ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിപ്ലവവീര്യത്തിന്റെ ജ്വാല പടർത്തിയ മന്ത്രധ്വനിയാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച ‘വന്ദേമാതരം’. എന്നാൽ, ഇന്ത്യയുടെ ദേശീയഗീതമായി (National Song) അംഗീകരിക്കപ്പെട്ട ഈ രചനയെച്ചൊല്ലിയുള്ള രാഷ്ട്രീയ, മത, ചരിത്ര സംവാദങ്ങൾ ഇന്നും സജീവമാണ്. ഒരു ദേശഭക്തിഗാനത്തിന് അപ്പുറത്തേക്ക്, ഹൈന്ദവ ദേവതാ സങ്കല്പങ്ങളും കൊളോണിയൽ കാലഘട്ടത്തിലെ സങ്കീർണ്ണമായ രാഷ്ട്രീയ സമവാക്യങ്ങളും ഇഴചേർന്നുനിൽക്കുന്ന ഒന്നാണ് വന്ദേമാതരത്തിന്റെ സമ്പൂർണ്ണരൂപവും അത് ഉൾക്കൊള്ളുന്ന ‘ആനന്ദമഠം’ (Anandamath – 1882) എന്ന ചരിത്ര നോവലും എന്ന് നിശ്ചയമായും പറയേണ്ടി വരും.

വന്ദേമാതരവും വിവാദ പശ്ചാത്തലവും
ബങ്കിംചന്ദ്ര ചാറ്റര്‍ജി, 1870-കളിൽ സ്വതന്ത്രമായി എഴുതിയ ഒരു കവിതയായിരുന്നു ‘വന്ദേമാതരം’. പിന്നീട് 1882-ൽ പ്രസിദ്ധീകരിച്ച ‘ആനന്ദമഠം’ എന്ന നോവലിൽ അദ്ദേഹം ഈ ഗാനം ഉൾപ്പെടുത്തുകയായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ച ഒരു യുദ്ധമുദ്രാവാക്യമായോ വിപ്ലവഗാനമായോ ഈ രചന മാറി. എങ്കിലും, വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രധാന തർക്കങ്ങൾക്ക് വ്യക്തമായ ചില കാരണങ്ങള്‍ നമുക്ക് എളുപ്പം തിരിച്ചറിയാനാകും. ആദ്യത്തെ രണ്ട് ചരണങ്ങളും തുടർന്നുവരുന്ന ചരണങ്ങളും തമ്മില്‍, സന്ദേശത്തിലും സങ്കല്പത്തിലുമുളള കാതലായ വ്യത്യാസമാണ് ഈ തർക്കങ്ങളുടെ അടിസ്ഥാനമാകുന്നത്. ആദ്യ രണ്ട് ചരണങ്ങൾ (മതേതര പ്രകൃതി വർണ്ണന) ഇതിൽ ഭാരതഭൂമിയെ ജലസമൃദ്ധിയും ഫലസമൃദ്ധിയും കുളിർകാറ്റും നിറഞ്ഞ ഒരു മാതൃസങ്കല്പമായി മാത്രമാണ് വണങ്ങുന്നത്.

“വന്ദേ മാതരം സുജലാം സുഫലാം മലയജശീതളാം ശസ്യശ്യാമളാം മാതരം! ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം ഫുല്ലകുസുമിത ദ്രുമദളശോഭിനീം സുഹാസിനീം സുമധുര ഭാഷിണീം സുഖദാം വരദാം മാതരം! വന്ദേ മാതരം.”
തുടർന്നുള്ള ചരണങ്ങൾ, പ്രത്യേകിച്ച്, മൂന്നാമത്തെ ചരണത്തിനു ശേഷം മാതൃഭൂമിയെ ഹൈന്ദവ പുരാണങ്ങളിലെ ദേവിമാരായ ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നിവരുമായി നേരിട്ട് താദാത്മ്യപ്പെടുത്തുന്നു:
“ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ കമലാ കമലദളവിഹാരിണീ വാണീ വിദ്യാദായിനീ ത്വാം നമാമി കാമിനീം അമലാമതുലാം സുജലാം സുഫലാം മാതരം…” (പത്ത് ആയുധങ്ങളേന്തിയ ദുർഗ്ഗ നീയാണ്, താമരപ്പൂവിൽ വസിക്കുന്ന ലക്ഷ്മി നീയാണ്, വിദ്യയേകുന്ന സരസ്വതിയും നീയാണ്; നിന്നെ ഞാൻ വണങ്ങുന്നു).
ഏകദൈവ വിശ്വാസവും വിഗ്രഹാരാധനാ നിരോധനവും ഉളളവര്‍ക്കിടയില്‍ മതാത്മകബിംബങ്ങള്‍ സംഘര്‍ഷമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഇസ്‌ലാം, ക്രിസ്തുമതം, സിഖ് മതം തുടങ്ങിയ മതവിഭാഗങ്ങൾ ഏകദൈവത്തിൽ മാത്രം വിശ്വസിക്കുന്നവരാണ്. ഭൂമിയെയോ ഏതെങ്കിലും മനുഷ്യരൂപങ്ങളെയോ ദൈവമായി സങ്കല്പിച്ചു പൂജിക്കുന്നതും വിഗ്രഹവൽക്കരിക്കുന്നതും അവരുടെ മതപരമായ അടിസ്ഥാന പ്രമാണങ്ങൾക്ക് (ഉദാഹരണത്തിന് ഇസ്ലാമിലെ ‘തൗഹീദ്’ അഥവാ ഏകദൈവ സിദ്ധാന്തം) വിരുദ്ധമാണ്. ബഹുസ്വരവും ജനാധിപത്യപരവുമായ ഒരു പരമാധികാര രാഷ്ട്രത്തിൽ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ദേവതകളെയും പ്രതീകങ്ങളെയും, മുഴുവൻ പൗരന്മാരുടെയും ദേശഭക്തി പ്രകടനത്തിനുള്ള ഉപാധിയാക്കുന്നത് മതേതര തത്വങ്ങൾക്ക് നിരക്കുന്നതല്ല എന്ന വാദം വിവാദത്തിന് ആക്കം കൂട്ടുന്നുണ്ട്. അതുപോലെ, ‘ആനന്ദമഠം’ നോവലില്‍, സന്താനസേന മുസ്ലിം ഭരണാധികാരികൾക്കെതിരെ യുദ്ധം ചെയ്യുമ്പോഴാണ് ഈ ഗാനം ഒരു യുദ്ധകാഹളമായി പാടുന്നത് എന്ന സാഹചര്യവുമുണ്ട്. അതിനാൽ ഈ ഗാനത്തിന് ചരിത്രപരമായിത്തന്നെ ഒരു പ്രത്യേക ശത്രുതാ സ്വഭാവമുണ്ടെന്ന നിരീക്ഷണവും, വിമര്‍ശകര്‍ ഉന്നയിക്കുന്നു.
രവീന്ദ്രനാഥ ടാഗോറിന്റെ നിലപാട്
1937-ൽ ഫൈസ്പൂരിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി, വന്ദേമാതരത്തെ സംബന്ധിച്ച വിവാദങ്ങൾ പഠിക്കാൻ രവീന്ദ്രനാഥ ടാഗോർ, ജവഹർലാൽ നെഹ്റു, മൗലാനാ അബുൽ കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ് എന്നിവരടങ്ങുന്ന ഒരു ഉപസമിതിയെ നിയോഗിച്ചു.

അവിടെ ടാഗോർ വ്യക്തമാക്കിയത്, ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മനോഹരമായ പ്രകൃതിവർണ്ണനയും മാതൃഭൂമി സ്നേഹവുമാണ് പ്രകടമാക്കുന്നത് എന്നും അതേസമയം തുടർന്നുള്ള ഭാഗങ്ങൾ ദുർഗ്ഗാദേവിയെ സ്തുതിക്കുന്ന തികച്ചും മതപരമായ പൂജാസ്തോത്രങ്ങളാണ് എന്നുമാണ്. ടാഗോറിന്റെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ദേശീയപ്രസ്ഥാനത്തിന്റെ പൊതുവേദികളിൽ ആലപിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950 ജനുവരി 24-ന് ഭരണഘടനാ അസംബ്ലി പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് ഔദ്യോഗികമായി ഈ ആദ്യ രണ്ട് ചരണങ്ങളെ ഇന്ത്യയുടെ ‘ദേശീയഗീതമായി’ പ്രഖ്യാപിക്കുകയും ചെയ്തു.
ആനന്ദമഠത്തിന്റെ ചരിത്രഭൂമിക
1770-ൽ ബംഗാളിലുണ്ടായ അതിഭീകരമായ ക്ഷാമത്തിന്റെയും (ബംഗാളി കലണ്ടർ പ്രകാരം 1176-ൽ നടന്നതിനാൽ ബംഗാളി ഭാഷയില്‍ ‘ഛിയാത്തറേർ മോൺവൊന്തോർ’ എന്ന് വര്‍ഷത്തെക്കുറിക്കുന്ന രീതിയില്‍ അറിയപ്പെടുന്നു), അതിനെത്തുടർന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനെതിരെ സന്യാസിമാരും ഫക്കീർമാരും നയിച്ച ‘സന്യാസി കലാപ’ത്തിന്റെ (Sanyasi Rebellion) പശ്ചാത്തലത്തിലാണ് ബങ്കിംചന്ദ്ര വാസ്തവത്തില്‍ ‘ആനന്ദമഠം’ രചിക്കുന്നത്.

പട്ടിണിയും ദുരിതവും കാരണം ഗ്രാമങ്ങൾ ശ്മശാനതുല്യമാകുന്ന ഭീകരമായ അന്തരീക്ഷത്തിലാണ് നോവൽ ആരംഭിക്കുന്നത്. ‘പദചിഹ്നം’ എന്ന സമ്പന്ന ഗ്രാമത്തിലെ ഭൂപ്രഭുവായ മഹേന്ദ്രസിംഹനും ഭാര്യ കല്യാണിയും മകൾ സുകുമാരിയും പട്ടിണിമൂലം നാടുവിടാൻ നിർബന്ധിതരാകുന്നു. യാത്രാമധ്യേ അവർ കൊള്ളക്കാരുടെ കയ്യിൽപ്പെടുകയും പിന്നീട് ഭവാനന്ദൻ, സത്യാനന്ദൻ എന്നീ സന്യാസിമാരാൽ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന്, സത്യാനന്ദൻ നയിക്കുന്ന ‘സന്താനങ്ങൾ’ എന്ന സന്യാസി സംഘത്തിലേക്ക് മഹേന്ദ്രൻ ആകർഷിക്കപ്പെടുന്നു. മാതൃഭൂമിയെ അമ്മയായി കണ്ട്, അവരെ വിദേശ/അന്യ ഭരണാധികാരികളുടെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കാൻ ലൗകിക സുഖങ്ങളും കുടുംബബന്ധങ്ങളും ജാതിവ്യത്യാസങ്ങളും പൂർണ്ണമായി ത്യജിക്കുന്നവരാണ് സന്താനങ്ങൾ. വിഷ്ണുഭക്തിയും മാതൃഭൂമിപൂജയും ആയുധപരിശീലനവും സമന്വയിപ്പിച്ച ഒരു രഹസ്യ സായുധ വിപ്ലവ സംഘമായാണ് അത് നിലകൊള്ളുന്നത്.
നോവലിലെ വന്ദേമാതരം (സാഹിത്യ-ദാർശനിക തലം)
നോവലിൽ ഭവാനന്ദൻ എന്ന സന്യാസി മഹേന്ദ്രനെ വനത്തിലൂടെ ആനന്ദമഠത്തിലേക്ക് നയിക്കുന്ന രംഗത്താണ് ‘വന്ദേമാതരം’ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. നിശബ്ദമായ രാത്രിയിൽ ഭവാനന്ദൻ ഗാനം ആലപിക്കുമ്പോൾ മഹേന്ദ്രൻ അതിലെ മാതൃസങ്കല്പത്തെക്കുറിച്ച് ചോദിക്കുന്ന ഭാഗം വളരെ നിർണ്ണായകമാണ്: ഭവാനന്ദൻ “വന്ദേ മാതരം…പാടുമ്പോള്‍ മഹേന്ദ്രൻ ചോദിക്കുന്നു-“ഇത് ഏത് അമ്മയാണ്? സുജലയും സുഫലയുമായ ഈ അമ്മ ആരാണ്?” ഭവാനന്ദൻ മറുപടി നൽകുന്നു “ഞങ്ങൾക്ക് മറ്റൊരു അമ്മയില്ല. ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസീ. ഞങ്ങൾ മാതൃഭൂമിയെ അല്ലാതെ മറ്റൊരു അമ്മയെയും ദൈവത്തെയും അംഗീകരിക്കുന്നില്ല. “ഭാരതീയ സംസ്കാരത്തിലെ ഭൂമിസങ്കല്പത്തെയും അമ്മ എന്ന വികാരത്തെയും ഒന്നാക്കി മാറ്റുകയാണ് ഇവിടെ ബങ്കിംചന്ദ്ര ഒരര്‍ഥത്തില്‍ ചെയ്യുന്നത്. എന്നാൽ നോവലിന്റെ ഉള്ളറകളിലേക്ക് കടക്കുമ്പോൾ ഈ മാതൃസങ്കല്പം, ക്രമേണ ശാക്തേയ-ഹൈന്ദവ ഗൂഢപ്രതീകങ്ങളിലേക്ക് മാറുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
മൂന്ന് അമ്മ (ദേവി) സങ്കല്പങ്ങള്‍ (ജഗദ്ധാത്രി, കാളി, ദുർഗ്ഗ)
‘ആനന്ദമഠം’ നോവലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദാർശനിക ഭാഗമാണ് സത്യാനന്ദൻ മഹേന്ദ്രനെ ആശ്രമത്തിലെ മൂന്ന് രഹസ്യ നിലവറകളിലേക്ക് കൊണ്ടുപോകുന്ന രംഗം. അവിടെ ഭാരതമാതാവിന്റെ ഭൂത-വർത്തമാന-ഭാവി അവസ്ഥകളെ, മൂന്ന് ഹിന്ദു ദേവതകളുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയാനാകും. ഭൂതകാലത്തിന്റെ പ്രതീകമായ ജഗദ്ധാത്രി, ഐശ്വര്യവും സർവ്വാഭരണ വിഭൂഷിതവുമായ പഴയ ഭാരതമായിട്ടാണ് എഴുത്തുകാരന്‍ വിഭാവനം ചെയ്യുന്നത്. രത്നങ്ങൾ ചൂടി സിംഹാസനത്തിലിരിക്കുന്ന സമാധാനപൂർണ്ണമായ മാതൃരൂപം. എന്നാല്‍ പട്ടിണിയും അടിമത്തവും മൂലം സർവ്വസ്വവും നഷ്ടപ്പെട്ട്, ദിഗംബരയായി, കപാലമാലയണിഞ്ഞ് ഇരുട്ടില്‍ സ്വന്തം മക്കളുടെ ശവശരീരങ്ങൾക്ക് മുകളിൽ നിൽക്കുന്ന ഭീകരരൂപമായ കാളി, വര്‍ത്തമാനകാല മാതൃരാജ്യത്തിന്റെ പ്രതീകമത്രേ..! ഭാവിയിലേക്ക് നീങ്ങുമ്പോള്‍, പത്ത് കൈകളിലും ആയുധങ്ങളേന്തി, ശത്രുക്കളെ നിഗ്രഹിക്കുന്ന, ഐശ്വര്യവും ശക്തിയും വീണ്ടെടുത്ത സുവർണ്ണ മാതൃരൂപമായ ദുര്‍ഗയാണ് രചനയില്‍ ചിത്രീകരിക്കപ്പെടുന്നത്. ഇവിടെ ‘വന്ദേമാതരം’ ഗാനത്തിലെ “ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ” എന്നിങ്ങനെയുളള വരികൾ കേവലം കാവ്യഭാവനയല്ല; മറിച്ച്, അടിമത്തത്തിൽ കിടക്കുന്ന ഒരു ജനത ആയുധമെടുത്ത് പോരാടി വീണ്ടെടുക്കേണ്ട രാഷ്ട്രീയ ശാക്തീകരണത്തിന്റെ, പ്രതീകാത്മക രൂപമാണ്. എന്നാൽ ഈ പ്രതീകങ്ങൾ പൂർണ്ണമായും ഹൈന്ദവ ബിംബങ്ങളിൽ അധിഷ്ഠിതമായതിനാൽ, സ്വാഭാവികമായും അത് പിന്നീട് ഇതര മതവിഭാഗങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ള ഒന്നായി മാറുകയായിരുന്നു.

‘ആനന്ദമഠം’ വായിക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുളളതും വിമർശനവിധേയമായിട്ടുള്ളതുമായ ഘടകം നോവലിലെ മുസ്ലിം വിരുദ്ധ പരാമർശങ്ങളും, രചനയുടെ അവസാന ഭാഗത്തുളള, ബ്രിട്ടീഷ് അനുകൂല നിലപാടുമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ബംഗാളിലെ നവാബ് ഭരണത്തിന്റെ തകർച്ചയും ഭരണാധികാരികളുടെ നിസ്സംഗതയുമാണ് ബംഗാളിലെ ക്ഷാമത്തിന് ആക്കം കൂട്ടിയതെന്ന ചരിത്രപരമായ നിരീക്ഷണമാണ് നോവലിലുള്ളത്. സന്താനസേനയുടെ പ്രധാന ലക്ഷ്യമായി നോവലിൽ പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത് നവാബിന്റെ സൈന്യത്തെയും മുസ്ലിം ഭരണത്തെയും ഉന്മൂലനം ചെയ്യുക എന്നതാണ്. നോവലിലെ ചില ഭാഗങ്ങളിൽ സന്താനങ്ങൾ, മുസ്ലിം ഗ്രാമങ്ങൾ ആക്രമിക്കുന്നതായും വിദ്വേഷജനകമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നതായും കാണാനാകും. ഇത് പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളി ഹിന്ദു നവോത്ഥാന നായകരിൽ ചിലർക്കുണ്ടായിരുന്ന സങ്കുചിത വീക്ഷണത്തിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെട്ടിട്ടുമുണ്ട്.
സത്യാനന്ദനും ജ്ഞാനിയും (ബ്രട്ടീഷുകാരും ഹൈന്ദവധര്‍മ്മവും)
നോവലിന്റെ അവസാന ഭാഗം വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ ചർച്ചകളും ഉണ്ടാക്കിയ ഒന്നാണ്. സന്താനങ്ങൾ നവാബിന്റെയും ബ്രിട്ടീഷുകാരുടെയും സംയുക്ത സേനയെ പരാജയപ്പെടുത്തിയ ശേഷം, സത്യാനന്ദൻ ഹിന്ദു സാമ്രാജ്യം സ്ഥാപിക്കാൻ ഒരുങ്ങുന്നു. എന്നാൽ ഈ സമയം ഒരു അജ്ഞാതനായ ‘മഹാപുരുഷൻ’ (ജ്ഞാനി/വൈദ്യൻ) പ്രത്യക്ഷപ്പെട്ട് സത്യാനന്ദനെ യുദ്ധരംഗത്തുനിന്ന് പിന്തിരിപ്പിക്കുന്നു: മഹാപുരുഷന്റെ ഉപദേശം ഏകദേശം നമ്മള്‍ ഇങ്ങനെ വായിക്കുന്നുണ്ട്-സത്യാനന്ദാ, ശാന്തനാകൂ. നിന്റെ ദൗത്യം പൂർത്തിയായി. മുസ്ലിം ഭരണം അവസാനിച്ചിരിക്കുന്നു. ഇനി ഇവിടെ ഭരിക്കേണ്ടത് ഇംഗ്ലീഷുകാരാണ്. ഇംഗ്ലീഷുകാർ ഭരിക്കാതെ ഹിന്ദു ധർമ്മം പുനഃസ്ഥാപിക്കപ്പെടില്ല…! ഹിന്ദുക്കൾക്ക് ആത്മീയ ജ്ഞാനമുണ്ട്, എന്നാൽ ഭൗതിക ജ്ഞാനമില്ല. ഇംഗ്ലീഷുകാരിൽ നിന്ന് ആധുനിക ഭൗതിക ശാസ്ത്രവും ബാഹ്യജ്ഞാനവും പഠിച്ചതിനു ശേഷം മാത്രമേ ഭാരതത്തിന് യഥാർത്ഥ സ്വാതന്ത്ര്യം (ഹൈന്ദവ ധര്‍മ്മം) നേടാനാകൂ. അതിനാൽ ഇംഗ്ലീഷുകാരെ ശത്രുക്കളായി കാണരുത്. നോവലിന്റെ ഈ പര്യവസാനം പല നിരൂപകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ചരിത്രകാരന്മാർ കാണുന്നത്- ബ്രിട്ടീഷ് സെൻസർഷിപ്പ് ഭയമാണ് അതില്‍ ആദ്യത്തേത്. ബ്രിട്ടീഷ് രാജിനെതിരെ നേരിട്ടുള്ള ഒരു വിപ്ലവത്തിന് ആഹ്വാനം നൽകിയാൽ പുസ്തകം നിരോധിക്കപ്പെടുമെന്നും തടവിലാക്കപ്പെടുമെന്നും സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ബങ്കിംചന്ദ്രയ്ക്ക് അറിയാമായിരുന്നു. അതിനാൽ നോവൽ പുറത്തിറങ്ങാൻ ഒരു ‘സുരക്ഷാ കവചം’ എന്ന നിലയിലാണ് അദ്ദേഹം ബ്രിട്ടീഷ് ഭരണത്തെ താല്ക്കാലികമായി ന്യായീകരിച്ചത് എന്ന വാദം പ്രബലമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ബൗദ്ധിക വീക്ഷണവും അതില്‍ പ്രധാന ഘടകമാകുന്നുണ്ട്. ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെയും ശാസ്ത്രജ്ഞാനത്തിലൂടെയും മാത്രമേ ഇന്ത്യക്ക് നവീകരണം സാധ്യമാകൂ എന്ന അന്നത്തെ ബംഗാളി ബുദ്ധിജീവികളുടെ (ഉദാഹരണത്തിന് രാജാ റാം മോഹൻ റായ്) നിലപാട് ബങ്കിംചന്ദ്രയെയും സ്വാധീനിച്ചിരുന്നു.
വന്ദേമാതരവും ദേശീയപ്രസ്ഥാനവും (ദേശഭക്തിയും സങ്കുചിത ദേശീയതയും)
വിവാദങ്ങൾ നിലനിൽക്കുമ്പോഴും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വന്ദേമാതരം വലിയ സ്വാധീനം ചെലുത്തി എന്നത് നിസ്തര്‍ക്കമാണ്. 1905ല്‍ കർസൺ പ്രഭു ബംഗാൾ വിഭജിച്ചപ്പോൾ തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് ജനങ്ങളുടെ ഐക്യ മുദ്രാവാക്യമായി വന്ദേമാതരം മാറിയിരുന്നു. അതുപോലെ, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, ബിപിൻ ചന്ദ്രപാൽ, അരവിന്ദ ഘോഷ്, മാസ്റ്റർദാ സൂര്യസെൻ തുടങ്ങിയ വിപ്ലവകാരികൾക്ക് വന്ദേമാതരം ഒരു രാഷ്ട്രീയ മന്ത്രമായിരുന്നു. അരവിന്ദ ഘോഷ് വന്ദേമാതരത്തെ “ദേശസ്നേഹത്തിന്റെ മന്ത്രം” എന്നാണ് വിശേഷിപ്പിച്ചത്. 1907-ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ മാഡം കാമ ഉയർത്തിയ ആദ്യത്തെ ഇന്ത്യൻ ദേശീയ പതാകയിൽ ദേവനാഗരി ലിപിയിൽ ‘വന്ദേമാതരം’ എന്ന് ആലേഖനം ചെയ്തിരുന്നു. ‘വന്ദേമാതരം’ എന്ന ഗാനവും ‘ആനന്ദമഠം’ എന്ന നോവലും ഒരു നൂറ്റാണ്ടിലധികമായി ഭാരതീയ ചിന്താമണ്ഡലത്തിൽ ഉണ്ടാക്കുന്ന അനുരണനങ്ങൾ വളരെ ആഴത്തിലുള്ളതാണ്.
ഒരു സാഹിത്യസൃഷ്ടി എന്ന നിലയിൽ, കൊളോണിയൽ അടിമത്തത്തിൽ മരവിച്ചുപോയ ഒരു ജനതയ്ക്ക് മാതൃഭൂമിയോടുള്ള തീവ്രമായ ആത്മസമർപ്പണം പകർന്നുനൽകാൻ, മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുളള ബോധം സജീവമായി നിലനിര്‍ത്താന്‍ ‘ആനന്ദമഠ’ത്തിന് കഴിഞ്ഞു എന്ന് പറയാം. എന്നാൽ, ആധുനിക മതേതര ജനാധിപത്യ ഇന്ത്യയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, സമ്പൂർണ്ണ വന്ദേമാതരത്തിലെ മതപരമായ ബിംബവൽക്കരണവും ‘ആനന്ദമഠ’ത്തിലെ ‘ചരിത്രപരമായ സങ്കുചിതത്വ’ങ്ങളും പുതുവായനകളും പുനർവായനകളും സൂക്ഷ്മവിശകലനവും അർഹിക്കുന്നുണ്ട്. ഭാരതഭൂമിയുടെ പ്രകൃതിസൗന്ദര്യത്തെയും മാതൃഭാവത്തെയും വാഴ്ത്തുന്ന ആദ്യ രണ്ട് ചരണങ്ങൾ രാജ്യത്തിന്റെ ദേശീയഗീതമായി ഹൃദയപൂർവ്വം രാഷ്ട്രം ഉൾക്കൊള്ളുമ്പോൾ തന്നെ, ചരിത്രത്തെയും സാഹിത്യത്തെയും അവയുടെ ശരിയായ രാഷ്ട്രീയ സാമൂഹീക പശ്ചാത്തലത്തില്‍ മനസ്സിലാക്കുക എന്ന വലിയ ഉത്തരവാദിത്തം, പക്വമായ ഒരു ജനാധിപത്യ സമൂഹം, എപ്പോഴും അതിന്റെ ശിരസ്സില്‍ വഹിക്കുന്നുണ്ട്.
‘ആലോകന’ത്തിലെ ആഴക്കാഴ്ചകൾ. രഘുനാഥൻ പറളിയുടെ മറ്റ് ലേഖനങ്ങളിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.






Hello Reghu,
This is indeed an extremely comprehensive discussion you have put on the highly polarising Vande Materam song. Anyone who wants to know the background of the most debated political issue recently through the length and breadth of our nation, doesn’t have to go anywhere else to get a grip on all the aspects of the song. I must say I am awed my the immaculate research you have done on the topic going back centuries. Yes, the first 2 lines, everytime I hear it , I used to find it an extremely soothing experience. I had the opportunity to listen to the rest of the song only once. I never knew the song was so intervowen with India’ s Independence Struggle. This Independence Day was marked by the controversy over the rendition of Vande Materam. I don’t remember, the song coming to the forefront in any of the previous years… Please correct me if I am wrong on this aspect. Wikipedia ought to have a link in its references given at the bottom, to this article. You have approached the topic from various angles even though the article is at its heart a book review. The reference given to Bengal Famine is something that Dr Shashi Tharoor has examined at length in one of his more recent books, of course, criticizing the role of British Government. He had then given a speech before the UK parliament asking for war reparations, wherein he touched upon Bengal Famine again if my memory serves me right.
Once again I must say I am bowled over by the exhaustive research you have done on the topic. I was planning to do a GOOGLE SEARCH to know the Hows & Whys of this controversy, but kept on postponing it.
Now I don’t need to do it 🤗
Thanks for the feedback and observation. 😊🌿