A Unique Multilingual Media Platform

Articles Cinema Film Review Health

വിഷജന്യ വിഭ്രാന്തികൾ: ‘ടോക്സിക്കി’ലെ രതിയും ചോരയും ഉന്മാദവും

  • August 31, 2026
  • 1 min read
വിഷജന്യ വിഭ്രാന്തികൾ: ‘ടോക്സിക്കി’ലെ രതിയും ചോരയും ഉന്മാദവും

മനുഷ്യന്റെ ആന്തരികലോകം എന്നത് ഇരുണ്ടതും പ്രവചനാതീതവുമായ ഒരു കാടിനു സമാനമാണെന്ന് പറയാറുണ്ട്. അത് ക്യാമറയില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, കൊള്ളസംഘങ്ങളുടെ വെടിവെയ്പ്പും ചോരപ്പുഴയും മാത്രമായിട്ടായിരിക്കില്ല അത് പുറത്തുവരിക. പകരം ആത്മാവിന്റെ ആഴങ്ങളിൽ അടിഞ്ഞുകൂടിയ, വിഷലിപ്തമായ വികാരങ്ങളുടെ വിസ്ഫോടനം കൂടി അവിടെ പ്രതീക്ഷിക്കാം.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രം കേവലമൊരു പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രത്തിന്റെ ചട്ടക്കൂടില്‍ നിൽക്കുന്നില്ല എന്ന് പറയാന്‍ കൂടിയാണ് ഇത്രയും പറഞ്ഞത്. പ്രാഥമിക തലത്തില്‍ ചിത്രം, ഒരു ഗ്യാങ്സ്റ്റർ സിനിമയാണെന്ന് പറയാമെങ്കിലും, ഒരു മനുഷ്യന്റെ മനോവിഭ്രാന്തിയുടെയും അപരിഹാര്യമായ അപകർഷതയുടെയും മന:ശാസ്ത്ര പരമായഅന്വേഷണം കൂടിയാണ് ടോക്സിക് എന്ന് സൂക്ഷ്മാപഗ്രഥനത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഹിംസയെ തന്റെ കടുത്ത ഏകാന്തതയ്ക്കും അരക്ഷിതാവസ്ഥയ്ക്കുമുളള പ്രതിവിധിയോ പ്രതിരോധമോ ആയി കാണുന്ന സങ്കീർണ്ണമായ ഒരു ‘വിഘടിത പൗരുഷം’ ആയിട്ടുകൂടിയാണ്, ‘ടോക്സിക്കി’ലെ, രായ എന്ന സങ്കീര്‍ണ്ണ കഥാപാത്രം (യാഷ്), രൂപപ്പെടുന്നത് എന്ന് എടുത്തു പറയേണ്ടതുണ്ട്.

യാഷ് അവതരിപ്പിക്കുന്ന കഥാപാത്രം

യാഷിന്റെ താരശരീരത്തെ ഒരു മാധ്യമമോ ആയുധമോ ആക്കി മാറ്റിക്കൊണ്ട്, കൊളോണിയൽ ഗോവയുടെ ഇടനാഴികളിലൂടെ, ഗീതു മോഹൻദാസ് നടത്തുന്ന രതിയുടെയും മ‍ൃതിയുടെയും സ്മൃതിയുടെയും എല്ലാം ഒരു ‘ഇരുണ്ട തീര്‍ഥാടനം’ പോലെയാണ് ഈ ചിത്രം നിലകൊള്ളുന്നത്. കാരണം ഇവിടെ, സിനിമാഖ്യാനം എന്നത്, കഥാപാത്ര മനസ്സിന്റെ ഏതെല്ലാമോ അബോധതലങ്ങളിലൂടെയുളള മന:ശാസ്ത്ര സഞ്ചാരമായിക്കൂടി പരിണമിക്കുകയാണ്.


അഹന്തയുടെയും ആത്മനിന്ദയുടെയും അഗ്നിപർവ്വതം

(ബാല്യകാല ആഘാതവും സൂപ്പര്‍ ഈഗോയും)

ചിത്രത്തിന്റെ കേന്ദ്രം രായ എന്ന നായക കഥാപാത്രമാണ്. സിനിമയുടെ ആകെ സ്വഭാവം വലിയതോതില്‍ മന:ശാസ്ത്ര ബന്ധിതമാണെന്നതു കൊണ്ടു തന്നെ, സിഗ്മണ്ട് ഫ്രോയിഡിന്റെ ‘ഈഡിപ്പൽ സംഘർഷം’ (Oedipal Conflict), കാൾ യുങ്ങിന്റെ ‘നിഴൽ സ്വത്വം’ (Shadow Self) എന്നീ സങ്കല്പങ്ങളുടെ പശ്ചാത്തലത്തിൽ  രായയുടെ അസ്തിത്വവും സിനിമയുടെ ആകെ സ്വത്വവും അന്വേഷിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. കുട്ടിക്കാലത്ത് അച്ഛന്റെ കൊലപാതകത്തിനും അമ്മയുടെ അസാന്നിധ്യത്തിനും സാക്ഷിയും ഇരയും ആകേണ്ടി വരുന്ന ഒരു കുട്ടിയിൽ ഉടലെടുക്കുന്ന അരക്ഷിതാവസ്ഥയാണ് രായയുടെ പിൽക്കാല ഹിംസാത്മകതയുടെ വിത്തായി മാറുന്നത്. അത് ഭീതിദമായ വിധത്തില്‍ വളരുന്നത് തുടര്‍ന്ന് നമ്മള്‍ കാണുന്നുണ്ട്. ബാല്യകാല ആഘാതം (Childhood Trauma) എന്നത്, അഥവാ മന:ശാസ്ത്രത്തിൽ പറയുന്ന’റിലേഷൻഷിപ്പ് ഡിറ്റാച്ച്മെന്റ്’ എന്നത്, അവനെ മറ്റു മനുഷ്യരോട് അശേഷം സഹാനുഭൂതിയില്ലാത്ത ഒരു അപകട വ്യക്തിയാക്കി മാറ്റുകയാണ്. മാസ്സ്ചിത്രങ്ങളിലെ നായകന്റെ പതിവ് വീരപരിവേഷങ്ങളില്‍ നിന്ന് മാറി, ഉള്ളിൽ നീറുന്ന വേദനയും ഏകാന്തതയും ഭ്രാന്തും പേറുന്ന ഒരു കഥാപാത്രത്തെയാണ് യാഷ് കൃത്യമായി അവതരിപ്പിച്ചിട്ടുളളതെന്ന് സാരം. രായയുടെ കണ്ണുകളിലെ ശൂന്യത ഈ സിനിമയുടെ ഏറ്റവും വലിയ കരുത്താകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്ന ‘ഗംഗ’ എന്ന കഥാപാത്രം

നയൻതാര അവതരിപ്പിക്കുന്ന ഗംഗ, വെറുമൊരു സഹോദരി മാത്രമല്ല എന്നു നാം തിരിച്ചറിയുന്നതും ഈ സാഹചര്യത്തിലാണ്. അവൾ രായയുടെ സൂപ്പർ ഈഗോ(Superego) എന്ന നിലയിലും കൂടി പ്രവര്‍ത്തിക്കുകയാണ് എന്നു പറയേണ്ടി വരുന്നു. രായയുടെ ജീവിതത്തിലെ നിയന്ത്രണരേഖയും ധാർമ്മികമായ മനസ്സാക്ഷിയുമായി ഗംഗ ചിത്രത്തിലുടനീളം തന്റെ സാന്നധ്യം അറിയിക്കുന്നു. സഹോദരബന്ധത്തിന്റെ സ്നേഹത്തോടൊപ്പം തന്നെ അയാളുടെ കൊടുംക്രൂരതകളോടുള്ള വിയോജിപ്പും അവരുടെ സമീപനങ്ങളി‍ല്‍ തെളിയുന്നുണ്ട്. അതേസമയം തന്നെ, രായയെ സംരക്ഷിക്കുകയും ഒപ്പം അധോലോകത്തിന്റെ ക്രൂരതകളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഒരു വിഷലിപ്തമാതൃബിംബമായിക്കൂടി (Toxic Maternal Figure) ഗംഗ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുമുണ്ട്. സൂക്ഷ്മാപഗ്രഥനത്തില്‍, അത് അവരുടെ ബാല്യകാലത്തെ കയ്പുകളുടെ ബാക്കിപത്രം കൂടിയാണെന്ന് മനസ്സിലാക്കാം. രായയുടെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത് ഗംഗയുടെ ഈ അദൃശ്യമായ ആധിപത്യമാണ് എന്നത് ചിത്രത്തിലെ സുപ്രധാന ഘടകമായിത്തീരുന്നു.

 

വിഭജിക്കപ്പെട്ട-വിച്ഛേദിക്കപ്പെട്ട അഹം

സിനിമയുടെ രണ്ടാം പകുതിയിൽ മകനായി പ്രത്യക്ഷനാകുന്ന റൂമി അഥവാ ‘ടിക്കറ്റ്’ എന്ന കഥാപാത്രം (യാഷ്), വാസ്തവത്തിൽ പുറത്തുനിന്നുള്ള ഒരാളല്ല എന്ന് നമ്മള്‍ ക്രമേണ തിരിച്ചറിയുന്നുണ്ട്. രായയുടെ മനസ്സിലെ കഠിനമായ കുറ്റബോധവും സ്വയം ശിക്ഷിക്കാനുള്ള ത്വരയുമാണ്; അല്ലെങ്കില്‍ അതില്‍നിന്ന് ഉടലെടുക്കുന്ന പറഞ്ഞാല്‍ മൃത്യുബോധവും മൃത്യുകാമനയുമാണ് (Thanatos and Death Drive), അയാളിലെ സങ്കീര്‍ണ്ണമായ ഒരു വിഭ്രാന്തിയായുംവിഭക്ത വ്യക്തിത്വ പ്രതീതിയായും (Split Personality Hallucination ) മാറുന്നത്. തന്റെ ഭൂതകാലത്തെയും താൻ ചെയ്ത പാപങ്ങളെയും, പുറത്തുനിന്നുളള ഒരു ശത്രുവായി കണ്ട് യുദ്ധം ചെയ്യാൻ രായ നടത്തുന്ന ഈ ശ്രമം, ഒരു തരം നിഴല്‍ യുദ്ധം, മന:ശാസ്ത്രപരമായി, ഏറെ ശ്രദ്ധ ആവശ്യപ്പെടുന്ന സനിമാ സന്ദര്‍ഭം കൂടിയാണ്. ഒരു ജനപ്രിയ താരത്തിന്റെ പതിവ് വേഷപ്പകർച്ചകളിൽ നിന്നെല്ലാം സ്വയം കുതറിമാറിക്കൊണ്ട് യാഷ് എന്ന നടൻ രായ എന്ന കഥാപാത്രമായി മാറിയിരിക്കുന്ന കാഴ്ച എടുത്തുപറയേണ്ടതാണ്. നന്മയുടെ ഒരു കണിക പോലും അവകാശപ്പെടാനില്ലാത്ത, എന്നാൽ ഉള്ളിന്റെയുള്ളിൽ തീരാവേദനകളുടെ കനലുകൾ പേറുന്ന ഒരു നായകസങ്കൽപ്പത്തെയാണ് ഇവിടെ നടന്‍ അവതരിപ്പിക്കുന്നത്.

ആദ്യം സൂചിപ്പിച്ചതുപോലെ, കുട്ടിക്കാലത്ത് കടന്നുപോയ വലിയ മുറിവുകലും കൊടുംക്രൂരതകളും കാലക്രമേണ മറ്റുള്ളവരോടുള്ള അടങ്ങാത്ത പകയായിട്ടാണ് രൂപാന്തരപ്പെടുന്നത് അധികാരത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറുമ്പോഴും അയാളുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നത് ശാന്തിയല്ല; ഏകാന്തതയുടെ കൊടുംശൂന്യതയാണ്. യാഷിന്റെ പരുക്കൻ ഭാവങ്ങളും, വാക്കുകളേക്കാൾ തീവ്രമായി സംസാരിക്കുന്ന ശരീരഭാഷയും ഈ കഥാപാത്രത്തിന് അപൂർവ്വമായൊരു ഭാരവും ഗാംഭീര്യവും നൽകുന്നുണ്ടെന്നത് സിനിമയെ വ്യത്യസ്തമാക്കുന്നു. നായകന്റെ ഉള്ളിലെ ഇരുട്ടിനെ ഇത്രമേൽ വിട്ടുവീഴ്ചയില്ലാതെ അവതരിപ്പിക്കാൻ ഒരു സൂപ്പർതാരം തയ്യാറായി എന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ധീരമായൊരു ചുവടുവെപ്പാണെന്ന് പറയാം. സാധാരണ വാണിജ്യ ആക്ഷൻ ചിത്രങ്ങളിൽ സ്ത്രീകൾ വെറും കാഴ്ചവസ്തുക്കളോ പ്രതികാരത്തിനുള്ള പ്രേരണയോ മാത്രമാകുമ്പോൾ, ഇവിടെ ഗംഗ മാത്രമല്ല, നാദിയ (കിയാര അദ്വാനി), എലിസബത്ത് (ഹുമാ ഖുറേഷി), മെലീസ (രുക്മിണി വസന്ത്) എന്നിവരെല്ലാം അധികാരവും വികാരങ്ങളും സ്വന്തമായി പ്രകടിപ്പിക്കുന്ന ശക്തമായ സാന്നിധ്യങ്ങളായി മാറുകയാണ്. സംവിധായികയുടെ സിനിമാ സങ്കല്പങ്ങള്‍ക്ക് അടിവരയിടുന്ന കഥാപാത്രങ്ങളായിക്കൂടിയാണ് അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെട്ടിട്ടുളളത് എന്ന് തീര്‍ച്ചയായും തോന്നിപ്പോകും. ഒരര്‍ഥത്തില്‍, നാദിയയിലൂടെ, രായ തേടുന്നത് അവൻ നഷ്ടപ്പെടുത്തിയ, അവന്റെ തന്നെ നിഷ്കളങ്കതയെയാണെന്ന് പറയണം.സർക്കസ് കൂടാരത്തിലെ അഭ്യാസിയായ നാദിയ, നായകന്റെ ഹിംസാത്മകമായ പുരുഷബോധത്തെ ചോദ്യം ചെയ്യുന്ന സ്നേഹത്തിന്റെ തീക്ഷ്ണമായ ഒരു മുഖം തന്നെയാണ്. ആക്രമണവും ആധിപത്യവുമല്ല, വാത്സല്യമാണ് ജീവിതമെന്ന് രായയെ ഓർമ്മിപ്പിക്കുന്ന അവരുടെ രംഗങ്ങൾ സിനിമയ്ക്ക് കാവ്യാത്മകമായ ഒരു ആഴം പകരുക കൂടി ചെയ്യുന്നുണ്ട്. അതുപോലെ, രായയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നമറ്റ് സ്ത്രീ കഥാപാത്രങ്ങളും അധികാരത്തിന്റെയും അതിജീവനത്തിന്റെയും വ്യത്യസ്തമായ ഏടുകളായി മാറി ചിത്രത്തിന്റെ സങ്കീർണ്ണത വര്‍ദ്ധിപ്പിക്കുന്നു.

 

ഗോവന്‍ ഇടനാഴികള്‍– കാഴ്ചയും കേള്‍വിയും

ഛായാഗ്രഹണത്തിൽ രാജീവ് രവി പുലർത്തിയിരിക്കുന്ന അനന്യത സിനിമയുടെ ഓരോ ഫ്രെയിമിലും അനുഭവവേദ്യമാണ്. പ്രകൃതിഭംഗിയുള്ള ഗോവയല്ല, മറിച്ച് ചതിയും ഭയവും തളംകെട്ടിനിൽക്കുന്ന മറ്റൊരു ഗോവയാണ് ചിത്രത്തില്‍ തെളിയുന്നത്. പശ്ചാത്തലത്തിലുള്ള വിന്റേജ് ലോകം, പ്രകാശവും നിഴലും ഇടകലർന്ന ഫ്രെയിമുകൾ, പുകച്ചുരുളുകളും ഇരുട്ടും നിറഞ്ഞ ബാറുകൾ എന്നിവ കഥാപാത്രങ്ങളുടെ മനസ്സിലെ ആശയക്കുഴപ്പങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.

ഗോവയിലെ തെരുവുകൾ

സാങ്കേതികമായി സിനിമ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുണ്ടെന്ന് ഈ സാഹചര്യത്തില്‍ പറയാം. ഒടുവിൽ കഥ ചെന്നെത്തുന്ന മഞ്ഞുമൂടിയ മലനിരകളും, കഥാഗതിക്കനുസൃതമായി, ഒരേസമയം വിഷാദാത്മകവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. രവി ബസ്രൂറിന്റെ സംഗീതം, ആക്ഷൻ രംഗങ്ങളിൽ ഇരമ്പിയാർക്കുമ്പോഴും, കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളിൽ ഒരു വേദനയായി പടരുന്നുണ്ട്. അന്തരീക്ഷ സൃഷ്ടിയിൽ വസ്ത്രാലങ്കാരവും രംഗസജ്ജീകരണവും പുലർത്തിയ കൃത്യത സിനിമയുടെ സാങ്കൽപ്പിക ലോകത്തിന് വലിയൊരു വിശ്വസനീയത നൽകുന്നുണ്ട്.

 

വീഴ്ചകളും പരിമിതികളും

കഥ പറയുന്നത് ആരാണെന്നതിലും, കാണുന്ന ദൃശ്യങ്ങളിൽ ഏതാണ് യാഥാർത്ഥ്യമേത് രായയുടെ ഭ്രമാത്മക ചിന്തകളേത് എന്നതിലും സംവിധായിക പുലർത്തിയ അവ്യക്തത ബൗദ്ധികമായി ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മൂന്ന് മണിക്കൂറിലധികം നീളുന്ന സിനിമയിൽ പലയിടത്തും ആഖ്യാനത്തിന് വലിയ മന്ദത അനുഭവപ്പെടുന്നത് കാഴ്ചയിലെ മറ്റൊരു പ്രതിസന്ധിയാണ്. ചില വൈകാരിക മുഹൂർത്തങ്ങൾ ആവർത്തനവിരസമായി അനുഭവപ്പെടുന്നു. സിനിമയുടെ ആന്തരിക തലങ്ങളെക്കാൾ ചില രംഗങ്ങളിൽ അമിതമായ അക്രമത്തിനും ചോരക്കളികൾക്കും പ്രാധാന്യം നൽകിയത് സാധാരണ പ്രേക്ഷകരെ അകറ്റിനിർത്താൻ സാധ്യതയുണ്ട്. വയലൻസ് പലപ്പോഴും മനശ്ശാസ്ത്രപരമായ ആവശ്യത്തിനപ്പുറത്തേക്ക് വാണിജ്യ ഘടകമായി തരംതാഴുന്നു എന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. സാധാരണ പ്രേക്ഷകർ കാത്തിരുന്ന ലളിതമായ ഒരു കൊമേഴ്സ്യൽ ആക്ഷൻ എന്റർടെയ്നർ എന്നതിലുപരി, സങ്കീർണ്ണമായ ഒരു ആർട്ട്-ഹൗസ് ഗ്യാങ്സ്റ്റർ നാടകമായി ചിത്രം മാറിയത് പലർക്കും ഉൾക്കൊള്ളാൻ പ്രയാസമുണ്ടാക്കാം. അതുപോലെ, തിരക്കഥയിലെ ചില വഴിത്തിരിവുകൾ, പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുമെന്നതും സ്വഭാവികം.

ഗീതു മോഹൻദാസ്, ചിത്രത്തിൻറെ സംവിധായക

ഈ പരിമിതികളിലും, അധികാരവും ആഗ്രഹങ്ങളും ഒരു മനുഷ്യനെ എങ്ങനെയെല്ലാം വിഴുങ്ങുന്നുവെന്നും, സ്വന്തം അപരാധബോധത്തിന്റെ വൈപുല്യം വ്യക്തിയെ എങ്ങനെ വേട്ടയാടുന്നുവെന്നും അന്വേഷിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് ടോക്സിക്എന്ന് പറയാം. വാണിജ്യ സിനിമയുടെ വലിയ ക്യാൻവാസിൽ നിന്നുകൊണ്ട് മനുഷ്യന്റെ ഇരുണ്ട അബോധമനസ്സിനെ തുറന്നുകാട്ടാൻ ഗീതു മോഹൻദാസ് പ്രകടിപ്പിക്കുന്ന ധൈര്യം ഇന്ത്യൻ സിനിമയിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് പറയേണ്ടി വരും. ചുരുക്കത്തില്‍, വെറുമൊരു മാസ്സ് ചിത്രത്തിനപ്പുറം മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെ മന:ശാസ്ത്രപരമായി സമീപിക്കുന്ന സിനിമാസാധ്യത ഇഷ്ടപ്പെടുന്നവർക്ക്അവര്‍ക്ക് മാത്രം,ടോക്സിക്’ ഒരു പുതിയ അനുഭവമായിരിക്കും.


‘ആലോകന’ത്തിലെ ആഴക്കാഴ്ചകൾ. രഘുനാഥൻ പറളിയുടെ മറ്റ് ലേഖനങ്ങളിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


About Author

രഘുനാഥന്‍ പറളി

നിരൂപകന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍, പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ്‌. 1974 മെയ്‌ 28ന്‌ പാലക്കാട്‌ ജില്ലയിലെ പറളിയില്‍ ജനിച്ചു. ദര്‍ശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, ചരിത്രം എന്ന ബലിപീഠം, മൗനം എന്ന രാഷ്ട്രിയ രചന (വാക്കുകൾ സാക്ഷ്യങ്ങള്‍), സെല്ലുലോയ്ഡിലെ ചില്ലുപടവുകള്‍ (സിനിമ) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച പ്രധാന നിരൂപണ കൃതികള്‍. 'സ്ഥലം ജലം കാലം' എന്ന പുസ്തകം ആത്മകഥാംശമുള്ള നിരൂപണ കൃതിയാണ്‌. ഡ്രീനാ നദിയിലെ പാലം, പെനാള്‍ട്ടി കാക്കുന്ന ഗോളിയുടെ ഉദ്വേഗം, ജീവിതത്തിലെ ഒരു ദിവസം എന്നീ കൃതികള്‍ (കെ.പി രാജേഷുമൊത്ത്‌) മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. സി.പി രാമചന്ദ്രൻ-സംഭാഷണം, സ്മരണ, ലേഖനം (മലയാളിയായ പ്രമുഖ ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകന്‍ സി.പി രാമചന്ദ്രനെക്കുറിച്ചുളള പുസ്തകം), വിശ്വോത്തര കഥകൾ- രാഷ്ട്രിയ കൊലപാതകങ്ങൾ എന്നീ കൃതികളുടെ എഡിറ്റര്‍ ആണ്‌.

Subscribe
Notify of
guest
7 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
K T DINESH

മലയാള സിനിമാ നിരൂപണം ഇത്രയേറെ ആഴമുള്ളതാവുന്നത് അപൂർവം. രഘുനാഥൻ പറളിക്കും ഐഡം പോർട്ടലിനും അഭിനന്ദനങ്ങൾ. 🌺

Reghunathan Parali

വിലപ്പെട്ട ‘ഫീഡ്ബാക്കി’ന് ഏറെ നന്ദി..!

Reghunathan Parali

🙏🥰🥰🌿

Pjj Antony

A genuine entry into a NEW cinematic experience. Commendable indeed. Congratulations 💐

Reghunathan Parali

Thanks a lot.. 🙏🥰🌿

RAJESH KP

HELLO REGHU,

It is the era of Malayalam Directors/ producers thinking and executing movies which have shattered the boundaries of Just our state Kerala… Making a PAN INDIAN movie has its lures beyond Box office collection to Accreditation among Actors from Hindi & other states like TAMILNADU, KANNADA etc.

Prithviraj in both Lucifer and Empuraan tried to get the equation correct… EMPURAAN specifically has gone beyond Indian barriers and tried to make it almost like a Hollywood creation… But the film got so much mired In Political Posturing, this risk taking by the producer etc didn’t get the kind of admiration Lucifer did. Further the script didn’t live upto the expectations of a MURALI GOPI movie….

This is where I would like to point out a certain dichotomy. Just having Actors from different languages will not make it a PAN INDIAN MOVIE.

DRISHYAM was never meant to be a PAN INDIAN MOVIE…it didn’t have a single actor outside the state…But the unbelievable success of the movie, got it created in HINDI , with top tier actors, and predictably Super Success… Almost Parallelly, JEETHU JOSEPH directed the movie in TAMIL with the acting genius Kamal Hassan, again creating a success…I think it was made in Telugu as well…So, a film with a low budget went on to become a PAN INDIAN MOVIE in a sense.

The producer+ director of EMPURAAN had gone into extraordinary lengths to make it a PAN INDIAN sensation…The budget was colossal…Yet , it was never made into another language, because the lead actor Mohanlal’s scenes in the movie, were largely action oriented.
💥💥💥💥💥💥💥

Now , on reading this review, I was most fascinated with the psychological inputs YOU have introduced into this analysis. I have no shame in admitting that beyond 2/3 terms you have inputted, I am being introduced to some fascinating Psychological terms. Obviously the Director was very ambitious in her efforts. Some minor details you have mentioned, like the dark underbelly of GOA, would make anyone watch the movie. Bye and large, Goa has been portrayed in a benign manner…My memory suddenly goes to the spectacular success of 2001, ” DIL CHAHTA HAI” , with an ensemble cast Led by AAMIR KHAN… The scenes involving Goa are one of the highlights of the movie

Gangster movies are a genre by itself…. HOLLYWOOD has
Martin Scorsese, who has produced such a huge number of gangster movies. Coming back to India, we have our own Martin Scorsese, Ram Gopal Varma…

In 2001, he managed to pull off a coup in coming out with “COMPANY” , which has our very own, Mohanlal playing a very pivotal role
💥💥💥💥💥💥💥💥💥💥

Again coming to your review, One really hopes the movie fetches the kind of success the extraordinary script and screenplay you have written about, deserves.

And lastly, as ever I am enthralled by the background research you have done in writing this review. I am halfway through a bachelor’s degree in psychology, by reading this review.😄😁

Reghunathan Parali

Cinema truly transcends geography when psychological depth and honest storytelling take over; grand spectacles may sell tickets, but authentic human conflict is what crosses borders without a passport. Your reflections beautifully capture that pulse, bridging cinematic craft with genuine observation. Thank you for reading so deeply and paying attention to the subtle nuances of the piece. Thanks for your time too. And let these views may take shape as your own writings too. Love and regards..🙏😊🥰🥰🌿

Last edited 2 hours ago by Reghunathan Parali

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

7
0
Would love your thoughts, please comment.x
()
x