A Unique Multilingual Media Platform

Articles Caste Development History National Policy Politics

പുതിയ മുഖങ്ങൾ, പഴയ ഫോർമുല: യു.പിയിൽ കോൺഗ്രസിന് വേണം പുതിയൊരു രാഷ്ട്രീയ ഭാഷ

  • October 22, 2026
  • 1 min read
പുതിയ മുഖങ്ങൾ, പഴയ ഫോർമുല: യു.പിയിൽ കോൺഗ്രസിന് വേണം പുതിയൊരു രാഷ്ട്രീയ ഭാഷ

2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് തങ്ങളുടെ സംസ്ഥാന നേതൃത്വത്തിൽ വൻ അഴിച്ചുപണി നടത്തിയിരിക്കുകയാണ്.

അവിനാഷ് പാണ്ഡെയ്ക്ക് പകരം രാജേന്ദ്ര പാൽ ഗൗതമിനെ ഉത്തർപ്രദേശിന്റെ പാർട്ടി ചുമതലക്കാരനാക്കിക്കൊണ്ടാണ് ഈ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന്, അജയ് റായിക്ക് പകരം ആരാധനാ മിശ്ര ‘മോന’യെ സംസ്ഥാന പ്രസിഡന്റായും ഇമ്രാൻ മസൂദിനെ വർക്കിംഗ് പ്രസിഡന്റായും നിയമിച്ചു. 1980 വരെ പാർട്ടിയെ അധികാരത്തിൽ നിലനിർത്തിയ ബ്രാഹ്മണ-പട്ടികജാതി-മുസ്ലിം സമുദായങ്ങളുടെ പഴയ തിരഞ്ഞെടുപ്പ് സഖ്യത്തെ പുനരുജ്ജീവിപ്പിക്കനാണു ഈ മാറ്റങ്ങളിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ആരാധന മിശ്ര ‘മോന’

എന്നാൽ, മാറിയ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഈ പഴയ തന്ത്രം 2027-ൽ ഫലം കാണുമോ എന്നത് സംശയകരമാണ്. കോൺഗ്രസ് തങ്ങളുടെ പഴയ ജാതി സമവാക്യങ്ങൾക്കപ്പുറത്തേക്ക് ചിന്തിക്കുകയും പുതിയൊരു രാഷ്ട്രീയ വീക്ഷണം രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

 

ആധിപത്യത്തിന്റെ യുഗം: 1952–1985

1952-ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ 1985 വരെ ഉത്തർപ്രദേശിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് നിലകൊണ്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ ജനതാപാർട്ടി 425-ൽ 352 സീറ്റുകൾ നേടി വിജയിച്ച സംഭവം മാത്രമായിരുന്നു ഇതിനൊരു കോട്ടം ഉണ്ടാക്കിയത്. ബ്രാഹ്മണർ, പട്ടികജാതിക്കാർ, മുസ്ലിങ്ങൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ സഖ്യമാണ് ആ പതിറ്റാണ്ടുകളിൽ കോൺഗ്രസിന്റെ തുടർച്ചയായ വിജയങ്ങൾക്ക് അടിത്തറയിട്ടത്. എന്നാൽ 1989 മുതൽ സ്ഥിതിഗതികൾ മാറിമറിഞ്ഞു. മണ്ഡൽ കമ്മീഷൻ ശുപാർശകളെത്തുടർന്നുണ്ടായ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) രാഷ്ട്രീയ മുന്നേറ്റവും (മണ്ഡൽ രാഷ്ട്രീയം), രാമജന്മഭൂമി പ്രസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ള ഹൈന്ദവ ധ്രുവീകരണവും (കമണ്ഡൽ രാഷ്ട്രീയം) സംസ്ഥാനത്ത് പിടിമുറുക്കി. ഇതോടെ, 1989-ൽ രണ്ടാം സ്ഥാനത്തായിരുന്ന കോൺഗ്രസ് ഉത്തർപ്രദേശ് രാഷ്ട്രീയത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് തള്ളപ്പെട്ടു.

നാരായൺ ദത്ത് തിവാരി (1988 ജൂൺ 25 – 1989 ഡിസംബർ 5), ഉത്തർപ്രദേശിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രി.

 

അടിത്തറ നഷ്ടപ്പെട്ട വർഷങ്ങൾ

1989-ന് ശേഷം മറ്റ് പാർട്ടികളുമായി തിരഞ്ഞെടുപ്പ് മുന്നണിയുണ്ടാക്കിയും ഒറ്റയ്ക്ക് മത്സരിച്ചും കോൺഗ്രസ് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കൽ പോലും 50 സീറ്റിലധികം നേടാൻ സാധിച്ചില്ല. 1996-ൽ ബഹുജൻ സമാജ് പാർട്ടിയുമായി (BSP) സഖ്യത്തിൽ മത്സരിച്ച് 33 സീറ്റും, 2012-ൽ അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളുമായി (RLD) ചേർന്ന് 28 സീറ്റും, 2017-ൽ സമാജ്‌വാദി പാർട്ടിയുമായി (SP) ചേർന്ന് 7 സീറ്റും മാത്രമാണ് പാർട്ടി നേടിയത്. 2022-ൽ പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ കേവലം രണ്ട് സീറ്റുകളിലേക്ക് കോൺഗ്രസ് ചുരുങ്ങി. നിലവിലെ സംസ്ഥാന പ്രസിഡന്റായ ആരാധനാ മിശ്രയായിരുന്നു അന്ന് വിജയിച്ച രണ്ടുപേരിൽ ഒരാൾ.

ഇന്ന് കോൺഗ്രസിന് സംസ്ഥാനത്ത് കൃത്യമായ ഒരു വോട്ട് ബാങ്ക് അവകാശപ്പെടാനില്ല. പട്ടികജാതി വോട്ടർമാർ വലിയ അളവിൽ ബി.എസ്.പിയിലേക്ക് ചേക്കേറി. 1992-ലെ ബാബറി മസ്ജിദ് തകർക്കലിന് ശേഷം (2019-ലെ വിധിന്യായത്തിൽ സുപ്രീം കോടതി ഈ സംഭവത്തെ “നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനം” എന്ന് വിശേഷിപ്പിച്ചിരുന്നു) രൂപപ്പെട്ട വർഗീയ ധ്രുവീകരണ അന്തരീക്ഷത്തിൽ, മുസ്ലിം വിഭാഗം രാഷ്ട്രീയ സുരക്ഷിതത്വത്തിനായി മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാർട്ടിയെയാണ് ആശ്രയിച്ചത്. അതേസമയം, ബ്രാഹ്മണ വോട്ടർമാരിൽ ഭൂരിഭാഗവും ഭാരതീയ ജനതാ പാർട്ടിയിലേക്ക് (BJP) ആകർഷിക്കപ്പെട്ടു.


മാറിയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ വീണ്ടും പഴയ ബ്രാഹ്മണ-പട്ടികജാതി-മുസ്ലിം ഫോർമുലയിലേക്ക് മടങ്ങുന്നത് കോൺഗ്രസിന്റെ ആശയപരമായ ദാരിദ്ര്യത്തെയാണ് കാണിക്കുന്നത്.


 

വോട്ടുകളുടെ സഖ്യം, അധികാരത്തിന്റെയല്ല

1989-ന് മുമ്പ് പട്ടികജാതിക്കാരും മുസ്ലിങ്ങളും കോൺഗ്രസിനെ വിശ്വസിച്ച് വോട്ട് ചെയ്തിരുന്നെങ്കിലും, പാർട്ടി നേതൃത്വം എപ്പോഴും ബ്രാഹ്മണ മുഖ്യമന്ത്രിമാർക്കാണ് മുൻഗണന നൽകിയത്. 1952 നും 1989 നും ഇടയിൽ കോൺഗ്രസ് ഭരിച്ച 5,924 ദിവസങ്ങളിൽ 52.5 ശതമാനം കാലവും ബ്രാഹ്മണ മുഖ്യമന്ത്രിമാരാണ് ഉത്തർപ്രദേശ് ഭരിച്ചത്. ആറ് ബ്രാഹ്മണ മുഖ്യമന്ത്രിമാർ ഉണ്ടായപ്പോൾ, ഒരൊറ്റ ദളിത് അല്ലെങ്കിൽ മുസ്ലിം നേതാവിനെപ്പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ പാർട്ടി തയ്യാറായില്ല.

ക്രിസ്റ്റോഫ് ജാഫ്രെലോ

പ്രമുഖ നരവംശശാസ്ത്രജ്ഞനായ ക്രിസ്റ്റോഫ് ജാഫ്രെലോയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്, നേരിട്ടുള്ള നിയമനങ്ങളിൽ സംവരണം ഉണ്ടായിരുന്നിട്ടും 1980-കളുടെ അവസാനം വരെ മുതിർന്ന സർക്കാർ തസ്തികകളിൽ പട്ടികജാതിക്കാരുടെ പ്രാതിനിധ്യം ഒറ്റയക്കത്തിൽ മാത്രമായിരുന്നു എന്നാണ്. കോൺഗ്രസിനെ നയിച്ചിരുന്ന ബ്രാഹ്മണ നേതൃത്വത്തിലൂടെ മാത്രമായിരുന്നു ദളിത് സമൂഹത്തിന് ഭരണസംവിധാനങ്ങളിലേക്ക് പ്രവേശനം ലഭിച്ചിരുന്നത്.

സർക്കാർ ജോലികളിലെ പട്ടികജാതി പ്രാതിനിധ്യം (അഖിലേന്ത്യാ കണക്കുകൾ – %):

  • 1953: ക്ലാസ് I (0.53%), ക്ലാസ് II (1.29%), ക്ലാസ് III (4.52%), ക്ലാസ് IV (20.52%)
  • 1961: ക്ലാസ് I (1.20%), ക്ലാസ് II (2.50%), ക്ലാസ് III (7.20%), ക്ലാസ് IV (17.20%)
  • 1967: ക്ലാസ് I (2.08%), ക്ലാസ് II (3.10%), ക്ലാസ് III (9.33%), ക്ലാസ് IV (18.18%)
  • 1974: ക്ലാസ് I (3.20%), ക്ലാസ് II (4.60%), ക്ലാസ് III (10.30%), ക്ലാസ് IV (18.60%)
  • 1980: ക്ലാസ് I (4.95%), ക്ലാസ് II (8.54%), ക്ലാസ് III (13.44%), ക്ലാസ് IV (19.46%)
  • 1987: ക്ലാസ് I (8.23%), ക്ലാസ് II (10.47%), ക്ലാസ് III (14.46%), ക്ലാസ് IV (20.09%)

സർക്കാർ ജോലികളിൽ പങ്കാളിത്തം വർദ്ധിച്ചതോടെ, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രാമുഖ്യം നൽകുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് പട്ടികജാതിക്കാർ ആകർഷിക്കപ്പെട്ടു. കാൻഷിറാം തൃണമൂൽ തലത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ഈ വിഭാഗത്തിന്റെ രാഷ്ട്രീയ ആഗ്രഹങ്ങൾക്ക് ശബ്ദം നൽകുകയും, മായാവതി അധികാരത്തിലെത്തിയതോടെ ആ രാഷ്ട്രീയ ഉണർവിനെ ശക്തമാക്കുകയും ചെയ്തു. ജാമിയ ഹംദർദ് സർവ്വകലാശാലയിലെ പ്രൊഫസറും മുതിർന്ന മാധ്യമപ്രവർത്തകനുമായ നളിൻ വർമ്മ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: “2026-ലെ ദളിത് രാഷ്ട്രീയം 90-കൾക്ക് മുമ്പുള്ള കാലഘട്ടത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ ശേഷിയുള്ളതും രാഷ്ട്രീയ തലത്തിൽ നേരിട്ടുള്ള പ്രാതിനിധ്യം ആഗ്രഹിക്കുന്നതുമായ ഒരു പുതിയ ദളിത് ബോധം ഉയർന്നുവന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കാലത്തെ കോൺഗ്രസ് പിന്തുണയും സഖ്യവും 80-കളിൽ തന്നെ അവസാനിച്ചതാണ്.”

ബി.എസ്.പി. അധ്യക്ഷ മായാവതി, അന്തരിച്ച മുതിർന്ന നേതാവും പാർട്ടി സ്ഥാപകനുമായ കാൻഷി റാമിനൊപ്പം.

ഉത്തർപ്രദേശിലെ ജനസംഖ്യയുടെ 19 ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗത്തിനും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഒരിക്കലും അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. 1989 വരെയുള്ള ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും 20 ശതമാനത്തിലധികം സീറ്റുകൾ മുസ്ലിം സ്ഥാനാർത്ഥികൾക്ക് നൽകാൻ കോൺഗ്രസ് തയ്യാറായില്ല.

കോൺഗ്രസ് നിർത്തിയ മുസ്ലിം സ്ഥാനാർത്ഥികൾ (യു.പി നിയമസഭ):

  • 1951: ആകെ 429 | മുസ്ലിം സ്ഥാനാർത്ഥികൾ 43 (10.0%)
  • 1957: ആകെ 426 | മുസ്ലിം സ്ഥാനാർത്ഥികൾ 51 (12.0%)
  • 1962: ആകെ 429 | മുസ്ലിം സ്ഥാനാർത്ഥികൾ 45 (10.5%)
  • 1967: ആകെ 425 | മുസ്ലിം സ്ഥാനാർത്ഥികൾ 39 (9.2%)
  • 1969: ആകെ 424 | മുസ്ലിം സ്ഥാനാർത്ഥികൾ 44 (10.4%)
  • 1974: ആകെ 403 | മുസ്ലിം സ്ഥാനാർത്ഥികൾ 48 (11.9%)
  • 1977: ആകെ 395 | മുസ്ലിം സ്ഥാനാർത്ഥികൾ 52 (13.2%)
  • 1980 (INC-I): ആകെ 424 | മുസ്ലിം സ്ഥാനാർത്ഥികൾ 60 (14.2%)
  • 1989: ആകെ 410 | മുസ്ലിം സ്ഥാനാർത്ഥികൾ 55 (13.4%)

കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിലായിരുന്നപ്പോഴാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. കൂടാതെ, മുസ്ലിം ഭൂരിപക്ഷ മേഖലകളെ ബാധിക്കുന്ന ബുൾഡോസർ നടപടികൾക്കെതിരെ രാഹുൽ ഗാന്ധിയോ മറ്റ് മുതിർന്ന നേതാക്കളോ സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടില്ല. വർഗീയ അതിക്രമങ്ങൾക്കെതിരെ നിരന്തരം തെരുവിലിറങ്ങാനും പാർട്ടി ഘടകം മടിച്ചു. ഒരു മുസ്ലിം നേതാവിനെ വർക്കിംഗ് പ്രസിഡന്റാക്കി മാത്രം മാറ്റിയത് രാഷ്ട്രീയ ധീരതയേക്കാൾ പാർട്ടിയുടെ ജാഗ്രതയെയും ഭയത്തെയുമാണ് കാണിക്കുന്നത്.

രാഹുൽ ഗാന്ധി

മറുഭാഗത്ത്, ബ്രാഹ്മണ വിഭാഗവും കോൺഗ്രസിൽ നിന്ന് അകന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബ്രാഹ്മണരിൽ വലിയൊരു വിഭാഗം ബി.ജെ.പിയിലേക്ക് ആകർഷിക്കപ്പെട്ടു. സംവരണത്തോടുള്ള അമർഷവും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടുള്ള ആഭിമുഖ്യവും ഇതിന് കാരണമായി. 1991-ലെ ഉദാരവൽക്കരണത്തിന് ശേഷം പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർക്ക് സാമ്പത്തിക തിരിച്ചടികൾ നേരിടേണ്ടി വന്നതും, ഒ.ബി.സി, ദളിത് വിഭാഗങ്ങളുടെ സാമൂഹിക വളർച്ചയും പഴയ സാമൂഹിക ഘടനയെ മാറ്റിമറിച്ചു. CSDS-Lokniti സർവേ പ്രകാരം, 2022-ൽ 89 ശതമാനം ബ്രാഹ്മണരും ബി.ജെ.പി സഖ്യത്തിനാണ് വോട്ട് ചെയ്തത്. ഒരു ബ്രാഹ്മണ നേതാവിനെ മുൻനിർത്തിയതുകൊണ്ട് മാത്രം ഈ വിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ല; മറിച്ച് ഉപജീവനവും അന്തസ്സും ഉറപ്പുനൽകുന്ന പുതിയൊരു രാഷ്ട്രീയ വീക്ഷണം ആവശ്യമാണ്.

 

സഖ്യകക്ഷിയും വെല്ലുവിളികളും

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി (SP) സഖ്യത്തിലാണ് മത്സരിച്ചതെന്നും അതിനാൽ തങ്ങൾ ഒറ്റയ്ക്കല്ലെന്നും കോൺഗ്രസിന് വാദിക്കാം. എന്നാൽ ഒരു തിരഞ്ഞെടുപ്പ് സഖ്യത്തിനുള്ളിൽ ജാതി സമവാക്യങ്ങൾ നിർണ്ണയിക്കപ്പെടുന്നത് സീറ്റ് വിഭജന ചർച്ചകളിലാണ്. അത്തരം ചർച്ചകളിൽ വലിയ പരിചയസമ്പത്തുള്ള എസ്.പിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല. സഖ്യത്തിൽ വെറുമൊരു ജൂനിയർ പങ്കാളിയായി തുടരുന്നിടത്തോളം കാലം കോൺഗ്രസിന് സ്വന്തമായി സ്വാധീനം ഉറപ്പിക്കാൻ സാധിക്കില്ല.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചടങ്ങിൽ സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവുമായി ഹസ്തദാനം ചെയ്യുന്നു. (2026 ഓഗസ്റ്റ് 4).

 

ജാതി സമവാക്യങ്ങൾക്കപ്പുറമുള്ള പുതിയ രാഷ്ട്രീയ ഭാഷ

ഉത്തർപ്രദേശിലെ സാമൂഹിക അനീതികളിൽ ജാതിക്ക് ഇപ്പോഴും വലിയ സ്ഥാനമുണ്ട്. എന്നാൽ മുഴുവൻ രാഷ്ട്രീയ ചർച്ചകളും ജാതിയിൽ മാത്രം ഒതുങ്ങേണ്ടതുണ്ടോ എന്നതാണ് ചോദ്യം.

പട്ടികജാതി-പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ഉപജാതികളെ ഏകോപിപ്പിച്ച് ബി.ജെ.പി നടത്തിയ വിജയകരമായ രാഷ്ട്രീയ നീക്കത്തിന് ശേഷം, കുർമി, നിഷാദ്, രാജ്ഭർ തുടങ്ങിയ ഉപജാതികളെ പ്രതിനിധീകരിക്കുന്ന നിരവധി ചെറിയ പാർട്ടികൾ ഉയർന്നുവന്നു. എന്നാൽ ജാതി-മത വ്യത്യാസങ്ങൾക്കപ്പുറം ഉത്തർപ്രദേശിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയെക്കുറിച്ച് സംസാരിക്കുന്ന ഒരു സമഗ്ര രാഷ്ട്രീയ കാഴ്ചപ്പാട് ഇന്ന് നിലവിലില്ല.


മാനവ വികസന സൂചികകളിൽ വളരെ പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരങ്ങൾ തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ പോലും ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് ജാതിയുടെ കണ്ണടയിലൂടെ മാത്രമാണ്.


ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതുമേഖലയിലെ സംവരണ വാഗ്ദാനങ്ങൾക്കപ്പുറം, എല്ലാ വിഭാഗങ്ങൾക്കും തൊഴിൽ ഉറപ്പാക്കുന്ന സമഗ്രമായ പദ്ധതികളൊന്നും ഒരു രാഷ്ട്രീയ പാർട്ടിയും മുന്നോട്ടുവെക്കുന്നില്ല.

അതുപോലെ, സംസ്ഥാന രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഇപ്പോഴും വളരെ കുറവാണ്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആകെ സ്ഥാനാർത്ഥികളിൽ 13 ശതമാനം മാത്രമായിരുന്നു സ്ത്രീകൾ. 2022-ൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ “ലഡ്കി ഹൂൺ, ലഡ് സക്തീ ഹൂൺ” (ഞാൻ പെണ്ണാണ്, എനിക്ക് പോരാടാൻ കഴിയും) എന്ന പേരിൽ സ്ത്രീകേന്ദ്രീകൃതമായ പ്രചാരണം കോൺഗ്രസ് നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആ മുന്നേറ്റം തുടരാൻ പാർട്ടിക്ക് സാധിച്ചില്ല.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചിത്രകൂടത്തിൽ ‘ലഡ്കി ഹൂം ലഡ് സക്തി ഹൂം’ പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.

ചുരുക്കത്തിൽ, ഉത്തർപ്രദേശിൽ കോൺഗ്രസ് നടത്തിയ ഈ സംഘടനാ പുനഃസംഘടന, പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിലുള്ള പാർട്ടിയുടെ പരാജയത്തെയാണ് കാണിക്കുന്നത്. കാലഹരണപ്പെട്ട പഴയ വോട്ട് ബാങ്ക് ഫോർമുലകളിലൂടെ പാർട്ടിയുടെ തകർച്ചയ്ക്ക് പരിഹാരം കാണാനാണ് കോൺഗ്രസ് ഇപ്പോഴും ശ്രമിക്കുന്നത്. ജാതിയെയോ വർഗീയതയെയോ പൂർണ്ണമായി നിഷേധിക്കാതെ തന്നെ, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയിലെ അസമത്വങ്ങൾ പരിഹരിച്ചുകൊണ്ട് ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു പുതിയ രാഷ്ട്രീയ ശൈലിയാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം.

About Author

ഗൗരവ് തിവാരി

ഗൗരവ് തിവാരി ഉത്തർപ്രദേശിലെ വാരണാസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംരംഭകനാണ്. ദൃശ്യ കലകൾ അടങ്ങുന്ന മാധ്യമങ്ങളിലൂടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും ദരിദ്രരായ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരവും തൊഴിൽക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x