A Unique Multilingual Media Platform

Articles Culture Everything Under The Sun History

ആൽഹ-ഉദൽ, താലാ സയ്യിദ്, മാവേലി…. ഇന്ത്യൻ ബഹുസ്വരതയുടെ ഈണങ്ങൾ

  • September 15, 2026
  • 1 min read
ആൽഹ-ഉദൽ, താലാ സയ്യിദ്, മാവേലി…. ഇന്ത്യൻ ബഹുസ്വരതയുടെ ഈണങ്ങൾ

ഇന്ത്യയുടെ രണ്ടു ഭാഗങ്ങളിലുള്ള രണ്ട് വ്യത്യസ്ത ദേശങ്ങൾ-യു.പി ബുന്ദേൽഖണ്ഡിലുള്ള മഹോബയും വിന്ധ്യനിരകൾക്ക് തെക്കുള്ള കേരളവും മൂന്നാഴ്ചകൾ മുമ്പ് ആഘോഷിച്ച കജ്‌ലി തീജിന്റെയും പൊന്നോണത്തിന്റെയും സൗരഭ്യത്തിലും വർണ-ഈണ ഭംഗിയിലും ഇപ്പോഴും ലയിച്ചുനിൽക്കുകയാണ്.

ഉത്തരേന്ത്യയിലെ ശ്രാവൺ അഥവാ സാവൻ മാസവും കേരളത്തിലെ ചിങ്ങമാസവും സാധാരണയായി ആഗസ്റ്റ്-സെപ്റ്റംബർ കാലയളവിലാണ് വരുന്നത്. മാവേലിയുടെ മണ്ണിലെ ഓണവും ആൽഹയുടെയും ഉദലിന്റെയും മണ്ണിലെ കജ്‌ലി തീജും ജനകീയ കൂട്ടായ്മകളായി ആഘോഷിക്കപ്പെടുന്ന നാളുകളാണിത്.

കജ്‌ലി തീജിനായുള്ള സാംസ്കാരിക ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്ന പരമ്പരാഗത വസ്ത്രധാരികളായ സ്ത്രീകൾ.

ബുന്ദേൽഖണ്ഡിലെ വെയിലേറ്റുവാടിയ മലനിരകളും കേരളത്തിലെ പച്ചപ്പും തമ്മിൽ ഭൂമിശാസ്ത്രപരമായി വലിയ അകലമുണ്ടെങ്കിലും, ഈ ആഘോഷങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ഒരു സാംസ്കാരിക ഇഴയടുപ്പമുണ്ട്. പരമ്പരാഗത അധികാരശ്രേണികളെ അട്ടിമറിക്കുകയും മുഖ്യധാരാ വരേണ്യ ആഖ്യാനങ്ങൾക്കുമേൽ കീഴാള നായകരെ വാഴ്ത്തുകയും ചെയ്യുന്നു എന്നതാണ് ഇവ രണ്ടിന്റെയും സവിശേഷത.

 

ആൽഹ-ഉദലും പൃഥ്വിരാജ് ചൗഹാനും

ബുന്ദേൽഖണ്ഡിന്റെ വാമൊഴി ഇതിഹാസങ്ങളിൽ ആൽഹയും ഉദലും ബനാഫർ വംശത്തിൽപ്പെട്ടവരാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജഗ്നിക് റാവു രചിച്ചതെന്ന് കരുതപ്പെടുന്ന ‘പർമൽ റാസോ’ എന്ന ഇതിഹാസകാവ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ‘ആൽഹ-ഖണ്ഡ്’. ഇത് ഇന്ന് യഥാർഥ രൂപത്തിൽ ലഭ്യമല്ലെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ ബുന്ദേൽഖണ്ഡി, അവധി, ഭോജ്പുരി, ഖഡി ബോലി എന്നീ ഭാഷാഭേദങ്ങളിൽ ആൽഹ ഗായകരിലൂടെ 900-ലധികം വർഷങ്ങളായി വാമൊഴിയായി ജീവിക്കുന്നു. പലപ്പോഴും താഴ്ന്ന ജാതിക്കാരായോ മിശ്രജാതിക്കാരായ പോരാളികളായോ ആണ് ഇവർ കണക്കാക്കപ്പെട്ടിരുന്നത്.

അമ്പും വില്ലും പിടിച്ച് ഒരു ടെറസിൽ ഇരിക്കുന്ന ചാഹ്മാൻ രാജാവായ പൃഥ്വിരാജ് ചൗഹാന്റെ മിനിയേച്ചർ പെയിന്റിംഗ്.

പൃഥ്വിരാജ് ചൗഹാൻ മഹോബ നഗരം വളയുകയും ആക്രമിക്കുകയും ചെയ്തപ്പോൾ, ആ നാടിനെ രക്ഷിക്കാനെത്തിയത് ആൽഹയും ഉദലുമായിരുന്നു. കജ്‌ലി തീജ് വേളയിൽ, മഹോബയിലെ ജനങ്ങൾ തങ്ങളുടെ സ്ത്രീകളെയും ആത്മാഭിമാനത്തെയും സംരക്ഷിക്കാൻ ആൽഹയും ഉദലും നടത്തിയ പോരാട്ടത്തിന്റെ സ്മരണയ്ക്കായി കീരത് സാഗർ തടാകത്തിൽ ‘കജ്‌ലികൾ’ (ബാർലി നാമ്പുകൾ) ഒഴുക്കുന്നു.

ഇതിലെ ആന്തരികസന്ദേശം വ്യക്തമാണ്: ഉന്നതകുലജാതനായ രജപുത്ര ചക്രവർത്തിയെ ഇവിടെ അധിനിവേശകനായി ഓർക്കുമ്പോൾ, ഈ കീഴാള സഹോദരങ്ങൾ അമരരായ കാവൽക്കാരായി വാഴ്ത്തപ്പെടുന്നു. എ.ഡി. 1192-ൽ നടന്ന രണ്ടാം തറൈൻ യുദ്ധത്തിൽ മുഈസുദ്ദീൻ മുഹമ്മദ് ഘോറി പൃഥ്വിരാജിനെ പരാജയപ്പെടുത്തിയതിനെ ഇന്ത്യയിലെ തുർക്കി സുൽത്താന്മാരുടെ ഭരണത്തിന് വഴിയൊരുക്കിയ വഴിത്തിരിവായാണ് ചരിത്രപുസ്തകങ്ങൾ രേഖപ്പെടുത്തുന്നത്. ആൽഹ ഗായകർ പാടുന്ന ആൽഹ-ഖണ്ഡിൽ, ആൽഹയെയും ഉദലിനെയും യുദ്ധമുറകൾ അഭ്യസിപ്പിച്ച മുസ്‌ലിം യോദ്ധാവായ താലാ സയ്യിദിനെ മഹാഭാരതത്തിലെ ദ്രോണാചാര്യരുടെ അവതാരമായാണ് വാഴ്ത്തുന്നത്. ഘോറിയുടെ അധിനിവേശത്തിനു മുമ്പുതന്നെ പൃഥ്വിരാജിനും മറ്റ് രാജാക്കന്മാർക്കുമെതിരെയുള്ള നിരവധി യുദ്ധങ്ങളിൽ ബനാഫർ സഹോദരന്മാർക്കൊപ്പം താലാ സയ്യിദ് തോളോടുതോൾ ചേർന്നു പോരാടി.

അൽഹയെയും ഉദാലിനെയും ചിത്രീകരിക്കുന്ന ചുമർചിത്രം

ആൽഹ ആലാപനങ്ങളിൽ ആൽഹയും ഉദലും യുധിഷ്ഠിരന്റെയും ഭീമന്റെയും അവതാരങ്ങളായി വാഴ്ത്തപ്പെടുമ്പോൾ പൃഥ്വിരാജിനെ ദുര്യോധനനായാണ് ചിത്രീകരിക്കുന്നത്. ചന്ദേൽ രാജാവായിരുന്ന പരമർദിദേവന്റെ (പർമൽ) യോദ്ധാക്കളായ ആൽഹ, ഉദൽ, മൽഖാൻ, ധേബ, ബ്രഹ്മാനന്ദ് എന്നിവരെല്ലാം ആൽഹ-ഖണ്ഡിന്റെ ആഖ്യാനത്തിൽ താലാ സയ്യിദിനെ ‘താലാ സയ്യിദ് ചാച്ചാ’ എന്നാണ് ആദരവോടെ വിളിച്ചിരുന്നത്. അന്നത്തെ വരേണ്യ സാമ്രാജ്യത്വ ശക്തികൾക്കെതിരെ നടന്ന 52 യുദ്ധങ്ങളിലും (ബാവൻഗഢ് കി ലഡായി) അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളാണ് അവർ പിന്തുടർന്നത്.

 

ഢോളക്കിന്റെയും മഞ്ചീരയുടെയും ഇടതടവില്ലാത്ത താളത്തിനൊപ്പം ഉയർന്ന ശ്രുതിയിലുള്ള സവിശേഷമായ ആലാപനരീതിയിലൂടെ ആൽഹ ഗായകർ കേൾവിക്കാരിൽ ആവേശവും മാതൃഭൂമിയോടുള്ള സ്നേഹവും നിറയ്ക്കുന്നു. താലാ സയ്യിദും ഉദലും രക്തസാക്ഷിത്വം വരിച്ച സംഭവം ഓർത്തെടുക്കുമ്പോൾ സദസ്യരുടെ കണ്ണുകൾ ഈറനണിയുന്നു. ചരിത്രപ്രസിദ്ധമായ കീരത് സാഗറിനടുത്തുള്ള കുന്നിൻമുകളിലെ താലാ സയ്യിദിന്റെ മസാർ കജ്‌ലി മേളയിലെ ഒരു പ്രധാന കേന്ദ്രമാണ്.

 

ഓർമയിലെ മാവേലിക്കാലം

മുഖ്യധാരാ പൗരാണിക സാഹിത്യത്തിൽ അസുരന്മാരെ പൈശാചിക രൂപങ്ങളായാണ് ചിത്രീകരിക്കുന്നത്. ത്രിലോകങ്ങളും തിരിച്ചുപിടിച്ച വിഷ്ണുവിന്റെ അവതാരമായ വാമനനാണ് അവിടെ വാഴ്ത്തപ്പെടുന്നത്. എന്നാൽ കേരളത്തിൽ കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത, ‘മാനുഷ്യരെല്ലാരും ഒന്നുപോലെ’ കഴിഞ്ഞ ഒരു സമത്വസുന്ദര ഭരണത്തിന്റെ വക്താവായാണ് അസുരചക്രവർത്തിയായ മാവേലി ഓർക്കപ്പെടുന്നത്. ചതിയിലൂടെ അദ്ദേഹം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടത് ഒരു ദുരന്തമായാണ് ജനങ്ങൾ കാണുന്നത്. വാമനന്റെ വിജയത്തെ പ്രകീർത്തിക്കാനല്ല, മറിച്ച് തന്റെ പ്രജകളെ കാണാൻ ഒരു ദിവസത്തേക്ക് തിരിച്ചെത്തുന്ന മാവേലിയെ വരവേൽക്കാനാണ് ഓണം ആഘോഷിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാല ദക്ഷിണേന്ത്യൻ ചിത്രം, ഭഗവാൻ വിഷ്ണു വാമനൻ എന്ന കുള്ളൻ അവതാരത്തിന്റെ രൂപത്തിൽ.

ഈ പാരമ്പര്യങ്ങൾക്ക് ജന്മം നൽകിയ ഭൗതിക സാഹചര്യങ്ങൾ തമ്മിൽ വലിയ വൈരുധ്യമുണ്ട്: ഗ്രാനൈറ്റ് പാറക്കൂട്ടങ്ങളും വരണ്ട മലയിടുക്കുകളും കുറ്റിക്കാടുകളും മനുഷ്യനിർമിത തടാകങ്ങളുമാണ് മഹോബയുടെ പ്രത്യേകതയെങ്കിൽ, പച്ചനിറഞ്ഞ നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും കായലുകളും പശ്ചിമഘട്ടവുമാണ് കേരളത്തിനുള്ളത്. ഇന്തോ-ആര്യൻ ഉപഭാഷയായ ബുന്ദേലി ധീരോദാത്തമായ ആൽഹ-ഉദൽ നാടോടിക്കഥകളിൽ വേരൂന്നിയതാണെങ്കിൽ, ഓണപ്പാട്ടുകൾ ദ്രാവിഡ ഭാഷയായ മലയാളത്തിന്റെ സമ്പന്നമായ ക്ലാസിക്കൽ നാടോടി സാഹിത്യത്തിലാണ് വേരൂന്നിയിരിക്കുന്നത്.

കേരളത്തിലെ കായലുകളിൽ നടക്കുന്ന പരമ്പരാഗത വള്ളംകളി

വിവിധ ജാതി-മത വിശ്വാസങ്ങൾ പുലർത്തുന്ന മനുഷ്യർ സന്തോഷത്തോടും സാഹോദര്യത്തോടുംകൂടി ആഘോഷിക്കുന്ന കജ്‌ലി തീജും ഓണവും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സൗഹാർദത്തിന്റെയും സാമൂഹികജീവിതത്തിന്റെയും മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

 

വായനക്കാരുടെ ശ്രദ്ധക്ക്

നമ്മുടെ ചരിത്രത്തിലെയും പുരാണങ്ങളിലെയും വരേണ്യ-സാമ്രാജ്യത്വ ശക്തികളുടെയോ, ദേവാസുരന്മാരുടെയോ, അവരുടെ എതിരാളികളുടെയോ ചെയ്തികളെ വിലയിരുത്തലല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം; മറിച്ച്, അനാദികാലം മുതൽ ഇന്ത്യൻ സംസ്കാരത്തിന്റെയും നാഗരികതയുടെയും മുഖമുദ്രയായി നിലകൊള്ളുന്ന ‘വൈവിധ്യങ്ങൾക്കിടയിലെ ഐക്യ’ത്തിന്റെ ഇഴകളെ അടിവരയിട്ടു കാണിക്കുക മാത്രമാണ്.

ഇവിടെ നിലനിന്നതും ഇനിയും നിലനിൽക്കേണ്ടതും വൈവിധ്യങ്ങളോടുള്ള സ്നേഹവും ബഹുമാനവുമാണ്. എന്നാൽ, “ഒരു രാജ്യം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരൊറ്റ ഭരണാധികാരിയുടെ കീഴിലുള്ള കേന്ദ്രീകൃത ഭരണം, ഒരു വിദ്യാഭ്യാസ സമ്പ്രദായം, ഒരു നികുതി ഘടന, ഒരു നിറം, എല്ലാം ഹിന്ദുത്വയുടെ ഒരൊറ്റ കുടക്കീഴിൽ” എന്നിങ്ങനെയുള്ള സംസാരങ്ങളാൽ ഇന്നത്തെ ഇന്ത്യൻ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്.

ഈ ‘ഏകത്വ വാദങ്ങൾ’ നമ്മുടെ സ്വത്വത്തിന് തീർത്തും വിരുദ്ധവും പരിഹാസ്യവുമാണെന്ന് ഇന്നത്തെ ഭരണവർഗത്തിലെ ഒരു വിഭാഗത്തെ ഓർമിപ്പിക്കാൻ മാത്രമാണിത്; വൈവിധ്യങ്ങൾക്കിടയിലെ ഐക്യം എന്ന തത്വം ഉയർത്തിപ്പിടിച്ചാണ് നമ്മൾ എക്കാലവും ജീവിക്കേണ്ടത്.

ജയ് ഹിന്ദ്!

About Author

Nalin Verma

Nalin Verma is a journalist and author. He teaches at Jamia Hamdard University, New Delhi. He has written multiple books. Nalin’s latest books include ‘Lores of Love and Saint Gorakhnath’ and ‘Sacred Unions and Other Stories: Tales from Purvanchal’.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
harikumar d

ശരിയാണ്, ജാതിമത ഭേദമെന്യേ മലയാളികൾ കൊണ്ടാടുന്നതാണ് ഓണം. പക്ഷെ, വാമനന്റെ വിജയത്തെ പ്രകീർത്തിക്കാനല്ല, മറിച്ച് തന്റെ പ്രജകളെ കാണാൻ ഒരു ദിവസത്തേക്ക് തിരിച്ചെത്തുന്ന മാവേലിയെ വരവേൽക്കാനാണ് ഓണം ആഘോഷിക്കുന്നതെന്നു അസ്സന്നിഗ്ദ്ധമായി പറയുമ്പോൾ മനപ്പൂർവ്വം തമസ്കരിക്കുന്ന ചിലവസ്തുതകളെ ചൂണ്ടിക്കാട്ടാം.
ഓണം മഹാബലി നാടുകാണാന്‍ വരുന്ന ദിവസമാണെന്ന് നമ്മള്‍ പറയുമ്പോള്‍ കൊച്ചിയുടെ ഭൂതകാലത്തെക്കുറിച്ച് പുസ്തകമെഴുതിയ ഫ്രാന്‍സിസ് ഡേ പറയുന്നത് മറ്റൊന്നാണ്. ഓണക്കാലത്ത് നാടുകാണാന്‍ വരുന്നത് വിഷ്ണുവാണത്രേ. തൃപ്പൂണിത്തുറയില്‍ പട്ടത്താനം നല്‍കുന്നത് സൂചിപ്പിച്ചുകൊണ്ടാണദ്ദേഹം ഈ നിഗമനത്തിലെത്തുന്നത്. എന്നാല്‍ മഹാബലിയെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ല.
ജര്‍മ്മന്‍കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഏറെക്കാലം കേരളത്തില്‍ താമസിക്കുകയും 1872 ല്‍ മലയാളം നിഘണ്ടു പുറത്തിറക്കുകയും ചെയ്തു. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ ഓണം എന്ന പദത്തിന് ശ്രാവണം, ഒരു നക്ഷത്രസമൂഹം, ഉത്തരനക്ഷത്രവ്യൂഹം എന്നൊക്കെ അര്‍ത്ഥം നല്‍കിയശേഷം പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതാണെന്ന് പറയുന്നു.
ഇത്രയും ആമുഖമായി സൂചിപ്പിച്ചത് ഓണത്തിന് ക്ഷേത്രങ്ങളുമായുള്ള ബന്ധം വിദേശചരിത്രകാരന്മാര്‍ തന്നെ നിരീക്ഷിച്ചിട്ടുണ്ട് എന്ന് പറയാനാണ്.
ഇനി …
“എണ്ണത്തിലും ആകൃതിയിലുമൊക്കെ വ്യത്യാസങ്ങളുണ്ടായാലും തിരുവോണത്തിന് തൃക്കാക്കരയപ്പനെ വരവേറ്റ് പൂജിക്കുകയെന്ന സങ്കല്പം കേരളത്തിലെല്ലായിടത്തും ഒന്നു തന്നെ. തുമ്പപ്പൂക്കുടം കൊണ്ട് പൂമൂടല്‍ നടത്തി തൃക്കാക്കരയപ്പന് അട നിവേദ്യം തിരുവോണത്തിന് നേദിക്കും. അത്തം മുതല്‍ പൂക്കളമിടുന്നവര്‍ ഉത്രാടം വരെ പൂക്കളമൊരുക്കി തിരുവോണത്തിന് പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെച്ച് പൂജിക്കുകയാണ് ചടങ്ങ്. നാക്കിലയിട്ട് അതിനു മുകളില്‍ പീഠം വച്ച് അരിമാവ് കൊണ്ട് കോലം വരച്ച് പൂക്കളത്തില്‍ തൃക്കാക്കര അപ്പനെ വക്കും.” 
ഇത് പറയുന്നത് പുരോഗമനകേരളത്തിന്റെ KTDC വെബ്സൈറ്റ് ആണ്.
എന്നിട്ട്, തൃക്കാക്കരയപ്പാ പടിയോളം വായോ, ഞാനിട്ട പൂക്കളം കാണുവാൻ വായോ എന്ന് ആർപ്പുവിളിച്ച്‌ വരവേൽക്കും.
ഇനി ആരാണ് ഈ തൃക്കാക്കരയപ്പൻ എന്നുനോക്കാം.
തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുര്‍ബാഹുവായമഹാവിഷ്ണുവാണ്. എന്നിരുന്നാലും ഭഗവാന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. തൃക്കാക്കരയപ്പന്‍ എന്ന പേരിലാണ് ഇവിടത്തെ പ്രധാന ദേവന്‍ അറിയപ്പെടുന്നത്.

എ.ഡി 9-ാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ടുവരെയുള്ള രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലാണ് തൃക്കാക്കര ക്ഷേത്രം പ്രശസ്തിയുടെ പാരമ്യത്തിലെത്തിയത്. തൃക്കാക്കരക്ഷേത്രത്തില്‍ ഇരുപത്തെട്ടു ദിവസം നീണ്ടുനിന്ന ഓണോത്സവം നടന്നിരുന്നതായി സൂചനയുണ്ട്. കര്‍ക്കടകമാസത്തില്‍ തിരുവോണത്തിന് കൊടികയറി ചിങ്ങമാസത്തില്‍ തിരുവോണത്തിന് കൊടിയിറക്കിക്കൊണ്ടുള്ള ഇരുപത്തെട്ടു ദിവസത്തെ മഹോത്സവമായിരുന്നു പെരുമാക്കന്മാരുടെ കാലത്ത് തൃക്കാക്കരയില്‍ നടന്നിരുന്നത്. തിരുവോണനാളില്‍ കേരള ചക്രവര്‍ത്തി തന്റെ കൊട്ടാരത്തില്‍ നിന്ന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതായിരുന്നു ആഘോഷത്തിലെ പ്രധാന ഇനം. ഒരു സാധാരണ പൗരന്റെ വേഷത്തില്‍ രാജാവ് പല്ലക്കില്‍ ക്ഷേത്രത്തില്‍ എഴുന്നള്ളുമ്പോള്‍ തന്റെ കിരീടം അദ്ദേഹം മടിയില്‍ വച്ചിരിക്കും. രാജാക്കന്മാര്‍, സാമന്തരാജാക്കന്മാര്‍, ഇടപ്രഭുക്കന്മാര്‍, പടത്തലവന്മാര്‍ തുടങ്ങിയവര്‍ രാജാവിനെ പിന്‍തുടര്‍ന്നിരുന്നു. ക്ഷേത്രത്തിലെത്തുന്ന ചക്രവര്‍ത്തിയെ തൃക്കാക്കര ക്ഷേത്രത്തിലെ പൂജാരിയായ ഇടപ്പള്ളി നമ്പൂതിരി സ്വീകരിച്ചിരുത്തി അദ്ദേഹം കയ്യില്‍ കൊണ്ടുവന്നിട്ടുള്ള കിരീടം വാങ്ങി ശ്രീകോവിലിനകത്തു കൊണ്ടുപോയി പൂജിച്ച ശേഷം തിരികെ കൊണ്ടു വന്ന് ക്ഷേത്രത്തിനു നേരെ നിന്നുകൊണ്ട് ‘സങ്കടക്കാരുണ്ടോ’ എന്നു മൂന്നു പ്രാവശ്യം വിളിച്ച് ചോദിക്കുന്നു. ചക്രവര്‍ത്തിയുടെ ഭരണത്തില്‍ എന്തെങ്കിലും തരത്തിലുള്ള സങ്കടം അനുഭവിച്ചവര്‍ അവിടെ ഹാജരായിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അവരുടെ സങ്കടം ഇവിടെ വച്ച് പരിഹരിച്ചശേഷമേ പൂജിച്ച കിരീടം രാജാവിന്റെ ശിരസ്സില്‍ വെക്കുകയുള്ളു എന്നുമാണീ ചടങ്ങിന്റെ സാരം. സങ്കടക്കാരാരുമില്ലെന്ന് വിളിച്ചു പറയുന്നതോടെ ഇടപ്പള്ളി നമ്പൂതിരി രാജാവിന്റെ ശിരസ്സില്‍ കിരീടം ചാര്‍ത്തിയ ശേഷം ശ്രീകോവിലിനുള്ളില്‍ പൂജിച്ച ചെങ്കോല്‍ രാജാവിന്റെ കയ്യിലര്‍പ്പിക്കുന്നു. ഇതോടെയാണ് ചക്രവര്‍ത്തി വീണ്ടും ചക്രവര്‍ത്തിയാവുന്നത്.

അന്നത്തെ കേരളത്തില്‍ അറുപത്തിനാലു ഗ്രാമത്തലവന്മാരേയും നാടുവാഴികളേയും മാടമ്പികളേയും ഇടപ്രഭുക്കന്മാരേയും സാമാന്യജനങ്ങളേയും പങ്കെടുപ്പിക്കണമെന്നതായിരുന്നു പെരുമാളിന്റെ തീരുമാനം. ഉത്സവാഘോഷങ്ങളില്‍ സംബന്ധിക്കാന്‍ തൃക്കാക്കരയില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ അവരവരുടെ ഗൃഹങ്ങളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷപൂര്‍വ്വം ആ ഉത്സവങ്ങള്‍ കൊണ്ടാടണമെന്നും പെരുമാള്‍ ഉത്തരവിട്ടു.

ഓണം സാർവത്രികമായ വഴികളിലെ ഒരുപ്രധാന പാതയാണ് നാം മുകളിൽ കണ്ടത്.ഓണത്തെ കാർഷികോൽസവമെന്നൊക്കെ വിളിച്ച് ലഘൂകരിക്കുമ്പോൾ ഈ വസ്തുതകൾ സൗകര്യപൂർവ്വം തമസ്കരിക്കപ്പെടുന്നു.
 
സാമ്പത്തിക മേഖലയെ തലകീഴാക്കി അട്ടിമറിക്കുന്ന പരമ്പരാഗത മാര്‍ക്‌സിസ്റ്റ് രീതിക്ക് പകരം നിലവിലുള്ള സാമൂഹിക സാംസ്‌കാരിക ക്രമങ്ങളെയും മൂല്യങ്ങളെയും അട്ടിമറിച്ച് ലക്ഷ്യം നേടുകയെന്ന ചിന്തയാണ് ഇത്തരം സൃഷ്ടികൾക്കുപിന്നിൽ. ഇതിനു കാരണം കാലങ്ങളായി നിലനിന്നുവരുന്ന മൂല്യങ്ങളാണ് ബൂര്‍ഷ്വാവ്യവസ്ഥിതിയെ പോഷിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന ഇവരുടെ വിശ്വാസമാണ്. ഉദ്ദിഷ്ടഫല പ്രാപ്തിക്കായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്നാണ് ഇവരുടെ പ്രമാണം.
ഈലേഖനയത്തിന്റെ ഉദ്ദ്യേശവും മറ്റൊന്നല്ല. 

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x