനിന്നപ്പോൾ, ചിയ്യയ്യിക്കുട്ടിയിലൂടെ മുകുന്ദൻ മുന്നോട്ടുവെച്ചത്, പച്ചയായ ‘ദളിത് സ്ത്രീപക്ഷ’ നിലപാടു കൂടിയായിരുന്നു. ദളിത് സ്ത്രീ ഒരേസമയം ബാഹ്യലോകത്ത് ജാതിവ്യവസ്ഥയുടെയും, സ്വന്തം സമുദായത്തിനകത്ത് പുരുഷാധിപത്യത്തിന്റെയും ഇരയാണ് എന്ന യാഥാര്‍ഥ്യം നോവല്‍ ഓര്‍മപ്പെടുത്തുന്നു. ജാതി-വർഗം, ലിംഗപദവി എന്നവയെല്ലാം ഭിന്ന മര്‍ദ്ദനോപാധികളായി പ്രവര്‍ത്തിക്കുകയാണ്. ചിയ്യയ്യിക്കുട്ടി ഈ ഇരട്ട മർദ്ദനത്തിന്റെ ആഴം നേരിട്ടറിയുന്ന കഥാപാത്രമാണ്. പാടത്തും പറമ്പിലും സവർണ്ണ ജന്മിമാരുടെ അധ്വാന ചൂഷണവും ലൈംഗികമായ നോട്ടങ്ങളും ചിയ്യയ്യിക്കുട്ടിക്ക് നേരിടേണ്ടിവരുന്നു. സ്വന്തം കുടിലിലും പുരുഷകേന്ദ്രീകൃതമായ സമൂഹത്തിലും നിസ്സഹായതയുടെയും ദാരിദ്ര്യത്തിന്റെയും സമ്മർദ്ദങ്ങൾ താങ്ങേണ്ടിവരുന്നു. അതുപോലെ, ഫ്യൂഡൽ വ്യവസ്ഥിതി കീഴാള സ്ത്രീശരീരത്തെ ഒരു പൊതു ഉപഭോഗവസ്തുവായാണ് കണ്ടത് എന്ന കാര്യം ആദ്യമേ പറഞ്ഞിരിന്നല്ലോ. മാറ് മറയ്ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടത് കേവലമൊരു വസ്ത്രധാരണ പ്രശ്നമായിരുന്നില്ല എന്നതും അവളുടെ ആത്മാഭിമാനത്തെയും സ്വകാര്യതയെയും തകർക്കാനുള്ള ബോധപൂർവ്വമായ സവർണ്ണ തന്ത്രമായിരുന്നു എന്നതും സുവ്യക്തമാണ്. ചിയ്യയ്യിക്കുട്ടി തന്റെ ഉടലിനെ മറയ്ക്കാനും സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങൾ വിപ്ലവകരമായ പ്രതിരോധമായതിന്റെ പശ്ചാത്തലം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഈ കഠിന സംഘര്‍ഷങ്ങള്‍ക്കിടയിലും, ഗൗതമന്റെ വളർച്ചയിലും അവന്റെ തിരിച്ചറിവുകളിലും ചിയ്യയ്യിക്കുട്ടി വഹിക്കുന്ന പങ്ക് നിശ്ശബ്ദമെങ്കിലും അടിയുറച്ചതാണ്. പരമ്പരാഗതമായി സ്ത്രീകൾക്ക് കൽപ്പിച്ചുനൽകിയിട്ടുള്ള കണ്ണീർക്കഥാപാത്രമായി നമ്മള്‍ ചിയ്യയ്യക്കുട്ടിയെ കാണാത്തതും അവൾ പ്രതിരോധത്തിന്റ ആള്‍രൂപമായി നിലകൊള്ളുന്നതിനാലാണ്. പട്ടിണിയുടെയും ജാതിവിവേചനത്തിന്റെയും നടുവിലും കുഞ്ഞിന് അന്നവും അതിജീവനത്തിന്റെ കരുത്തും പകർന്നുനൽകുന്ന ചിയ്യയ്യക്കുട്ടി, കീഴാള അമ്മമാരുടെ അതിജീവന ചരിത്രത്തിന്റെ ജീവസ്സുറ്റ പ്രതീകമാണ്. തലമുറകളായി പകർന്നുനൽകപ്പെട്ട അപമാനങ്ങൾ തന്റെ മകനെ ബാധിക്കരുതെന്ന അവളുടെ ഉള്ളിലെ കനലാണ് ഗൗതമന്റെ ‘ബോധോദയ’ത്തിന് പോലും അടിത്തറയിടുന്നത്. അയാള്‍ രാഷ്ട്രപതി ഭവനിലേക്കെത്തുന്ന ആ ദീര്‍ഘദൂരമത്രയും ചിയ്യയ്യക്കുട്ടി പലരീതിയില്‍ ഒപ്പമുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം. ചുരുക്കത്തില്‍, ചിയ്യയ്യിക്കുട്ടി സഹതാപം അർഹിക്കുന്ന ഒരു നിസ്സഹായ ജന്മമായി നോവലില്‍ എവിടെയും കാണപ്പെടുന്നില്ല. ജാതിയും ലിംഗവിവേചനവും ഒന്നിച്ചുചേർന്ന് ശ്വാസംമുട്ടിച്ച ഒരു ചരിത്രഘട്ടത്തിൽ, ആന്തരികമായ കരുത്തുകൊണ്ടു മാത്രം അതിജീവനത്തിന്റെ പാത വെട്ടിത്തെളിച്ച ധീരയായ കീഴാള പെൺസ്വത്വമായാണ് അവര്‍ പുലയപ്പാട്ടിന് പ്രതിരോധ താളം പകരുന്നത് എന്നു പറയാം. “കൊയ്തു നിവര്‍ന്നു നില്‍ക്കുന്ന ചിയ്യയ്യിക്കുട്ടി. വലതുകൈയില്‍ മുറുകെ പിടിച്ച അരിവാള്‍. മുമ്പില്‍ പുലിമറഞ്ഞ തൊണ്ടച്ചനെ കണ്ടിട്ടെന്നവണ്ണം ചിയ്യയ്യിക്കുട്ടിയുടെ ശരീരം ത്രസിക്കുന്നതായി തോന്നി.” എന്ന് ചിയ്യയ്യക്കുട്ടിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയില്‍ രാഷ്ട്രപതിയായ ഗൗതമന് തോന്നുന്നുണ്ട്. തുടര്‍ന്ന് നോവലന്ത്യത്തില്‍ മുകുന്ദന്‍ എഴുതുന്നു “രാഷ്ട്രപതിയുടെ ജീവിതത്തിലെ ഏറ്റവും നീണ്ട ഒരു രാത്രിയായിരുന്നു അത്.

അദ്ദേഹം പലതവണ സ്വയം ചായയുണ്ടാക്കിക്കുടിച്ചു. പാതിരാവുകഴിഞ്ഞിട്ടും ഒരു ഷാള്‍ പുതച്ച് മഞ്ഞുവീണു തണുത്ത മുഗള്‍ ഗാര്‍ഡനിലൂടെ അദ്ദേഹം ഉലാത്തിക്കൊണ്ടിരുന്നു. അടുത്ത ദിവസം രാജ്യത്തെ അമ്പരപ്പിച്ചുകൊണ്ടു രാഷ്ട്രപതിഭവനില്‍നിന്നു ഒരു അറിയിപ്പുണ്ടായി. അദ്ദേഹം രാഷ്ട്രപതി സ്ഥാനം ഉപേക്ഷിച്ചിരിക്കുന്നു… കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ ക്ഷീണിതനായ ഒരു വൃദ്ധന്‍ സാരനാഥിലെ പുരാതനമായ വീഥികളിലൂടെയും ബോധഗയയിലെ പീപ്പല്‍ വൃക്ഷച്ഛായകളിലൂടെയും ഏകാകിയായി നടന്നുപോകുന്നതു കണ്ടു. പിന്നീട് അയാള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല..” വിമോചനത്തിന്റെ സാമൂഹിക ശാസ്ത്രവും ദൈവശാസ്ത്രവും ഒടുവില്‍ മുകുന്ദന്‍ ഒന്നിച്ച് അവതരിപ്പിക്കുകയാണോ?! എങ്കിലും പൂര്‍ണ്ണതയുടെയും വിടുതിയുടെയും ഒരു ശമതാളത്തിലേക്ക് പുലയപ്പാട്ട് മാറുന്നത് ഇവിടെ നമ്മള്‍ അറിയുന്നു.
‘ആലോകന’ത്തിലെ ആഴക്കാഴ്ചകൾ. രഘുനാഥൻ പറളിയുടെ മറ്റ് ലേഖനങ്ങളിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക






എം മുകുന്ദന്റെ 84-ാം ജന്മദിനത്തിൽ അദ്ദേഹത്തിൻറെ സവിശേഷമായ ഒരു കൃതിയെ പറ്റിയുള്ള രഘുനാഥൻ പറളിയുടെ ഈ രാഷ്ട്രീയ- സാമൂഹിക വിശ്ലേഷണം ഗഹനവും വ്യത്യസ്തവുമാണ്. വിശകലനം ചെയ്യപ്പെടുന്ന ഹൃദയ പോലെ തന്നെ ദാർശനിക മാനങ്ങൾ ഉള്ള ഒരു നിരൂപണം എന്ന് തന്നെ ഇതിനെ അടയാളപ്പെടുത്താം.
ഹൃദയ എന്നത് കൃതിയെ എന്ന് വായിക്കുക
*വിശകലനം ചെയ്യപെടുന്ന കൃതിയെപ്പോലെ തന്നെ
അങ്ങനെയാണ് വായിച്ചത്..!കീബോർഡ് – ടൈപ്പിംഗ് കളികൾ പരിചിതമാണല്ലോ
വിലയേറിയ അഭിപ്രായത്തിന് ഏറെ നന്ദി.. സ്‌നേഹം.. 🙏😊🥰🥰🌿